‘നീ എന്റെ കൂടെ പോരുന്നോ കുഞ്ഞേ? നെനക്കവടെ സ്വന്തം വീടുപോലെ കഴിയാം.’ കുട്ടൻനായരുടെ ഹോട്ടലിൽ അത്താഴമുണ്ടുകൊണ്ടിരുന്ന കുട്ടിമാളുവമ്മ, തന്റെ ഇലയിലേയ്ക്കു ശ്രദ്ധയോടെ കറിവിളമ്പുന്ന ചെറുപ്പക്കാരനോടുചോദിച്ചു; മധുരം ചാലിച്ച സ്വരത്തിൽ.
ചെറുപ്പക്കാരൻ മിണ്ടിയില്ല. ശേഖരപിള്ളയ്ക്കു് ചോറുവിളമ്പിക്കൊണ്ടിരുന്ന കുട്ടൻനായർ കുട്ടിമാളുവമ്മയുടെ ചോദ്യം കേട്ടു് ആദ്യമൊന്നമ്പരന്നു, പിന്നെ ചിരിച്ചു; വെറുതെയാവില്ല അവന്റെ ചരിത്രം അവർ അന്വേഷിക്കുന്നതെന്നു് കുട്ടൻനായർക്കപ്പോഴേ അറിയാമായിരുന്നു…
കുട്ടൻനായരുടെ വീട്ടിൽ-പെരുമ്പാവൂര്-അഞ്ചെട്ടു പശുക്കളുണ്ടു്. പാലും മോരും കച്ചവടമുണ്ടു്. അഞ്ചെട്ടുകൊല്ലമായി പശുവിന്റെ ജോലികളും അത്യാവശ്യം പുറംപണിയും നോക്കുന്നതു് കുഞ്ഞുണ്ണിയാണു്.
…പലചരക്കുസാധനങ്ങളുടെ ചുമടുമായി നടന്നു ക്ഷീണിച്ചു് വഴിയമ്പലത്തിൽ വിശ്രമിക്കുകയായിരുന്നു കുട്ടൻനായർ; അഞ്ചെട്ടുകൊല്ലം മുൻപത്തെ കാര്യമാണേ. ഒരരുകിൽ കിടന്നുറങ്ങുന്ന പയ്യനെ അപ്പോളാണു് കുട്ടൻനായർ ശ്രദ്ധിച്ചതു്. ചുമടെടുക്കാൻ ഒരു സഹായിയാകുമെന്നു കരുതി അവനെ വിളിച്ചുണർത്തി. അവൻ തയ്യാറാണു്. പക്ഷെ അവന്റെ വാടിത്തളർന്ന മുഖവും കണ്ണുകളും ഒട്ടിയ വയറും കുട്ടൻനായരെ വിഷമിപ്പിച്ചു… അവൻ ആഹാരം കഴിച്ചിട്ടു് രണ്ടുദിവസമായി.
അടുത്ത മാടക്കടേന്നു് വയറുനിറച്ചു് വടയും പഴവും കട്ടൻകാപ്പിയും വാങ്ങിക്കൊടുത്തു് കൂടെക്കൂട്ടി…
അവനാണു് കുഞ്ഞുണ്ണിയെന്ന കുഞ്ഞുണ്ണിനായർ; തകഴിയാണു് നാടെന്നറിയാം. സ്വന്തം പ്രായം അറിയില്ല, അച്ഛനമ്മമാരെ ഓർമ്മയില്ല. ഓർമ്മയായപ്പോൾ അമ്മാവന്റെ വീട്ടിലാണു്. അമ്മായിയുടെ ആട്ടും തുപ്പും ‘തള്ളേത്തീനി’ എന്ന ചീത്തവിളിയും; എപ്പോഴും തലയ്ക്കു ഞോടുന്ന അമ്മാവന്റെ മകന്റെ ഉണ്ടക്കണ്ണുകളും മാത്രമേ കുടുംബത്തിനെക്കുറിച്ചുള്ള ഓർമ്മയായി അവനിൽ ശേഷിച്ചിട്ടുള്ളൂ… പിന്നെങ്ങനൊക്കെയോ ജീവിതം… ചെയ്യാത്ത പണികളില്ല. പട്ടിണിയേയും കഷ്ടപ്പാടുകളേയും അവമതികളേയും മനക്കരുത്തുകൊണ്ടു് നേരിട്ടു് ജീവിതം കരുപ്പിടിച്ച ഒറ്റയാൻ.
മതി; തേടിയ വള്ളി കാലിൽ ചുറ്റി. ഇതുതന്നെ താൻ കാത്തിരുന്നയാൾ. കുട്ടിമാളുവമ്മ മനസ്സിലുറപ്പിച്ചു.
കുട്ടിമാളുവമ്മയുടെ ചോദ്യത്തിനു് കുട്ടൻനായരാണു് മറുപടി പറഞ്ഞതു്:
‘ഇക്കൊല്ലാണു് ഇങ്ങോട്ടു കൂട്ട്യേതു്. ഇബ്ടെ മൂന്നാലു പേരൊണ്ടു് സഹായികള്. എന്നിട്ടും തെരക്കു വരുമ്പോ ഞങ്ങളു കൂട്ട്യാ കൂടുകേലാന്നായി. കുഞ്ഞുണ്ണ്യാണേ എനിക്കൊരാച്ചാ. അവടെ മിണ്ടാപ്രാണികൾടെ കാര്യോക്കെ അവതാളത്തിലാക്കീട്ടാ അവനെ കൂടെക്കൂട്ട്യേ. എന്നാലും അമ്മച്ച്യോടു് കുട്ടൻനായർക്കു് എതിരു പറയാൻ വയ്യാ.’
കുട്ടൻനായർ കുഞ്ഞുണ്ണ്യേ വിളിച്ചു. കറിപ്പാത്രം കയ്യിൽത്തൂക്കി നിർവ്വികാരനായി വന്നുനിന്ന കുഞ്ഞുണ്ണിയോടു് കുട്ടൻനായർ ചോദിച്ചു:
‘നീ ഈ അമ്മച്ചീടെ കൂടെ പോണൊണ്ടോ കുഞ്ഞുണ്ണ്യേ? ദൂരേന്ന്വല്ല, ഇവിടന്നക്കര കടക്ക്വേവേണ്ടൂ, ചേർത്തല… നെന്നെ അമ്മച്ചിക്കു ഇഷ്ടമായി. നെനക്കിഷ്ടാണേ കൂടെ പൊക്കോ… നെനക്കവ്ടെ സുഖാരിക്കും. ജന്മിമാരാ. തിന്നാനും കുടിക്കാനും എമ്പാടുമൊള്ള തറവാടാ. എന്നുംവച്ചു് നെന്നെ കഷ്ടപ്പെടുത്ത്വോന്നില്ല. നീയെന്തു പറയുന്നു, പോകുന്നോ?’
‘കുട്ടമ്മാൻ പറഞ്ഞാ പോകാം.’ കുട്ടിമാളുവമ്മയേയോ ശേഖരനേയോ ശ്രദ്ധിക്കാതെ അതേ നിർവ്വികാരതയോടെ കുഞ്ഞുണ്ണി പറഞ്ഞു. അങ്ങനെ നാടും വീടും ഉടയോരുമില്ലാത്ത കുഞ്ഞുണ്ണിനായരെന്ന ചെറുപ്പക്കാരൻ ഉത്സവപ്പിറ്റേന്നു് ചീരങ്കണ്ടത്തുവീടിന്റെ പടി വലതുകാൽ വച്ചുതന്നെ കയറി…
“കുട്ടിമാളുവമ്മ ആരാന്നു വല്ലപിടീം കിട്ടിയോ ആർക്കേലും… ങാ, ദാ ഭാനുമതീം സാവിത്രീം ചിരിക്കുന്നു… പക്ഷേലു് മറ്റുള്ളോർക്കറിയണ്ടേ…”
‘നേരത്തെ പറഞ്ഞില്ലേ, ഒരു പാതിരാത്രിയിൽ ഇരുട്ടിന്റെ മറപറ്റി പുന്നശ്ശേരിത്തറവാടിന്റെ പടികടന്ന പാർവ്വതിപ്പിള്ളയെന്ന പതിനേഴുകാരി പെൺകിടാവിന്റെ തോളോടു ചേർന്നുകിടന്നു ആറുമാസം തികയാത്ത പെൺകുരുന്നു്; പാണ്ടിപ്പട്ടരുടെ വിത്തു്… കുട്ടിമാളു എന്നു്. അതുതന്നെ. മേലാംകോടു കേശവപ്പണിക്കർ തറവാടിയായിരുന്നു. കുട്ടിമാളുവിനെ തന്റെ മൂത്തമകളെന്ന സ്നേഹവും കരുതലും അംഗീകാരവും കൊടുത്തുവളർത്തി… പക്ഷെ കുട്ടിമാളു ആരാ ആള്! മിടുമിടുക്കി; പുന്നശ്ശേരിക്കാരോടു് രഹസ്യമായി കൂറുപുലർത്താൻ കുട്ടിമാളു പ്രത്യേകം ശ്രദ്ധിച്ചു.’
‘അതു വെറുതെയായില്ല. കുട്ടിമാളുവിനു പതിനഞ്ചു തികയാൻ പിന്നേം രണ്ടുമാസമുള്ളപ്പോളാണു് ആ കല്യാണാലോചന വരുന്നതു്. ആലോചനയുമായി വന്നതോ മേലാംകോട്ടു കാരണവരുടെ ഒരു ചാർച്ചക്കാരനായ അടുത്ത സ്നേഹിതനും. എന്നിട്ടും കേശവപ്പണിക്കർ ഒന്നു സംശയിച്ചു. ഏതായാലും തന്റെ പ്രിയതമയുടെ അഭിപ്രായം ചോദിക്കുന്നതാണു് ഉചിതമെന്നു തീരുമാനിച്ചു. കാരണമെന്തെന്നോ കല്യാണാലോചന പുന്നശ്ശേരിത്തറവാട്ടു താവഴിയിൽപ്പെട്ട കുടുംബത്തീന്നാണു്.’
പാർവ്വതിപ്പിള്ള കേട്ടപാടെ എതിർത്തു: ‘എന്റെ തറവാട്ടീന്നോ, ഒരിക്കലുമില്ല.’
ആലോചനയുമായി വന്നയാൾ വിട്ടില്ല: ‘വേലുപ്പിള്ള പാവമാ, സ്നേഹമുള്ളവനാ. അത്യാവശ്യം സ്വത്തൊണ്ടു്, ആറാം ക്ലാസ്സുവരെ പടിപ്പൊണ്ടു്. പ്രായം അത്രയ്ക്കായിട്ടൂല്ല, ഇരുപത്തഞ്ചു കഴിഞ്ഞുകാണും… ഞാൻ നോക്കീട്ടു് നല്ല ബന്ധാ… പഴേ പിണക്കോക്കെ ഇനീം വച്ചോണ്ടിരിക്കണോ?’
കേശവപ്പണിക്കർക്കു് എന്നിട്ടും സംശയമായി, ഇതുവേണോ. വേലുപ്പിള്ള പാവമാ, നല്ലവനുമാ, പക്ഷെ ആവശ്യത്തിൽ കൂടുതൽ ചുണക്കുട്ടിയായ കുട്ടിമാളുവിനു് ഉറക്കം തൂങ്ങിയും പാവത്താനുമായ അയാൾ ചേരുമോ!
ആലോചന വടക്കിനിയിലെത്തി. അല്ലെങ്കിലും സ്വന്തം കുടുംബത്തിൽ കാര്യങ്ങളൊന്നും ഒളിച്ചുവച്ചു കൈകാര്യം ചെയ്യുകയും തന്നത്താൻ തീരുമാനമെടുക്കുകയും ചെയ്യുന്ന സ്വേച്ഛാധിപതിയല്ലായിരുന്നു കേശവപ്പണിക്കർ.
കുട്ടിമാളു ഒരു കൂസലുമില്ലാതെ അമ്മയുടെയടുത്തെത്തി. ‘പുന്നശ്ശേരീന്നുവന്ന ആലോചന എനിക്കിഷ്ടമാണു്. അതു നടത്തണം’, അവൾ വാശിപിടിച്ചു. മകളുടെ പിടിവാശിയും തന്റേടവുമറിയുന്ന പാർവ്വതിപ്പിള്ളയും കേശവപ്പണിക്കരും അവളുടെ വാശിക്കു മുൻപിൽ കീഴടങ്ങി.
വിവരമറിഞ്ഞ പുന്നശ്ശേരിക്കാരണവർ വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും ആഹ്ലാദിച്ചു; വാലിയക്കാരൻ താങ്ങിപ്പിടിച്ചു് പൂമുഖത്തു് കസേരയിലിരുത്തി. വേലുപ്പിള്ള, നേരിട്ടു തന്റെ കാരണവരല്ലെങ്കിലും കുടുംബത്തിലെ തലമൂത്തയാളും സർവ്വോപരി തന്റെ ഭാര്യയാകാൻ പോകുന്ന കുട്ടിമാളുവിന്റെ വല്യകാർന്നോരുമായ പപ്പനാപിള്ളയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു. വേലുപ്പിള്ളയെ തലയിൽ കൈവച്ചു് അനുഗ്രഹിക്കുക മാത്രമല്ല, വിവാഹം ആഘോഷമാക്കാനുള്ള സകലസഹായങ്ങളും വാഗ്ദാനം ചെയ്തു കാരണവർ. ഒപ്പം, തന്നെ ധിക്കരിച്ചു് ഇറങ്ങിപ്പോയ അനന്തിരവൾ പാർവ്വതിപ്പിള്ളയോടു് പകവീട്ടാനും മറന്നില്ല; പക്ഷെ അതൊരു മധുരമായ പകവീട്ടലായിരുന്നു. വിശാലമായ ചീരങ്കണ്ടത്തു പുരയിടവും അതിനോടു ചേർന്നുള്ള രണ്ടു തെങ്ങിൻ തോപ്പുകളും പത്തുപറക്കണ്ടവും കയ്യോടെ കുട്ടിമാളുവിനു് എഴുതി രജിസ്റ്റ്രാറാക്കി കൊടുത്തു പുന്നശ്ശേരിക്കാരണവർ.
അന്നത്തേക്കു് മൂത്തേടത്തു് നാലുകെട്ടും മാളികപ്പെരേം പടിപ്പുരേമെല്ലാമായി പാർവ്വതിപ്പിള്ളയ്ക്കും മക്കൾക്കുമായിട്ടു് കേശവപ്പണിക്കർ പണി കഴിപ്പിച്ചിരുന്നു.
‘കുട്ടിമാളുവിന്റെ കല്യാണം ആഘോഷമായി നടന്നു. ചെറുക്കന്റെ വീട്ടിന്നു് നാലാം ദിവസം വിരുന്നു വന്ന കുട്ടിമാളും വേലുപ്പിള്ളേം മൂത്തേടത്തു തന്നെ താമസായി. ‘നമ്മക്കു നമ്മടെ വീട്ടിപ്പോകാം, അല്ലേൽ ചീരങ്കണ്ടത്തു വേഗം വീടു പണിയാം.’ എന്നൊക്കെ കെഞ്ചിനോക്കിയ വേലുപ്പിള്ള കുട്ടിമാളുവിന്റെ നോട്ടത്തിനു മുൻപിൽ അനുസരണയുള്ളവനായി. കുട്ടിമാളു മൂത്തേടത്തു് തറവാട്ടിലെ മഹാറാണിയെപ്പോലെ നടന്നു…’
“ചരിത്രമൊരുപാടുണ്ടു്. ഒക്കെപ്പറയാൻ പകലിതു പോര മക്കളേ. അത്യാവശ്യം ചരിത്രമുഹൂർത്തങ്ങൾ ഓർമ്മ വരുമ്പോലെ പറയാം.”
“ഇപ്പപ്പറഞ്ഞുവന്നതു് ചീരങ്കണ്ടത്തു് കുഞ്ഞുണ്ണിനായർ വന്നുകയറിയ കാര്യമല്ലേ.”
ചീരങ്കണ്ടത്തെ കാര്യം വലിയ പരുങ്ങലിലായിരുന്ന കാലമാണതു്… പറ്റിയ ജോലിക്കാരില്ല. പശുക്കളെ അഴിച്ചുകെട്ടണം, കറക്കണം, കുളിപ്പിക്കണം, ചാണകം വാരണം, പുല്ലും വയ്ക്കോലും കൊടുക്കണം, പാടത്തു പണിക്കാരുള്ളപ്പോൾ ആഹാരം കൊണ്ടുപോകണം… പലരേം നോക്കി; ഒന്നും ഒക്കുന്നില്ല. നല്ല തടിമിടുക്കും ആരോഗ്യേം വേണം; സത്യസന്ധനായിരിക്കണം, എന്തു ജോലിയും ചെയ്യാൻ ഉത്സാഹം വേണം: അനുസരണയുള്ളവനായിരിക്കണം; വീട്ടിപ്പോണം, ബന്ധുക്കളെ കാണണം എന്നുള്ള അവധിയൊന്നും നടപ്പില്ല-എന്നുവച്ചാൽ സ്വന്തക്കാരില്ലാത്തവനായാൽ ഉത്തമം.
ദാ, അങ്ങനെ എല്ലാ ലക്ഷണങ്ങളും ഗുണങ്ങളുമൊത്ത കുഞ്ഞുണ്ണിനായർ ചീരങ്കണ്ടത്തു കുടിപാർപ്പായി. എല്ലാ പുറംപണികൾക്കും പുറമെ അത്യാവശ്യം വീട്ടുപണികൾക്കുവരെ കുഞ്ഞുണ്ണിയുടെ സഹായം റെഡി.
മൂന്നുകൊല്ലം… കുഞ്ഞുണ്ണിനായരുടെ സ്തുത്യർഹമായ സേവനത്തിൽ പൂർണതൃപ്തയായ കുട്ടിമാളു ഒരു ചെറിയ ജോലികൂടി കുഞ്ഞുണ്ണിയെ ഏല്പിക്കട്ടെ എന്നു സമ്മതം ചോദിച്ചു.
‘ഇവ്ടന്നു പറയുന്ന ഏതു ജോലീം ചെയ്യാൻ കുഞ്ഞുണ്ണി തയ്യാറാണു്’, കുഞ്ഞുണ്ണി വിനീതവിധേയനായി പറഞ്ഞു. ‘ശരി. ഇനി നീയെന്നെ അമ്മയെന്നു വിളിച്ചാൽ മതി. ഞാൻ ദിവസോം മുഹൂർത്തോമൊക്കെ നോക്കീട്ടൊണ്ടു്. നിന്റേം കാർത്ത്യായനീടേം ജാതകോം നോക്കി. എല്ലാം ചേരും. അടുത്ത വ്യാഴാഴ്ച നിന്റേം കാർത്തൂന്റേം കല്യാണം.’ കുഞ്ഞുണ്ണി തല ചൊറിഞ്ഞു: ‘എന്റെ നാളും…’ ‘ഓ അതു സാരമില്ല. അതു കണിയാരു് നിന്റെ പേരും നാടുമൊക്കെ വച്ചു ഗണിച്ചെടുത്തു. നല്ല ചേർച്ചയാ’ നാളെ മുണ്ടും കുപ്പായത്തിനും തുണി കൊണ്ടരും അച്യുതൻ. ഗോപീടെ തയ്യക്കടേപ്പോയി വേഗം തയ്പിച്ചെടുത്തോണം.’
‘അങ്ങനെ ആ ചെറിയ ജോലികൂടി കുഞ്ഞുണ്ണി സന്തോഷത്തോടെ ഏറ്റെടുത്തു. ഒരു കാര്യം പറയണമല്ലോ വിധിവൈപരീത്യം കൊണ്ടു് അനാഥത്വവും ദാരിദ്ര്യവും അനുഭവിക്കേണ്ടിവന്നു കുഞ്ഞുണ്ണിനായർക്കു് എന്നേയുള്ളൂ; കാർത്തുവും കുഞ്ഞുണ്ണിയും നല്ല ചേർച്ചയുള്ളവരാ. കുഞ്ഞുണ്ണി നായരുടെ കഴിവും അധ്വാനവും സ്നേഹവും… അസൂയ തോന്നും…’
കാളിക്കുട്ടി വലിയമ്മായി വെറുതെ പൊട്ടിച്ചിരിച്ചു. വലിയ രസമൊന്നുമില്ലാത്ത കഥ കേട്ടിരുന്നതിന്റെ ആലസ്യം കേൾവിക്കാരിൽ കണ്ടതുകൊണ്ടാകണം വലിയമ്മായി പെട്ടെന്നു ചിരി നിറുത്തി. എന്നിട്ടു ഗൗരവത്തിൽ പറഞ്ഞു.
“ഇതൊരു വലിയ ചരിത്രത്തിന്റെ മുഖവുരയായിരുന്നു മക്കളെ… രസമുള്ള കഥപുറകേ വരും. നിങ്ങളിത്തിരി വിശ്രമിക്കു്, ഞാനപ്പളത്തേയ്ക്കു് എത്തിയേക്കാം…”