ആദിക്കും അമ്മുവിനും കാപ്പി പകർന്നു കൊടുക്കുന്നതിനിടയിലാണു് ലേഖ ശ്രദ്ധിച്ചതു്. അമ്മു ഇവിടെങ്ങുമല്ല…
അമ്മു അപ്പോൾ കൊല്ലങ്ങൾ പുറകോട്ടു പോയിരുന്നു… പോക്കുവെയിലിന്റെ നനുത്ത ചൂടുള്ള മഞ്ഞവെയിലിൽ കോഴിക്കോടു കടപ്പുറത്തു് മണ്ണുവാരിക്കളിക്കുന്നു, ‘എന്നെപ്പിടിക്കാമോ’ എന്നു് അപ്പച്ചിയമ്മൂമ്മയെ അടിച്ചിട്ടു് ഓടുന്ന കൊച്ചുപെൺകുട്ടി; ബീച്ചിനെതിരെയുള്ള വാടകവീടിന്റെ ബാൽക്കണിയിൽ അപ്പച്ചിയമ്മൂമ്മയുമായി മത്സരിച്ചു് നിലാവിന്റെ ഇളം സ്വർണ്ണനിറം പൂശിയ കടൽത്തിരകളെ എണ്ണിത്തീർക്കാൻ നോക്കുന്ന കുട്ടി; ‘ദാ നോക്കു് കടലിലെന്തുമാത്രം മിന്നാമിനുങ്ങുകളാണെ’ ന്നു ചൂണ്ടിക്കാണിച്ചപ്പോൾ തുള്ളിച്ചാടിയ കുട്ടിയോടു്, ‘അയ്യേ പറ്റിപ്പോയേ, അതു മീൻവള്ളങ്ങളിലെ വിളക്കാ’ എന്നുപറഞ്ഞു് പൊട്ടിച്ചിരിക്കുന്ന അപ്പച്ചിയമ്മൂമ്മ. അതുകേട്ടു് പിണങ്ങി അടിപിടികൂടുന്ന കുസൃതിക്കുട്ടി. സാവിത്രിക്കുട്ടിയമ്മൂമ്മ ഇടയ്ക്കൊക്കെ വരും; അപ്പോഴായിരുന്നു കൂടുതൽ രസം. കഥ പറയാനും കുസൃതി പറയാനും രണ്ടുപേരും തമ്മിൽ മത്സരിക്കും… ആഫീസുകാര്യത്തിനു വന്നതാണു് എന്നും പറഞ്ഞു് സാവിത്രിക്കുട്ടിയമ്മൂമ്മ വേഗം പോകും.
അമ്മ കോളേജ് ലക്ചററാണു്, എപ്പോഴും ജോലിത്തിരക്കു്. ‘കോളേജ്, യൂണിയൻ, സാഹിത്യം അങ്ങനെ… അപ്പച്ചിയമ്മൂമ്മ പറയും: ‘നിന്റെ അമ്മ മിടുക്കിക്കുട്ടിയാ… എല്ലാത്തിലും അവളുണ്ടു്. എന്റെ കുഞ്ഞിമോള് വലുതാവുമ്പം അമ്മേപ്പോലെ മിടുക്കിയാകണം’ എന്നു്… അമ്മുവിനു് അമ്മയുടെ അസ്സാന്നിധ്യം പ്രശ്നമായിരുന്നില്ല; എന്തിനും ഏതിനും അപ്പച്ചിയമ്മൂമ്മ കൂട്ടുണ്ടു്, പിന്നെ തന്റെ അമ്മ പുതയ്ക്കുന്ന പുതപ്പിന്റെ മണവും.
…അമ്മുവിന്റെ അമ്മയ്ക്കു കോഴിക്കോട്ടേക്കു സ്ഥലം മാറ്റമായി; ആകെ പ്രശ്നം… കുഞ്ഞിനെ കൂടെ കൊണ്ടുപോയാലെന്തു ചെയ്യാനാ, ജോലിക്കാരെ വച്ചു നോക്കാനോ… അതുവേണ്ടാ. വീട്ടിൽ എല്ലാവരുമുണ്ടല്ലോ, അവളിവിടെ നിന്നോളും… അമ്മുവിന്റെ അമ്മ പക്ഷേ അമ്മുവിനെ പിരിഞ്ഞിരിക്കുന്ന പ്രശ്നമില്ല; ജോലിക്കാരെ വയ്ക്കാം…
ആ വിവരമറിഞ്ഞതും അപ്പച്ചിയമ്മൂമ്മ വിളിച്ചുപറഞ്ഞത്രെ: ‘എന്റെ ചേട്ടന്റെ കുഞ്ഞുമോളേ നോക്കാൻ വേലക്കാരോ. അതുവേണ്ടാ. നെന്നേം കൊച്ചിനേം നോക്കാനൊള്ള ആരോഗ്യോക്കെ ഇപ്പ എനിക്കൊണ്ടു്… ചേട്ടനു് വയ്യാത്തകൊണ്ടല്ലേ ചേട്ടത്തിക്കു നിന്റെ കൂടെ വരാൻ പറ്റാത്തെ. എന്നിട്ടു് എന്നോടാലോചിക്കാൻ തോന്നീല്ലല്ലോ. ഞാനാരുമല്ലേ നിങ്ങൾക്കു്?’ അപ്പച്ചിയമ്മൂമ്മ ദേഷ്യപ്പെട്ടു.
അപ്പച്ചിയമ്മൂമ്മ റിട്ടയർ ചെയ്തിട്ടു് ആറേഴു വർഷമായിരുന്നു. അതിനുമുൻപേ അപ്പച്ചിയപ്പൂപ്പൻ മരിച്ചുപോയി. അന്നൊക്കെ പേരക്കുട്ടികൾ കൂടെയുണ്ടായിരുന്നു. അവരെ വളർത്തിവിട്ടുകഴിഞ്ഞപ്പോൾ പിന്നെ വീടും പൂന്തോട്ടവുമൊക്കെയായി ലോകം. അന്നും ഇടയ്ക്കൊക്കെ സാവിത്രിക്കുട്ടിയമ്മൂമ്മ ജോലി പ്രമാണിച്ചും, സാംസ്കാരിക പരിപാടികളുമൊക്കെയായി വരുമ്പോൾ അപ്പച്ചിയമ്മൂമ്മയ്ക്കൊപ്പം നാലഞ്ചുദിവസം നിൽക്കുമായിരുന്നത്രെ… അവർ പിരിയാത്ത കൂട്ടുകാരായിരുന്നു; ഇന്നും അങ്ങനെയാണത്രെ. സാവിത്രിക്കുട്ടിയമ്മൂമ്മയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരി!
…കടൽത്തീരത്തു് നനഞ്ഞമണ്ണിൽ അമ്മുവും അപ്പച്ചിയമ്മൂമ്മയുമൊത്തു തീർക്കുന്ന മണൽഗോപുരങ്ങളും അണക്കെട്ടുകളും ഓർക്കാപ്പുറത്തെത്തുന്ന വമ്പൻ തിരമാലയിൽ തകർന്നൊഴുകുമ്പോൾ തനിക്കൊപ്പം കൈകൊട്ടിയാർക്കുന്ന അപ്പച്ചിയമ്മൂമ്മ… അപ്പോളൊക്കെ തങ്ങൾ സമപ്രായക്കാരായിരുന്നു…
‘പക്ഷേ ഇപ്പോ… പാവം ഒറ്റയ്ക്കു്… വലപ്പോഴും സാവിത്രിക്കുട്ടിയപ്പച്ചി ചെല്ലുമ്പഴാ ഒരുണർച്ച.’ കഴിഞ്ഞതവണ അമ്മു അവധിക്കു വന്നപ്പോൾ ലേഖ പറഞ്ഞിരുന്നു. അന്നു പക്ഷേ ഓർമ്മച്ചെപ്പു തുറന്നു പഴയകാലത്തെ പൊടിതട്ടിനോക്കാനുള്ള ഗൃഹാതുരത്വമൊന്നും അമ്മുവിനു തോന്നിയില്ല.
“റിട്ടയർമെന്റു് ജീവിതം മടുത്തു തൊടങ്ങീട്ടൊന്നുമായിരുന്നില്ല അന്നു നിന്നെ നോക്കാൻ വന്നതു്. നമ്മൾക്കൊപ്പം താമസിക്കുമ്പോളുള്ള സന്തോഷത്തിനാ… എല്ലാം ഇന്നലെക്കഴിഞ്ഞ പോലെ ഓർമ്മയൊണ്ടെനിക്കു്”, ലേഖ പറഞ്ഞു.
താനന്നു കൊച്ചായിരുന്നു, അമ്മു ഓർമ്മിച്ചു. മൂന്നോ നാലോ വയസ്സു്… പക്ഷെ ചുറ്റുപാടുകളെ ഉൾക്കൊള്ളാനും മനസ്സിൽ സൂക്ഷിക്കാനുമുള്ള കഴിവു് കുറച്ചൊക്കെ ഉണ്ടായിക്കഴിഞ്ഞ പ്രായം; കിട്ടിയ അനുഭവങ്ങൾ ഓർമ്മകളായി മനസ്സിന്റെ അടിത്തട്ടിലെവിടെയോ അടിഞ്ഞുകിടന്നു…
പുതിയ കാലത്തിലെ അതിശയകരമായ അറിവുകളുടെ മഹാമേരുവിനു മുൻപിൽ തപസ്സായിരുന്നു. പടവുകൾ തപ്പിപ്പിടിച്ചു കേറുവാനുള്ള യത്നത്തിലായിരുന്നു… കാലത്തിനു മുൻപേ നടക്കാനുള്ള ആവേശത്തിലായിരുന്നു. വിവരസാങ്കേതികവിദ്യയെന്ന മഹാത്ഭുതം മുൻപിലെത്തിച്ചുതരുന്നതു് കുറേ വിവരങ്ങൾ മാത്രമല്ലല്ലോ; വിനോദങ്ങളുടേയും അറിവുകളുടേയും ഒരു മായാപ്രപഞ്ചം തന്നെയല്ലേ!
പക്ഷേ അമ്മയുടെ ഇത്തവണത്തെ ഫോൺകാൾ… ‘ഓ എന്തുപറയാനാ, കഥകളുടെ രാജകുമാരിമാർ മൗനത്തിലാ. കഥയുടെ സാമ്രാജ്യം മറവിയുടെ കടലിൽ മുങ്ങിപ്പോയിക്കാണും; കഷ്ടമായിപ്പോയി, അല്ലേ മോളേ! രണ്ടുപേരും ഏതാണ്ടൊരു പോലാ, സമയത്തിനു മുൻപേ കുതിക്കുന്ന മനസ്സായിരുന്നു അവരുടെ. കാണുന്നതും കേൾക്കുന്നതുമെല്ലാം നിരീക്ഷിച്ചു് ഇഴകീറി… കിട്ടുന്ന പൊട്ടും പൊടിയുമെല്ലാം മനസ്സിന്റെ പൊക്കണത്തിൽ കുത്തിനിറച്ചു്… ഇപ്പോ ദാ, സമയം അവരെ കെട്ടിവലിച്ചു കൊണ്ടുപോകുകാ… നിന്നെ ഒന്നു കാണണമെന്നു വല്യേ മോഹമാ രണ്ടുപേർക്കും നീയാര്ന്നല്ലോ അവരുടെ മെയിൻ ശ്രോതാവു്…’
പതിവില്ലാതെ അമ്മ ഉപയോഗിച്ച ആലങ്കാരിക ഭാഷ പക്ഷേ അമ്മുവിന്റെ ഉള്ളിൽ തറച്ചു. അമ്മു ചോദിച്ചു:
‘കഥകളുടെ സാമ്രാജ്യമെന്നു് പറഞ്ഞാൽ? കുട്ടിക്കഥകളോ?’
“അല്ലല്ലോ കുട്ടിക്കഥകൾ മാത്രമല്ലല്ലോ… നിങ്ങൾക്കു് രാമനേം, കൃഷ്ണനേം, ഭീമനേം, രാവണനേമൊക്കെ പരിചയപ്പെടുത്തിത്തന്നതാരാ; അതും കൊച്ചുകൊച്ചു തമാശക്കഥകളിലൂടെ. നീയതൊക്കെ മറന്നു… അവരു വായിച്ചിട്ടുള്ളത്രയും പുസ്തകങ്ങൾ! വെറും കഥകളൊന്നുമല്ല… അതിനൊപ്പം വിപ്ലവചരിത്രങ്ങളും സ്വാതന്ത്ര്യസമരകഥകളും… എന്നുവേണ്ടാ, സാവിത്രിക്കുട്ടിയമ്മൂമ്മ പ്രധാനപ്പെട്ടതെന്നോ, പ്രത്യേകതയുള്ളതെന്നോ തോന്നിയ പേപ്പർ കട്ടിംഗുകളൊക്കെ സൂക്ഷിച്ചുവച്ചിട്ടൊണ്ടു്. ഒരു പത്തുമുപ്പതുകൊല്ലം മുമ്പുള്ളതൊക്കെയൊണ്ടെന്നു തോന്നുന്നു… ‘വിവിധ കാലഘട്ടങ്ങളിലെ സാമൂഹ്യസംഭവങ്ങളേയും മനുഷ്യരുടെ മാനസികനിലകളേയും വിശകലനം ചെയ്യാനാണെന്നു്…’ ഞങ്ങൾ കളിയാക്കി. വട്ടാണെന്നു്… ഇപ്പോഴുള്ളവർക്ക് അതൊക്കെ നോക്കിനടക്കാനെവടാ സമയം? അത്യാവശ്യകാര്യങ്ങൾക്കു പോലും സമയം തികയുന്നില്ല.”
ഫോണിൽ അമ്മയുടെ ദീർഘസംഭാഷണം ശ്രദ്ധിച്ചുകേട്ടുനിന്നു അമ്മു, സാധാരണഗതിയിൽ ‘ബോറടിക്കുന്നൂ അമ്മേ’ എന്നുപറഞ്ഞു തള്ളേണ്ടതാണു്… ലേഖയും അമ്മുവും പരസ്പരം താന്താങ്ങളുടെ വിശേഷങ്ങളും അമ്മുവിന്റെ കോളേജ് ജീവിതവും തമാശകളുമല്ലാതെ കുടുംബവിശേഷങ്ങളിലേക്കു് കടക്കാറേയില്ല… പക്ഷേ അമ്മയുടെ അന്നത്തെ വാക്കുകൾ മനസ്സിൽ ഓർമ്മകളുടെ ഓളങ്ങളുണർത്തി…
അന്നു് ലാബിൽ നിന്നു് ആദിക്കൊപ്പം ഇറങ്ങിയപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട കഥ, ഉറങ്ങാൻ കൂട്ടാക്കാതെ ‘ഇനീം പറ, ഇനീം പറ’ എന്നുവാശിപിടിച്ചു് അപ്പച്ചിയമ്മൂമ്മയെക്കൊണ്ടു് ഒരുനൂറുതവണയെങ്കിലും പറയിപ്പിച്ച കഥ മനസ്സിൽ ഓടിയെത്തി. ആ ആഹ്ലാദത്തിലാണു് ആദിയോടു് ആ കഥ പറഞ്ഞതു്; അതോടെ സ്നേഹാർദ്രമായ ഓർമ്മകളുടെ വേലിയേറ്റം…