പാർവ്വതിപ്പിള്ള തൂണിന്റെ മറപറ്റി ഇറങ്ങി ഉരപ്പുര വേലിയുടെ അരികിൽക്കൂടി പടിഞ്ഞാറെ പടികടന്നു് വടക്കോട്ടു നടന്നു. വെളിച്ചവും തുണയുമില്ലാതെ മുറ്റത്തിറങ്ങിയിട്ടില്ലാത്ത പെൺകിടാവു്, അതും തോളിലൊരു പൊടിക്കുഞ്ഞും!
നെഞ്ചുപടപടാ മിടിക്കുന്നു. നാട്ടുവെളിച്ചം തീരെക്കുറവു്. അവളുടെ കണ്ണുനിറഞ്ഞുതുടങ്ങി. ധൈര്യമൊക്കെ ചോർന്നു തുടങ്ങി. പേടികൊണ്ടു് മരവിച്ചുപോകുന്ന കാലുകൾ വലിച്ചുവച്ചു് നടന്നു. പുന്നശ്ശേരി പുരയിടത്തിന്റെ അതിർത്തിയിലെ നീർച്ചാലിലേയ്ക്കു് ഇറങ്ങിയപ്പോൾ കൈതമറവിൽ നിന്നു് പെട്ടെന്നൊരാൾ മുൻപിൽ. അയ്യോന്നു വിളിച്ചു കരയാനാഞ്ഞപ്പോളാണു് ‘പാറൂ’ എന്ന പതുക്കെ, തേനൂറുന്ന വിളി.
ആ ചെറുപ്പക്കാരൻ പെട്ടെന്നു് കുഞ്ഞിനെ വാങ്ങിച്ചു് തോളിൽ കിടത്തി, പാർവ്വതിയുടെ കയ്യും പിടിച്ചു ധൃതിയിൽ വടക്കോട്ടു നടന്നു…
ഒരു പത്തടി വിട്ടു് തെങ്ങിൻ മറവുകളിൽ നിന്നിരുന്ന അനുചരന്മാർ വടി തോളിൽ ചരിച്ചുവച്ചു് യോദ്ധാക്കളെപ്പോലെ അവർക്ക് അകമ്പടി സേവിച്ചു.
കുറച്ചുപേർ തെങ്ങിന്റേയും മാവിന്റെയുമൊക്കെ മറപറ്റി കാത്തുനിന്നു, ശത്രു വന്നാലോ…
പാർവ്വതിപ്പിള്ളയും കേശവപ്പണിക്കരും മേലാംകോടു് തറവാടിന്റെ വലിയ പടിപ്പുര കടന്നതേയുള്ളൂ. ദൂരെ ആളും വിളിയും ചൂട്ടുകറ്റകളും.
മേലാംകോടു് തറവാടിന്റെ പടിപ്പുര വാതിലുകളെല്ലാം അകത്തു നിന്നടച്ചു കുറ്റിയിട്ടു.
‘പുറത്തെന്തു നടക്കുന്നൂന്നു് ശ്രദ്ധിക്കണ്ട, ബാ’ എന്നുപറഞ്ഞു് പെണ്ണിനേയും കുഞ്ഞിനേം കൊണ്ടങ്ങ് നേരേ അമ്മയുടെ അറയിലേയ്ക്കു കേറിച്ചെന്നു കേശവപ്പണിക്കർ. പെങ്ങന്മാരും അനന്ത്രോക്കാരും എല്ലാം ഓടിയെത്തി മറഞ്ഞുനിന്നു ചെവിയോർത്തു; നേരെ ചെല്ലാൻ ആർക്കാ ധൈര്യം!
കുഞ്ഞിനെ പാർവ്വതിപ്പിള്ളയുടെ കയ്യിലേയ്ക്കു കൊടുത്തു കേശവപ്പണിക്കർ; എന്നിട്ടു് അമ്മയുടെയടുത്തു കട്ടിലിലിരുന്നു:
‘അമ്മേ, ഇതു പുന്നശ്ശേരീലെ പാർവ്വതിപ്പിള്ള. ഇവളേം കുഞ്ഞിനേം ഞാനിങ്ങു കൊണ്ടുപോന്നു.’
അമ്മയുടെ ‘കുട്ടൻ’ അമ്മയുടെയടുത്തു്… വർഷങ്ങൾക്കുശേഷം പഴയ കുട്ടനായി വിനയാന്വിതനായി, അമ്മയുടെ കയ്യും പിടിച്ചു്… വാത്സല്യം കൊണ്ടു് അമ്മയുടെ തൊണ്ടയിടറി:
‘എന്റെ ദേവീ, ഞാനെന്താ ഈ കാണണേ! ദ്ദതു് കന്നംതിരിവാ കുട്ടാ, നീ കാണിച്ചേ? കേട്ടുകേൾവിപോലുമില്ലാത്ത കാര്യേ; അതും നാലാളുകേട്ടാ മൂക്കത്തു് വെരൽ വക്ക്വല്ലോ! എന്തൊക്കെയാ നീം ഒണ്ടാവ്വാന്നു് വല്ല നിശ്ചയോണ്ടോ? നാട്ടുകാരോടെന്താ പറയ്യാ!’
ആ അമ്മയ്ക്കു മാത്രം കേശവപ്പണിക്കരെന്ന കുട്ടനോടു ചോദിക്കാൻ സാധിക്കുന്ന ചോദ്യം.
അമ്മ, പിഞ്ചുകുഞ്ഞിനേയും തോളിലിട്ടു് മൂലയ്ക്കൊതുങ്ങി നില്ക്കുന്ന പെൺകുട്ടിയെ വാത്സല്യത്തോടെ വിളിച്ചു.
‘മോളേ… നിങ്ങളെന്തായീ കാട്ട്യേതെന്നു് നിശ്ചയോണ്ടോ?’
കേശവപ്പണിക്കരാണു് ഉത്തരം പറഞ്ഞതു്:
‘ഉണ്ടമ്മേ, നന്നായി ആലോചിച്ചുറപ്പിച്ചിട്ടു തന്നാ… എന്നാ, എപ്പളാ, എവ്ടെ വച്ചാന്നൊന്നും ചോദിക്കണ്ട. പാറൂനു് പന്ത്രണ്ടു വയസ്സൊള്ളപ്പത്തന്നെ ഞങ്ങൾ പറഞ്ഞൊറപ്പിച്ചതാ. പക്ഷെ ഇങ്ങനൊക്കെ സംഭവിച്ചു… അമ്മ ഒന്നു മനസ്സിലാക്കണം… കേട്ടുകേൾവിയുള്ളതും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുന്നതുമായ ഒത്തിരി കാര്യങ്ങൾ മാറ്റേണ്ടതായിട്ടുണ്ടു്. അമ്മയുടെ മകൻ മേലാംകോടു് തറവാട്ടുകാരണവരായ കേശവപ്പണിക്കർ അതു തുടങ്ങിവയ്ക്കുകയാണു്.’
കുഞ്ഞുണർന്നു കരഞ്ഞു തുടങ്ങി.
‘അതിനു വിശക്കുന്നുണ്ടാകും… പത്മം ഇങ്ങടുവരൂ. പാർവ്വതിപ്പിള്ളയെ നിന്റെ മുറിയിലേയ്ക്കു കൂട്ടിക്കോളൂ. കുഞ്ഞിനു പാലുകൊടുക്കട്ടെ.’
വളരെ ശാന്തതയോടെ അമ്മ ഇളയമകളെ വിളിച്ചുപറഞ്ഞു. പത്മം നിറഞ്ഞ സ്നേഹത്തോടെ ചേട്ടത്തിയമ്മയാകാൻ പോകുന്ന ആ സമപ്രായക്കാരിയെ കൈപിടിച്ചു മുറിക്കു പുറത്തേയ്ക്കു നടന്നു. അവർ പോകുന്നതു് നോക്കിയിരുന്ന അമ്മ ദീർഘനിശ്വാസത്തോടെ മകനെ നോക്കി.
മകൻ എഴുന്നേറ്റു് അമ്മയുടെ കാൽതൊട്ടുവന്ദിച്ചു; എന്നിട്ടു് ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
‘നാളെ ഞാൻ പാർവ്വതിപ്പിള്ളക്കു താലികെട്ടുന്നു, നമ്മടെ ക്ഷേത്രത്തിൽ വച്ച്. വീട്ടുകാരേം ബന്ധുക്കളേം അറീക്കാൻ അതിരാവിലെ ആളെ വിടാം.’
‘അവരൊക്കെ എന്തുവിചാരിക്കുമോ ആവോ. ആരോടും ആലോചിക്കേം പറയ്യേം ചെയ്യാതെ… അവർ കൂടുമോ എന്തോ.’ അമ്മ ആലോചനയോടെ പറഞ്ഞു.
പിറ്റേന്നു രാവില…
പൂജാരി വന്നു, താലിയും മാലയും പുടവയും എന്നേ തയ്യാർ! അടുത്തുള്ള ബന്ധുജനങ്ങൾ എത്തി. കേശവപ്പണിക്കരുടെ കല്യാണത്തിനു പങ്കെടുക്കുന്നു എന്നതിനേക്കാൾ അവടെ എന്താണു് സംഭവിക്കുക എന്ന ആകാംക്ഷയിലെത്തിയവരായിരുന്നു അധികവും.
ഒരു പെണ്ണിനു രണ്ടു് താലികെട്ടോ? ബന്ധുജനങ്ങളിൽ നിന്നു് മുറുമുറുപ്പുയർന്നു.
‘കൈക്കുഞ്ഞായിരിക്കുമ്പോൾ ഏതെങ്കിലും കിഴട്ടു ബ്രാഹ്മണൻ താലികെട്ടും. പതിനഞ്ചുതെകയും മുമ്പു് വഴിയേ പോണവനെയൊക്കെ സമ്മന്തമേല്പിക്കും. നാണമില്ലേ ആ വൃത്തികെട്ട ആചാരം വച്ചുപൊറുപ്പിക്കാൻ? ഞാൻ പുന്നശ്ശേരി മഠത്തിലെ പാർവ്വതിപ്പിള്ളയെ താലികെട്ടി പുടവ കൊടുത്തു് എന്റെ ഭാര്യയായി സ്വീകരിക്കാൻ പോകുന്നു. എതിർപ്പുള്ളവർക്ക് സഹകരിക്കാതിരിക്കാം.’
കേശവപ്പണിക്കർ തന്റേടിയായിരുന്നു.
താലികെട്ടു കഴിഞ്ഞു് കുഞ്ഞിനെ ഒരു കയ്യിലെടുത്തു് വലതുകൈകൊണ്ടു് ഭാര്യയേയും പിടിച്ചു് ക്ഷേത്രത്തിനു മൂന്നുരു വലംവച്ചു് തൊഴുതു് കേശവപ്പണിക്കർ അറയ്ക്കകത്തു കയറി…
‘തന്റേടിയെങ്കിലും നേരേവാ നേരേപോ പ്രകൃതക്കാരനും സ്നേഹനിധിയുമായ കേശവപ്പണിക്കരറിഞ്ഞില്ലാ സ്വന്തം തറവാട്ടിലെ ചില തലകളിൽ എതിർപ്പിന്റെ കടന്നലുകൾ കൂടുകൂട്ടിയതു്…’
“ഇതിനെടേ പുന്നശ്ശേരീലെന്താണ്ടായേന്നറിയണ്ടേ; അതും പറയാം…”