പുന്നശ്ശേരി നാലുകെട്ടിലെ വടക്കേത്തളത്തിന്റെ തെക്കേയറ്റത്തെ മുറിയുടെ വാതിൽക്കൽ പാണ്ടിപ്പട്ടർ സുന്ദരയ്യൻ അണ്ടികളഞ്ഞ അണ്ണാന്റെ കൂട്ടു് മിഴുങ്ങസ്യാന്നു് നില്ക്കുന്നു; വാപൊളിച്ചൊരു നിൽപ്പു്! മഞ്ഞച്ച വലിയ കോന്ത്രപ്പല്ലുകൾ പന്നിയുടെ തേറ്റപോലെ. പരിഭ്രമം കൊണ്ടു് പുറത്തേയ്ക്കുന്തിയ ഉണ്ടക്കണ്ണുകൾ; തെരുതെരെ ഉയർന്നു താഴുന്ന കുടവയറിൽ തുള്ളിക്കളിക്കുന്ന മുഷിഞ്ഞ പൂണൂൽ…
…മുറിയിൽ നിലവിളക്കു കത്തുന്നില്ല; പകരം ഒരു മൂട്ടവിളക്കു്, മണ്ണെണ്ണപ്പുക മുറിനിറയെ! കട്ടിലിൽ പാർവ്വതിപ്പിള്ളയില്ല, കൊച്ചുമില്ല.
‘കൊച്ചു്! അശ്രീകരം. രസംമുറുകി വരുന്നേനെടേലാ അതിന്റേരു പതിവു കാറലു്. വെശന്നിട്ടാത്രെ. മേലാൽ നാണീടെകൂടെ കെടത്തിക്കോണം, വല്ല കഞ്ഞിവെള്ളോം കോരിക്കൊടുത്തു് ആ പണ്ടാരത്തിന്റെ വയറടച്ചോണം’ ന്നാ പട്ടരു് ഉത്തരവിട്ടിരുന്നതു്. ‘വിചാരിച്ചപോലല്ല, പാർവ്വതിപ്പിള്ള പേടിച്ചുകാണും. തന്റെ സമ്മന്തമെങ്ങാനും നിന്നുപോയാലോ… കൊച്ചിനെ നാണിയുടെ കൂടെ കിടത്താൻ പോയിക്കാണും പാർവ്വതിപ്പിള്ള.’
പട്ടരു് തൃപ്തിയോടെ ചിരിച്ചു… പക്ഷെ…
അപ്പോളൊണ്ടു് കത്തിച്ചു പിടിച്ച കാക്കവിളക്കുമായി അലറിക്കരഞ്ഞുകൊണ്ടു് നാണി വടക്കേപ്പുറത്തുനിന്നു് ഓടിവരുന്നു:
‘ചതിച്ചല്ലോ ഒടേത്തുങ്ങളേ. കാണാനില്ലാ സാമീ, പവതിക്കുഞ്ഞിനെ കാണാനില്ലാ… പവതിക്കുഞ്ഞേ… പവതിക്കുഞ്ഞേ… കൊച്ചിനേം കാണാനില്ല… എല്ലാടോം തെരഞ്ഞു… പോയി സാമീ, പോയീ! ഭഗോതീ കാത്തോളണേ… എന്റെ പവതിക്കുഞ്ഞിനേം കുഞ്ഞിമോളേം നീ തന്നെ കാത്തോളണേ…’
നാലുകെട്ടുണർന്നു, വീടു മുഴുവനുമുണർന്നു; ചോദ്യവും വിളിയും ശകാരവും കരച്ചിലും…
പകൽപോലും തനിച്ചു് പുറത്തിറങ്ങാത്ത പെണ്ണു്… ഈ രാത്രിനേരത്തു്, അതും ഒരു പിഞ്ചുകുഞ്ഞുമായി… വല്ല അവിവേകവും… ഈശ്വരാ… പാർവ്വതിപ്പിള്ളയുടെ അമ്മ ഭാരതിപ്പിള്ള വാവിട്ടു കരഞ്ഞു.
കാരണവർക്ക് ആളുപോയി…
കാരണവരെത്തിയതും ഇറയത്തിനരികിൽ ഓരോരുത്തരുടെ ചോദ്യം ചെയ്യലിൽ തളർന്നു് ഒതുങ്ങിനിന്നിരുന്ന നാണിയുടെ അടിവയറുനോക്കി ഒറ്റച്ചവിട്ടു്. നാണി വയർപൊത്തി ഒരലർച്ചയോടെ മലർന്നടിച്ചു വീണു. പെണ്ണുങ്ങളാരോ പിടിച്ചെഴുന്നേല്പിച്ചിരുത്തി… ശ്വാസമെടുക്കാനാകാതെ ഏങ്ങുന്ന നാണിയുടെ നേരെ കാരണവരലറി:
‘എവ്ടെ അവരാതിക്കാൻ പോയാര്ന്നെടീ ചൂലേ. തിന്നുന്ന ചോറിനു നന്ദിയില്ലാത്ത കൂത്തിച്ചീ… നെനക്കറിയാം… എവടേടീ ആ നാശം പിടിച്ചവൾ?’
‘കണ്ടില്ലങ്ങത്തെ, കണ്ടില്ല. ഓവറേലേയ്ക്കു വെള്ളോമായി വന്നപ്പ കുഞ്ഞില്ല… വടക്ക്നീലൊണ്ടെന്നു വിജാരിച്ചു തപ്പുകാരുന്നങ്ങത്തെ. അറിഞ്ഞില്ലങ്ങത്തെ… പറമ്പിലിരിക്കാൻ പോയ നേരം കൊണ്ടു്… എന്റെ ഭഗോതീ എന്റെ കുഞ്ഞിനൊന്നും വരുത്തല്ലേ…’ നാണി ഏങ്ങിയേങ്ങി ആണയിട്ടു കരഞ്ഞു.
‘മതിയെടീ ശവമെ… രാമാ, ശങ്കരാ… നോക്കെടാ… ആ കൂത്തിച്ചിമോളെ എങ്ങോട്ടു കെട്ട്യേടുത്തേന്നു് നോക്കടാ… എല്ലാരേം വിളിച്ചോ… പെണ്ണിനെ കാണാതാവ്വേ! കുടുംബത്തിന്റെ മാനം കളഞ്ഞോ എന്റെ കാർത്ത്യായനീ! കൊളത്തിലൊക്കെ നോക്കടാ.’
ഇതില്പരം ഒരു നാണക്കേടു് കുടുംബത്തിനു വരാനൊണ്ടോ. അവള് കൊച്ചിനേം കൊണ്ടു് വല്ല കൊളത്തിലും ചാടി ചത്തതാണേ സമാധാനോണ്ടായിരുന്നു. അതാകില്ല; അവളതു ചെയ്യില്ല… അപ്പോൾ. അതേ, അയാൾ…
‘അവനാണു്… ആ എമ്പോക്കി… അതുതന്നെ… അവൻ കടത്തിക്കൊണ്ടുപോയതു തന്നെ…’
കാരണവർ ദേഷ്യം പിടിച്ചു് അലറി വിളിച്ചു് വീടിനുചുറ്റും ഓടി, ഭ്രാന്തനെപ്പോലെ…
റൗഡിസേനയിലെ ഒരാൾ ഓടിവന്നു, കിതപ്പിനിടയിൽ പറഞ്ഞൊപ്പിച്ചു: മേലാംകോട്ടുകാരുടെ സേവകർ ആയുധങ്ങളുമായി തയ്യാറായി നില്ക്കുന്നു. വഴിയിലെല്ലാം അവർ മറഞ്ഞുനിൽക്കുന്നുണ്ടു്. പാർവ്വതിപ്പിള്ളയും കുഞ്ഞും എങ്ങോട്ടുപോയിയെന്നുറപ്പായി… ‘പോയിനെടാ, പോയി പിടിച്ചുകെട്ടിക്കൊണ്ടുവാടാ…’ കാരണവരലറി.
ചൂട്ടും പന്തവും വടിയും വാക്കത്തിയുമൊക്കെയായി കുതിച്ചുചെന്ന റൗഡിപ്പട എതിർചേരിയോടു് ഏറ്റുമുട്ടാതെ പാതിവഴിയിൽ അറച്ചുനിന്നു… സാഹചര്യം നല്ലതല്ല; ബലാബലം പരീക്ഷിക്കാൻ മുതിർന്നാൽ… തന്റെ സൈന്യത്തിനു പുറകേ മപ്പടിച്ചുവന്ന പുന്നശ്ശേരി കാരണവർ പെട്ടെന്നടങ്ങി… അനുയായികളുടെ മൗനസന്ദേശം പിടികിട്ടി…
അല്ലെങ്കിലും ആ പട്ടർ…
നാണിയെ ചോദ്യം ചെയ്യുമ്പോൾ കണ്ടിരുന്നു പട്ടരുടെ നീക്കങ്ങൾ. പാർവ്വതിപ്പിള്ളയുടെ കാൽപ്പെട്ടിയും തുണിപ്പെട്ടികളും തപ്പുന്നു; കോസടിയും തലയിണകളും വലിച്ചുകുടഞ്ഞു്, കട്ടിലിന്നടിയിൽ കുത്തിയിരുന്നു പരതി നിരാശനായുള്ള നില്പ്… ശപ്പൻ… അയാളുടെ ആർത്തി എന്നും കാരണവർ കാണുന്നതല്ലേ, അന്നന്നത്തെ കൂലി തീർത്തുവാങ്ങാനുള്ള വെപ്രാളം… ഒറ്റച്ചവിട്ടിനു തീർക്കണമെന്നു തോന്നീട്ടുണ്ടു്… ബ്രാഹ്മണശാപം… മുറിയിലെ അഴയിൽ നിന്നു് തന്റെ സോമനും കോണകങ്ങളും പിടിമൊന്തയും പിച്ചളച്ചെല്ലവുമെല്ലാം തിരക്കിട്ടു് പഴകി മുഷിഞ്ഞ കായസഞ്ചിയിൽ ധൃതിയിൽ കുത്തിനിറച്ചു് പിറുപിറുത്തു് പട്ടരു് ഇറങ്ങിപ്പോകുന്നതു കാരണവർ കണ്ടതാണു്… തിരിച്ചുവരാനുള്ള പോക്കല്ലതു്… പോയവരെല്ലാം പോകട്ടെ…
ആൾബലത്തിൽ വേണെങ്കിൽ പുന്നശ്ശേരിക്കാരാണു് മേലേയെന്നു മിടുക്കുപറയാം… എന്നിട്ടെന്തിനു്! ഉണ്ണാമന്മാർ!
മേലാംകോടുകാർക്കു് പ്രമാണിത്തത്തിന്റെ മിടുക്കു മാത്രമല്ല; കേശവപ്പണിക്കർ ചെറുപ്പമാണു്, ആയോധനമുറകൾ പഠിച്ചവൻ, തന്റേടി. കടലുകാണാൻ പോയ മേലാംകോടു തറവാട്ടിലെ പെണ്ണുങ്ങളെയെന്തോ പറഞ്ഞെന്നറിഞ്ഞു് മറവന്മാരുടെ കുടിലുകൾ അപ്പാടെ കത്തിച്ചു് രാജാവു് അവർക്ക് കല്പിച്ചുകൊടുത്ത കുടിയായ്മയിൽ നിന്നു് രാത്രിക്കുരാത്രി ഇറക്കി വിടാൻ ധൈര്യപ്പെട്ടവൻ. ഒന്നുറച്ചാൽ അതു നടത്തിയിരിക്കും. അടിതട പഠിച്ച, എന്തിനും കഴിവുള്ള അനുയായികൾ… മര്യാദയെങ്കിൽ അയാളും മര്യാദക്കാരനാ; അല്ലെങ്കിൽ വെട്ടൊന്നു് കണ്ടം രണ്ടു്… അതാണു് രീതി. അവനാണാണു്.
സമ്മന്തക്കാരൻ പട്ടർ നാണം കെട്ടവൻ! അവൻ ചൊണയില്ലാത്തവൻ… അല്ലെങ്കിൽ പെണ്ണൊരുത്തി എറങ്ങിപ്പോകുമോ! ‘പോകും… പാർവതിപ്പിള്ള പോകും… ആ തന്തേടെ മോളല്ലേ…’ കാരണവർ പിറുപിറുത്തു് പല്ലിറുമ്മി തിരിഞ്ഞുനടന്നു. പുന്നശ്ശേരിത്തറവാടിന്റെ പടികടന്ന പാടേ ഒരു ചുള്ളിക്കമ്പെടുത്തു് രണ്ടായി ഒടിച്ചു് പടിക്കലിട്ടു് എല്ലാവരും കേൾക്കാൻ മാത്രം ശബ്ദത്തിൽ പ്രഖ്യാപിച്ചു:
‘ഈ കമ്പു് മുറികൂടുമ്പളല്ലാതെ ആ അസത്തു് ഇപ്പടി കേറില്ല. എന്റെ അനന്തിരവൾ മരിച്ചുപോയി. അവൾടെ പതിനാറടിയന്തരത്തിനു വിളിക്കും, എല്ലാരും വരണം.’
തീരാത്ത അപമാനവും ദുഃഖവും ആ പ്രഖ്യാപനത്തിലൊതുക്കി കാരണവർ ചവിട്ടിക്കുതിച്ചു് കയറിപ്പോയി.
ഖനീഭവിച്ച ദുഃഖം പോലെ, ജീവച്ഛവമെന്നപോലെ ഒതുങ്ങിനിന്ന ഭാരതിയമ്മ, മകളുടെ മുറിയിൽ കയറി വാതിലടച്ചുനിന്നു് മനസ്സു് തുറന്നു ചിരിച്ചു… മനസ്സുകൊണ്ടു് ആ സന്തോഷം ഭർത്താവിനു കൈമാറി.