സാവിത്രിക്കുട്ടി പരിചയപ്പെടുത്താൻ തുടങ്ങുമ്പോഴേയ്ക്കും വലിയമ്മായിയെ നോക്കി വരാന്തയിൽത്തന്നെ നിൽക്കുന്ന അമ്മുവിനേയും ആദിയേയും ചൂണ്ടി വലിയമ്മായി ചോദിച്ചു:
“സാവിത്രിക്കുട്ട്യേടെ കൊച്ചുമോളും കെട്ട്യോനുമാ അല്ല്യോ. ആ ചെക്കൻ സായിപ്പാ?”
ലേഖ തിരുത്തി:
“അമ്മു എന്റെ മകളാ… ഞാൻ ഭാനുമതിഅപ്പച്ചീടെ ചേട്ടൻ നരേന്ദ്രന്റെ മോള് ലേഖ. അതു് അമ്മൂന്റെ കൂട്ടുകാരനാ, കൂടെപ്പഠിക്കുന്ന കുട്ടി.”
വലിയമ്മായി പൊട്ടിച്ചിരിച്ചു:
“ങ്ഹാ, അങ്ങനെ വരട്ടെ. അവൾടെ മുതുമുത്തശ്ശി വേലിയാ ചാടീതു്. അപ്പോ അവള് കോട്ടമതിൽ തന്നെ ചാടും. ആരും പിണങ്ങാൻ പറഞ്ഞതല്ല. അതൊട്ടു മോശമായ കാര്യമാന്നു വച്ചിട്ടില്ലാ ഞാൻ. അന്നതു വല്യേ വിപ്ളവം തന്നാരുന്നു. അതിനൊള്ള അവസരോം തന്റേടോം ഒത്തു കിട്ടീല്ലല്ലോന്നു് ഇച്ചിരെ മനസ്താപം ഒണ്ടെന്നും കൂട്ടിക്കോ. ആരേലും വിളിക്കാനൊണ്ടാര്ന്നേ…” വലിയമ്മായി വാചകം ഒരു ദീർഘനിശ്വാസത്തിലൊതുക്കി.
എല്ലാവരും ചിരിച്ചു, വലിയമ്മായി ചിരിച്ചില്ല. അമ്മുവും ആദിയും ചിരിച്ചില്ല.
“എന്താന്നു വച്ചാ ചിരിക്കണെ എല്ലാരും? ആർക്കേലും അറിയ്യോ അക്കാര്യോക്കെ?” വലിയമ്മായി ഗൗരവത്തിൽ ചോദിച്ചു.
ആദിക്കു് ഒന്നും മനസ്സിലാകാത്തതുകൊണ്ടു് അവൻ നിശ്ശബ്ദനായിരുന്നു. പക്ഷെ അമ്മുവിനു് പറഞ്ഞതിൽക്കൂടുതൽ മനസ്സിലായതുകൊണ്ടു് വിഷമം തോന്നീട്ടാണു ചിരിക്കാതിരുന്നതു്; ‘പാവം മുത്തശ്ശി’ എന്നവൾ മനസ്സിൽ കരുതി. എന്നിട്ടു പ്രസന്നത അഭിനയിച്ചു് ചോദിച്ചു: “അതെന്താ മുത്തശ്ശീ കഥ?”
കാളിക്കുട്ടി വലിയമ്മായിക്കു സന്തോഷമായി. അവർ അത്ഭുതത്തോടെ ചോദിച്ചു:
“എടീ സാവിത്രിക്കുട്ടീ, നീയും കേട്ടിട്ടില്ലേ; നെന്റെ അമ്മയ്ക്കു് അറിയാത്തതല്ലല്ലോ. എന്നിട്ടു് നിങ്ങളോടാരോടും പറഞ്ഞിട്ടില്ലേ? ന്നാ ബാ.”
മുത്തശ്ശി കഥപറയാൻ തയ്യാറെടുക്കുന്നതു കണ്ട ശ്രീകുമാർ തടഞ്ഞു:
“നിക്കണേ മുത്തശ്ശീ. ഉണ്ണാനിനീം നേരമുണ്ടു്. അതുകൊണ്ടു് വെള്ളോ വല്ലതും കുടിക്കട്ടെ അവർ. എന്നിട്ടു സമാധാനമായിരുന്നു പറയാം. അതിനു മുൻപു് ഇതാരൊക്കെയാന്നു് പരിചയപ്പെട്വേം ചെയ്യാം!”
വലിയമ്മായി തലയാട്ടി ചിരിച്ചു സെറ്റിയിലിരുന്നു.
സാവിത്രിക്കുട്ടി എല്ലാവരേയും പരിചയപ്പെടുത്തി. സായിപ്പിനു് ‘ആദി’ യെന്ന പേരുകേട്ടപ്പോൾ അതിശയമായി; അതെന്താ അങ്ങനെ എന്നു ചോദ്യമായി. അവൻ ബംഗാളിലാ ജനിച്ചേ, അതുകൊണ്ടു് ഇന്ത്യൻ പേരായ ആദിത്യൻ എന്നുപേരിട്ടെന്നു് പറഞ്ഞു് വളരെ കൂളായി അമ്മു പ്രശ്നം പരിഹരിച്ചു.
ജ്യൂസും പഴവും ഉണ്ണിയപ്പവുമൊക്കെയായി ലഘുഭക്ഷണം കഴിഞ്ഞതും കാത്തിരുന്നപോലെ വലിയമ്മായി കഥ തുടങ്ങി.
“അതേ സാവിത്രിക്കുട്ടീ, നെന്റമ്മേടെ മുത്തശ്ശി ചാടിപ്പോന്നതാ മുത്തശ്ശന്റെ കൂടെ. നീ കേട്ടിട്ടില്ലേ ഇതുവരേം!” വലിയമ്മായി ചോദിച്ചു.
“അങ്ങനെയല്ല പറഞ്ഞുകേട്ടേക്കണെ. ആ മുത്തശ്ശീടെ അമ്മാവനു് മുത്തച്ഛനെക്കൊണ്ടു് മുത്തശ്ശിയെ സംബന്ധം ചെയ്യിക്കുന്നതു് ഇഷ്ടമല്ലാര്ന്നു. മുത്തച്ഛൻ വല്യേ നാട്ടുപ്രമാണിയല്ലാരുന്നോ. അപ്പോ നേരെ ചെന്നു് മുത്തശ്ശിയെ വിളിച്ചിറക്കിക്കൊണ്ടുവന്നു് താലി കെട്ടീന്നാ.” “ങ്ഹാ… ഹാ… അതായിപ്പോയി കൂത്തു്! ഒരു പെണ്ണിനു് ഒരിക്കലേ താലികെട്ടൂ, പണ്ടു്. ശരിക്കൊള്ള താലികെട്ടു് നെന്റെ മുതുമുത്തശ്ശി പാർവ്വതിപ്പിള്ളേടെ ഒന്നരവയസ്സീക്കഴിഞ്ഞതല്ലേ; നാടുമുഴ്‌വൻ വിളിച്ചു് നാലുനിലപ്പന്തലിട്ടു്… ഇങ്ങനേരു സദ്യവട്ടം ജീവിതത്തിൽ കണ്ടിട്ടില്ലാന്നു് എന്റമ്മൂമ്മ പറഞ്ഞുകേട്ടേക്ക്ണൂ… ആ പെങ്കൊച്ചിനു് പതിനഞ്ചുതെകഞ്ഞപ്പളേയ്ക്കും അതിന്റെ തന്ത രാമൻകർത്താവു് നാട്ടിലില്ലാത്ത തരത്തിനു് കാരണവരു് ഒരു കെളവൻ പാണ്ടിപ്പട്ടരെകൊണ്ടു് സമ്മന്തം ചെയ്യിച്ചു. രാമൻ കർത്താവിനെ നാണം കെടുത്തി എറക്കി വിട്ടതല്ലാര്ന്നോ അയാൾ.”
“പാർവ്വതിപിള്ളക്കു് രണ്ടാം കൊല്ലം ഒരു കൊച്ചും ജനിച്ചു.”
കൊച്ചുമകൾ ഇടിച്ചുകൂട്ടിക്കൊണ്ടുവന്ന മുറുക്കാൻ വായിലിട്ടു് വലിയമ്മായി കഥയ്ക്കു് ഒരു ചെറിയ ഇടവേള കൊടുത്തു.