പുന്നശ്ശേരിത്തറവാട്ടുകാർ ജന്മിമാരാണു്; ആഢ്യത്തവുമുണ്ടു്. പക്ഷെ കൊല്ലും കൊലയും നടത്താനുള്ള അധികാരമൊന്നും ചാർത്തിക്കിട്ടിയവരല്ല.
എന്നാൽ മേലാംകോടു്, മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നു് കൊല്ലിനും കൊലയ്ക്കുമുള്ള അധികാരം ചാർത്തിക്കിട്ടിയ പ്രഭുകുടുംബമാണു്.
മേലാംകോടു് വലിയ കാരണവർ മരിക്കുമ്പോൾ മൂത്ത അനന്തിരവനായ കേശവനു പതിനെട്ടാണു പ്രായം. പക്ഷെ അയാളുടെ ബുദ്ധിക്കും പ്രാഗത്ഭ്യത്തിനും അമ്പതുവയസ്സു്. ആജാനുബാഹുവൊന്നുമല്ല; എന്നാലെന്താ, ഒത്ത രൂപം. പോരാത്തതിനു് അടിതടയൊക്കെപ്പഠിച്ച യോദ്ധാവു്. പരിശീലനം കിട്ടിയ അനുചരന്മാർ. കുടുംബത്തിലും അംഗബലത്തിനു കുറവൊന്നുമില്ല.
ആത്മവിശ്വാസത്തോടെ കേശവനെ കുടുംബഭരണം ഏല്പിച്ചിട്ടാണു് കാരണവർ പോയതു്.
ചുരുങ്ങിയ കാലംകൊണ്ടു് നാട്ടുകാരെയും, അടിയാന്മാരേയും, കുടികിടപ്പുകാരേയും കയ്യിലെടുക്കാൻ സാധിച്ചു കേശവപ്പണിക്കർക്കു്. മാത്രമല്ല തിരുവിതാംകൂർ മഹാരാജാവിന്റെ പ്രീതി സമ്പാദിക്കാനും സാധിച്ചു ആ തന്ത്രശാലിക്കു്. അങ്ങനെയാണു് കേശവപ്പണിക്കർക്കു് ശ്രീമൂലം പ്രജാസഭാമെമ്പർ ആകാൻ അവസരം കിട്ടുന്നതു്. പ്രാമാണിത്തത്തിനു വേറെന്തു വേണം!
പുന്നശ്ശേരിക്കാരണവർ പപ്പനാപിള്ള-ആള് കൊലകൊമ്പൻ തന്നെ. അനന്തിരവപ്പട പത്തിരുപതുണ്ടു്; സ്വന്തം റൗഡിസെറ്റുവേറെ. പുന്നശ്ശേരിമഠത്തിന്റെ നാലുകെട്ടിലും വടക്കിനിയിലുമെന്നല്ല ആ വേലിക്കകത്തുപോലും ഒരീച്ച പറക്കണമെങ്കിൽ കാരണവരുടെ അറിവും അനുവാദവും വേണം.
മേലാംകോട്ടുകാരേക്കാൾ സമ്പത്തിലും കുടുംബമഹിമയിലും, കായികബലത്തിലും ഒട്ടും താഴെയല്ല തങ്ങൾ എന്നു് വാക്കിലും നോക്കിലും നടപ്പിലുമെല്ലാം വിളംബരം ചെയ്യുകയെന്നതാണു് കാരണവരുടെ പ്രധാന നേരംപോക്കു്.
കാര്യങ്ങളങ്ങനെയിരിക്കുമ്പോഴാണു് കേശവപ്പണിക്കർ ചില കുണ്ടാമണ്ടികളിൽ ചെന്നുചാടുന്നതും കേസും കൂട്ടോമായി കെട്ടിമറിയേണ്ടിവരുന്നതും. അതറിഞ്ഞ സന്തോഷത്തിലിരിക്കുമ്പോഴതാ കേശവപ്പണിക്കർ രാജാവിനെ മുഖംകാണിക്കാൻ പോയിരിക്കുന്നുവെന്ന വാർത്തകൂടി പുന്നശ്ശേരിക്കാരണവരുടെ ചെവിയിലെത്തി. അയാൾ തുള്ളിച്ചാടി, ആഹ്ലാദം കൊണ്ടു്; കാരണമുണ്ടായിരുന്നു.
‘തന്റെ അനന്തിരവളെ മേലാംകോടു് കേശവപ്പണിക്കർക്കു് ഇഷ്ടമാണെന്നും പെണ്ണു ചോദിക്കാനിരിക്കയാണെന്നും ഒരു രഹസ്യവർത്തമാനം കാരണവരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണു് മേലാംകോടു് കാരണവരുടെ കാലദോഷവും തിരുവനന്തപുരം യാത്രയും ഒത്തു വരുന്നതു്. ഏതു കാലക്കേടാണേലും കേശവപ്പണിക്കർ സ്ഥലത്തുണ്ടെങ്കിൽ അപകടം തന്നെ. താനെന്നല്ല, ആരു കൂട്ടിയാലും കൂടില്ല. കരം പിരിക്കാൻ നേരിട്ടുവന്ന അധികാരിയെ കാളയ്ക്കൊപ്പം നുകത്തിൽ കെട്ടി പാടം ഉഴുകിച്ചെന്നല്ലേ പറയണെ; അതാണല്ലോ കേസു്.’
“അതെന്തുകഥയാ, ആരാ അധികാരീന്നു പറഞ്ഞാൽ, അതെന്താ കാര്യം?” അമ്മു ജിജ്ഞാസപ്പെട്ടു.
“അതു ഞാൻ വിശദമായിട്ടു് പിന്നെ പറഞ്ഞുതരാം.” അപ്പച്ചിയമ്മൂമ്മ അമ്മുവിനെ തടഞ്ഞു.
കാളിക്കുട്ടി വലിയമ്മായി കഥ തുടർന്നു:
‘ഇതു തന്നെ പറ്റിയ അവസരം… പുന്നശ്ശേരി കാരണവർ കണക്കുകൂട്ടി. പാറൂട്ടി പതിനാറിലേയ്ക്കു കടന്നതേയുള്ളൂ. എന്നാലും സാരമില്ല. എത്രയായാലും പെണ്ണല്ലേ!’
നാലുപാടേയ്ക്കും ശിങ്കിടികൾ പോയി, വളരെ രഹസ്യമായിരുന്നു. പുറത്തറിഞ്ഞാൽ തീർന്നു: കേശവപ്പണിക്കരുടെ ചാരന്മാരാ ചുറ്റും…
ഒട്ടും താമസമില്ലാതെ ഒരു ദരിദ്രവാസിപ്പട്ടർ കയ്യിലെത്തി…
അയാൾ സമ്മന്തത്തിനു റെഡി… നാടുനടപ്പുപോലെ ദിവസക്കൂലി ‘ഒന്നേകാലും കോപ്പും.’ അങ്ങു നാട്ടിലുള്ള അമ്മ്യാരും മക്കളും കഞ്ഞികുടിച്ചു കിടക്കുമല്ലോ. ‘പ്രായമിത്തിരി കൂടുതലാ…’ ഓ ഇതിനിപ്പം ആണുങ്ങടെ പ്രായത്തിലെന്തിരിക്കുന്നു: അല്ലേലും ഒരു ബ്രാഹ്മണനല്ലേ, ബ്രാഹ്മണനു ധർമ്മം കൊടുക്കുന്നതിന്റെ പുണ്യം വേറേ!
പുന്നശ്ശേരി കാരണവർ സന്തോഷം കൊണ്ടു് പൂമുഖത്തു തെക്കും വടക്കും നടന്നു് നൃത്തം ചവിട്ടി. മേലാംകോടു് കേശവപ്പണിക്കർക്കു് പാറൂട്ടി കൈവിട്ടു പോയതറിയുമ്പോഴുള്ള ഞെട്ടൽ പലതവണ സങ്കല്പിച്ചു് പൊട്ടിച്ചിരിച്ചു:
‘പുന്നശ്ശേരി പപ്പനാപിള്ള ആരാന്നാ കര്ത്യേ. സാക്ഷാൽ തിരുവിതാംകൂർ മഹാരാജാവു് മാർത്താണ്ഡവർമ്മേടെ സേനാനായകൻ തിരുമുഖത്തു പിള്ളേടെ നേർതാവഴിയാ… അല്ല പിന്നേ… എന്നോടാ കളി.’
സംബന്ധം നടന്നു. സുന്ദരയ്യൻ എന്ന പാണ്ടിപ്പട്ടർ പാർവ്വതിപ്പിള്ളയെന്ന പതിനാറുകാരിയുടെ സംബന്ധക്കാരനായി.
പാറൂട്ടിയുടെ അമ്മ തലയിൽ കൈവച്ചു ശപിച്ചു: ‘ദരിദ്രവാസി ശപ്പൻ കൊണം പിടിക്കാതെ പോണേ.’ അനുജനാണേലും പപ്പനാപിള്ളയേയും മനസ്സിൽ മുച്ചൂടും പ്രാകി സമാധാനിച്ചു.
രണ്ടാം കൊല്ലം പാർവ്വതിപ്പിള്ളയ്ക്കു കുഞ്ഞുപിറന്നു. പെൺകുഞ്ഞു്. കുഞ്ഞിനു ആറുമാസം പ്രായമായി.
‘പിന്നല്ലേ രസം.’ കാളിക്കുട്ടി വലിയമ്മായിയുടെ മുഖത്തു് ഏതോ വലിയ സംഭവം മുൻപിൽ കാണുന്ന ഭാവതീവ്രത… ഒരു രാത്രി, കറുത്തപക്ഷം, നല്ല ഇരുട്ടു്… പത്തുനാഴിക ഇരുട്ടി… അമ്പലത്തിൽ അത്താഴപ്പൂജ കഴിഞ്ഞുള്ള നമസ്ക്കാരച്ചോറുകിട്ടും. അതുവാങ്ങി ശാപ്പിട്ടിട്ടേ പട്ടർ വരൂ, സമ്മന്തത്തിനു്. സമ്മന്തത്തിനു കിട്ടുന്ന കൂലിയരിയും കോപ്പും കുടുംബത്തേയ്ക്കു കൊടുക്കണം, രാവിലെ അതുവാങ്ങി ഭാണ്ഡം കെട്ടിയെടുത്താണു പട്ടരുടെ പോക്കു്.
പുന്നശ്ശേരിത്തറവാട്ടിലെല്ലാവരും എപ്പോഴേ ഉറക്കം പിടിച്ചിരിക്കും. നാമജപം കഴിഞ്ഞാൽ ഉടൻ അത്താഴം. അത്താഴം കഴിഞ്ഞാൽ പിള്ളേർ സെറ്റ് ഉടനുറങ്ങും, പാത്രം കഴുകി അടുക്കള കഴുകിത്തുടച്ചു് പെണ്ണുങ്ങളും; അതിനും മുൻപേ ആണുങ്ങളും…
പാർവ്വതിപ്പിള്ളയുടെ വിശ്വസ്തസഹായി നാണി സൂത്രത്തിൽ വീടിനുള്ളിലെ സ്ഥിതിഗതികൾ അറിഞ്ഞുവന്നു. പാറൂട്ടി കുളത്തിൽ ചാടാൻ പറഞ്ഞാലും നാണി ചാടിയിരിക്കും…
നാണി ഉറപ്പുകൊടുത്തു:
‘ഒറങ്ങി കുഞ്ഞേ ഒറങ്ങി, എല്ലാരും കതകടച്ചിട്ടു് കൊറേ നേരായി…’
പാർവ്വതിപ്പിള്ള, പെട്ടി ശബ്ദമുണ്ടാക്കാതെ തുറന്നു് അലക്കിയ ഒന്നരയുംമുണ്ടും എടുത്തുടുത്തു. അലക്കിയെടുത്ത കസവുനേരിയതു പുതച്ചു. കാൽപെട്ടി പൂട്ടുതുറന്നു് പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന പണ്ടങ്ങളെല്ലാം അങ്ങനെതന്നെ ഒരു തോർത്തിൽ പൊതിഞ്ഞുകെട്ടി നാണിയുടെ കയ്യിൽ കൊടുത്തു; എല്ലാം അമ്മയെ ഏല്പിക്കണമെന്നും ആരും കാണരുതെന്നും ചട്ടം കെട്ടി.
സംബന്ധക്കാരിയെ കാണാനില്ലെന്നു വരുമ്പോൾ പട്ടരാദ്യം പെട്ടിതപ്പും; ആഭരണങ്ങളൊരുപാടു് പെട്ടീലൊണ്ടെന്നു് അയാൾ എന്നേ നോക്കി വച്ചിരിക്കുന്നു.
‘ഒരു പണമിട പൊന്നുപോലും അയാളെക്കൊണ്ടു തൊടീക്കില്ല’ പാറൂട്ടി വാശിയോടെ പറഞ്ഞു. പിന്നെ കഴുത്തിൽ കിടന്ന താലി അറുത്തു് ചരടും താലിയും ദൂരെയെറിഞ്ഞു. രണ്ടു കയ്യിലും ഉണ്ടായിരുന്ന ഓരോ കാപ്പും പൊന്നരഞ്ഞാണവും അഡ്യലും പതക്കോം ഊരിവച്ചില്ല.
‘അതൊക്കെ എന്റെ അച്ഛൻ തന്ന മൊതലാ. അച്ഛൻ തന്നെ പോയി പണിയിച്ചു തന്നു.’ അവൾ പതക്കത്തിൽ ഉമ്മവച്ചു.
പാർവ്വതി തിരണ്ടപ്പം രാമൻകർത്താവു് പണിയിച്ചു കൊടുത്ത ആഭരണങ്ങളാണു്. അന്നുവരെ കേട്ടുകേൾവിയില്ലാത്ത കാര്യം-സംബന്ധക്കാരൻ ഭാര്യയ്ക്കും മക്കൾക്കും ചെലവിനു കൊടുക്കുന്നു; പണ്ടം പണിയിച്ചു കൊടുക്കുന്നു… കാരണവർ അറിഞ്ഞില്ല, ഭാരതിപ്പിള്ള അറിയിച്ചില്ല. അല്ലെങ്കിൽ അതുമതി വഴക്കിനു്.
“ങാ, എന്നിട്ടു് പാർവ്വതി ഒരു ഓട്ടുവിളക്കു്-മണ്ണെണ്ണവിളക്കേ-കത്തിച്ചു് കിടപ്പുമുറിയുടെ മൂലയിൽ വച്ചിട്ടു് കത്തിനിന്നിരുന്ന നിലവിളക്കു ഊതിക്കെടുത്തി. നിങ്ങളു കേക്കുന്നൊണ്ടോ… ഊതിക്കെടുത്തീന്നു്. നെലവെളക്കു് ആരും ഊതിക്കെടുത്തുകേല, ഐശ്വര്യക്കേടാ. കൈവീശി, അല്ലേൽ ഒരു ഈർക്കിൽ കൊണ്ടു് തിരി എണ്ണേമുക്കി തിരികെടുത്തും. പക്ഷെ പാർവ്വതി എന്നും സന്ധ്യയ്ക്കു മുറിയിൽ കത്തിച്ചുവയ്ക്കാറുള്ള നിലവിളക്കു് അന്നു് ഊതിക്കെടുത്തി. അറിയ്യോ മക്കളേ, ഊതിക്കെടുത്ത്വാന്നു വച്ചാ ഇല്ലായ്മ ചെയ്യാന്നുതന്നാ.”
“പെണ്ണിന്റെ വാശീം വൈരാഗ്യോം അത്രയ്ക്കാരുന്നേ.”
ഉറങ്ങുന്ന മോളേ എടുത്തു തോളിൽക്കിടത്തി പാർവ്വതി. നാണിയോടു നേരത്തേ പറഞ്ഞേല്പിച്ചിരുന്നു അവിടെ വരാന്തയിലെങ്ങാനും മാറിനിൽക്കണം, ആരെങ്കിലും വരുന്നുണ്ടോന്നു നോക്കാൻ. ആരെങ്കിലും ചോദിച്ചാൽ ഓവുമുറീ വെള്ളം തീർന്നതു് കൊണ്ടുവയ്ക്കാൻ വന്നൂന്നു് പറയണം.
പാർവ്വതിയും കുഞ്ഞും പടികടന്നു് കുറച്ചുനേരം കഴിഞ്ഞിട്ടേ മൂട്ടവിളക്കും കൊണ്ടു് തപ്പുന്നപോലെ കാണിക്കാവൂ; വെള്ളോം കൊണ്ടുവന്നപ്പോൾ ആളിനെ കാണാനില്ലാന്നു് പറഞ്ഞു് വിളിച്ചുകരയണം…