നാരായണി ആളൊരു ‘ഒശത്തി’ യാണു്, നല്ല പൊക്കം ഒത്ത ശരീരം. കണ്ടാലൊരു ഇരുപത്തിയഞ്ചിനുള്ള വളർച്ചയുണ്ടു്. ഗോതമ്പുനിറം, കാണാൻ മോശമൊന്നുമല്ല. ഒറ്റനോട്ടത്തിൽ ഭാസ്ക്കരപിള്ളയുടെ മകളാണെന്നേ പറയൂ.
ഛേ, മഹാപാപം… ഭാസ്ക്കരപിള്ള ഒന്നും അറിഞ്ഞതല്ല.
അതങ്ങനെയല്ല…
കുട്ടിത്തള്ള ചെറുപ്പത്തിലേ മുതൽ ജോലിക്കിറങ്ങിയതാണു്. വലിയ നായർത്തറവാടുകളിൽ മുറ്റമടിക്കും, പാത്രക്കുളത്തിൽ, അത്താഴം കഴിഞ്ഞു് വീട്ടുകാർ മുക്കിയിട്ടിരിക്കുന്ന ചെമ്പുകലങ്ങളും കൽച്ചട്ടികളും ഓട്ടുരുളികളും തേച്ചുമിനുക്കി, അടുക്കളത്തിണ്ണയിലടുക്കി വച്ചുകൊടുക്കും…
അവർ കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിച്ചുകൊടുക്കാൻ ഉത്തരവാദപ്പെട്ടവരാരും ഉണ്ടായിരുന്നില്ല കുട്ടിയമ്മയ്ക്കു്. ആകെ സ്വന്തമെന്നു് പറയാനുണ്ടായിരുന്നതു് ഒരു മുടന്തിത്തള്ളമാത്രം. അവരു് തന്റെ അമ്മയാണെന്നു് കുട്ടിയമ്മയും, കുട്ടിയമ്മ തന്റെ മകളാണെന്നു് അവരും വിശ്വസിച്ചിരുന്നുവെന്നതിനു് തെളിവൊന്നുമില്ല. എപ്പോളും പരസ്പരം ചീത്തവിളിയും പ്രാക്കും ആണെങ്കിലും കുട്ടിയമ്മ വച്ചൊരുക്കുന്നതു് മുടന്തിത്തള്ളയ്ക്കും കൊടുക്കും. എവിടുന്നു എന്തുകിട്ടിയാലും അതിലൊരു പങ്കു് തള്ളയ്ക്കു് ഉറപ്പായും കൊണ്ടുകൊടുക്കും. അതുകൊണ്ടെന്താ കുട്ടിയമ്മ ഗർഭിണിയായപ്പോൾ എത്രാം വയസ്സെന്നൊന്നും മുടന്തിത്തള്ളയ്ക്കോ കുട്ടിയമ്മയ്ക്കോ നിശ്ചയമില്ലായിരുന്നു. ‘വയറ്റുകണ്ണി’ ക്കു് ആഗ്രഹമുള്ളതു് കഴിവുപോലൊക്കെ മുടന്തിത്തള്ള സാധിച്ചുകൊടുത്തു. പേറെടുക്കാൻ വയറ്റാട്ടിയെ വിളിക്കാൻ മുടന്തി മുടന്തിയോടുന്ന തള്ളയെക്കണ്ടപ്പോൾ പ്രസവവേദനയേക്കാൾ വലിയ വേദന തോന്നിയെന്നു് കുട്ടിയമ്മ പറയാറുള്ളതു് ആത്മാർത്ഥമായിട്ടായിരുന്നു…
കുട്ടിയമ്മ പ്രസവിച്ചു, ഭംഗിയുള്ളൊരു പെൺകുഞ്ഞു്. മുടന്തിത്തള്ളയാണു് നാരായണിയെന്നു പേരിട്ടതു്. അവൾ ജനിച്ചതിൽ പിന്നെ അവർ കുട്ടിയമ്മയെ ചീത്ത വിളിക്കാനോ പ്രാകാനോ തുനിഞ്ഞിട്ടില്ല. എന്തു മറിമായമാണാവോ!
കുഞ്ഞിന്റെ തന്തയാരെന്നു് ചോദിച്ചവരോടൊക്കെ മുടന്തിത്തള്ള പറഞ്ഞു:
‘ഒടേമ്പ്രാൻ… തന്തയില്ലാന്നു് പറഞ്ഞാ നിങ്ങളു ചെലവിനു് കൊടുക്ക്വോ, ഇല്ലല്ലോ. അപ്പോ അതങ്ങനാ.’
കുട്ടിയമ്മയ്ക്കു് മുറ്റമടിക്കാൻ പോയിടത്തെവിടെയോ നിന്നു കിട്ടിയതാണു് നാരായണിയെന്നുള്ള സത്യം നാട്ടുകാർക്കെല്ലാം അറിയാം… ഉള്ളതു പറയണമല്ലോ, ആ വീട്ടിൽ അന്യരൊരുത്തരും കേറിവരാൻ മുടന്തിത്തള്ള സമ്മതിച്ചിട്ടില്ല, കുട്ടിയമ്മ ആരേയും വിളിച്ചുകയറ്റിയിട്ടുമില്ല, തലയ്ക്കലോരോ വെട്ടുകത്തിയും വച്ചാണവരു് ഉറങ്ങുന്നതു്. പിന്നെ… അതങ്ങനെ സംഭവിച്ചു.
ഭാസ്ക്കരപിള്ളയുടെ അച്ഛനു് മുരിങ്ങാമ്പറമ്പിലൊരു ഒളിസേവയുണ്ടായിരുന്നെന്നും അതിൽ ഭാസ്ക്കരപിള്ളയുടെ തനിസ്വരൂപത്തിൽ ഒരു മകനുണ്ടായിരുന്നെന്നും പഴയ ആൾക്കാർ പറയുന്നു-അക്കാലത്തു് അതൊന്നും അത്രവല്യേ കാര്യമൊന്നുമല്ല തറവാടികൾക്കു്. ഭാസ്ക്കരപിള്ളയേക്കാൾ പ്രായത്തിലല്പം മൂപ്പുണ്ടായിരുന്നിരിക്കണം അയാൾക്കു്. ഏതായാലും ഒരെട്ടുപത്തു കൊല്ലം മുമ്പെങ്ങാണ്ടാണു്; ഒരു ആയില്യം പടയണി ദിവസം, ദേശക്കാർ തമ്മിലുള്ള സ്ഥിരം കളിയായിരുന്ന അടിപിടി കത്തിക്കുത്തു് പരിപാടിയിൽ അയാൾ തട്ടിപ്പോയി. ആയില്യം പടയണി ദിവസം തെക്കുംമുറിക്കാരും വടക്കുംമുറിക്കാരും തമ്മിലാണു് പടയണിമത്സരം. കരക്കാർ മൂക്കറ്റം കള്ളും കയറ്റീട്ടുണ്ടാകുമത്രെ. ഒരു കൊല്ലത്തെ കശപിശകളുടേയും വ്യക്തിവൈരാഗ്യങ്ങളുടേയും കണക്കു തീർക്കുന്നതപ്പോഴാണെന്നാണു് പറയുക. എന്തായാലും അടിപിടിയും കത്തിക്കുത്തും ഉറപ്പായിരുന്നു, ആ പഴേകാലത്തു്. രണ്ടുമൂന്നു ശവമെങ്കിലും വീഴാറുണ്ടായിരുന്നത്രെ. വലിയ അഭ്യാസിയായിരുന്നു അയാൾ, ആർക്കുമങ്ങനെ തോല്പിക്കാൻ പറ്റില്ല. പക്ഷെ വശക്കേടിനു് കത്തി വയറു തുളച്ചപ്പറം പോയത്രേ.
‘അതെന്തുമാകട്ടെ. അയാൾ ജീവിച്ചിരിക്കുന്നതും, ഇല്ലാത്തതും കഥയിൽ പ്രസക്തമേയല്ല.’
‘…മാലതിയമ്മ ഉപയോഗശൂന്യമായ വസ്തുവായിത്തീർന്നിട്ടു കൊല്ലം രണ്ടായിരുന്നു, നാരായണി മുറ്റമടിജോലി ഏറ്റെടുക്കുമ്പോൾ.’
പലേടത്തായി വലിയ തട്ടുമുട്ടില്ലാതെ സ്വകാര്യാവശ്യങ്ങൾ നിറവേറ്റിക്കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും ഭാസ്ക്കരപിള്ളയ്ക്കു് അതൊരു വലിയ അസൗകര്യമായിരുന്നു. അടുക്കപ്പണിക്കു് നിൽക്കുന്നതോ ഒരു വർക്കത്തുകെട്ട തള്ള, അതും ബന്ധത്തിലെങ്ങാണ്ടോ ഉള്ള ഒരു നാല്പത്തഞ്ചുകാരി. ‘അശ്രീകരം’ എന്നേ നാക്കെടുത്താൽ ഭാസ്ക്കരപിള്ള വിളിക്കൂ. അതൊരുപാവം; വയറ്റുപിഴപ്പല്ലേ വലുതു്.
പക്ഷെ നാരായണി… അവളരൊരു മിടുക്കിയായിരുന്നു. വല്യേമാന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിൽക്കാനവൾക്കറിയാം. മക്കളെ തരാതരംപോലെ സേവപിടിച്ചു നിൽക്കാൻ നാരായണിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. അമ്മിണിയെ തൃപ്തിപ്പെടുത്താനുള്ള തന്ത്രത്തിൽ മാലതിയമ്മയെ അത്യാവശ്യം ശുശ്രൂഷിക്കലും ആവശ്യമാണെന്നു കണ്ടെത്തിയതും നാരായണിയുടെ തന്ത്രത്തിന്റെ ഭാഗം തന്നെ; അടിവയറ്റിലെ വ്രണത്തിൽ നുരയുന്ന പുഴുക്കളെ തോണ്ടിയെടുത്തുകളയാനും അമ്മിണിയ്ക്കൊപ്പം നാരായണിയും കൂടുമായിരുന്നു, മനസ്സോടെതന്നെ.
മാലതിയമ്മപോയി… ഭാസ്ക്കരപിള്ളയ്ക്കു് ഇനി ആരാണുകൂട്ടു്. ഗോപാലകൃഷ്ണന്റെ കല്യാണം ഉറപ്പിച്ചുവച്ചിരിക്കുന്നു. അതുകൊണ്ടെന്താ കാര്യം, അവനുള്ള കൂട്ടല്ലേ വരുന്നതു്. അമ്മിണി പഠിക്കണമെന്നു വാശിപിടിക്കുന്നു. ആലപ്പുഴയിൽ താമസവും ഏർപ്പാടാക്കി. മൂത്തവൾ ശാരദ വല്ലപ്പോഴുമാ വരവു്. എന്നാലെന്താ അവൾടെ കെട്ടിയോൻ കുട്ടൻപിള്ള ഗുമസ്തൻ ഇടയ്ക്കിടെ വരവുണ്ടു്; ലായും ചട്ടവും പറഞ്ഞു്; ഭാഗം വേണത്രെ. സരോജിനി അങ്ങു ഭർത്താവിന്റെ വീട്ടിലാ, അരൂക്കുറ്റീലു്. വല്ലകാലത്തും വന്നാലായി…
കാര്യങ്ങളങ്ങനെയായ സ്ഥിതിക്കു് ഭാസ്ക്കരപിള്ള തീരുമാനമെടുത്തു. നല്ലനേരം നോക്കി, മൂന്നുനാലു ബന്ധുക്കളെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിൽ പുടവകൊടുത്തു് നാരായണിയെ വീട്ടിൽ കുടിവച്ചു:
‘ഇനിമുതൽ നിങ്ങളുടെ ചെറിയമ്മയാണിവള്. അങ്ങനെ വിളിച്ചാമതി.’ പരിഭവങ്ങളൊക്കെ മാറ്റിവച്ചു്-അല്ലാതെ മാർഗ്ഗമില്ലാന്നുകണ്ടോ-അച്ഛന്റെ രണ്ടാം കെട്ടിനു് വന്ന മക്കൾ ഉത്തരം പറഞ്ഞില്ല. ശാരദയും കുട്ടൻപിള്ളയും ഒരുപടികൂടി കടന്നു്, വച്ചുണ്ടാക്കിയ സദ്യയുണ്ണാൻ പിള്ളാരേപ്പോലും സമ്മതിക്കാതെ ആ നിമിഷം പടിയിറങ്ങിപ്പോയി.
തന്റെ കല്യാണം കഴിഞ്ഞപ്പോൾ ഗോപാലകൃഷ്ണനും മാറിത്താമസിച്ചു. പതുക്കെപ്പതുക്കെ കാര്യങ്ങൾ തകിടം മറിഞ്ഞുതുടങ്ങി.
നാരായണി ഒരാൺകുട്ടിയുടെ അമ്മയായി…
മൂത്തമക്കൾ വഴക്കിനു വരുമെന്നു കണ്ടതോടെ ഭാസ്ക്കരപിള്ള അമ്മിണിയെ തിരിച്ചുവിളിച്ചു. അവളുടെ എതിർപ്പും പിണക്കവും മറികടന്നു് പിടിച്ചപിടിയാലെ കല്യാണം നടത്തി. മാലതിയമ്മയുടെ സ്വത്തുവകകൾ വീതം വച്ചുകൊടുത്തു. ബാക്കിയുള്ളതിനു് ഉടനെയാരും വെയിലുകൊള്ളേണ്ടെന്നു് തീർത്തു പറഞ്ഞു. അന്നുതുടങ്ങി കുട്ടൻപിള്ള ഭാസ്ക്കരപിള്ളയുമായി കേസു നടത്താൻ…
കഥ തീർന്നില്ല.
തെക്കടത്തു പുത്തൻവീട്ടിലെ വലിയ ഇറയത്തേയ്ക്കായി നേരം വെളുത്താൽ അയൽപക്കക്കാരുടെ ഒളിഞ്ഞുനോട്ടം. അതൊരു കാഴ്ചയാണു്…
‘പെണ്ണുങ്ങളുടുത്തുകുളിക്കുന്ന ചുട്ടിത്തോർത്തിന്റെയത്രേം വീതിം നീളവുമുള്ള കോണകമാണു വേഷം. എണ്ണമിനുങ്ങുന്ന കുടവയറും ശരീരവും രണ്ടു കൈകൾ കൊണ്ടും ഉഴിഞ്ഞുഴിഞ്ഞു് തെക്കുവടക്കൊരു നടപ്പാണു് ഭാസ്ക്കരപിള്ള. ആദ്യം വലിയ ഇറയത്തു്…, നീണ്ടുനിവർന്നു് കിടക്കുകല്ലേ ഇറയം. എട്ടുമണികഴിയുമ്പോൾ തുടങ്ങുന്ന നടത്തം ആദ്യം വലിയ ഇറയത്തും പിന്നെ മിറ്റത്തുമായി ഒന്നൊന്നര മണിക്കൂറെടുക്കും. ഏഴുമണിക്കു് തെക്കേയറ്റത്തെ ചായ്പ്പുമുറിയിലാണു് എണ്ണയിടൽ തുടങ്ങുക. വൈദ്യൻ കിട്ടുപ്പണിക്കർ നിർദ്ദേശിച്ച ചികിത്സകളാണു്. പ്രത്യേക കൂട്ടുകൾ ചേർത്തു തയ്യാറാക്കിയ എണ്ണ. സർവ്വാംഗം തളർന്നുകിടക്കുന്നവനു് നാല്പത്തൊന്നു ദിവസം യഥാവിധി ശീലിച്ചാൽ അയാൾ എഴുന്നേറ്റോടും. നൂറ്റൊന്നു് വയസ്സായ കിളവനു് നവയൗവ്വനം… എണ്ണമാത്രമല്ല, അനുസാരികളായി നെയ്യും ലേഹ്യവും… വൈദ്യരുടെ ശിഷ്യൻ നേരിട്ടുവന്നാണു് ദിവസവും എണ്ണയിടുക…’
പണ്ടും വല്യേമാന്നു് എണ്ണതേച്ചുകുളിയൊക്കെ ഉണ്ടായിരുന്നു. അതിനു് ഇത്രയും നീണ്ട തയ്യാറെടുപ്പും നടത്തയുമൊന്നും കണ്ടിട്ടില്ലെന്നു് പാറുത്തള്ള.
‘വീടും മുറ്റവും പുരയിടത്തിൽ നിന്നും അരയാൾ പൊക്കത്തിലാ, മിറ്റത്തുനിന്നു് രണ്ടുചവിട്ടുപടി പൊക്കത്തിൽ കൊച്ചിറയം; അതിനും പൊക്കത്തിലാണു് വലിയ ഇറയം… ആ നടത്തം ഒരു കെട്ടുകാഴ്ചേടെ ചേലാണു് നാട്ടുകാർക്കു്…’
എന്താ കഥ! എന്തായാലും എഴുപതു കഴിഞ്ഞ ഭാസ്ക്കരപിള്ളയ്ക്കു് നാരായണിയിൽ നാലുകൊല്ലം കൊണ്ടു് പുറകേ പുറകേ നാലുമക്കൾ… മൂന്നാണും ഒരു പെണ്ണും. ഒന്നുപോലും ചാപിള്ളയായില്ല. കെട്ടുകാഴ്ച കാണാൻ നിന്നവരും വാ പൊത്തിച്ചിരിച്ചവരും ഇളിഭ്യരായി മാളത്തിലൊളിച്ചു.
നവയൗവ്വനത്തിൽ വെറുതെ പാഴായിപ്പോയ തന്റെ വീര്യത്തെയോർത്തു് ഭാസ്ക്കരപിള്ള നെടുവീർപ്പിട്ടു; മാലതിയമ്മയെ ശപിച്ചു. അപ്പോൾ ശാരദേം, ഗോപാലകൃഷ്ണനും, സരോജിനിം, അമ്മിണീം? ‘പേട്ടുതേങ്ങകള്!’ ഭാസ്ക്കരപിള്ള അലറി.
‘ഇപ്പറഞ്ഞ കഥയിൽ നമുക്കു വേണ്ടതതൊന്നുമല്ല; ഭാസ്ക്കരപിള്ളയ്ക്കു നാരായണിയിൽ എഴുപത്തിമൂന്നാം വയസ്സിൽ പിറന്ന മകനാണു് വേലായുധൻകുട്ടി എന്നതാണു്.’
നമ്മുടെ ചരിത്രത്തിൽ വേലായുധൻകുട്ടി മാത്രമേ കഥാപാത്രമാകുന്നുള്ളൂ. പക്ഷെ അയാളൊരൊന്നൊന്നര കഥാപാത്രമായിരുന്നു… അച്ഛന്റെയുമ്മയുടേയും മിടുക്കുകളത്രയും കിട്ടിയെന്നുമാത്രമല്ല, ആധുനികലോകത്തിന്റെ അറിവുകളുടെ പടിവാതിൽക്കലെങ്കിലും എത്തി നിൽക്കാനുള്ള സാഹചര്യവും കിട്ടി… അതിന്റെ പരിമിതമെങ്കിലും എത്തിപ്പിടിക്കാനായ സാധ്യതകൾ അയാൾ ഉപയോഗിച്ചു… സാവിത്രിക്കുട്ടിയുടേയും കുടുംബത്തിന്റേയും മറ്റൊരു വഴിത്തിരിവിനു മനപ്പൂർവമല്ലെങ്കിലും വേലായുധൻകുട്ടി കാരണക്കാരനായി.