ശശിച്ചേട്ടൻ കഥ തുടർന്നു:
“ചെമ്പകശ്ശേരിത്തറവാടിന്റെ പതനത്തിനു ആക്കം കൂട്ടിയതു് പല കാരണങ്ങളാണു്… തന്റെ സ്വന്തമെന്നു കരുതി സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മേലാംകോട്ടു് തറവാട്ടിലെ ബന്ധുക്കളേല്പിച്ച ആഘാതത്തിൽ നിന്നുണ്ടായ അപ്പൂപ്പന്റെ നിഷ്ക്രിയത്വം, ചെമ്പകശ്ശേരിയിലെ സ്വത്തുക്കൾ കൈകാര്യം ചെയ്തവരുടെ കെടുകാര്യസ്ഥത, കുടുംബത്തിനകത്തു തന്നെയുള്ളവരിൽച്ചിലരുടെ സ്വാർത്ഥത, അതിനു ചൂട്ടുപിടിക്കുന്ന അമ്മൂമ്മയുടെ പക്ഷപാതിത്വപരമായ നിലപാടുകൾ, സാമൂഹ്യാചാരങ്ങൾ… അതിലൊരു തിരുത്തു വേണം-ആചാരങ്ങളെന്നല്ല അനാചാരങ്ങൾ എന്നു പറയണം.”
“ചെമ്പകശ്ശേരിയിൽ വലിയ ആർഭാടമായിട്ടാണു് വീട്ടിലെ പെൺമക്കളുടെ താലികെട്ടു കല്യാണങ്ങൾ നടത്തിയതു്. അവസാനം നടത്തീതു് നാലുമക്കൾക്കൊരുമിച്ചു്… അന്നു് സുമിത്രയ്ക്കു് ഒന്നോ രണ്ടോ വയസ്സാണത്രെ.”
“അതെന്താ അങ്ങനെ, ഒന്നും രണ്ടും വയസ്സിൽ താലികെട്ടോ!” അമ്മു അത്ഭുതത്തോടെ ചോദിച്ചു.
“പണ്ടു് അതൊക്കെ കുടുംബമഹിമേടെ പ്രശ്നങ്ങളാ… വയസ്സറിയിക്കുന്നതിനുമുമ്പു് പെൺകുഞ്ഞുങ്ങളുടെ താലികെട്ടു നടത്തണം… ഭാരിച്ച ചെലവാ. അതു താങ്ങാൻ കഴിവില്ലാത്തവരും അല്ലാതെ തന്നെ ബന്ധുക്കളായവരും ചിലപ്പോൾ കുറേ കുട്ടികളുടെ ഒന്നിച്ചു് നടത്തും… തമാശയതല്ല. താലികെട്ടുന്നതു് ബ്രാഹ്മണൻ വേണം! ബ്രാഹ്മണ്യത്തിന്റെ ചൂഷണങ്ങൾക്കും അധീശത്വത്തിനും കുടപിടിക്കുന്ന ദുരാചാരങ്ങളിലൊന്നു്, ബ്രാഹ്മണസമ്മന്തം പോലെ. ബ്രാഹ്മണരോടുള്ള വിധേയത്വത്തിന്റെ, അടിമ മനോഭാവത്തിന്റെ ബാക്കി പത്രം! ഏതെങ്കിലും കിഴട്ടു ബ്രാഹ്മണൻ വരും… ഏതൊക്കെയോ ചടങ്ങുകൾ. ഒരാളെ താലികെട്ടും, കൈകഴുകും… പിന്നേം ഏതോ വൃത്തികെട്ട ചടങ്ങും… പറയാൻ കൊള്ളുകേല. നമ്പൂരി കൂലീം വാങ്ങിപ്പോകും. കല്യാണ പ്രായമാകുമ്പം പിന്നെ താലികെട്ടില്ല, പുടവ കൊടുക്കലേ ഉള്ളൂ. ഇന്നുമുണ്ടല്ലോ പുടവ കൊടുക്കൽ. കല്യാണച്ചെക്കൻ പന്തലിൽ വച്ചു് പരസ്യമായി പെണ്ണിന്റെ കയ്യിൽ കൊടുക്കണം തുണി. അതുടുത്തേ ചെറുക്കന്റെ വീട്ടിൽ കേറാൻ പാടുള്ളൂ. ഇനി മുതൽ ഞാനാണു് നിന്റെ രക്ഷിതാവു് എന്നായിരിക്കും താലികെട്ടും, പൊടകൊടേം കൊണ്ടർത്ഥമാക്കുന്നതു്… എന്നാ എനിക്കുതോന്നുന്നേ.”
അമ്മു ചിരിച്ചു. ആദിക്കു തർജ്ജമ ചെയ്തുകൊടുക്കുകയും ചെയ്തു. ശശിയേട്ടൻ ചിരിച്ചില്ല, അല്പനേരം മൗനിയായിരുന്നതേയുള്ളൂ.
“അതവടെ നിക്കട്ടെ. നമുക്കു നമ്മുടെ കഥ പറയാം… ങാ താലികെട്ടുകല്യാണം… നാലുനിലപ്പന്തലിട്ടു് നാടുമുഴ്‌വൻ വിളിച്ചു നാലു ദിവസത്തെ ആഘോഷങ്ങൾ; സുമിത്രച്ചിറ്റമ്മ വരെയുള്ളവർക്കു നടത്തി. അതൊന്നും പക്ഷെ അപ്പൂപ്പനു പ്രശ്നമായിരുന്നില്ല; ആ കുടുംബത്തിന്റെ തനതായ വസ്തുവകകളും വേണ്ടപോലെതന്നെ നോക്കിയിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചെമ്പകശ്ശേരിക്കില്ലായിരുന്നു.”
‘എന്നാൽ, മേലാംകോടു് കാരണവസ്ഥാനം വിട്ടുകൊടുത്തുവന്ന അപ്പൂപ്പനെ ‘മൂലയ്ക്കിരുത്തുക‘യാണു് അമ്മൂമ്മയും ശേഖരൻ കൊച്ചച്ഛനും ചെയ്തതു്… അതോടെയാണു് കുടുംബം കുളംതോണ്ടാൻ തൊടങ്ങിയതത്രെ!’
‘ഗോമതിച്ചിറ്റമ്മേടെ കല്യാണം ആർഭാടമായിട്ടായിരുന്നു. പക്ഷെ കടം വന്നുവെന്നു് പറയുന്നതു് സുനന്ദച്ചിറ്റമ്മേടേം സുമിത്രേടേം അത്യാർഭാടമായി നടത്തിയ കല്യാണത്തിനുശേഷമാണു്. യഥാർത്ഥത്തിൽ കടക്കാരനാക്കിയതു് എന്റച്ഛനെയാണു്, സ്വന്തം മകനേയും കുടുംബത്തേയും ഇരുട്ടടിയടിച്ചു അമ്മൂമ്മ; ശേഖരൻകൊച്ചച്ഛനും സുനന്ദച്ചിറ്റമ്മയുമായിരിക്കണം കൂട്ടുനിന്നവർ… മൂത്തമകന്റെ പതനം പൂർത്തിയാക്കാൻ പുതിയ മരുമകനും കൂട്ടുനിന്നിരിക്കണം… സത്യമെന്താണെന്നറിയില്ല, ഞങ്ങൾ പെരുവഴിയിലായി.’
…എന്റെ അമ്മയുടെ അച്ഛന്റെ നിർബന്ധപ്രകാരമാണു് എന്റെ അച്ഛൻ മദ്രാസിലെ ജോലി രാജിവച്ചു് ആലപ്പുഴയിലെ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തതു്. വലിയ കച്ചവടസ്ഥാപനം-മൊത്തക്കച്ചവടവും കയറ്റുമതിയും… ആലപ്പുഴപട്ടണം കത്തിനില്ക്കുന്ന കാലമാണു്. ആലപ്പുഴത്തുറമുഖം വ്യാവസായിക തുറമുഖമെന്ന നിലയിൽ അന്നും തിരക്കേറിയ തുറമുഖമായിരുന്നു. ആലപ്പുഴ നഗരം ലോകത്തിന്റെ ഒരു ചെറിയ പതിപ്പായിരുന്നെന്നു പറയാം. കച്ചവടാവശ്യങ്ങൾക്കും വ്യവസായികളായിട്ടുമൊക്കെ വന്ന സ്വദേശികളും വിദേശികളും… കറാച്ചിയിൽ നിന്നുവന്ന കച്ചിക്കാർ, ഗുജറാത്തികൾ, പാഴ്സികൾ, ജൂതന്മാർ, കൊങ്ങിണികൾ, ഡച്ചുകാർ, ഇംഗ്ലീഷുകാർ… അങ്ങനെ… എത്രയെത്ര ഫാക്ടറികൾ, പാണ്ടികശാലകൾ… ഞങ്ങളുടെ കച്ചവടസ്ഥാപനം അതിന്റെ സുവർണദശയിലായിരുന്നു.
‘കല്യാണസാധനങ്ങളെല്ലാം നെന്റെ കടേന്നുതന്നെ എടുക്ക്വല്ലേ രാഘവാ.’ എന്നു് കല്യാണനിശ്ചയത്തിന്റന്നുതന്നെ അമ്മൂമ്മ പറഞ്ഞു. അച്ഛനു സന്തോഷമുള്ള കാര്യമായിരുന്നു. ഞങ്ങൾ രണ്ടുദിവസം ചെമ്പകശ്ശേരീ തങ്ങി, കാര്യങ്ങളെല്ലാം തീരുമാനിച്ചിട്ടു പോയാൽ മതീന്നു് അമ്മൂമ്മേടെ നിർദ്ദേശം.
“നേരത്തെ ഞാൻ പറഞ്ഞില്ലെ അത്യാർഭാടമായിരുന്നു സുനന്ദച്ചിറ്റമ്മേടേം സുമിത്രച്ചിറ്റമ്മേടേം കല്യാണത്തിനെന്നു്… കരയടച്ചാ ക്ഷണിച്ചതു്… ഒരു ദിവസത്തെ കല്യാണമെന്നു പറഞ്ഞാൽ എത്രയോ ദിവസങ്ങളിലെ ഒരുക്കമാ അന്നൊക്കെ. വീടു മോടിപിടിപ്പിക്കലും, പുരയിടം വൃത്തിയാക്കലും പന്തലിടലും… പിന്നെ ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും… അടുക്കള എപ്പോഴും ഉണർന്നിരിക്കണം… ചെലവു് ഊഹിച്ചാൽ മതി… മുഴുവൻ സാധനങ്ങളും-കല്യാണ സദ്യയ്ക്കു മാത്രമല്ല, അതിനും എത്രയോ ദിവസം മുമ്പുമുതലുള്ള ചെലവിനു വേണ്ടതു്-അച്ഛന്റെ കടയിൽ നിന്നാണെടുത്തതു്… അച്ഛന്റെ പരിചയക്കാരുടെ കടയിൽ നിന്നു തന്നെ ആഭരണങ്ങളും ഡ്രസ്സും എടുത്തു, അച്ഛന്റെ കെയറോഫിൽ… എന്നുവച്ചാൽ പൈസ കൊടുത്തില്ല. ‘തേങ്ങാക്കാരന്റെയും, പാട്ടത്തിന്റേയും എല്ലാം പൈസ ഒരുപാടു കിട്ടാനൊണ്ടു്, കിട്ടിയാലുടൻ കൊണ്ടുവരാം. അതുവരെ ചേട്ടനൊന്നു മറിച്ചാൽ മതി’ എന്നു ശേഖരൻ കൊച്ചച്ഛൻ.”
‘വലിയ ചതി! മനസ്സറിയാതെ ചാടിയ കെണി… അനിയന്റെ ഉഷാറു കണ്ടപ്പോൾ തന്റെ കടയിൽ മാത്രമേ കടം പറച്ചിൽ ഉണ്ടാകൂ എന്നു വിശ്വസിച്ചതു് നോട്ടക്കുറവു്. ഒന്നും പറയാതെ കൊച്ചച്ഛനും കൂട്ടാളികളും കാളവണ്ടിയിൽ സാധനം കയറ്റി പോകാനൊരുങ്ങിയപ്പോൾ അച്ഛൻ മടിച്ചുമടിച്ചു ചോദിച്ചു: ‘അതു ശേഖരാ ആ കടകളിലെയെങ്കിലും… എല്ലാം കൂടി ഉടനെ മറിക്കാൻ…’
“അനിയന്റെ മറുപടി അച്ഛനെ വല്ലാതെ തളർത്തിക്കളഞ്ഞു: ഞാൻ സാക്ഷിയാണു്, അച്ഛനെ സഹായിക്കാൻ ഞാൻ കടയിൽ നിൽക്കാറുണ്ടായിരുന്നു.”
‘തത്കാലം ചേട്ടൻ കൊടുക്കു്… ചേട്ടനിപ്പം അത്ര വല്യേ ബുദ്ധിമുട്ടൊന്നുമില്ലെന്നെനിക്കറിയില്ലെ… അല്ലേലും…’ ‘അർദ്ധോക്തിയിൽ നിർത്തിയ ആ വാചകത്തിന്റെ അർത്ഥം അച്ഛനെ കുത്തിനോവിച്ചു. തന്റെ കാളേജുപഠിത്തത്തിനു് പൈസ ചെലവാക്കിയതിന്റെ കണക്കു് തന്റെ അമ്മയും അനുജനും ഇടയ്ക്കിടെ കുത്തുവാക്കായി എടുത്തിടാറുണ്ടു്. തന്റെ ഭാര്യവീട്ടിൽ നിന്നു കൊണ്ടുവന്ന സ്വർണ്ണവും പണവും ഒരെതിർപ്പുമില്ലാതെ ഗോമതിച്ചിറ്റമ്മയുടെ കല്യാണത്തിനു കൊടുത്തു്. വരുമ്പോളൊക്കെ ഒരുപാടു കാഴ്ചവസ്തുക്കളുമായേ എത്തീട്ടുള്ളൂ. എന്നിട്ടും തന്നെ പഠിപ്പിച്ചതിന്റെ കടം വീട്ടിയില്ലേ!’
‘പല പ്രാവശ്യം അമ്മൂമ്മയെ കണ്ടു. ‘ശേഖരൻ കൊണ്ടെത്തന്നില്ലേ, ഞാനവനോടു പറഞ്ഞിരുന്നല്ലോ‘ന്നു് ഒരൊഴുക്കൻ മറുപടി. ശേഖരൻ കൊച്ചച്ഛനെ കണ്ടുകിട്ടിയപ്പോൾ ആളൊരു മാതിരി മുട്ടാപ്പോക്കിൽ രക്ഷപ്പെടാൻ നോക്കി: ‘ഞാൻ പലപ്രാവശ്യായിട്ടു് മുക്കാലും കൊണ്ടെത്തന്നു.’ ‘ചേട്ടനു് ഓർമ്മയില്ലാഞ്ഞാ’, ‘കടയിലാ കൊടുത്തേ; ശശിയൊണ്ടാര്ന്നല്ലോ’ അങ്ങനെ. ഗതികേടിന്റെ പാരമ്യത്തിൽ നിന്ന അച്ഛൻ ദേഷ്യം കൊണ്ടുവിറച്ചു. കൈവയ്ക്കുമെന്നായപ്പോൾ സത്യം പറഞ്ഞു: സുനന്ദേടെ ആവശ്യത്തിനു രണ്ടുമൂന്നു പ്രാവശ്യമായി കുറേ കാശു മറിച്ചുകൊടുക്കേണ്ടിവന്നു… അവൾ തിരിച്ചുതരും.’ അമ്മൂമ്മ ന്യായീകരിച്ചു.
അച്ഛൻ വല്ല കടുംകൈയും ചെയ്യുമെന്നു തോന്നിയപ്പോൾ ശേഖരൻ കൊച്ചച്ഛൻ സത്യം ചെയ്തു:
‘മൂന്നു ദിവസത്തിനകം രണ്ടായിരം രൂപ അവിടെ എത്തിയിരിക്കും.’
അമ്മൂമ്മയും സപ്പോർട്ടു ചെയ്തു: ‘ഉവ്വു് മോനേ, ഏർപ്പാടാക്കീട്ടൊണ്ടു്.’
“എത്തിയില്ല, ഒരു പൈസയും എത്തിയില്ല… മൂന്നല്ല, മുപ്പതു ദിവസമായി… അന്വേഷിച്ചു പോകാൻ അച്ഛനു വയ്യ. ഞാൻ പോയി… ശേഖരൻ കൊച്ചച്ഛനെ രണ്ടാഴ്ചയായി കാണാനില്ല; അമ്മൂമ്മ കൈമലർത്തി!”