ആരുമൊന്നുമറിഞ്ഞിട്ടില്ല, തന്റെ സാഹസികതയ്ക്കു പ്രപഞ്ചവും ശങ്കുച്ചാരും മാത്രം സാക്ഷി… അപ്പൂപ്പൻ സുഖമായുറങ്ങി…
രാവിലെ മേലാംകോട്ടു് ചെല്ലുമ്പോൾ നല്ല മേളമാണവടെ; എല്ലാവരും മുറ്റത്തുണ്ടു്. അപ്പൂപ്പനോടു് ചിറ്റമ്മ സംഭവം വിവരിച്ചു:
‘രാത്രിയേറെച്ചെന്നപ്പഴാ മഴയൊന്നു തോർന്നുതൊടങ്ങ്യേ… പുറത്തെന്തോ ശബ്ദം കേട്ടെന്നു് തോന്നിയ മാധവൻ പുറത്തിറങ്ങി. എറയത്തു നിന്നു് ചുറ്റും ലൈറ്റടിച്ചു നോക്കുമ്പ മാളികവരാന്തേലു് എന്തോ ഒരനക്കോം ഒച്ചേം… അവനകത്തുകേറി ഗോവിന്ദക്കൈമളേം വിളിച്ചോണ്ടു് പതുക്കെച്ചെന്നു നോക്കിയപ്പോ തലങ്ങും വെലങ്ങും കെടക്കണു നാലഞ്ചു തടിമാടമ്മാരു്; ഉടുത്തിരുന്ന തുണിയൊക്കെ എങ്ങാണ്ടു കെടക്കണു; വിളിച്ചിട്ടും വിളിച്ചിട്ടും ഒണരണ്ടേ, ബോധംകെട്ട ഉറക്കം! ഗോവിന്ദക്കൈമളൊരുത്തനിട്ടു് ഒരൊറ്റച്ചവിട്ടു്. അയാളുരുണ്ടു പിരണ്ടു ദാ കെടക്കണു മിറ്റത്തു്. ചാടിയെഴുന്നേറ്റു് ഒരു മൂച്ചിനു് കോറേ തെറി… ഒച്ചേം ബഹളോം കേട്ടു് ചാടിയെഴുന്നേറ്റവർ ചീത്തവിളിയും അടിയും തുടങ്ങ്യത്രേ… അപ്പോന്താ അവടെ എറേത്തിന്റെ അരികിൽ വെട്ടരിവാളും കമ്പിപ്പാരേം ഉളീം കൊട്ടൂടീം എന്നുവേണ്ടാ… എന്തിനൊള്ള ഭാവമാരുന്നോ എന്തോ! എന്നാലും ദേവീ കാത്തു… ഒന്നും സംഭവിച്ചില്ല എന്റെ ദേവീ, ഭഗവതി!’
ഉള്ളിൽ ചിരിച്ചുകൊണ്ടു് അപ്പൂപ്പൻ സ്തബ്ധനായതുപോലെ നിൽക്കുകയായിരുന്നു… പെട്ടെന്നു ചോദിച്ചു: ‘എന്നിട്ടു്, അവരെവടെ?’
‘ആഹാ ഗോവിന്ദക്കൈമളെന്താ മോശാ! പിന്നെ പത്മനാഭനും ഒണ്ടാരുന്നേ… അടിച്ചോടിച്ചു… ശിവശങ്കരനും കൂട്ടരുമാരുന്നേ… നീലാണ്ടനോടെങ്ങനാ പറയുന്നേന്നു വച്ചാ ആദ്യം പേരു പറയാതിരുന്നേ.’ ചിറ്റമ്മ ദുഃഖം അഭിനയിച്ചു…
‘ങാ പോട്ടെ… എന്നാലും രാത്രീലു് എന്താ അവർക്കിവിടെ കാര്യം; അതും തൂമ്പേം കോടാലിമായിട്ടു്? വല്ല അടിപിടിക്കേസും കഴിഞ്ഞുവരുന്ന വഴി മഴവന്നപ്പം കേറിക്കെടന്നതാരിക്കും… സാരമില്ല.’ അപ്പൂപ്പൻ നിസ്സാരമാക്കിത്തള്ളി. നേരേപോയി മാളിക തുറന്നു ആഫീസുമുറിയിൽ കയറി വാതിലുമടച്ചു…
‘അപ്പൂപ്പന്റെയുള്ളിൽ സംശയങ്ങൾ നുരകുത്തി; ചെറിയ അസ്വസ്ഥത മനസ്സിനെ ബാധിച്ചിരിക്കുന്നു. മറ്റാരൊക്കെയോ ഇതിന്റെ പുറകിലുണ്ടു്. ശിവശങ്കരനെ മുന്നിൽ നിർത്തി കളിക്കുകയാണു്… എന്തിനാണു് മാധവൻ ഇന്നലെ രാത്രിയിൽ തറവാട്ടിൽ തങ്ങിയതു്; മാറിത്താമസിച്ചതിൽ പിന്നെ രാത്രിയിൽ തറവാട്ടിൽ തങ്ങാറില്ല. കാര്യങ്ങൾ ചർച്ച ചെയ്യാനോ പണത്തിന്റെ കാര്യങ്ങൾക്കോ വന്നാൽ കാര്യം കഴിഞ്ഞു് ഉടനെ തിരിച്ചുപോകാറാണു് പതിവു്. പിന്നെ ഗോവിന്ദക്കൈമൾ! തൈക്കാട്ടുശ്ശേരീൽ താമസിക്കുന്ന അയാളെന്താ ഇന്നലെ രാത്രീൽ ഇവിടെക്കൂടാൻ? വല്ലപ്പോഴും വന്നാൽത്തന്നെ പൂമുഖത്തിരുന്നു സംസാരിക്കും. ആഹാരം കഴിക്കാൻ വലിയ തളത്തിലേ ഇരിക്കൂ. അടുക്കളത്തളത്തിലേക്കു പോകുന്നതു കണ്ടിട്ടില്ല. പക്ഷെ രണ്ടു ദിവസം മുൻപു് വലിയചിറ്റമ്മയും മരുമകനും കൂടി അടുക്കളത്തളത്തിലിരുന്നു സംസാരിക്കുന്നു, ശബ്ദം തീരെ താഴ്ത്തി. കൊച്ചുചിറ്റമ്മയുടെ ഇളയമകന്റെ പഠിത്തകാര്യം ചോദിക്കാൻ ചെന്നതാണത്രെ അപ്പൂപ്പൻ. അപ്പൂപ്പനെ കണ്ടതും സംസാരം നിർത്തി… ഒരു പക്ഷെ ചിറ്റമ്മ സ്വന്തം മകളുടെ കാര്യം തന്നെയായിരിക്കും സംസാരിച്ചതു്. ഓ അതുമാത്രമല്ലല്ലോ… രാത്രിയിൽ കള്ളുകുടങ്ങളും റാന്തലുമായി വന്നതു് ചട്ടമ്പിക്കൈമളായിരുന്നല്ലോ. അയാൾ ഒന്നുമറിയാത്ത മട്ടിൽ എല്ലാർക്കുമൊപ്പം… അയാളെ വിളിച്ചോണ്ടു് മാധവൻ വടക്കേപ്രത്തേക്കു പോയതെന്തിനായിരിക്കും? ആ കള്ളുകുടങ്ങളും ലോട്ടകളുമെവടെ?’
‘അപ്പൂപ്പനു ശരിക്കും പേടിതോന്നി. എന്നിട്ടും ഒന്നും ഭാവിച്ചില്ല. പതിവുപോലെ തറവാട്ടിൽ വരും, കുടുംബക്ഷേത്രത്തിൽ പതിവു പ്രാർത്ഥന, ചിറ്റമ്മയോ കുട്ടികളോ കൊണ്ടുക്കൊടുക്കുന്ന പൊടിയരിക്കഞ്ഞി കുടിക്കും. തറവാട്ടിലേക്കു ചെലവിനു വേണ്ട സാധനങ്ങൾ വാങ്ങാൻ രൂപയും, പത്തായം തുറന്നു് ആവശ്യത്തിനു നെല്ലെടുക്കാനായി താക്കോലും വലിയചിറ്റമ്മയുടെ കയ്യിൽ കൊടുക്കും. കലവറ മുറീടേം അകത്തേ അറേടേം ആ അറിയിലിരിക്കുന്ന, പരമ്പരാഗതമായി കൈമാറി വന്ന വിലപിടിപ്പുള്ള ആഭരണങ്ങളുള്ള അറയുടേയും എല്ലാം താക്കോൽ വലിയചിറ്റമ്മയുടെ കയ്യിൽത്തന്നെയാണു്… വല്ലപ്പോഴുമൊക്കെ മാധവനെയും കൂട്ടി വസ്തുക്കളുടെ പ്രമാണങ്ങളടുക്കിക്കെട്ടി വയ്ക്കാനും-കേസും കൂട്ടോം വരുമ്പോളൊക്കെ പല പ്രമാണങ്ങളും പെട്ടിയിൽ നിന്നെടുക്കേണ്ടിവരും-വിശേഷപ്പെട്ട ആഭരണങ്ങൾ വല്ലതും ഏതെങ്കിലും വിശേഷാവസരങ്ങളിൽ തറവാട്ടിലെ പെണ്ണുങ്ങൾക്കു ധരിക്കാനെടുത്തതു് തിരിച്ചുവച്ചു് കണക്കു ശരിയാക്കാനും അപ്പൂപ്പൻ ശ്രദ്ധാലുവായിരുന്നു… ആ പതിവങ്ങു വേണ്ടാന്നു വച്ചു.’
‘പ്രമാണങ്ങൾ അന്യാധീനപ്പെട്ടു പോകാതിരിക്കാനാണു് അത്രയും കഷ്ടപ്പെട്ടു് മാറ്റിയതു്. എല്ലാമൊന്നു് പരിശോധിച്ചു് തരം തിരിച്ചു് കെട്ടിമാറ്റിവയ്ക്കണം-ഒറ്റി പ്രമാണങ്ങളും ഒരുപാടുണ്ടു്. അതു പലതും അമ്മാവൻ കേശവപ്പണിക്കരുടെ സ്വന്തം പേരിലുള്ളതാണു്. മാധവനും പത്മനാഭനും ചിറ്റമ്മമാരുടെ പെണ്മക്കളിൽ രണ്ടുപേരും വീടുവയ്ക്കാൻ ആവശ്യപ്പെട്ട സ്ഥലം തന്നെ കൊടുത്തിട്ടുണ്ടു്. തന്റെ അമ്മയ്ക്കുള്ളതോ അമ്മാവനുള്ള വീതമോ ആയിട്ടു് ഒന്നും അവരെടുത്തിട്ടില്ല, കൊടുത്തിട്ടുമില്ല… ആരുമറിയാതെ പ്രമാണങ്ങളെല്ലാം തിരിച്ചുകൊണ്ടുവയ്ക്കുന്ന അന്നുതന്നെ വക്കീലിനെ വരുത്തണം, രണ്ടു സഹായികളെയും കൂട്ടിക്കോട്ടെ. വില്ലേജാഫീസറേം ഏർപ്പാടാക്കാം. മൂന്നാലു നാട്ടുപ്രമാണിമാരും വേണം, സാക്ഷികളായിട്ടു്. എല്ലാരും കൂടി വക്കീലന്മാരുടെ മുമ്പിൽ വച്ചു് സംസാരിക്കട്ടെ. ശിവശങ്കരനേം വിളിക്കണം…’
അപ്പൂപ്പൻ മനക്കോട്ട കെട്ടി നടക്കുന്നു; രാവിലെ ആഫീസുമുറിയിൽ കയറിയിരിക്കുന്നു, ഇടയ്ക്കു പൂട്ടിയിറങ്ങുന്നു… പുതിയ കൊടുക്കൽ വാങ്ങലുകളെപ്പറ്റിയും പാട്ടം കിട്ടാൻ താമസിച്ചാൽ കുട്ടികൾക്കും പഠിത്തച്ചെലവു് അമാന്തിക്കാതിരിക്കാനുള്ള വഴികൾ തേടുന്നതിനെപ്പറ്റിയും സാധാരണ മാധവപ്പണിക്കരോടാണു് ചർച്ച ചെയ്യാറ്… കുറച്ചു ദിവസമായി എല്ലാം തനിയെ മാനേജു ചെയ്യുന്നു അപ്പൂപ്പൻ… മാധവപ്പണിക്കർ കുറുക്കനാണു്, അതിബുദ്ധിയാണു്… ‘ഏട്ടൻ ശക്തനാകുന്നോ!’
അങ്ങനെ ഒരു ദിവസം അതു സംഭവിച്ചു… അപ്പൂപ്പൻ മേലാംകോട്ടുനിന്നു് ചെമ്പകശ്ശേരീലേക്കുള്ള യാത്രയിലാണു്. ശങ്കുച്ചാരൊണ്ടു് കൂടെ. രാത്രി കുറച്ചിരുട്ടി… കൊയ്ത്തും മെതീം… തൊഴിലാളികളെ എല്ലാം അളന്നു കൊടുത്തു് പറഞ്ഞുവിട്ടു കഴിഞ്ഞപ്പോൾ തളർന്നുപോയി… എന്നാലും അവരുടെ സന്തോഷവും തൃപ്തിയും കണ്ടു് മനസ്സുനിറഞ്ഞുള്ള യാത്രയാണു്; ചുറ്റുപാടൊന്നും ശ്രദ്ധിക്കുന്നതേയില്ല, അത്രയും സന്തോഷവാനായിരുന്നു…
പെട്ടെന്നു് നാലഞ്ചുപേർ അപ്പൂപ്പനേം ശങ്കുച്ചാരേം വളഞ്ഞു. കണ്ണും മൂക്കും വച്ച കമുകിൻ പാളകൊണ്ടു് മുഖംമൂടിയവർ. ശങ്കുച്ചാരെ കൈപുറകിൽ കെട്ടി ദൂരെ മാറ്റി ഒരു തെങ്ങിൽ കെട്ടിയിട്ടു. അപ്പൂപ്പനെ പിടിച്ചവർ അധികം ഉയരമില്ലാത്ത തിങ്ങിനിറഞ്ഞ തേങ്ങാക്കുലകളുള്ള ഒരു തെങ്ങോടു ചേർത്തു കെട്ടി നിർത്തി: ‘എന്തായിതു്, എന്തിനാ എന്നെ കെട്ടിയിടുന്നേ? പറ നിങ്ങൾക്കെന്താ വേണ്ടേ, ആരാ നിങ്ങൾ? എന്തുവേണം നിങ്ങൾക്കു അതുപറ; എന്തായാലും ഞാൻ തരാം…’ അപ്പൂപ്പൻ.
‘അട്യേങ്ങൾക്കൊന്നും വേണ്ട. വല്യമ്പ്രാനെ കെട്ടിയിട്ടതു കൊല്ലാനാ. തേങ്ങാ തലേവീണു് വല്യമ്പ്രാൻ ചാകണംന്നാ അട്യേങ്ങക്കു കിട്ടിയ കല്പന. തേങ്ങാക്കൊല ഒടിഞ്ഞു വീണതാന്നേ നാട്ടുകാരു വിജാരിക്കു… അട്യേങ്ങളേ നോക്കാൻ ആളു പൊറകെയൊണ്ടു്, ആ ചട്ടമ്പിക്കൈമള്… പാപ്പുക്കുട്ടി തെങ്ങേക്കേറുന്ന കണ്ടുകാണും, വല്യമ്പ്രാനെ കെട്ടിയിട്ടതും കണ്ടിട്ടൊണ്ടു്… ഇനീപ്പം ചൂട്ടുകെടുത്താൻ പോക്വാ വല്യമ്പ്രാ… തെങ്ങാക്കൊല താഴെ വീഴുമ്പം ഞങ്ങളാരേലും ഒച്ചത്തിൽ കരഞ്ഞോളാം… അപ്പ അയ്യാളു പൊക്കോളും…’
അപ്പൂപ്പന്റെ കെട്ടഴിച്ചു അയാൾ… അപ്പൂപ്പൻ മാറിനിന്നു.
‘തെങ്ങിൽക്കേറിയ പാപ്പുക്കുട്ടി തേങ്ങാക്കൊല വെട്ടിയിട്ടു, ഒന്നല്ല മൂന്നു്. ഓരോന്നും വീഴുമ്പോൾ അതിലൊരാൾ കരഞ്ഞു. ആദ്യം അലറിക്കരഞ്ഞു, പിന്നെ വേദനയോടെ, മൂന്നാമതൊരു ഞരക്കം മാത്രം…’
അപ്പൂപ്പന്റെ കെട്ടഴിച്ച ആൾ പറഞ്ഞു: ‘ഞങ്ങടെ വല്യമ്പ്രാനെ കൊല്ലാൻ അട്യേങ്ങക്കു വയ്യാ. പറഞ്ഞാകേട്ടില്ലേ പാടത്തെ ചെളീ ചവിട്ടിത്താത്തുംന്നാ… അവരതു ചെയ്യുന്നോരാ… അട്യേങ്ങളാ അഴിച്ചുവിട്ടേന്നു് പറയല്ലേ വല്യമ്പ്രാ. തലയ്ക്കും കയ്യിനും ഏനക്കേടു പറ്റീംന്നും പറഞ്ഞു് വല്യമ്പ്രാൻ മൂന്നാലുദെവസം കണിയാൻ വേലൂനെ വിളിച്ചു് ഓതിക്കണം, എണ്ണേം കൊഴമ്പുമിടണം… തറവാട്ടിലേക്കു പിന്നെ പോയാ മതി…’
മുഖംമൂടി മാറ്റാതെ തന്നെ അവർ പോയി… ആരൊക്കെയെന്നു കണ്ടില്ല; ‘വേണ്ട, ആളാരാണെന്നു് എന്തിനറിയണം… അവരുടെ മനസ്സറിഞ്ഞില്ലേ, അതുമതി…’
‘വീട്ടിൽവന്നു പറഞ്ഞതു് ഉണങ്ങിനിന്ന തേങ്ങ തലയിൽ വീണെന്നു്. എണ്ണയും കുഴമ്പും കണിയാരുടെ ഓതലും തുടങ്ങി… സ്നേഹവും സഹതാപവുമായി ആളുകളോരോന്നായി എത്തി. തലയിൽ ഒരു കെട്ടു്; തലയുടെ ഇടതുവശത്തു് ആ കെട്ടു് വീർത്തിരിക്കുന്നു… പച്ചമരുന്നുകൾ അരച്ചു പുരട്ടി കെട്ടി വച്ചതാണു്, അവിടെ ചതവുണ്ടു്, നീരുമുണ്ടത്രെ! ഇടതു കൈ കഴുത്തിൽക്കൂടിയിട്ട തോർത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കയാണു്… അപ്പൂപ്പൻ അഭിനയിച്ചു. അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തുനിന്നു് ദുഃഖിക്കുകയും രോഷം കൊള്ളുകയും പകരം ചോദിക്കുമെന്നു വീമ്പുപറയുകയും ചെയ്തവരിൽ ചിലർ പുറത്തിറങ്ങിയപ്പോൾ തങ്ങളുടെ നിരാശ പരസ്പരം പറഞ്ഞു് സമാധാനിച്ചു തൽക്കാലത്തേക്കു്…’