“ബോറടിപ്പിച്ചോ ഞാൻ, അമ്മു ഒന്നും ചോദിച്ചില്ല?”
ശശിയേട്ടന്റെ ചോദ്യം കേട്ടപ്പോൾ മാത്രം തലയുയർത്തിയ അപ്പച്ചിയമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു; ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു. ആ കഥയിലെ ഒരു കഥാപാത്രമായിരുന്നില്ല അപ്പച്ചിയമ്മൂമ്മ; പക്ഷേ എല്ലാത്തിനും സാക്ഷിയായിരുന്നല്ലോ. ദാക്ഷായണിയമ്മൂമ്മയുടെ മൂത്തമകൾ ഭാരതിഅമ്മയുടെ മകളായ ഭാനുമതി-മണി-അച്ഛനമ്മമാർക്കും ചേട്ടനുമൊപ്പം ഡൽഹിക്കു പോകാതെ അമ്മൂമ്മയ്ക്കൊപ്പം നാട്ടിൽക്കൂടി. ശശിച്ചേട്ടന്റെ അനുജത്തി രാധാമണിയും മീനാക്ഷിച്ചിറ്റയും ശശിച്ചേട്ടനുമൊക്കെയായിരുന്നു മണിക്കു പ്രിയപ്പെട്ടവർ.
അവിശ്വസനീയമായതെന്തൊക്കെയോ കേട്ട അങ്കലാപ്പിലായിരുന്നു ലേഖയും കുട്ടികളും. സാവിത്രിക്കുട്ടി തലയുയർത്തിയതേയില്ല. അമ്മയിൽ നിന്നും കേട്ടിട്ടുള്ള കഥയിലും അവർക്കൊപ്പം കഴിഞ്ഞ കാലങ്ങളിലും അവരുടെ തറവാട്ടിലെ ജീവിതത്തിനു് ഇത്രയും ഭീകരതയുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിരുന്നില്ല…
അവസാനം അമ്മു തന്നെ നിശ്ശബ്ദത ഭേദിച്ചു: “അപ്പോ, ശശിയമ്മാവന്റെ അച്ഛനും അമ്മേം നിങ്ങളുമൊക്കെ?”
“അതേ, അതുതന്നെ. അതൊരു ചോദ്യമാണു്. ഉത്തരം നേരത്തേ പറഞ്ഞ കഥയിലുണ്ടായിരുന്നല്ലോ…” ശശിയേട്ടൻ വികാരാധീനനായി തുടർന്നു:
“മണീ, നെനക്കെല്ലാം അറിയാമായിരിക്കുമല്ലോ. അമ്മൂമ്മ ഒറ്റക്കാശും തന്നില്ല; ചിറ്റപ്പനും തരില്ലാന്നു തീർത്തു പറഞ്ഞു. കുടുംബത്തിനു വേണ്ടി ചെയ്തതു് കടമാണെന്നു കൂട്ടാൻ പറ്റില്ലാത്രെ. കച്ചവടം ഇല്ലാതായതോടെ സ്ഥിരം കസ്റ്റമേഴ്സു് വേറെ കടതേടിപ്പോയി. അതുവരെ പറ്റിയ കാശൊന്നും തരാതെ പലരും മുങ്ങി.
എല്ലാവഴീം അടഞ്ഞപ്പോൾ അമ്മ അമ്മേടെ അച്ഛനെപോയിക്കണ്ടു. അന്നുവരെ സ്വന്തം അച്ഛനോടു് ഒന്നും ആവശ്യപ്പെട്ടിട്ടില്ല അമ്മ; അച്ഛൻ അതിനു് ഇടവരുത്തിയിട്ടുമില്ലത്രെ. കുട്ടികൾക്കു സമ്മാനമായിപ്പോലും തരുന്ന പൈസ വാങ്ങിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല…
അമ്മാവനു് കച്ചവടത്തിൽ വീണ്ടും നഷ്ടം ഉണ്ടായതോ വലിയ പ്രശ്നമായതോ ഒന്നും അമ്മ അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും അവരാരും ബിസിനസ് കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ലാര്ന്നു.
“കച്ചവടത്തിൽ കുറച്ചു നഷ്ടം വന്നെന്നും, കിട്ടാനുള്ള കാശു കിട്ടാതെ വന്നതുകൊണ്ടു് സ്റ്റോക്കെടുക്കാനാകുന്നില്ലെന്നും, കൊടുക്കാനൊള്ള കാശിനു് ഇടപാടുകാർ പൊറുതിമുട്ടിക്കുന്നെന്നും തത്കാലം അച്ഛന്റെ സഹായം വേണമെന്നും പറഞ്ഞു് അമ്മ കരഞ്ഞു.”
‘അന്നുവരെ ഒരു കാര്യത്തിലും അച്ഛനു തന്റെ നേരെ ഒന്നു കയർക്കേണ്ട സന്ദർഭം പോലും ഉണ്ടാക്കിയിട്ടില്ലാത്ത മൂത്തമകളുടെ നേരെ ആ അച്ഛൻ അതിഭീകരമായി പൊട്ടിത്തെറിച്ചു: ‘നിങ്ങളൊക്കെ നശിപ്പിക്കുന്നതിനു നശിപ്പിക്കുന്നതിനു എടുത്തു തരാൻ ഞാനെന്താ നിധി കുഴിച്ചിട്ടേക്കുന്നോ! നെന്റെ നായരില്ലേ, അയാളെവടെ? അയാളു കൈവിട്ടു കളിച്ചിട്ടല്ലേ, അയാടെ വീട്ടുകാരു ചതിച്ചതല്ലേ. അവടേമൊണ്ടല്ലേ ആവശ്യത്തിനു മൊതല്… അവടെപ്പോയിത്തെണ്ടടീ… ഞാനിവിടെ ഏതു കൊളത്തിച്ചാടണംന്നു വച്ചിരിക്കുമ്പം…’
മുഴുവൻ കേൾക്കാൻ നില്ക്കാതെ അമ്മയിറങ്ങിപ്പോന്നു. പുറവേലി കടന്നപ്പോളേക്കും കൊച്ചുചിറ്റമ്മ ഓടിയെത്തി. ‘ഇത്തവണ ഭയങ്കരനഷ്ടാ വന്നേ ചേട്ടന്റെ കയ്യീന്നു്. എടപാടുകാരു് കേസുകൊടുത്തിരിക്ക്വാ. അച്ഛന്റെ കയ്യിൽ ആവശ്യത്തിനു പണമുണ്ടു്. ചേച്ചി പേടിക്കണ്ട. ഇപ്പോഴത്തെ ടെൻഷൻ കൊണ്ടാ… ഇതുകഴിയട്ടെ.’
അമ്മ വീട്ടിൽ വന്നു രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണു് ജപ്തിക്കു വിധിയായി എന്നറിയുന്നതു്; ‘എല്ലാം വല്ലോരും കൊണ്ടുപോകട്ടെ… ഇവടൊള്ളവരു് പെരുവഴീലെറങ്ങിത്തെണ്ടട്ടെ. എന്റെ കയ്യീ കാശില്ല’ എന്ന വാശീലാ അപ്പൂപ്പൻ എന്നു് കാര്യസ്ഥൻ വന്നുപറഞ്ഞു. അയാളെ പിരിച്ചുംവിട്ടത്രെ.
കാര്യങ്ങളറിഞ്ഞപ്പോൾ അച്ഛനു വലിയ വിഷമമായി… ‘ജപ്തി ഒഴിവാക്കാനാള്ള കഴിവില്ല നമ്മക്കു്. പക്ഷെ ആ പെങ്കൊച്ചുങ്ങളും രണ്ടും കോളേജീ പഠിക്കുവല്ലേ. അവരെയെങ്കിലും നമുക്കു് ഇവിടെക്കൊണ്ടു നിർത്തി പഠിപ്പിക്കാരുന്നു… അതുങ്ങളു ടെൻഷനടിച്ചു്…’
‘ഒന്നു വെറുതെയിരീന്നേ… അച്ഛന്റെ കയ്യിൽ പൂത്തപണമുണ്ടു്; സൂക്ഷിച്ചുവച്ചിട്ടൊണ്ടു്. അല്ലേലും കയറ്റുമതീലെ ലാഭോം പാട്ടക്കാശും നേരിട്ടെറക്കുന്ന കൃഷീം എല്ലാമൊണ്ടാര്ന്നില്ലേ. മോന്റെ കാര്യല്ലേ. അച്ഛൻ കടംവീട്ടും… പിന്നെ തറവാടു് ജപ്തി ചെയ്യാൻ അച്ഛൻ സമ്മതിക്കൂംന്നു തോന്നുന്നുണ്ടോ… നമ്മള് നാളത്തെ കഞ്ഞിക്കു് എന്താ വഴീന്നു് നോക്കിയിരിക്കുമ്പം! ദിവാകരന്റേം ശശീടേം കഴിഞ്ഞ മാസത്തെ ഫീസിന്റെ അവധി കഴിഞ്ഞു… കുറ്റം പറയുകാന്നു വിചാരിക്കണ്ട. താങ്ങാൻ പറ്റാത്ത ഭാരം തലേ വലിച്ചുവച്ചു വേണാര്ന്നോ വീട്ടുകാരോടു് സ്നേഹം കാണിക്കാൻ!’
അച്ഛന്റെ തല താണു ‘ശരിയാ… എല്ലാം എന്റെ കുറ്റമാ. ആരോടും നോ പറയാൻ പഠിച്ചില്ല. നിന്റെ അച്ഛനോടും പറഞ്ഞിട്ടില്ല… നീയറിയാത്ത കാര്യങ്ങളൊണ്ടു്… സത്യഭാമയുടെ കല്യാണത്തിനു തത്കാലം നിന്റെ ആഭരണങ്ങൾ കൊടുക്കാൻ അച്ഛൻ ചോദിച്ചു. അതു ഞാൻ കൊടുത്തു… അത്രയും പൊന്നു് വാങ്ങിക്കൊടുത്തു… നിനക്കും മക്കൾക്കും നാണക്കേടു തോന്നണ്ട ഒരിടത്തും…’
അന്നുരാത്രി രണ്ടു പ്ലാവിലെ കഞ്ഞികോരിക്കുടിച്ചെഴുന്നേറ്റു അച്ഛൻ. ഇപ്പോ വരാമെന്നു പറഞ്ഞു തിരക്കിട്ടു പുറത്തേക്കു് ഇറങ്ങിയതാണു്. രാത്രിയേറെയായി, നേരം വെളുത്തു… അച്ഛൻ വന്നില്ല.
ഒരു കുറിപ്പെഴുതി വച്ചിരുന്നു എനിക്കു്… ദിവാകരേട്ടനു് ഒന്നും നേരിടാനുള്ള കഴിവില്ലാതിരുന്നതു കൊണ്ടാകാം:
‘അമ്മയും നിങ്ങളും ഉടനെ കടയടച്ചു് ചെമ്പകശ്ശേരിലോട്ടു പോകണം… ഞാൻ ഒരിക്കൽ വരും നിങ്ങളെ കൂട്ടി കൊണ്ടുപോകാൻ.’ അത്രമാത്രം…
“ഉള്ളതുവാരിക്കെട്ടി അച്ഛന്റെ വീട്ടിൽ ഞങ്ങളേഴുപേർ അഭയാർത്ഥികളായി…”
അച്ഛൻ എവിടെയുണ്ടെന്നോ ജീവിച്ചിരിക്കുന്നുണ്ടെന്നോ പോലും അറിയാതെ ചെമ്പകശ്ശേരിയിലെ നരകജീവിതം… അതിനിടെ അറിഞ്ഞു ജപ്തിക്കു തീയതി നിശ്ചയിച്ചു, നോട്ടീസ് പതിച്ചു എന്നു്. അമ്മയും ഞാനും കൂടി പോയി. കണ്ടവഴിയെ അപ്പൂപ്പൻ അമ്മയുടെ നേരെ ചാടി: ‘എന്തിനാ ഇങ്ങോട്ടെഴുന്നള്ളിയേ, കാശൊണ്ടോ കയ്യിൽ? ഒണ്ടേ കെട്ടിവയ്ക്കു്… അതല്ല കണ്ടു് സന്തോഷിക്കാനോ സഹതപിക്കാനോ ആണു വന്നതെങ്കിൽ വേഗം സ്ഥലം വിട്ടോ.’
‘അച്ഛന്റെ കയ്യിൽ പൂത്ത കാശുകാണും; ഉണ്ടു്. അതെടുത്തു് കടം വീടച്ചാ… പണം നമ്മളൊണ്ടാക്കുന്നതല്ലേ… അല്ലേൽ ഭാമോടു് വാങ്ങിക്കു്. തിരിച്ചുകൊടുത്താൽ മതീല്ലോ… എന്തേലും ചെയ്യച്ചാ’, ഞങ്ങടെയമ്മ തേനൂറുന്ന സ്വരത്തിൽ അച്ഛനോടു യാചിച്ചു.
അതിനൊരൊറ്റ ആട്ടാരുന്നു മറുപടി: ‘പൊക്കോണം എന്റെ മുമ്പീന്നു്. ഉപദേശിക്കാൻ വന്നിരിക്കുന്നു!’
ഞങ്ങൾ തിരിച്ചുപോന്നു; വണ്ടിക്കൂലിക്കു കാശു തികയില്ലായിരുന്നു. കുറച്ചുദൂരം കാളവണ്ടി കിട്ടി. പിന്നെ ഏഴുമൈൽ നടന്നു.
ജപ്തിക്കു പറഞ്ഞ ദിവസം അതിരാവിലെ ഞാനും അമ്മയും കൂടി നടന്നും കാളവണ്ടീലുമൊക്കെയായി കളരിക്കലെത്തി. ജപ്തിക്കു വരുന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ പണം എണ്ണിക്കൊടുത്തു് എല്ലാവരേം തോല്പിച്ചേ എന്ന മട്ടിൽ ഞെളിഞ്ഞുനിന്നു ചിരിക്കുന്ന അച്ഛനെ പ്രതീക്ഷിച്ചു ചെന്ന അമ്മ കണ്ടതു്. കോടി പുതപ്പിച്ചു കിടത്തിയ അച്ഛനെ… അടിയന്തിരം കഴിയും വരെ ഞങ്ങൾ-ചേട്ടൻ കുട്ടികളേയും കൊണ്ടുവന്നു-എങ്ങനെയോ കഴിച്ചുകൂട്ടി; ബന്ധുക്കളുടേയും നാട്ടുകാരുടേയും കുറ്റപ്പെടുത്തുന്ന നോട്ടങ്ങൾക്കും മുള്ളുവച്ച ചോദ്യങ്ങൾക്കും മറുപടിയില്ലാതെ അപമാനിതയായി തലകുനിച്ചു് അമ്മ.
അടിയന്തിരം കഴിഞ്ഞയുടൻ ഞങ്ങളിറങ്ങി… യാത്രപറയാൻ ചെന്ന അമ്മ കൊച്ചനുജത്തിമാരെ കെട്ടിപ്പിടിച്ചു കരഞ്ഞു: ‘സോമൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും… പഠിത്തം കളയര്തു്, എത്ര കഷ്ടപ്പെട്ടാലും ഗതികെട്ട ചേച്ചിക്കു് ഇപ്പോളൊന്നും ചെയ്യാൻ കഴിവില്ല മക്കളേ… നിങ്ങൾ വിഷമിക്കണ്ട. തത്കാലത്തേക്കു് നിങ്ങൾ സോമന്റടുത്തു നില്ക്കു്. ചേട്ടൻ തിരിച്ചു വന്നാലൊടനെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകാം… പഠിപ്പിക്കേം ചെയ്യാം. വെഷമിക്കണ്ട.’
“കരഞ്ഞുകൊണ്ടുതന്നെ അമ്മ ഇറങ്ങി നടന്നു, ജീവച്ഛവം പോലെ നിൽക്കുന്ന നിരാലംബരായ അനുജത്തിമാരെ തിരിഞ്ഞുനോക്കാൻ ധൈര്യമില്ലാതെ… ഞങ്ങളുടെ അച്ഛൻ ജീവിച്ചിരിപ്പൊണ്ടോന്നുപോലും അറിയില്ല; എന്നിട്ടും അമ്മ പ്രതീക്ഷ കൈവിടാൻ തയ്യാറല്ലായിരുന്നു; അമ്മ അന്നു ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു അച്ഛൻ ഉടനെ തന്നെ മടങ്ങിവരുമെന്നും അനുജത്തിമാരെ രക്ഷിക്കാൻ കഴിയുമെന്നും… ഒന്നിനും കഴിയാതെ പോയതിലുള്ള നീറ്റൽ അമ്മയുടെ മരണം വരെയുണ്ടായിരുന്നിരിക്കും; അവരൊക്കെ രക്ഷപ്പെട്ടു പോയിട്ടും അമ്മ പലപ്പോഴും സ്വയം കുറ്റപ്പെടുത്തുമായിരുന്നു.”