“കൂടുതൽ കുടുംബപുരാണം കേൾക്കണമെങ്കിൽ മാന്തോട്ടത്തു കാളിക്കുട്ടി വലിയമ്മായിയെ കാണണം. അവരിപ്പോ ചേർത്തലയിൽ തന്നെ ഒണ്ടോ എന്തോ.”
അപ്പച്ചിയമ്മൂമ്മ അമ്മയോടു് പറയുന്ന ആ പേരു കേട്ടപ്പോൾ അമ്മുവിനു് തലയിൽ ഒരു ടോർച്ചു മിന്നി-ശ്രീകുമാർ, ചേർത്തലക്കാരൻ ശ്രീകുമാർ-ക്ലാസ്മേറ്റും അടുത്ത സുഹൃത്തുമായിരുന്നു ബാംഗ്ലൂരിൽ. അന്നെപ്പോഴൊ യാദൃച്ഛികമായി പറഞ്ഞ കുടുംബവിശേഷങ്ങളിൽ കഥകളുടേയും ഗോസിപ്പുകളുടേയും കലവറയായ തന്റെ മുത്തശ്ശിയെപ്പറ്റി പരാമർശിച്ചിരുന്നു. അവരാണോ? അല്ലെങ്കിൽ അവരറിയുന്നവരാകും, തീർച്ച. അമ്മു കയ്യോടെ ശ്രീകുമാറിനെ വിളിച്ചു. ശ്രീകുമാറിന്റെ മുത്തശ്ശി തന്നെയാണു് കക്ഷി; അവരിപ്പോഴും ആരോഗ്യവതിയായി ജീവിച്ചിരിക്കുന്നു! ശ്രീകുമാർ പറഞ്ഞു, ‘നേരത്തെ പറയണ്ട, ഒരു സസ്പെൻസ്.’
അങ്ങനെയാണു് അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി മാന്തോട്ടത്തേയ്ക്കുള്ള യാത്ര സംഘടിപ്പിച്ചതു്. സാവിത്രിക്കുട്ടിയമ്മൂമ്മയ്ക്കു് സന്തോഷം അടക്കാൻ വയ്യായിരുന്നു, ‘എത്രകാലമായി അവരെ കണ്ടിട്ടു്.’
കാളിക്കുട്ടി വലിയമ്മായി മാന്തോട്ടത്തു കുടുംബഭരണം ഏറ്റെടുത്തതു് ഉത്തരവാദിത്തങ്ങളുടെ ഒരു വൻ ചുമടുമായാണു്. സാവിത്രിക്കുട്ടിയുടെ അമ്മ പറയാറുണ്ടു്. ‘വലിയമ്മായി പുഷ്പംപോലെ എല്ലാം ശരിയാക്കി, ദാന്നു പറയണേന്നു മുമ്പേ’, എന്നു്.
കെട്ടുപ്രായം കഴിഞ്ഞുനിന്ന മൂന്നു് അനുജത്തിമാർ-അതും ‘ഞാനോ നീയോ’ എന്ന മട്ടിൽ ആജാനുബാഹുക്കളായ പെണ്ണുങ്ങൾ-ഇതും മീനാക്ഷിയമ്മയുടെ പരാമർശങ്ങളിലുള്ളതായിരുന്നു. അനുജനാണേൽ പട്ടാളത്തിലും. മൂന്നുപേർക്കും വരന്മാരെ കണ്ടെത്തി, കല്യാണം നടത്തി. വെറുതെയങ്ങു കെട്ടിച്ചു കൊടുത്തതല്ല. വ്യക്തമായ വ്യവസ്ഥകളും, അവ ലംഘിക്കപ്പെട്ടാലുള്ള അനന്തരഫലങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ:
വലിയ അടുക്കള, ആവശ്യത്തിനു മുറികളും, അത്യാവശ്യം പുരയിടങ്ങളും കണ്ടങ്ങളും; തൊഴുത്തിൽ നാലഞ്ചു പശുക്കളും ഒരേറുകാളകളും. എല്ലാവരും മാന്തോട്ടത്തു തറവാട്ടിൽത്തന്നെ താമസിക്കണം, എല്ലാവരും പാടത്തും പറമ്പിലും അടുക്കളയിലും അധ്വാനിക്കണം. സ്വന്തം ഭർത്താവിന്റെ ഉത്തരവാദിത്വമില്ലായ്മ വലിയമ്മായിയെ പഠിപ്പിച്ച പാഠമാണതു്. വരവും ചെലവും തുല്യമായി ഭാഗിക്കും. എല്ലാം കൃത്യം കണക്കായിരിക്കണം. തികച്ചും വ്യക്തിപരമായ ചെലവുകൾ തങ്ങൾക്കു കിട്ടുന്ന വീതത്തിൽ നിന്നു് നടത്തിക്കൊള്ളണം.
വലിയമ്മായി മാത്രം ‘അമ്പലക്കാള’ യെപ്പോലെ സർവ്വതന്ത്രസ്വതന്ത്രയായി നടന്നു. എന്നുവച്ചു് അപഥസഞ്ചാരമൊന്നുമല്ല. മാന്തോട്ടത്തു തറവാട്ടിലെ മാത്രമല്ല മറ്റു ബന്ധു വീടുകളിലെല്ലാം ശരിക്കൊരു ‘വലിയമ്മായി’ യായി നടക്കും, അത്ര തന്നെ.
അസൂയാലുക്കൾ പറയുമായിരുന്നു: ‘വീട്ടിൽ കാര്യങ്ങൾ നോക്കാൻ മൂന്നാലു പെണ്ണുങ്ങളും പുറം പണിക്കു് അവര്ടെ ഭർത്താക്കന്മാരും! അവർക്കു പിന്നെ അമ്മായിചമഞ്ഞു് പഞ്ചായത്തും പറഞ്ഞു് നാടുനീളെ നടക്കാം. അവര്ടെ അരി ലാഭപ്പെടുത്ത്വേം ചെയ്യാം; അതാ ബുദ്ധി!’
എന്നും രാവിലെ അന്നത്തേയ്ക്കു് അത്യാവശ്യമുള്ള സാധനങ്ങൾ പുറത്തേയ്ക്കെടുത്തു കഴിഞ്ഞാൽ കലവറമുറീം അറേം തന്റെ മുറീം പൂട്ടി മൊത്തം താക്കോൽക്കൂട്ടം എളിയിൽ തിരുകി ഇറങ്ങും. വലിയമ്മായിയുടെ വേഷം നല്ല രസമാണു്. അലക്കിയെടുത്ത മൽമലിന്റെ ഡബിൾ മുണ്ടാണുടുക്കുക. ഒന്നര പതിവുള്ള അക്കാലത്തു് ഒന്നരയല്ല വലിയമ്മായിക്കു്; ചെറിയമുണ്ടു് തറ്റുടുത്തു് മുകളിൽ ഡബിൾമുണ്ടുടുക്കും. മൂന്നു വീതിയുള്ള മുണ്ടു് കാലിന്റെ കണ്ണയ്ക്കു് അരയടി മുകളിൽ നിൽക്കും. ‘ദെന്താ കാളിക്കുട്ടീ, വെള്ളപ്പൊക്കോണ്ടോവ്ടെ?’ എന്ന ഭർത്താവിന്റെ ചോദ്യത്തിനു് ദഹിപ്പിക്കുന്ന ഒരു നോട്ടമാണുത്തരം. പിന്നെ പുളിയിലക്കരയൻ കസവു നേരിയതു മടക്കി തോളിലിടും. കാളിക്കുട്ടി വലിയമ്മായി ജനിച്ചിട്ടു് റൗക്കയിട്ടിട്ടില്ല, മക്കളും അനുജത്തിമാരുമെല്ലാം ബ്ലൗസും സെറ്റുമുണ്ടും സാരിയുമൊക്കെയായെങ്കിലും ദൂരെയാത്ര ചെയ്യേണ്ടി വന്നാലല്ലാതെ വല്യമ്മായി മാറുമറയ്ക്കില്ല. ‘ദൈവം തന്നതാ; എല്ലാർക്കുമൊള്ളതുപോലെ രണ്ടെണ്ണം എനിക്കും, അതിപ്പം പൊതിഞ്ഞു കെട്ടാഞ്ഞിട്ടാർക്കാടാ ദെണ്ണം?’ എന്നു് ദേഷ്യം പിടിക്കും നേരിയതു പുതയ്ക്കാൻ പറഞ്ഞാൽ. അഞ്ചേമുക്കാലടി പൊക്കവും അതിനൊത്ത തടിയുമുള്ള വലിയമ്മായിയുടെ കുടവയറിൽ വിശ്രമിക്കുന്ന വലിയ മുലകൾ അന്നു് കുട്ടികൾക്കു് ഒരു കാഴ്ചതന്നെയായിരുന്നു. മൂന്നുമക്കൾക്കു് മുമ്മൂന്നു വയസ്സുവരെ മൂക്കുമുട്ടെ അമൃതുചുരത്തിക്കൊടുത്ത അമൃതകുംഭങ്ങൾ! കീരിക്കാട്ടു മഠത്തിലെ കുഞ്ഞിക്കുട്ടന്റെ വകയാണു് ‘അമൃതകുംഭങ്ങൾ’ പ്രയോഗം. അയാൾ കവിയാണു്.
വലിയമ്മായിയുടെ വർത്തമാനമാണു് അതിലൊക്കെ രസം. ഉറച്ച ശബ്ദം. സന്ദർഭമനുസരിച്ചുള്ള ഏറ്റക്കുറച്ചിലോടെയാണു് സംസാരം.
‘എന്റെ മുത്തശ്ശിക്കു് അറിയാൻ വയ്യാത്ത കാര്യങ്ങളില്ലെന്നാ തോന്നണേ. ശരിക്കുമൊരു വിക്കീപ്പീഡിയാ തന്നെ.’ എന്നാണു് ശ്രീകുമാർ പറഞ്ഞിട്ടുള്ളതു്, അമ്മു ഓർമ്മിച്ചു. കഥപറയൽ വലിയമ്മായിക്കു വലിയ താല്പര്യമാണു്. കേൾവിക്കാർ ആസ്വദിക്കുന്നുണ്ടെന്നു കണ്ടാൽ ഒന്നിൽ നിന്നു മറ്റൊന്നിലേയ്ക്കു കണ്ണിചേർത്തങ്ങനെ പോകും.
ചെറുപ്പത്തിൽ നാട്ടിലായിരുന്നപ്പോൾ ഒരുപാടുകഥകളുടെ മുക്കും മൂലയും സാവിത്രിക്കുട്ടിയും കേട്ടിട്ടുണ്ടു്, ഒളിച്ചുനിന്നു്. വലിയവർ സംസാരിക്കുന്നതിന്റെ ഏഴയലത്തു വരാൻ സാവിത്രിക്കുട്ടിയുടെ അമ്മ സമ്മതിക്കില്ല. ‘വലിയവർ കാര്യം പറയുന്നടത്തു് നെനക്കെന്താടീ കാര്യം’ന്നു് തല്ലിയോടിക്കും. അപ്പച്ചിയമ്മൂമ്മ കാളിക്കുട്ടി വലിയമ്മായിയിൽ നിന്നുതന്നെ കഥകളേതാണ്ടൊക്കെ കേട്ടിരിക്കുന്നു; കുറച്ചുനാളേ അപ്പച്ചിയമ്മൂമ്മ നാട്ടിലുണ്ടായിരുന്നുള്ളെങ്കിലും.
“വലിയമ്മായിയുടെ കഥപറച്ചിൽ നേരിട്ടുതന്നെ കേൾക്കണം, അതിന്റെ രസമൊന്നു വേറെ തന്നെ. എല്ലാം കൺമുന്നിൽ സംഭവിക്കും പോലെ…” മാന്തോട്ടത്തു വീട്ടിലേയ്ക്കുള്ള യാത്രയിൽ കാറിലിരുന്നു സാവിത്രിക്കുട്ടിയമ്മൂമ്മ പറഞ്ഞു. “അല്ലെങ്കിലും നിനക്കല്ലേ വലിയമ്മായിയുമായി കൂടുതൽ അടുപ്പം? സാവിത്രിക്കുട്ടിയിലൂടെയല്ലേ ഇക്കണ്ട കഥകളുടെയെല്ലാം വാതിൽ വീണ്ടും തുറന്നിട്ടുള്ളത്” എന്നു് അപ്പച്ചിയമ്മൂമ്മ. അസുഖങ്ങൾ പലതും ഉണ്ടെങ്കിലും രണ്ടമ്മൂമ്മമാരും കൂടി ദീർഘയാത്രക്കു് വന്നതു് അമ്മുവിനും ആദിക്കും ലേഖയ്ക്കും ഉത്സാഹം വർധിപ്പിച്ചു.
കാളിക്കുട്ടിയമ്മായിയുടെ നാലാം തലമുറക്കാരൻ ശ്രീകുമാറിനോടു വിശദമായി വഴി ചോദിച്ചു് എഴുതിവച്ചിരുന്നെങ്കിലും ഇടയ്ക്കൊക്കെ കാർ നിർത്തി അന്വേഷിക്കേണ്ടി വന്നു. പിന്നെ അവനോടു് വഴിയിൽ കാത്തുനിൽക്കാൻ വിളിച്ചുപറയേണ്ടിയും വന്നു. രാവിലത്തെ കാപ്പിക്കെത്തുമെന്നു പറഞ്ഞിരുന്നു, പക്ഷെ താമസിച്ചുപോയതുകൊണ്ടു് ഇടയ്ക്കു നിറുത്തി പ്രാതൽ കഴിച്ചു.