“ഭാഗപത്രം തയ്യാറായി; ആരുടെ നിർദ്ദേശത്തിലും മേൽനോട്ടത്തിലുമെന്നു പറയേണ്ടല്ലോ.”
പ്രമാണങ്ങളിലൊന്നുപോലും അപ്പൂപ്പൻ തുറന്നു നോക്കിയില്ല… അത്രയ്ക്കും അപമാനിതനും ആത്മവിശ്വാസം നഷ്ടപ്പെട്ടവനുമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ‘അതൊന്നു നോക്കണ്ടേ?’ എന്നു ചോദിച്ച അമ്മൂമ്മയോടു് പറഞ്ഞത്രെ ‘എനിക്കു വിധിച്ചതു അതിനാത്തു കാണും’ന്നു്. ആരു വിധിച്ചതെന്നു് അപ്പൂപ്പൻ മനസ്സിൽ പറഞ്ഞു കാണും. കിട്ടേണ്ടതു്, വിധിച്ചതു് എന്നൊന്നുമല്ല, പിടിച്ചുവയ്ക്കാൻ പറ്റുന്നത്രയും പിടിച്ചു വയ്ക്കണമായിരുന്നുവെന്ന പക്ഷക്കാരിയാണു് അമ്മൂമ്മ. അപ്പൂപ്പന്റെ അർത്ഥമില്ലാത്ത നിസ്വാർത്ഥസേവനങ്ങളും മണ്ടത്തരം വരെയെത്തി നിൽക്കുന്ന ശുദ്ധതയും അമ്മൂമ്മയ്ക്കു പുച്ഛമായിരുന്നു. കൊലകൊമ്പനായിരുന്ന തന്റെ അച്ഛനുമായി അപ്പൂപ്പനെ താരതമ്യപ്പെടുത്തിയായിരുന്നു. അമ്മൂമ്മയുടെ വിമർശം… പക്ഷെ കേശവപ്പണിക്കർ മക്കൾക്കു് എന്തുനേടിക്കൊടുത്തു! അപ്പൂപ്പൻ അതുചോദിച്ചില്ല. എന്നാൽ അമ്മൂമ്മയുടെ മുൻപിൽ തെറ്റുകാരനായി എന്ന തോന്നൽ അദ്ദേഹത്തെ നിശ്ശബ്ദനാക്കി; ആലംബമറ്റവനെപ്പോലെയായി…
‘അതേസമയം ഹരിനാരായണനമ്മാവനില്ലേ, അമ്മൂമ്മേടെ അനുജൻ… നയവിശാരദൻ, മാധവപ്പണിക്കരുടെ സതീർത്ഥ്യന്നും ഉറ്റസുഹൃത്തും. പോരാത്തതിനു് പേരുകേട്ട, ജനസമ്മതനായ ഡാക്ടറും. എന്തെങ്കിലും കൊടുത്തു് എല്ലാവരേയും ഒഴിവാക്കിയതുപോലല്ല, അമ്മാവനു്. ഒരു വെട്ടിനു് ഒറ്റത്തെങ്ങീന്നു് ഇരുന്നൂറ്റമ്പതു തേങ്ങകിട്ടുന്ന ഒരാൾപൊക്കം മാത്രമുള്ള തൈത്തെങ്ങുകൾ നിരനിരയായി നിൽക്കുന്ന ആയില്യംചാലിനരികിലെ വലിയ ചിറയുൾപ്പെടെ അങ്ങേർക്കാവശ്യമുള്ളതു വാങ്ങിയെടുത്തത്രെ. പറഞ്ഞുകേട്ട അറിവല്ലേ നമുക്കുള്ളൂ.’
പക്ഷേ ശിവശങ്കരൻ കൊച്ചപ്പൂപ്പൻ വഴങ്ങിയില്ല. നേരേ പോയി കോടതീൽ കേസ് ഫയൽ ചെയ്തു. തന്റെ കൊക്കിലൊതുങ്ങുന്ന ഒരു വക്കീലിനെ വക്കാലത്തേല്പിച്ചു. അതറിഞ്ഞപ്പോൾ മാധവപ്പണിക്കർ പറഞ്ഞത്രെ:
‘ങ്ഹാ ഹാ… അതുശരി… കൊച്ചിലെ ഞങ്ങടെ കിഴുക്കും ഏറെ കൊണ്ടു് വാലും ചുരുട്ടിയോടിയവനാ… ഇപ്പോ അവനു് കൊമ്പുമുളച്ചേക്കുന്നോ! എന്നിട്ടു് ആ പീറവക്കീലിനേം കൊണ്ടു് അവനെന്നോടു് യുദ്ധത്തിനു വരുന്നു… ഇപ്പം ഞാനുരുട്ടിക്കൊടുക്കാം.’ മാധവപ്പണിക്കർ നിസ്സാരനല്ല. അയാൾക്കു് പണമുണ്ടു്; കൊലകൊമ്പൻ വക്കീലന്മാർ സുഹൃത്തുക്കളായുണ്ടു്. ഇനീം കേമമ്മാരെ, ശരിക്കും ആടിനെ പട്ടിയാക്കാൻ കഴിവുള്ളവരെ ഇറക്കിക്കളിക്കാൻ കെല്പുണ്ടു്…
‘പക്ഷേ മാധവാ… അയാളു് രജിസ്ട്രാഫീസിന്നു് ആരെയൊക്കെയോ വശത്താക്കി വിവരമെല്ലാം അറിഞ്ഞിട്ടൊണ്ടെന്നു്. ദാ, ഇപ്പ കൃഷ്ണനാ വന്നു പറഞ്ഞേ. അയാക്കു ന്യായമായതു കിട്ടിയില്ലാന്നു് തെളിയിക്കാൻ പറ്റിയാൽ… വേറേം പ്രശ്നങ്ങൾ…’ ബന്ധുക്കളിലൊരാൾ സംശയം പ്രകടിപ്പിച്ചു. മാധവപ്പണിക്കർ ചാടിയെഴുന്നേറ്റു് ചുറ്റും കൂടി നിന്നവരെ നോക്കി ഒരു വെല്ലുവിളി നടത്തി:
‘ഓഹോ… അവനു് ഡീറ്റെയിൽസെല്ലാം അറിയാമല്ലേ; ങ്ഹൂം അവനറിഞ്ഞിട്ടുവരട്ടെ… ഇനി അവനു് ഇതീന്നു് ഒരടി മണ്ണു് കൊടുക്കേണ്ടിവന്നാൽ ദാ എന്റെയീ ഉള്ളം കയ്യീന്നു് രോമം പറിച്ചുതരും ഞാൻ.’ അയാൾ ധാർഷ്ട്യത്തോടെ സത്യം ചെയ്തു:‘ഇതു് സത്യം സത്യം സത്യം… നിങ്ങളെല്ലാം സാക്ഷി.’
പക്ഷെ കാര്യം നിസ്സാരമല്ലായിരുന്നു… മാധവപ്പണിക്കർ കേസേല്പിച്ച വക്കീൽ ഒരു ദിവസം മേലാംകോട്ടുവന്നു.
‘പണിക്കരു സാറേ… കാര്യം അത്ര എളുപ്പമല്ല; എന്നല്ല, പ്രശ്നമാണു താനും. ഞാൻ വിശദമായിത്തന്നെ പഠിച്ചു. ഈ കേസ് കോടതീ വന്നാ കൊഴപ്പമാ… സൂത്രപ്പണികളൊക്കെ വെളിച്ചത്താകേം ചെയ്യും; തന്നെയല്ലാ… നിയമപരമായിത്തന്നെ പ്രമാണങ്ങൾ പൊളിച്ചെഴുതേണ്ടിയും വരും; എന്നുവച്ചാൽ…’
‘നിങ്ങളൊന്നു വെറുതേയിരി മാത്തൻ വർഗ്ഗീസേ… ആ ഞായറാഴ്ച വക്കീലെന്തു കാണിക്കുംന്നാ? അഥവാ അയാളെന്തേലും കൊണ്ടുവന്നാ… അതിനല്ലേ നിങ്ങളൊക്കെ. അതു തടുക്കണം, അല്ലാണ്ടെന്താ.’ മാധവപ്പണിക്കർക്കു ദേഷ്യം വരുന്നുണ്ടായിരുന്നു.
‘അങ്ങനല്ല പണിക്കരു സാറേ… പറഞ്ഞു വരുമ്പം ന്യായം അവരുടെ ഭാഗത്താണേ…’ മാധവപ്പണിക്കർ ഇടയ്ക്കു ചാടിവീണു് അലറി. ‘ഛേ! ഇതുപറയാനാണോ നിങ്ങളെ കേസേല്പിച്ചേ? നിങ്ങളിപ്പോ അയാടെ വക്കീലിനേപ്പോലാണല്ലോ…’
‘അതു സാറിനു കാര്യത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടാ. ഞാൻ മദ്രാസ് ഹൈക്കോടതീലെ പരമേശ്വരൻ നായരും, സെൽവരാജും ഒക്കെയായി എല്ലാ വശങ്ങളേക്കുറിച്ചും സംസാരിച്ചു… ഒത്തുതീർപ്പാ നല്ലതെന്നാ അവരും പറയുന്നേ… അതുകൊണ്ടു തീരുമല്ലോ കാര്യങ്ങളെന്നാ… അതിലിപ്പം മാനക്കേടു വിചാരിക്കണ്ട. സ്വന്തക്കാരുമായി കേസു നടത്താൻ താല്പര്യമില്ല, അതുശരിയല്ലാന്നു തോന്ന്യകൊണ്ടു്… ആ വക്കീലിനെക്കൊണ്ടു ഞാൻ പറയിപ്പിക്കാം… കാര്യം താന്തോന്നിയായിട്ടാ നടപ്പെങ്കിലും ആ ശിവശിങ്കരപ്പണിക്കരൊരു പാവമാന്നാ എന്റെ അന്വേഷണത്തിലറിഞ്ഞതു്.’
മാധവപ്പണിക്കർ ഒന്നും മിണ്ടിയില്ല… വക്കീൽ ക്ഷമിച്ചു് കാത്തിരുന്നു. കുറേക്കഴിഞ്ഞാണു് മാധവപ്പണിക്കർ വാ തുറന്നതു്: ‘എന്നാലും… പുത്തൻമഠത്തിലെ നാലുകെട്ടു്! അതു കൈവിടുകാന്നു വച്ചാ… മുഴ്‌വൻ തേക്കും ഈട്ടിയുമാ… അതു ഞാൻ എന്റെ മൂത്തമകൾ കമലയ്ക്കു വേണ്ടി നിശ്ചയിച്ചതാ… ആ പറമ്പാണേ ഒന്നരയേക്കർ; മാവും പ്ലാവും എന്നുവേണ്ടാ… അതുവിട്ടു കളയാന്നുവച്ചാ… മറ്റു വല്ലതും ഓഫർ ചെയ്താലോ വക്കീലേ?’
‘വേണ്ടെന്നേ ഞാൻ പറയൂ… വെറുതെ പുലിവാലുപിടിക്കണ്ട… എന്നാലും മേലാംകോട്ടുകാർക്കു തന്നെ ജയം… അതുകൊണ്ടു് തീരും പൊല്ലാപ്പു്… അത്തരം പത്തുവീടൊണ്ടാക്കാനൊള്ള മൊതലു കയ്യിലിരിക്കും… അതല്ലേ മെച്ചം?’
‘…കേസ് ഒത്തുതീർന്നു. ഉള്ളംകൈയിൽ രോമം മുളയ്ക്കാതിരുന്നതുകൊണ്ടു് അതുപറിച്ചു് കാണിക്കേണ്ടി വന്നില്ല മാധവപ്പണിക്കർക്കു്.’
“ശിവശങ്കരനപ്പൂപ്പന്റെ മുൻപിൽ ചെറുതായൊന്നു ക്ഷീണിച്ചതിനുംകൂടി അപ്പൂപ്പനോടു പകരം വീട്ടി മാധവപ്പണിക്കർ. അല്ലെങ്കിലും അയാളതേ ചെയ്യൂന്നു് എല്ലാർക്കും അറിയാമായിരുന്നു.” “എന്താതു് ശശിയമ്മാവാ?” അമ്മു ഉദ്വേഗത്തോടെ ചോദിച്ചു.
ശശിയേട്ടനു സന്തോഷമായി. ഇക്കഥയൊന്നും ഭാനുമതിക്കോ, സാവിത്രിക്കുട്ടിക്കോ ഒന്നും അറിയാൻ വഴിയില്ല. അവരാരും അത്രയ്ക്കൊന്നും താല്പര്യം കാണിച്ചിട്ടുമില്ല ഇത്തരം കാര്യങ്ങളിൽ. അപ്പൂപ്പനെ കൊല്ലാൻ നോക്കിയ കാര്യം മീനാക്ഷിച്ചിറ്റമ്മ പറഞ്ഞറിഞ്ഞിട്ടുണ്ടെന്നു് ഭാനുമതി പറയാറുണ്ടു്… ഇപ്പോളിതാ ഈ കുട്ടികൾ കുടുംബത്തിന്റെ പഴംകഥകൾ താല്പര്യത്തോടെ കേൾക്കുന്നു… ശരിയാണു്… ബന്ധങ്ങൾക്കെന്തർത്ഥമെന്നു് കുട്ടികൾ ചിന്തിക്കുന്നുണ്ടാവാം… പണ്ടും ഇപ്പോഴും… എത്രയെത്ര കുടുംബങ്ങളിൽ, സമൂഹത്തിൽ, രാജ്യങ്ങളിൽ… സമ്പത്തിനും അധികാരത്തിനും വേണ്ടി എന്തെന്തു ക്രൂരതകൾ!
“എന്താ വല്യേട്ടാ?” ശശിയേട്ടന്റെ നിശ്ശബ്ദതകണ്ടു് സാവിത്രിക്കുട്ടി ചോദിച്ചു… പെട്ടെന്നു് ശശിയേട്ടൻ ചിന്തയിൽ നിന്നുണർന്നു:
“എന്താന്നു വച്ചാൽ… കേശവനെ വിട്ടുകൊടുത്തില്ല.”
‘പതിനായിരം പവൻ ചങ്ങഴിക്കളന്നുകൊടുത്തു് ആനക്കുട്ടിയെ ലേലം കൊടുത്തതു് മേലാംകോട്ടു കേശവപ്പണിക്കരല്ലേ… സ്വന്തം പോക്കറ്റീന്നെടുത്തൊന്നുമല്ലല്ലോ അതു്; മോളെ കൊഞ്ചിക്കാൻ തറവാട്ടു മൊതലെടുത്തു കളിച്ചതല്ലേ. അതിവിടെ നിക്കട്ടേ’ന്നു് മാധവപ്പണിക്കർ തീരുമാനമെടുത്തു.
‘നമ്മക്കെന്തിനാ ഇതിനെ… കൊറേ കാശു ചെലവാക്കാംന്നു മാത്രം. നീലാണ്ടനു തന്നെ അതിനെ വിട്ടുകൊടുത്തേക്കു കുട്ടാ’ എന്നു് ഉപദേശിച്ച അമ്മയോടു കയർത്തു മാധവപ്പണിക്കർ.
‘തറവാട്ടമ്പലത്തിൽ തൊഴാൻ പോകുമ്പോളൊക്കെ അപ്പൂപ്പനും കേശവനും സ്നേഹം പങ്കുവയ്ക്കുമായിരുന്നത്രെ. ഒരു ദിവസം അപ്പൂപ്പൻ കൊച്ചമ്മയോടു സങ്കടം പറഞ്ഞു: ‘കേശവൻ വല്ലാതെ ക്ഷീണിച്ചിട്ടൊണ്ടു്. ആഹാരോം ചികിത്സേമൊക്കെ…’ പൂർത്തിയാക്കാതെ അപ്പൂപ്പൻ പോന്നു.
‘അതറിഞ്ഞ മാധവപ്പണിക്കർ അന്നുതന്നെ പാപ്പാന്മാരെ വിളിച്ചുവരുത്തി അമ്മയെ സാക്ഷിയാക്കി തീരുമാനം പറഞ്ഞു: ‘അമ്പല പുനരുദ്ധാരണക്കമ്മിറ്റിയൊണ്ടാക്കിയ കാര്യം എല്ലാർക്കും അറിയാമല്ലോ.’
‘ങ്ഹാ, അതു കൊള്ളാം… നീയല്ലേ ആ കമ്മിറ്റീടേം പ്രസിഡന്റ്? നിങ്ങൾക്കു് ഞാൻ കഴുത്തേലും കയ്യേലും കെടന്നതൊക്കെ ഊരിത്തന്നതല്ലേ… എന്താ അങ്ങനെ പറഞ്ഞതു്?’ കൊച്ചമ്മ ചോദിച്ചു.
‘നമ്മൾ കേശവനെ ക്ഷേത്രത്തിനു കൊടുക്കുന്നു… ചേട്ടനും, വല്യോപ്പക്കുമൊന്നും എതിരു വരണ്ട കാര്യമില്ല… ഒരു കാര്യം സമ്മതിക്കണം… ഞങ്ങളവടെ പിരിവിനു ചെന്നപ്പ എന്നെക്കണ്ടിട്ടു് ഒരു പരിഭവോം കാണിക്കാതെ വല്യോപ്പ കഴുത്തേക്കെടന്ന മൂന്നാലുപവൻ വരുന്ന മണിമാലയാ ഊരി എന്റെ കയ്യിലോട്ടു തന്നേ… അവനെ കാണണമെന്നു തോന്നുന്നവർക്ക് ക്ഷേത്രത്തിനടുത്തു് കരയോഗം ആഫീസുവരെ പോയാൽ മതിയല്ലോ. അവടെ തളയ്ക്കാം തത്കാലം.’
‘അങ്ങനെ കേശവൻ ദേവീടെ ആനയായി. കരയോഗം വക പറമ്പിലെ ഒരു തെങ്ങിൽ ബന്ധനസ്ഥനായി. വെറുതെ ഒരാനെ തീറ്റിപ്പോറ്റുന്നതെന്തിനാ… വല്ലപ്പോഴും ഒരെഴുന്നള്ളത്തു്… കമ്മിറ്റിക്കാർ അറിഞ്ഞും അറിയാതെയും കേശവനെ കൂപ്പിൽ തടിപിടിപ്പിക്കാൻ കൊണ്ടുപോയി. അങ്ങനെയെങ്ങാണ്ടാ കേശവൻ വെരണ്ടോടി വന്നതും അപ്പൂപ്പൻ ശാന്തനാക്കി പറഞ്ഞയച്ചതും.’
“തടിപിടിക്കാൻ കൂട്ടാക്കാത്ത അവനെ അടിച്ചും കുത്തിയും പൊള്ളിച്ചുമൊക്കെ അനുസരിപ്പിച്ചത്രെ. ഒരു ദിവസം പക്ഷെ കേശവൻ എതിർത്തു; തിരിഞ്ഞു് ഒരൊറ്റയോട്ടം. പാപ്പാന്മാരും കൊറേ നാട്ടുകാരും പൊറകേ. എങ്ങനെയോ അതിനെ ഓടിച്ചു് പടിഞ്ഞാറെ ചാലിലേയ്ക്കു് ഓടിച്ചെറക്കി; ഏറും കുത്തും കത്തിച്ച ചൂട്ടും… അങ്ങനെ വെരണ്ടു ചാടീതാ… ആയില്യം ചാലല്ലേ, എന്താ ആഴം… അടീ നെറയെ ചെളീം. കഴുത്തറ്റം താണു. ചെളീൽ കാലൊറച്ചുപോയി… അനങ്ങാൻ പറ്റ്വോ!”
“ആരും അതിനെ രക്ഷിക്കാൻ നോക്കിയില്ലേ?” അമ്മൂനും ആദിക്കും സങ്കടം വരുന്നുണ്ടായിരുന്നു.
“ആരു രക്ഷിക്കാൻ, എങ്ങനെ? അല്ലേലും മനപ്പൂർവ്വം ചെയ്തതാത്രെ. പാപ്പാന്മാർക്കു് ശമ്പളോമില്ല, ആനേടെ ചെലവിനും ഒന്നും നേരത്തിനും കാലത്തിനും കൊടുക്കുകേലാരുന്നത്രെ. പാപ്പാന്മാർക്കു മടുത്തപ്പം ചെയ്തതാ… അപ്പൂപ്പനൊന്നും വിവരമറിഞ്ഞതുമില്ല. അറിഞ്ഞിട്ടും കാര്യമെന്താ! അത്രേം വല്യേ ജീവിയെ പൊക്കിയെടുക്കാനൊള്ള ക്രെയിനോ ഒന്നും അന്നില്ലല്ലോ… പാവം, ദിവസങ്ങളോളം തുമ്പിക്കൈ പൊക്കിപ്പിടിച്ചു് ദയനീയമായി ചിന്നം വിളിച്ചുനിന്നു അവൻ… പിന്നെ ഒരു ദിവസം…” ശശിയേട്ടൻ പൂരിപ്പിച്ചില്ല.
എന്തിനെന്നറിയാതെ നിറഞ്ഞ കണ്ണുകൾ പരസ്പരം കാണാതിരിക്കാൻ തലതാഴ്ത്തി അവരാറുപേർ!