മകൾക്കു കിളവൻ പാണ്ടിപ്പട്ടർ സമ്മന്തം തുടങ്ങിയതു് രാമൻകർത്താവറിയുന്നതു് ദിവസങ്ങൾക്കുശേഷമാണു്. അമ്മയുടെ അതേ ഗതി മകൾക്കും-ആ അഛൻ സങ്കടപ്പെട്ടു…
…ഭാരതിപ്പിള്ളയ്ക്കു ആദ്യം പുടവകൊടുത്തതു് വലിയ ആഢ്യൻ നമ്പൂതിരി തന്നെയായിരുന്നു. അയാൾക്കു് അറുപതും ഭാരതിപ്പിള്ളയ്ക്കു് പതിനാറും വയസ്സു്… അതിലൊരാൺകുട്ടിയുണ്ടായി… ഒരു മന്ദബുദ്ധിയായ കുഞ്ഞു്. അതീപ്പിന്നെ അയാൾ വന്നില്ല. എഴുന്നേറ്റു നിൽക്കാനാവതൊണ്ടായിട്ടു വേണ്ടേ സമ്മന്തം!
ഭാരതിപ്പിള്ള ആട്ടിയിറക്കിയതാണെന്നു് അകത്തൊക്കെ പാട്ടായി. അതല്ല, അനുജന്മാരെയാരെയോ ശട്ടംകെട്ടി പേടിപ്പിച്ചോടിച്ചതാണെന്നും പറയുന്നു. കാരണവന്മാർ അനുനയിപ്പിക്കാൻ നോക്കിയിട്ടും നമ്പൂതിരി പിന്നെ വന്നില്ല.
ആറേഴു കൊല്ലം കഴിഞ്ഞാണു് രാമൻകർത്താവു് ഭാരതിപ്പിള്ളയെ സമ്മന്തം ചെയ്യുന്നതു്. അന്നത്തേയ്ക്കു് പപ്പനാപിള്ള കാരണവരായി സ്ഥാനമേറ്റിരുന്നു.
തറവാട്ടിൽ കുട്ടികളെ സംസ്കൃതം പഠിപ്പിക്കാൻ കൊണ്ടുവന്ന വാദ്ധ്യാരായിരുന്നു രാമൻകർത്താവു്. ഇംഗ്ലീഷ് വിദ്യാഭ്യാസവുമുണ്ടു്. ചങ്ങനാശേരിയിൽ ഒരു മുന്തിയ കുടുംബത്തിലെ അംഗം. സാമ്പത്തികമായി കുറച്ചു ക്ഷയിച്ചുപോയെന്നേയുള്ളൂ. കണ്ടാൽ യോഗ്യൻ, സ്നേഹവും വിനയവും മര്യാദയും. പഠിപ്പിക്കാൻ മിടുക്കൻ-ചൂരലും പാണൽവടിയുമൊന്നുമില്ലാതെ… കാരണവർക്കു ‘ക്ഷ’ പിടിച്ചു.
അങ്ങനെ ഭർത്താവില്ലാതെ കഴിയുന്ന മൂത്ത സഹോദരി ഭാരതിപ്പിള്ളയ്ക്കു് പപ്പനാപിള്ള രാമൻകർത്താവു് എന്ന ചെറുപ്പക്കാരനെക്കൊണ്ടു് നിറഞ്ഞമനസ്സോടെ പുടവ കൊടുപ്പിച്ചു. അതിൽ കിട്ടിയ സൗഭാഗ്യമാണു് പാറൂട്ടി എന്ന പാർവ്വതിപ്പിള്ള.
അതിലും വലിയ സൗഭാഗ്യം കൊണ്ടുവന്നു രാമൻ കർത്താവു് ഭാരതിപ്പിള്ളയ്ക്കും, പുന്നശ്ശേരിമഠമെന്ന തറവാടിനും.
ഭാരതിപ്പിള്ളയ്ക്കു് കിളവൻ നമ്പൂതിരിയുമായുള്ള ആദ്യ സമ്മന്തത്തിലുണ്ടായ മന്ദബുദ്ധിയായ മകനെ രാമൻകർത്താവു് സ്വന്തം മകനായിത്തന്നെ അംഗീകരിച്ചു; ഭാര്യയുടെ മനസ്സിന്റെ വേദന അയാൾ ഏറ്റെടുത്തു. ആദ്യം വലിയ വലിയ നാട്ടുവൈദ്യന്മാരെ കാണിച്ചു ചികിത്സിപ്പിച്ചു. വലിയ മെച്ചമൊന്നുമുണ്ടായില്ല, രാമൻകർത്താവിന്റെ കയ്യിൽനിന്നു് പൈസ കുറെ ചെലവായി എന്നുമാത്രം.
പിന്നെയാണു് മദിരാശിയിൽ കൊണ്ടുപോയാൽ രക്ഷകിട്ടുമെന്നു് വിദഗ്ധോപദേശം കിട്ടുന്നതു്. ഒരുപാടു ചെലവുവരും. അതുകൊണ്ടു് ഭാരതിപ്പിള്ള കാരണവരോടു് ആവശ്യം പറഞ്ഞു. ‘ആ പേട്ടുതല ഇനി മദിരാശീക്കൊണ്ടുപോയി പൊളിച്ചാ പരിപ്പുകിട്ട്വോന്നു് നോക്കാനാ? ഓപ്പേടെ സമ്മന്തക്കാരനോടു് സ്വന്തംകാര്യം നോക്കി ഇവടെങ്ങാനും കഴിഞ്ഞാ മതീന്നു പറ.’ എന്നു പറഞ്ഞു് ആ ആവശ്യം തള്ളി കാരണവർ.
അദ്ധ്യാപനത്തിൽ നിന്നും കിട്ടിയതും ഭാരതിപ്പിള്ളയുടെ സ്വന്തം സമ്പാദ്യവും തന്റെ സ്വന്തം ഭൂമിയിലൊരു ഭാഗം വിറ്റുകിട്ടിയ പൈസയുമായി രാമൻകർത്താവു് ഭാരതിപ്പിള്ളയുടെ മകനെ മദിരാശിയിൽ കൊണ്ടുപോയി ചികിത്സിച്ചു. ഓപ്പറേഷനും മരുന്നുകളും ചികിത്സയും ഫലിച്ചു; ആ കുട്ടിയെ മനുഷ്യനാക്കിയെടുക്കാൻ സാധിച്ചു. വലിയ ബുദ്ധിമാനൊന്നുമായില്ലെങ്കിലും അവർ സാധാരണകുട്ടികളെപ്പോലെ സംസാരിക്കാനും പെരുമാറാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും പഠിച്ചു. പന്ത്രണ്ടാം വയസ്സിൽ അവനെ സ്ക്കൂളിൽ ചേർത്തു.
ആരും പ്രതീക്ഷിക്കാത്ത നേട്ടം! രാമൻകർത്താവു് ഭാരതിപ്പിള്ളയ്ക്കു് കാണപ്പെട്ട ദൈവമായി. പക്ഷേ, കാരണവർക്ക് അയാൾ കണ്ണിലെ കരടായി: തന്നെ താഴ്ത്തിക്കെട്ടിയിരിക്കുന്നു!
പാർവ്വതി പഠിപ്പിൽ മിടുക്കിയായിരുന്നു, അതീവബുദ്ധിശാലി. അച്ഛൻ തന്നെയായിരുന്നു അദ്ധ്യാപകൻ. അവളുടെ ചിട്ടയും ശ്രദ്ധയും ആഗ്രഹവും കണ്ടപ്പോൾ മകളെ സ്ക്കൂളിൽ ചേർത്തു പഠിപ്പിക്കാൻ കർത്താവു തീരുമാനിച്ചു. അതിനുള്ള പദ്ധതിയും തയ്യാറാക്കി.
ആലപ്പുഴ പെൺപള്ളിക്കൂടത്തിൽ ചേർക്കണം. അവിടെയടുത്തു് വീടെടുത്തു് തുണയ്ക്കു് നാണിയേയും മറ്റൊരാളെയും പാർപ്പിക്കണം. എല്ലാ വെള്ളിയാഴ്ചയും താൻപോയി കൊണ്ടുവരും, തിങ്കളാഴ്ച അവിടെ കൊണ്ടാക്കും.
മകളെ പിരിഞ്ഞിരിക്കാൻ ഒട്ടും മനസ്സില്ല. എന്നിട്ടും ആ പദ്ധതി ഭാരതിപ്പിള്ളയ്ക്കു ബോധിച്ചു; കാരണം മകളുടെ ആഗ്രഹത്തിന്റെ ആഴം അമ്മയ്ക്കറിയാം. പക്ഷെ രണ്ടു കീറാമുട്ടികൾ മുൻപിൽ-കാരണവരുടെ സമ്മതം, പിന്നെ പണം.
മക്കൾ നാലാണു്; മൂത്തവന്റെ ചികിത്സയും ഇപ്പോഴും തുടരുന്ന മരുന്നുകളും മറ്റു കാര്യങ്ങളും. രാമൻ കർത്താവു് വളരെ പരുങ്ങലിലാണു്. കാരണവർ ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതു് വാരിക്കൂട്ടുന്നുണ്ടെന്നറിയാം. പക്ഷേ ചോദിക്കാൻ ഭാരതിപ്പിള്ളയ്ക്കു ധൈര്യം പോരാ.
അവസാനം ധൈര്യം സംഭരിച്ചു് കാര്യം അവതരിപ്പിച്ചപ്പോളോ!
കാരണവർ നിന്നു വിറച്ചു. തറവാട്ടിലെ പെണ്ണുങ്ങൾ മറ്റു ജാതിക്കാർക്കൊപ്പം സ്ക്കൂളിൽപ്പോകുകയോ! അതും ആലപ്പുഴ പോലെ ദൂരെനാട്ടിൽ!
പാർവ്വതിയുടെ കരച്ചിലും ഭാരതിപ്പിള്ളയുടെയും രാമൻകർത്താവിന്റേയും ന്യായവാദങ്ങളും എങ്ങുമെത്തിയില്ല. ഭയങ്കര വഴക്കിലാണു് വാദപ്രതിവാദങ്ങൾ എത്തിച്ചേർന്നതു്…
രാമൻകർത്താവു് മേലാൽ അവിടത്തെ സംബന്ധക്കാരനായി തുടരേണ്ടെന്നു കാരണവർ തീരുമാനിച്ചു. കാരണവരുടെ ഗുണ്ടാപ്പടയിൽ നിന്നു് ഭർത്താവിനെ രക്ഷിച്ചു് മുറിക്കകത്താക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകുമെന്നുറപ്പുള്ള ഭാരതിപ്പിള്ള പിറ്റേന്നു് വിശ്വസ്തനായ ഇളയ അനുജനൊപ്പം രാമൻകർത്താവിനെ നാട്ടിലേയ്ക്കയച്ചു.
അന്നുവരെ ജീവന്റെ ജീവനായി കരുതിയിരുന്ന അമ്മാവനെതിരെ വെറുപ്പിന്റെ കനൽ വീണു പാറൂട്ടിയുടെ മനസ്സിൽ. അമ്മാവന്റെ വാത്സല്യത്തേക്കാളും സാന്ദ്രതയേറിയതായിരുന്നു തന്റെ അച്ഛൻ ചൊരിഞ്ഞിരുന്ന സ്നേഹവും ലോകവിവരവും. അതു തന്നിൽ നിന്നു തട്ടിപ്പറിച്ചെടുത്തവരോടു്…
അവളന്നു് വെറും പന്ത്രണ്ടുകാരി; ഒരായുധവുമില്ല പോരാടാൻ; പക്ഷെ മനസ്സിൽ വീണ പകയുടെ കനൽ ഊതിയൂതി ജ്വലിപ്പിച്ചു നിർത്താൻ അവൾ മറന്നില്ല…