“ഞങ്ങളുടെ പതനത്തോടു ചേർത്തു്, അതിലും ഭീകരമായ ഒരു തകർച്ചയുടെ കഥകൂടി പറഞ്ഞാലേ ചരിത്രം പൂർത്തിയാകൂ.”
“കളരിക്കൽ ഗോവിന്ദക്കൈമൾ, ഞങ്ങടെ അമ്മയുടെ അച്ഛൻ, അതിസമ്പന്നനായിരുന്നു. ഒരുപാടു് ഭൂസ്വത്തു്, കയറ്റുമതി വ്യാപാരം, സ്വന്തമായി ബോട്ടും കെട്ടുവള്ളങ്ങളും, വൻസ്വർണ്ണ നിക്ഷേപം… നാലഞ്ചേക്കറിൽ പടർന്നു കിടക്കുന്ന പതിനാറു കെട്ടു്.”
പഠിത്തം കഴിഞ്ഞു; കല്യാണം കഴിഞ്ഞു മൂന്നു മക്കളുമായി, എന്നിട്ടും വീട്ടുകാര്യങ്ങളിലൊന്നും സോമനാഥനമ്മാവൻ താല്പര്യമെടുക്കാറില്ലായിരുന്നു. ഏതുനേരവും വായന; അന്നു ലഭ്യമായിരുന്ന ലോകക്ലാസിക്കുകൾ മുഴുവൻ വായിച്ചിട്ടുണ്ടാകും അമ്മാവൻ. അപ്പൂപ്പൻ മകനെപ്പിടിച്ചു കയറ്റുമതി വ്യാപാരത്തിന്റെ ചുമതലയിലാക്കി… എല്ലാ സൗകര്യങ്ങളുമുള്ള ബോട്ടിൽ ഒരു രാജകുമാരന്റെ പ്രൗഢിയോടെയാണു് അമ്മാവൻ സ്വർണച്ചങ്ങലയും സ്വർണബട്ടനുകളും സ്വർണക്കസവുപൂക്കളും തുന്നിപ്പിടിപ്പിച്ച കോട്ടിട്ടു് ചരക്കുകയറ്റിയ വള്ളങ്ങളെ അനുഗമിക്കുക… സഹായികളുമുണ്ടാകും.
അമ്മാവന്റെ പിടിപ്പുകേടോ, അലസതയോ, ചതി പറ്റിയതോ എന്നറിയില്ല, രണ്ടുമൂന്നു തവണ വ്യാപാരത്തിൽ നഷ്ടം വന്നു; അന്നുവരെ അപ്പൂപ്പന്റെ ബിസിനസ്സിൽ സംഭവിക്കാത്ത കാര്യം. അപ്പൂപ്പൻ നഷ്ടം നികത്തി; നാലു പെണ്ണുങ്ങൾക്കിടയ്ക്കുള്ള ഒരേയൊരു ആൺതരിയെന്ന വാത്സല്യം ഉണ്ടായിരുന്നു അപ്പൂപ്പനു്… ഓരോ തവണയും താക്കീതുചെയ്യാൻ മറന്നില്ല. മൂന്നാമത്തെ തവണ കർക്കശമായി മുന്നറിയിപ്പുകൊടുക്കുക മാത്രമല്ല അപ്പൂപ്പന്റെ ദേഷ്യം മുഴുവൻ പുറത്തുകാണിക്കുകയും ചെയ്തു… മേലാൽ എന്തു സംഭവിച്ചാലും അപ്പൂപ്പൻ ഇടപെടുകയില്ലെന്നു് ഉറപ്പിച്ചു പറഞ്ഞു.
പക്ഷെ വീണ്ടും നഷ്ടം വന്നു; വൻനഷ്ടം. അത്തവണ അയച്ച ചരക്കു മുഴുവൻ മടക്കിയത്രെ; എന്തോ വൻചതി നടന്നു… സഹായികളുണ്ടായിരുന്നു, സഹവ്യാപാരി സുഹൃത്തുക്കളുണ്ടായിരുന്നു, തൊഴിലാളികളുണ്ടായിരുന്നു… ഇതിലാരെ സംശയിക്കും! സംശയിച്ചിട്ടെന്തു കാര്യം!
അപ്പൂപ്പൻ കൈമലർത്തി. അമ്മാവൻ മുറിക്കകത്തു വെറുതെയിരുന്നു. ഞങ്ങളാരും ഒന്നും അറിഞ്ഞിരുന്നില്ല; സഹോദരിമാരുമായിപ്പോലും ഒന്നും ഷെയർ ചെയ്യുന്ന സ്വഭാവമില്ലായിരുന്നു അമ്മാവനു്. അപ്പൂപ്പൻ ‘പെണ്ണുങ്ങളങ്ങനെ വലിയ കാര്യങ്ങളിൽ തലയിടണ്ട, അതിനു് ആണുങ്ങളുണ്ടു്’ എന്ന പക്ഷക്കാരനായിരുന്നു താനും. പക്ഷേ സത്യഭാമച്ചിറ്റമ്മ എല്ലാം അറിഞ്ഞിരിക്കാൻ വഴിയുണ്ടു്; എന്നല്ല അറിഞ്ഞിട്ടുണ്ടു്. ഇടയ്ക്കിടെ വീട്ടിൽ പോകും, ചികഞ്ഞുചികഞ്ഞു കാര്യങ്ങളറിയും; എല്ലാം സ്വാർത്ഥതകൊണ്ടും പണത്തിനോടുള്ള ആർത്തികൊണ്ടുമായിരുന്നു കേട്ടോ. ഞങ്ങൾ അന്നു് പ്രാരാബ്ധക്കാരാണു്, പക്ഷേ സത്യഭാമച്ചിറ്റമ്മ സമ്പന്നയായിരുന്നു. ചിറ്റമ്മ അടിക്കടി വന്നു് വസൂലാക്കുന്ന പൈസ കനത്ത സ്ത്രീധനത്തിനും മീതെയായിരുന്നത്രെ. പിന്നെ മരുമകനു് അപ്പൂപ്പൻ ഏർപ്പാടാക്കിക്കൊടുത്ത ഉയർന്ന ഉദ്യോഗവും. അച്ഛന്റെ സ്വത്തിനു് അവകാശികളാകുമെന്നതിന്റെ പേരിൽ സഹോദരങ്ങളെ വെറുപ്പായിരുന്നു ആ ചിറ്റമ്മയ്ക്കു്…
…കാര്യങ്ങളുടെ കിടപ്പു് മനസ്സിലാക്കിയ ഇടപാടുകാർ പാഞ്ഞെത്തി. കൊപ്രയും അരിയും മൊത്തം എത്തിച്ചിരുന്നവർ. കൂടുതലും ക്രിസ്ത്യാനികളായിരുന്നു. അവരായിരുന്നല്ലോ അന്നൊക്കെ അധ്വാനിക്കാൻ കൂട്ടാക്കാത്ത ബ്രാഹ്മണരുടേയും നായന്മാരുടേയും പറമ്പായ പറമ്പും പാടവുമെല്ലാം പാട്ടത്തിനെടുത്തു കൃഷി നടത്തുന്നതും കച്ചവടം നടത്തുന്നതുമെല്ലാം. പിന്നെച്ചില ഈഴവരുമുണ്ടായിരുന്നു. പണിചെയ്തു ജീവിക്കാൻ ശീലിച്ചവർ!
കളരിക്കൽത്തറവാടിന്റെ മുറ്റത്തു ബഹളമായി… അമ്മാവൻ ഇറങ്ങി വന്നതേയില്ല. അപ്പൂപ്പൻ കയ്യൊഴിഞ്ഞു… അവർ നേരെ പോയി കേസുകൊടുത്തു.
അമ്മാവൻ അതിനിടെ ഭാര്യയേയും മക്കളേയും ഭാര്യവീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. കേസിന്റെ കാര്യങ്ങളൊന്നും അമ്മാവൻ അന്വേഷിച്ചില്ല. കാര്യസ്ഥൻ എത്ര പറഞ്ഞിട്ടും വക്കീലിനെ വയ്ക്കാൻ അപ്പൂപ്പനും തയ്യാറായില്ല… കാര്യസ്ഥനെ അപ്പൂപ്പൻ പിരിച്ചുവിട്ടു… സ്വാഭാവികമായും കേസ് എക്സ്-പാർട്ടി വിധിയായി; കളരിക്കൽത്തറവാടും സ്ഥാവരജംഗമവസ്തുക്കളും ജപ്തിചെയ്യാൻ…
അപ്പൂപ്പൻ അകമേ ചിരിച്ചു; വരട്ടെ: ജപ്തിയെന്നു കേട്ടതുകൊണ്ടു് മകനെന്തായാലും തന്റെ മുൻപിൽ വരും… വരട്ടെ… അതുവരെ അവൻ വിഷമിക്കട്ടെ; ഒരു പാഠം പഠിപ്പിച്ചില്ലെങ്കിൽ അവനെങ്ങനെ ജീവിക്കും!
മകൻ അതേ നിസ്സംഗത തുടർന്നു… ഇനി കാത്തിരുന്നു കൂടാ. ജപ്തി ചെയ്യാനാളുവരുമ്പോൾ കോടതി വിധിച്ച തുകയ്ക്കിരട്ടിക്കുള്ള സ്വർണ്ണം-പവൻ-താസിൽദാരുടേയും മറ്റുദ്യോഗസ്ഥരുടേയും മുൻപിൽ ചൊരിഞ്ഞിടും… അപ്പൂപ്പൻ തീരുമാനിച്ചു.
മക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നേ അപ്പൂപ്പൻ വിചാരിച്ചുള്ളൂ…
അപ്പൂപ്പനു രാത്രിയിൽ പാലുകൊടുത്ത മൊന്തയെടുക്കാൻ വന്ന കൊച്ചുചിറ്റമ്മ എന്തോ ഒരു ശബ്ദം കേട്ടതുപോലെ ചുറ്റുംനോക്കി. അച്ഛന്റെ എല്ലാക്കാര്യവും നോക്കുന്ന പുന്നാരമോളായ കൊച്ചുചിറ്റമ്മ പെട്ടെന്നാണു് ശ്രദ്ധിച്ചതു്; അച്ഛൻ കട്ടിലിലില്ല, റാന്തൽ തിരിപൊക്കി ഓവുമുറിയിൽ നോക്കി. അവിടില്ല. പിറ്റേന്നു ജപ്തിയാണു്. ഉള്ളുനീറി നടക്കുകയായിരുന്ന കൊച്ചുചിറ്റമ്മ പേടിച്ചു് അലറിക്കരഞ്ഞു. അമ്മാവനും അമ്മിണിച്ചിറ്റമ്മയും വേലക്കാരും റാന്തൽവിളക്കും ചൂട്ടുകറ്റകളുമായി മുറ്റത്തും പറമ്പിലും കിണറ്റിലും കുളങ്ങളിലും… പെട്ടെന്നു് എന്തോ ഓർമ്മിച്ചപോലെ അകത്തേക്കോടിയ കൊച്ചുചിറ്റമ്മയുടെ പുറകേ മറ്റുള്ളവരും. മുറികളും ഇടനാഴികളും താണ്ടി അവസാനം കണ്ടെത്തി; പ്രധാന അറയോടു ചേർന്നു് തുറന്നുകിടക്കുന്ന വാതിൽ. വാതിൽപ്പടിയിലും നിലവറയ്ക്കകത്തെ കിളച്ചുമറിച്ച മൺകൂമ്പാരത്തിലുമായി കിടക്കുന്നു അപ്പൂപ്പൻ. തെറിച്ചു ദൂരെ വീണ ടോർച്ച്; വലതു കയ്യിൽ നിന്നു പിടിവിടാത്ത തൂമ്പാ. കാലിലെ മുറിവിൽ ചോരകിനിയുന്നു… മൺകൂമ്പാരത്തിനിടയ്ക്കു് രണ്ടുമൂന്നു സ്വർണനാണയങ്ങൾ മിന്നുന്നു; മറ്റൊന്നുമില്ല.
കൊച്ചുചിറ്റമ്മ ഏങ്ങിക്കരഞ്ഞു പറഞ്ഞു: ‘അച്ഛൻ പറഞ്ഞായിരുന്നു, ഒന്നും പേടിക്കണ്ട. ഒന്നും വരില്ല. മൂന്നു മക്കളായിട്ടും ജീവിക്കാൻ പഠിക്കാത്ത നെന്റെ ചേട്ടനേം ആർത്തിപെരുത്ത നെന്റെ ചേച്ചി ഭാമയേയും പേടിപ്പിക്കാനാ ഞാൻ മിണ്ടാതിരുന്നതു്. ഇതല്ലേ ഇതിന്റെ നൂറിരട്ടി, അച്ഛൻ സൂക്ഷിച്ചു വച്ചിട്ടൊണ്ടു് മോളേ. ജപ്തിയുടെ തലേന്നു് അച്ഛനതെടുക്കും’ ന്നു പറഞ്ഞാരുന്നു. ‘ഉരുളീം കൊടങ്ങളും ആരും കാണാതെ ഞാനാ അച്ഛന്റെ മുറീക്കൊണ്ടെ കൊടുത്തേ. കൊറേ നാളായി. എവടെയാ വച്ചേന്നു് എനിക്കറിയാൻ മേലാര്ന്നു…’
ആശുപത്രിയിലേക്കു കൊണ്ടു പോകേണ്ടിവന്നില്ല; നിലവറയിൽ നിന്നു പുറത്തെടുക്കുമ്പോൾ തന്നെ ഹൃദയമിടിപ്പു നിലച്ചിരുന്നു…’
“അമ്മാവൻ ആകെത്തകർന്നു പോയി. അപ്പോൾ മാത്രമാണു് സാഹചര്യങ്ങളെ വിലയിരുത്തണമെന്ന തോന്നൽ വന്നതു്:”
‘ഇടയ്ക്കിടെ ഓരോ ആവശ്യങ്ങളും പറഞ്ഞു് കരഞ്ഞും പിഴിഞ്ഞും അച്ഛന്റെ പുറകെകൂടി കാര്യം സാധിച്ചെടുത്തു പോകാറുണ്ടായിരുന്ന ഭാമച്ചിറ്റമ്മയോ ചിറ്റപ്പനോ കേസും കൂട്ടവുമൊക്കെയുണ്ടായിട്ടും ഒരിക്കൽ പോലും വന്നന്വേഷിച്ചില്ല. ജപ്തിക്കാര്യം അറിഞ്ഞയന്നുവന്നു് കുറേ ചീത്ത വിളിച്ചിട്ടു പോയി. കളരിക്കൽ വീട്ടിൽ സ്ഥിരതാമസക്കാരനായിരുന്ന, അച്ഛൻ മകനെപ്പോലെ സ്നേഹിക്കുകയും ലാകോളേജിൽ വിട്ടു പഠിപ്പിച്ചു വക്കീലാക്കുകയും ചെയ്ത അനന്തിരവൻ ഭാസി-ഭാസ്ക്കരൻനായർ-പെട്ടെന്നൊരു ദിവസം അവിടന്നു താമസം മാറ്റിയിരുന്നു. ഇടപാടുകാർ കേസുകൊടുത്തതറിഞ്ഞിട്ടും താനെന്തെങ്കിലും ചെയ്യാനൊണ്ടോ എന്നുപോലും അന്വേഷിച്ചില്ല.’
‘മരിച്ചുകിടക്കുന്ന അച്ഛനരികെ പതം പറഞ്ഞു് കരഞ്ഞുകാണിച്ച ഭാമച്ചിറ്റമ്മ ദഹനം കഴിഞ്ഞയുടനെ കുട്ടികളെ അവിടെ നിർത്തി ഭർത്താവിനെക്കൂട്ടി വീട്ടിൽപോയി. പിറ്റേന്നു രാവിലെയാണു വന്നതു്. അടിയന്തിരം തീരുംവരെ അതായിരുന്നു പരിപാടി. ഭാസി എങ്ങും തൊടാത്തമട്ടിൽ അവിടൊക്കെ ഉണ്ടായിരുന്നു.’
‘മരണത്തിന്റെ പേരിൽ ജപ്തി മൂന്നാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു. അടിയന്തിരം കഴിഞ്ഞ പിറ്റേന്നു മുതൽ ഇടപാടുകാരിൽ പലരുമെത്തി. കേസിൽ കക്ഷിചേരാത്തവരാണത്രെ. അപ്പൂപ്പൻ അവർക്കു വാക്കുകൊടുത്തിരുന്നു. അവർക്ക് പണത്തിനു പകരം വസ്തുകൊടുക്കാമെന്നു്; അതിനൊള്ള കടലാസും കൊടുത്തിട്ടുണ്ടത്രെ. കൈവശമുള്ള പാട്ടവസ്തുക്കൾ അവർക്കെഴുതിക്കൊടുക്കാനൊള്ള എല്ലാ തയ്യാറെടുപ്പുകളോടേയുമാണു് അവർ വന്നതു്. ‘എനിക്കെന്തവകാശം?’ എന്നു് അമ്മാവൻ ചോദിച്ചപ്പോൾ അവരിൽ നിന്നാണറിഞ്ഞതു് എല്ലാ സ്വത്തിന്റേയും പവർ ഓഫ് അറ്റോർണി അമ്മാവനാണെന്നു്…’
‘ഒന്നും നോക്കിയില്ല പാട്ടക്കാരുടെ കയ്യിലെ ഒരു റെക്കോർഡും പരിശോധിച്ചില്ല, ആരേയുമോർത്തില്ല, ചൂണ്ടിക്കാണിച്ചു കൊടുത്തിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. ഏതാണ്ടു വാശിയോടെ.’
‘…ജപ്തി നടന്നു. കളരിക്കൽ പുരയിടവും പതിനാറുകെട്ടും അതിനുള്ളിലെ വിലകിട്ടുന്ന സാധനങ്ങളും ബോട്ടും വള്ളങ്ങളും… വിലയില്ലാത്ത രണ്ടു പെൺകുട്ടികൾ മാത്രം പടിക്കുപുറത്തു്… തലേന്നു രാത്രി മുതൽ അമ്മാവനെ ആരും കണ്ടിട്ടില്ല, എവിടെപ്പോയെന്നുമറിഞ്ഞില്ല.’
‘ആരും ആശ്രയമില്ലാതായ ആ പെൺകുട്ടികളെ കളരിക്കൽ അടുക്കളയിലെ വയ്പുകാരനായിരുന്ന വാസുവും അപ്പൂപ്പന്റെ സഹായിയായിരുന്ന ശിവനും കൂടി കൂട്ടിക്കൊണ്ടുപോയി. പിറ്റേന്നു് അവരുടെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വാസുവും ശിവനും അമ്മിണിച്ചിറ്റമ്മയേയും കൊച്ചുചിറ്റമ്മയേയും അമ്പലത്തിൽ വച്ചു് താലികെട്ടി സനാഥരാക്കി, സ്നേഹം മാത്രം സ്ത്രീധനം സ്വീകരിച്ചുകൊണ്ടു്.’
“കുറച്ചുനാൾ മുമ്പു് ഭാരതിച്ചിറ്റമ്മേടെ എളേ മരുമകളുടെ ആങ്ങളയാ പറഞ്ഞതു് കളരിക്കൽ തറവാടു് വെട്ടിമുറിച്ചും കൈമറിഞ്ഞുമൊക്കെപ്പോയെന്നു്. ഇപ്പോ ഒരു ഭാഗത്തു് താമസിക്കുന്ന ഗോപാലൻ കണിയാനു് നിധി കിട്ടിയെന്നു്. ഉണങ്ങി വീഴാറായ വലിയൊരു മാവു മുറിച്ചു് വേരുമാന്തിയെടുക്കാൻ കുഴിച്ചപ്പോൾ അടച്ചുകെട്ടിയ കുടത്തിൽ പവൻനാണയങ്ങൾ! നിലവറ നിറച്ചു, ബാക്കി പറമ്പിൽ കുഴിച്ചിട്ടു. മുകളിൽ മരം നട്ടു!”