“ഇരുപ്പൂ നിലങ്ങളാണു് ചെമ്പകശ്ശേരിവക ഉള്ളതിൽ കൂടുതലും… ഒരുപ്പൂ നിലങ്ങളിൽ വേനൽക്കൃഷിയുണ്ടു്; പച്ചക്കറികൾ, വരമ്പുകളിൽ ഏത്തവാഴകൾ… കൊയ്തു മെതിച്ചു് പതിരുകളഞ്ഞ നെല്ലുണക്കിയെടുത്തു് ചാക്കുകളിൽ നിറയ്ക്കുന്നതോടൊപ്പം ചെമ്പകശ്ശേരി തെക്കേ വരാന്തയിലെ പത്തായത്തിലും നെല്ലുനിറയ്ക്കും. അതു് തറവാട്ടിനുള്ള വിഹിതം. ചാക്കിൽ നിറച്ച നെല്ലു് വലിയ ലോറിയിൽ പാലക്കാടിനു പോകും; ഏത്തക്കുലകളും പച്ചക്കറിയും. തേങ്ങ വെട്ടിയാൽ അതതു പറമ്പിൽ നിന്നുതന്നെ തേങ്ങാക്കാരൻ തേങ്ങയെടുക്കും. കാശെല്ലാം ഒന്നിച്ചു് കാര്യസ്ഥൻ ഗോവിന്ദൻ ചെട്ട്യാര്ടെ കയ്യിൽ കൊടുക്കും… ചെട്ട്യാർ അമ്മൂമ്മയെ ഏല്പിക്കും. ലോറികൾക്കൊപ്പം രൂപയും പാലക്കാട്ടെത്തും… ഒന്നാംതരം തരികിടയാണു് ചെട്ട്യാർ. രണ്ടുകൊല്ലത്തെ കാളേജുപഠിത്തമെന്ന ആഡംബരവാസം കഴിഞ്ഞെത്തി കാരണവരു കളിച്ചുനടക്കുന്ന വിദ്യാധരൻ തന്നേക്കാൾ തരികിടയാണെന്നു് ചെട്ട്യാർക്കറിയാം. അയാൾ ആദ്യമേ തന്നെ വിദ്യാധരനെ കയ്യിലെടുത്തു. ഒരഡ്ജസ്റ്റുമെന്റിൽ രണ്ടുപേരും അവവരുടെ കാര്യം ഭംഗിയായി നോക്കും.”
‘ആയിടയ്ക്കാണു് സുനന്ദച്ചിറ്റമ്മയുടെ മൂന്നാമത്തെ പ്രസവം. വലിയ കോംപ്ലിക്കേഷനായിരുന്നത്രേ. സീരിയസാരുന്നു, ഓപ്പറേറ്റു ചെയ്താ കുഞ്ഞിനെയെടുത്തേ… വേണുക്കൊച്ചച്ഛൻ തിരുവനന്തപുരത്തു വന്നപ്പളാ കഥയൊക്കെപ്പറഞ്ഞേ. ഞങ്ങൾ തിരുവനന്തപുരത്തിനു പോന്നശേഷം കണക്ഷൻ വളരെ കുറവാരുന്നല്ലോ, ങാ അതു നിക്കട്ടെ… ചിറ്റമ്മയ്ക്കു മൂന്നുമാസം റെസ്റ്റുവേണം, കിടന്നകിടപ്പുവേണം. മൂത്ത കുഞ്ഞുങ്ങൾ, ഓടിക്കളിക്കുന്ന പ്രായം, കൊച്ചുകുഞ്ഞു്… രോഗിയേയും ശുശ്രൂഷിക്കണം. വീട്ടുജോലിക്കാരിക്കു് എല്ലാം കൂടി പറ്റില്ലല്ലോ… അതിപ്പം ഞാൻ… വിഷമമുണ്ടു് ചോദിക്കാൻ… നന്ദിനി വെറുതെ നിക്ക്വല്ലേ. അവൾക്കു കാളേജിലൊന്നും പോകാനിഷ്ടമില്ലതാനും… സുനന്ദ എഴുന്നേൽക്കുന്നതുവരെ… നന്ദിനിക്കു് അവടെയാണേ അടുത്തു് ഒരു വായനശാലേക്കേണ്ടു്… പുസ്തകങ്ങൾ വായിക്കാം… ജോലിയൊക്കെ ചെമ്പകാമ്മാള് ചെയ്തോളും…’ കൃഷ്ണൻനായർ ചിറ്റപ്പന്റെ ആവശ്യം ന്യായമാണെന്നു അമ്മൂമ്മയ്ക്കു തോന്നി… സന്തോഷത്തോടെ സമ്മതിച്ചു.
‘പക്ഷെ നന്ദിനിക്കു സങ്കടമായി. അച്ഛനേയും അമ്മയേയും വിട്ടു്… അമ്മയ്ക്കു് ആരുടേയും സഹായം വേണ്ട; പക്ഷെ എന്തിനും ഏതിനും താനാണു് അച്ഛനു് ആശ്രയം…’ ചേച്ചിയുടെ അവസ്ഥയോർത്തപ്പോൾ പോകാതിരിക്കാനും വയ്യ.
നന്ദിനി യാത്രപറയാൻ ചെന്നപ്പോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരുകാര്യം സംഭവിച്ചു… കൊച്ചുമകളെ കെട്ടിപ്പിടിച്ചു് ആ അച്ഛൻ പൊട്ടിക്കരഞ്ഞു… കരച്ചിലിനിടയിൽ പറയുന്നുണ്ടായിരുന്നത്രെ. ‘അവളെ വിടണ്ടാ, അവളെ വിടണ്ടാ ശങ്കരീ’ന്നു്.
“അപ്പൂപ്പനു് തന്റെ അരക്ഷിതാവസ്ഥയോർത്താണോ അതോ മകളെക്കുറിച്ചുള്ള ആധിയോ… ഹൃദയം കൊടുത്തു സ്നേഹിച്ചിരുന്ന ഒരച്ഛന്റെ ആറാമിന്ദ്രിയം പ്രവർത്തിച്ചുകാണുമായിരിക്കും, അല്ലേ?”
ശശിച്ചേട്ടൻ കുറച്ചുസമയം കസേരയിൽ തലചായ്ച്ചു് കണ്ണടച്ചിരുന്നു…
“ചേട്ടൻ ക്ഷീണിച്ചോ; ഞാൻ പറയണോ? കൊറച്ചൊക്കെ ഞാനും കേട്ടിട്ടൊണ്ടു്”, അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
ശശിച്ചേട്ടൻ തലയാട്ടി… അപ്പച്ചിയമ്മൂമ്മ പറഞ്ഞുതുടങ്ങി.
“നന്ദിനി-എന്നേക്കാളും എളേതാരുന്നു, വെറും പാവമായിരുന്നു. ചിറ്റമ്മമാരിൽ ഏറ്റവും പാവം. മീനാക്ഷിച്ചിറ്റമ്മേടെ നല്ല മനസ്സാ, പക്ഷെ ഒട്ടും പാവമല്ല; ഒരുപാടു കഴിവുകളുള്ള നല്ല ധൈര്യമുള്ളയാളായിരുന്നു. നന്ദിനി അവിടുണ്ടാരുന്ന നന്ദിനിപ്പശുവിനേപ്പോലെ ശാന്ത; ഒരു ധൈര്യോമില്ല… കളിയും പൂജയും നാമജപവും വീട്ടുകാര്യങ്ങളുമൊക്കെയായി ഒതുങ്ങിക്കൂടുന്ന സ്വഭാവം. ആരോടും എതിരുപറയാൻ ധൈര്യമില്ല… മനസ്സില്ലാ മനസ്സോടെയാണത്രെ നന്ദിനി പോയതു്…”
വേണുമ്മാവൻ ബോംബയിൽ നിന്നു് സ്ഥലംമാറ്റം കിട്ടി പാലക്കാടു് ജോയ്ൻ ചെയ്തു. പിറ്റേന്നു് സുനന്ദച്ചിറ്റമ്മേടെ വീട്ടിലെത്തി. മൂന്നാലുമാസം പ്രായമുള്ള കുഞ്ഞിനേയുമെടുത്തു് ഒരു സ്ത്രീ വടക്കേമുറ്റത്തു്… ആളനക്കംകേട്ടു് അവർ ഞെട്ടിത്തിരിഞ്ഞു. സൂക്ഷിച്ചുനോക്കിയ വേണുമ്മാവൻ സ്തംഭിച്ചുനിന്നു. ആറേഴുമാസം മുൻപു് ലീവുകഴിഞ്ഞു പോരുമ്പോൾ താൻ കൊണ്ടുവന്നു കൊടുത്ത ഏറ്റവും പുതിയ ഡിസൈനിലുള്ള ബിന്നി സിൽക്കുസാരിയുടുത്തു നിന്ന സുന്ദരിക്കുട്ടി, തന്റെ അനുജത്തി… വേരിനിടയിലിട്ടു വലിച്ചെടുത്തപോലെ ഒരു പേക്കോലം! വിളർത്തൊട്ടിയ കവിളുകൾ… ചേട്ടനും അനുജത്തിയും കെട്ടിപ്പിടിച്ചു കരഞ്ഞു: ‘അവൾടെ കണ്ണുകളും കണ്ണുനീരും എന്നോടെന്തോ കഥകൾ പറയാതെ പറഞ്ഞു… അവളുടെ കണ്ണുനീരിന്റെ ചൂടു് എന്റെ മനസ്സിനെ പൊള്ളിച്ചു. എനിക്കറിയില്ല അതെന്താണെന്നു്:’ വേണുമ്മാവൻ പറഞ്ഞ വാചകമാണതു്.
പക്ഷെ പുറത്തുപോയിരുന്ന സുനന്ദച്ചിറ്റമ്മയും ചിറ്റപ്പനും വന്നപ്പോൾ കഥ വേറെയായി. ‘നന്ദിനിക്കു പനി വന്നു, ടൈഫോയ്ഡായി. കലശലാര്ന്നു. രണ്ടാഴ്ച ആശുപത്രിയിൽ. ഇങ്ങോട്ടില്ലാന്നു പേടിച്ചുപോയി. നിങ്ങളെയൊക്കെയറിയിച്ചാ പേടിക്കൂംന്നു് ചേട്ടൻ പറഞ്ഞു. അമ്മയോ അച്ഛനോ അറിഞ്ഞാ വല്യേ പ്രശ്നാവില്ലേ? പോരാത്തേനു് പകരുന്ന പനീമല്ലേ. ആശുപത്രിക്കാരോടു് പറഞ്ഞു് പ്രത്യേകം നഴ്സിനെ വച്ചാ നോക്കീതു്. ഇനീപ്പം കൊഴപ്പോംന്നൂല്ല. ദേഹം നന്നാകാൻ മരുന്നു കൊടുക്കുന്നൊണ്ടു്’, സുനന്ദച്ചിറ്റമ്മ വിശദീകരിച്ചു. വേണുമ്മാവൻ നിശ്ശബ്ദനായി നിസ്സഹായനായി കേട്ടുനിന്നു… ഒരു പക്ഷെ സുനന്ദച്ചേച്ചി പറയുന്നതാണു സത്യമെങ്കിലോ! ചേച്ചിയെ അവിശ്വസിക്കുന്നതെങ്ങനെ! സുനന്ദച്ചിറ്റമ്മയോടു് വല്ലാത്തൊരു വിധേയത്വമുണ്ടു് വേണുമ്മാവനു്. നേരെ മൂത്തചേച്ചിയാ, കൊച്ചിലെ കൂട്ടു് ചേച്ചിയായിരുന്നു, എല്ലാ കുസൃതിക്കും.
‘ങാ വേണൂ, നീയെവ്ടെയാ ഇന്നലെത്തങ്ങിയേ? വെറുതെ ലോഡ്ജിലൊന്നും പോയി കഷ്ടപ്പെടണ്ടാ. ഇവ്ടെ മുറിയല്ലേ കെടക്കണേ. നീ പോയി പെട്ടീം കെടക്കേമെടുത്തുവാ. ഇവ്ടെത്താമസിച്ചാ മതി!’ ഒരാജ്ഞപോലെയുണ്ടായിരുന്നത്രെ സുനന്ദച്ചിറ്റമ്മയുടെ വാക്കുകൾ. സുനന്ദച്ചിറ്റമ്മേടേം ചിറ്റപ്പന്റേം മുൻപിൽ താൻ ദുർബലനായിപ്പോകുമായിരുന്നു; അതു് തന്റെ തറവാടിനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരെന്ന ഇമേജാര്ന്നു അവരെക്കുറിച്ചുണ്ടായിരുന്നതു് എന്നതുകൊണ്ടാണത്രെ. എന്നാൽ വേണുമ്മാവന്റെ കേന്ദ്രശമ്പളത്തിന്റെ മേന്മയായിരുന്നു കൂടെത്താമസിക്കാൻ ക്ഷണിച്ചതിനു പിന്നിലെന്നു പതുക്കെയാണു് മനസ്സിലായതത്രെ… എഴുപത്തഞ്ചുരൂപ മാസം ചേച്ചിക്കു കൊടുക്കും. വീട്ടിന്നു് രാവിലെയും രാത്രിലും മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. അക്കാലത്തു് വാടകവീട്ടിലോ ലോഡ്ജിലോ തന്നത്താൻ പാകം ചെയ്തുമൊക്കെയാണെങ്കിൽ സുഭിക്ഷമായിക്കഴിയാൻ ഒരു മുപ്പതു്, അങ്ങേയറ്റം മുപ്പത്തഞ്ചുരൂപ മതി. എല്ലാ ചെലവും കൂടി. എന്നിട്ടും ആകെ കിട്ടുന്ന ശമ്പളത്തിന്റെ തൊണ്ണൂറുശതമാനം ചേച്ചിക്കു കൊടുത്തു. എന്നിട്ടും ഒരു ദിവസം സുനന്ദച്ചിറ്റമ്മ അനിയനോടു പറഞ്ഞു:
‘സാധനങ്ങൾക്കൊക്കെ എന്താ വെലയെന്നു് വല്ല നിശ്ചയോണ്ടോ നിങ്ങക്കൊക്കെ. ഞാൻ നോക്കീട്ടു് വീടുനടത്തികൊണ്ടുപോകാൻ വല്യപാടാ… നീയെന്തേലും കൂടി കൂട്ടിത്തരണം!’ ഒരുളുപ്പുമില്ലാത്ത ചേച്ചിയുടെ വർത്തമാനം വേണുമ്മാവനു കൊണ്ടു.
‘പിറ്റേമാസം വേണുമ്മാവൻ ലോഡ്ജിലേക്കു മാറി, സംഘടനാപ്രവർത്തനങ്ങളുടെ തിരക്കു പറഞ്ഞു്… ആ അമ്മാവൻ തന്നെയാണു് പിന്നീടും ‘സുനന്ദച്ചേച്ചിക്കു‘വേണ്ടി പൂവത്തും പറമ്പിൽ കയ്യും മെയ്യും മറന്നു് വീടുപണിക്കു കൂടിയതു്; കയ്യിലുള്ളതു മുഴുവൻ അതിനു പൊടിക്കുകേം ചെയ്തു.’
‘കുറേക്കാലം കഴിഞ്ഞാണു് ഈ കഥ വേണുമ്മാവൻ പറയുന്നതു്. അപ്പോൾ പറയുകയാ ‘അന്നു് ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ ഗതികെട്ടലയുന്ന സ്വന്തം മീനാക്ഷിച്ചേച്ചിയേയും കുടുംബത്തേയും ഒരു നിമിഷം പോലും ഓർക്കാതിരുന്നതിന്റെ ശിക്ഷയായിരുന്നെന്നു്… ഒന്നുകൂടി പറഞ്ഞു-ലക്ഷപ്രഭുവിൽ നിന്നു് ഊരുതെണ്ടി നാട്ടിലെത്തേണ്ടിവന്ന ഗോപിയമ്മാവന്റെ പതനത്തിന്റെ കഥ. മദ്രാസിലും ബാംഗ്ലൂരിലും സിനിമാനിർമ്മാണവും ചൂതുകളിയും കുതിരപ്പന്തയവുമായി പറന്നു നടന്നിരുന്ന, കോട്ടും സൂട്ടുമില്ലാതെ പുറത്തിറങ്ങാത്ത ഗോപാലകൃഷ്ണൻ-എം. എൻ. പിള്ള. ഒരു വേനൽക്കു പൂവത്തുംപറമ്പിലെ വീടിന്റെ പടിഞ്ഞാറെ മുറ്റത്തുകെട്ടിയ വലിയ കെട്ടുപന്തലിലെ മേശപ്പുറത്തു ഫയലുകൾ വച്ചു കണക്കെഴുതുന്ന ഗോപിയെന്ന ലക്ഷപ്രഭു… വേനലവധിക്കു് രണ്ടുമൂന്നാഴ്ചത്തേക്കു വീട്ടിൽ വിടാനായി സാവിത്രിക്കുട്ടിയേം കൊണ്ടുവന്നതാ രാഘവമ്മാവൻ. ബാക്കി നീ പറ സാവിത്രിക്കുട്ടീ.’
അന്നു് ഫിഫ്ത്തിലെ വേനലവധിയാര്ന്നു. രാഘവമ്മാവൻ എന്നെ നാട്ടിൽക്കൊണ്ടുവിടാൻ വന്നതാ… ഞങ്ങൾ ടൗണീനു് ഒരു പ്രൈവറ്റുബസ്സിൽ വന്നിറങ്ങി. പൂവത്തും പറമ്പുവഴി കേറിപ്പോകുന്നതാ എളുപ്പം; പിന്നെ രാഘവമ്മാവനു് രണ്ടുദിവസം അവിടെ താമസിക്കേം വേണം. അങ്ങനെ ഞങ്ങൾ കേറിവന്നപ്പോൾ ഇരിക്കുന്നു ഗോപീമ്മാവൻ, തലപൊക്കിനോക്കി, ഒരു ഭാവഭേദവുമില്ലാതെ തലതാഴ്ത്തി ഫയലിലേക്കു്. വല്യമ്മാവൻ വിളിച്ചു: ‘എടാ ഗോപീ, ഇതാരാന്നു നീ കണ്ടോ? തീരെ കൊച്ചാരിക്കുമ്പം കണ്ടതല്ലേടാ… ഇതു് നമ്മടെ മീനാക്ഷീടെ മോളാ സാവിത്രിക്കുട്ടി… മിടുക്കിയാ… നൂറിൽ നൂറാമാർക്കു്. മെറിറ്റ് സ്കോളർഷിപ്പുണ്ടു്. ഇപ്പം ഫിഫ്ത്തിലാ, അടുത്താഴ്ച പിള്ളാരാരേലും വരും അവളെ കൊണ്ടുപോകാൻ; അവിടാ പഠിക്കുന്നേ.’
“പതുക്കെ തലപൊക്കി കടുത്ത മുഖഭാവത്തോടെ എന്നെ ഒന്നുനോക്കി, തലതിരിച്ചു. അത്രതന്നെ. ഞാനങ്ങുപോയി വല്യമ്മാവന്റെ വളിപ്പുകാണാൻ നിക്കാതെ.” സാവിത്രിക്കുട്ടി പറഞ്ഞുനിർത്തി.
“ങാ അതാ വേണുമ്മാവൻ പറഞ്ഞേ: ‘മീനാക്ഷിച്ചേച്ചിക്കും ചേട്ടനും മക്കൾക്കും വേണ്ടസമയത്തു് ഒരുചെറിയ സഹായം പോലും ചെയ്യാൻ തയ്യാറാകാതിരുന്ന ഗോപിച്ചേട്ടനു് കിട്ടിയ ശിക്ഷ വളരെ വലുതാരുന്നൂ’ ന്ന്”, ശശിച്ചേട്ടൻ കഥപറച്ചിൽ ഏറ്റെടുത്തു:
“കഥ വഴിമാറിപ്പോയി, ഞാൻ കേട്ടിരുന്നൂന്നേയൊള്ളൂ…”
“വേണുക്കൊച്ചച്ഛൻ പാലക്കാടു വന്നു് ഒരു മാസം കഴിഞ്ഞപ്പോൾ നന്ദിനിയെ തിരിച്ചുകൊണ്ടുവിട്ടു. അന്നു് എന്തോ കുറച്ചു ആഭരണം കയ്യിൽ കൊടുത്തു; വേണുക്കൊച്ചച്ഛൻ വാങ്ങിച്ചുകൊടുത്തതാണെന്നും കേട്ടിട്ടൊണ്ടു്. ‘കല്യാണം ആലോചിക്കുന്നൊണ്ടു്, പരമേശ്വരൻചേട്ടനോടും പറഞ്ഞിട്ടൊണ്ടു്. സുമിത്രവഴീം ആലോചനവന്നു… നോക്കാം… നല്ല ബന്ധമാണേ സമ്മതിക്കണം… നല്ല സ്ത്രീധനം കൊടുക്കാം, പണമായല്ല. കുറെ വസ്തുക്കൾ അവരുടെ പേർക്കു് എഴുതിക്കൊടുത്തേക്കാം… അമ്മയോടും ഞാനിക്കാര്യം പറഞ്ഞിട്ടൊണ്ടു്.’ കൃഷ്ണൻനായർ ചിറ്റപ്പൻ ഒരുളുപ്പുമില്ലാതെ വേണുക്കൊച്ചച്ഛനോടു പറഞ്ഞു തിരിച്ചൊന്നും ചോദിക്കാതേം പറയാതേം വേണുക്കൊച്ചച്ഛൻ!”
“ഓ… പിന്നേം കഥ വഴിമാറി… പറയാൻ വന്ന കഥ അതല്ല പറഞ്ഞു പറഞ്ഞു ഞാൻ പലപ്പോഴും കാടുകേറുന്നു…”
സ്വഗതം പോലെ പറഞ്ഞു് ശശിച്ചേട്ടൻ എഴുന്നേറ്റു് അകത്തോട്ടുപോയി.