‘അക്കാലത്തും മാടനും മറുതയും യക്ഷിയും രക്ഷസ്സുകളും മനുഷ്യരെ പേടിപ്പിച്ചിരുന്നു. രാത്രിയിൽ ഗർഭിണികൾ പുറത്തിറങ്ങിയാൽ വയറ്റിലെ കുഞ്ഞിന്റെ ചോരകുടിക്കുന്ന, പിറുപിറുത്തുനടക്കുന്ന അടുത്തുചെന്നാൽ പന്തുപോലെ ഉരുണ്ടുപോകുന്ന പ്രേതാത്മാവാക്കിയിരുന്നു ഈനാംപീച്ചിയെ. രാത്രിയിൽ സഞ്ചരിക്കുന്ന മനുഷ്യരെ വികൃതവേഷധാരികളായി പേടിപ്പിക്കാനും കടുത്ത ദേഹോപദ്രവം ഏല്പിക്കാനും കൊല്ലാനും വരെ കഴിവുള്ള ഒടിയന്മാരും വിലസിയിരുന്നു!’
അന്നു് മനുഷ്യർ സഞ്ചരിക്കുന്നതു് പാടവരമ്പുകളിലൂടെയും ഇടവഴികളിലൂടെയും വിജനമായ പുരയിടങ്ങളിലെ കുറ്റിക്കാടുകൾക്കിടയിലുള്ള ഒറ്റയടിപ്പാത വഴിയും ഒക്കെയാണു്; നാട്ടുവെളിച്ചമോ നിലാവോ ചൂട്ടുകറ്റയോ ആണു് വെളിച്ചത്തിനു്. ഒറ്റപ്പെട്ടു് വീടുകളുണ്ടാകാം. പക്ഷെ അവിടത്തെ മുനിഞ്ഞുകത്തുന്ന, ഉള്ളിലെ ഇരുട്ടകറ്റാൻ പോലും ആകാത്ത കാക്കവിളക്കുകൾ എപ്പോഴേ അണഞ്ഞുകാണും. എന്തു് അക്രമം കാട്ടാനും കഥകൾ മെനയാനും പറ്റിയ സാഹചര്യം. വഴിയിലെങ്ങാനും ആരെങ്കിലും മരിച്ചു കിടന്നാൽ കഥ പ്രചരിക്കുകയായി-മാടൻ അടിച്ചുകൊന്നു, യക്ഷി ചോരകുടിച്ചുകൊന്നു, ഒടിയൻ ഒടിവച്ചുകൊന്നു… അങ്ങനെ. എന്താണു് യഥാർത്ഥ മരണകാരണമെന്നു് അന്വേഷിക്കുന്ന പ്രശ്നമേയില്ല. അന്ധവിശ്വാസം മത്സരിച്ചു പ്രചരിപ്പിച്ചു് മനുഷ്യരെ കൂടുതൽ കൂടുതൽ പേടിയിലോട്ടു തള്ളിയിട്ടു. ആവർത്തിച്ചു കേൾക്കുന്ന കഥകൾ, രാത്രിയിൽ വിജനസ്ഥലത്തു് തനിയെ നടക്കുമ്പോൾ എത്ര ധൈര്യമുള്ള മനുഷ്യന്റെ മനസ്സിലും പേടിയുണർത്തും. ധൈര്യം സംഭരിച്ചു് ചൂട്ടുവെളിച്ചവുമായി അന്വേഷിച്ചുപോയവരിൽ പലരും കൊല്ലപ്പെട്ടു.
എന്നാൽ അതിക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകളോടെ മരിച്ചു കിടക്കുന്നവരുടെ കാര്യത്തിൽ പോലും അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല; അന്ധവിശ്വാസത്തിന്റെ ശക്തി.
യക്ഷിയും രക്ഷസുമൊക്കെ സങ്കല്പത്തിലുള്ള ദുഷ്ടശക്തികൾ; എന്നാൽ ഈനാംപീച്ചിയാകട്ടെ ഒരു പാവം ജീവി-ചിതലുകളേയും ഉറുമ്പുകളേയും തിന്നു ജീവിക്കുന്നു; സ്വയം രക്ഷയ്ക്കാണു് അതു് അനക്കം കേൾക്കുമ്പോൾ ഉരുണ്ടുപന്തുപോലെയാകുന്നതു്. പക്ഷേ ഒടിയൻ ഒരു യാഥാർത്ഥ്യമായിരുന്നു.
ഒടിവിദ്യ അന്നു നടപ്പുണ്ടായിരുന്നു… കടിഞ്ഞൂൽ ഗർഭിണിയുടെ ഭ്രൂണം വാറ്റിയെടുക്കുന്ന തൈലം ചെവിപ്പുറകിൽ പുരട്ടിയാൽ പോത്തായും കരടിയായും ഒക്കെ വേഷം മാറാൻ കഴിയുമെന്നായിരുന്നു വിശ്വാസം…
ഓരോ കാര്യസാധ്യത്തിനു്-പലപ്പോഴും പ്രമാണിമാരായ ചിലരുടെ രഹസ്യവേഴ്ചകൾ മറ്റാരും അറിയാതിരിക്കാൻ-‘താണജാതി’ ക്കാരെ, മിക്കവാറും പറയരെയും മറവരെയുമൊക്കെ, പ്രമാണിമാർ വരുതിയിലാക്കും. അവർക്ക് നെല്ലും അരിയുമൊക്കെയാണു് പ്രതിഫലം. അടിയാന്മാരായ അവർ ഒടിയനാകാൻ വിസമ്മതിച്ചാൽ പ്രമാണിമാർ അവരെ കൊന്നുതള്ളും… ഒടിയന്മാർക്കുള്ള ജോലി, ജോലിയേൽപ്പിക്കുന്ന ആൾ പറയുന്ന വഴിയിൽക്കൂടി ആരേയും നടക്കാൻ അനുവദിക്കരുതു്; അവരെ പേടിപ്പിച്ചോടിക്കണം, അല്ലെങ്കിൽ കയ്യോ കാലോ ഒടിക്കണം, എതിർത്താൽ കല്ലും വടിയും ആയുധവും പ്രയോഗിച്ചു് കൊല്ലണം എന്നൊക്കെയാണു്. ഒടിയനാകുന്നതിനു് കുറച്ചു മെയ്വഴക്കവും പരിശീലനവും വേണ്ടിവരും… എന്നിട്ടു് മുഖത്തും ശരീരത്തിലും കരിവാരിത്തേച്ചും തലയിൽ പോത്തിന്റെ തലയും കയ്യിൽ പോത്തിന്റെ കാലും കെട്ടിവച്ചും; പൊയ്കാലില്ലാത്തവരും ഉണ്ടാകും. ആളനക്കം കണ്ടാൽ ഭീകരശബ്ദം പുറപ്പെടുവിച്ചു് പന്തം വീശി അവരുടെ അടുത്തേയ്ക്കു നീങ്ങുന്ന പ്രതീതി സൃഷ്ടിക്കും… ആ കാഴ്ചയും ശബ്ദവും മതി സാധാരണ മനുഷ്യൻ പേടിച്ചു മരിക്കാൻ. പേടിച്ചു് തിരിഞ്ഞോടി പനി പിടിച്ചു മരിച്ചവരുമുണ്ടു്… അല്ലെങ്കിൽ ഇരയുടെ കൈകാലൊടിക്കുകയോ കൊല്ലുകയോ ചെയ്യും. ഇതായിരുന്നു ഒടിവിദ്യ.
അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിച്ചു് പ്രയോജനം തട്ടിയെടുത്തുകൊണ്ടിരുന്നു ജോത്സ്യന്മാരും, മന്ത്രവാദികളും, പ്രമാണിമാരും…
“അക്കാലത്തിനു കുറച്ചിപ്പുറം ഒരു പ്രേതത്തെ കയ്യോടെ പിടിച്ചിട്ടുണ്ടു് സാവിത്രിക്കുട്ടിയുടെ അച്ഛൻ നാരായണൻ നായർ. ഇതു് മീനാക്ഷി പറഞ്ഞുകേട്ട കഥയാണേ”, അപ്പച്ചിയമ്മൂമ്മ പറഞ്ഞുതുടങ്ങി.
‘ബന്ധുവും അടുത്ത സ്നേഹിതനുമായ ഗോവിന്ദക്കൈമളുമായി അദ്ദേഹത്തിന്റെ വീട്ടിൽ ഗൗരവതരമായ ഏതോ ചർച്ചയിലായിരുന്നു നാരായണൻ നായർ. നേരം പോയതറിഞ്ഞില്ല. മണി പത്തുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും അങ്ങനെയാ, അവരു രണ്ടും കൂടിയാൽ ഒരു നൂറു കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടാകും…’
‘നാരായണൻ നായർ എരിക്കുമ്പാടു വീട്ടിലേക്കു തിരിച്ചു; അന്നു കല്യാണം കഴിഞ്ഞിട്ടില്ല. രാത്രിയായാലും ഇളയിടത്തു മഠത്തിൽ ഒന്നു മുഖം കാണിച്ചേ പോകാൻ പറ്റൂ. അച്ഛൻ കുഞ്ഞിക്കുട്ടൻ കർത്താ ഉണർന്നിരിപ്പുണ്ടാകും മകനെ കാത്തു്, വൈദ്യഗ്രന്ഥങ്ങളോ പുരാണങ്ങളോ മറിച്ചുനോക്കിക്കൊണ്ടു്…’
‘ചെമ്മൺ പാതയിൽ നിന്നു് പുരയിടത്തിലേക്കു കയറി. കുറ്റിക്കാടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ എന്തൊക്കെയോ ആലോചിച്ചു നടന്നുവരികയാണു്. കത്തിച്ച റാന്തൽ വിളക്കുണ്ടു് വഴികാണിക്കാൻ… കുറച്ചു ദൂരെ വഴിയിൽ ഒരു നീലവെളിച്ചം-വലിയൊരു വട്ടത്തിൽ തെളിയുകയും കെടുകയും വീണ്ടും തെളിയുകയും… ഒരേ സ്ഥലത്തുതന്നെ… ഭൂതപ്രേതാദികളിൽ ഒട്ടും വിശ്വാസമില്ലാത്ത നാരായണൻനായർ ഒരു നിമിഷം സ്തംഭിച്ചു നിന്നു. എന്താണതു്! രാത്രി; തീർത്തും വിജനമായ സ്ഥലം; ഒറ്റയ്ക്കാണു് എന്നും ഒറ്റയ്ക്കു തന്നെയാണു് നടക്കാറു്… പക്ഷേ ഈ വഴിയേ… ആ വിശാലമായ പുരയിടത്തിന്റെ തെക്കേയറ്റത്തുള്ള കുഴി-തെങ്ങോളം പോന്ന മാറാൻചേമ്പുകളും കാട്ടുചെടികളും വളർന്നു മൂടിയ പ്രേതക്കുഴി… കുഞ്ഞിക്കുട്ടൻ കർത്താവിന്റെ പൂർവ്വികരുടെ കാലത്തെങ്ങോ കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്നപ്പോൾ കുറ്റവാളികളെ കഴുവേറ്റിയ സ്ഥലം. ഒരു നിമിഷം മനസ്സിലൂടെ പേടിയുടെ ഒരു ചീൾ പാഞ്ഞുപോയി… തിരിഞ്ഞോടിയാലും പ്രേതമാണെങ്കിൽ പിടിക്കും ഉറപ്പു്… പിന്നെന്തിനാ? നേർക്കുനേർ കാണണം. റാന്തലിന്റെ തിരിനീട്ടി… അടുത്തുചെല്ലുന്തോറും നീലവെളിച്ചത്തിനു മങ്ങൽ… അടുത്തെത്തി റാന്തൽ ഉയർത്തിനോക്കി. പ്രകാശമില്ല… ഒന്നിനും അമിതാവേശം കാണിക്കാത്ത നാരായണൻനായർ പൊട്ടിച്ചിരിച്ചില്ല, ജാള ്യതയുടെ ഒരു പുഞ്ചിരിമാത്രം… പഴക്കമുള്ള ഒരു തെങ്ങിൻകുറ്റി, അതിനകത്തെ ദ്രവിച്ച തെങ്ങിൻചോറിനുമുകളിൽ ഒരായിരം മിന്നാമിനുങ്ങുകൾ നുരച്ചുമറിയുന്നു… റാന്തൽ തിരിതാഴ്ത്തി മാറ്റിപ്പിടിച്ചു… ദാ നീലവെളിച്ചം തെളിയുന്നു… അണയുന്നു… പ്രേതം!’
പക്ഷേ മേലാംകോടു കേശവപ്പണിക്കർക്കു നേരിടേണ്ടി വന്നതു് മുഖംമൂടികളായെത്തിയ കൂലിത്തല്ലുകാരേയും അസ്സൽ ഒടിയനേയുമാണു്, സാങ്കല്പിക ശക്തികളെയല്ല.
അന്നന്നുള്ള കണക്കുകളും കാര്യങ്ങളും ഒതുക്കി മേലാംകോട്ടു നിന്നും ഇറങ്ങാൻ രാത്രിയാകും; തീരാത്ത കാര്യങ്ങൾ മൂത്ത അനന്തിരവൻ നീലാണ്ടനെ ഏല്പിക്കും. മൂത്തേടത്തു്, പാർവ്വതിപ്പിള്ളയുടേയും മക്കളുടേയും അടുത്തെത്തിയാലേ കേശവപ്പണിക്കർക്കു് ഉറക്കം വരൂ.
അങ്ങനെ ഒരു ദിവസം.
വഴിയിലെവിടെയോ വച്ചു് ഓർക്കാപ്പുറത്തു ചാടിവീണ അക്രമികളുടെ ആക്രമണത്തിൽ കേശവപ്പണിക്കരുടെ സഹായിയായി ഒപ്പമുണ്ടായിരുന്ന കിട്ടുശ്ശാർ വീണുപോയി. അഭ്യാസിയായ കേശവപ്പണിക്കർ മിന്നൽ വേഗത്തിൽ അടിതടുത്തു് തിരിച്ചടിച്ചപ്പോഴേക്കും അവർ തിരിഞ്ഞോടി. മുഖം മൂടിക്കെട്ടിയിരുന്നതിനാൽ ആളറിയാൻ പറ്റിയില്ല; കിട്ടുശ്ശാരുടെ കയ്യിൽനിന്നും വീണുപോയ ചൂട്ടുകറ്റയെടുത്തു വീശിക്കത്തിച്ചു് അയാളെ പിടിച്ചേഴുന്നേൽപ്പിച്ചു് കേശവപ്പണിക്കർ നടന്നു.
നേർക്കുനേർ എതിരിടാൻ പറ്റാത്ത ശത്രുക്കളാരോ അയച്ചതാകും റൗഡികളെ. മേലാംകോടു കാരണവർക്ക് അതുവലിയ അഭിമാനക്ഷതമായി; കൂലിത്തല്ലുകാരുടെ ഇരുട്ടടി നേരിടേണ്ടി വന്നല്ലോ…
സൂക്ഷിക്കണമെന്നു പാർവ്വതിപ്പിള്ളയും നീലാണ്ടനും. എന്തു സൂക്ഷിക്കാനെന്നു് കേശവപ്പണിക്കർ. ആദ്യത്തെ ആക്രമണമുണ്ടായി അധികനാൾ കഴിഞ്ഞില്ല. ഒരു രാത്രി-കേശവപ്പണിക്കർ വയലിറമ്പിലെ നീർച്ചാലു കടന്നു് മാമ്പറ്റ തെങ്ങുംപുരേടത്തിലേക്കു കേറിയതും കൈതക്കൂട്ടത്തിന്റെ മറവിൽ നിന്നും ഒരു മുരൾച്ചയോടെ ഒരു ഭീകരജീവി കേശവപ്പണിക്കരുടെ മുൻപിൽ അല്പം അകലെയായി ചാടിവീണു. ചൂട്ടുവെട്ടത്തിൽ കണ്ടു-തല പോത്തിന്റെ, തിളങ്ങുന്ന കണ്ണുകളും വളഞ്ഞ കൊമ്പുകളും; ദേഹം നിറയെ നീണ്ടു രോമം പോലെന്തോ… രണ്ടുകാലിലൊരു ജീവി! മിന്നൽ വേഗത്തിൽ മുൻപോട്ടുചാടി വലതുകയ്യിലെ ചൂട്ടുകറ്റ പോത്തിന്റെ നെഞ്ചത്തിടിച്ചു; അതിലും വേഗത്തിൽ ഇടതുകയ്യിലെ വെള്ളികെട്ടിയ വടി ചുഴറ്റിയടിച്ച അടിയിൽ പോത്തിൻ തലപിളർന്നു. ഒരലർച്ചയോടെ ദേഹത്തു തീ പടർന്ന രൂപം ഓടിമറഞ്ഞു… ഒറ്റയ്ക്കായതിൽ കേശവപ്പണിക്കർക്കു ആശ്വാസം തോന്നി. കിട്ടുശ്ശാർ കൂടെയുണ്ടായിരുന്നെങ്കിൽ ഒടിയനെക്കണ്ടു് പേടിച്ചു്… ഇതിപ്പോൾ മറ്റാരും അറിയുകയുമില്ല.
പക്ഷെ ഒരു കാര്യം ഉറപ്പിച്ചു; ഒരുപാടു കാര്യങ്ങൾ ഉടനടി ചെയ്യാനുണ്ടു്. കുട്ടിമാളുവിന്റെ കല്യാണം കഴിഞ്ഞു. ശങ്കരിക്കു് പതിനാറു കടന്നു…
മേലാംകോട്ടു തറവാടിന്റെ കാരണവർ സ്ഥാനത്തു് എല്ലാവിധത്തിലും പ്രാപ്തനായ നീലാണ്ടനെ നിയോഗിച്ചു. നീലാണ്ടപ്പണിക്കർ ശങ്കരിക്കു പുടവകൊടുത്തു; ശങ്കരിയുടെ കാര്യപ്രാപ്തിയും തന്റേടവും താൻപോരിമയും ശുദ്ധനും ലോലഹൃദയനുമായ നീലകണ്ഠനു താങ്ങാവും.
കേശവപ്പണിക്കർ മൂത്തേടത്തു സ്വസ്ഥജീവിതം ആസ്വദിക്കാനാരംഭിച്ചു… അധികനാൾ കഴിഞ്ഞില്ല, ഒരു ദിവസം രാത്രി. കേശവപ്പണിക്കരും പാർവ്വതിപ്പിള്ളയും കിടന്നതേയുണ്ടായിരുന്നുള്ളൂ. തെക്കേഅറ്റത്തെ വലിയ കിടപ്പറയുടെ കിളിവാതിലിൽ എന്തോ അനങ്ങുന്നതായി തോന്നിയ കേശവപ്പണിക്കർ ആരതു് എന്നു ചോദിക്കാൻ വാതുറന്നതും ഒരു വെടിപൊട്ടി… അകത്തെ വരാന്തയിലും തളത്തിലും കിടന്നവർ ചാടിയെഴുന്നേറ്റു് എന്താ സംഭവമെന്നു് ചോദിച്ചു വാതിൽ തുറക്കുമ്പോൾ കണ്ടു, ഒരാൾ പടിഞ്ഞാറേവേലി കടന്നോടുന്നു. പുറകേ ഓടി… പക്ഷെ പിടികിട്ടിയില്ല… വെടി കേട്ടതെവിടെയെന്നു പരിഭ്രമിച്ചു് മുറികളിലാകെ ഓടിനടന്നവർ തെക്കേ മുറിയുടെ വാതിൽക്കൽ സ്തംഭിച്ചുനിന്നു-കട്ടിലിൽ അക്ഷോഭ്യനായി ഒരു ചെറുചിരിയോടെ കേശവപ്പണിക്കർ, അടുത്തു് ആകെത്തളർന്ന മട്ടിൽ പാർവ്വതിപ്പിള്ള!
‘കൊലയാളിയുടെ നിർഭാഗ്യം! ദാ, വെടികൊണ്ടതവടെ!’ കട്ടിലിന്റെ ക്രാസിയിൽ ഒരു ചെറുതുളയുണ്ടാക്കി വെടിയുണ്ട അവിടെയെവിടെയോ വീണു കിടന്നു.
ശത്രുവിന്റെ പരിശ്രമങ്ങളെല്ലാം പാളിയെങ്കിലും, കേശവപ്പണിക്കർ തനിക്കെതിരായ ആക്രമണത്തെ ചിരിയോടെ പുച്ഛിച്ചുതള്ളിയെങ്കിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനിടിവുപറ്റി, മനസ്സു് അസ്വസ്ഥമായി. ശങ്കരി വിവാഹിതയായി മേലാംകോട്ടു്, അതിനിളയവൻ ഹരിനാരായണൻ കോളേജു പഠിത്തത്തിനു മദ്രാസിൽ… കേശവപ്പണിക്കർക്കു് താൻ ദുർബലനായതുപോലെ. ഇടയ്ക്കിടെ തന്നെ കാണാനും കാര്യങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമെത്തുന്ന നീലാണ്ടനെ വിലക്കി. ‘ഇനിയെല്ലാം നീ വേണ്ടപോലെ ചെയ്താൽ മതി. എനിക്കു് വിശ്രമിക്കണം.’
“അധികം ദിവസം വിശ്രമിച്ചില്ല; പെട്ടെന്നൊരു ദിവസം രാവിലെ ഓവറയിൽ പോകാനെഴുന്നേറ്റു, കുഴഞ്ഞുവീണു. ആ ജീവിതം തീർന്നു…” നിർവ്വികാരയായാണു് കഥ പറഞ്ഞുകൊണ്ടിരുന്നതെങ്കിലും അന്ത്യവാചകം ചെറിയൊരു തൊണ്ടവിറയലോടെയാണു് അവസാനിപ്പിച്ചതു് കാളിക്കുട്ടി വലിയമ്മായി; മുഖം മ്ളാനമായതു് ആരും അറിയാതിരിക്കാനാകണം, നേരിയതുകൊണ്ടു് അമർത്തിത്തുടച്ചു.