കാളിക്കുട്ടി വലിയമ്മായി എഴുന്നേറ്റു പോയി മുറുക്കാൻ ചവച്ചുതുപ്പി വായ വൃത്തിയാക്കി വന്നതും അക്ഷമയോടെ അമ്മു ചോദിച്ചു:
“ആ മുത്തച്ഛനു് മുത്തശ്ശിയെ ഇഷ്ടമായിരുന്നെങ്കിൽ നേരത്തേ വിളിച്ചോണ്ടു പോകാമായിരുന്നില്ലേ. അത്രേം നാളെന്താ മിണ്ടാതിരുന്നേ; പട്ടരു് പൊടവകൊടുക്കുന്നതു് തടയാരുന്നില്ലേ? അതോ ആ മുത്തച്ഛൻ ഈ നാട്ടിലല്ലാരുന്നോ?”
അമ്മുവിന്റെ ചോദ്യത്തിലും ഏതാണ്ടൊക്കെ മനസ്സിലാക്കിയെടുത്ത ആദിയുടെ നോട്ടത്തിലും കണ്ട ആകാംക്ഷ ലേഖയ്ക്കു അതിശയമായി. വർത്തമാനകാല സൗകര്യങ്ങളും സൗന്ദര്യബോധവും കൈവെള്ളയിലമ്മാനമാടുന്ന ഈ കുട്ടികൾ നാലഞ്ചുതലമുറ മുൻപുള്ള ഒരു അമ്മൂമ്മക്കഥ അതീവ താല്പര്യത്തോടെ ശ്രദ്ധിക്കുന്നു!
അമ്മുവിന്റെ ചോദ്യം വലിയമ്മായിയിൽ കൗതുകമുണർത്തി:
“ഞാനും മനസ്സിൽ പലതവണ ചോദിച്ച ചോദ്യമാ മോളേ; ഉത്തരമറിയാമെങ്കിലും ചില ചോദ്യങ്ങൾ നമ്മുടെ മനസ്സിലു് വെറുതെ ആവർത്തിച്ചു് ചോദിച്ചു കൊണ്ടിരിക്കും… അതുപോട്ടെ. അതല്ലകാര്യം-എല്ലാത്തിനും ഒരു കാലമുണ്ടു്. കാലോം സമയോം ഒത്തുവരുമ്പോ സംഭവിക്കാനൊള്ളതു സംഭവിക്കും. ഒരു കെളവൻ പട്ടര്ടെ കൊച്ചിനെ പെറണമെന്നൊരു നിയോഗം, ശാപംന്നുപറ, കിടക്ക്ണൂ പാർവ്വതിപ്പിള്ളയ്ക്കു്; അതായിക്കൂടേ!”
“എന്നാലതൊന്നുമാരുന്നില്ല പ്രശ്നം. പതിനാറുവയസ്സാകുമ്പോളേയ്ക്കും പുന്നശ്ശേരി കാരണവരു് അത്രയ്ക്കും തേനേപാലേന്നു തോറ്റിത്തോറ്റി വളർത്തിയ കൊച്ചിനു് സമ്മന്തക്കാരനെ ഒണ്ടാക്കൂംന്നു് അയാൾ-കേശവപ്പണിക്കരു് നെനച്ചില്ല. കൊതിതോന്നിയ പെണ്ണിനെ കൊത്തിക്കൊണ്ടു പോരാൻ ചങ്കുറപ്പുള്ളവനാര്ന്നു; പക്ഷെ പെണ്ണിനു് പതിനാറു തെകഞ്ഞിട്ടു് മാനം മര്യാദയായി പെണ്ണു ചോദിക്കാംന്നു് ഒരു മണ്ടത്തരം കാണിച്ചു കേശവപ്പണിക്കരു്. മേലാംകോടു് കാരണവരുടെ ഈ ആഗ്രഹം എങ്ങനെയോ മണത്തറിഞ്ഞൂ പുന്നശ്ശേരിക്കാരണവർ. മേലാംകോടു കാരണവർ തന്നേക്കാൾ കേമനൊന്നുമല്ല, തറവാട്ടുമഹിമയിൽ. പക്ഷേ, നാട്ടുപ്രമാണിത്തമുണ്ടു്. സമ്പത്തു്, തിരുവിതാംകൂർ മഹാരാജാവുമായി അടുപ്പം, മഹാരാജാവിൽ നിന്നു ചെമ്പുപട്ടയം കിട്ടിയ തറവാടു്, സ്ഥാനമഹിമ, പിന്നെയോ തീരെ ചെറുപ്പോം അതിന്റെ ഹുങ്കും. കേശവപ്പണിക്കരോടുള്ള കുശുമ്പു് പകയായി തിളച്ചുപൊങ്ങി പുന്നശ്ശേരി പപ്പനാപിള്ളയുടെ മനസ്സിൽ. ആ പക തീർത്തതു് തന്റെ പുന്നാര അനന്തിരവളായ പതിനാറുതികയാത്ത പാറൂട്ടിയെ വയസ്സൻ പട്ടര്ടെ കാമം തീർക്കാൻ ബലികൊടുത്തോണ്ടു്… ശപ്പൻ!”
“ങാ, എന്നിട്ടു്… കേശവപ്പണിക്കരു് മഹാരാജാവിനു് കണ്ടുകാഴ്ചേമൊക്കെയായി മൊഖം കാണിക്കാൻ പോയേക്കുവാരുന്നത്രെ. തിരിച്ചു വന്നപ്പളാ കാര്യം കൈവിട്ടു പോയതറിയുന്നേ. അപ്പോ, പക്ഷെ ഏതാണ്ടൊക്കെ ഗുലുമാലുകളിലാരുന്നത്രെ അയാള്… ഓ അതൊക്കെ വല്യേ കഥകളാ. കൊറെയൊക്കെ സാവിത്രിക്കുട്ടിക്കറിയാമാരിക്കും, മീനാക്ഷി പറയാതിരിക്കില്ല. സർക്കാരുമായും മറവന്മാരുമായും ഒക്കേം മല്ലടിച്ചു ജയിച്ചുവന്നവനാ. ചില്ലറക്കാരനാന്നാ വിചാരിച്ചേ! അതിനെടേ പെട്ടുപോയി കൊറച്ചുനാളെന്നൊള്ളതു ശരിയാ, കേസും കൂട്ടോം…”
“എല്ലാം ശരിയായി വന്നപ്പോളേയ്ക്കും സ്നേഹിച്ച പെണ്ണിനെ കെളവൻ പട്ടരു് കൊണ്ടുപോയീന്നുമാത്രമല്ല, ഒരു കൊച്ചുമായി. ഓ… അതത്ര വല്യേ കാര്യാ! തന്റെ പെണ്ണിനു ഒരു കൊച്ചൊണ്ടായി… അതും തനിക്കൊള്ളതു തന്നെ എന്നുതന്നെ കരുതി അയാൾ.”
കാളിക്കുട്ടി വലിയമ്മായി പെട്ടെന്നു് ഏതോ ചിന്തയിലേയ്ക്കു വീണു; പിന്നെ തന്നോടെന്ന പോലെ പറഞ്ഞു:
“അവനാ ആണു്; നല്ല തന്തയ്ക്കു പെറന്നവൻ, നെറിവൊള്ളവൻ!”
മറ്റാരുടേയോ പേർക്കു് എന്തോ വൈരാഗ്യം ഉള്ളിൽ പേറുന്നു വലിയമ്മായി എന്നു് അപ്പച്ചിയമ്മൂമ്മ മനസ്സിൽ കുറിച്ചു.
ഒരു നീണ്ടനെടുവീർപ്പിൽ മനസ്സിനെ കഴുകിത്തുടച്ചു് തിരിച്ചുകൊണ്ടുവന്നു വലിയമ്മായി കഥ തുടർന്നു:
‘കേശവപ്പണിക്കർ കേസും കൂട്ടോം എല്ലാം കഴിഞ്ഞു് പണ്ടത്തേക്കാൾ കേമനായി തിരിച്ചെത്തിയ വിവരമറിഞ്ഞിട്ടും പുന്നശ്ശേരി പപ്പനാപിള്ളയ്ക്കു പേടിയൊന്നുമില്ലായിരുന്നു. എന്തിനു പേടിക്കണം. പെണ്ണിനു് ഒരു ബ്രാഹ്മണൻ തന്നെ സമ്മന്തായി, അതിലൊരു കൊച്ചുമായി.’
‘ഇനിയെന്തോ പിണ്ണാക്കാ അയ്യാളുചെയ്യാൻ പോണു? കൊറച്ചു ചൊറിച്ചിലുകാണും, ഒരച്ചുകളയട്ടെ… ഹാ… ഹ… ഹ… താൻ തന്റെ പാട്ടിനു പോടോ, തന്റെയൊരു വാർത്ത!’ പപ്പനാപിള്ള കാര്യസ്ഥൻ ശങ്കുണ്ണ്യാരെ ഓടിച്ചു.
പെട്ടെന്നു് കാളിക്കുട്ടി വലിയമ്മായി പൊട്ടിച്ചിരിച്ചു:
“പട്ടി കോട്ടേ പോയപോലേന്നു് പറഞ്ഞു കേട്ടിട്ടില്ലേ, അതുപോലാ എന്റെ കഥ പറച്ചില്! എന്നാ കേട്ടോണ്ടിരുന്ന നിങ്ങളു ചോദിക്കണ്ണ്ടോ ഇപ്പറയണ പുന്നശ്ശേരി പപ്പനാപിള്ളേം കേശവപ്പണിക്കരുമൊക്കെ ആരാണെന്നു്. പണ്ടേപ്പോലല്ല മക്കളെ, ഓർമ്മൊക്കെ ഒരു അടുക്കും ചിട്ടേമായിട്ടങ്ങു വരുന്നില്ല.”
‘ആ കഥ ചരിത്രരേഖയാക്കേണ്ടതാണു്, അന്നതിനു അത്രയ്ക്കും പ്രാധാന്യമുണ്ട്’, സാവിത്രിക്കുട്ടി ഓർമ്മിച്ചു: 1854-ൽ തിരുവിതാംകൂർരാജ്യവും കൊച്ചീരാജ്യവും അടിമവ്യാപാരം നിർത്തലാക്കി. അതു ചരിത്രസംഭവം. എന്നുവച്ചു് പാവപ്പെട്ട കീഴ്ജാതിക്കാരുടെ അടിമത്താവസ്ഥ ഇല്ലാതായോ? ഇല്ല, അതും ചരിത്രം. അതിലും വലിയ ചരിത്രസത്യമല്ലേ സ്ത്രീയുടെ അടിമത്താവസ്ഥയ്ക്കു് അറുതിവരുത്താൻ ഒരു നിയമവും സഹായകരമായില്ല എന്നതു്.
എന്നാൽ 1854-ലെ വിളംബരം കഴിഞ്ഞു് കൃത്യം നാലുകൊല്ലത്തിനുശേഷം തിരുവിതാംകൂറിൽ കരപ്പുറം ദേശത്തു് ഒരു മഹാസംഭവമുണ്ടായി-ഒരു ആഢ്യനായർത്തറവാട്ടിലെ പെണ്ണു്; അകമ്പടിയില്ലാതെ കുടുംബക്ഷേത്രത്തിൽപോലും പോകാൻ പെണ്ണുങ്ങൾക്ക് അനുമതിയില്ലാത്ത കാലം-അതും ബ്രാഹ്മണബാന്ധവമുള്ള, ഒരു കുഞ്ഞിന്റെ തള്ളയായ പതിനെട്ടുകാരിപ്പെൺകുട്ടി, ഒളിച്ചോടി; അടിമത്തം വലിച്ചെറിഞ്ഞു് സ്വതന്ത്രയായി തന്റെ വഴിനോക്കിപ്പോയി.
തന്റെയമ്മ വികാരഭരിതയായിട്ടാണു് ആ കഥ പറഞ്ഞിട്ടുള്ളതു്, താൻ കുട്ടിയായിരിക്കുമ്പോൾ. പക്ഷെ വിശദവിവരങ്ങളൊന്നും അമ്മ പറഞ്ഞില്ല; അമ്മയ്ക്കറിയാമായിരുന്നോ എന്തോ. താനൊരു വിപ്ളവനായികയുടെ കൊച്ചുമകളാണെന്നു് അഭിമാനിച്ചുകൊണ്ടു് ഒരിക്കൽ പറഞ്ഞതാണു് ഇക്കഥ തന്റെ അമ്മ.
സാവിത്രിക്കുട്ടി ആദ്യമായി കേൾക്കാൻ പോകുന്നു ആ കഥ എന്ന ആകാംക്ഷ മുഖത്തുവരുത്തി ചെവികൂർപ്പിച്ചു.