‘ഭാസ്ക്കരപിള്ള വല്യേമാൻ നാരായണിയെ കെട്ടി…’ ആരോ കൊണ്ടുവന്ന വാർത്ത കുനിഞ്ഞുനിന്നു നെല്ലുകൊയ്യുന്ന പെണ്ണുങ്ങളിലൂടെ കൈമാറി കൈമാറി വക്കീൽ ഗുമസ്തൻ കുട്ടൻപിള്ളയുടെ ചെവിയിലുമെത്തി. കുട്ടൻപിള്ള ഒന്നിരുത്തി മൂളി… അപ്പോൾ പ്രതികരിക്കാൻ പറ്റുന്നതത്രയേ ഉള്ളൂ എന്നയാൾക്കറിയാം.
നാരായണിക്കു വയസ്സു പതിനേഴു്, അമ്മിണിയുടെ അതേ പ്രായം, ഇത്തിരി മാസമിളപ്പുണ്ടുതാനും. അമ്മിണി ആരാണെന്നല്ലേ, ഭസ്കരപിള്ളയുടെ ഏറ്റവും ഇളയമകൾ.
അമ്മിണിക്കു മൂത്തതു സരോജിനി, അതിനു മൂത്തതു ഗോപാലകൃഷ്ണൻ, അതിനും മൂത്തതു് ശാരദ. ശാരദ മുപ്പത്തഞ്ചിൽ നടപ്പാ. ഭാസ്ക്കരപിള്ളയുടെ മുപ്പത്തിനാലാം വയസ്സിലാ അവളുടെ ജനനം…
ഭാസ്ക്കരപിള്ളയുടെ ഭാര്യ മാലതിയമ്മയെന്ന സുന്ദരിപ്പെണ്ണു് പതിനെട്ടാമത്തെ വയസ്സിലാണു് വലതുകാലു വച്ചു കയറിവന്നതു്. സൗന്ദര്യം മാത്രമല്ല, സൗശീല്യവും കൂടെ കുറെ പാടങ്ങളുടേയും പുരയിടത്തിന്റേയും ആധാരങ്ങളും…
‘ഓ… ഒരു പെണ്ണുവേണം… നമ്മടെ കാര്യം നടക്കണം… അടുക്കളേ വച്ചു ദേഹണ്ഡിക്കാനൊതകുന്നതാകണം… അതേക്കവിഞ്ഞെന്നതാ!’ ഭാസ്ക്കരപിള്ള അഭിനന്ദിക്കാനെത്തിയ തരക്കാരെ അടിച്ചിരുത്തിക്കളഞ്ഞു.
പത്തൊമ്പതാം വയസ്സുമുതൽ നാലുകൊല്ലം അടുപ്പിച്ചു് മാലതിയമ്മ ഗർഭിണിയായി. മാസം തികഞ്ഞും അല്ലാതെയും പിറന്ന നാലെണ്ണത്തിനേം കുഴിക്കു കൊടുക്കേണ്ടിവന്നു.
അഞ്ചാമതു ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിളിക്കാതെതന്നെ വേലുക്കണിയാരു വന്നു. കവടിനിരത്തി കണിയാരു പ്രവചിച്ചതു് അച്ചട്ടായി:
‘പെണ്ണാരിക്കും. ആയുസ്സൊണ്ടു്, ഒറപ്പു്.’
പെൺകുഞ്ഞായിരിക്കുമെന്നു കേട്ടപ്പോൾ കറുത്തുപോയ ഭാസ്ക്കരപിള്ളയുടെ മുഖം അടുത്ത പ്രവചനത്തിൽ ശരിക്കും പ്രകാശിച്ചു.
‘കൊച്ചു ഭൂമീ തൊടുന്നതോടെ തന്തയുടെ നക്ഷത്രം തെളിയും. പിന്നൊരു കേറ്റാരിക്കും, പിടിച്ചാൽ കിട്ടത്തില്ല.’
അതും അച്ചട്ടായിരുന്നു. ഭാസ്ക്കരപിള്ള മാന്തോട്ടത്തു തറവാടീന്നു് ഭാഗം പിരിഞ്ഞതു് ആയിടയ്ക്കാണു്. ദീർഘകാലം കാരണവരായിരുന്നതിന്റെ മറവിൽ നടത്തിയ കള്ളത്തരങ്ങളും കാരണവരെന്നുള്ള സ്ഥാനം പറഞ്ഞു് കണ്ണായ പറമ്പൊക്കെ തട്ടിയെടുത്തതും കണിയാർക്കു് അറിയാൻ വയ്യാത്ത കാര്യമൊന്നുമായിരുന്നില്ല… മാന്തോട്ടത്തു തറവാട്ടിലെ മൂന്നു തലമുറയുടെ തലേവര വായിച്ചുകൊടുത്തതു കണിയാരു തന്നെയാണു്.
“…പെണ്ണുപിറന്നു”, തെക്കേടത്തു പുത്തൻ വീട്ടിലെ അടുക്കളത്തളത്തോടു ചേർന്നുള്ള പേറ്റുമുറിയിൽ നിന്നു് തല പുറത്തേയ്ക്കിട്ടു് വയറ്റാട്ടി പറഞ്ഞു…
ആദ്യം പിറന്ന ചാപിള്ളകൾ നാലും ആൺ കുരുന്നുകളായിരുന്നുവെന്നതിന്റെ നിരാശയും ദേഷ്യവും ചവിട്ടും കുത്തും ചീത്തവിളികളുമായി ഭർത്താവിൽ നിന്നും മാലതി ഏറ്റുവാങ്ങിയിരുന്നതു് പഴംകഥയായി. എന്നുംവച്ചു് മകൾ കൊണ്ടുവന്നേക്കാവുന്ന ഭാഗ്യം തനിക്കുകൂടി അവകാശപ്പെട്ടതായിരിക്കുമെന്നൊന്നും സ്വപ്നത്തിൽപോലും ചിന്തിക്കാനുള്ള അവിവേകം മാലതി കാണിച്ചിട്ടില്ല.
ശാരദയ്ക്കു പിറകേ അഞ്ചുപെറ്റു മാലതി, മൂന്നിനെ ജീവനോടെ കിട്ടി. കൊള്ളിവയ്ക്കാനൊരു ആൺതരി, ഗോപാലകൃഷ്ണൻ. അതോടെ ഭാസ്ക്കരപിള്ള എല്ലാം തികഞ്ഞവനായി.
അങ്ങനെ കാര്യങ്ങൾ പോകുമ്പളാ മാലതിയമ്മ തീരെയങ്ങ് അവശതയിലെത്തുന്നതു്. പാടത്തും പറമ്പിലും പണിക്കാരുള്ള ദിവസം വയ്പും വിളമ്പും കഴിഞ്ഞു് അടുക്കളത്തിണ്ണയിൽ ചാഞ്ഞിരുന്നു് വേദനകൊണ്ടുപുളയുമ്പോഴായിരിക്കും ഭാസ്ക്കരപിള്ളയുടെ വരവു്… ‘എന്നുംകുന്നും വയ്യേ വയ്യേന്നും പറഞ്ഞു് മനുക്ഷേരേ… ഒറ്റച്ചവിട്ടിനു കൊല്ലണം… ശവം… വല്ലകൊളത്തിലും ചാടി ചാകെടീ വയ്യെങ്കീ.’
ആ അവശതിയിലും മാലതിയമ്മ തെങ്ങുംതടത്തിനു ചുറ്റും നട്ട ചീരയും മുളകും തഴച്ചുവളർന്നു; പാടത്തു് വെള്ളരിക്കും, മത്തനും, പയറിനും വരമ്പേലെ എത്തനുമൊക്കെ വളമിടാനും വെള്ളം നനയ്ക്കാനും പിള്ളേർക്കും പണിക്കാർക്കുമൊപ്പം കൂടി…
‘വേദനകൊണ്ടു പുളഞ്ഞു് തൂങ്ങുന്ന അടിവയർ താങ്ങിപ്പിടിച്ചു് ചീഞ്ഞ തൊണ്ടു് കുളത്തിൽ നിന്നു വലിച്ചുകയറ്റി… കാലുനീട്ടിയിരുന്നു് ചകിരി തല്ലി ചോറുകുടഞ്ഞു് ചകിരി ഉണക്കി. കിട്ടിയ സമയത്തൊക്കെ ചകിരി കയറാക്കി ഉപ്പും മുളകും ഉള്ളീം മല്ലീമൊക്കെ വാങ്ങിച്ചു. എന്താന്നല്ലേ…’
അതു് ഭാസ്ക്കരപിള്ളയുടെ നിയമമാണു്. പത്തായത്തിൽനിന്നു് ഓരോ ആഴ്ചത്തേയ്ക്കുമുള്ള നെല്ലളന്നു കൊടുക്കും. തേങ്ങ എണ്ണിക്കൊടുക്കും. ഉണക്കാനുള്ള തേങ്ങയുടെ തൊണ്ടു് കുറേ എണ്ണിക്കൊടുക്കും, തൊണ്ടഴുക്കി ചകിരിയാക്കി കയറുപിരിച്ചു് മറ്റു ചിലവുകൾ നടത്തിക്കോണം… ഓ മറന്നു. വിൽക്കാനുള്ള കൊപ്രയിൽ നിന്നു് കുറച്ചെടുത്തു് ആട്ടി പത്തായത്തിൽ വച്ചുപൂട്ടും. തേയ്ക്കാനും അടുക്കളയ്ക്കുമുള്ള വെളിച്ചെണ്ണ അളന്നു കൊടുത്തിട്ടുണ്ടാകും. ‘പറമ്പുണ്ടു്, പാടമുണ്ടു്, പച്ചക്കറികൾ നട്ടുനനച്ചുണ്ടാക്കിക്കോളണം.’
മുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു് ഒരു കരിക്കിട്ടുകുടിക്കാൻ പോലും മാലതിയമ്മയ്ക്കവകാശമില്ല, അവരൊട്ടു ചോദിച്ചിട്ടുമില്ല.
അടുക്കളയാവശ്യത്തിനു് എണ്ണിക്കൊടുത്ത തേങ്ങയിൽ നിന്നു് രണ്ടെണ്ണമെടുത്തു് കടയിൽ കൊടുത്തയച്ചു മാലതിയമ്മ, ഉരുളക്കിഴങ്ങെന്ന വിശേഷപ്പെട്ട സാധനം വാങ്ങാൻ. മക്കൾ കൊതിപറഞ്ഞിട്ടാ. കയർ പിരിക്കാൻ സമയം കിട്ടിയില്ല.
ഭാസ്ക്കരപിള്ള കയ്യോടെ കണ്ടുപിടിച്ചു കളഞ്ഞു… അന്നു കിട്ടിയ തൊഴിയിൽ മാലതിയമ്മ വീണുപോയി… പഴുത്തുവിങ്ങി പുറത്തേയ്ക്കു തൂങ്ങിയ ഗർഭപാത്രം പണ്ടത്തേപ്പോലെ ഒന്നരകൊണ്ടു വരിഞ്ഞുമുറുക്കി നടക്കാൻ പറ്റാതായി. തൊഴികൊണ്ടു് ചതഞ്ഞ അടിവയറിൽ പഴുപ്പുകയറി…
ആറു ചാപിള്ളകളേയും നാലു കുരുന്നു ജീവനുകളേയും ഒരേ നിർമ്മമതയോടെ സ്വീകരിച്ച ആ വീട്ടിലെ ഇരുണ്ട പേറ്റുമുറി പഴുത്തുപൊട്ടി പുഴുനുരയ്ക്കുന്ന അടിവയർ പൊത്തിപ്പിടിച്ചു് കരയാനാകാതെ കരയുന്ന മാലതിയമ്മയെ ഉൾക്കൊണ്ടു. വലിയ ആശുപത്രിയിലെങ്ങാനും കൊണ്ടുപോകണമെന്നു വാശിപിടിച്ച മൂത്തപെൺമക്കളേയും മരുമക്കളേയും പടിക്കു പുറത്താക്കി അച്ഛൻ. മകനു് അച്ഛൻ പറയുന്നതാണു് വേദവാക്യം. ഇളയവൾ അച്ഛനെ പേടിച്ചു് വാതുറന്നില്ല.
‘കിട്ടുപ്പണിക്കരു വൈദ്യരുടെ ചികിത്സയാ. അദ്ദേഹത്തിന്റെ കൂട്ടുകഷായമാ ഇപ്പോ കൊടുക്കുന്നേ. അതിലും മുന്തിയ ഒരു മരുന്നു് ബിലാത്തീ കൊണ്ടുപോയാലും കിട്ടില്ല.’ ഭാസ്ക്കരപിള്ളയ്ക്കു നൂറുശതമാനം ഉറപ്പാണു്.
അവസാനം യമധർമ്മൻ ദയ കാണിച്ചു; കാലനെത്തിയപ്പോൾ ‘ഇപ്പോളെങ്കിലും നിനക്കു വരാൻ തോന്നിയല്ലോ’ എന്ന പുഞ്ചിരിയോടെ സ്വീകരിച്ചു; സന്തോഷത്തോടെ മാലതിയമ്മ യാത്രയായി.
പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആ പാതിരാത്രിയിൽ തന്നെ മാലതിയമ്മയെ ഒരു വെള്ളത്തുണിക്കെട്ടായി പട്ടടയിലേയ്ക്കു കൊണ്ടുപോകുന്നതു് കണ്ടു് പെണ്മക്കൾ വേദനയോടെ ആശ്വാസം കൊണ്ടു.
പ്രധാനകഥ അതല്ല…
മാലതിയമ്മയ്ക്കു തീരെ അവശതയായപ്പോഴാണു് മുറ്റമടിക്കുകയും അത്യാവശ്യം അടുക്കളപ്പുറത്തു സഹായിക്കുകയും ചെയ്യുന്ന കുട്ടിത്തള്ള നടുവെട്ടി കിടപ്പാകുന്നതു്. പകരത്തിനു് മകൾ നാരായണിയെ അയച്ചുതുടങ്ങിയതു് അപ്പോൾ മുതലാണു്. അന്നവൾ പതിനഞ്ചിൽ നടക്കുന്നു. അമ്മിണിയുടെ ഒപ്പം എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന പെണ്ണാ.
‘ങാ, പടിച്ചതൊക്കെ മതി… മയിസ്രേട്ടൊന്നും ആകാൻ പോണില്ലല്ലോ… ഇനി ജീവിക്കാൻ പടിക്കു്. ഇപ്പക്കേറിപ്പറ്റിയാ പറ്റി. അല്ലാണ്ടെന്താ?’ തള്ള മകളെ ജീവിതം പഠിപ്പിക്കാൻ വിട്ടു.