അത്തവണയും പതിവു തെറ്റിച്ചില്ല, അവസാനത്തെ ട്രിപ്പിനു് ചീരങ്കണ്ടത്തു് കുട്ടിമാളുവമ്മയും ശേഖരപിള്ളയും വൈക്കത്തു പടിഞ്ഞാപ്രത്തു് ബോട്ടിറങ്ങി. കൊല്ലം പന്ത്രണ്ടായി വൈക്കത്തഷ്ടമി ദിവസം വൈക്കത്തപ്പന്റെ തിരുമുമ്പിൽ കുട്ടിമാളുവമ്മയും മകൻ ശേഖരപിള്ളയും ഹാജരുണ്ടാകും.
പപ്പുണ്ണിമേനോന്റെ വീട്ടിലെ പുറംവേലക്കാരൻ പയ്യൻ റാന്തൽ വിളക്കുംതൂക്കി ബോട്ടുജട്ടിയിൽ ഹാജരുണ്ടായിരുന്നു അവരെ കൂട്ടിക്കൊണ്ടുപോകാൻ; അതും പതിവുപോലെ തന്നെ.
കുട്ടിമാളുവമ്മ വൈക്കത്തഷ്ടമിക്കു് ആദ്യം പോയതു് മൂത്തമകൻ ശേഖരനു് പതിനാറു വയസ്സുള്ളപ്പോഴാണു്. അതിനുമുൻപു് ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല; സ്ത്രീകൾ തന്നെ പോകുന്നതെങ്ങനെ. കുട്ടിമാളുവമ്മ തയ്യാർ… പക്ഷെ നാട്ടുകാർ… ശേഖരന്റെ അച്ഛൻ വേലുക്കുട്ടിപ്പിള്ളയൊരു ‘മക്കുണിയപ്പ‘നാണു് കുട്ടിമാളുവമ്മയുടെ ഭാഷയിൽ: ‘അങ്ങേർക്കു് എല്ലാം പേടിയാണു്, പിന്നെ ഒടുക്കത്തെ മടിയും. പാടത്തും പറമ്പിലും എമ്പാടും പണിക്കാരൊള്ളപ്പോപ്പോലും അങ്ങോരു് മിറ്റത്തേയ്ക്കൊന്നെറങ്ങണല്ലോ, ങേ.ഹേ. പിന്നല്ലേ വള്ളോം ബോട്ടും കേറി യാത്രപോണൂ; എന്റെ തലേവിധി!’
എന്തായാലും കുട്ടിമാളുവമ്മയ്ക്കൊരു സമാധാനമുണ്ടു്; ‘മക്കളൊന്നും അങ്ങേരേപ്പോലെയായില്ല എന്നുമാത്രമല്ല, തന്റൊപ്പം നിക്കാൻ മിടുക്കുള്ളോരാണുതാനും.’ ‘പക്ഷെ ഒരുത്തന്റെ തലതിരിഞ്ഞുപോയി; ബുദ്ധി തലയ്ക്കു പിടിച്ചതാണെ’ ന്നു കുട്ടിമാളുവമ്മ-‘ദാമോദരൻ, രണ്ടാമൻ; അവനു കാളേജിൽ പഠിക്കണത്രെ; നശിപ്പിക്കാൻ പെറന്നവൻ. പോട്ടെ, പൊകഞ്ഞ കൊള്ളിപൊറത്തു്. അല്ലാണ്ടെന്താ! ആ കൊറവുതീർക്കും ശേഖരനും കാർത്ത്യായനീം അച്ചുതനും. ജാനകി തന്റേടിയാ പക്ഷെ കൂട്ടത്തിലൊള്ളതുങ്ങളെ കണ്ടുകൂടാ. ഭദ്ര, പിന്നെ പാവാന്നു കണ്ടോ, എന്നുവച്ചു് തന്തേടെ കൂട്ടു് ഒന്നിനും കൊള്ളാത്തതൊന്നുമല്ല.’
കുട്ടിമാളുവമ്മയും മകനും കൂടി ആദ്യം വൈക്കത്തപ്പനെ കാണാനെത്തിയപ്പോ കണ്ടുമുട്ടീതാ പപ്പുണ്ണിമേനോനേം ഭാര്യേം. തറവാട്ടുകാരാ, നല്ല സ്നേഹമുള്ളവർ. അന്നുമുതൽ അവർ വെറും കൂട്ടുകാരല്ല വീട്ടുകാരെപ്പോലെതന്നെ. ഉത്സവത്തിനു വന്നാൽ കുട്ടിമാളുവമ്മയും മകനും-മറ്റുമക്കളെയാരേയും ഇന്നുവരെ കുട്ടിമാളുവമ്മ കൂടെക്കൂട്ടീട്ടില്ല, അതെന്തു രഹസ്യമാണോ ആവോ-എല്ലാക്കൊല്ലവും രണ്ടു ദിവസോം തങ്ങുന്നതു് പപ്പുണ്ണിമേനോന്റെ തറവാട്ടിൽ തന്നെ.
സ്വന്തം കൈകൊണ്ടു് കുരുകുത്തിയുണക്കി ഉപ്പിട്ടു പരുവപ്പെടുത്തിയ ചാണപ്പുളീം, ഒരു ഇടങ്ങഴി ഭരണി നിറയെ കണ്ണിമാങ്ങാക്കറിയും, സ്വന്തം കണ്ടത്തിൽ നട്ടുനനച്ചുണ്ടാക്കിയ, വരട്ടിയെടുക്കാൻ പരുവമായ മത്തങ്ങയുമൊക്കെയായിട്ടാണു് വരവു്; പപ്പുണ്ണിമേനോനും കുടുംബത്തിനുമുള്ള സ്നേഹസമ്മാനങ്ങളാണു്; അതും പതിവു്.
പിന്നെയുമുണ്ടു് പതിവു്-എന്തായാലും വരുന്നു; അപ്പോൾ വണ്ടിക്കൂലി മുതലാക്കണം. അതുകൊണ്ടു് ഒന്നോ രണ്ടോ ചാക്കു് ചാണപ്പുളി വേറേ കരുതും. ശേഖരൻ അതു് ഉത്സവപ്പറമ്പിൽ വിറ്റുകാശാക്കും. ഇഷ്ടംപോലെ പുളിമരമുണ്ടു്. കൊഴിഞ്ഞുവീഴുന്ന പുളിപോയിട്ടു് ഒരു വാട്ടക്കണ്ണിമാങ്ങപോലും ഒറ്റ മനുഷ്യനേം തൊടീക്കത്തില്ല; അതും പതിവു്. പിള്ളേരു് നേരം പരപരാ വെളുക്കും മുമ്പു് എല്ലാം പെറുക്കി വീട്ടിലെത്തിച്ചോളണംന്നാ കുട്ടിമാളുവമ്മയുടെ അലംഘനീയമായ ഉത്തരവു്. അക്കാര്യത്തിൽ അമ്മയേക്കാൾ ഒരുപടി മുമ്പിലാണു് മക്കൾ. എന്നാലും പപ്പുണ്ണിമേനോന്റെ തറവാട്ടിലേയ്ക്കുള്ള സമ്മാനങ്ങൾ മാറ്റമില്ലാതെ തുടർന്നുപോന്നു.
താമസം അവരുടെ വീട്ടിലാണെങ്കിലും ഉത്സവദിവസങ്ങളിൽ കുട്ടിമാളുവമ്മയ്ക്കും ശേഖരനും ഉച്ചയൂണും അത്താഴവും ഉത്സവപ്പറമ്പിൽ തന്നെ; കുട്ടൻനായരുടെ താത്കാലിക ഹോട്ടലിൽ. അതും വൈക്കത്തഷ്ടമിക്കു വന്നു തുടങ്ങിയപ്പോൾ മുതലുള്ള പതിവു തന്നെ.
കൊല്ലങ്ങളായി വൈക്കത്തപ്പന്റെ ഭക്തജനങ്ങൾക്കു് കുട്ടൻനായരുടെ സേവനം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമായിത്തീർന്നിട്ടു്. അതങ്ങനെയാണ്-വൃത്തിയും വെടിപ്പും രുചിയും. മിതമായ വില, സനേഹമുള്ള പെരുമാറ്റം, പിന്നെന്തു വേണം.
…ഊണു കഴിച്ചു കൈകഴുകാൻ ചെന്നപ്പോളാണു് കുട്ടിമാളുവമ്മ അയാളെ കാണുന്നതു്: രണ്ടിടങ്ങഴി അരയ്ക്കാവുന്ന ആട്ടുകല്ലിൽ വടയ്ക്കു് ഉഴുന്നരയ്ക്കുന്ന ചെറുപ്പക്കാരൻ. ആദ്യകാഴ്ചയിൽത്തന്നെ കുട്ടിമാളുവമ്മയുടെ കൂർമ്മബുദ്ധി അയാളെ അളന്നുതൂക്കി നിർത്തി. അന്നുവൈകിട്ടു് ഉത്സവപ്പറമ്പിൽ പപ്പുണ്ണിമേനോന്റെ ഭാര്യയ്ക്കൊപ്പം ഓരോ കാഴ്ചകൾ കണ്ടുനടന്നപ്പോളുണ്ടു് അടുത്ത വീട്ടിലെ കിണറ്റരുകിൽ നിന്നു് ഒരു വലിയ കലം വെള്ളം തോളത്തും ഒരു കുടം വെള്ളം കയ്യിലും തൂക്കി ആ ചെറുപ്പക്കാരൻ മുമ്പിൽ. നല്ല ചുറുചുറുക്കു്, പണിചെയ്തുറച്ച ശരീരം. ഇരുനിറം, എന്നാലും തെറ്റില്ല. കുട്ടിമാളുവമ്മയുടെ മനസ്സിൽ ഒരു പരുന്തു് റാകിപ്പറന്നു…
കാത്തുവിനു് വയസ്സു് ഇരുപത്തിമൂന്നു്. പെണ്ണിനു് ഈയിടെയായി ഭയങ്കര ദേഷ്യോം മുറുമുറുപ്പം. ഇളയ പിള്ളേരോടു മാത്രമല്ല, പണിക്കാർക്കു കഞ്ഞിവിളമ്പിക്കൊടുക്കാൻ ചെന്നാലവരോടും കലിതുള്ളും. ഒരു കാര്യവുമില്ലാതെയാണു് ഹാലിളക്കം. അടുക്കളപ്പണി മുഴ്‌വോൻ ഒറ്റയ്ക്കെടുത്തിരുന്ന പെണ്ണാ, ഇപ്പം പരാതിയോടു പരാതി… എന്തിന്റെ കേടാന്നു് മനസ്സിലാകാഞ്ഞിട്ടല്ല; കെട്ടുപ്രായം കഴിഞ്ഞൂന്നും അറിയാം. പക്ഷെ കുട്ടിമാളുവമ്മയുടെ മനസ്സിൽ ചില കണക്കുകൂട്ടലുകളൊക്കെയുണ്ടു്.
പെണ്ണുകെട്ടാനാശയുമായി ശേഖരൻ നടക്കാൻ തുടങ്ങീട്ടു രണ്ടുകൊല്ലമായി. കുട്ടിമാളുവമ്മയുടെ മിടുക്കുകൊണ്ടു് ഇത്രേം നീട്ടിക്കൊണ്ടുപോകാൻ പറ്റി. വീട്ടിൽ കാര്യങ്ങൾ നോക്കാൻ ആളുവേണ്ടേ. ദാമോദരൻ ഒരുപ്പോക്കുപോയി. അച്യുതൻ കൊച്ചല്ലേ. പെണ്ണുകെട്ടിയാൽ ശേഖരൻ മാറിത്താമസിക്കും, ഒറപ്പാ… കണ്ണംചാലിൽ പുരേടം അവൻ സ്വന്തമായി വാങ്ങിയതൊന്നുമല്ല; അമ്മയെ സോപ്പിട്ടു സ്വന്തമാക്കിയതാ. അതിൽ ഒടനെ അവനൊരു പുരവച്ചു. അതു് അവന്റെ സ്വന്തം സമ്പാദ്യം തന്നാ… കുടുംബത്തിലെ കാര്യങ്ങൾക്കിടെ അവനു് സ്വന്തം ബിസിനസ്സൊണ്ടല്ലോ-അരീം കൊപ്രേം. എതിരു പറയാൻ നിന്നാൽ… തന്റെ തനിപ്പകർപ്പാ സ്വഭാവത്തിൽ; എങ്ങനെയാ പ്രതികരിക്കുകാന്നു് ഊഹിക്കാൻ പറ്റുമായിരുന്നതുകൊണ്ടു് ഒന്നും എതിർത്തില്ല. അവന്റെ കല്യാണം ഇനി നീട്ടിവയ്ക്കാൻ പറ്റില്ല; അവൻ കൈവിട്ടുപോയാലോ… പകരം തന്റെ വലംകയ്യായി പറ്റിയ ഒരുത്തനെ കണ്ടെത്തണം.
കണ്ടെത്തി-കുട്ടൻനായരുടെ ഹോട്ടലിൽ.