“ഓ, കഥ വഴിമാറിപ്പോയാരുന്നു… ഭാഗം കിട്ടിയ വസ്തുക്കളുടെ പ്രമാണങ്ങളോടു മുഖം തിരിച്ച അപ്പൂപ്പനേയും, മേലാംകോട്ടു കേശവപ്പണിക്കരുടെ പുന്നാരമോൾ ഒരു ചക്രവർത്തിനിയുടെ തലയെടുപ്പുള്ള അമ്മൂമ്മയേയും വഴീ നിർത്ത്യേക്കുവല്ലേ നമ്മൾ!” ശശിയേട്ടൻ എന്തോ തമാശപറഞ്ഞപോലെ ചിരിച്ചു; അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാനാകും.
“നമുക്കവിടന്നു തുടങ്ങാം…”
‘മേലാംകോട്ടു നിന്നു പ്രമാണങ്ങളുമായി വന്ന ശങ്കുച്ചാർ പിന്നെ തിരിച്ചു പോയില്ല.’ വല്യങ്ങുന്നില്ലാത്ത ആ തറവാട്ടിൽ ഞാൻ നിക്കില്ല; ആ പണി ശങ്കുച്ചാർക്കു വേണ്ടാ. എല്ലാവർക്കും സമ്മതാണേ ശങ്കുച്ചാർ ഇബ്ടെ കൂടിക്കോളാമേ.’
‘എല്ലാർക്കും സമ്മതമായിരുന്നു. അപ്പൂപ്പനു ആശ്വാസവുമായി… വസ്തുവകകളെക്കുറിച്ചെല്ലാം പൂർണവിവരമുണ്ടു്. അടിയാന്മാരായാലും മറ്റുതൊഴിലാളികളായാലും അവരോടൊക്കെ മര്യാദയ്ക്കും സ്നേഹത്തോടെയും പെരുമാറുന്നയാൾ; ഒരു പരാതിക്കും ഇടവരുത്തീട്ടില്ല.’
‘കിട്ടിയതെന്തായാലും അതുനോക്കി നടത്തണം, മെച്ചപ്പെടുത്തണം… ശങ്കുച്ചാരുമായി അക്കാര്യങ്ങൾ ചർച്ചചെയ്യാൻ തുടങ്ങിയ അപ്പൂപ്പന്റെ അടുത്തേക്കു വന്ന അമ്മൂമ്മ ലേശം ധാർഷ്ട്യം കലർന്ന സ്വരത്തിൽ പറഞ്ഞു:
‘ങൂം… എന്താ ആലോചന, ഞാൻ കൂടി കേക്കട്ടെ… ശങ്കുച്ചാരേ എന്താ നിർത്ത്യേതു്. പറ കേക്കട്ടെ. ഓരോ പ്രമാണോം എടുത്തു വിസ്തരിച്ചു പറഞ്ഞോളൂ എവ്ടൊക്കെയാ, എന്തൊക്കെയാണു്… ഇനി മുതൽ കാര്യങ്ങളെല്ലാം എന്നെ ധരിപ്പിച്ചാൽ മതി. അങ്ങുന്നിനെ ശല്യപ്പെടുത്തണ്ട. ഇനി കുറച്ചു വിശ്രമിക്കട്ടെ. എന്തൊക്കെയാ എങ്ങനൊക്കെയാ എന്നൊക്കെ ഞാൻ പറഞ്ഞുതരാം… മൂത്തവനു പടിത്തം പടിത്തംന്നൊരു വിചാരേള്ളൂ, അല്ലേലും മദ്രാസിലല്ലേ, കുടുംബത്തിനു പ്രയോജനോന്നുമില്ലല്ലോ… അവൻ പോട്ടെ; ശേഖരനൊണ്ടല്ലോ… അഞ്ചാം ക്ലാസ്സീ പടിപ്പും നിർത്തി തെക്കുവടക്കു നടക്കുവല്ലേ. അവൻ ശങ്കുച്ചാർക്കൊപ്പം കൂടട്ടെ. കാര്യങ്ങൾ കൈകാര്യം ചെയ്തു ശീലിക്കട്ടെ. മേലാലേക്കു് അവൻ താങ്ങാവും. എന്തായാലും തന്തേപ്പോലെ കെഴങ്ങനൊന്ന്വല്ല ശേഖരൻ. തന്റേടമൊണ്ടു്… മൂക്കത്താ ശുണ്ഠീന്നേള്ളൂ… ങാ അതൊരു കണക്കിനു ഗുണാംന്നു കൂട്ടിക്കോളൂ…’
‘…അതൊരു സത്യം തന്നെയായിരുന്നു. ശേഖരൻ കൊച്ചച്ഛനന്നു് വയസ്സു് പതിനാറു്. കെഴങ്ങനല്ല, പാവവുമല്ല… അറുതെമ്മാടി; സ്വാർത്ഥതയുടേയും അഹങ്കാരത്തിന്റേയും ദുഷ്ടതയുടേയും പ്രതിരൂപം. സ്നേഹമെന്ന വാക്കു് അയാടെ നിഘണ്ടുവിലില്ല. അടിയാന്മാരും അടിയാത്തിപ്പെണ്ണുങ്ങളും മാത്രമല്ല സ്വന്തം വീട്ടിലെ സ്ത്രീകളും തന്റെ ചൊല്പടിക്കു നില്ക്കണം. പെണ്ണുങ്ങളുടെ ചിരിയോ ശബ്ദമുയർത്തിയുള്ള സംസാരമോ കേട്ടുപോകരുതു്. പടിഞ്ഞാറെ പാടവരമ്പത്തു് അയാളെത്തുമ്പോളേക്കും ചെമ്പകശ്ശേരി അടുക്കളത്തളത്തിൽ പലകയിട്ടു് ഇലകഴുകിത്തുടച്ചതിട്ടു് ചോറും കറികളുമായി പെങ്ങന്മാർ വിളമ്പാൻ തയ്യാറായി നിൽക്കണം. ഉപ്പോ എരിവോ കുറഞ്ഞാലോ കൂടിയാലോ പിന്നെ പെങ്ങമ്മാരെ വിളിക്കുന്ന തെറി… അടുക്കളേലെ പാചകക്കാരൻ ശിവരാമനോടു മാത്രം കയർക്കില്ല. അവനുമായി പല രഹസ്യ അഡ്ജസ്റ്റുമെന്റുകളുമുണ്ടായിരുന്നത്രെ.’
“അതൊന്നുമല്ല, പല കഥകളുമുണ്ടു് അങ്ങേരെപ്പറ്റി… ചെലതൊക്കെ നിങ്ങൾ നേരത്തെ കേട്ടുകാണും… അല്ല ഭാനുമതീം സാവിത്രിക്കുട്ടീം കേട്ടിട്ടില്ലേ വീരകഥകൾ… ഞങ്ങളൊക്കെ നേരിട്ടനുഭവിച്ചിട്ടുമുണ്ടു് കുട്ടികളേ.”
ശശിയേട്ടൻ നെടുവീർപ്പിട്ടു… നിശ്ശബ്ദനായി തലതാഴ്ത്തിയിരുന്നു അല്പനേരം… ഓർമ്മകളിലേക്കു് ഊളിയിട്ടു്… പിന്നെ പെട്ടെന്നുണർന്നു് പറഞ്ഞുതുടങ്ങി:
“അക്കാലത്തെങ്ങാണ്ടാണത്രെ നമ്മടെ കുടുംബചരിത്രത്തിലിടം പിടിച്ച കുഞ്ചമ്മാൻ രംഗപ്രവേശം ചെയ്യുന്നതു്. ശങ്കുച്ചാരു് അതിനെടേൽ പെട്ടെന്നങ്ങു മരിക്കുകേം ചെയ്തു… പിന്നെ ഭരണം ശേഖരൻ കൊച്ചച്ഛനും കുഞ്ഞമ്മാനും കൂടായി, അമ്മൂമ്മയുടെ മേൽനോട്ടത്തിൽ. അമ്മൂമ്മയ്ക്കു് തന്റെ മകൻ ശേഖരനേം കുഞ്ഞമ്മാനേം വലിയ മതിപ്പായിരുന്നു, വിശ്വാസമായിരുന്നു… രണ്ടുപേരും അവസരം മുതലെടുത്തു; രണ്ടുതരത്തിൽ… ശേഖരൻ കൊച്ചച്ഛന്റെ ലീലാവിലാസങ്ങൾ സ്വന്തം മുതലു് നശിപ്പിച്ചുകൊണ്ടായിരുന്നു; അതേസമയം കുഞ്ചമ്മാൻ സ്വന്തം പേരിൽ മുതൽക്കൂട്ടാനാണു് ശ്രമിച്ചതു്…”
“അപ്പൂപ്പൻ തീർത്തും പിൻവലിഞ്ഞപോലായിരുന്നത്രെ… അത്യാവശ്യകാര്യങ്ങളിലല്ലാതെ ഒന്നിലും കൈകടത്താൻ നിന്നില്ല. പലപ്പോഴും ദൂരെയുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനു പോകും, ഭജനയിരിക്കും… എല്ലാം പക്ഷെ മക്കളുടെ ഐശ്വര്യത്തിനു്… നിസ്സഹായനായിപ്പോയ ഒരച്ഛന്റെ വേവലാതികളായിരുന്നു ഓരോ യാത്രയുടെയും പ്രേരണ. ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ ഭജനയിരുന്നു. തിരിച്ചുപോരുമ്പോൾ ദേവിയുടെ ചിത്രം ചൈതന്യം ആവാഹിച്ചു വാങ്ങിക്കൊണ്ടു വന്നാണത്രെ നമ്മുടെയൊക്കെ ഓർമ്മയിലുള്ള ആ കൊച്ചുക്ഷേത്രം ഉണ്ടാക്കീതു്. ചെമ്പകശ്ശേരിത്തറവാടിന്റെ തെക്കുകിഴക്കേ മൂലയ്ക്കൊരു ശ്രീകോവിൽ ഉണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു; മേലാംകോട്ടു് തറവാട്ടുക്ഷേത്രം വരെ പോകാനുള്ള വീട്ടുകാരുടെ അസൗകര്യം-സത്യത്തിൽ മനസ്സുകളുടെ അകൽച്ച-അങ്ങനെ മറികടന്നു. രാവിലെയും വൈകിട്ടും പൂജകളും ദീപാരാധനയും… ആൺകുട്ടികളോ പത്തുവയസ്സുവരെയുള്ള പെൺകുട്ടികളോ ആണു പൂജ. പൂജാമന്ത്രങ്ങൾ അവരെ ചൊല്ലിപ്പഠിപ്പിക്കുന്നതു് അപ്പൂപ്പൻ തന്നെയായിരുന്നു… അപ്പൂപ്പൻ അപ്പോഴും തറവാട്ടുക്ഷേത്രത്തിൽ പോയി കുളിച്ചുതൊഴുതുവരും.”
പെട്ടെന്നു് സാവിത്രിക്കുട്ടി ഉത്സാഹത്തോടെ ഇടയ്ക്കു കയറിപ്പറഞ്ഞു: “ഞാൻ പൂജിച്ചിട്ടൊണ്ടു് ശശിയേട്ടാ. ഒരിക്കൽ വെക്കേഷനു് നാട്ടിൽ വന്നപ്പോളായിരുന്നു. ഞാനാരുന്നു പൂക്കൾ പറിച്ചുകൊണ്ടുവരുന്നതും, പൂജാപാത്രങ്ങൾ കഴുകുന്നതും അമ്പലക്കുളത്തിലെ വെള്ളമെടുത്തു പൂജിച്ചു തീർത്ഥമുണ്ടാക്കുന്നതും ത്രിമധുരം നേദിക്കുന്നതുമെല്ലാം… നടയ്ക്കു രണ്ടുവശത്തും മൂന്നുനില തൂക്കുവിളക്കു തൂക്കിയിട്ടിരുന്നു. എനിക്കു പൊക്കം പോരാത്തതുകൊണ്ടു് വേറെ ആരെങ്കിലുമാ അതിലെല്ലാം എണ്ണയൊഴിച്ചു് തിരിയിട്ടു കത്തിക്കുന്നതു്… എന്റെ വല്യേട്ടൻ കൊച്ചാരുന്നപ്പോൾ പൂജ കഴിഞ്ഞു് നടതുറന്ന സമയത്തു് ആര്ടേയോ കൈതട്ടി തൂക്കുവിളക്കു് കൊളുത്തൂരി വീണു; തൊഴുതുനിന്ന വല്യേട്ടന്റെ തലേലാണത്രെ വീണതു്. ഞാനൊണ്ടാകുന്നേനും മുമ്പാ. വല്യേട്ടനൊരിക്കൽ ഭയങ്കരപനീം വല്യേനീരും വന്നു; മുഖത്താ നീരു്. നീരുവീർത്തു കുരുവായി പഴുത്തുപൊട്ടി… വല്യേട്ടൻ വേദനകൊണ്ടു് കരയുമ്പോ ഞാനോടി അടുക്കളപ്പുറത്തുപോയി നിന്നു് കരയും, ആരും കാണാതെ. ഞാനന്നു രണ്ടിലോ മൂന്നിലോ പഠിക്കുവാ… അതൊക്കെ ഓർമ്മേണ്ടു്, പക്ഷെ മന്ത്രം മറന്നുപോയി.”
അപ്പച്ചിയമ്മൂമ്മ സാവിത്രിക്കുട്ടിയെ നോക്കി അന്തം വിട്ടിരുന്നു: “എടീ പെണ്ണേ, നീയാളു കൊള്ളാമല്ലോ… എന്റെ കൈതട്ടിയാ വിളക്കു വീണതു്. രവീന്ദ്രനന്നു് മൂന്നരയോ നാലോ വയസ്സാ… ദൈവമേ, ഞങ്ങളൊക്കെ അന്നു നിന്നുരുകി… ആ കൊച്ചുകുഞ്ഞു സഹിച്ച വേദന… തലേടരുകിലെങ്ങാണ്ടു മുട്ടിയതേയൊള്ളൂ, എന്നാലും എന്തു കനമൊള്ള സാധനാ… ഇതൊക്കെ മീനാക്ഷിച്ചിറ്റമ്മ പറഞ്ഞതാരിക്കും അല്ലേ? രാധാമണിയാരുന്നു അന്നൊക്കെ മാലകെട്ടുന്നതും വിളക്കുകൊളുത്തുന്നതുമൊക്കെ… എന്നാലും… നീയിതൊക്കെ ഓർത്തു വച്ചിരിക്കുന്നല്ലോ സാവിത്രിക്കുട്ടീ!”
സാവിത്രിക്കുട്ടി ഒരു വാടിയ ചിരിചിരിച്ചു.
“നമ്മടപ്പൂപ്പനൊരു പുരോഗമനക്കാരനായിരുന്നു, ആചാരങ്ങൾ ലംഘിക്കാൻ ധൈര്യം കാട്ടി. പ്രതിഷ്ഠ നടത്തീതു് ബ്രാഹ്മണനെക്കൊണ്ടാണെന്നു പറഞ്ഞുകേട്ടതായി ഓർക്കുന്നു. പക്ഷെ നിത്യപൂജ സ്വന്തം വീട്ടിലുള്ള കുട്ടികളുമതി എന്നു തീരുമാനിച്ചല്ലോ. ഭയങ്കര ദേവീഭക്തനായിരുന്നില്ലേ അപ്പൂപ്പൻ… ഗോമതിച്ചിറ്റയ്ക്കു ഭയങ്കര പനി; കണിയാൻ വൈദ്യൻ കയ്യൊഴിഞ്ഞമട്ടായി. അപ്പൂപ്പൻ നേരെ മൂകാംബികാക്ഷേത്രത്തിലെത്തി ദേവിയുടെ മുൻപിൽ പ്രതിജ്ഞചെയ്തു് ഭജനംതുടങ്ങി. പ്രതിജ്ഞ എന്താരുന്നെന്നോ-മകളുടെ പനിമാറി കുളിച്ചുകഴിഞ്ഞേ വീടിന്റെ പടിചവിട്ടൂ. ഇല്ലെങ്കിൽ തന്റെ ജന്മം തിരുനടയിൽ തീർക്കും… രണ്ടാഴ്ച കഠിനതപസ്സു്. ഒരു ദിവസം രാവിലെ ഒരു ഉൾവിളി-മകൾ സുഖമായിരിക്കുന്നു. ഉടനെ മടങ്ങി… കയറിവരുമ്പോൾ ഗോമതിച്ചിറ്റമ്മ പാൽക്കഞ്ഞി സ്വയം കോരിക്കുടിക്കുന്നു. അതിലും കഠിനതപസ്സാരുന്നത്രെ ഭാരതിച്ചിറ്റമ്മ ഏഴാം മാസം പ്രസവിച്ചപ്പോ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി നടത്തീതു്; ഒന്നരമാസം… പാവം! മക്കളോടുള്ള സ്നേഹം, അതും പെൺമക്കളോടുള്ള കരുതൽ… അതാണു് അദ്ദേഹത്തിന്റെ സമനില തെറ്റിച്ചതു്. ഭാര്യയുടെ മുൻപിൽ തോറ്റുപോയി, അവിടേം ചതിയിൽപെടുത്തി. മക്കളോടുള്ള കടമ നിറവേറ്റാൻ കഴിയാതെ പോയതിന്റെ വേദന, നിസ്സഹായത പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. അപ്പോഴൊക്കെ ആരുമറിയാതെ പുറപ്പെട്ടുപോകും… അമ്മൂമ്മയ്ക്കു നല്ല ധൈര്യമായിരുന്നു; ‘വല്ല അമ്പലത്തിലും ഭജനമിരിക്കുന്നുണ്ടാകും… മതിയാകുമ്പം തിരിച്ചുവരും’ എന്നു്. അതു ശരിയുമായിരുന്നു. എന്നിട്ടും ഞങ്ങളവിടെയുള്ളപ്പോൾ പേടിച്ചിട്ടുണ്ടു്, താളം തെറ്റിയ മനസ്സുമായാണു് പോക്കു്; വല്ല കടുംകയ്യും…”
“പോട്ടെ… ഇനീം കാടുകേറണ്ടാ… കാര്യത്തിലേക്കു തിരിച്ചു വരാം.”
‘കാലം ഒരുപാടൊരുപാടു് സംഭവപരമ്പരകളിലൂടെ ആ കുടുംബങ്ങളെ നടത്തിച്ചു… ഞങ്ങടച്ഛൻ ബി. എ. ഓണേഴ്സു് കാരനായി; കല്യാണം കഴിച്ചു; പിന്നോരോരുത്തരും ഈ രണ്ടുപേരും… ശേഖരൻ കൊച്ചച്ഛനും കല്യാണം കഴിച്ചു… ഒരു മഹാദുരന്തമായിത്തീർന്നു അതു്. നിങ്ങളാക്കഥ കേട്ടുകാണാം. എന്തായാലും ഏഴുപേരുടെയും കല്യാണം നടന്നു… ഓ അതിനിടയ്ക്കൊരു കാര്യം മറന്നു. ബാക്കി മക്കളാരും ഡിഗ്രിക്കാരായില്ല. പെണ്മക്കളെ അഞ്ചാം ക്ലാസ്സുകഴിഞ്ഞു വിടുന്നതു് അശ്രീകരം… എന്നിട്ടും ഗോമതിച്ചിറ്റമ്മേം സുനന്ദചിറ്റമ്മേമൊക്കെ ഹൈസ്ക്കൂൾ കടന്നെന്നു തോന്നുന്നു.’
‘അവസാനം വിദ്യാധരൻ കൊച്ചച്ഛൻ കൊട്ടും കുരവയുമായി തിരുവനന്തപുരത്തു കോളേജിൽ ചേർന്നു. ആള് പഠിക്കാൻ പോയതല്ല, ആഡംബര ജീവിതത്തിനായിരുന്നു. ഇന്റർമീഡിയറ്റിനു പഠിച്ചെന്നു മിടുക്കുപറയാൻ മാത്രമായി രണ്ടുകൊല്ലം കൊണ്ടു് കാര്യസ്ഥൻ വേലുച്ചെട്ട്യാരുടെ കണക്കുബുക്കിൽ കയറിയ ചെലവുകണക്കു് ആയിരങ്ങളാണത്രെ; അതത്രോം വരുന്നതു് വീട്ടുചെലവായിട്ടാന്നൊള്ള തമാശ വേറെ.’
‘സ്വത്തുമുഴുവൻ കൃഷ്ണൻനായരുചിറ്റപ്പനു് ഇഷ്ടദാനമെഴുതിയതിനുശേഷമുള്ള കളികളാ അതൊക്കെ. എന്തു ചെലവായാലും ചോദ്യം ചെയ്യുന്ന ചിറ്റപ്പൻ, കൊച്ചളിയന്റെ പേരിൽ എന്തെഴുതിയാലും അമ്മായിയമ്മയോടു ചോദിക്കാൻ ധൈര്യപ്പെടുകയില്ലെന്നു ചെട്ട്യാർക്കു നല്ല ബോധ്യമുണ്ടു്. അതേസമയം കാലക്കേടുവന്നപ്പോൾ മാത്രം-കാലക്കേടിനു കാരണം ചെമ്പകശ്ശേരി വീടുതന്നെ-സ്വന്തം അച്ഛന്റെ വീട്ടിൽ താത്ക്കാലികാഭയം തേടിയ ഞങ്ങൾക്കും അമ്മയ്ക്കുമായാലും, വല്ലപ്പോളും മാത്രം വരുന്ന ഭാരതിച്ചിറ്റമ്മയ്ക്കും മക്കൾക്കുമായാലും, ഗതികേടുകൊണ്ടുമാത്രം സ്വന്തം വീട്ടിലെത്തിയ മീനാക്ഷിച്ചിറ്റമ്മയ്ക്കും മക്കൾക്കുമായാലും ഒരു നേരത്തേ കഞ്ഞിക്കുള്ള നെല്ലു് പത്തായത്തിൽ നിന്നെടുക്കാൻ അമ്മാമ്മയ്ക്കു് കൃഷ്ണൻചിറ്റപ്പന്റെ അനുവാദം വാങ്ങണമത്രെ.’ ‘കൃഷ്ണൻനായരോടു് ചോദിക്കട്ടെ-ശിവരാമാ, അല്ലെങ്കിൽ കുട്ടിക്കൃഷ്ണാ (അടുക്കള വയ്പുകാരാണേ)… ഒള്ള തീറ്റിപ്പണ്ടാരങ്ങടെ വയറടയ്ക്കാൻ തോന്ന്യപോലെ വാരിയെടുക്കാൻ പറ്റ്വോ, അയാടെ കയ്യിലെ മൊതലാ. അയാക്കു ദയതോന്ന്യാ…’
‘മറ്റാർക്കും ചെലവിനു നിയന്ത്രണങ്ങളും കണക്കു ചോദിക്കലും വേണ്ടാ. പക്ഷെ പിന്നീടു് ശേഖരനും ഭാര്യയും മക്കളുമൊന്നും അവടെ കേറരുതെന്നായി. അതിലും തമാശ ‘കുടുംബം രക്ഷിക്കാനിറങ്ങിയ’ അളിയനേം ചേച്ചിയേം സഹായിക്കാനെറങ്ങിയ വേണൂന്റെ സ്ഥിതിയാ… കോയമ്പത്തൂരുനിന്നു് വേണുച്ചിറ്റപ്പൻ ലീവെടുത്തുവന്നു് കയ്യിലൊള്ള കാശുംകൂടിയിട്ടു് ശ്രമദാനവും നടത്തി തങ്ങൾക്കും കൂടി കിട്ടേണ്ടിയിരുന്ന കണ്ണായ പൂവത്തുംപറമ്പിൽ ‘സുനന്ദച്ചേച്ചീടെ’ വീടുപണിയിച്ചു… കാര്യം കഴിഞ്ഞപ്പോൾ വേണുവും കളത്തിനു വെളിയിൽ… പോട്ടെ ഒക്കെ കഴിഞ്ഞ കാര്യങ്ങൾ!’
“എന്നാലും സുനന്ദച്ചിറ്റമ്മയെ കല്യാണം കഴിച്ച കൃഷ്ണൻനായരുടെ പേരിൽ അപ്പൂപ്പന്റെ സ്വത്തു മുഴുവൻ എങ്ങനെയെത്തിയെന്നു് നിങ്ങൾക്കറിയണ്ടേ? ഒരു വലിയ കഥയാ… ചതിയുടെ, ചൂഷണത്തിന്റെ, ഒരമ്മയുടെ അമ്പരിപ്പിക്കുന്ന പക്ഷപാതത്തിന്റെ… അതിലും ഭീകരമായ ദുഷ്ടലാക്കോടെ എടുത്ത തീരുമാനമായിരുന്നു ചെമ്പകശ്ശേരി വിട്ടുകൊടുക്കാമെന്നുള്ളതു്.”