ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം തന്നെ കൂടുതൽ വറുതിയിലേക്കായിരുന്നു. എങ്ങും പട്ടിണീം പരിവട്ടോം. തൊഴിലില്ല, തൊഴിൽചെയ്താലും കൂലി ഒരു നേരത്തെ ആഹാരത്തിനുണ്ടാകില്ല. കൃഷിസാധനങ്ങൾക്കു വിലയില്ല, വാങ്ങാൻ സാധാരണക്കാരനും പാവപ്പെട്ടവർക്കും കഴിവില്ല… അക്കാലത്താണു് വൻതോതിൽ ആളുകൾ മലയായിലേക്കും കൊളംബിലേക്കുമൊക്കെ തൊഴിൽ തേടി കുടിയേറാൻ തുടങ്ങിയതു്.
തിട്ടേൽ ഗംഗാധരക്കുറുപ്പെന്ന ഇരുപത്തിരണ്ടുകാരനും കൊളംബിനു പോകാൻ തീരുമാനമെടുത്തു. പോകാനും അവിടെയെത്തിയാൽ എന്തെങ്കിലും തൊഴിൽ കിട്ടുന്നതുവരെയും കഴിയാനും കാശു വേണം… ഗംഗാധരക്കുറുപ്പു് ശങ്കരിയമ്മയെ കണ്ടു. മൂത്തേടത്തു തറവാടിന്റെ വടക്കേപ്രത്തു് കിടക്കുന്ന മഠത്തിപ്പറമ്പു് ഒന്നരയേക്കറൊണ്ടു്, ഗംഗാധരക്കുറുപ്പിനു കുടുംബവീതം കിട്ടീതു്. അതു് ഒറ്റിയെടുത്തോണ്ടു് ഒള്ള കാശു തരണം. മേലാംകോടു് കേശവപ്പണിക്കരുടെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്നു ഗംഗാധരക്കുറുപ്പിന്റെ അച്ഛൻ; ഗംഗാധരക്കുറുപ്പു് കൈക്കുഞ്ഞായിരിക്കുമ്പോൾ അദ്ദേഹം നടപ്പുദീനം വന്നു മരിച്ചുപോയി… ശങ്കരിയമ്മയ്ക്കു് ഗംഗാധരക്കുറുപ്പിനോടു് അങ്ങനെയൊരു വാത്സല്യമുണ്ടായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഭാര്യയുടെ തീരുമാനങ്ങൾക്കു് ഒരിക്കലും എതിരു നിൽക്കാത്ത നീലാണ്ടപ്പണിക്കർ ആ പറമ്പു് ശങ്കരിപ്പിള്ളയുടെ പേരിൽ ഒറ്റിവാങ്ങി… കൂട്ടുകുടുംബമായിരുന്ന മൂത്തേടത്തെ അറ അത്രയ്ക്കും ഭദ്രമല്ലെന്നു തോന്നിയതുകൊണ്ടോ എന്തോ സ്വന്തം പേരിലുള്ളതും ശങ്കരിപ്പിള്ളയുടെ പേരിലുള്ളതുമായ പ്രമാണങ്ങളും മേലാംകോട്ടു് മാളികയിൽത്തന്നെയായിരുന്നു സൂക്ഷിച്ചിരുന്നതു്.
കാലം കടന്നുപോകെ ഒറ്റിയേതു്, തീറേതു് എന്നതൊക്കെ നീലാണ്ടപ്പണിക്കർ മറന്നുപോയിരുന്നു. അല്ല, ഓർത്തിരിക്കേണ്ട കാര്യമില്ലായിരുന്നു… കാലം അതാണല്ലോ; ഒറ്റിവാങ്ങുന്നതു് തീറുവാങ്ങുന്നതിനു തുല്യം തന്നെ. ഒറ്റിതിരിച്ചെഴുതേണ്ട സന്ദർഭം അക്കാലത്തു് കേട്ടുകേൾവി പോലുമില്ല.
നീലാണ്ടപ്പണിക്കർ മേലാംകോട്ടു കാരണവരായിരുന്ന സമയത്തു് കുറുക്കന്റെ ബുദ്ധിയുളള മാധവപ്പണിക്കർ ‘ചേട്ടനു് അവടെയൊരു വീടു വച്ചുകൂടെ? അമ്മായീടെ തറവാടിനു തൊട്ടടുത്തു തന്നെയല്ലേ, ശങ്കരിച്ചേച്ചി ആ ആൾക്കൂട്ടത്തീന്നു രക്ഷപ്പെടുമല്ലോ’ന്നു് ഉപദേശിച്ചപ്പോൾ അനുജന്റെ കരുതൽ കേട്ടു സന്തോഷിച്ച നീലാണ്ടപ്പണിക്കർ… അവിടെ ഭാര്യയ്ക്കും മക്കൾക്കും വീടുപണിതു. അങ്ങനെ ചെമ്പകശ്ശേരിത്തറവാടുണ്ടായി; കുടുംബം പടർന്നു പന്തലിച്ചു.
മുപ്പതുകൊല്ലം… തിട്ടേൽ ഗംഗാധരക്കുറുപ്പു് കൂടും കുടുക്കയുമൊക്കെയായി തിരിച്ചുപോന്നു; ഒപ്പം ഭാര്യയും മകനും. ഇടയ്ക്കു വല്ലപ്പോഴും വന്നുപോയിരുന്നു കുറുപ്പു്. അന്നൊന്നും കിടപ്പാടം പ്രശ്നമായിരുന്നില്ല; അമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു…
…അക്കാലത്തെ എണ്ണം പറഞ്ഞ സിവിൽ കേസ് വക്കീലായിരുന്ന ഈശ്വരപിള്ളയുടെ പ്രധാന ഗുമസ്തനായിരുന്നു ചീരങ്കണ്ടത്തു കുട്ടിമാളുവമ്മയുടെ മരുമകനായിരുന്ന വേലായുധൻകുട്ടി… ഒന്നാംതരമൊരു കുറുക്കനാണു്, ഏതു കേസിലും തന്റെ കക്ഷിക്കനുകൂലമായ ഒരു പോയിന്റെങ്കിലും കണ്ടെത്തുന്ന വക്കീലിനേക്കാൾ മുൻപേ ആ പോയിന്റു കണ്ടെത്തിയിരിക്കും ഗുമസ്തൻ വേലായുധൻകുട്ടി… കാരണം വക്കീലിനും മുൻപേ അയാൾ കേസുപഠിക്കുമത്രെ… വേലായുധൻകുട്ടിക്കു് ഒരു സൈഡ് ബിസിനസ്സു കൂടിയുണ്ടായിരുന്നു-വസ്തുദല്ലാൾ പണി.
ഗംഗാധരക്കുറുപ്പു് വേലായുധൻകുട്ടിയോടു് തന്റെ കഴിവിനൊത്ത ഒരു കൊച്ചുപറമ്പു് ഏർപ്പാടാക്കിത്തരാൻ ആവശ്യപ്പെട്ടു. ആരോടും പെട്ടെന്നു ചങ്ങാത്തം കൂടുന്ന വേലായുധൻകുട്ടി കുറുപ്പിന്റെ അടുത്ത സുഹൃത്തായി. സന്ദർഭവശാൽ തനിക്കു കുടുംബസ്വത്തായി കുറച്ചു ഭൂമിയുണ്ടായിരുന്നുവെന്നും നാടുവിടാനായി അതു് കൈമാറ്റം ചെയ്തെന്നും വെളിപ്പെടുത്തി.
വേലായുധൻകുട്ടി അതിൽ കയറിപ്പിടിച്ചു: ‘അതു് നമുക്കു തിരിച്ചെടുക്കണം.’ പക്ഷേ കുറുപ്പിനു കുറ്റബോധം: ‘ഞാൻ നിർബ്ബന്ധിച്ചു് അവരേക്കൊണ്ടു് എടുപ്പിച്ചതാ. തിരിച്ചുചോദിക്കില്ലാന്നു വാക്കു പറഞ്ഞു.’
‘വാക്കും പഴംചാക്കും ഒരുപോലാ… അതുകള. നമ്മക്കു ചോദിക്കാം. അവർക്ക് ധാരാളം ഭൂമിയൊള്ളവരാ. തനിക്കാണേ വേറെ കെടപ്പാടോമില്ല. അപ്പോ ന്യായം നമ്മടെ ഭാഗത്താ. അല്ലെങ്കിൽ ബാക്കി കാശുതരട്ടെ.’
ഗംഗാധരക്കുറുപ്പു് ചെമ്പകശ്ശേരീൽ ചെന്നു. നീലാണ്ടപ്പണിക്കർ സ്ഥലത്തില്ല. പതിവുപോലെ മൂകാംബികക്ഷേത്രത്തിൽ ഭജനയിരിക്കാൻ പോയതാകുമെന്നു് വിദ്യാധരൻ. ശങ്കരിയമ്മയെക്കണ്ടു് തന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. ‘ഇത്രയും കാലം കൊണ്ടു് സമ്പാദിക്കാനായതു് തുച്ഛമായ തുകയാണു്. ഭാര്യയും പത്തുവയസ്സായ മകനുമുണ്ടു്. ഒരു കിടപ്പാടമുണ്ടാകണം. ഈ പുരയിടത്തിന്റെ തീറുവെല കണക്കാക്കി ഒറ്റിക്കാശിന്റെ ബാക്കി കിട്ടിയാൽ…’
ശങ്കരിയമ്മ കയർത്തു; ‘വീടും പറമ്പും ഒഴിയാനും ഉദ്ദേശിക്കുന്നില്ല; ഒറ്റിക്കാശിന്റെ ബാക്കി എന്നൊരു അവകാശത്തിനും പ്രസക്തിയില്ല’ എന്നു തീർത്തുപറഞ്ഞു. വിദ്യാധരൻ ഒരുപടി കൂടി കടന്നു, ‘താൻ വേണേക്കൊണ്ടെ കേസുകൊടു്’ എന്നൊരു ഭീഷണിയും.
ഗംഗാധരക്കുറുപ്പു് കേസുകൊടുത്തു; തന്റെ വസ്തു തിരിച്ചുകിട്ടണം. വേലായുധൻകുട്ടിക്കു വേണ്ടപ്പെട്ടവനായ കുറുപ്പിന്റെ കേസിന്റെ വക്കാലത്തു് ഈശ്വരപിള്ള ഏറ്റെടുത്തു. കേസ് നീണ്ടുപോയി… രണ്ടുകൊല്ലമാകുന്നു. അപ്പോഴാണു് കുറുപ്പു് അറിയുന്നതു് മീനാക്ഷിയമ്മയും മക്കളും ചെമ്പകശ്ശേരീലുണ്ടെന്നും അവർക്ക് പോകാനിടമില്ലെന്നും. കറുപ്പിനു സങ്കടമായി; അവരുടെ ശാപം വലിച്ചുവയ്ക്കുമോ താൻ!
വേലായുധൻകുട്ടിയെ കണ്ടു: ‘നമുക്കു് ഒത്തുതീർപ്പാക്കാം വേലായുധൻകുട്ടീ… ആ അമ്മേടേം മക്കൾടേം ശാപം എന്റെ തലേൽ വീഴും… എനിക്കു കൊറച്ചെന്തെങ്കിലും കൂടിതന്നാൽ കേസു പിൻവലിച്ചു് വെലയാധാരമാക്കിക്കൊടുക്കാം. താനും കൂടിവാ.’
കറുപ്പിന്റെ നിർബ്ബന്ധത്തിനു വഴങ്ങി വേലായുധൻകുട്ടിയും ഗംഗാധരക്കുറുപ്പും കൂടി ചെമ്പകശ്ശേരീലെത്തി. നീലാണ്ടപ്പണിക്കർ പൂമുഖത്തു് ചാരുകസേരയിൽ കിടന്നു കൊണ്ടു് കാര്യങ്ങൾ കേട്ടു, കേട്ടില്ല… ശങ്കരിയമ്മയെ വിളിച്ചു പണിക്കർ… ശങ്കരിയമ്മയ്ക്കൊപ്പം പൂമുഖത്തേക്കുവന്ന കൃഷ്ണൻനായരും സുനന്ദയും വിദ്യാധരനും ഒന്നിച്ചു ചോദിച്ചു: ‘കാര്യമെന്താ, എന്താ നിങ്ങളു വന്നേ?’
അവർ കാര്യം പറഞ്ഞു; ഇതൊരു തറവാടാണു്, ഇതൊഴിപ്പിക്കാൻ ആഗ്രഹമില്ല. അന്നത്തെ വാശിക്കു് കേസുകൊടുത്തതാ. കുറച്ചു കാശുകൂടി കിട്ടിയാൽ ഒരു കിടപ്പാടം ഉണ്ടാക്കിക്കോളാം… ഒറ്റിയുടെ ബാക്കി കിട്ടിയാൽ കേസ് പിൻവലിക്കാം. ‘പിന്നേ… ഇതു് തറവാടാണെന്നും പറഞ്ഞല്ലേ എല്ലാരും കേറി നെരങ്ങണതു്. ഇതു് വച്ചോണ്ടിരിക്കാനുദ്ദേശമില്ല. ഞങ്ങക്കീ പറമ്പും വീടും വേണ്ടാ… ഒറ്റിക്കാശും വീടിന്റെ വെലേം കിട്ടണം. ഇനി അതിനാ കേസ് പറയാൻ പോണേ’, ശങ്കരിയമ്മ തീർത്തുപറഞ്ഞു.
‘അല്ലാ കൃഷ്ണന്നായരേ, പൂവത്തുംപറമ്പീ വീടുവയ്ക്കാം പോണൂന്നല്ലേ പറഞ്ഞേ. ഒറ്റിക്കാശും വീടിന്റെ കാശും നഷ്ടപരിഹാരോം കിട്ടണം. അതൊണ്ടേ അവടെ ഒന്നാന്തരമൊരു വീടുവയ്ക്കാം. നിങ്ങളു വച്ച വീടാന്നു പറയുമ്പം ഞങ്ങളവടൊണ്ടേലും കണ്ട അലവലാതികളൊന്നും കേറിവരുകേലാ. പിന്നെ ഞങ്ങക്കും കൂടീട്ടല്ലേ. ഗോപിയോടും വേണൂനോടും കൊറച്ചു് കാശുതരാൻ പറയാം.’
കേസ് വേഗം വിധിയായി. ഒറ്റിക്കാശും നഷ്ടപരിഹാരവുമൊക്കെ ഗംഗാധരക്കുറുപ്പു് കോടതീൽ കെട്ടിവച്ചത്രെ.
വിധി വന്ന ഏഴാംപക്കം മീനാക്ഷിയമ്മയും മക്കളും പത്തുരൂപ മാസവാടകയിൽ ഒരു വീട്ടിലേക്കു മാറി, പഴയ രണ്ടു മെത്തപ്പായകളും രണ്ടു തഴപ്പായും ഒരു കാക്ക വിളക്കും, ഒരു അലുമിനിയം കലവും ചരുവവും രണ്ടു് ഗ്ലാസ്സുകളുമായിരുന്നു കൂടെക്കൊണ്ടു പോകാനുണ്ടായിരുന്നതു്. ങാ, പിന്നെ പുസ്തകങ്ങളും നോട്ടുബുക്കുകളും, സാവിത്രിക്കുട്ടിയുടേയും ദേവികയുടേയും.
തട്ടുമ്പുറത്തു് നിരന്നിരുന്ന വലിയ വലിയ ചീനഭരണികൾ, കലവറമുറീൽ അടുക്കായി വച്ചിരുന്ന ചെമ്പുകൾ, കുട്ടകൾ, ചെമ്പു്, പിച്ചള, ഓട്ടുപാത്രങ്ങളുടെ വൻശേഖരം, വീട്ടിക്കട്ടിലുകൾ… എല്ലാമെവിടെ! ദാക്ഷായണിയമ്മൂമ്മയാണു് സാവിത്രിക്കുട്ടിയുടെ അമ്മയോടു ചോദിച്ചതു്: ‘എല്ലാം എവ്ടാടീ പെണ്ണേ? ഒരു കട്ടിലെങ്കിലും നെനക്കു തരാൻ പറയാര്ന്നില്ലേ; ആ സൂക്കേടുകാരനു് കെടക്കാൻ?’
മറുപടി വേണ്ടാത്ത ചോദ്യം.
“അപ്പോ അവിടത്തെ അമ്പലോം ദേവീം?” അമ്മു ചോദിച്ചു.
“ഓ… നീയതോർത്തുവച്ചിരുന്നു? മിടുക്കി… അതു വേറൊരു കഥയാ…”