“നിങ്ങടെ കുടുംബചരിത്രം കേട്ടിട്ടുണ്ടോ? ഇല്ലാ… എന്നാപ്പറയാം”, കാളിക്കുട്ടി വലിയമ്മായി കഥ തുടർന്നു.
മേലാംകോടു കേശവപ്പണിക്കരുടെ മൂലകുടുംബം ചാത്തോത്തു തറവാടു്; പതിനാറുകെട്ടും അതിനൊത്ത അംഗങ്ങളും ആൾക്കാർക്കോരോന്നെടുക്കാൻ മാത്രം ദൈവങ്ങളും… പിന്നെ കുടുംബപരദേവതയെ കുടിയിരുത്തിയ സാക്ഷാൽ കുടുംബക്ഷേത്രവും… മേലാംകോട്ടു കാരണവന്മാർ കൃത്യമായി പരിപാലിച്ചും കണക്കുസൂക്ഷിച്ചും പോന്ന പുരയിടങ്ങളും പാടങ്ങളും, അതിനെല്ലാം വേണ്ടുന്ന തൊഴിൽ ചെയ്യാനാവശ്യമായ അടിയാന്മാരും സ്വന്തമായുണ്ടായിരുന്ന ഒരു കൂട്ടുകുടുംബം.
പണ്ടു് പണ്ടു് വടക്കൻനാട്ടീന്നെവിടെ നിന്നോ ഭാഗ്യാന്വേഷികളായി വന്നു് കുടിയേറിപ്പാർത്തവരാണു് ചാത്തോത്തു കുടുംബത്തിന്റെ പൂർവ്വികന്മാർ എന്നൊരു കേട്ടുകേഴ്‌വിയൊണ്ടു്… ഒള്ളതോ ഇല്ലാത്തതോ, ആർക്കറിയാം!
ആളും സമ്പത്തും കൂടുമ്പോൾ കശപിശകളും അധികാരത്തർക്കങ്ങളും പരസ്പരവിശ്വാസം നഷ്ടപ്പെടലുമൊക്കെ സ്വാഭാവികം. അത്രമാത്രമേ അവിടേം സംഭവിച്ചുള്ളൂ… അതിത്തിരി കടന്നുപോയീന്നുമാത്രം.
“ആളും സമ്പത്തുമൊന്നും കുന്നുകൂടീട്ടൊള്ള തറവാടൊന്നുമായിരുന്നില്ല ഞങ്ങടെ… എന്നിട്ടോ-അതിലൊരുത്തൻ കയ്യൂക്കുകാണിച്ചു് എല്ലാരേം പറ്റിച്ചു് സ്വന്തം മടിശ്ശീലേ വാരിയിട്ടു കൊണ്ടുപോയി… ചാത്തോത്തേം മാന്തോട്ടത്തേം രണ്ടു പേരുകളും ഒരു വായിൽ പറയാൻ കൊള്ളുകേലാ പിള്ളാരേ. അന്നത്തെ ചാത്തോത്തു കാരണവരു് ആരായിരുന്നെന്നറിയാൻമേലാ. ന്യായവും നീതിയും വിട്ടൊന്നും അയാക്കില്ലാരുന്നത്രേ… ആ മനസ്സു മുഴ്‌വോൻ ദയയും സ്നേഹവുമാരുന്നു… പക്ഷെ അക്രമത്തേം അനീതിയേം ദുഷ്ടത്തരത്തേം ഒരിക്കലും പൊറുക്കുകേലാ. അക്കാര്യത്തിൽ ക്ഷമിക്കുന്ന പ്രശ്നവുമില്ലാരുന്നൂന്നു്. അതിന്റെ തനിപ്പകർപ്പാര്ന്നു അനന്തരവൻ കേശവപ്പണിക്കർ.”
അവകാശവാദങ്ങളും, തർക്കങ്ങളുമെല്ലാം ചർച്ചകളിലൂടെ സമവായത്തിലെത്തിക്കാനായിരുന്നു കാരണവരുടെ ശ്രമം… എന്നിട്ടും സങ്കടകരമായ കാര്യമുണ്ടായി… ചാത്തോത്തു് പതിനാറുകെട്ടു് നേർപകുതി വച്ചു പൊളിച്ചെടുത്തു കൊണ്ടുപോയി ഒരു താവഴിക്കാർ; പുന്നപ്രതെക്കൊരിടത്തു് മുള്ളുവേലിക്കൽ എന്നൊരു തറവാടുണ്ടാക്കി. അവരുടെ വശത്തും ന്യായമുണ്ടു്. ചാത്തോത്തുകുടുംബത്തിലെ ഒരു താവഴിയിൽ സന്തതിയില്ലാതെ വന്നു. എല്ലാവരും കൂടി ആലോചിച്ചു് എല്ലാവരുടേയും സമ്മതത്തോടെ എരമല്ലൂരുള്ള ഒരു വലിയ കുടുംബത്തീന്നു് രണ്ടു പെൺകുരുന്നുകളെ ദത്തെടുത്തു വളർത്തി… അപ്പോൾ അവരും തുല്യാവകാശികൾ തന്നെ… പക്ഷെ ഭാഗപ്രശ്നം വന്നപ്പോൾ ആ പെൺകുട്ടികളുടെ വീട്ടുകാർ ഇത്തിരി കടന്നു് ആഗ്രഹിച്ചു… ‘സാരമില്ല. ചോദിക്കുന്നതു കൊടുത്തേക്കൂ. ലേശം അത്യാഗ്രഹം, എന്നാലും നമ്മളു വളർത്തിയ പൈതങ്ങൾക്കല്ലേ, വെറുപ്പുതോന്നണ്ടാ…’ കാരണവർ തീർപ്പുകല്പിച്ചു.
‘ബാക്കിനിന്ന ചാത്തോത്തു് എട്ടുകെട്ടിന്റേയും ചുറ്റുമുള്ള പുരയിടങ്ങളുടേയും പൂർണാവകാശത്തിൽ കുറഞ്ഞൊന്നും തങ്ങൾക്കു വേണ്ടാ എന്നു ശഠിച്ച നാലഞ്ചുപേർ അവിടെക്കൂടി. അവർക്കൊപ്പം പൂമുഖത്തെ തട്ടിൻമുകളിൽ കാലങ്ങളായി കുടിപാർക്കുന്ന മച്ചിൽ ഭഗവതി, ഹനുമാൻ, ഗന്ധർവ്വൻ, ചാത്തൻ, മാടൻ, അറുകൊല അങ്ങനെ ചിലരും തെക്കുകിഴക്കു നിരന്നിരിക്കുന്ന ചിത്രകൂടങ്ങളും, പിന്നെ അടുത്ത പുരയിടത്തിലെ കുടുംബക്ഷേത്രവും അവർക്കൊപ്പം… വേറെങ്ങുപോകാൻ!’
വലിയമ്മായി ഒന്നുനിർത്തി എന്തോ ആലോചിച്ചിരുന്നു:
“പലപല ദേവീദേവന്മാർ, മാടനും മറുതയും… അവരെ വേർതിരിച്ചു് അവരർഹിക്കുന്ന ഇരിപ്പിടം കൊടുക്കണ്ടായോ, പൂജാദികർമ്മങ്ങൾ യഥാസമയം ചെയ്യണ്ടായോ… വേണം. പക്ഷെ എപ്പോളൊക്കെയോ ഏതാണ്ടൊക്കെ കാട്ടിക്കൂട്ടി… വേർതിരിച്ചു കുടിയിരുത്താൻ ആലോചന ഒണ്ടാരുന്നത്രെ… കാര്യം പക്ഷെ നീണ്ടുപോയി. അവരുടെ കോപാര്ന്നോ എന്തോ ആ തറവാടു് ഭിന്നിച്ചു് പോകാൻ കാരണം!” കാളിക്കുട്ടി വലിയമ്മായിയുടെ ഉറക്കെയുള്ള ആത്മഗതമായിരുന്നതു്.
വലിയമ്മായി പതുക്കെ എഴുന്നേറ്റു. മേശയിലിരുന്ന മുറുക്കാൻചെല്ലത്തിൽ നിന്നും ഒരുനുള്ളു പുകയില വായിലിട്ടു ചവച്ചുകൊണ്ടു് അകത്തേക്കു പോയി. മൂന്നുനാലു മിനിട്ടിനകം തിരിച്ചുവന്നു് കസേരയിലിരുന്നു. ഒരു ദീർഘനിശ്വാസത്തിൽ മനസ്സിനെ ക്ലീനാക്കി പുഞ്ചിരിച്ചു.
‘അതീവശ്രദ്ധയോടെ പരിപാലിച്ചുപോന്ന തറവാടു് പലതായി പിരിയാൻ അനുവാദം കൊടുത്തെങ്കിലും അന്നത്തെ കാരണവർ അതോടെ തളർന്നുപോയി; തീരെ കിടപ്പായി. മുള്ളുവേലിക്കലേക്കു് കുടിമാറിയവരും ചാത്തോത്തു പിടിച്ചുനിന്നവരും കഴിച്ചുള്ള പതിന്നാലു്, അല്ല, കാരണവരെക്കൂട്ടി പതിനഞ്ചുപേർക്കു് കുടിപാർക്കണം. തന്റെ കൂടെ നിന്ന മൂത്തസഹോദരിയുടെ മൂത്തമകനു് അന്നു് വയസ്സു് ഇരുപതാ… അദ്ധ്വാനി, കൂർമ്മബുദ്ധി, കുടുംബസ്നേഹം, നല്ല കൈക്കരുത്തു്… പോരാത്തേനു് അടിതട പഠിച്ച അഭ്യാസി… ആരോടും ചോദിക്കാനും പറയാനും നിൽക്കാതെ ആ അനന്തിരവനെ നേരെ കാരണവരാക്കി.’
‘ചാത്തോത്തു നിന്നു് മൂന്നുപറമ്പും ഒരിടപ്പാടോം കടന്നാൽ വിശാലമായ മേലാംകോടു് പുരയിടം. അതിനു നടുവിൽ അമ്മാവന്റെ ആജ്ഞയനുസരിച്ചു പുതിയ കാരണവർ കേശവപ്പണിക്കർ ദാന്നു പറയണ നേരംകൊണ്ടു് ഒരു നാലുകെട്ടുണ്ടാക്കി, അതിനോടു ചേർന്നൊരു മാളികപ്പുരേം. കേശവപ്പണിക്കർ രോഗിയായ അമ്മാവനേയും മറ്റു ബന്ധുക്കളേയും എല്ലാ സൗകര്യങ്ങളും ഒരുക്കി മേലാംകോട്ടേക്കു മാറ്റി.’
“അതു ഞാൻ കേട്ടിട്ടുണ്ടമ്മായി… കല്യാണക്ഷണമൊക്കെ ആയി കൊച്ചാരുന്നപ്പോൾ വേണുമ്മാന്റെ കൂടെ രണ്ടുമൂന്നു തവണ അവടെ പോയിട്ടുണ്ടു്… വലിയ എട്ടുകെട്ടും, പടിപ്പുരമാളികേം, ആഫീസുകെട്ടിടോം… ഇന്നു കാണുന്ന എട്ടുകെട്ടു് ഞങ്ങടപ്പൂപ്പൻ ഉണ്ടാക്കീതാത്രെ. രണ്ടു നേലേലു് പടിപ്പുരമാളികേം ആഫീസുകെട്ടിടോമൊക്കെ പണിയിച്ചതും ഞങ്ങടപ്പൂപ്പനാ… പക്ഷെ പഴേ നാലുകെട്ടിലെ തളത്തിലുണ്ടായിരുന്ന ആന ചവിട്ടിയപാടു് അങ്ങനെതന്നെ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്രെ, എന്റമ്മ പറഞ്ഞതാ. ഞങ്ങടമ്മൂമ്മയ്ക്കു് കളിക്കാനായിട്ടാരുന്നു കേശവമുത്തഛൻ ആനക്കുട്ട്യേ വാങ്ങീതു്. മുത്തച്ഛന്റെ മൂത്തമകളല്ലേ… ആറേഴുവയസ്സുള്ള മോൾക്കു കളിക്കാൻ ഒന്നാംതരം ഒരാനക്കുട്ടി!” അപ്പച്ചിയമ്മൂമ്മയുടെ സ്വരത്തിൽ അഭിമാനവും തമാശയുമുണ്ടായിരുന്നു.
“അതൊക്കെ ഞാനും കേട്ടേക്കുന്നൂ ഭാനുമതീ… ആനയ്ക്കു് സ്വന്തം പേരുമിട്ടു, കേശവൻന്നു്… ആ കഥ കേക്കണം നിങ്ങള്… കേശവപ്പണിക്കരാരാന്നാ വിചാരിച്ചേ! ഇന്നു് തന്തേം തള്ളേം പിള്ളേർക്കു് കളിക്കാൻ സൈക്കിളും ചവിട്ടിയോടിക്കുന്ന കൊച്ചു സ്ക്കൂട്ടറുമൊക്കെ വാങ്ങും, കൂടിപ്പോയാ ഒരു പൂച്ചക്കുട്ടിയേയോ, പട്ടിക്കുട്ടിയേയോ വാങ്ങും… അന്നു് പൂച്ചേം പട്ടീം പശുക്കുട്ടീമൊന്ന്വല്ല, സാക്ഷാൽ ആനക്കുട്ടി! തിരുവനന്തപുരത്തു പോയി രാജാവിനു് പതിനായിരം പവൻ ചങ്ങഴിക്കളന്നു കൊടുത്താണത്രേ ആനയെ ലേലംകൊണ്ടതു്. ശങ്കരിച്ചേച്ചിക്കു് അന്നു് ആറുവയസ്സു്, കുട്ടിക്കൊമ്പനു് ഒരു വയസ്സു്… ഒരു വരവായിരുന്നത്രെ തിരുവനന്തപുരത്തൂന്നു്. കുട്ടിയാനേം, കാര്യസ്ഥനും, ആനപ്പാപ്പാനുമായി… ശരിക്കുമൊരെഴുന്നള്ളത്താരുന്നത്രെ! എന്റമ്മ പറഞ്ഞ കഥകളാ. പക്ഷെ ആനേ ശരിക്കും നോക്കി വളത്തീതു് നീലാണ്ടൻ ചേട്ടനാ… കേശവനാനേം നീലാണ്ടച്ചേട്ടനും തമ്മിലൊള്ള സ്നേഹബന്ധം ഒരതിശയാര്ന്നത്രേ. എത്രയൊക്കെയോ കഥകളൊണ്ടു്… അതു പറഞ്ഞാ…”