എല്ലാവരും പതുക്കെ എഴുന്നേറ്റു. കൈകാൽ കുടഞ്ഞും മുറ്റത്തിറങ്ങി രണ്ടുചാൽ നടന്നും ഒന്നു ഫ്രഷായപ്പോഴേക്കും ശശിച്ചേട്ടൻ എത്തി:
“അമ്മൂ, നമ്മൾ ചെമ്പകശ്ശേരീൽ കുടിപാർത്തിരുന്ന ദേവീടെ കാര്യമല്ലേ പറയാൻ വന്നതു്? ശരി ശരി. അതുപറയാം.”
‘നിത്യപൂജയും ദീപാരാധനയും നിവേദ്യവുമൊക്കെ പണ്ടേ നിന്നുപോയിരുന്നു. രാവിലെയും വൈകിട്ടും വിളക്കുകൾ കഴുകിത്തുടച്ചു് കത്തിക്കും നന്ദിനി; നന്ദിനി തൊടാൻ വയ്യാതായാൽ അടുക്കളക്കാരൻ കുട്ടിക്കൃഷ്ണൻ. വിദ്യാധരൻ ഒന്നിനും കൂട്ടാക്കില്ല. ശേഖരൻ കൊച്ചച്ഛൻ പണ്ടേ വഴക്കിട്ടു മാറിത്താമസിക്കേം ചെയ്തു. അല്ലെങ്കിലും അങ്ങേര്ടെ കാര്യം പറയണ്ടല്ലോ. അവരാരും പടികേറാൻ അമ്മൂമ്മ സമ്മതിക്കേമില്ല. ആ സമയത്താണു് നന്ദിനി പാലക്കാടിനു പോണതു്. അപ്പൂപ്പൻ ധർമ്മസങ്കടത്തിലായി. കടുത്ത ഈശ്വരവിശ്വാസിയായ അപ്പൂപ്പൻ തന്റെ ഉപാസനാമൂർത്തിയായ മുകാംബികാദേവിയുടെ ശാപത്തെക്കുറിച്ചല്ല പേടിച്ചതു്; അദ്ദേഹത്തെ അലട്ടീതു് ദേവീചൈതന്യത്തെ അപമാനിക്കുന്നതാണു്. താൻ ഭക്തിപൂർവ്വം ആവാഹിച്ചു് ആനയിച്ചുകൊണ്ടുവന്നു പ്രതിഷ്ഠിച്ച ദേവിക്കു് നിത്യനിദാനം പോലും മുടങ്ങീരിക്കുന്നു. ആരും തൊഴാനും അനുഗ്രഹം വാങ്ങാനും ആ നടയിലെത്തുന്നില്ല. ദേവി അപമാനിതയായിരിക്കുന്നു! അനാഥയായിരിക്കുന്നു… തന്റെ ദുഃഖം ആർക്കും മനസ്സിലാകുന്നില്ല!’
‘നിരാശനായ അപ്പൂപ്പൻ തന്റെ ഇഷ്ടദേവതയ്ക്കു എല്ലാ മാന്യതയോടെയും കുടിയിരിക്കാൻ ഒരിടം തേടി കണ്ടുപിടിച്ചു… തൈക്കാട്ടുശ്ശേരീലാ. ബ്രാഹ്മണരുടെ വകയായി വളരെ വളരെ പഴക്കമുള്ള ക്ഷേത്രം-അമ്പോറ്റിക്കുന്നു് ക്ഷേത്രം. നല്ല നിലയിൽ നടന്നുപോകുന്നു. പൂജയും ശീവേലിയും എന്നല്ല എല്ലാ ആചാരങ്ങളും ചടങ്ങുകളും നേരാംവണ്ണം നടത്തിക്കൊണ്ടുപോകുന്നുണ്ടു്. പുതിയ അവകാശിയായ നമ്പൂരി സന്തോഷത്തോടെ അപ്പൂപ്പന്റെ അപേക്ഷ സ്വീകരിച്ചു; ദേവിക്കു് ഉചിതമായ സ്ഥലത്തു പ്രതിഷ്ഠിക്കും. ജോത്സ്യരേയും പൂജാരിമാരേയും വിളിച്ചു എല്ലാ ചടങ്ങുകളോടെയും ആവാഹിച്ചു് അമ്പോറ്റിക്കുന്നു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു അപ്പൂപ്പന്റെ മൂകാംബികാ ദേവിയെ. അതുകൊണ്ടു് ചെമ്പകശ്ശേരി ഒഴിഞ്ഞുകൊടുത്തപ്പോ ദേവിക്കു വാടകവീടന്വേഷിക്കേണ്ടി വന്നില്ല…’
സാവിത്രിക്കുട്ടി പെട്ടെന്നു് കയറിപ്പറഞ്ഞു:
“അല്ല ശശിയേട്ടാ. ആ കഥയ്ക്കു വലിയ ട്വിസ്റ്റുണ്ടു്. ദേവിക്കു പെണക്കാത്രെ… ചെമ്പകശ്ശേരീലെ പുതിയ അവകാശികൾക്കു ദേവീടെ ശാപം… !”
എല്ലാവരും ചിരിച്ചു. “നീയെന്നാ സാവിത്രിക്കുട്ടീ വിശ്വാസിയായേ? ദേവി പിണങ്ങി; ഒന്നുമറിയാത്തവരെ ശപിക്കുന്നൂ… കൊള്ളാല്ലോ… ങാ പറഞ്ഞോ കേക്കട്ടെ”, അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
“ങൂം. പറയാം… തിട്ടേൽ ഗംഗാധരക്കുറുപ്പിന്റെ മകന്റെ മകൾ ഒരിക്കൽ എന്നെ അന്വേഷിച്ചു വന്നു. ഞാനമ്പരന്നു പോയി. ജീവിതത്തിലാകെ മൂന്നോ നാലോ കൊല്ലമാ ഞാൻ അമ്മയുടെ ജന്മനാട്ടിൽ കഴിഞ്ഞതു്. അവടെയാണേൽ കുടുംബക്ഷേത്രം കുടുംബാംഗങ്ങളെല്ലാവരും യോജിച്ചു് പുതുക്കിപ്പണിയുകയും പൂജയും ഉത്സവവും നടത്തുകയുമൊക്കെ ചെയ്യുന്നുണ്ടു്. ഞാനാണേൽ അതിലൊന്നിലും പങ്കുകാരിയല്ല, കാരണം ദേവീദേവന്മാരുമായുള്ള ചങ്ങാത്തം പതിനഞ്ചു വയസ്സിൽ ഉപേക്ഷിച്ചതാണു്. പുതുതായി ബന്ധം വച്ചിട്ടുമില്ല.”
“ഓ എന്റെ സാവിത്രിക്കുട്ടീ, നീ കാര്യം പറ വളച്ചുകെട്ടാതെ”, അപ്പച്ചിയമ്മൂമ്മ തിടുക്കപ്പെട്ടു.
‘അതാ പറയുന്നേ… എന്നെ അന്വേഷിച്ചുവന്ന സ്ത്രീ ഭയങ്കര നിരാശയിലും വിഷമത്തിലുമായിരുന്നു. അവർ ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിലാണു്. അവരുടെ അമ്മയാണു് ചെമ്പകശ്ശേരീൽ താമസം. മകൾ അവർക്കായി ഒരു വീടുപണി തുടങ്ങീട്ടു് മൂന്നുവർഷമായി. ഇത്രകാലമായിട്ടും ഒരു നില വാർത്തിട്ടതേയുള്ളൂ. പണി മുമ്പോട്ടു കൊണ്ടുപോകാൻ പറ്റുന്നില്ല. ഓരോ തവണയും വിചാരിച്ചിരിക്കാത്ത തടസ്സം വരും. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ല. മറ്റെന്തെങ്കിലും ഒടക്കു്. വീടുപണിക്കിറക്കിയിട്ട സാധനങ്ങൾ കൊറേ മോഷണം പോയി. മഴേം വെയിലുമേറ്റു് അങ്ങനെ കൊറേ…’
‘നിവൃത്തിയില്ലാതായപ്പോ ഒരു ജ്യോത്സ്യരെ പോയിക്കണ്ടു. പേരുകേട്ട ജോത്സ്യരാ… അദ്ദേഹം പ്രശ്നം വച്ചു… ദേവീ ശാപം! ചെമ്പകശ്ശേരീലു് അമ്പലോം വച്ചുപൂജേമൊണ്ടാര്ന്നത്രെ. ആ ദേവി ഇപ്പോ അനാഥാവസ്ഥയിലാണത്രെ. ആ ദേവീടെ ശാപാ. അതിനു പരിഹാരം കണ്ടാലേ രക്ഷയൊള്ളൂന്നാ പറഞ്ഞെ… ഞാനിനി എന്തുചെയ്യും! എന്റെ അച്ഛൻ കൊച്ചാര്ന്നപ്പോ ആ വീട്ടി വന്നതാ. ആരും പറഞ്ഞു കേട്ടിട്ടില്ല അങ്ങനൊരു അമ്പലത്തിന്റെ കാര്യം. ഇപ്പഴാണേ അടുത്തൊള്ള ബന്ധുക്കളോടു ചോദിച്ചപ്പോ അവർക്കും അറിയില്ല. അല്ല, അവരും എന്നേപ്പോലെ പുതിയ തലമൊറേലേ ആളുകളല്ല! ചേച്ചി സഹായിക്കണം. ചേച്ചീടെ ഒരു ബന്ധു അവടെയടുത്തൊണ്ടല്ലോ, ആ കുട്ടിയാ പറഞ്ഞെ ചേച്ചിയെക്കണ്ടാൽ കാര്യം നടക്കൂംന്നു്.’ ആ സ്ത്രീ ഒറ്റശ്വാസത്തിൽ എന്നോടു പറഞ്ഞുനിർത്തി.
“പഴേ വീടിന്റെ ഏതു ഭാഗത്തായിട്ടാ പുതിയതു പണിയുന്നേ?” ഞാൻ വെറുതെ ഒരു കൗതുകത്തിനു ചോദിച്ചു.
“അപ്പഴല്ലേ തമാശ! അവരു് ആ പറമ്പിലെന്നല്ല, അവ്ടെയടുത്തെങ്ങുംപോലുമല്ല വീടുവയ്ക്കുന്നേ; ടൗണിലെവിടെയോ. ദേവിയെ പൂജിച്ചിരുന്നവരുമായി ഒരു ബന്ധോമില്ലാത്ത നിങ്ങളെ ശപിക്കേണ്ട കാര്യമെന്താ ദേവിക്കെന്നു് ചോദിച്ചുപോയി.” ആ സ്ത്രീയങ്ങു വല്ലാണ്ടായി: ‘കളിയാക്കണ്ട ചേച്ചീ. ഞങ്ങടെ ഗതികേടുകൊണ്ടാ. ചേട്ടനാണേ ലീവുകിട്ടുന്നൂമില്ല. എങ്ങനേലും ഒന്നുതല്ലിക്കൂട്ടാമെന്നു വച്ചപ്പഴാ… ചേച്ചി സഹായിക്കണം. ജോത്സ്യരു് ഒറപ്പായിട്ടു പറഞ്ഞതാ പരിഹാരം ചെയ്താൽ മതീന്നു്. അതിനു് ദേവി എവ്ടാന്നു് അറിയണ്ടേ!’
ജോത്സ്യരു് എല്ലാര്ടേം ചരിത്രമന്വേഷിച്ചിട്ടു് തന്നെയാകും പ്രവചിച്ചിരിക്കുന്നതു്. അയാളുടെ വയറ്റിപ്പിഴപ്പു്! ആ പാവം സ്ത്രീയോടു് അന്ധവിശ്വാസത്തെപ്പറ്റി പ്രസംഗിച്ചിട്ടും യുക്തിവാദം നടത്തീടും കാര്യമില്ല. അന്വേഷിച്ചു് ഉടനെ അറിയിക്കാമെന്നു ഞാനേറ്റു…
“കുറച്ചുദിവസം കഴിഞ്ഞാ ഞാൻ നേരത്തെ പറഞ്ഞ ചരിത്രാന്വേഷണ യാത്രയ്ക്കു് പോയതു്. അന്നു് കൂട്ടായി ഭാരതിച്ചേച്ചിയമ്മേടെ കൊച്ചുമോൻ സന്തോഷും ഉണ്ടായിരുന്നു. അവൻ ഒരു ദിവസം പെട്ടെന്നു വഴിയിൽവച്ചു പറഞ്ഞു, ‘നമ്മുടെ തറവാട്ടീന്നു് കൊണ്ടുവന്ന ദേവിയെ പ്രതിഷ്ഠിച്ച സ്ഥലം ഇവിടെയടുത്തെവിടെയോ ആണെ’ന്നു്. ആ ക്ഷേത്രത്തിന്റെ പേരും ചേച്ചിയമ്മ പറഞ്ഞു് അവനു് ഓർമ്മയൊണ്ടാര്ന്നു. ഞങ്ങടെ ടാക്സി ഡ്രൈവർ അവിടുത്തുകാരനാ. അയാൾക്കറിയാം ആ ക്ഷേത്രം. അയാൾ കാണിച്ചുതന്നു. വലിയ ഒരു കോമ്പൗണ്ട്… കാടുപിടിച്ചു കിടക്കുന്നു. ആ പുരയിടത്തിനു നടുവിലായി മൂന്നുനാലു് ഓടിട്ട മേൽക്കൂരകൾ കാണാനുണ്ടു്; വളരെ പഴക്കം തോന്നുന്ന ഓടുകൾ. ആ ഡ്രൈവറാ പറഞ്ഞെ, വളരെനാളായി അവിടെ പൂജേമൊന്നുമില്ല, അമ്പലം തുറക്കാറേയില്ലെന്നു്. അതിന്റെ പുതിയ ഉടമസ്ഥർ ജോലിയായി വിദേശത്തെവിടെയോ ആണത്രെ.”
“ഞങ്ങൾ കാറിലിരുന്നു കണ്ടതേയുള്ളൂ. ദേവിയെ സഹായിക്കാനൊന്നും ഞാനാളല്ലാത്തതു കൊണ്ടു് ഇറങ്ങിയില്ല. ദേവിയും ഞാനുമായി കുറേ പണ്ടു് വളരെ ചെറിയ കാലയളവിലെ അടുപ്പം വച്ചു് ഞാൻ ദേവിയോടു് മനസ്സിൽ ചോദിച്ചു: ചെമ്പകശ്ശേരീന്നു് ഇറക്കി വിട്ടിട്ടു് ഞങ്ങളാരും ആരേയും ശപിച്ചില്ല, ആരോടും പിണങ്ങിയില്ല, ആരേം ആശ്രയിച്ചുമില്ല. പണിയെടുത്തു മാന്യമായി ജീവിക്കുന്നു. ദേവിയെന്താ ആ വഴിനോക്കാത്തേന്നു്… പിന്നെ ഇറക്കി വിട്ടവരുമായി ഒരു ബന്ധോമില്ലാത്ത ആ പാവങ്ങളെ ഉപദ്രവിക്കുന്നതിൽ എനിക്കിത്തിരി പരിഭവമൊണ്ടെന്നു്.”
ശശിച്ചേട്ടൻ ചിരിച്ചു: “ഓ, നീ എഴുത്തുകാരിയാണല്ലോ; അതിന്റെയാ ഈ വാചകങ്ങൾ അല്ലേ?”
ആരുമൊന്നും മിണ്ടിയില്ല. അപ്പച്ചിയമ്മൂമ്മ ഓർമ്മകളിൽ നഷ്ടപ്പെട്ടങ്ങനെ ഇരിക്കുന്നു.
പെട്ടെന്നു് അമ്മു ചോദിച്ചു: “ആ നന്ദിനിച്ചിറ്റമ്മ? അവരെവ്ടെയാ ഇപ്പോ?”
ഒരു നിമിഷനേരത്തേക്കു് ശശിച്ചേട്ടനും പെട്ടെന്നുണർന്ന അപ്പച്ചിയമ്മൂമ്മയും അമ്മുവിനെ സൂക്ഷിച്ചുനോക്കിയിരുന്നു, മറുപടി മറന്നപോലെ. സാവിത്രിക്കുട്ടി മറുപടി പറഞ്ഞു:
“ഇല്ല മോളേ, നന്ദിനിച്ചിറ്റമ്മ പോയി… എന്നേ പോയി! കല്യാണം കഴിഞ്ഞു. കൃഷ്ണൻനായരു ചിറ്റപ്പൻ കൊണ്ടുവന്ന ആലോചനയായിരുന്നത്രേ. നല്ല പ്രായവ്യത്യാസം; ഞാൻ കണ്ടിരുന്നില്ല. ശശിച്ചേട്ടനും മണിച്ചേച്ചീം പോയിരുന്നതല്ലേ. ഞങ്ങളന്നു കോഴിക്കോടാ. പക്ഷെ പിന്നീടൊള്ള കഥ ഞാനറിഞ്ഞതു് ദിവാകരേട്ടന്റെ ഭാര്യ പറഞ്ഞപ്പഴാ… നന്ദിനിച്ചിറ്റമ്മ മൂന്നുനാലു തവണ പ്രഗ്നന്റായി, രണ്ടാംമാസമാകുമ്പോഴേക്കും ബ്ലീഡിംഗ്; അബോർഷനാകും… അവസാനം ഒരു മാസം മുഴുവൻ ആശുപത്രി… എന്താ അസുഖം എന്നു് തിരിച്ചറിയാൻ പറ്റിയില്ലാത്രെ. വീടും ആശുപത്രീമായി കുറേനാൾ… വല്ലാത്തൊരു ദുരന്തകഥ! നന്ദിനിച്ചിറ്റമ്മയുടെ ഹൃദയമിടിപ്പു് കുറഞ്ഞുവന്നു. ഡാക്ടറുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ല. കൂട്ടിരിക്കുന്നതു് അമ്മൂമ്മ. തന്റെ കൺമുന്നിൽ പൊന്നുമോളുടെ ഹൃദയമിടിപ്പു് താഴ്‌ന്നു താഴ്‌ന്നുപോകുന്നതു് പരിഭ്രാന്തിയോടെ ശ്രദ്ധിച്ചു് ആ അമ്മ… അവസാനം കാറിൽ തന്റെ മടിയിൽ തലവച്ചു് കിടത്തിയ കൊച്ചുമകളുടെ ജഡവുമായി ആ വൃദ്ധയായ അമ്മ തങ്ങളുടേതല്ലാത്ത വീട്ടിലേക്കു്… അപ്പൂപ്പൻ ഭാഗ്യവാൻ, നേരത്തേ തന്നെ കടന്നുപോയി. പൂവത്തുംപറമ്പിൽ താമസമായി അധികം കഴിയുംമുൻപു് തന്നെയാണതു്.”
അപ്പച്ചിയമ്മൂമ്മ അറിയാതെ ഒന്നു തേങ്ങി; ആ നിശ്ശബ്ദതയിൽ അതൊരു പെരുമ്പറപോലെ!