“രണ്ടുകൊല്ലം… ഞങ്ങളുടെ അച്ഛൻ, ശങ്കരിയമ്മ പ്രസവിച്ച മകൻ തന്നെയോ എന്നു ചോദിക്കണമെന്നു പലതവണ കരുതിയതാ. ദിവാകരേട്ടൻ സമ്മതിച്ചില്ല… ദിവാകരൻചേട്ടനും വേണുക്കൊച്ചച്ഛനും സമപ്രായക്കാരായതുകൊണ്ടു് ചേട്ടനു് ആഹാരമുണ്ടു്… ഞങ്ങൾ അവഗണനയും അപമാനവും സഹിച്ചു്… ചിറ്റമ്മമാരുടെ വീടുകളിൽ തേങ്ങ പൊതിച്ചുകൊടുത്തും തൊണ്ടുചുമന്നും പാടത്തു തടം കോരിക്കൊടുത്തും, കശുവണ്ടി പെറുക്കിവിറ്റും… പട്ടിണി കിടന്നും… നാലുപേരുടെ സ്ക്കൂൾ ഫീസ്, ഉടുതുണി എല്ലാം എങ്ങനെയോ… ദിവാകരേട്ടൻ അന്നു സ്ക്കൂൾ ഫൈനൽ കഴിഞ്ഞിരുന്നു.”
അന്നൊരു ദിവസം മീനാക്ഷിച്ചിറ്റമ്മേം നാരായണൻ ചിറ്റപ്പനും വന്നു; രവീന്ദ്രനു് നാലഞ്ചു വയസ്സു കാണും അന്നു്…
‘ചെമ്പകശ്ശേരിത്തറവാട്ടിൽ എന്തൊക്കെയോ പുകയാൻ തുടങ്ങീട്ടു കുറച്ചു ദിവസങ്ങളായി. ഗോമതിച്ചിറ്റമ്മയും മക്കളും സുനന്ദച്ചിറ്റമ്മയും ചിറ്റപ്പനും മോനും അവിടെ സ്ഥിരതാമസമാ. ഇടയ്ക്കിടെ സുമിത്രയും ഭർത്താവും വരും. പിന്നെ വേണുക്കൊച്ചച്ഛനും ഗോപിക്കൊച്ചച്ഛനും വിദ്യാധരൻകൊച്ചച്ഛനും നന്ദിനിയും അവിടെയുണ്ടു്. പ്രധാനപ്പെട്ടവരെല്ലാം ആഹാരം കഴിച്ചുകഴിഞ്ഞാലേ ഞങ്ങക്കു് അടുക്കളത്തളത്തിലേക്കു പ്രവേശനമുള്ളൂ… പിന്നെ അവർ വിളമ്പിത്തരുന്നതു് മിണ്ടാതെ കഴിച്ചോണ്ടു പോരണം… ചിലപ്പോൾ അമ്മയ്ക്കു മാത്രമല്ല നന്ദിനിച്ചിറ്റമ്മയ്ക്കും ഞങ്ങൾക്കുമൊന്നും കഞ്ഞിയും കറിയും ആവശ്യത്തിനുണ്ടാകില്ല.’
“ഓ… ഞാൻ പറയാൻ വന്നതതല്ല.”
‘പ്രത്യേകമായി പറഞ്ഞിട്ടാണു് മീനാക്ഷിച്ചിറ്റേം ചിറ്റപ്പനും, ഭാരതിച്ചിറ്റേം വന്നതു്-ഭാരതിച്ചിറ്റേടെ ചിറ്റപ്പൻ ഇത്തിരി ഡംഭുകാരനാ; ഇവിടുള്ളവരെ കണ്ടുകൂടാ-അതുകൊണ്ടു് വന്നില്ല… ഞങ്ങടച്ഛനും ഇല്ല. ഇതിനിടയിൽ-ഇവരൊക്കെ വരും മുൻപു് -അമ്മൂമ്മയുടെ കലവറമുറിയിൽ ഗോമതിച്ചിറ്റമ്മയും സുനന്ദച്ചിറ്റമ്മയും കൃഷ്ണൻ ചിറ്റപ്പനും കൂടി പല ദിവസങ്ങളിലും കൂടിയാലോചന കണ്ടു, അടക്കിപ്പിടിച്ച സംസാരം… പരമേശ്വരൻ ചിറ്റപ്പൻ ഇത്തരം കുനിഷ്ഠുകളിൽ കൂടുന്നയാളല്ല. പിന്നെ ശേഖരൻകൊച്ചച്ഛൻ എപ്പോഴും കള്ളിന്റെ ലഹരിയാലായതുകൊണ്ടാവും ഗൂഢാലോചനകളിൽ കൂട്ടാതിരുന്നതു്.’
‘മീനാക്ഷിച്ചിറ്റമ്മേം നാരായണൻചിറ്റപ്പനും വന്ന ദിവസം വൈകിട്ടു് എല്ലാവരേം പടിഞ്ഞാറെ മിറ്റത്തെ പന്തലിലേക്കു വിളിച്ചു.’ വേനക്കാലത്തു് ചൂടീന്നു രക്ഷപ്പെടാൻ വലിയ കെട്ടുപന്തലിടും; അതു പതിവാരുന്നു.
‘കാര്യം ഇത്രേയുള്ളൂ-രണ്ടായിരത്തി നാന്നൂറു രൂപാ കടമൊണ്ടു്… ഞാൻ നോക്കീട്ടു് വീട്ടാൻ പറ്റുന്നില്ല. അതിനെന്താ വേണ്ടേന്നു് ആലോചിക്കാനാ എല്ലാരോടും വരാൻ പറഞ്ഞേ.’ അമ്മൂമ്മയുടെ സ്വരത്തിൽ സ്വതവേയുള്ള ധാർഷ്ട്യത്തിനു ഒട്ടും കുറവില്ലായിരുന്നു.
‘അതെങ്ങനാ അത്രേം കടം വന്നേ?’ ഗോപിച്ചിറ്റപ്പൻ ദേഷ്യത്തിലാണു് ചോദിച്ചതു്.
‘അതെന്തു ചോദ്യമാടാ ഗോപീ… രാഘവേട്ടന്റെ കടം വീട്ടാൻ പലിശയ്ക്കെടുത്ത രണ്ടായിരം… ബാക്കി ഇബ്ടത്തെ…’ ഗോമതിച്ചിറ്റമ്മ.
‘അതിനു ഞങ്ങക്കൊറ്റക്കാശും തന്നില്ലല്ലോ; പിന്നാര്ടെ കടമാ വീട്ടിയേ? പാട്ടം കിട്ടീതും തേങ്ങാ വിറ്റതുമൊക്കെ-സുനന്ദയ്ക്കു മറിച്ചുകൊടുത്തു; അതൊടനേ തരും. അല്ലെങ്കിലും പാട്ടം ഇനീം വരാനൊണ്ടു്. കാശൊടനെ എത്തിക്കാംന്നു് ഉറപ്പു പറഞ്ഞതല്ലേ അമ്മേം ശേഖരനും… പിന്നെ നിങ്ങളാരേലും അക്കാര്യം മിണ്ടീട്ടൊണ്ടോ? എത്ര പ്രാവശ്യം ശേഖരനെ അന്വേഷിച്ചു് ചേട്ടനും ശശീം വന്നു; എന്നിട്ടോ? ദിവാകരന്റച്ഛൻ നാടുവിട്ടതിനെന്താ കാരണം?’ അമ്മയുടെ തൊണ്ടയിടറി.
പെട്ടെന്നു് അമ്മൂമ്മ ശബ്ദമുയർത്തിപ്പറഞ്ഞു: ‘കാശു മുഴ്‌വൻ ശേഖരൻ കൊണ്ടെത്തന്നിട്ടൊണ്ടു്. മനുഷ്യോര്ടെ മൊഖത്തുനോക്കി കള്ളം പറയര്തു്. എങ്ങാണ്ടു കൊണ്ടുപോയി മുടിച്ചിട്ടു്… !’
‘ശേഖരൻ കൊണ്ടെക്കൊടുത്തതു് കള്ളുഷാപ്പിലാരിക്കും, അതോ വല്ല… മുഴ്‌വോൻ എന്നേക്കൊണ്ടു പറയിക്കണ്ട.’ അമ്മ കരഞ്ഞുപോയി.
ഗോമതിച്ചിറ്റമ്മയ്ക്കും, മൂലയ്ക്കെങ്ങാണ്ടു കിറുങ്ങിക്കിടന്നിരുന്ന ശേഖരൻ കൊച്ചച്ഛനും വീറുകേറി:
‘ചിട്ടിക്കാരൻ വറീതിന്റേം, വട്ടിപ്പലിശക്കാരൻ കൊച്ചുഗേവിന്ദക്കുറുപ്പിന്റേം കയ്യീന്നാ കടം വാങ്ങിച്ചേ. അങ്ങനെ തന്നെ രാഘവേട്ടന്റെ കയ്യിലാ കൊടുത്തേ.’
ഞാൻ പെട്ടെന്നു് ചാടിയെഴുന്നേറ്റു; സഹിക്കാവുന്നതിലപ്പുറമായിക്കഴിഞ്ഞിരുന്നു… എന്നെ ഒരു കൈപൊക്കി തടഞ്ഞുകൊണ്ടു് മീനാക്ഷിച്ചിറ്റമ്മ ഇടപെട്ടു:
‘ഇല്ല, ഇതിലെന്തോ പന്തികേടൊണ്ടു്. ചേട്ടത്തിയെന്തിനാ കള്ളം പറയുന്നേ? വല്യേട്ടൻ നാടുവിട്ടതു് വെറുതെയാകില്ല. ശേഖരഞ്ചേട്ടനല്ലേ കൊണ്ടെക്കൊടുത്തെന്നു പറയുന്നേ. അങ്ങേരെ അമ്മയ്ക്കല്ലേ നല്ലോണം അറിയുന്നേ; ആ പറഞ്ഞതു് കള്ളമായിക്കൂടേ?’
“മീനാക്ഷിച്ചിറ്റമ്മ അങ്ങനെയാരുന്നില്ലേ, മനസ്സിൽ തോന്നുന്നതു വെട്ടിത്തുറന്നു പറയും.”
‘പ്രശ്നം വഴക്കിലേക്കു് പോകുന്നതു കണ്ടാകണം നാരായണൻ ചിറ്റപ്പൻ ഇടപെട്ടു:’ തർക്കം നിർത്തു്… കടം വീട്ടണം. അതിനെന്താ മാർഗ്ഗം എന്നാലോചിക്കാം. വല്യേട്ടന്റെ പണം കൊടുക്കണം. പരിശയ്ക്കെടുത്ത കടവും വീട്ടണം. അതിനു്…’
‘ഞങ്ങളൊരു കാര്യം ആലോചിച്ചിട്ടുണ്ടു്. കൃഷ്ണൻനായരും സുനന്ദേം സമ്മതിച്ചിട്ടൊണ്ടു് അവരു് കടം വീട്ടാംന്നു്.’ അതിനൊരൊറപ്പായിട്ടു് അഛന്റെ പേരിലൊള്ള വസ്തുക്കൾ കൃഷ്ണൻനായര്ടെ പേർക്കു് ഇഷ്ടദാനമെഴുതണം; ആദായമെടുത്തു് കടം വീട്ടും… മൂന്നുകൊല്ലം കഴിഞ്ഞാലൊടനെ തിരിച്ചെഴുതിത്തരും… ഞാൻ വിജാരിച്ചാൽ ഒന്നും നടക്കുകേലാ… കൃഷ്ണൻനായരെ എനിക്കു വിശ്വാസമാ.’ നാരായണൻ ചിറ്റപ്പൻ പറഞ്ഞു തീരുംമുൻപു് അമ്മൂമ്മ കേറിപ്പറഞ്ഞു.
‘അതെന്താ അങ്ങനെ? അപ്പോ സുനന്ദച്ചിറ്റമ്മയ്ക്കു മറിച്ചു കൊടുത്ത കാശോ? അതു തിരിച്ചുതരുമ്പം അച്ഛന്റെ കാശു തരുംന്നു് എന്നോടാ പറഞ്ഞേ? അക്കാര്യമോ?’ ഞാൻ ചോദിച്ചു.
‘അതവരു തരും.’ അമ്മൂമ്മ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു.
‘അതത്ര ശരിയാണെന്നു തോന്നുന്നില്ല. വേറൊരു മാർഗ്ഗം ആലോചിച്ചു കൂടെ? മൊത്തം കടവും…’ നാരായണൻ ചിറ്റപ്പൻ പറഞ്ഞുതുടങ്ങിയപ്പോൾ അമ്മൂമ്മ വീണ്ടും ഇടപെട്ടു: ‘മൊത്തം കടമെന്നു പറയണ്ട. പലിശയ്ക്കെടുത്ത രണ്ടായിരം രൂപേടെ കാര്യത്തിനാ.’
നാരായണൻ ചിറ്റപ്പൻ എന്റമ്മയെ നോക്കി. വിങ്ങിപ്പൊട്ടി അമ്മ. ഉത്കണ്ഠയും പ്രതിഷേധവും നിഴലിക്കുന്ന മുഖവുമായി മീനാക്ഷിച്ചിറ്റമ്മയും ഭാരതിച്ചിറ്റമ്മയും… നിർവികാരമായ മറ്റുമുഖങ്ങൾ.
‘ശരി, രണ്ടായിരം… അച്ഛന്റെ സ്വത്തു് പതിനൊന്നായി ഭാഗം ചെയ്തുവയ്ക്കുക. വേണൂനു് ജോലിയായില്ല, വിദ്യാധരനും നന്ദിനീം പ്രായപൂർത്തിയാകാത്തവർ… അപ്പോ ആ രണ്ടായിരം എട്ടായി വീതിച്ചു് മറ്റു എട്ടുമക്കളിൽ ഓരോരുത്തരുടേയും ബാധ്യതയാക്കി വയ്ക്കുക. അച്ഛന്റേയും അമ്മയുടേയും കാലശേഷം മാത്രമേ മക്കൾക്കാർക്കായാലും വസ്തുവിൽ അവകാശമുണ്ടാകൂ; എട്ടുപേർക്കു് ഓരോരുത്തർക്കും ഇരുന്നൂറ്റമ്പതു രൂപ വീതം ബാധ്യത. അവരതു കുറേശ്ശേയെങ്കിലും വീട്ടും. വീട്ടിയില്ലെങ്കിൽ അവർ തന്നെ ഉത്തരം പറയേണ്ടിവരും. ഇവിടെ സ്ഥിരമായി താമസിക്കുന്നതു് നാലഞ്ചുപേരല്ലേ ഉള്ളൂ. അപ്പോൾ ഇവിടുത്തെ ചെലവുകളും വല്യേട്ടന്റെ കടം പോലും, ആദായമെടുത്തു വീട്ടാവുന്നതേയുള്ളൂ. എന്തുപറയുന്നു പരമേശ്വരൻ ചേട്ടാ?’ നാരായണൻ ചിറ്റപ്പൻ വല്യേ ചിറ്റപ്പനോടു ചോദിച്ചു.
അതുവരെ നിശ്ശബ്ദനായി എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന പരമേശ്വരൻ ചിറ്റപ്പൻ പെട്ടെന്നുഷാറായി: ‘ങ്ഹാ… അതു നല്ല പ്രൊപ്പോസലാ നാരായണൻ നായരേ… അതാലോചിക്കാവുന്നതാ. അമ്മ എന്തുപറയുന്നു?’
അമ്മൂമ്മയുടേയും കൃഷ്ണൻനായർ ചിറ്റപ്പന്റേയും സുനന്ദച്ചിറ്റമ്മയുടേയും മുഖമിരുണ്ടതു് ഞാൻ കണ്ടു. മറ്റാരും ഒന്നും മിണ്ടിയില്ല. ‘ആലോചിച്ചു പറയാം.’ അലക്ഷ്യമായി അതുപറഞ്ഞു് അമ്മൂമ്മ എഴുന്നേറ്റുപോയി. പുറകേ എല്ലാവരും പിരിഞ്ഞു.
“ഒന്നുമറിയാതെ, ഒന്നും കേൾക്കാതെ, ഒരു പക്ഷെ കേൾപ്പിക്കാതെ-ഒന്നിലും പങ്കില്ലാതെ ഒരു മനുഷ്യജീവി മുൻവശത്തെ വരാന്തയിലെ ചാരുകസേരയിൽ ദേവീസ്തോത്രമുരുവിട്ടു കിടപ്പുണ്ടായിരുന്നു-ഞങ്ങളുടെ അപ്പൂപ്പൻ!”
പിന്നെ എന്നാണു്, അതു സംഭവിച്ചതെന്നാരുമറിഞ്ഞില്ല; ആരും എന്നു പറയാൻ പറ്റില്ല. അറിയേണ്ടവർ അറിഞ്ഞുതന്നെ. അപ്പൂപ്പന്റെ പേരിലുണ്ടായിരുന്ന മുഴുവൻ വസ്തുവകകളും കൃഷ്ണൻനായർ ചിറ്റപ്പന്റെ പേർക്കു് ഇഷ്ടദാനമെഴുതി. എത്ര പറഞ്ഞിട്ടും നിർബന്ധിച്ചിട്ടും ഒപ്പിടാൻ കൂട്ടാക്കാതിരുന്ന ‘ഇതു ചതിയാണു്. ഈ ചതിക്കു ഞാൻ കൂട്ടുനിൽക്കില്ല. എന്റെ മറ്റുമക്കളെ ഒന്നുമില്ലാത്തവരാക്കല്ലേ ശങ്കരീ’ എന്നു കരഞ്ഞു പറഞ്ഞ-അപ്പൂപ്പനെ ഭീഷണപ്പെടുത്തി ഒപ്പിടീച്ചു… ഭീഷണി എന്തായിരുന്നെന്നോ-അമ്മൂമ്മ വിഷംകുടിച്ചു മരിക്കുമെന്നു്; വിഷവുമായി അപ്പൂപ്പന്റെ മുൻപിൽ ചെന്നുനിന്നു് ഭീഷണി മുഴക്കി ഒപ്പിടീച്ചു. ‘ലോട്ടയിൽ കട്ടൻകാപ്പിയായിരുന്നിരിക്കുമെന്നു് ദാക്ഷായണിയമ്മൂമ്മ!’
ഒരിക്കലും തിരിച്ചെഴുത്തു് ഉണ്ടായില്ല. ഞങ്ങൾക്കു് തരാനൊള്ള പണത്തെപ്പറ്റി ഒരിക്കലും സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. സുനന്ദച്ചിറ്റമ്മയുമൊക്കെ എത്രയോ കാലം അവടെ സ്ഥിരതാമസമായിരുന്നു, സുഭിക്ഷതയോടെ-പക്ഷെ, ആഹാരം കഴിച്ചും, കഴിക്കാതെയും ഞങ്ങൾ ചെമ്പകശ്ശേരീൽ കഴിഞ്ഞ കാലങ്ങളിലെ ചെലവിന്റെ കണക്കുകൾ അമ്മൂമ്മ ആവർത്തിച്ചിരുന്നു.