ഒരു പൊട്ടിച്ചിരി… കാളിക്കുട്ടി വലിയമ്മായി ഞെട്ടി. വലിയമ്മായിയുടെ കഥ മുറിഞ്ഞു… വലിയമ്മായി മാത്രമല്ല മറ്റുള്ളവരും ഞെട്ടി… പെട്ടെന്നൊരു പൊട്ടിച്ചിരി കേട്ടതുകൊണ്ടു മാത്രമല്ല, ആ പൊട്ടിച്ചിരി സാവിത്രിക്കുട്ടിയുടേതായിരുന്നു എന്നതാണു്; സാവിത്രിക്കുട്ടിയുടെ പൊട്ടിച്ചിരി അപൂർവ്വ സംഭവമാണു്.
“അതേയ്… ഞാനൊരു കഥ പറയട്ടേ?” സാവിത്രിക്കുട്ടി ഒരു ചെറുചിരിയോടെ ചോദിച്ചു; ആരുടേയും ഉത്തരത്തിനു കാക്കാതെ കഥ തുടങ്ങി:
“കേശവന്റത്രേം തലേടുപ്പൊള്ള ആന ആ നാട്ടിലെങ്ങും ഒണ്ടാരുന്നില്ലത്രേ. അപ്പൂപ്പൻ അമ്പലങ്ങളിൽ എഴുന്നള്ളത്തിനുമാത്രേ അവനെ വിടാറൊണ്ടാരുന്നൊള്ളൂ. ഒരിക്കൽ ദൂരെയെവിടെയോ എഴുന്നള്ളത്തിനു കൊണ്ടുപോയി കേശവനെ. തിരിച്ചുവരും വഴി ആരോ ഒരു വനംകൂപ്പുകാരൻ തടിപിടിക്കാൻ ആനേ ചോദിച്ചത്രേ. കേശവന്റെ തലയെടുപ്പും തടിമിടുക്കുമൊക്കെ കണ്ടിട്ടാകും. കൂപ്പുകാരൻ പാപ്പാനോടു് എത്ര രൂപവേണേലും കൊടുക്കാന്നു് ഓഫർ വച്ചു. പുതിയ ആളായിരുന്നു ആ ഒന്നാം പാപ്പാൻ. അവസരം മുതലാക്കാൻ തീരുമാനിച്ചു പാപ്പാൻ, അപ്പൂപ്പന്റെ നിർദ്ദേശം അയാൾ മറന്നു. രണ്ടാം പാപ്പാനും കിട്ടി കൈമടക്കു്.”
‘ഓ… ആരറിയാനാടാ… എന്തായാലും ആന ചെന്നു വല്യേമാനോടു പറയുകേല, എന്നെക്കൊണ്ടു് തടിപിടിപ്പിച്ചേന്നു്’, ഒന്നാം പാപ്പാൻ രണ്ടാം പാപ്പാനോടു പറഞ്ഞു ചിരിച്ചു.
കൂപ്പിൽ ചെന്നു. വേറേം ആനകളൊണ്ടു്… വലിയ വലിയ തടികൾ. രണ്ടാന ഒത്തുപിടിച്ചിട്ടും അനങ്ങാത്തവ.
പരിസരത്തെത്തിയപ്പോളേ കേശവനു പന്തികേടു തോന്നിക്കാണും; മറ്റാനകളെക്കൊണ്ടു് തല്ലിയും ചവിട്ടിയും തോട്ടിക്കുകുത്തിയും തടിവലിപ്പിക്കാൻ നോക്കുന്നു. ഓരോ അടിക്കും കുത്തിനും ചിന്നംവിളി… പെട്ടെന്നു് കേശവൻ ഒരു ചിന്നം വിളി! ‘ഛീ മിണ്ടാതിരിയെടാ’ന്നു് ഒന്നാം പാപ്പാൻ. അയാളുണ്ടോ അറിയുന്നു അതൊരു മുന്നറിയിപ്പാണെന്നു്. തടികൾക്കടുത്തെത്തിയപ്പോൾ ഒരു വലിയ തട തുളച്ചു് കടത്തിയ തുടവണ്ണത്തിലുള്ള വടം ചൂണ്ടിക്കാട്ടി പാപ്പാൻ പറഞ്ഞു… ‘വലിക്കെടാ വടം… കേശവൻ അനങ്ങിയില്ല. പാപ്പാനു് ദേഷ്യം വന്നു; പഠിച്ച പണി പതിനെട്ടും നോക്കീട്ടും ങേഹേ… പാപ്പാൻ ഒറ്റച്ചവിട്ടും ഒരലർച്ചേം. ‘വലിക്കെടാ ആനേ തടീ’, അലറിത്തീരും മുമ്പേ ചെവീൽ തോട്ടിയിട്ടു് ഒരു വലീം…’
എട്ടുനാടും പൊട്ടത്തക്ക വിധത്തിൽ ഒരലർച്ച അലറി കേശവൻ. പാപ്പാനെ വലിച്ചു താഴെയിട്ടതും ഒരൊറ്റയോട്ടം… ആദ്യത്തെ ചിന്നംവിളി കേട്ടപ്പോഴേ രണ്ടാം പാപ്പാൻ ഓട്ടം പിടിച്ചു കഴിഞ്ഞിരുന്നു. കേശവന്റെ ഓരോ ചിന്നംവിളിയും രണ്ടാം പാപ്പാനു് അസ്സലായറിയാം. നടന്നും ഓടിയും കാളവണ്ടീം വള്ളോം പിടിച്ചും സൂര്യാസ്തമനമാകുമ്പോഴേയ്ക്കും ചെമ്പകശ്ശേരി പടിപ്പുര കടന്ന രണ്ടാം പാപ്പാൻ മുറ്റത്തു തളർന്നു വീണു. എന്താ എന്താന്നു ചോദിച്ചവരോടു് പടിക്കലേക്കു ചൂണ്ടിക്കാട്ടി വിക്കി… ‘ഇബ്ടത്തെ… കേശവനാന… ആന ഓടി… ഇപ്പങ്ങെത്തും.’
‘അപ്പൂപ്പൻ പനിയായിട്ടു് കിടപ്പാര്ന്നേ, പക്ഷെ പാപ്പാന്റെ ഒച്ചകേട്ടതും ചാടിയെഴുന്നേറ്റു് പൂമുഖത്തെത്തി. ഒരു കുല പഴോം ശർക്കരേം പെട്ടെന്നെത്തിക്കാൻ കാര്യസ്ഥനോടു പറഞ്ഞു. പിന്നെ, പതുക്കെ മാത്രം വർത്തമാനം പറയുന്ന അപ്പൂപ്പൻ ഉച്ചത്തിൽ വിളിച്ചു.’
‘ശങ്കരീ, എല്ലാവരോടും വേഗം അകത്തു കയറാൻ പറ… കുഞ്ഞുങ്ങളെല്ലാമെവ്ടെ, വേഗാട്ടേ. തൊഴുത്തീന്നു പശുക്കളെ കയറുചെത്തി പാടത്തേക്കോടിച്ചോ…’
‘അപ്പൂപ്പൻ കമ്പിളി പുതച്ചു് വെപ്രാളപ്പെട്ടു് വരാന്തയിൽ തെക്കുവടക്കു നടന്നു. വടക്കുപടിഞ്ഞാറെ മൂലയ്ക്കു് വരാന്തയിൽ പാൽപ്പെരേടെ മുൻപിൽ കാലുനീട്ടിയിരുന്നു് സാവകാശം വെറ്റില മുറുക്കുകാരുന്നു അമ്മൂമ്മ… അപ്പൂപ്പന്റെ വെപ്രാളോം വിളീം കേട്ടപാതി പിടഞ്ഞെണീറ്റു. താക്കോൽക്കൂട്ടം എളിയിലുണ്ടെന്നുറപ്പുവരുത്തി. അടുത്തിരുന്ന ഓട്ടുവിളക്കും തീപ്പെട്ടിയുമെടുത്തു് ചാടി പാൽപ്പെരേലേക്കു കയറി വാതിലടയ്ക്കാൻ നോക്കുമ്പം ഒറ്റയ്ക്കിരിക്കുന്നു സമൃദ്ധമായി കൊത്തുപണി ചെയ്ത സ്വർണ്ണം പോലെ തിളങ്ങുന്ന മുറുക്കാൻ ചെല്ലം! ചാടിയിറങ്ങി പരുന്തു് കോഴിക്കുഞ്ഞിനെ റാഞ്ചുന്ന വേഗത്തിൽ ചെല്ലവുമെടുത്തു് അകത്തു കയറി വാതിലടച്ചു. എന്റമ്മയും ഭാരതിവല്യമ്മേം-അന്നവര്ടെ കല്യാണോന്നും കഴിച്ചിട്ടില്ലാ-തൊഴുത്തിലേക്കോടി പശുക്കള്ടെ കയററുത്തു് ഓടിച്ചു് പാടത്തിറക്കുന്ന ബഹളം. ആനയ്ക്കു പശുക്കളെ കണ്ടൂടാ, കുത്തിക്കൊല്ലും. കയറു് കഴുത്തേലൊണ്ടേൽ ആന വലിച്ചടുപ്പിച്ചു് കൊല്ലുമത്രേ.’
‘പടിഞ്ഞാറെ മുറ്റത്തു പതിവുപോലെ നെടുനീളത്തിൽ കെട്ടുപന്തലിട്ടിരുന്നു. വേനലല്ലേ, രാത്രീലും പകലും മുറീലൊക്കെ ചൂടാ. മുതിർന്നവർ രാത്രിയിൽ പന്തലിലിട്ട കട്ടിലുകളിലാ ഉറക്കം… പകൽ പിള്ളേര്ടെ കുത്തിമറിച്ചിലും കളികളും ഉറക്കോമെല്ലാം പന്തലിലാ. ഒച്ചവച്ചു് കുത്തിമറിഞ്ഞു് കളിച്ചുതിമിർക്കുന്ന പിള്ളേരെ വേണുമ്മാനും സുമിത്രച്ചിറ്റമ്മേം കൂടെ വലിച്ചു പിടിച്ചകത്തെത്തിക്കുന്ന തെരക്കു്…’
‘അപ്പോളേക്കും കെഴക്കൂന്നു് ആനേടെ ചിന്നംവിളി കേൾക്കാം; വഴിയിലാരേം ഉപദ്രവിച്ചിട്ടില്ലാന്നു് അവിടന്നുമിവിടന്നുമൊക്കെ ഓടിവന്നവരൊക്കെപ്പറഞ്ഞു; വഴീ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ തിരിഞ്ഞുപോലും നോക്കാതെ ഒഴിഞ്ഞുമാറി ഓടി… പക്ഷേ വഴീക്കണ്ട വാഴേം തൈത്തെങ്ങുമൊക്കേം കേശവന്റെ കൈക്കരുത്തറിഞ്ഞു… അപ്പൂപ്പൻ പുതച്ചിരുന്ന കമ്പിളി മാറ്റിയിട്ടു് മുറ്റത്തു ചാടിയിറങ്ങി നേരേ പടിപ്പുരയിലേക്കു ചെന്നു, വിലക്കിയവരെ ആരേയും വകവയ്ക്കാതെ. ചിന്നം വിളിച്ചു് ഓടിവരുന്ന കേശവനെ ദൂരെക്കണ്ടതും അപ്പൂപ്പൻ ഗൗരവത്തിൽ ഉച്ചത്തിൽ… ‘കേശവാ, എടാ കേശവാ…’ പാഞ്ഞു വന്നുകൊണ്ടിരുന്ന കേശവൻ സഡൻ ബ്രേക്കിട്ടു; ചിന്നംവിളി നിന്നു.’
പടിപ്പുരയ്ക്കകത്തു് കാര്യസ്ഥൻ കൊണ്ടിട്ട ബഞ്ചിൽ കയറിനിന്നു് അപ്പൂപ്പൻ വിളിച്ചു: ‘കേശവാ… മോനിങ്ങുവാ’, കയ്യിൽ പൊക്കിപ്പിടിച്ച ഒരു കുല പൂവൻപഴം… കൊമ്പൻ തലതാഴ്ത്തി. പതുക്കെപ്പതുക്കെ തലയുയർത്തി അപ്പൂപ്പനെ നോക്കിയ കേശവനെ അപ്പൂപ്പൻ വീണ്ടും വിളിച്ചു: ‘ഇവടെ വാടാ മോനേ.’
‘കേശവൻ പതുക്കെപ്പതുക്കെ ചുവടുവച്ചു് ഒരു നവോഢയെപ്പോലെ പടിപ്പുര വാതിൽക്കലെത്തി നിന്നു. പടിപ്പുര മോന്തായം കേശവനും അപ്പൂപ്പനുമിടയിൽ വിലങ്ങുനിന്നു. ഒരു ബഹളോം കുസൃതീം കാണിക്കാതെ കേശവൻ പടിപ്പുരമോന്തായം കഴിഞ്ഞുള്ള മതിലിനടുത്തേക്കു മാറിനിന്നു. അപ്പൂപ്പൻ ചിരിച്ചു: ‘മിടുക്കൻ, നീ തന്നെ വഴി കണ്ടുപിടിച്ചു.’ ബഞ്ചുമാറ്റിയിട്ടു് അതിൽ കയറിനിന്നു് പഴവും ശർക്കരയും കൊടുത്തുതുടങ്ങി, അപ്പൂപ്പൻ. പാപ്പാൻ ആ നേരത്തിനു് കാലിൽ ചങ്ങലകൊളുത്തി. കേശവൻ അനുസരണയോടെ നിന്നു.’
‘പഴക്കുലയും ശർക്കരയും തീർന്നപ്പോൾ കേശവൻ തുമ്പിക്കൈ അപ്പൂപ്പന്റെ തലയിലും മുഖത്തും ഉരസി തിരിഞ്ഞുനടക്കാൻ തുടങ്ങി. അപ്പോളേക്കും ആരൊക്കെയൊ വെട്ടിക്കൊണ്ടുവന്നിട്ട തെങ്ങാലകൾ തുമ്പിക്കൈകൊണ്ടു് ചുറ്റിപ്പിടിച്ചു് കൊമ്പിൽ താങ്ങിയെടുത്തു് കൃത്യംവഴിയിലൂടെ മേലാംകോട്ടു് തറവാട്ടിലേക്കു നടന്നു. അവന്റെ താവളം അവിടെയാരുന്നതുമാത്രമല്ല, മിണ്ടാപ്രാണിയാണേലും അവനറിയാമായിരുന്നു അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ നീലാണ്ടപ്പണിക്കരിൽ നിന്നു് തൈപ്പറമ്പിൽ ബംഗ്ലാവുപണിതു മാറിയ കോളേജുപ്രൊഫസർ മാധവപ്പണിക്കർ മറ്റെല്ലാം കവർന്നെടുത്തതിനൊപ്പം കേശവനാനയേയും കുടുംബസ്വത്താക്കി വകമാറ്റി സ്വന്തമാക്കിയെടുത്തിട്ടുണ്ടെന്നു്.’
സാവിത്രിക്കുട്ടിയുടെ ശബ്ദം ഇടറിയിരുന്നു. നോക്കിയിരുന്ന കാളിക്കുട്ടി വല്യമ്മായി തുടർച്ചപോലെ പറഞ്ഞു:
“പാവം കേശവൻ… അവൻ വെറും ആനയല്ലാരുന്നു: ആ കുടുംബത്തിലെ പ്രിയപ്പെട്ട ഒരംഗം… എന്നിട്ടും അവനെ അയാൾ അമ്പലത്തിലേക്കു കൊടുത്തു, മിടുക്കുകാട്ടാൻ! ജീവനെപ്പോലെ സ്നേഹിക്കുകയും ശുശ്രൂഷിക്കയും ചെയ്തിരുന്നവരുടെ അടുക്കൽ നിന്നു് അവടെയെത്തിയപ്പോൾ അവനെയൊരു വെറും മൃഗമാക്കി…”
‘കഥ പലതുമുണ്ടു്… ഏതായാലും അവന്റെ അന്ത്യം സങ്കടകരമായിരുന്നു. തടി പിടിപ്പിക്കാൻ കൊണ്ടുപോയിടത്തുനിന്നും അവൻ ഓടിപ്പോന്നത്രെ. പുറകേ വരുന്നവരെ പേടിച്ചു് നേരേ പടിഞ്ഞാറെ ചാലുകടക്കാൻ നോക്കി. ചെളിയിൽ താണുപോയി… അനങ്ങാൻ പറ്റാതെ. തുമ്പിമാത്രം പൊക്കിപ്പിടിച്ചു് ചിന്നംവിളിച്ചു്… ദെവസങ്ങളോളം. ആരും അവനെ കേറ്റിയെടുക്കാൻ ശ്രമിച്ചില്ല. അത്രേം വല്യേ ആനയെ എങ്ങനെ പൊക്കാനാ… വേറെ കേട്ടേക്കുന്നതു്-മനപ്പൂർവ്വം ആനയെ തല്ലിയോടിച്ചു് ചാലിലെറക്കീതാന്നാ, കൊല്ലാൻ വേണ്ടിത്തന്നെ. പാപ്പാൻമാർ ചെയ്ത പണിയാത്രെ.’
‘ക്ഷേത്രക്കമ്മിറ്റിക്കാരു് ചെലവിനു കൊടുത്തില്ല, കേശവനൊട്ടു തടിപിടിക്കത്തുമില്ല. പിന്നെ അവരെന്തിനീ ഭാരം ചുമക്കണം!’
കാളിക്കുട്ടി വലിയമ്മായി ദീർഘശ്വാസം വിട്ടു. വലിയമ്മായി ആ മുത്തശ്ശനെ കണ്ടിട്ടില്ല. അവർ ജനിക്കും മുമ്പേ അദ്ദേഹം മരിച്ചു; പിന്നെ അകന്ന ബന്ധമേയുള്ളൂ അവർ തമ്മിൽ… എന്നിട്ടും കൺമുന്നിൽ കണ്ടതുപോലെയാണു് വിവരണം.
“ങാ… അങ്ങനെ മേലാംകോടു് തറവാടുണ്ടായി… പക്ഷെ ഇന്നു കാണുന്ന മേലാംകോട്ടു തറവാടു്-എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ എട്ടുകെട്ടാക്കി പുതുക്കി പണിയിച്ചതും, കാര്യാലോചനകൾക്കും കണക്കും കാര്യങ്ങളും സൂക്ഷിക്കാനും ആഫീസുമുറിയെ വിപുലപ്പെടുത്തിയതും കേശവപ്പണിക്കർ കാരണവസ്ഥാനം കൈമാറിക്കൊടുത്ത മൂത്ത അനന്തിരവൻ നീലാണ്ടപ്പണിക്കരായിരുന്നു, പത്തൊമ്പതുകാരനായ നീലാണ്ടപ്പണിക്കർ… അതായതു് നിങ്ങടെ അപ്പൂപ്പൻ, നിങ്ങടേന്നുവച്ചാൽ ഭാനുമതീടേം, സാവിത്രിക്കുട്ടീടേം. ദേ ഇതൊക്കെ മൂത്തേടത്തൂന്നും, ചെമ്പകശ്ശേരീന്നും, ചീരങ്കണ്ടത്തൂന്നും, പുന്നശ്ശേരീന്നും ഒക്കെ ഞാൻ പിടിച്ചെടുത്ത കഥകളൊക്കെയാണേ… എന്റമ്മ പറഞ്ഞു കേട്ടിട്ടൊള്ളതും, പിന്നെ ചെല നാട്ടുകാരീന്നും… കൂടുതലും സത്യം തന്നാ… എന്നാലോ, കുന്നായ്മേം കുശുമ്പും മനോധർമ്മോമൊക്കെ മേമ്പൊടി ചേർത്താണോ എന്റെ കയ്യീക്കിട്ടിയേന്നറിയില്ല… ഒക്കെ കൂട്ടിക്കെട്ടി നോക്കിയപ്പോ പണ്ടു വായിച്ച വിക്രമാദിത്യൻ കഥ പോലൊണ്ടു്… എന്റെ മനസ്സിലൊള്ളതൊക്കെ വാരിയിടാനും അതൊക്കെ ഇത്രേം താല്പര്യത്തോടെ കേക്കാനും ഈ പടിപ്പൊള്ള പിള്ളേര്! ഈ പ്രായത്തിനിടയ്ക്കിതാദ്യായിട്ടാ… മനസ്സു് നെറഞ്ഞു മക്കളെ.”
കാളിക്കുട്ടി വലിയമ്മായിയുടെ കണ്ണുനിറയുന്നതു് അമ്മുവും ആദിയും മാത്രമല്ല, മറ്റുള്ളവരും തെല്ലൊരു വല്ലായ്മയോടെ ശ്രദ്ധിച്ചു…
അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും തലകുനിച്ചതെന്തിനെന്നു് അമ്മുവിനു മനസ്സിലായി… യാത്രയ്ക്കിടയിൽ അവർ സ്വയം കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു… തങ്ങളുടെ അച്ഛനമ്മമാരിൽ നിന്നു് പകർന്നു കിട്ടിയേക്കുമായിരുന്ന കാലത്തിന്റെ കാല്പാടുകളൊന്നും തങ്ങൾക്കു നേടാനാകാതെ പോയതിന്റെ ദുഃഖം, നഷ്ടബോധം അവരുടെ വാക്കുകളിലുണ്ടായിരുന്നു.
“ഇനി ഊണു കഴിഞ്ഞിട്ടാകാം.” ശ്രീകുമാർ മുത്തശ്ശിയുടെ മുതുകിൽ തലോടിക്കൊണ്ടു് എല്ലാവരേയും ഊണുകഴിക്കാൻ ക്ഷണിച്ചു.