‘ഇത്രനാളും താനൊരു മൂഢ സ്വർഗ്ഗത്തിലായിരുന്നു എന്ന തിരിച്ചറിവു് അപ്പൂപ്പനെ തളർത്തി… ഏഴു മക്കളുടെ അച്ഛനാണെന്ന സത്യം ഓർമ്മയിലെത്തുന്നതു് അപ്പോൾ മാത്രം. ഭാര്യയുടേയോ മക്കളുടേയോ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിയാനെന്നല്ല, തന്റെ മക്കളെ സ്നേഹിക്കാനോ ലാളിക്കാനോ പോലുമുള്ള സാവകാശം കിട്ടിയിട്ടില്ല ഇതുവരെ; എന്നല്ല മെനക്കെട്ടിട്ടില്ല എന്നതാണു് ശരി. എല്ലാം തറവാടും അവിടുള്ളവരുമായിരുന്നു… അവിടെ ഓരോരുത്തരുടേയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന തിരക്കിലായിരുന്നു താൻ; തറവാട്ടിലെ മുതലിനെ ഇരട്ടിപ്പിക്കാനുള്ള വൃഗ്രതയിലും… താൻ നല്ല ഭർത്താവായില്ല, നല്ല അച്ഛനായില്ല… ക്രൂരമായ ആ യാഥാർത്ഥ്യം അദ്ദേഹത്തെ പൊള്ളിച്ചു… കാരണവസ്ഥാനം കൊണ്ടു് തനിക്കുണ്ടായിട്ടുള്ള നഷ്ടങ്ങളുടെ വലിപ്പം വളരെ വലുതാണെന്നു് അപ്പൂപ്പൻ തിരിച്ചറിഞ്ഞു.’
‘രണ്ടുമൂന്നു ദിവസത്തേക്കു് അപ്പൂപ്പൻ തറവാട്ടിലേക്കു പോയില്ല; സുഖമില്ലെന്നു പറയാൻ ആളെവിട്ടു… അമ്മൂമ്മയോടു് ഒന്നും പറഞ്ഞില്ല… എന്തൊക്കെയോ പുകയുന്നുണ്ടെന്നു് അപ്പൂപ്പന്റെ ഭാവവ്യത്യാസങ്ങളും തെറ്റുന്ന ദിനചര്യകളും കണ്ടു് ശങ്കരിയമ്മൂമ്മയ്ക്കു മനസ്സിലായി. അമ്മൂമ്മ ഒന്നും ചോദിച്ചില്ല, എന്തായാലും നേരിടാൻ തനിക്കറിയാം എന്ന തന്റേടമായിരുന്നു അമ്മൂമ്മയ്ക്കു്… തികച്ചും സമാധാനപ്രിയനും ശാന്തസ്വഭാവിയുമായ അപ്പൂപ്പനു് കാർക്കശ്യവും താൻപോരിമയും ഉള്ള അമ്മൂമ്മയോടു് പിടിച്ചു നില്ക്കാൻ പറ്റില്ലാന്നുള്ള പേടികൊണ്ടാണത്രെ തറവാട്ടിലെ കുഴപ്പങ്ങൾ പറയാതിരുന്നതു്… അമ്മൂമ്മ അഭിപ്രായങ്ങളായിരിക്കില്ല പറയുന്നതു്, കർശനനിർദ്ദേശങ്ങളായിരിക്കും കൊടുക്കുക. അതുപാലിക്കാനുള്ള ധൈര്യമോ തന്റേടമോ അപ്പൂപ്പനില്ല…’
അപ്പൂപ്പൻ ആലോചനയിലായിരുന്നു. എന്തു നിലപാടെടുക്കണം… ഇത്രനാളും തന്റെ മുൻപിൽ സ്നേഹം അഭിനയിച്ചു് ചിരിച്ചു കൊണ്ടു് തന്റെ കഴുത്തറക്കാൻ ആളെ വിട്ട തറവാട്ടുകാരെ ഒരു പാഠം പഠിപ്പിക്കണം… “വേണ്ട, വേണ്ട, വേണ്ടാ… അടുത്ത നിമിഷം അദ്ദേഹത്തിന്റെ മനസ്സു് ആ ചിന്തയിൽ ഖേദിച്ചു… അമ്മാവന്റേയും തന്റേയും അധ്വാനത്തിന്റെ ഫലമാണു് ഇന്നത്തെ മേലാംകോടു് തറവാടും നാട്ടിലെമ്പാടുമുള്ള ഭൂമിയും, അറയിലെ നിധിയും… വേണ്ട, തന്റെ സ്വന്തമെന്നു കരുതി സ്നേഹിച്ച തറവാട്ടിൽ ഒരു അന്തഃഛിദ്രം ഉണ്ടായിക്കൂടാ. ആരുമായും കൊമ്പുകോർക്കാനും തനിക്കു വയ്യ… ശരിയാണു്, എത്ര വലിയ ക്രൂരതയും ചതിയുമാണു് അവർ തന്നോടു കാണിച്ചതു്; അതും തന്റെ സ്വന്തം അനുജനെത്തന്നെ കരുവാക്കിക്കൊണ്ടു്… ‘എന്നേയും ഒപ്പം എന്റെ അനിയനേയും തുടച്ചുനീക്കാനുള്ള പദ്ധതി;’ അപ്പൂപ്പന്റെ സ്വഗതം അമ്മൂമ്മ കേട്ടു. ‘എന്താദു്, എന്താ പറഞ്ഞതു്?’ എന്ന ചോദ്യത്തിനു് ‘ഓ, ഒന്നുമില്ല. പണ്ടത്തെ ആ രാത്രീലത്തെ സംഭവം ഓർമ്മിച്ചതാ’ എന്നുത്തരം കൊടുത്തു. അമ്മൂമ്മ ഒന്നിരുത്തി മൂളിയത്രേ.”
‘…അപ്പൂപ്പൻ ഉറപ്പിച്ചു, ഇനിയൊന്നിനും താനില്ല. കാലഹരണപ്പെട്ട, ഊതി വീർപ്പിക്കപ്പെട്ട ഈ അധികാരത്തിന്റെ മാറാപ്പു് വലിച്ചെറിയണം.’
നാലാംദിവസം വെളുപ്പിനേ തന്നെ അപ്പൂപ്പൻ തറവാട്ടിലെത്തി. ആഫീസുമുറി തുറന്നു് പ്രമാണങ്ങളെല്ലാം അറയിൽ വച്ചു പൂട്ടി പുറത്തു വന്നപ്പോൾ നാണിത്തള്ള മുറ്റമടിക്കാൻ തുടങ്ങിയിരിക്കുന്നു. തനിക്കു് ഓർമ്മവച്ച നാൾ മുതൽ നാണിത്തള്ളയെ കാണുന്നതാണു്; ആ ചട്ടുകാൽ വലിച്ചുവച്ചു് തറവാടിന്റെ ചുറ്റോടുചുറ്റുമുള്ള മുറ്റം മുഴുവൻ അടിച്ചുവാരി ചാണകവെള്ളം തളിച്ചു്… ‘അവർക്കു മടുത്തില്ലേ, ഇട്ടെറിഞ്ഞു് പൊയ്ക്കൂടേ!’
കാടുകറാൻ തുടങ്ങിയ മനസ്സിനെ തളച്ചു് നേരെ കുളത്തിലിറങ്ങി മുങ്ങിക്കുളിച്ചു. ക്ഷേത്രനടയിൽ അടച്ചിട്ട ശ്രീകോവിലിനു മുൻപിൽ നിന്നു് ദേവിയെ വിളിച്ചു് ഏറെനേരം പ്രാർത്ഥിച്ചു നിന്നു. നട തുറക്കാനെത്തിയ പൂജാരി അത്ഭുതപ്പെട്ടു; എന്നും മേലാംകോട്ടുകാരണവർ കുളിച്ചു് ശ്രീകോവിലിനു മുൻപിലെത്തുന്ന സമയവും നടതുറക്കുന്ന സമയവും കൃത്യമായിരിക്കും… ആദ്യം ദീപാരാധന തൊഴുന്നതും പ്രസാദം വാങ്ങിക്കുന്നതും അദ്ദേഹം തന്നെ… അങ്ങനെ അന്തിച്ചുനോക്കി നിന്നപ്പോൾ കണ്ടു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു; പൂജാരി അന്ധാളിച്ചു. പക്ഷെ ചോദിക്കാൻ വയ്യാ… എന്നും എന്തെങ്കിലും കുശലം ചോദിക്കുന്ന, ക്ഷേത്രാവശ്യങ്ങൾ ചോദിച്ചറിയുന്ന, തന്റെ ക്ഷേമാന്വേഷണം നടത്തുന്ന കാരണവർ ഒന്നു നോക്കുകയോ ഒരക്ഷരം പറയുകയോ ചോദിക്കുകയോ ചെയ്തില്ല എന്നതു് അയാളെ വിഷമിപ്പിച്ചു.
തൊഴുതു തിരിഞ്ഞുനടന്നു തുടങ്ങിയ അദ്ദേഹം പെട്ടെന്നു് തിരിഞ്ഞു് പൂജാരിയെ നോക്കി ഒരു തളർന്ന പുഞ്ചിരി സമ്മാനിച്ചു…
എട്ടുമണിക്കുതന്നെ കുടുംബവക്കീലും രണ്ടു സഹായികളും, വില്ലേജാഫീസറും എത്തിച്ചേർന്നു. മാളികപ്പുരയുടെ പൂമുഖത്തിട്ട കസേരകൾ അതിഥികളെ സ്വീകരിച്ചു; അല്ല, അപ്പോഴേക്കും തറവാട്ടിലുള്ളവർ അവരെ സ്വാഗതം ചെയ്തു. വൈകാതെ സ്ഥലത്തെ രണ്ടുമൂന്നു നാട്ടുപ്രമാണിമാരും എത്തിച്ചേർന്നു.
ഇതെന്തിനുള്ള പുറപ്പാടാണെന്നു് ചിറ്റമ്മമാർ പരസ്പരം പറഞ്ഞു് പരിഭ്രമിച്ചു. പക്ഷെ കുറുക്കന്റെ ബുദ്ധിയുള്ള മാധവപ്പണിക്കർക്കു് ‘നാളെ വക്കീലുമൊക്കെ വരും, എല്ലാവരും സ്ഥലത്തുണ്ടാകണം’ എന്നു് അപ്പൂപ്പന്റെ കുറിപ്പും കൊണ്ടു് ആളു വന്നപ്പോൾത്തന്നെ മനസ്സിലായി. ചേട്ടൻ, ശുദ്ധൻ മാത്രമല്ല മരമണ്ടനും കൂടിയാണെന്നു്. ആള് നല്ലോണം പേടിച്ചിട്ടൊണ്ടു്, ഏതാണ്ടു് ആനമണ്ടത്തരം ഒപ്പിക്കാൻ പോകുന്നുവെന്നതുറപ്പു്… അയാൾക്കൊപ്പം അതേ സന്തോഷത്തോടെ അളിയൻ ഗോവിന്ദക്കൈമളും ഹാജരുണ്ടു്… കൊച്ചപ്പൂപ്പനും എത്തി, അപ്പൂപ്പൻ പ്രത്യേകം ആളയച്ചു വരുത്തിയതാണു്.
അപ്പൂപ്പൻ വന്നു് കസേരയിലിരുന്നു. സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത. അപ്പൂപ്പൻ ദീർഘശ്വാസം വിട്ടു, പിന്നെ പറഞ്ഞുതുടങ്ങി:
‘മേലാംകോട്ടു നീലാണ്ടപ്പണിക്കർ സ്വന്തബന്ധങ്ങളെ വിലമതിക്കുന്നവനാണു്, ബഹുമാനിക്കുന്നവനാണു്. ഒരു സാഹചര്യത്തിലും ബന്ധുജനങ്ങളുമായി ഇടയാനോ അവരെ ചതിച്ചു് എന്തെങ്കിലും നേടാനോ വേദനിപ്പിക്കാനോ ഞാൻ നിൽക്കില്ല; അതല്ല ചതിക്കണമെങ്കിലോ, എന്തെങ്കിലും നേടണമെങ്കിലോ എന്നേ ആകാമായിരുന്നു…’
ഒന്നു നിർത്തി, ശ്വാസമെടുത്തു്; പിന്നെ തുടർന്നു:
‘മാധവനു ഭരണം വേണം; ആ കാര്യം സമാധാനപരമായിട്ടു് എന്നെ അറിയിക്കാമായിരുന്നു… പ്രമാണങ്ങളെല്ലാം പരിശോധിക്കാനും തരംതിരിച്ചു സൂക്ഷിക്കാനും പാട്ടക്കാരോടു് കാര്യങ്ങൾ സംസാരിക്കാനുമെല്ലാം ഞാൻ മാധവനെത്തന്നെയല്ലേ വിളിക്കാറ്? മാധവനു് കാര്യങ്ങളിൽ പരിചയമാവട്ടെ എന്നു ഞാൻ ആഗ്രഹിച്ചതുകൊണ്ടുമാത്രമാണു്… കാരണവസ്ഥാനം ഞാൻ തട്ടിയെടുത്തതോ, ആഗ്രഹിച്ചു വന്നതോ അല്ലല്ലോ, ഏറ്റെടുക്കേണ്ട സ്ഥിതി വന്നതുകൊണ്ടാണെന്നു മനസ്സിലാക്കാനൊള്ള പ്രായമായിരുന്നല്ലോ നിങ്ങൾക്കു്! നിന്റെ ആഗ്രഹം… ഒന്നു സൂചിപ്പിച്ചാൽ മതിയായിരുന്നല്ലോ, ഒരു മടിയുമില്ലാതെ, ഒരു തർക്കങ്ങളുമില്ലാതെ ഞാൻ വച്ചൊഴിയുമായിരുന്നില്ലേ? ഈ വളഞ്ഞവഴി നിന്റെ ബുദ്ധിയാണോ മാധവാ, അതോ…’
‘ചിറ്റമ്മയ്ക്കു പറയാമായിരുന്നല്ലോ എന്നോടു്? എന്റെയമ്മ മരിച്ചതിൽ പിന്നെ ചിറ്റമ്മയായിരുന്നില്ലേ എനിക്കമ്മ? ഇവിടുത്തെ കുഞ്ഞുങ്ങൾക്കുവരെ എന്റടുത്തുവരാനും കാര്യങ്ങൾ പറയാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ലേ? എന്നെ പുകച്ചുതന്നെ പുറത്തുചാടിക്കണം, അതു കൊന്നിട്ടായാലും വേണ്ടില്ല എന്നു ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്താണു്? സ്വന്തം വീട്ടിലെ അറയിൽ മോഷണം നടത്താനുള്ള നാണം കെട്ട വിദ്യ ആരു പറഞ്ഞുതന്നു?’
‘ആദ്യമെല്ലാം ഞാൻ ശിവശങ്കരനെ തെറ്റിദ്ധരിച്ചു, അവനെ വെറുത്തു, എന്റെ അനുജനെ ഞാൻ ശപിച്ചു… അവനോടു ഞാൻ മാപ്പു പറയുന്നു. പഴയ ചരിത്രമൊക്കെ ഞാനറിയുന്നതു് രണ്ടു ദിവസം മുൻപുമാത്രമാണു്… എന്റെ തെറ്റുതന്നെ…’
‘സ്ക്കൂളിൽ നിങ്ങൾ ഒരു കൂട്ടർ, പ്രത്യേകിച്ചു് മാധവനും പിന്നെ മാധവന്റെ അളിയനായി വന്ന ഗോവിന്ദനും ശിവശങ്കരനെ ഉപദ്രവിക്കാത്ത ദിവസങ്ങളില്ലായിരുന്നു; എന്താ അങ്ങനെയല്ലാരുന്നോ? പഠിത്തത്തിൽ അല്പം പുറകോട്ടായിരുന്ന അവനെ മാനസികമായി തളർത്താൻ മാത്രമല്ല, ക്രൂരമായ രീതിയിൽ ഉപദ്രവിക്കാനും നിങ്ങൾ മടിച്ചിരുന്നില്ല. നിങ്ങളേക്കാൾ ഇളയവനാണെന്നു പോലും പരിഗണിച്ചില്ല നിങ്ങൾ… മെയ്ക്കരുത്തു കാട്ടാനുള്ള അനുയായികൾ അന്നുണ്ടായിരുന്നു, ഇന്നുമുണ്ടല്ലോ അല്ലേ!’
‘പക്ഷേ അവനൊന്നും ആരോടും പറഞ്ഞില്ല, പരാതിപ്പെട്ടില്ല… നിങ്ങളെപ്പറ്റി പരാതിപ്പെട്ടാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ. അത്രയ്ക്കും നല്ല പിള്ളകളായല്ലേ അഭിനയിച്ചിരുന്നേ. സഹികെട്ടു് അവൻ പഠിത്തം നിർത്തി, നിങ്ങൾ കാരണം, അവനും അച്ഛനുമമ്മയും അന്നു് അച്ഛന്റെ വീട്ടിലായിരുന്നല്ലോ താമസം. എന്റെ ജോലിത്തിരക്കിനിടയിൽ അവിടെ പോകാൻ പോലും സമയം കിട്ടിയിരുന്നില്ലല്ലോ… പെട്ടെന്നുണ്ടായ അച്ഛന്റെ മരണം. ശരിക്കും തകർന്നുപോയി അവൻ, അവന്റെ ചേട്ടനു് മുഴുവൻ സ്നേഹവും കരുതലും നിങ്ങളോടാണെന്ന തോന്നലായിരുന്നു അവനു്; ഏറെക്കുറെ ശരിയുമായിരുന്നു, അവനെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവൻ ആശ്വാസം കണ്ടെത്തിയതു് അവനേപ്പോലെ തന്നെ കുരുന്നിലേ വാടിപ്പോയ കുട്ടികളുടെ സൗഹൃദത്തിലായിരുന്നു. കേമപ്പെട്ട വിദ്യാഭ്യാസവും സമൂഹത്തിൽ സ്വാധീനവും മറ്റെല്ലാ സൗകര്യങ്ങളുമുണ്ടു് നിങ്ങക്കു്; എന്തും എവിടേയും വെട്ടിപ്പിടിക്കാനും, അടിച്ചമർത്താനും വേണമെങ്കിൽ കൊന്നു് ചെളിയിൽ താഴ്ത്താനും തയ്യാറുള്ള റൗഡിസെറ്റും… അവന്റെ കൂട്ടുകാരെ എന്തിനു കുറ്റപ്പെടുത്തണം!’
‘പോട്ടെ… ഇത്രയെങ്കിലും പറയണം എനിക്കു്… ഇനിയൊരവസരം ഇല്ലാ.’
എല്ലാവരും സ്തബ്ധരായിരുന്നു കേട്ടു; കാരണം നീലാണ്ടപ്പണിക്കർക്കു് ഇത്രയൊക്കെ വെട്ടിത്തുറന്നു പറയാനാകുമെന്നു് ആരും ധരിച്ചിരുന്നില്ല. എത്രയോ വർഷത്തെ പരിചയമുള്ള വക്കീലാണു് ഏറെ അത്ഭുതപ്പെട്ടതു്… അപ്പൂപ്പൻ ആഫീസുമുറിയിൽ നിന്നു് പ്രമാണങ്ങളുടെ കെട്ടുകൾ എടുപ്പിച്ചു് വക്കീലിന്റെ മുൻപിൽ വച്ചുപറഞ്ഞു:
‘മാധവാ, നെനക്കു നല്ല നിശ്യമുണ്ടെന്നെനിക്കറിയാം എത്ര പ്രമാണങ്ങളുണ്ടെന്നു്. ഞാൻ അറിഞ്ഞുകൊണ്ടുതന്നെ നിന്നെ കൂടെക്കൂട്ടിയിട്ടുള്ളതാ. പക്ഷെ സഹായിക്കാൻ വരുമ്പോഴും അല്ലാതെയും നീ പ്രമാണങ്ങൾ പരിശോധിക്കുന്നതു് എനിക്കറിയാം. ഞാനതിൽ നിന്നൊന്നും മാറ്റിയിട്ടില്ല. എനിക്കിഷ്ടമുള്ളതു മാറ്റിയിരുന്നെങ്കിലും നിങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല… എനിക്കവകാശപ്പെട്ടതുപോലും മാറ്റിയിട്ടില്ല… ലിസ്റ്റു് നേരത്തേതന്നെ തയ്യാറാക്കി വച്ചിരുന്നതാ. പരിശോധിക്കാം. വക്കീലിന്റേയും കരപ്രമാണിമാരുടേയും സാന്നിധ്യത്തിൽ… മാധവനിങ്ങോട്ടു വരൂ… പത്മനാഭനും കൂടട്ടെ.’
മാധവപ്പണിക്കർക്കൊപ്പം ഗോവിന്ദക്കൈമളും എഴുന്നേറ്റു വക്കീലിനടുത്തേയ്ക്കു നടന്നു… വേണ്ടാ, കൈമളെങ്ങോട്ടാ? ഇവിടുത്തെ പിള്ളേരൊണ്ടു് പരിശോധനയ്ക്കു്. അവരു നോക്കിയാൽ മതി. വക്കീലിനു ബോധ്യപ്പെടണം; കരപ്രമാണിമാരെ ഞാൻ ക്ഷണിച്ചു വരുത്തിയതാണു്, അവരും സാക്ഷിയാകണം.
‘ഇവിടെ ഭാഗമൊന്നും നടക്കുന്നില്ല ഇപ്പോൾ. ഞാനിതെല്ലാം താഴെവയ്ക്കുന്നു. അടുത്ത കാരണവർക്കു മനസ്സുണ്ടെങ്കിൽ ഭാഗം നടത്തും… പിന്നെ, ചിറ്റമ്മേ ഇവർക്കൊക്കെ കാപ്പിയോ പലഹാരമോ ഒക്കെയാവാം. ഇനിയിങ്ങനെ ഉത്തരവിടാനൊന്നും ഞാൻ വരില്ലാ കേട്ടോ, ചിറ്റമ്മേ. ഇന്നത്തേക്കു കൂടി ക്ഷമിക്കാം അല്ലേ?’ പൊട്ടിച്ചിരി പതിവില്ലാത്ത അപ്പൂപ്പൻ പൊട്ടിച്ചിരിച്ചു.
‘ങാ… പിന്നൊരു കാര്യം… ശിവശങ്കരനവകാശപ്പെട്ടതു കൊടുക്കണം… അറിയാമല്ലോ അമ്മയുടെ വീതം അവനും കിട്ടണമല്ലോ. അമ്മാവനു് അവകാശപ്പെട്ടതു് ശങ്കരിക്കും സഹോദരങ്ങൾക്കും കിട്ടേണ്ടതല്ലേ… എനിക്കെന്തെങ്കിലും തരാൻ എന്റെ കുടുംബക്കാർക്കു മനസ്സുണ്ടെങ്കിൽ തരട്ടെ… ഇന്നുവരെ ഞാനൊന്നും കൊണ്ടുപോയിട്ടില്ല, അവകാശപ്പെട്ടതു പിടിച്ചു വാങ്ങാനും ഞാനില്ല… ചെമ്പകശ്ശേരി വീടുവച്ചതു് അച്ഛന്റെ തറവാട്ടുവക സ്വത്തു കിട്ടിയതിലെ ആദായം കൊണ്ടാണു്-അതിന്റെ വിവരങ്ങളെല്ലാം മാധവനറിയാം. പിന്നെ ആ ആദായങ്ങളിൽ നിന്നെടുത്തു വാങ്ങിയ ഒറ്റിഭൂമികളുടേയും വിലയാധാരമായി വാങ്ങിയവയുടേയും പ്രമാണങ്ങളും ഇക്കൂട്ടത്തിലൊണ്ടു്. ഞാൻ വീടുവച്ച പുരയിടം മാധവൻ തന്നെ ചൂണ്ടിക്കാണിച്ചതാണു്. ഞാനതിന്റെ പ്രമാണം നോക്കിയിട്ടില്ല. അതും ഇവിടെത്തന്നെയുണ്ടു്.’
‘പ്രമാണങ്ങൾ തട്ടിയെടുക്കാൻ ശിവശങ്കരൻ പദ്ധതിയിട്ടിരിക്കുന്നുവെന്നാണു് എനിക്കു വിവരം കിട്ടിയതു്. അതെല്ലാം അവന്റെ കയ്യിലെത്തിയാൽ എന്താകും സ്ഥിതി എന്ന അന്ധാളിപ്പിലാണു് ഞാൻ കാവലിരുന്നതും തക്കസമയത്തു് പ്രമാണങ്ങൾ മാറ്റിയതും… നിമിഷങ്ങൾ കഴിഞ്ഞിരുന്നെങ്കിൽ അതെല്ലാം നിങ്ങളുടെ കയ്യിലെത്തുമായിരുന്നെന്നും എന്റെ അനുജൻ ജയിലഴികൾക്കുള്ളിലാകുമായിരുന്നെന്നും പിറ്റേന്നു രാവിലെയാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രമാണങ്ങൾ ശിവശങ്കരന്റേയും കൂട്ടരുടേയും കയ്യിലെത്തി അന്യാധീനപ്പെട്ടുപോയാലോ എന്നായിരുന്നു ഞാൻ പേടിച്ചതു്… വെറും നാണം കെട്ട കാര്യങ്ങളാണല്ലോ എന്റെ തറവാട്ടിൽ നടക്കുന്നതെന്നു ഞാൻ ദുഃഖിച്ചു… എന്നിട്ടും സത്യം ഒന്നുകൂടി വ്യക്തിമായറിയാനാണു ഞാൻ കാത്തതു്… കുത്തിക്കൊല്ലാൻ പറ്റിയില്ല; തേങ്ങ വീണിട്ടും ചത്തില്ല, അടുത്ത പടി കാക്കാൻ ഞാനില്ല… ഇല്ല… ഞാനിറങ്ങുന്നു…’
‘ചിറ്റമ്മേ, ഒരപേക്ഷയുണ്ടു്. ഇവിടത്തെ ക്ഷേത്രക്കുളത്തിൽ കുളിച്ചു് ദേവിയെ തൊഴുതു് ദിവസം തുടങ്ങുന്നതു് ഓർമ്മയായ കാലംമുതലുള്ള ചിട്ടയാണു്. ആ കുളത്തിൽ കുളിക്കാനും ദേവിയെ തൊഴാനും മാത്രമുള്ള എന്റെ അവകാശം നിഷേധിക്കരുതു്…’
അപ്പൂപ്പൻ വല്ലാതെ വികാരാധീനനായി… നിറഞ്ഞ കണ്ണുകൾ ആരും കാണാതെ പെട്ടെന്നു പുറത്തിറങ്ങി; സന്തതസഹചാരികളായ ഊന്നുവടിയും മെതിയടിയും മാത്രം കൂടെ… ഗേറ്റിനു പുറത്തിറങ്ങി ഒരു പിൻവിളിയോർത്തെന്നപോലെ ഒരു നിമിഷം നിന്നു… ശങ്കുച്ചാർ ഓടിയിറങ്ങി വന്നു; ‘അങ്ങുന്നേ. എന്താ, എന്തേലുംകൂടി.?’ ‘ഒന്നുമില്ല ശങ്കുച്ചാരേ.’
തിരിഞ്ഞുനടക്കാൻ തുടങ്ങിയ ശങ്കുച്ചാരെ പെട്ടെന്നു അപ്പൂപ്പൻ വിളിച്ചു: ‘ഇങ്ങുവരു ശങ്കുച്ചാരെ, ഒരു കാര്യം ചിറ്റമ്മയോടു പറയണം… കേശവനെ എനിക്കു തരാൻ പറഞ്ഞെന്നു പറയണം. അവനില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല, അവനുമതേം… അവന്റെ ചിട്ടവട്ടങ്ങൾ എന്നേപ്പോലെ മറ്റാർക്കും അറിഞ്ഞുകൂടല്ലോ… അവനെ ദുഃഖിപ്പിക്കരുതു്, ദേഷ്യം പിടിപ്പിക്കയുമരുതു്… എന്റെ കൂടെ അവനെന്നും സുഖമായിരിക്കുമെന്നും പറയണം…’
തിരിഞ്ഞുനോക്കി അപ്പൂപ്പൻ, പതുക്കെ നടന്നു, അന്നാദ്യമായി മേലാംകോടു് നീലകണ്ഠപ്പണിക്കരെന്ന മനുഷ്യൻ ദുഃഖിച്ചു, തനിക്കു് വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ പോയതോർത്തു്… കാരണവരുടെ നിർദ്ദേശത്തിനു വഴങ്ങി അദ്ദേഹത്തിന്റെ സഹായിയായി… തറവാട്ടു ഭരണത്തിനുള്ള പരിശീലനമാണതെന്നു് രണ്ടുകൊല്ലം കഴിഞ്ഞപ്പോഴാണു് മനസ്സിലായതു്… മേലാംകോടു് കാരണവരെന്ന കിരീടം തലയിൽ വച്ചുതന്നു് അമ്മാവൻ വിശ്രമജീവിതത്തിനുപോയി…
അന്നു് അഭിമാനമായിരുന്നു, സന്തോഷമായിരുന്നു… എല്ലാവരുടേയും അഭിനന്ദനങ്ങളും അനുഗ്രഹവും ഏറ്റുവാങ്ങുമ്പോൾ ആ പത്തൊൻപതുകാരന്റെ മനസ്സിൽ അൻപതുകാരന്റെ കാര്യഗൗരവവും ഉത്തരവാദിത്വബോധവും നിറയുകയായിരുന്നു. മനസ്സും ശരീരവുമർപ്പിച്ചു് കാരണവരുടെ ഉത്തരവാദിത്വങ്ങൾ ഓരോന്നായി പൂർണതയിലെത്തിക്കുമ്പോഴൊന്നും അറിയില്ലായിരുന്നു അതൊരു മുൾക്കിരീടമാണെന്നു്… ആ മുള്ളുകളേല്പിച്ച മുറിവുകൾക്കുമേൽ താൻ സ്നേഹിച്ചവരിൽ നിന്നുതന്നെയുള്ള ചതിവിന്റെ ചാട്ടവാറടിയേറ്റു് അപമാനിതനായി പടിയിറങ്ങേണ്ടി വരുമെന്നു്… അതിലേറെ. ഇക്കാലമത്രയും താൻ നഷ്ടപ്പെടുത്തിയതു് എത്ര വിലപിടിച്ച കാര്യമായിരുന്നെന്നു് അന്നാദ്യമായി അദ്ദേഹം തിരിച്ചറിഞ്ഞു… തന്റെ മക്കളുടെ സാമീപ്യം, അവരുടെ കളിചിരികൾ, അവർക്കു നൽകേണ്ടിയിരുന്ന ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങൾ…
‘ഒരിടനിന്നു്, ഒരു ദീർഘനിശ്വാസത്തിൽ പൊള്ളുന്ന ചിന്തകളെ കുടഞ്ഞെറിയാൻ ശ്രമിച്ചു… നല്ല ഒരു ഭർത്താവും അച്ഛനുമാകാനുറച്ചു് ഉറച്ച കാൽവയ്പുകളോടെ അപ്പൂപ്പൻ നടന്നു, ചെമ്പകശ്ശേരിയിലേക്കു്.’