പുന്നശ്ശേരി മഠത്തിലെ സന്തതി വയസ്സറിയിച്ചിട്ടു കൊല്ലം നാലായി.
കാരണവർ പറഞ്ഞില്ല സദ്യ നടത്താൻ മാത്രമുള്ള വിശേഷമെന്താണെന്നു്…
പക്ഷെ ‘കാര്യസ്ഥപ്പരിഷ’ കളിലാരിലോ നിന്നു വാർത്ത വടക്കിനിയിൽ ചോർന്നു കിട്ടി. ഏതോ പാണ്ടിപ്പട്ടർ പാർവ്വതിപ്പിള്ളയ്ക്കു പുടവകൊടുക്കുന്നു! ആലപ്പുഴേന്നു് പുടവയുമൊക്കെ എടുപ്പിച്ചു് വല്യമ്മായിയുടെ മുറിയിൽ വച്ചുപൂട്ടിയിരിക്കുന്നു!
ഭാരതിപ്പിള്ള ഞെട്ടി “ഏതോ വയസ്സൻ, ‘ശമയലുകാരൻ’ (പാചകക്കാരൻ) പാണ്ടിപ്പട്ടർ തന്റെ പൊന്നുമോൾക്കു് ഭർത്താവു്!”
‘തന്റെ മോളുടെ അച്ഛൻ രാമൻകർത്താവിനെ എങ്ങനെ വിവരമറിയിക്കും; കൊടുങ്ങല്ലൂർ കോവിലകത്തു് കുട്ടികളെ സംസ്കൃതം പഠിപ്പിച്ചു കഴിയുകയാണെന്നും, അതല്ല സന്യാസം സ്വീകരിച്ചു് യാത്രയിലാണെന്നും കേൾക്കുന്നു. അറിയിച്ചിട്ടും കാര്യമില്ല, അദ്ദേഹം ഈ നാട്ടിൽ കാലുകുത്തിയാൽ കൊന്നുകളയുമെന്ന ഒരേ നിലപാടിലാണു് കാരണവർ. കൊല്ലാൻ മടിയില്ലാത്തവനാ അയാൾ.’
‘പാറുവിന്റെ കെട്ടുകല്യാണം രാമൻകർത്താവു് എത്ര ശക്തിയായി എതിർത്തു; വൃത്തികെട്ട ആചാരങ്ങൾക്കു് എന്റെ കുഞ്ഞിനെ വിട്ടുതരില്ലെന്ന വാശിയിൽ നിന്നു. എന്നിട്ടോ!’
‘സമ്മന്തക്കാരൻ സമ്മന്തക്കാരനായാ മതി. അച്ഛന്റെ അധികാരം എടുത്ത ചരിത്രം ഈ കുടുംബത്തിലില്ല, അതൊട്ടു നടക്ക്വേമില്ല.’ എന്നായിരുന്നു അനിയന്റെ ധാർഷ്ട്യം. എത്ര കരഞ്ഞുപറഞ്ഞാണു് ഭർത്താവിനെ തണുപ്പിച്ചതു്. ഇല്ലെങ്കിൽ അനിയൻ അദ്ദേഹത്തെ കൊന്നു കുളത്തിൽ താഴ്ത്തുമെന്നുറപ്പായിരുന്നു.’
‘പാറൂന്റെ പഠിത്തക്കാര്യം വന്നപ്പോൾ തമ്മിൽ നേർക്കുനേർ വഴക്കായില്ലേ. അവസാനം തന്നേം മക്കളം കൊണ്ടു് തറവാട്ടിൽ നിന്നെറങ്ങാൻ നിന്നപ്പളേയ്ക്കും കാരണവരും റൗഡിസെറ്റും കൂടി ചാടി വീണില്ലേ… അടീം തടേം… കൂട്ടനിലവിളീം ബഹളോം…’
ഒരു തരത്തിലാണു് ഭാരതിപ്പിള്ളയും പാറുവും കൂടി രാമൻ കർത്താവിനെ രക്ഷിച്ചു മുറീലാക്കി പൂട്ടിയതു്. മേലാൽ രാമൻ കർത്താവിന്റെ സംബന്ധം ഈ കുടുംബത്തു വേണ്ടാ, അയാളെ ഇറക്കി വിടണമെന്നു് കാരണവരുടെ സുഗ്രീവാജ്ഞ.
എത്ര പാടുപെട്ടാണു് ഭാരതിപ്പിള്ള ഭർത്താവിനെ രക്ഷിച്ചതു്. നല്ലവനായ ഇളയ അനുജൻ തന്ത്രപൂർവ്വം അദ്ദേഹത്തെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി ബോട്ടിൽ ചങ്ങനാശ്ശേരിയിലെത്തിച്ചു.
‘പിന്നീടു് വല്ലപ്പോളും വിവരങ്ങളറിഞ്ഞിരുന്നതു് ആ അനുജൻ വഴിക്കായിരുന്നു. അങ്ങനെയാണു് കൊടുങ്ങല്ലൂർ കോവിലകത്തെ കുട്ടികളെ സംസ്കൃതവും ഇംഗ്ലീഷും പഠിപ്പിച്ചു കഴിയുകയാണെന്നറിഞ്ഞതു്. അനുജൻ നാട്ടിലില്ല. രാമൻകർത്താവിന്റെ വിവരങ്ങളറിയാനും ഇവിടത്തെ വിവരങ്ങളറിയിക്കാനും മാർഗ്ഗമില്ല; അറിയിച്ചാലും അപകടമാണു്. അദ്ദേഹം തീർച്ചയായുമെത്തും. പിന്നെന്തു നടക്കുമെന്നു്…’
മകളെ രക്ഷിക്കാൻ താനല്ലാതെ മറ്റാരുമില്ലെന്ന അറിവിൽ ഭാരതിപ്പിള്ള തളർന്നു. തന്റെ പൊന്നോമന മകൾക്കു് അരിയും വെളിച്ചെണ്ണയും തേങ്ങയും ദിവസക്കൂലിക്കു് വാങ്ങാൻ വരുന്ന ഒരു ‘സമ്മന്തക്കാരൻ!’ ആ അമ്മ ധൈര്യം സംഭരിച്ചു.
പിറ്റേന്നു രാവിലെ ചാരുകസേരയിലിരുന്നു് കാര്യസ്ഥനുമായും ശിങ്കിടികളുമായും ‘പുടകൊട’ ആഘോഷത്തെപ്പറ്റി ചർച്ചചെയ്തുകൊണ്ടിരുന്ന കാരണവരുടെ മുൻപിൽ ആചാരം മറന്നു് ഭാരതിപ്പിള്ള ചെന്നുനിന്നു; നേരേനോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
‘ആ പാണ്ടിപ്പട്ടർക്കു് അമ്പതുകടന്നു. ഭാര്യേം മക്കളും നാട്ടിലൊണ്ടു്; വേറെ സമ്മന്തം ഒണ്ടേനും… പാറു കുട്ടിയല്ലേ, ഇപ്പളേ ഇതു വേണോ? അല്ലേലും അവൾടെ അച്ഛനോടു പറയാതെ… അവളിതു സമ്മതിക്കൂന്നു് തോന്ന്ണൊണ്ടോ അനീന്?’
‘ഭാ…’ പുന്നശ്ശേരി പപ്പനാപിള്ള ചാടിയെഴുന്നേറ്റു, നിലത്തു് രണ്ടുമൂന്നുതവണ അമർത്തിച്ചവിട്ടി താണ്ഡവമാടി; പിന്നെ ഒരലർച്ച: ‘എന്നെ ധിക്കരിക്കേ… ഈ കുടുംബത്തിലെ സന്തതീടെ കാര്യം നിശ്ചയിക്കാൻ അച്ചനോ, എന്തച്ചൻ! അയാടെ കാര്യം മിണ്ടരുതിവ്ടെ. മൂത്തതാണൊന്നും ഞാനോർക്കുകേലാ.’
‘എടീ പാർവ്വതിപ്പിള്ളേ… പാർവ്വതീ…’ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുമ്പിലെത്തിയ അനന്തിരവൾ കാരണവരെ ദയനീയമായി നോക്കി യാചിക്കും പോലെ പറഞ്ഞു:
‘എനിക്കു പട്ടരെ വേണ്ടമ്മാവാ.’
അലിവില്ലാതെ കാരണവരലറി:
‘ഭാ… വായടയ്ക്കു്… നേരേനോക്കി കാര്യം പറയുന്നോ, അസത്തു്… നിന്റെ തന്തയെന്നു പറയുന്നവനെങ്ങാനും വന്നാൽ കണ്ടിച്ചു ചെളീ താത്തും… ങാഹാ… രാമാ, ശങ്കരാ, നാണീ ഇന്നുമുതൽ തള്ളയ്ക്കും മക്കൾക്കും കാവൽ നിന്നോണം. എതിർത്താൽ… ശവങ്ങൾടെ എണ്ണം ഞാൻ പറേണോ?’