ആദിക്കു് അമ്മു ഒരു അത്ഭുതമായിരുന്നു… ആധുനിക അറിവുകളുടെ മഹാസാഗരം ആവാഹിച്ചൊരു കൈക്കുമ്പിളിലാക്കാൻ വെമ്പുന്ന, മനസ്സിന്റെ അറകൾ മുഴുവൻ അതിലേക്കു തുറന്നു വച്ചു് ആവേശത്തോടെ അതിൽമാത്രം ബദ്ധശ്രദ്ധയായിരിക്കുന്ന അപർണ… അറിവുകളുടെ ആകാശത്തിനും മീതെ പറക്കാൻ വെമ്പുന്ന മനസ്സായിരുന്നു അവനും; എന്നിട്ടും ഇടയ്ക്കിടെ അവന്റെ മനസ്സു് തന്റെ വിരസമായ ബാല്യത്തിന്റെ പരിസരങ്ങളിലലയാറുണ്ടായിരുന്നു, കിട്ടാത്ത എന്തിനേയോ തേടാറുണ്ടായിരുന്നു… ഗ്രാന്റ്മായുടെ മടിയിൽ തലവച്ചു് ഗ്രാന്റ്മായുടെ പതിഞ്ഞ, വേദന ഘനീഭവിച്ച ശബ്ദത്തിലെ പാട്ടുകേട്ടു്, അവനു മനസ്സിലാക്കാനാകാത്ത ഏതോ കടങ്കഥകൾപോലുള്ള കഥകളുടെ പൊട്ടും പൊടിയും കേട്ടു് ഉറങ്ങാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളിലെല്ലാം…
ഇന്നിപ്പോൾ അമ്മുവിന്റെ മാറ്റം ആദിക്കു വിശ്വസിക്കാനാകുന്നില്ല… അവളുടെ മനസ്സിപ്പോൾ നാട്ടിൻപുറത്തിന്റെ അഞ്ചു വയസ്സുകാരി കുട്ടിയെപ്പോലെ അപ്പച്ചിയമ്മൂമ്മയുടെ പഴം കഥകൾക്കു് മനസ്സിന്റെ ആയിരം അറകളും മലർക്കെത്തുറന്നു് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആദി കാപ്പികുടിച്ചു കഴിഞ്ഞിരുന്നു… അമ്മുവിന്റെ പ്ലേറ്റിൽ ഇഡ്ഢലിക്കരികിൽ കൂടി സാമ്പാറും ചട്ണിയും ചേർത്തുവരച്ച അനേകം വരകളും കുറികളും… വീണ്ടും വീണ്ടും അവളുടെ വിരലുകൾ വരച്ചു കൊണ്ടേയിരിക്കുന്നു. അടുക്കളപ്പണിയിൽ തിരക്കിലായിരുന്ന ലേഖ ഇടയ്ക്കിടെ ഒരു ചിരിയോടെ അമ്മുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“അമ്മൂ” ആദി വിളിച്ചു.
അമ്മു ഞെട്ടി തലയുയർത്തി.
“അമ്മയുടെ ഫോൺ വന്നപ്പോൾ മുതൽ നീ വേറേതോ ലോകത്താണല്ലോ. നീയൊരുപാടു മാറിയിരിക്കുന്നു, എന്തുപറ്റി?”
ആദി അങ്ങനെയൊരു ചോദ്യം ചോദിച്ചെങ്കിലും അവന്റെ മനസ്സിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു ഉദ്വേഗം ഉടലെടുത്തിരുന്നു… എന്തോ കയ്യെത്തും ദൂരത്തെത്തിയെന്നൊരു…
“ആദീ”, അമ്മു വിളിച്ചു.
അവന്റെ മുഖം പ്രകാശിച്ചു, കണ്ണിലൊരു പുതുവെളിച്ചം!
അമ്മു അവനെ സൂക്ഷിച്ചുനോക്കി പുഞ്ചിരിച്ചു; കാപ്പികുടി മതിയാക്കി കൈകഴുകി വന്നു് അവന്റെ അരികിലായിരുന്നു:
“ആദീ, നിനക്കറിയ്യോ മൂന്നാം ക്ലാസിലെത്തിയേപ്പിന്നെ ഞാൻ അമ്മൂമ്മക്കഥകളെന്നല്ല, നാടിന്റെ ഒരു കഥകളും കേൾക്കാറില്ലായിരുന്നു. പഠനത്തിലായി ശ്രദ്ധ. താല്പര്യങ്ങളും മാറി വന്നു. ടി. വി., കംപ്യൂട്ടർ, ഇന്റർനെറ്റു്, പിന്നെ മൊബൈൽ ഫോൺ… അങ്ങനെയങ്ങനെ. ചുറ്റുമുള്ള ജീവിതത്തിന്റെ ചിട്ടകൾ തന്നെ മാറിമറിഞ്ഞു. സിറ്റിംഗ് റൂമുകളിൽ വീട്ടിലുള്ളവർ ഒന്നിച്ചിരിക്കുന്നതു് ടി. വി. പരിപാടി കാണാൻ മാത്രം; അതും അവരവർക്കു തോന്നുമ്പോൾ, ഡൈനിംഗ് ടേബിളിൽ ഒന്നിച്ചിരുന്നു കഴിക്കുന്ന ശീലമേ ഇല്ലാതായി. അവരവരുടെ ബെഡ്റൂം അകത്തുനിന്നുപൂട്ടി… കയ്യെത്തിപ്പിടിക്കാനാകാത്ത അത്രയേറെ പുതിയ അറിവുകളിലേക്കും ആധുനിക സാങ്കേതിക മേഖലകളിലേയ്ക്കും കണ്ണും മനസ്സുമർപ്പിച്ചു് തപസ്സിരുന്നു. അതിനിടയിൽ വീട്ടിലുള്ളവർ തമ്മിലുള്ള ആശയവിനിമയത്തിനുപോലും കർക്കശമായ പരിധി സ്വയം നിലവിൽ വന്നു…”
അമ്മു ഒന്നു നിർത്തി:
“ഞാനുമുണ്ടതിൽ… നിന്റെ വീട്ടിലും ഇതൊക്കെത്തന്നെയാകും.” ആദി മറുപടി പറയുന്നതിനു മുൻപുതന്നെ അമ്മു തുടർന്നു:
“വീടുകളിലെന്നല്ല ക്യാമ്പസ്സുകളിൽ പോലും വാക്കുകൾക്കു പ്രസക്തിയില്ലാതായില്ലേ? പരസ്പരം കുശലാന്വേഷണങ്ങളോ വിശേഷം പറച്ചിലോ വാട്ട്സാപ്പുവഴി… വഴക്കടിക്കാൻ പോലും വായ തുറക്കണ്ട, അതും വാട്സാപ്പിലോ ഫേസ്ബുക്കിലോ മെയിലോ മെസേജോ വഴി… അതിനിടയിൽ മുത്തശ്ശിക്കഥകൾക്കു് ഒരു പ്രസക്തിയും തോന്നാനിടയില്ലല്ലോ. ഇപ്പോൾ, പക്ഷെ, ഞാനറിയുന്നു ആ കഥകളിൽ അതാതു നാടിന്റെ അക്കാലത്തെ എഴുതപ്പെടാത്തതും ഒരുപക്ഷെ അധികമൊന്നും അറിയപ്പെടാത്തതുമായ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ ചരിത്രങ്ങൾ ഒരുപാടു് ഒളിഞ്ഞുകിടക്കുന്നുണ്ടാവുമെന്നു്… മിത്തുകളായും, കടങ്കഥകളായും… യക്ഷിപ്രേതപ്പിശാചുക്കളും, ഒടിയനും, മാടനും, കുട്ടിച്ചാത്തനും…”
“സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം കയ്യാളിയ വരേണ്യവർഗ്ഗ സ്വാധീനങ്ങളും, ധാർഷ്ട്യങ്ങളും, കൊടുംചതികളും ക്രൂരതകളും… പിന്നെ രണ്ടു ലോകമഹായുദ്ധങ്ങൾ… സഹ്യന്റെ മടിയിൽ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും താരാട്ടുപാടി കാത്തു സൂക്ഷിച്ച ഈ കൊച്ചു തുരുത്തിനെ എങ്ങനെ ആ യുദ്ധങ്ങൾ ബാധിച്ചുകാണും, എങ്ങനെ ഇവിടത്തെ പട്ടിണിപ്പാവങ്ങളായ സാധാരണക്കാർക്കു് തീരാദുഃഖങ്ങൾ വരുത്തിവച്ചു… അതിനുത്തരം അപ്പച്ചിയമ്മൂമ്മയ്ക്കറിയാമായിരിക്കും… നിസ്വരും അടിമകളുമായ, നടുവൊടിക്കുന്ന അധ്വാനവും കൊടുംദുരിതങ്ങളും പട്ടിണിയും മൂലം ജീവിതം നരകതുല്യമായ കുറച്ചു മനുഷ്യരുടെ റിവോൾട്ടിന്റെ ഉള്ളറക്കഥകൾ സാവിത്രിക്കുട്ടിയമ്മൂമ്മയ്ക്കറിയാം…”
“പണ്ടു് ഗീതാമ്മൂമ്മേടെ മോൾ താരച്ചേച്ചീടെ കല്യാണത്തിനു പോയപ്പോ നമ്മളെല്ലാരും മീനാക്ഷിമുത്തശ്ശീടെ വീട്ടിലല്ലേ താമസിച്ചേ അമ്മേ; ചേച്ചീം ചേട്ടനും എല്ലാരും. ഹാളിൽ നിലത്തു കിടക്കവിരിച്ചാണു് എല്ലാരും കൂടി കെടന്നേ. മുത്തശ്ശി അന്നു് ആ കട്ടിലിലിരുന്നു് എത്ര കഥയാ പറഞ്ഞേ. മുത്തശ്ശിക്കന്നു് എൺപത്തഞ്ചോ എൺപത്താറോ വയസ്സുകാണും, എന്നിട്ടും എന്തൊരു ഊർജ്ജമാണു് കഥ പറച്ചിലിൽ… പലപ്പോളും വല്ലാതെ ഇമോഷനലാകുമ്പോ സാവിത്രിയമ്മൂമ്മ പറയും ‘അമ്മേ, അമ്മയിങ്ങനെ ഇമോഷണലാകല്ലേ, ബീ. പി. കൂടുംന്നു്…’ യുദ്ധകാലത്തെ പ്രശ്നങ്ങളും പുന്നപ്രവയലാറും… അന്നു ഞാൻ വെറുതേ കേട്ടെന്നേയുള്ളൂ… ഇപ്പോഴെനിക്കറിയാം ഞാൻ വെറുതേ കേൾക്കുകയല്ലാരുന്നു… അല്ലെങ്കിൽ ഇപ്പോളെങ്ങനെയാ എന്തൊക്കെയോ ഓർമ്മയിൽ വരുന്നതു്.”
“അന്നു് സാവിത്രിയമ്മൂമ്മേം എന്തൊക്കെയോ കഥകൾ പറഞ്ഞു… ഒന്നും കൃത്യമായി ഓർക്കുന്നില്ല. പക്ഷേ പത്തുപതിനഞ്ചു കൊല്ലം തുറക്കാതെ കിടന്ന ഫോട്ടോ ആൽബത്തിലെ നിറംമങ്ങിയ ചിത്രങ്ങൾ പോലെ എന്റെ മനസ്സിൽ ആ കഥകളിലെ എന്തൊക്കെയോ വന്നുമറയുന്നു… എനിക്കു്… എനിക്കു ആ കഥകൾ കേൾക്കണം, ഒരുപാടുകഥകൾ… ഒരുപാടു്…”
“അമ്മൂ… നീയെന്താണിങ്ങനെ!” സ്തബ്ധയായി അമ്മുവിനെത്തന്നെ നോക്കിയിരുന്ന ലേഖ പരിഭ്രത്തോടെ ചോദിച്ചു.
അമ്മു ഉത്തരം പറയാതെ ആദിയെ നോക്കിച്ചിരിച്ചു:
“ഒരുപാടു കഥകളുണ്ടെടാ ആദീ… നീയും കേൾക്കണം.”
ലേഖ ആശ്വാസത്തോടെ ചിരിച്ചു: “നീ കൊള്ളാമല്ലോ… ഇത്ര നീണ്ട വാചകമേള! ഇന്നുവരെ നീയിങ്ങനെ… ഞാൻ കേട്ടിട്ടില്ല. അപ്പച്ചീടെ പഴേ വാചകമടി അങ്ങനെ തന്നെ… ഉപമേം ഉൽപ്രേക്ഷേം… എന്തുപറ്റീ നിനക്കു്… എന്തിനാ നിനക്കീ പഴയകാല ചരിത്രങ്ങൾ!”
അമ്മു ചിരിച്ചില്ല, പകരം ഒരു ചോദ്യമായിരുന്നു:
“നമ്മടെ സാവിത്രിക്കുട്ടിയമ്മൂമ്മേടെ അമ്മ മീനാക്ഷിമുത്തശ്ശി മരിച്ചു പോയി, ഇല്ലേ? സാവിത്രിക്കുട്ടിയമ്മൂമ്മ എവ്ടെയാ? അപ്പച്ചിയമ്മൂമ്മയാണേ കഥകളുടെ പെട്ടി പൂട്ടിവച്ചേക്കുകല്ലേ, പക്ഷെ എനിക്കു കഥകേൾക്കണം…” ക്ഷീണിച്ചപോലെ അമ്മു കസേരയിൽ ചാരി കണ്ണടച്ചിരുന്നു.
“അപ്പച്ചിയോടു അമ്മ പറഞ്ഞുനോക്കാം” ലേഖ പറഞ്ഞു.
ആദിക്കു് ഒന്നും മനസ്സിലായില്ല; പക്ഷേ മനസ്സിൽ ഏതോ അറിയാത്ത ആകാംക്ഷയുടെ പൂത്തിരി കത്തി. വെറുതെയല്ല… കഥ എന്ന വാക്കു് ഇപ്പോൾ അവനറിയാം, ആ വാക്കിനു പുറകേ പോയാൽ എവിടൊക്കെയോ എത്തിച്ചേരുമെന്നും, ‘സാവിത്രിക്കുട്ടിയമ്മൂമ്മ’ ‘അപ്പച്ചിയമ്മൂമ്മ’ ഒക്കെ അവനിപ്പോൾ ആരോ ആണെന്ന തോന്നലുണ്ടാക്കിയിരിക്കുന്നു.
അവൻ അമ്മുവിനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.