കുട്ടിമാളുവമ്മയുടെ കുടുംബചരിത്രം ഒരു പുസ്തകമാകേണ്ടതാണു്; അതുകൊണ്ടു് ഒന്നുപറഞ്ഞുപോയില്ലേൽ ശരിയാകില്ല.
‘കുട്ടിമാളുവമ്മയുടെ രണ്ടാമത്തെ മകൻ, ശേഖരപിള്ളയുടേയും കാർത്തൂന്റേയും ഇളയവൻ ദാമോദരൻ പഠിക്കാൻ ബഹുമിടുക്കനാരുന്നു. സ്ക്കൂൾ ഫൈനൽ കഴിഞ്ഞപ്പോ ചെറുക്കനൊരേപിടി-അവനു കാളേജിപ്പോണം. വേലുപ്പിള്ളയ്ക്കും വല്യേ ആശയാരുന്നു. ശങ്കരിച്ചേച്ചീടെ അനിയനും മേലാങ്കോട്ടെ കൊച്ചന്മാരുമെല്ലാം വല്യേ പടിത്തോം കഴിഞ്ഞു കേമമ്മാരായി വന്നേക്കുന്നു. ശങ്കരിച്ചേച്ചീടെ മൂത്തവൻ ഓണേഴ്സാ… അതുപോലെ…’ കുട്ടിമാളുവമ്മ ഒരാട്ടാട്ടി മകനെ; അതു് അച്ഛനും കൂടിയുള്ളതാരുന്നു. ‘പാടത്തും പറമ്പത്തും പണിയെടുപ്പിച്ചു് അതിനു പറ്റിയ പെണ്ണിനേം കെട്ടിക്കഴിയാനൊള്ളതിനു്. കാശൊണ്ടാക്കണെ ശേഖരനേപ്പോലെ കച്ചവടം ചെയ്യട്ടെ…’
ദാമോദരൻ ആരോടും പറയാതെ നാടുവിട്ടു. അതുവല്യേ കഥ…
“കാർത്തുവും കുഞ്ഞുണ്ണിനായരും തമ്മിലൊള്ള കല്യാണം കഴിഞ്ഞതും ശേഖരപിള്ള പെണ്ണുകെട്ടി മാറിത്താമസിച്ചു. അതിനെടേ കുഞ്ചുമ്മാവന്റെ കഥയൊണ്ടു്. അതൊരൊന്നൊന്നരക്കഥയാ. അതു ഞാൻ വേറെ പറയാം.”
‘ദാമോദരന്റെ എളേവൾ ജാനകീടെ കല്യാണം ഒടൻ നടത്തണം; കുട്ടിമാളുവമ്മയും ശേഖരപിള്ളയും കൂടി കാര്യങ്ങളുറപ്പിച്ചു. വരൻ പാർവ്വത്യകാർ മാർത്താണ്ഡപിള്ള.’
‘ഭാഗ്യം വരുന്ന ഓരോ വഴിയേ. ചീരങ്കണ്ടത്തു വീടുപണികഴിഞ്ഞു് കുട്ടിമാളുവമ്മയുമൊക്കെ മാറിത്താമസിക്കുന്നതിനു തൊട്ടുമുൻപാ. പാർവത്യകാർ മാർത്താണ്ഡപിള്ളയെ ഇന്നാട്ടിലേക്കു നെയമിച്ചെന്ന വാർത്ത ശേഖരപിള്ള മണത്തറിഞ്ഞു. കൊലകൊമ്പന്മാരായ കോടോത്തു കർത്താക്കന്മാരോ, ചാക്കീരിത്തരകനോ, ചെന്നിലപ്പള്ളിച്ചാത്തൂന്റെ ആൾക്കാരോ എന്തിനു് മേലാംകോടുകാരോ പിടിവീഴും മുൻപു് ശേഖരപിള്ള കണ്ടെഴുത്തു പാർവത്യകാർ മാർത്താണ്ഡപ്പിള്ളയെ സ്വീകരിച്ചു; സകലസൗകര്യങ്ങളോടെയും മൂത്തേടത്തു മാളികപ്പുരേത്തന്നെ താമസിപ്പിച്ചു. ആഹാരാദി കാര്യങ്ങളെല്ലാം മൂത്തേടത്തു അടുക്കളയിൽ നിന്നുതന്നെ.’ “ഒരു പാർവത്യകാർ കൈപിടീലൊണ്ടേലൊള്ള സൗകര്യങ്ങളൊന്നും ഞാൻ പറയണ്ടല്ലോ… എന്തായാലും ജാനകിക്കു് മാർത്താണ്ഡപിള്ള താലികെട്ടി.”
‘പിന്നെ അച്യുതൻ. അച്യുതന്റെ കാര്യത്തിലെന്തൊക്കെയോ രഹസ്യോണ്ടെന്നാ കേട്ടേക്കണേ. മൈസൂരിലു് വല്യേ എസ്റ്റേറ്റും തോട്ടോമൊണ്ടു്, തമിഴത്തി ഭാര്യയൊണ്ടു് എന്നൊക്കെ ഒരൂട്ടം കേട്ടു. നേരാണോ എന്തോ. ഇവ്ടേം വല്യേ കൊപ്രാക്കച്ചോടോം പലിശപ്പരിപാടീം… പൂത്ത കാശൊണ്ടു്. എടയ്ക്കു് വല്ലപ്പോഴും കൊറേ ദെവസത്തേക്കു ആളിനെ കാണാനൊണ്ടാകുകേലാ. പിന്നെ വരുമ്പം അനീത്തി സുഭദ്രയ്ക്കു് മൈസൂരീന്നു സിൽക്കു സാരീമൊക്കെ കൊണ്ടുവരുംന്നു കേട്ടിട്ടൊണ്ടു്. പക്ഷെ അവ്ടന്നാരും ഇങ്ങോട്ടു വന്നതായി കേട്ടിട്ടില്ല. എന്തായാലും കല്യാണം കഴിച്ചില്ല. പക്ഷേലു് മൊഹമ്മേക്കാരി ഒരു ചെറുപ്പക്കാരി എടയ്ക്കൊക്കെ അച്ചുതന്റെ വീട്ടിലേക്കു് കേറിപ്പോകുന്നതു പലരും കണ്ടിട്ടൊണ്ടു്. ആ സ്ത്രീ പക്ഷെ അകത്തുകയറി ഒരേ നിപ്പാണത്രെ. കസേരയിലിരിക്കുന്ന അച്ചുതനുമായി കൊറേനേരം പതുക്കെ സംസാരിക്കും; ഒരു സഞ്ചിയിലെന്തോ സാധനങ്ങളും ഒരു പൊതിയുമായി അവരിറങ്ങിപ്പോകും… കുട്ടിമാളുവമ്മ മരിച്ചതിനുശേഷമാണു കേട്ടോ ആ സ്ത്രീയുടെ വരവു്. അച്ചുതൻ നേരത്തേതന്നെ ചീരങ്കണ്ടത്തു വീടിന്റെ തെക്കേ ചെറേലു് നിരയും പലകയുമായി ഓലമേഞ്ഞൊരു കൊച്ചുവീടുണ്ടാക്കീരുന്നു. അയാളുടെ ഇരിപ്പും കിടപ്പും സ്വത്തുക്കളുടെ മേൽനോട്ടവുമെല്ലാം അതിനാത്തിരുന്നു തന്നെ.’
‘ങാ, പിന്നെയുള്ളതു് സുഭദ്ര… അവളൊരു പാവാരുന്നു… ഇത്തിരിയൊക്കെ മനുഷ്യപ്പറ്റൊള്ള സ്വഭാവം. മൂത്ത ചേച്ചിയായ കാർത്തൂനേയോ സ്വന്തം അമ്മയേയോ പോലെ കുടികിടപ്പുകാരു് തൊടാൻ സമ്മതിക്കാതെ കൊഴിഞ്ഞുവീഴുന്ന കണ്ണിമാങ്ങവരെ തപ്പിക്കൊണ്ടുപോരുന്ന ചെറ്റത്തരങ്ങളൊന്നും സുഭദ്ര കാണിച്ചിട്ടില്ല.’
‘…തെക്കേടത്തു പുത്തൻ വീട്ടിലെ ഭാസ്ക്കരപിള്ളയുടെ മകൻ വേലായുധൻ കുട്ടി സുഭദ്രയെ കെട്ടി… ഭാസ്ക്കരപിള്ള കണ്ണുവച്ചതു് സുഭദ്ര കൊണ്ടുവരുന്ന മുതലിലായിരുന്നു… കുട്ടിമാളുവമ്മയ്ക്കു് വേണ്ടിയിരുന്നതു് പതിവുപോലെ ഒരു ദത്തുപുത്രനെയും. ശേഖരപിള്ളയും കാർത്തുവും ജാനകിയും വേറെ കുടുംബമായി മാറിത്താമസിക്കുന്നു. ദാമോദരൻ ഒരുപ്പോക്കുപോയി. അച്ചുതൻ സ്വന്തയായി ബിസിനസ്സും കാര്യങ്ങളും; അമ്മയുടെ ഇഷ്ടത്തിനുകിട്ടുന്നില്ല… അതുകൊണ്ടു് ഒരു ഗൃഹനാഥനെയാണു വേണ്ടതു്. വേലായുധൻകുട്ടിക്കു സമ്മതമായിരുന്നു… തൊണ്ണുറ്റാറുകാരനായ ഭാസ്ക്കരപിള്ള സടകൊഴിഞ്ഞ സിംഹം… വേലായുധൻകുട്ടി അങ്ങനെ ചീരങ്കണ്ടത്തു വേലായുധനായി.’
‘സുഭദ്രയ്ക്കു് ആദ്യമൊരു മകൻ, മൂന്നുകൊല്ലം കഴിഞ്ഞൊരു മകൾ… സുഭദ്ര വീണ്ടും ഗർഭിണിയായി… ഗർഭം വളരുന്തോറും സുഭദ്ര ക്ഷീണിതയായി, അസാധാരണമായ വലിപ്പം വയറിനു്. ഇരിക്കാൻ വയ്യ, നിൽക്കാൻ വയ്യ… ആഹാരം കഴിച്ചാൽ ശ്വാസം മുട്ടും; നെഞ്ചുവരെ വയർ. കണ്ടവരൊക്കെ അടക്കം പറഞ്ഞു… രണ്ടോ മൂന്നോ ഒണ്ടു്, ഒറപ്പാ. വയറ്റാട്ടിയെ കാണിച്ചു… അവരുടെ പ്രവൃത്തി പരിചയം വച്ചുപറഞ്ഞു; രണ്ടൊണ്ടു്, ഒറപ്പാ.’
‘കിടക്കുന്നിടത്തുനിന്നു് എഴുന്നേൽക്കണമെങ്കിൽ ആരെങ്കിലും എഴുന്നേൽപ്പിക്കണം കുട്ടിമാളുവമ്മയെ. പ്രായവും അസുഖങ്ങളും… മകളുടെ വയർ കാണുമ്പോളൊക്കെ അവർ ഞെട്ടി.’
‘ഒമ്പതാം മാസം തൊടങ്ങീതേയൊണ്ടാര്ന്നൊള്ളൂ. സുഭദ്ര വല്ലാതെ വിമ്മിഷ്ടപ്പെടുന്നു… നടുവുപൊട്ടുന്ന വേദന… ഭാസ്ക്കരപിള്ളേടെ ആദ്യത്തെ കുടീലെ മകൾ അമ്മിണി ടൗണിലെ സ്ക്കൂളിൽ ടീച്ചറാണു്. വിവരമറിഞ്ഞു് അവളോടിയെത്തി; വേലായുധൻകുട്ടിയുടെ അകൽച്ചയൊന്നും അമ്മിണിക്കു പ്രശ്നമല്ല. അമ്മിണി സുഭദ്രയെക്കണ്ടു് അങ്കലാപ്പോടെ പറഞ്ഞു: ‘നാത്തൂനേ ഇതു കളിയല്ല. നമ്മക്കു് ആശുപത്രീ പോകാം. ടൗണിലു് കാറൊണ്ടു്, പരിചയമൊള്ളവരാ. വിളിച്ചോണ്ടുവരട്ടെ. വേലായുധാ ഇതു ഭാഗ്യം പരീക്ഷിക്കാനൊള്ള സമയമല്ല, നമ്മക്കു കൊണ്ടുപോകാം.’
വേലായുധൻകുട്ടിയും കാർത്തുവും എതിർത്തു: ‘എട്ടുമാസം കഴിഞ്ഞതല്ലേയൊള്ളൂ. കുട്ടികളുടെ ഭാരം കൊണ്ടാരിക്കും… എവടെങ്കിലും അടങ്ങിയിരുന്നാൽ മതി… കൊഴമ്പും തൈലോമൊക്കെ ദെവസോമിടട്ടെ… നമ്മടെ വയറ്റാട്ടി കല്യാണിക്കു് പറ്റാത്ത കേസൊന്നുമല്ലിതു്. അങ്ങോട്ടു കൊണ്ടുചെന്നാ അവരും ചെലപ്പം…’
കാർത്തു ജീരകം വറുത്തു് കുറച്ചു വെള്ളം തിളപ്പിച്ചു് സുഭദ്രയ്ക്കു കുടിക്കാൻ കൊടുത്തു: ‘ദാന്നു പറയണ നേരം കൊണ്ടാ വിമ്മിട്ടമങ്ങു തീരും.’
ഒന്നുരണ്ടു ദിവസം ഇഴഞ്ഞും വലിഞ്ഞും നീങ്ങി. സുഭദ്ര തീരെ അവശയായിരിക്കുന്നു. എഴുന്നേറ്റിരിക്കാൻ തന്നെ വയ്യ.
വയറ്റാട്ടിയെ വിളിച്ചുകൊണ്ടുവന്നു… അവർ അവരുടേതായ പരിശോധനകളും പൊടിക്കൈകളും…
‘ആശുപത്രീക്കൊണ്ടു പോകുവോ, അല്ലേൽ ഡാക്ടറെ ഇങ്ങോട്ടുവിളിക്കുകോ ചെയ്യാം… എന്താ വേണ്ടേ കല്യാണിയമ്മേ?’ അമ്മിണി ചോദിച്ചു.
‘മുപ്പത്തഞ്ചു കൊല്ലായി ഞാൻ ഭൂമീലേക്കു കൊണ്ടുവന്ന കുഞ്ഞുങ്ങളുടെ എണ്ണമറിയണോ? പിന്നെയാ ഇതു്.’ കല്യാണിയമ്മ മുരണ്ടു.
‘അതല്ല, ഒന്നിൽക്കൂടതൽ…’
അമ്മിണിയെ പറയിപ്പിക്കാനനുവദിക്കാതെ വയറ്റാട്ടി കല്യാണിയമ്മ ഇടപെട്ടു.
‘പിന്നേ… ഒന്നായാലും രണ്ടായാലും, അതല്ല മൂന്നൊണ്ടേലും ഒരേ വഴിയെ ഇറങ്ങി വരണേ… അതുവരുത്താനെനിക്കറിയാം.’
‘മാസം തികഞ്ഞിട്ടില്ലല്ലോ, അതുകൊണ്ടു്…’
‘അമ്മിണിക്കുഞ്ഞൊന്നു മിണ്ടാതിരി… ഒമ്പതും പത്തും ഭേദല്യ… അതല്ലാ ഇപ്പം മുഴ്‌വൻ തെകഞ്ഞില്ലാന്നുവച്ചോ, ന്നാലും… ചെമ്പകശ്ശേരീലെ ഭാരതിക്കുഞ്ഞിനു് ഏഴാംമാസം പേറ്റുനോവു്. ആരെയാ വിളിച്ചേ… എന്നെ… ഒരു കേടും കൂടാതെ പെറീച്ചു് കൊച്ചിനെ രക്ഷിച്ചെടുത്തതു് ഈ കല്യാണിയാ.’
പിന്നെയാരും ഒന്നും മിണ്ടിയില്ല.
അടച്ച മുറിക്കുള്ളിൽ സുഭദ്രയും കല്യാണിയും ഇടയ്ക്കിടയ്ക്കു് ചൂടുവെള്ളവും കല്യാണി ആവശ്യപ്പെടുന്ന ഓരോ സാധനങ്ങളുമായി കാർത്തു കേറിയിറങ്ങുന്നുണ്ടു്. വയറ്റാട്ടി കല്യാണീടെ ഉറപ്പു് കിട്ടിയതോടെ ആണുങ്ങൾ മറ്റു ‘ഭാരിച്ച’ കാര്യങ്ങളിലേക്കു തിരിഞ്ഞു…
അകത്തെ മുറിയിൽ കിടന്ന കിടപ്പിൽക്കിടക്കുന്ന കുട്ടിമാളുവമ്മ കൊച്ചുമകളുടെ വിവരമറിയാതെ എരിപൊരിക്കൊണ്ടു… കുട്ടിമാളുവമ്മ ജീവിതത്തിൽ ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ… ഉണ്ടു്. സുഭദ്രയെ; തനിക്കു് ‘വയറുകഴുകിപ്പിള്ള’ യായിപ്പിറന്ന സുഭദ്രയെ, തന്റെ ഭദ്രയെ മാത്രം!
…സുഭദ്ര വേദനകൊണ്ടു് പുളഞ്ഞു, ഇരുട്ടുംവെളുപ്പുമറിയാതെ കരഞ്ഞുവിളിച്ചു പുറത്തുകേൾപ്പിച്ചു് നാണക്കേടു വരുത്താതെ അടക്കിപ്പിടിച്ചു് കരഞ്ഞുകരഞ്ഞു്… പെട്ടെന്നു് സുഭദ്ര സ്വയംമറിയാതെ അമ്മേന്നു് വിളിച്ചു് അലറിക്കരഞ്ഞു… ചോരപ്രളയം… ‘നല്ല ലക്ഷണമല്ലല്ലോ ഭഗവതീ’ ന്നു കല്യാണി ഞെട്ടി… അപ്പോളുണ്ടു് ആ ചോരപ്രളയത്തിലൂടൊരു കുഞ്ഞു്… പുറത്തെത്തി. കല്യാണി വീണ്ടും ഞെട്ടി… ചീറ്റിവരുന്ന ചോരയ്ക്കിടയിലൂടെ ഒരു കുഞ്ഞിക്കൈ… ഒരു കുഞ്ഞിക്കൈ മാത്രം… മുകൾവയറിൽ പിടിച്ചു തള്ളുന്ന രണ്ടു തലകൾ, ഏതൊക്കെയോ കൈകാലുകൾ… കല്യാണി പഠിച്ചപണി പതിനെട്ടും പയറ്റി…
‘ആരാ അവടൊള്ളതു്, ആശൂത്രീപോക്വോ, ഡാക്കിട്ടറേ കൊണ്ട്വരോ… വേഗം വേണം… വേഗം… ഇനീം രണ്ടു കൊച്ചുങ്ങളകത്തൊണ്ടു്… ഞാൻ കൂട്ട്യാ കൂടുകേലാ… എന്റെ കയ്യീ നിക്കൂലാ വേഗം പോ, ആരേലും.’ കല്യാണി പേറ്റുമുറിയുടെ വാതിൽക്കൽ തലനീട്ടി കരഞ്ഞുപറഞ്ഞു.
അയൽപക്കത്തെ കുട്ടികളാരോ വേലായുധൻകുട്ടിയെ വിളിക്കാനോടി… അമ്മിണി അച്ചുതനെ തേടിപ്പിടിച്ചു. ആരൊക്കെയോ കേട്ടറിഞ്ഞെത്തി. കൂട്ടത്തിൽ കൊല്ലമ്പറമ്പിലെ ത്രേസ്യാമ്മ നേഴ്സും എത്തി; തിരുവനന്തപുരത്തെ വല്യേ ആശുപത്രീലെ നേഴ്സാ ത്രേസ്യാമ്മ. അപ്പനു സൂക്കേടാണെന്നറിഞ്ഞു് അന്നെത്തീതാരുന്നു…
‘മൂന്നാലുദെവസായി; വല്യേ ഏനക്കേടൊന്നൂല്ലാര്ന്നു. ചെറിയ വേദന… പക്ഷേങ്കി, ക്ഷീണാരുന്നു. എഴുന്നേറ്റിരിക്കാനും കെടക്കാനും വയ്യാന്നു പരാതി… വല്യേ വയറാര്ന്നേ… ഇന്നു രാവിലെ തൊട്ടാ കൊറച്ചു ജാസ്തി വേദനേക്കെ വന്നതു്… എടവിട്ടാരുന്നു… എനിക്കപ്പം തോന്നീരുന്നു…’
എല്ലാം കേട്ടുകൊണ്ടു് സുഭദ്രയെ പരിശോധിക്കുകയായിരുന്ന ത്രേസ്യാമ്മ തിരിഞ്ഞു് അമ്മിണിയെ നോക്കി:
‘അമ്മിണിറ്റീച്ചർ ഇവിടൊണ്ടാര്ന്നില്ലേ? എന്തൊരു മഹാപാപാ നിങ്ങളീച്ചെയ്തേ! കർത്താവു പൊറുക്കുകേലാ… നിങ്ങക്കൊക്കെ എന്തിനാ വിദ്യാഭ്യാസം… ഒരല്പം കോമൺസെൻസ്… പോയീ, തള്ളപോയീ… ഉള്ളിലൊള്ളതിന്റേം അനക്കം നിന്നു… രണ്ടൊണ്ടു്… നിങ്ങൾ കൊന്നു… പുറത്തെടുക്കണം… എന്റെ കയ്യീ ഉപകരണോംന്നില്ല. ഡാക്ടറെ കൊണ്ടുവരണം’ ത്രേസ്യാമ്മറ്റീച്ചർ കരയുകയായിരുന്നു.
‘അതിപ്പം… ഡാക്ടറുവന്നാ… പോസ്റ്റുമോർട്ടോം, അന്വേഷണോം… അതുവേണോ’ അച്ചുതൻ സംശയിച്ചു.
‘പിന്നെ, രണ്ടും രണ്ടുപാത്രമാക്കാതെ കുഴിച്ചിട്വേ! എന്താ ഇപ്പറയണേ?’
ത്രേസ്യാമ്മ പറഞ്ഞുതീരും മുൻപു് അച്ചുതൻ ദേഷ്യപ്പെട്ടു: ‘എല്ലാം പോയില്ലേ; ഇനീപ്പം… നിങ്ങളായിട്ടു വെറുതെ പൊല്ലാപ്പാക്കണ്ട… എന്തുവേണംന്നു് ഞങ്ങക്കു് നിശ്ചയോണ്ടു്.’
ത്രേസ്യാമ്മ നഴ്സു് കണ്ണുതുടച്ചു് ദേഷ്യപ്പെട്ടു് ഇറങ്ങിപ്പോയി…
മൂന്നാലു ദിവസമായി ചെവി വട്ടംപിടിച്ചു കിടന്ന കുട്ടിമാളുവമ്മയുടെ ചെവിയിലെത്തി വാർത്തകൾ…
താൻ ജീവിച്ചിരിക്കുമ്പോൾ…
ഒരു ജന്മത്തിലെ പാപങ്ങൾക്കു മുഴുവൻ ഒറ്റയടിക്കു ശിക്ഷ… മൂന്നു ജീവൻ… ഒന്നിച്ചൊരു കുഴിയിൽ! സ്വന്തം തലയ്ക്കടിക്കാൻ കൈകളനങ്ങുന്നില്ല, ഒന്നുറക്കെക്കരയാൻ ശബ്ദം പൊങ്ങുന്നില്ല… ‘ശരീരം മുഴുവൻ തളർന്നിട്ടും കണ്ണും ചെവിയും ബോധവും നീ അങ്ങനെ തന്നെ നിലനിർത്തിയതു് ഇതിനാണോ ന്റെ കാർത്ത്യായനീ?’
ജീവിതത്തിലാദ്യമായി കുട്ടിമാളുവമ്മക്കു കരയാൻ മുട്ടി… കണ്ണുനീർ ധാരയായൊഴുകി…
ജ്യോത്സ്യനും കണിയാനും കർമ്മികളും എത്തി… കുറിപ്പടി പ്രകാരം വേണ്ട സാമഗ്രികളെല്ലാമെത്തി, പ്രത്യേകമായി ഒരു ചാക്കു് കടുകു്…
സാധാരണ മരണമല്ല, ദുർമ്മരണമാണു്… ഒരുപാടു കർമ്മങ്ങൾ… ആഴത്തിൽ കുഴികുത്തി… ശവത്തിനൊപ്പം-ഓ ശവങ്ങൾക്കൊപ്പം എന്നു പറയണം-എന്തൊക്കെയോ സാധനങ്ങൾ, പിന്നെ ഒരു ചാക്കു് കടുകും ഇട്ടു് കുഴിമൂടി… ദുർമ്മരണമാണു്, ദുഷ്ടപ്രേതങ്ങളാകും… അവ പുറത്തിറങ്ങിയാൽ! ഇല്ല ഇറങ്ങാനാകില്ല. ആ കടുകു മുഴുവൻ എണ്ണിത്തീർത്തല്ലാതെ അവറ്റയ്ക്കു പുറത്തിറങ്ങാനാകില്ല; എന്നു് എണ്ണിത്തീർക്കാനാ!
അങ്ങനെ കാര്യം സുരക്ഷിതമാക്കി.
സുഭദ്ര, അവളാവുന്നതു ചെയ്തു. അവസാന ശ്വാസമെടുത്തപ്പോൾ ഒപ്പം തന്റെ പൊന്നോമനകളിൽ ഒന്നിനെ പുറത്തെത്തിച്ചു, ജീവനോടെ തന്നെ. പക്ഷെ വളർച്ച പൂർത്തിയായിരുന്നില്ല.
വൈദ്യർ വന്നു. പരിശോധിച്ചു. വിശദമായ ചിട്ടകൾ, മരുന്നുകൾ, ശുശ്രൂഷകൾ… കാർത്ത്യായനിയും അമ്മിണിയും മാറിമാറി കുഞ്ഞിന്റെ ശുശ്രൂഷകൾ എറ്റെടുത്തു. കമ്പിളിയിൽ പൊതിഞ്ഞു്, കോർക്കിട്ടടച്ചുറപ്പിച്ച കോത്തക്കുപ്പിയിൽ ചൂടുവെള്ളം നിറച്ചു് മാറിമാറി കുഞ്ഞിന്റെ ചുറ്റിനും വച്ചു്, ഇടയ്ക്കെടുത്തു് കണിയാന്റെ തൈലം തടവിത്തുടച്ചു്…
പതിനേഴടിയന്തിരം കഴിയുന്നതുവരെയേ അമ്മിണിക്കു ലീവുള്ളൂ… ലീവു നീട്ടാനാവില്ല, പോർഷൻ തീർക്കണം… കാർത്ത്യായനിയുടെ മൂന്നു പിള്ളേർക്കു ഇടയ്ക്കിടെ സ്ക്കൂൾ മുടങ്ങുന്നു.
വേലായുധൻകുട്ടി നിന്നിട്ടും കാര്യമില്ല, കുഞ്ഞിനെ നോക്കാൻ പ്രത്യേക മിടുക്കുതന്നെ വേണം… എന്നാലും; പറ്റില്ല, വക്കീൽ പലതവണയായി ആളെ വിടുന്നു. ഉടനെ ചെന്നില്ലെങ്കിൽ ഗുമസ്തപ്പണി പോക്കാകും… പാടത്തേം പറമ്പിലേം പണികളും പാതിവഴിയിൽ…
എന്തായാലും ആദ്യം വീട്ടിലേക്കു് പറ്റിയ ഒരാളെ കിട്ടണം… കുഞ്ഞിനെ വേണ്ടപോലെ നോക്കണം, പിന്നെ മൂത്ത കൊച്ചുങ്ങളുടെ കാര്യം… മേലേപ്പറമ്പിൽ ലക്ഷ്മിയമ്മയുടെ മകൾ പാറുക്കുട്ടിക്കു പത്തിരുപത്തിമൂന്നു വയസ്സുണ്ടു്; ആളൊരൊശത്തിയാണു്; നല്ല സ്നേഹമുള്ളവളാ… വീടുപണിയറിയാം; കൊച്ചുങ്ങളെ നോക്കാനുമറിയാം. എളേത്തുങ്ങളു രണ്ടിനേം തള്ള പെറ്റിട്ടന്നേള്ളൂ. അവളാ നോക്കി വളർത്തീതു്. ആറാം ക്ലാസ്സു വരെ പഠിച്ചതാ. പിന്നെ തള്ള വിട്ടില്ല… പിന്നെന്താ കെട്ടിച്ചുവിടാത്തേന്നോ… ‘വരുന്നവർക്ക് പെണ്ണുമാത്രം പോരല്ലോ… ഒരു പണമിടപൊന്നെങ്കിലും ഒണ്ടാക്കാൻ ഞാൻ കൂട്ട്യാ കൂട്വോ… അവടെ നിക്കട്ടെ… പിന്നെ പാറുക്കുട്ടീടെ അഛനോ? അച്ഛനാരാന്നു് അവൾക്കല്ല ലക്ഷ്മിക്കുപോലും അറിയില്ലന്നാ കേട്ടേക്കണേ. എളേ പിള്ളേര്ടേം തഥൈവ. പക്ഷെ പാറുക്കുട്ടീടെ ദേഹപ്രകൃതിയും കൂസലില്ലായ്മയും തന്റേടവും കണ്ടു് ചിലരൊക്കെ ചിലതൊക്കെ ഊഹിക്കുന്നുണ്ടു്… ആരായാലും പാറുക്കുട്ടിക്കൊന്നുമില്ല… പിന്നെ നമ്മളെന്തിനാ തെരക്കുന്നേ!’
അങ്ങനെ പാറുക്കുട്ടി ചീരങ്കണ്ടത്തു് പൊടിക്കുഞ്ഞിന്റേയും മൂത്തതുങ്ങളുടേയും വളർത്തമ്മയും അടുക്കളക്കാരിയും ആയി ജോലി ഏറ്റെടുത്തു…
പാറക്കുട്ടി പൊടിക്കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു… എന്നിട്ടും മൂന്നാം മാസം ആ കുഞ്ഞും അമ്മയെത്തേടിപ്പോയി.
കുഞ്ഞു മരിച്ചതിനുശേഷം മൂത്തകുട്ടികൾക്കു് ആഹാരം കൊടുത്തു് രാത്രി എട്ടുമണിക്കുതന്നെ പാറുക്കുട്ടി വീട്ടിൽ പോകും; രാവിലെ ആറുമണിക്കെത്തുകയും ചെയ്യും… പക്ഷെ വേലായുധൻകുട്ടി എത്താൻ താമസിച്ചാൽ, കുട്ടികൾക്കു് എന്തേലും വയ്യാണ്ടായാൽ ഒക്കെ പാറുക്കുട്ടിക്കു രാത്രിയിൽ ചീരങ്കണ്ടത്തു തങ്ങിയേ പറ്റൂ… തങ്ങി… അങ്ങനെയങ്ങനെ പാറുക്കുട്ടി ചീരങ്കണ്ടത്തെയായി; ക്രമേണ മൂന്നു മക്കളുമായി.
ഈ കഥയ്ക്കൊന്നും സത്യം പറഞ്ഞാൽ ഇവിടെ പ്രസക്തിയില്ല. അതുകൊണ്ടു് ആ കുടുംബം അവിടെ കഴിഞ്ഞോട്ടെ.
പക്ഷെ സാവിത്രിക്കുട്ടിയുടെ കഥയിൽ വേലായുധൻകുട്ടി വില്ലനായതെങ്ങനെയെന്നും ആ കഥ തന്നെയെന്തെന്നും വിസ്തരിച്ചു പറഞ്ഞേ പറ്റൂ… അതു് അക്കാലത്തു് എന്തായാലും അത്യപൂർവ്വമായ സംഭവമായിരുന്നു… ഒരു ദുരന്തം!