ഫ്ളൈറ്റ് ലേറ്റു്. ഒൻപതുമണിക്കേ എയർപോർട്ടിലെത്തിയതാണു് അമ്മുവിന്റെ അമ്മ ലേഖയും അമ്മുവിന്റെ അമ്മാവന്റെ മക്കളായ അനിലും അഹാനയും. അമ്മുവിനെയും കൂട്ടുകാരനെയും ചൂടോടെ സ്വീകരിക്കാൻ. കാപ്പികുടി ഒപ്പമാകണമെന്ന വാശിയായിരുന്നു പിള്ളേർക്കു്. പക്ഷെ പ്രായം മറന്നു് അനിൽ ചിണുങ്ങാൻ തുടങ്ങിയപ്പോൾ ഓരോ കാപ്പി വാങ്ങിച്ചു; അനിലിനു ബർഗറും. അപ്പോഴേയ്ക്കും അനൗൺസ്മെന്റു വന്നു: ബോംബയിൽ നിന്നുള്ള എയർ ഇന്ത്യാ ഫ്ളൈറ്റ് ലാൻഡു ചെയ്യുന്നു…
ജാഥപോലെ ആളുകൾ ഇറങ്ങിവരുന്നു, ഫെസ്റ്റിവൽ സീസണൊന്നുമല്ലാതിരുന്നിട്ടും ഇത്രയും മനുഷ്യർ… സമയം എല്ലാർക്കും വിലപ്പെട്ടതാണു്. അമ്മുവിന്റേയും ആദിയുടേയും കാര്യം തന്നെയെടുക്കാം. ട്രെയിനിലാണെങ്കിൽ ബോംബയിൽ നിന്നും ഇരുപത്തിനാലു മണിക്കൂർ എടുക്കും. ഇതിപ്പോൾ രണ്ടു മണിക്കൂർ! ഇരുപതു മണിക്കൂർ ലാഭം!
അമ്മുവും കൂട്ടുകാരനും വരുന്നതു കണ്ടപ്പോൾ അനിലും അഹാനയും വിമാനയാത്രയുടെ ദോഷവും ഗുണവും ചർച്ച നിർത്തി. അമ്മുവിനൊപ്പം ആ കുട്ടിയും കൈവീശി… പുറത്തിറങ്ങിയതും അനിലും ആഹാനയും ആഗതരെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. ആദ്യമായി കാണുന്നവരാണെങ്കിലും ചിരപരിചിതനെപ്പോലെയാണു് ആദി പെരുമാറിയതു്. കാറിൽക്കേറിയതും നാലുപേരും കഥകളും ചിരിയും ബഹളവും തുടങ്ങി…
‘അഹാനക്കു് ലീവെടുക്കാൻ പറ്റില്ല, ഒരു മണിക്കൂർ പെർമിഷനിലാ വന്നേക്കുന്നേ. അനിലിനാണെങ്കിൽ ഉച്ചകഴിഞ്ഞു് സെമിനാറുണ്ടു്, പേപ്പർ പ്രസന്റു ചെയ്യേണ്ടതവനാണു്…’ രണ്ടുപേരേയും അവരുടെ വീടിനു മുമ്പിൽ ഇറക്കാനുണ്ടായിരുന്നതുകൊണ്ടു് വീണ്ടും അരമണിക്കൂർ താമസിച്ചു വീട്ടിലെത്താൻ.
“നിങ്ങൾ ഫ്രഷായി വന്നോളു. കാപ്പിയൊക്കെ റെഡി… അപ്പച്ചീം അമ്മേം കൂടി ഹോസ്പിറ്റലിൽ പോയി, എന്താണ്ടൊക്കെ ടെസ്റ്റുകളുണ്ടു്”, വീട്ടിലേയ്ക്കു കയറുമ്പോൾ ലേഖ പറഞ്ഞു.
“ങാഹാ… ഞാൻ വിചാരിച്ചു അപ്പച്ചിയമ്മൂമ്മേം അമ്മാമ്മേമെല്ലാം എന്നെ സ്വീകരിക്കാൻ പടിക്കൽത്തന്നെ ഒണ്ടാവൂംന്നു്. അച്ഛനും പോയോ അവരുടെ കൂടെ?” അമ്മു.
“കൊള്ളാം അച്ഛനു് ഇന്നു എറണാകുളം ഇൻസ്പെക്ഷനാ, വെളുപ്പിനേ പോയി.”
“ശരിക്കും അപ്പച്ചിയമ്മൂമ്മയ്ക്കു് എന്താ അസുഖം, എനിതിംഗ് സീരിയസ്?” അമ്മു ആകാംക്ഷപ്പെട്ടു.
“ഹേയ് അത്രയ്ക്കൊന്നുമില്ല. ഓർമ്മക്കുറവെന്നാ പ്രധാന പരാതി. അതുപക്ഷേ വെറുതെയാ… ഈ പ്രായത്തിലും പഴേ കാര്യങ്ങൾ ഒന്നൊഴിയാതെ തലേലൊണ്ടു്. ഒന്നു പ്രോത്സാഹിപ്പിച്ചാൽ മതി, ഉരുൾപൊട്ടി വരുന്നപോലെ പിന്നെ ഒരു കുത്തൊഴുക്കാ. കളരിയാശാന്റടുത്തു് നിലത്തെഴുത്തു പഠിച്ചുതുടങ്ങിയപ്പോൾ മുതൽ-ഓലയുടെ എണ്ണം പോലും മറന്നിട്ടില്ല-ഈ എൺപത്തിരണ്ടാം വയസ്സുവരെയുള്ള ജീവിതത്തിന്റെ നാൾവഴികൾ… കണ്ടതും കേട്ടതും അനുഭവിച്ചതും… കൃഷിയിറക്കാത്ത പാടങ്ങളിലും തണ്ണീർത്തടങ്ങളിലും വിരിഞ്ഞു നിറഞ്ഞ നെയ്യാമ്പൽ പൂക്കൾ പോലെ ആർദ്രമായ കാഴ്ചകളല്ല അവിടുള്ളതു്; അതു് ജീവിത യാഥാർത്ഥ്യങ്ങളുടെ… വേണ്ടാ… എന്നേ കുഴിച്ചുമൂടേണ്ട ആ ഓർമ്മകളെ എന്തിനു് നിങ്ങൾക്കു മുമ്പിലേയ്ക്കു വലിച്ചിടണം… എന്നൊരു ദീർഘനിശ്വാസത്തിൽ നിർത്തും. അതേസമയം ചിലപ്പോഴൊക്കെ അപ്പച്ചി മധുരിക്കുന്ന ഓർമ്മകളെ സന്ദർഭമനുസരിച്ചു് ഉപമയും ഉൽപ്രേക്ഷയുമൊക്കെയായി സരസമായി അവതരിപ്പിക്കും.”
“ഇപ്പോ ശരിക്കും വയ്യാട്ടോ. ശ്വാസം മുട്ടലും കഫക്കെട്ടും, അതിത്തിരി കൂടുതലായി. പിന്നെ കാലുവേദനേം നീരുമൊക്കെ സ്ഥിരമാണല്ലോ. അപ്പച്ചീടെ കുടുംബഡാക്ടർ ഇപ്പോ ഇവടെയാ, മെഡിക്കൽകോളേജിൽ. പത്തു പതിനഞ്ചു കൊല്ലായി എന്റെ ശരീരത്തിന്റേം മനസ്സിന്റേം വല്ലായ്മകൾ കേട്ടുകേട്ടു് ഇപ്പെന്റെ പേരുകേട്ടാൽ മതി; പക്ഷെ, ചികിത്സ നിശ്ചയിക്കാനാവാത്ത അവസ്ഥയാ. ഇനീപ്പം വേറൊരാളോടു് ചരിത്രോന്നും വിസ്തരിക്കാൻ വയ്യാ’ന്നു് അപ്പച്ചി. കാര്യമതു മാത്രമല്ല, എല്ലാരേം എടയ്ക്കൊന്നു കാണാനൊള്ള മോഹാ.”
“ആരും അങ്ങോട്ടൊന്നും പോകാറില്ലല്ലേ? അപ്പച്ചിയമ്മൂമ്മയ്ക്കു ഇങ്ങോട്ടുവരാനും ബുദ്ധിമുട്ടല്ലേ!” അമ്മുവിന്റെ മുഖം മ്ളാനമായി, എന്തിനെന്നറിയാതെ. “കഴിഞ്ഞ തവണ നീ വന്നപ്പോഴും ഞാൻ പറഞ്ഞതല്ലേ അവിടം വരെ പോകാമെന്നു്. അച്ഛനും ഞാനും കൂടെ ഇതിനെടേ രണ്ടുപ്രാവശ്യം പോയതാ. പക്ഷെ അപ്പച്ചിക്കു നിന്നെക്കാണാനാ മോഹം. എന്റെ ചേട്ടനേ കാണുന്നപോലാന്നല്ലേ പറയുന്നേ.” ലേഖ ചിരിച്ചു.
അമ്മു ചിരിച്ചില്ല.
“കഴിഞ്ഞ തവണ എനിക്കൊട്ടും പറ്റാഞ്ഞിട്ടായിരുന്നു, രണ്ടു ദിവസം ലീവു കിട്ടിയതു തന്നെ എത്ര സോപ്പിട്ടിട്ടാ.” അവളുടെ സ്വരത്തിൽ കുറ്റബോധമുണ്ടായിരുന്നു.
“ങ്ഹാ… അപ്പച്ചിക്കു് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു അന്നൊക്കെ. ആയൂർവ്വേദോം തിരുമ്മും. സഹായിയായിട്ടു നിൽക്കുന്ന നന്ദിനീംന്നും പറഞ്ഞൊരു പെണ്ണുണ്ടു്. അവളുടെ നന്മേം മിടുക്കും കൊണ്ടാ പിടിച്ചു നിന്നേ.’ ആകുമെങ്കീ നീ വരുന്നെന്നു കേട്ടാൽ ഓടിയെത്തില്ലാര്ന്നോ! അവരു് ചേട്ടനും അനീത്തീം തമ്മിലൊള്ള സ്നേഹോം ആത്മാർത്ഥതേം… അപ്പച്ചിക്കു നിന്റപ്പൂപ്പൻ അച്ഛന്റെ സ്ഥാനത്താര്ന്നു. അന്നു കിട്ടിയ വാത്സല്യോം സ്നേഹോം ആയിരിക്കും… സ്വന്തം മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിലും… രണ്ടു മക്കളൊണ്ടെന്നു പറഞ്ഞിട്ടെന്താ: അവർക്കിപ്പം സ്വന്തം നാടു് അമേരിക്ക തന്നാ. കൊറേക്കൊല്ലായില്ലേ ഒന്നു വന്നിട്ടു്. പിള്ളേര്ടെ പഠിത്തം, ലീവുകിട്ടാൻ പാടു്, വിസ പ്രശ്നാകും… അങ്ങനെ… അവർക്കാവശ്യമൊണ്ടാര്ന്നപ്പോൾ ലീവും വിസയും പൈസയുമൊന്നും പ്രശ്നമല്ലാരുന്നു.”
“അവരെന്താ അപ്പച്ചിയമ്മൂമ്മേ കൊണ്ടുപോകാത്തേ?”
“ആഹാ… അവരെന്നേ നിർബന്ധിക്കുന്നു. അങ്ങോട്ടുചെന്നാ അവർക്കു കോളല്ലേ. അന്യകുഞ്ഞുങ്ങളോടുപോലും അപ്പച്ചിക്കു് സ്വന്തം പോലുള്ള സ്നേഹമാ. അപ്പോ പിന്നെ കൊച്ചുമക്കൾടെ കാര്യം പറയണോ. മക്കൾക്കു നാലുകയ്യും വീശി നടക്കാം. അപ്പച്ചിക്കിപ്പളും ഇരുപത്തഞ്ചുകാരീടെ മനസ്സാ; എല്ലാക്കാര്യോം നോക്കിക്കോളും. അപ്പച്ചി വീട്ടീന്നെറങ്ങിക്കിട്ടിയാൽ വീടും പറമ്പും വിറ്റുകൊണ്ടുപോകാം. കോടികൾടെ കാര്യല്ലേ. കെടന്നു നശിക്കണ്ടാന്നുവച്ചിട്ടാണെന്നു് അപ്പച്ചിയെ സമാധാനിപ്പിക്കേം ചെയ്യാം. അപ്പച്ചീടെ പെൻഷനും അച്ഛന്റെ പെൻഷനും വേറെ. പിന്നെന്തു വേണം?”
“അതാ ഞാൻ ചോദിച്ചേ ഇവിടിങ്ങനെ ഒറ്റയ്ക്കു്?”
“അപ്പച്ചിയല്ലേ ആള്, സ്വന്തം നാടുവിട്ടൊരു പരിപാടിയില്ലെന്നാ. എന്നാ കൊറച്ചുനാൾ അമേരിക്കയുമൊക്കെ കണ്ടുവരാമെന്നു മക്കൾ. ‘ആദ്യം ഞാൻ എന്റെ നാടുമുഴ്‌വനൊന്നു കണ്ടു തീരട്ടെ, എന്നിട്ടാകാം’ എന്നു അപ്പച്ചി. മക്കളുടെ ആത്മാർത്ഥതയിൽ സംശയമാണെന്നതു വേറേ കാര്യം. നന്ദിനിയോടു് അക്കാര്യം രഹസ്യമായി പറഞ്ഞത്രെ! അപ്പച്ചിക്കു് ആറും തോടും കാടും മേടും കുന്നും മലയുമെല്ലാം വല്ലാത്തൊരു ക്രേസാ. അരിപ്പൂക്കളും കദളിയും, നെല്ലിപ്പൂവും, മുക്കുറ്റിയും, കൊങ്ങിണിപ്പൂവും, തുമ്പയും തുളസിയും അവിടെയെല്ലാം അലസമായി പാറിനടക്കുന്ന പൂമ്പാറ്റകളും നിറഞ്ഞ പാടവരമ്പുകളും പുഴയോരങ്ങളും അച്ഛന്റെ നാട്ടിലെ വിശാലമായ തൊടികളുമാണു് മനസ്സിലെപ്പോഴുമെന്നാ പറയാറു്. വെറുതെയിരിക്കുമ്പോൾ അരുവികളിലെ നീരൊഴുക്കിന്റെ താളാത്മകമായ സംഗീതം മനസ്സിനെ ത്രസിപ്പിക്കാറുണ്ടത്രെ… അപ്പച്ചി ഒരിക്കലും ഡൽഹീൽ അച്ഛന്റേമമ്മേടെമടുത്തു് പോയി നിന്നിട്ടില്ലല്ലോ. എനിക്കു പേടി തോന്നുന്നു, ചെലപ്പോ മനസ്സിനു വല്ലതും…”
“ഛേ വേണ്ടാത്തതൊന്നും പറയാതമ്മേ! ചുമ്മാ ആഗ്രഹം പറഞ്ഞുതീർക്കുകാ.”
“അതുതന്നാ മോളേ പ്രശ്നം. ആഗ്രഹം പോലൊന്നും പറ്റുന്നില്ലിപ്പോൾ, പ്രായമായില്ലേ. എന്നാ ആരോഗ്യമൊണ്ടാരുന്നപ്പോ വല്ലതും നടന്നോ, അതുമില്ല. കൊച്ചുമക്കൾ നാലുപേരേം നാലഞ്ചുവയസ്സു വരെ വളർത്തിക്കൊടുത്തതു് അപ്പച്ചിയല്ലേ. ‘ഞങ്ങടമ്മ നോക്കുന്നടത്തോളം വരുമോ ഏതു ക്രമപ്പെട്ട ബേബി സിറ്റർമാരും’ എന്നു് മക്കൾ. ഓരോ കുഞ്ഞുങ്ങളൊണ്ടായപ്പോഴും നാട്ടിൽ അപ്പച്ചീടടുത്തു് കൊണ്ടാക്കി പോകുവല്ലാരുന്നോ; അന്നു് ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാൻ ഒരസൗകര്യവും ഇല്ലാരുന്നു മക്കൾക്കു്. പക്ഷേ അപ്പച്ചിക്കു് പത്തുപന്ത്രണ്ടുകൊല്ലം സമാധാനമായിട്ടു് ഉറങ്ങാൻ പോലും പറ്റീട്ടില്ലെന്നാ അപ്പച്ചി പറയുന്നേ. അന്നേ ആ നന്ദിനി ഒണ്ടാരുന്ന കൊണ്ടു് കിടന്നു പോയില്ലാന്നേ ഉള്ളൂ.”
“ഇപ്പ പക്ഷേ വയസ്സായീന്നു പറയുന്നതു ഇഷ്ടമല്ല, സങ്കടം കൊണ്ടാ. അപ്പോളെന്താ പറയുന്നേന്നോ;’ ‘അതാ മോളേ പ്രശ്നം… ശരീരത്തിനു പ്രായമായീന്നൊള്ളതു വസ്തുത. പക്ഷേ മനസ്സു സമ്മതിക്കുന്നില്ല, അതിനിപ്പളും മുപ്പത്തഞ്ചാന്നാ വിചാരം.’ അപ്പച്ചി ഉച്ചത്തിൽ പൊട്ടിച്ചിരിക്കും അതും പറഞ്ഞു്… അതുപക്ഷെ ഒരു പതിനാറുകാരിയുടെ ചിരിയായിരുന്നു.”
ലേഖ നിശ്ശബ്ദയായി, എന്തോ വല്ലായ്കയോടെ.