കാളിക്കുട്ടി വലിയമ്മായി കഥ തുടർന്നതു് ‘പാറൂട്ടി‘യിലൂടെയാണു്:
വീട്ടിലുള്ളവരുടെയെന്നല്ല നാട്ടുകാരുടേയും ഓമനക്കുട്ടിയാണു് പാറൂട്ടി. പക്ഷേ, പാറൂട്ടി എന്നു വിളിക്കാൻ അവകാശം കാരണവരായ പുന്നശ്ശേരി പപ്പനാപിള്ളയ്ക്കു മാത്രം. കുടുംബത്തിന്റെ വിളക്കാണവൾ, പരമ്പര നിലനിർത്താൻ ആദ്യം കുടുംബത്തിൽ പിറന്ന ഐശ്വര്യറാണി! കാരണവരുടെ കണ്ണിലുണ്ണി!
കുടുംബത്തിലുള്ള വേണ്ടപ്പെട്ടവർക്ക് അവളെ പാറു എന്നുവിളിക്കാം. പക്ഷെ അവളെന്തു തെറ്റു ചെയ്താലും ശാസിക്കാനും ശിക്ഷിക്കാനുമൊന്നും അവളുടെ അമ്മ ഭാരതിപ്പിള്ള-കാരണവരുടെ മൂത്തസഹോദരി-യ്ക്കുപോലും അധികാരമില്ല. പാറൂന്റെ അഛൻ രാമൻകർത്താവിനു ആരേയും ശാസിക്കാനും ശിക്ഷിക്കാനും അറിയില്ല, സ്നേഹിക്കാനല്ലാതെ. പാറുവാണെങ്കിൽ അതിനുള്ള അവസരമുണ്ടാക്കാറുമില്ല, അത്രയ്ക്കും സൽസ്വഭാവിയും അനുസരണയുള്ളവളുമാണു് പാറു.
പാറൂട്ടിയെ നാട്ടിലുള്ളവർ വിളിക്കുന്നതും റെക്കോർഡുകളിൽ കാണിക്കുന്നതുമെല്ലാം ‘പാർവ്വതിപ്പിളള’ എന്നാണു്. അമ്മ വഴി തിരുമുഖത്തുപിള്ളയുടെ പിൻതലമുറക്കാരാണത്രെ.
ഒരിക്കൽ മാത്രമാണു് കാരണവർ പാറൂട്ടിയെ ‘പാർവ്വതിപ്പിള്ളേ’ എന്നു വിളിച്ചിട്ടുള്ളതു്; അതൊരു വിളിയായിരുന്നു, കലിതുള്ളി സർവ്വാംഗം വിറച്ചു്…
അതൊരു കഥയാണു്… പാറൂട്ടിയുടെ സമ്മന്തം നിശ്ചയിച്ചതിന്റെ കഥ!
‘വല്ല്യോപ്പോണ്ടോവ്ടെ? ഇങ്ങോട്ടൊന്നു മുഖം കാണിക്ക്യാ’, കാരണവരുടെ അരുളപ്പാടു കേട്ടതും അയാളുടെ മൂത്തസഹോദരിയും പാറൂട്ടിയുടെ അമ്മയുമായ ഭാരതിപ്പിള്ള വലിയ ഇറയത്തേയ്ക്കു മുഖം നീട്ടി:
‘എന്താണാവോ എന്നെ വിളിച്ചേ?’ ഭവ്യതയോടെ ഭാരതിപ്പിള്ള ചോദിച്ചു. മൂത്തസഹോദരി എന്നല്ല അമ്മയായാൽപോലും കാരണവരുടെ മുൻപിൽ നേർക്കുനേർ നിന്നു് സംസാരിക്കില്ല, മറഞ്ഞുനിന്നു് ഭവ്യതയോടെ…
ചാരുകസേരക്കയ്യിൽ നിന്നു് കാലിറക്കിവച്ചു് മുന്നോട്ടാഞ്ഞിരുന്നു് കാരണവർ കരുണയോടെ പറഞ്ഞു:
‘ന്താന്ന്വച്ചാ കൊറേ കണ്ടകടച്ചാണീക്കെ കണ്ടത്തീന്നു ശേഖരിച്ചോളൂ. ഇന്നലെ നെല്ലു് അഞ്ചുപറ കൂടുതലളന്നിട്ടില്ലേ, എന്തിനാന്നു് വല്ല നിശ്ചയോണ്ടോ! ആട്ടെ, അപ്പോ അരീമായില്ലേ; ഒരു പറകൂടി അളക്കാൻ പറയാം, ഒണക്കലരിക്കു്… നാളെ കഴിഞ്ഞു് മറ്റന്നാൾ. ഉപായത്തിലൊരു സദ്യവട്ടോക്കെ ആകാം. പായസത്തിനോ ബാക്കിയെന്തൊക്കേന്ന്വച്ചാൽ കിട്ട്വാരെ ഇപ്പത്തന്നെ ആലപ്പുഴയ്ക്കയച്ചോളൂ. ങാ, പിന്നെ… വാഴക്കൊല മൂന്നാലെണ്ണം-പൂവൻ തന്നെ-കളത്തിലെ പെട്ടീ വെട്ടിവയ്ക്കാനേപ്പിച്ചേക്കുന്നു. നീം എന്താന്ന്വച്ചാ പറഞ്ഞോളൂ… ഉപ്പേരിക്കൊള്ള ഏത്തക്കായ കിട്ട്വാരു് എത്തിക്കും.’
‘അതിപ്പ… എന്താണാവോ വിശേഷായി…’ ഭാരതിപ്പിള്ള വിക്കി വിക്കി അത്രത്തോളമെത്തിയപ്പോഴേ കാരണവർ കൈയുയർത്തി തടഞ്ഞു.
‘മതി, നിർത്ത്വാ… ന്താ കാര്യംന്നറിഞ്ഞാലേ പറ്റൂന്നാ? എന്നാ ഇവ്ടെ പെണ്ണുങ്ങള് ചോദ്യം ചോദിക്കാൻ തൊടങ്ങ്യേ?’ കാരണവരുടെ ഭീഷണമായ ശബ്ദം കേട്ടു ഭാരതിപ്പിള്ള നടുങ്ങി.
പെണ്ണുങ്ങളുടെയെന്നല്ല സംബന്ധക്കാരുടേയും അനന്തിരവരുടേയും ഒന്നും ശബ്ദം കാരണവർ കേൾക്കെ അവിടെ ഉയരാറില്ല; ഉയരാൻ പാടില്ല. പെൺകുഞ്ഞുങ്ങൾ ശബ്ദമുയർത്തി കരയുകയോ ചിരിക്കുകയോ ഒരിക്കലും സംഭവിച്ചുകൂടാ; പിന്നെയല്ലേ ചേച്ചിയായാലും കാരണവരോടു നേരെ ചോദ്യം ചോദിക്കുക!
പക്ഷെ, പാറൂട്ടി എട്ടുപത്തു വയസ്സുവരെ പശുക്കിടാവിനെപ്പോലെ വീടും പുരയിടവും മുഴുവൻ തുള്ളിമറിഞ്ഞും ഒച്ചവച്ചും നടന്നു; അവളുടെ മാത്രം അവകാശമായിരുന്നു. തറവാട്ടിൽ പുതിയ തലമുറയിലെ ആദ്യ സന്തതി-മകം പിറന്ന മങ്ക. അവളുടെ അമ്മ ഭാരതിപ്പിള്ളയും അച്ഛൻ രാമൻകർത്തായും വെളുത്തിട്ടാണു്. പക്ഷെ പാറൂട്ടിക്കു് ഇരുനിറമാ, കാരണവരുടെ അതേ നിറം. പക്ഷേ അതിസുന്ദരി.
കാരണവർക്ക് ആറുപെങ്ങന്മാരും നാലു അനുജന്മാരും. അനുജന്മാർ കഥയിൽ വരേണ്ട കാര്യമില്ല. എന്നാലും അവരേം കൂട്ടി പതിനൊന്നു പേർക്കുംകൂടി പത്തിരുപതു മുട്ടാളന്മാർ പിറന്നു. അതിൽ കാരണവർക്കുണ്ടായ നാലുകൊമ്പന്മാരും പെടും. അങ്ങനെയിരിക്കുമ്പോളാണു് ഏറ്റവും മൂത്ത ഭാരതിപ്പിള്ളയ്ക്കു പെണ്ണു് പിറക്കുന്നതു്. കുടുംബത്തിൽ ആദ്യമായി പിറന്ന പെൺതരിയാണു് പാറു, പാർവ്വതി. കുടുംബം നിലനിർത്താനുള്ള ആദ്യ പെൺകുരുന്നു്. പാറൂന്റെ കെട്ടുകല്യാണം ഒന്നര വയസ്സിലായിരുന്നു… നാലു നിലപ്പന്തലിട്ടു്, നാടാകെ സദ്യ കൊടുത്തു്…
പാർവ്വതിക്കു പുറകേ തറവാട്ടിൽ പെൺകിടാങ്ങൾ പിറന്നു. എന്നുവച്ചു് പാർവ്വതി പാറൂട്ടിതന്നെ; കാരണവരുടെ കരുതലും വാത്സല്യവും അവൾക്കു നൽകിയ സ്ഥാനവും ചോദ്യം ചെയ്യപ്പെടാനാകാത്തതായിരുന്നു.
പാർവ്വതിയുടെ ജനനത്തോടെ കാരണവർക്ക് വച്ചടി വച്ചടി കയറ്റം തന്നെ… പിന്നെപ്പറയണോ!