“ആരാ, ശ്രീക്കുട്ടാ അവ്ടെ?”
മുറ്റത്തു കാർ നിർത്തിയതും അകത്തുനിന്നും ഗംഭീരമായ ശബ്ദത്തിൽ ചോദ്യമുയർന്നു; ഒപ്പം നൂറ്റിമൂന്നു വയസ്സിന്റെ ഒരുപാരവശ്യവും തപ്പുംതടയലുമില്ലാതെ മാന്തോട്ടത്തു കാളിക്കുട്ടി വലിയമ്മായി തിടമ്പെഴുന്നള്ളിച്ചുവരുന്ന ആനയുടെ തലയെടുപ്പോടെ വരാന്തയിലേയ്ക്കു വന്നു.
കാറിൽ നിന്നു് നാലഞ്ചു അപരിചിതർ ഇറങ്ങുന്നതു നോക്കി നിന്ന കാളിക്കുട്ടി വലിയമ്മായി അല്പമൊന്നമ്പരന്നു:
“എടാ ചെറുക്കാ, നെന്റെ കൂട്ടുകാരു് വരുന്നൊണ്ടെന്നല്ലേ പറഞ്ഞതു്; ഈ വയസ്സിപ്പെണ്ണുങ്ങളാ നെന്റെ കൂട്ടുകാര്?” രൂക്ഷമായ ചോദ്യം.
ശ്രീകുമാർ പൊട്ടിച്ചിരിച്ചു: “മുത്തശ്ശിയെ ശരിക്കും പറ്റിച്ചു!”
കാലത്തിനു ക്ഷതമേല്പിക്കാൻ പറ്റാത്ത ഓർമ്മകളും, ഒട്ടും തളർച്ചയോ പതർച്ചയോ ഇല്ലാത്ത വാക്കുകളും നോക്കുകളും ചലനങ്ങളുമായി ആ വലിയമ്മായി കൺമുൻപിൽ; ശരീരത്തിനു മുൻപോട്ടൊരു ചെറിയ വളവുണ്ടോന്നു് സംശയം, അല്ലാതൊരു കോട്ടവുമില്ല. അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും നേരത്തെ വിവരിച്ച രൂപത്തിൽ നിന്നും പക്ഷേ, വ്യത്യാസമുണ്ടു്: ഒതുക്കിക്കെട്ടി വച്ച റൗക്കയും നേർത്തകസവു കരയുള്ള മുണ്ടും നേരിയതും, കഴുത്തിൽ സ്വർണ്ണം കെട്ടിയ വലിയ രുദ്രാക്ഷമാല. വലിയ രണ്ടുതോടകൾ ചെവികളിൽ തൂങ്ങിയാടുന്നു.
അമ്മുവും ആദിയും വലിയമ്മായിയെ അത്ഭുതത്തോടെ, ആദരവോടെ നോക്കിനിന്നു.
അപ്പോളാണു് ഏറ്റവും ഒടുവിൽ കാറിൽ നിന്നിറങ്ങിയ ആളിനെ കാളിക്കുട്ടി വലിയമ്മായി ശ്രദ്ധിച്ചതു്.
“ഇവളെ എനിക്കറിയാമല്ലോ, ഇതു്… ഇതു്… ങ്ഹാ… ഇവളോ… ഇതു് സാവിത്രിക്കുട്ടിയല്ലേ… അതേതെ, സാവിത്രിക്കുട്ടി തന്നെ; ചെമ്പകശ്ശേരീലെ മീനാക്ഷീടെ മോള്… ഇതൊക്കെയാരാടീ? ങാ നീയിങ്ങുവന്നേ… എത്രകാലായെടീ കണ്ടിട്ടു്! ന്നാലും നെന്നെ എവ്ടെക്കണ്ടാലും എനിക്കു മനസ്സിലാകും, മീനാക്ഷീടെ എളേവള് അമ്മിണിക്കുട്ടീടെ തത്സരൂപം… ഇവ്ടന്നു് പോയിട്ടു് ആകെ ഒന്നോ രണ്ടോ തവണേ നീ വന്നിട്ടൊള്ളൂ അല്ലേ? അമ്മാളുക്കുട്ടീടെ പേരക്കുട്ടീ ലീനേടെ കല്യാണത്തിനല്ല്യോടീ നീ അവസാനം വന്നേ; എനിക്കു നല്ല ഓർമ്മേണ്ടു്.”
തോരാതെ വർത്തമാനം പറയുന്നതിനിടയിൽ സാവിത്രിക്കുട്ടിയുടെ കൈപിടിച്ചു് നെഞ്ചോടു ചേർത്തു് വലിയമ്മായി പരിഭവം പറഞ്ഞു: “നാടു മുഴ്‌വൻ സഞ്ചരിക്കുന്നേനെടേ ജനിച്ചനാടിനെക്കൂടെ ഓർക്കാര്ന്നില്ലേടീ നെനക്കു്? വേണ്ടപ്പെട്ടവരാരെങ്കിലുമൊക്കെ ജീവനോടൊണ്ടെന്നോർത്തില്ലാ, അല്ലേ?”
എന്തൊരു സ്നേഹപ്രകടനം! സാവിത്രിക്കുട്ടിക്കു് അത്ഭുതം തോന്നി. ചെറുപ്പത്തിൽ താൻ ഈ നാട്ടിൽ താമസിച്ചിരുന്ന കാലത്തു് ഈ സ്നേഹമൊന്നും കണ്ടിട്ടില്ല. തന്നെ അടിമുടി നിരീക്ഷിച്ചു് അമ്മയോടു് ലേശം വെറുപ്പുകലർന്ന ശബ്ദത്തിൽ പറയും:
‘പത്തുപതിനേഴു് വയസ്സായ പെണ്ണിനെ ഇനീം പടിപ്പിക്കാം വിട്വാ? നീയെന്താ അവളെ കളക്ടറാക്കാമെന്നു് നേർന്നിട്ടൊണ്ടോ! പിടിച്ചു കെട്ടിച്ചു കൊടുക്കെടീ മീനാക്ഷി.’
കാളിക്കുട്ടി വലിയമ്മായിയുടെ കടിച്ചുപിടിച്ചുള്ള ആ വർത്തമാനം കേൾക്കുമ്പോൾ സാവിത്രിക്കുട്ടിയുടെ കാലിൽ നിന്നൊരു വിറകയറും. പക്ഷെ ഒന്നും മിണ്ടാതെ മാറിപ്പൊയ്ക്കളയും.
മിക്ക ദിവസങ്ങളിലും വലിയമ്മായി വീട്ടിൽ വരുമായിരുന്നു. എല്ലാവരും അവരെ വിളിക്കുന്നതു് ‘നാരദരമ്മായി’ എന്നാണു്. പ്രധാന ഹോബി ബന്ധുവീടുകളിലെ വിശേഷങ്ങളും രഹസ്യങ്ങളും ചോർത്തിയെടുത്തു് പൊടിപ്പും തൊങ്ങലും ചേർത്തു് ഗോസിപ്പുകൾ കൂട്ടിക്കലർത്തി വിതരണം ചെയ്യുക എന്നതായിരുന്നു. ആ യാത്രകളിൽ ആദ്യം കയറുന്നതു് സാവിത്രിക്കുട്ടിയുടെ വീട്ടിലായിരുന്നു. അതിനു പ്രേരണ സാവിത്രിക്കുട്ടിയുടെ അമ്മ മീനാക്ഷിയമ്മയുടെ കയ്യിലുള്ള വാസനപ്പുകയിലയാണു്.
കയറിവരുമ്പോഴേ മുറുക്കാൻ പെട്ടി വലിച്ചുവച്ചു് വിസ്തരിച്ചൊരു മുറുക്കാണു്. എന്നിട്ടു് ‘ഞാനൊരു ചവയ്ക്കാനൊള്ള പൊയില എടുക്ക്വാടീ’ എന്നും പറഞ്ഞു് ഒരു മൂന്നുനാലു മുറുക്കിനുള്ള പുകയില, ഡപ്പിയിൽ നിന്നു് തോണ്ടിയെടുത്തു് പൊതിഞ്ഞു് മടിയിൽ തിരുകും.
ശർക്കരയും ഏലക്കായും ഗ്രാമ്പൂവുമൊക്കെച്ചേർത്തു് ഇടിച്ചുകൂട്ടി വയ്ക്കുന്ന ജാപ്പാണം പുകയിലയാണു്. വലിയമ്മായി വരുന്നതു ദൂരേന്നു കണ്ടാൽ മീനാക്ഷിയമ്മ പുകയില ഡപ്പി കാലിയാക്കി വച്ചു് ദുഃഖം നടിക്കും:
‘പല്ലുവേദനയെടുത്തിട്ടു വയ്യ. ഇവടന്നു് കിട്ട്യ ഈ വടക്കൻപൊകലേടെ ഞെട്ടു് ചവച്ചിട്ടു് വാ കയ്ക്കുന്നു. നെന്റെ ചെക്കനോടു് പറ, ടൗണീപോയി ഇത്തിരിപൊയില വാങ്ങാൻ.’ വലിയമ്മായി ആജ്ഞാപിക്കും.
‘ങാ പിന്നേ… അരി വാങ്ങാനെന്താ വേണ്ടേന്നു വച്ചു നിക്ക്വാ ഞാൻ. അപ്പളാ പൊകല!’ മീനാക്ഷിയമ്മ ഒട്ടും മയമില്ലാതെ പറയും. അന്നു പിന്നെ കഥകളൊന്നുമുണ്ടാകില്ല. മീനാക്ഷിയമ്മ പറയുന്നതിൽ സത്യമുണ്ടെന്നുള്ളതു് മറ്റൊരു കാര്യമായിരുന്നു.
തറവാടിന്റെ ഒരകന്ന താവഴിയാണു് മാന്തോട്ടത്തു്. കാളിക്കുട്ടി വലിയമ്മായിയുടെ ജ്യേഷ്ഠൻ ഭാസ്ക്കരപിള്ള കുടുംബകാരണവരായി. അയാൾ ഭരിച്ചുഭരിച്ചു സമ്പത്തു ചോർത്തിയെടുക്കുന്നതു കണ്ടു സഹികെട്ടു് കാളിക്കുട്ടി വലിയമ്മായി ഭീരുക്കളായ മറ്റു സഹോദരങ്ങളെ കൂടെക്കൂട്ടി ഒരു തുറന്ന പോരുതന്നെ നടത്തി. പൊരിഞ്ഞ വഴക്കു്, കേസും കൂട്ടോം. ആവുന്നത്ര കയ്ക്കലാക്കിക്കഴിഞ്ഞിരുന്ന അയാൾ തെക്കേടത്തു പുത്തൻ വീടൊന്നൊരു തറവാടുണ്ടാക്കി ഒഴിഞ്ഞുപോയി.
മാന്തോട്ടത്തു തറവാട്ടുകാരണവത്തിയായി കാളിക്കുട്ടി വലിയമ്മായി. കാളിക്കുട്ടി വലിയമ്മായിയുടെ കുടുംബഭരണം രസമുള്ള കഥയാണു്; സാവിത്രിക്കുട്ടിയുടെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ടു്.
“കേൾക്കണ്ട കഥയാ, വലിയമ്മായീടെ കുടുംബകഥ”, അപ്പച്ചിയമ്മൂമ്മ അമ്മുവിന്റെ ചെവിയിൽ മന്ത്രിച്ചു.
“എന്താ ഒരു രഹസ്യം, ഞാനുംകൊടെ കേക്കട്ടെ… ങ്ഹാ, ഇതാരൊക്കെയാന്നു് പരിചയപ്പെടുത്തിത്താടീ മോളേ.”
വലിയമ്മായി വിരുന്നുകാരെ കൂട്ടി അകത്തേയ്ക്കു നടക്കുന്നതിനിടയിൽ സാവിത്രിക്കുട്ടിയോടു പറഞ്ഞു.