അറിവും കാര്യപ്രാപ്തിയും അധ്വാനശേഷിയും കൂർമ്മബുദ്ധിയുള്ള കേശവപ്പണിക്കർ മേലാംകോട്ടു കാരണവസ്ഥാനം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിനു മുൻപിൽ കനത്ത ഉത്തരവാദിത്വങ്ങളുടെ ഒരു നെടുങ്കോട്ടതന്നെ ഉണ്ടായിരുന്നു. വിവാഹം കഴിക്കാൻ നിർബ്ബന്ധം പിടിച്ച അമ്മയേയും മറ്റു് അഭ്യുദയകാംക്ഷികളേയും സ്നേഹപൂർവ്വം അടക്കിനിർത്തി.
കണ്ടെഴുത്തു വന്നതോടുകൂടി രാജഭോഗം-വിളവിന്റെ ഭാഗം നികുതിയായി കൊടുക്കുന്നതു്-പണമായി കൊടുക്കണമെന്നു വന്നു. കണ്ടെഴുത്തെന്നു പറയുന്നതു് കൃഷിചെയ്യാൻ തയ്യാറുള്ളവർക്കും അതിനു കഴിവുള്ളവർക്കും ഭൂമി കണ്ടെഴുതി വയ്ക്കും. മുല്ലക്കാരൻ എന്ന റവന്യൂ ഉദ്യോഗസ്ഥന്റെ ജോലിയാണു് ആളെ കണ്ടുപിടിച്ചുകൊണ്ടുവരുക എന്നതു്. കാര്യക്കാർ അതിർത്തികൾ നിശ്ചയിച്ചു് ഭൂമി ചാർത്തിക്കൊടുക്കും. ഭൂമിയുടെ തരമനുസരിച്ചു് കരം ചാർത്തും.
സാധാരണ കൃഷിക്കാർ ഭൂമി ചാർത്തിക്കിട്ടുന്നതിൽ നിന്നൊഴിവാകാനും, വിസ്തീർണ്ണം കുറച്ചു കിട്ടാനുമൊക്കെ പല മാർഗ്ഗങ്ങളും നോക്കും, കൈക്കൂലിയുൾപ്പെടെ. കാരണം അവർക്കു വിളവിന്റെ ഭാഗമായാലും പണമായാലും കരമടയ്ക്കാൻ കഴിവില്ല; വിത്തും പണവുമെവിടെ; അത്രയും സ്ഥലം കൃഷിയിറക്കാനും പണിയെടുക്കാനും ആളെവിടെ? വിത്തും പണവും കടംകൊണ്ടാൽ അതു വീട്ടാനുള്ളതു കിട്ടിയാലായി എന്നേയുള്ളൂ. പിന്നെ ഭാരിച്ച കരമെങ്ങനെ അടയ്ക്കും! കരമടച്ചില്ലെങ്കിൽ ശിക്ഷ കടുത്തതാണു്; ഒരു ദാക്ഷിണ്യവുമില്ലാതെ! സത്യാവസ്ഥകൾ കണക്കിലെടുക്കാതെ ശിക്ഷ നടപ്പാക്കും-പൊരിവെയിലിൽ കുനിച്ചുനിർത്തി മുതുകിൽ കല്ലുകേറ്റി വയ്ക്കുക, അവരുടെ ഭൂമിയിൽ നിന്നു കുടിയിറക്കിവിട്ടു് വീടു് അടച്ചുപൂട്ടി മുദ്ര വച്ചു് റവന്യൂ അധികൃതരുടെ അധീനതയിലാക്കുക… അങ്ങനെ…
പക്ഷെ കണ്ടെഴുത്തു വന്നതു് മേലാംകോടു കാരണവർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വിത്തും പണവും പ്രശ്നമല്ല; പണി ചെയ്യാൻ സ്വന്തം അധീനതയിൽത്തന്നെ അടിയാന്മാർ ഇഷ്ടം പോലെ; കൂടുതൽ പണിക്കാരുടെ ആവശ്യം വന്നാൽ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന പണിയാളുകളെ ഏർപ്പാടാക്കാൻ കഴിവുണ്ടു്; കാര്യപ്രാപ്തിയുള്ള അനന്തിരവരുണ്ടു്, കേശവപ്പണിക്കരുടെ സ്വന്തം അനുചരരുമുണ്ടു് കാര്യങ്ങൾ നടപ്പാക്കാൻ; വീട്ടിലുള്ള ആൺകുട്ടികളൊക്കെ പഠിക്കുകാന്നുള്ളതു് പ്രശ്നമല്ല.
കാര്യക്കാർ ആവശ്യത്തിനു ഭൂമി ചാർത്തിക്കൊടുത്തു മേലാംകോട്ടേക്കു്. കരപ്പുറത്തെ മറ്റു ചില നായർ, ഈഴവ, ക്രിസ്ത്യൻ ജന്മിമാരും മറ്റു ചില പാവപ്പെട്ട കൃഷിക്കാരും ചാർത്തിക്കിട്ടിയ ഭൂമിയുമായി മൽപ്പിടുത്തത്തിലായി.
മേലാംകോടിന്റെ അധീനതയിൽ എമ്പാടും വസ്തുവകകളായി. പ്രമാണിത്തത്തിൽ പണ്ടേ മുൻപന്തിയിൽ; സമ്പന്നതയിലും ജനസ്വാധീനത്തിലും കൂടി മുൻപന്തിയിലെത്തി നിൽക്കുന്ന അക്കാലത്തു് സന്ദർഭവശാൽ ചില കുസൃതികൾ ഒപ്പിച്ചു കേശവപ്പണിക്കർ. അത്തരം ചില പ്രവൃത്തികളെ കുസൃതികൾ എന്നേ പറയാവൂ എന്നു് ശശിയേട്ടൻ. കാരണമുണ്ടു്-രാജാധികാരത്തിൻ കീഴിൽ ദുഷിച്ച ഉദ്യോഗസ്ഥവൃന്ദത്തിന്റെ ദുർഭരണം! പോലീസ്, റവന്യൂ അധികാരികളുടെ അഴിഞ്ഞാട്ടവും കണ്ണിൽ ചോരയില്ലാത്ത ജനദ്രോഹങ്ങളും അതിരില്ലാത്തതായിരുന്നു. ചോദ്യം ചെയ്യാൻ ആരെങ്കിലും മുതിരുമോ അക്കാലത്തു്!
ങാ… എന്നാൽ ഒരാൾ മുതിർന്നു. സാവിത്രിക്കുട്ടിയുടെ മുതുമുത്തച്ഛൻ സാക്ഷാൽ മേലാംകോടു് കേശവപ്പണിക്കർ!
ഏതോ കരമൊടുക്കാൻ താമസിച്ചുപോയി മേലാംകോട്ടു കാരണവർ എന്ന ആരോപണവുമായി ക്ലാസ്സിപ്പേരദ്ദേഹം തന്നെയങ്ങ് നേരിട്ടു് മേലാംകോട്ടെത്തി… കേശവപ്പണിക്കരോടു് തട്ടിക്കേറി. ഉടനെ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കയാണെന്നു ഭീഷണിപ്പെടുത്തി…
അക്ഷോഭ്യനായി നിന്ന കേശവപ്പണിക്കർ വിനീതനായി സംഭാരവുമൊക്കെക്കൊടുത്തു് ക്ലാസ്സിപ്പേരെ സത്ക്കരിച്ചിരുത്തി. ഉടുത്തിരുന്ന മുണ്ടുമാറിയുടുത്തു് ഒരു തോർത്തും തോളിലിട്ടു് ഇറങ്ങി വന്നു് ക്ലാസ്സിപ്പേരെ വിനയത്തോടെ വിളിച്ചു: ‘അങ്ങുന്നു് ഇവിടടുത്തുവരെ ഒന്നു വരണം.’
ക്ലാസിപ്പേർ ഗമയിൽ പണിക്കർക്കൊപ്പം ചെന്നു… പാടത്തു് ഒരേറുകാള നിലമുഴുന്നുണ്ടു്. കേശവപ്പണിക്കർ കാളപൂട്ടുകാരനെ വിളിച്ചു് കലപ്പയും കാളകളുമായി ഇങ്ങുവരാൻ പറഞ്ഞു. കാളപ്പൂട്ടുകാരനു് ഇതിലെന്തുകാര്യമെന്നു് ക്ലാസ്സിപ്പേർ അന്തിച്ചുനില്ക്കേ പണിക്കർ അടുത്തുചെന്നു കലപ്പയിൽ നിന്നു് ഒരു കാളയെ അഴിച്ചുമാറ്റി. നേരെ ക്ലാസ്സിപ്പെരെ പിടിച്ചു് ആ കാളയ്ക്കു പകരം നുകത്തിൽ കെട്ടി. ‘ഈ നെലം മുഴ്‌വൻ ഉഴുതിട്ടേ തന്നെ ഞാൻ വിടൂ… കഷ്ടപ്പെട്ടു പണിതുണ്ടാക്കുന്നതിന്റെ സിംഹഭാഗോം കൊട്ടാരത്തിലേക്കു്! കൃഷിപ്പിഴകൊണ്ടോ മറ്റൊ മുച്ചൂടും നഷ്ടപ്പെടുന്ന കർഷകൻ കരമടയ്ക്കാനിത്തിരി കാലതാമസം വന്നുപോയാൽ മുതുകത്തു കല്ലുകേറ്റി പൊരിവെത്തു്… താനുമൊന്നനുഭവിക്കു്!’
എല്ലാവരും സ്തബ്ധരായി നോക്കി നിന്നു. ക്ലാസിപ്പേരെ കന്നുപൂട്ടിച്ചെന്നും, അതല്ല നുകത്തിനടിയിൽ നിർത്തി കെട്ടുന്നതായി കാണിച്ചു പേടിപ്പിച്ചതേ ഉള്ളെന്നും പലകഥകൾ. ‘പേടിപ്പിച്ചതേ ഉള്ളൂ എന്നതാണു് ശരിയെന്നു ശശിയേട്ടൻ…’ എന്തായാലും ആ കുസൃതി പുലിവാലായി.
ഇതുമാത്രമല്ല, പിന്നെയുമുണ്ടു് കഥകൾ…
കടലു കാണാനും ആയാലൊന്നു് കാലുനനയ്ക്കാനും മോഹിച്ചു് മേലാംകോട്ടു തറവാട്ടിലെ കുറച്ചു പെൺകിടാങ്ങൾ കടപ്പുറത്തുപോയി… ദാന്നു പറയുന്ന ദൂരമേ ഉള്ളൂന്നു ചിറ്റമ്മ, അതായതു് ഒരു കിലോമീറ്റർ. മഹാത്ഭുതം ആദ്യമായി കാണുകയാണു്. പെങ്കൊച്ചുങ്ങൾ മതിമറന്നു തുള്ളിച്ചാടി… പണ്ടു് തിരുവിതാംകൂറും കൊച്ചിയുമായുണ്ടായ യുദ്ധത്തിൽ സഹായിക്കാൻ വരുത്തിയ മറവപ്പട തിരിച്ചുപോയില്ല. യുദ്ധം കഴിഞ്ഞു. തിരിച്ചുപോയിട്ടു കാര്യമില്ല, ഇവിടെ നില്ക്കാനിടവുമില്ല. അവരോടു ദയ തോന്നിയ രാജാവു് കായൽത്തീരം ചെളികുത്തിപ്പൊക്കി ചിറപിടിപ്പിച്ചു് സ്വന്തമാക്കി കുടിൽകെട്ടി പാർക്കാനും കൃഷി ചെയ്തുമൊക്കെ ജീവിച്ചുകൊള്ളാനും അനുവാദം കൊടുത്തു. അവർ കടലിൽ നിന്നു പൊന്നുവാരിയും-എന്നുവച്ചാൽ മീൻപിടുത്തം-പഴയ യുദ്ധക്കൊതി കെട്ടടങ്ങിയില്ലാത്തതിനാൽ ചില്ലറ അടിപിടി അക്രമങ്ങളിൽ പങ്കെടുത്തും സ്വതന്ത്രരായി വിലസിയിരുന്നു…
കടലുകാണാൻ വന്ന മേലാംകോട്ടു തറവാട്ടിലെ പെൺകൊച്ചുങ്ങൾ അവരുടെ കണ്ണിനു വിരുന്നായി… മറവരുടെ കൂട്ടത്തിൽനിന്നാരൊക്കെയോ സ്ത്രീകളെ കമന്റടിക്കുകയോ പുറകേ വരികയോ ചെയ്തത്രെ. പെണ്ണുങ്ങൾ പേടിച്ചു വിറച്ചു കരഞ്ഞുവിളിച്ചു വീട്ടിലേയ്ക്കോടി… കുടുംബത്തിലെ ആണുങ്ങൾ ക്ഷമിക്കുമോ; കൊല്ലും കൊലയ്ക്കും വരെ ഒരു കാലത്തു് അധികാരമുണ്ടായിരുന്ന മാടമ്പി കുടുംബത്തിലെ സ്ത്രീജനങ്ങളെയാണു് അപമാനിച്ചിരിക്കുന്നതു്-ആര്-മറവന്മാർ!
കേശവപ്പണിക്കരും അനുചരക്കൂട്ടവുമിറങ്ങി. മറവക്കൂട്ടത്തെ മുഴുവൻ അടിച്ചോടിച്ചു, നാടുകടത്തി. അവരുടെ കുടിലുകൾ വലിച്ചുപൊളിച്ചു് തീവെച്ചു നശിപ്പിച്ചു. ചിറകൾ മേലാംകോടിനു സ്വന്തമായി.
കേശവപ്പണിക്കരുടെ പേരിൽ പരാതികൾ രാജസന്നിധിയിലെത്തി. ശ്രീമൂലംപ്രജാസഭാമെമ്പറാണു്. കരപ്പുറത്തുനിന്നു് ഏറ്റവും കൂടുതൽ നികുതിപ്പണം രാജഭണ്ഡാരത്തിലെത്തിക്കുന്നതിൽ മുൻപൻ! അതിക്രമങ്ങൾക്കോ രാജ്യദ്രോഹത്തിനോ മുതിർന്നതായി ഇന്നുവരെ പരാതി കേൾപ്പിക്കാത്ത രാജഭക്തൻ! പക്ഷേ ഗൗരവമുള്ള പരാതികളാണു്!
തിരുവനന്തപുരത്തേക്കു വിളിവന്നു. തിരുമനസ്സിനെ നേരിട്ടു മുഖം കാണിക്കണം, പ്രതിയിൽ നിന്നു് മുഖദാവിൽ വിശദീകരണം വേണം… കേശവപ്പണിക്കരല്ലേ ആള്. എടുപ്പതു കാഴ്ചവസ്തുക്കളും പരിവാരങ്ങളുമായി യാത്ര തിരിച്ചു… ക്ലാസ്സിപ്പേരുടെ പൂർവ്വകാല ദ്രോഹചരിത്രങ്ങളും കരം പിരിവുകളിൽ നടത്തിവന്ന തിരിമറികളുമുൾപ്പെടെയുള്ള തെളിവുകൾ തിരുമനസ്സുണർത്തിക്കാനുമുള്ള ‘മുഖം കാണിക്ക‘ലായിരുന്നു അതു്…
കേശവപ്പണിക്കർ പൂർവ്വാധികം ശക്തനായി, കൂടുതൽ പ്രാമാണ്യത്തോടെ തിരിച്ചെത്തി. ഒന്നരക്കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പ്രിയപ്പെട്ടവൾ മേലാംകോട്ടു തറവാട്ടിലെ വധുവായി… ഒപ്പം ഒരു പെൺകുഞ്ഞിന്റെ ലാഭവും!
നാലഞ്ചു മക്കളായി… മൂത്തേടത്തു് തറവാടു പണിയിച്ചു് പാർവ്വതിപ്പിള്ളയേയും മക്കളേയും അവിടാക്കി. തന്റെ കുടുംബം അപ്പോഴും മേലാംകോടു തറവാടാണെന്നു ബോധ്യമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ആ തറവാടിന്റെ ഉന്നതിയിലും അവിടത്തെ കുട്ടികളുടെ ഉയർച്ചയിലുമായിരുന്നു; അതേസമയം തനിക്കു് സ്വന്തം മക്കളുടെ ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പാർവ്വതിപ്പിള്ള ആ കുറവു നികത്താൻ കെല്പുള്ളയാളാണെന്ന സംതൃപ്തിയും ബഹുമാനവും കേശവപ്പണിക്കർക്കുണ്ടായിരുന്നു. മേലാംകോടു തറവാട്ടിലെ ജോലികളൊതുക്കി ദിവസവും രാത്രിയിൽ മൂത്തേടത്തെത്താനും ശ്രദ്ധിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും കേശവപ്പണിക്കരെ ആപത്തുകൾ പിൻതുടർന്നിരുന്നു… അവിശ്വസനീയമായ ആക്രമണങ്ങൾ… പക്ഷെ ആരു്, ഏതു കോണിൽ നിന്നു്… തീരാത്ത പകയുണ്ടാകാനിടയുള്ള ക്ലാസ്സിപ്പേരു്; നാടുവിട്ടോടേണ്ടിവന്ന മറവർ; അഭിമാനക്ഷതമേറ്റ പുന്നശ്ശേരിക്കാർ,, ആരുമാകാം… അതോ സ്വന്തം തറവാട്ടിൽ തന്നെ തന്നോടു് അതൃപ്തിയുള്ള ആരെങ്കിലുമുണ്ടോ!