ഒരാഴ്ച കഴിഞ്ഞുപോയതു് അറിഞ്ഞില്ല. ആരെയൊക്കെയോ കണ്ടു; ഒരുപാടു കഥകൾ കേട്ടു… നാടിന്റെ ചരിത്രം, നവോത്ഥാനത്തിന്റെ ചരിത്രം… വേറേതോ ലോകങ്ങളിലെത്തിപ്പെട്ട പ്രതീതിയായിരുന്നു അമ്മുവിനും ആദിക്കും. അതിവിശാലമായ ഐ. ഐ. റ്റി. ക്യാമ്പസിലെ ലാബിലെ ശ്വാസം വിടാനിടകിട്ടാത്ത, മണിക്കൂറുകൾ നീണ്ട പരീക്ഷണങ്ങളും സെമിനാറും ചർച്ചകളും അവധി ദിവസങ്ങളിലെ പുറം ലോകക്കാഴ്ചകളും വൈകുന്നേര തമാശകളും… ഒന്നുമൊന്നും ഓർമ്മയിൽപോലും എത്തി നോക്കാത്ത ഏഴുദിവസങ്ങൾ. രണ്ടുദിവസത്തേക്കെന്നു പറഞ്ഞു തുടങ്ങിയ യാത്ര ഏഴുദിവസമായി വളർന്നതു് അറിഞ്ഞതേയില്ല; മടുപ്പുതോന്നിയില്ല.
വമ്പൻ സിറ്റികളിലെ ആർഭാടങ്ങൾക്കും ബഹളങ്ങൾക്കുമിടയ്ക്കു ജീവിച്ച അമ്മുവിനും ആദിക്കും സങ്കല്പിക്കാൻപോലും പറ്റാത്തത്ര പഴമയെ വാരിച്ചുറ്റി നിൽക്കുന്ന ഒരു പാവം ഗ്രാമം… ഒന്നല്ല, കരപ്പുറത്തെ പല ഗ്രാമങ്ങളും അങ്ങനെതന്നെ. പക്ഷേ വായിച്ചും കേട്ടും അറിഞ്ഞിട്ടുള്ള നാട്ടിൻപുറത്തിന്റെ ശാലീനഭംഗിയോ ഒതുക്കമോ അല്ല അവർക്കു തോന്നിയതു്. എന്തൊക്കെയോ അപാകതകളാണു് ആ ഗ്രാമങ്ങളുടെ മുഖമുദ്ര… പഴമയ്ക്കൊപ്പം അത്യാധുനിക സംവിധാനങ്ങളുമുണ്ടു്; പക്ഷെ തമ്മിൽ ചേരായ്ക. അതെന്താണങ്ങനെയെന്നു് അമ്മുവും ആദിയും തമ്മിൽ സംശയം പങ്കിട്ടതല്ലാതെ ആ നാടിനെ കൂടുതൽ പരിചയമുള്ള അപ്പച്ചിയമ്മൂമ്മയോടു ചോദിച്ചില്ല; വല്ലപ്പോഴും തന്റെ പഴയ നാട്ടിൽ വേദനിപ്പിച്ച നാളുകളിലെ ഓർമ്മ പുതുക്കാനെത്തിയിരുന്ന സാവിത്രിക്കുട്ടിയമ്മൂമ്മയോടു് എന്തായാലും ചോദിച്ചില്ല… അമ്മായിപ്പുല്ലും, കാട്ടുതുമ്പയും, പേരറിയാത്ത ഏതൊക്കെയോ ചന്തവും ചേലുമില്ലാത്ത, ഒടിഞ്ഞു തൂങ്ങിയ പാഴ്ച്ചെടികളും വളർന്നു നില്ക്കുന്ന പുരയിടങ്ങൾ; പോഷകാഹാരക്കുറവുകൊണ്ടു് വളർച്ചമുരടിച്ചു് ശരീരം തേമ്പിപ്പോയ കുഞ്ഞുങ്ങളെപ്പോലെ തളർന്നുമെല്ലിച്ച ആ ചെടികൾക്കിടയിൽ കൂടിയുള്ള ചൊവ്വും ചേലുമില്ലാത്ത മണൽപ്പാത.
ആ വഴികളിൽ ചിലവ ആ നാടിന്റെ പൊതുഛായക്കു ചേരാത്ത വലിയ ആധുനിക രീതിയിലുള്ള വീടുകളിലേയ്ക്കു ചെന്നുചേരുന്നു; മുറ്റത്തു് ആ ചെറിയവഴിയെ തന്നെ എത്തിച്ചേർന്നവയോ എന്നു സംശയിച്ചുപോകുന്ന പുതുപുത്തൻ മോഡൽ കാറുകളും. ആ കെട്ടിടങ്ങളിൽ പലതിനും അതിർത്തി കാക്കാൻ മതിലുകളില്ലെങ്കിലും വലിയ ഗേറ്റുകൾ പ്രൗഢി വിളംബരം ചെയ്യുന്നു. അതേ സമയം ഒരു പുതുകുമ്മായത്തിന്റെ പുറംപൂച്ചുപോലും വരുത്താതെ വർഷങ്ങളുടെ പഴക്കവും ക്ഷീണവും പേറി മുഷിഞ്ഞുനില്ക്കുന്ന പഴയ വലിയ വീടുകളും അവിടവിടെയുണ്ടു്. അവയുടെ മുറ്റത്തുമുണ്ടു് തളർന്നുകിടക്കുന്ന അതേ മണൽപ്പാത വഴി വന്നു കേറി പുതിയ സ്വന്തം മേൽക്കൂരകൾക്കു കീഴിൽ വൈഭവത്തോടെ വിശ്രമിക്കുന്ന കാറുകളും ബൈക്കുകളും… പക്ഷെ വീടുകൾക്കു പലതിനും പണ്ടത്തെ കടലാവണക്കും, മുള്ളുമുരിക്കും, വേലിപ്പരുത്തിയും, പൂവരശും മറ്റും അതിർത്തികാക്കുന്നു. ഓലമടലുകളും എന്തോ മരക്കമ്പുകളും വാരിക്കമ്പുകളാക്കി കെട്ടിവച്ചുണ്ടാക്കിയ വേലികളാണു്. പഴയ കാലത്തെപ്പോലെ മെടഞ്ഞ ഓലയും തുഞ്ചാണിയും മറ്റും വച്ചു് തീർത്തും മറച്ചുകെട്ടുന്ന ഏർപ്പാടൊക്കെ നിർത്തിയിരിക്കുന്നു. അതേസമയം അമ്മുവിനും ആദിക്കും ലേഖയ്ക്കും കൂടുതൽ കൗതുകവും ആശ്ചര്യവും തോന്നിയതു് പല പുരയിടങ്ങളും പ്രത്യേകിച്ചൊരതിർത്തിയും തീർക്കാതെ സ്വരുമയോടെ കിടക്കുന്നുവെന്നതാണു്; ഗ്രാമീണസൗഹൃദങ്ങളുടെ ബാക്കിപത്രം!
“മൊത്തത്തിൽ ഒരു വിരോധാഭാസം പോലെ ഇല്ലേ, അപ്പച്ചീ?” അധികമൊന്നും അഭിപ്രായ പ്രകടനങ്ങൾ നടത്താത്ത ലേഖ അപ്പച്ചിയമ്മൂമ്മയോടു ചോദിച്ചു.
അപ്പച്ചിയമ്മൂമ്മ ഒരു വെറുംചിരി ചിരിച്ചതേയുള്ളൂ, മനസ്സു് ഏതോ പഴയകാലസ്മൃതികളിൽ അലയുകയായിരിക്കണം.
അപ്പച്ചിയമ്മൂമ്മയുടെ ഇന്നോവ വഴിയുടെ ഇരുസൈഡിലും തൂങ്ങിപ്പിടിച്ചു നിൽക്കുന്ന ചെടികളേയും ചിലപ്പോളൊക്കെ വേലിപ്പത്തലുകളേയും തൊട്ടുതലോടിയാണു് യാത്ര. ഡ്രൈവർ സുകുവിന്റെ മിടുക്കുകൊണ്ടാകാം ഇതുവരെ കാറിനു പരിക്കൊന്നും പറ്റിയില്ല. അപ്പോഴുണ്ടു് എതിരെ ഒരു കാറു്; ഒരു കൂട്ടർ വഴിമാറിക്കൊടുത്തേ പറ്റൂ.
“ആ തൊടിയിലേയ്ക്കു കേറ്റിക്കോളൂ സുകൂ” അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
അടുത്തുള്ള പുരയിടത്തിലേയ്ക്കു് കാറു് പതുക്കെ കയറ്റി. എതിരെ വന്ന കാറിലുള്ളവർ ഗ്ലാസു് താഴ്ത്തി സൂക്ഷിച്ചുനോക്കി; പരിചയമില്ലാത്ത ആളുകളെ കണ്ടിട്ടാവും. പുതുതലമുറയാണു്, അവർക്കു പിടികിട്ടിയില്ല. കൂടുതൽ തിരക്കാൻ നിക്കാതെ അപ്പച്ചിയമ്മൂമ്മയുടെ ചിരിക്കു് ഒരു മറുചിരി പാസ്സാക്കി അവർ ഓടിച്ചുപോയി.
“സാവിത്രിക്കുട്ടീ, കാറിവിടെ കിടക്കട്ടെ. എന്തായാലും സൗകര്യായിട്ടു് പാർക്കു ചെയ്തിരിക്കുവല്ലേ. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരമ്പതടി നടന്നാൽ മതീന്നാ തോന്നണേ. ആ വലിയ മാവു് കാണുന്നില്ലേ ദൂരെ, അതിന്റെ അപ്പറം ഇത്തിരി ഉള്ളിലേയ്ക്കു നടക്കണം. കാറൊക്കെ പോകുമാരിക്കും. എത്രയോ പണ്ടേ കാറും വണ്ടീമൊക്കെ ഒണ്ടാരുന്നു അവർക്ക്.” അപ്പച്ചിയമ്മൂമ്മ കാറിൽ നിന്നിറങ്ങി, പുറകേ മറ്റുള്ളവരും.
“ഇവിടൊക്കെ ആകെയൊള്ള മരങ്ങൾ തെങ്ങും മാവും മാത്രമല്ലേ… അയ്യോ അല്ല. ഇതെന്തു മരമാ അപ്പച്ചിയമ്മൂമ്മേ… ദേ കായ.” അമ്മുവും ആദിയും ഉത്സാഹത്തോടെ റോഡിൽ വീണുകിടക്കുന്ന ചെറുപുന്നക്കായകൾ പെറുക്കിയെടുത്തു തുടങ്ങി. പണ്ടു വഴിയാത്രക്കാർക്കു് തണലേകി റോഡിന്റെ രണ്ടുസൈഡിലും നിരയായിനിന്നിരുന്ന ഭംഗിയുള്ള ചെറുപുന്നകളും, വലിയ പുന്നക്കായ മരങ്ങളുമെല്ലാം എങ്ങനെ തീർത്തും അപ്രത്യക്ഷമായിയെന്നു വ്യാകുലപ്പെട്ട അപ്പച്ചിയമ്മൂമ്മയ്ക്കും സാവിത്രിക്കുട്ടിക്കും സന്തോഷമായി.
“അതാണു മോളേ ചെറുപുന്ന. എന്തുമാത്രം മരങ്ങളുണ്ടായിരുന്നെന്നോ, റോഡുനീളേ. ഇപ്പോ ഇവ്ടെ വന്നിട്ടു് ദാ ആദ്യായിട്ടു കാണുകാ. ഈ കായ ആട്ടിയെടുക്കുന്ന എണ്ണ വിളക്കുകത്തിക്കാനുമൊക്കെക്കൊള്ളാം.” “എന്തു വിളക്കു്, ഇതെങ്ങനെയാ കത്തിക്കാ?” അമ്മു ചോദിച്ചു.
“നിലവിളക്കിലൊക്കെ പുന്നയ്ക്കായെണ്ണ ഒഴിച്ചുകത്തിക്കാറുണ്ടെന്നു തോന്നുന്നു. അതിനു് അമ്മൂനെങ്ങനെ നിലവിളക്കു് പരിചയമുണ്ടാകാനാ. അകത്തേ അലമാരീലെങ്ങാണ്ടു് എന്റെ കല്യാണത്തിനു് പ്രസന്റുകിട്ടിയ നെലവിളക്കിരിപ്പൊണ്ടു്. അതുകണ്ടിട്ടൊണ്ടെന്നല്ലാതെ അതുകത്തിക്കണ കണ്ടുകാണില്ലല്ലോ”, ലേഖ പറഞ്ഞു.
“ഒണ്ടൊണ്ടു്. കായംകൊളത്തു് അമ്മൂമ്മേടെ തറവാട്ടീപ്പോയില്ലേ ഒരിക്കൽ. അപ്പോക്കണ്ടു”, അമ്മു പുന്നക്കായ പെറുക്കുന്നതിനിടയിൽ പറഞ്ഞു. രണ്ടുപേരും പെറുക്കിയെടുത്ത പുന്നക്കായ ലേഖയുടെ തോളിലിട്ടിരുന്ന ബാഗിൽ ഇട്ടു് കൈ ലേഖയുടെ സാരിത്തുമ്പിൽ തുടച്ചു് അമ്മു ഉത്സാഹത്തോടെ മുമ്പേ നടന്നു.
“നമ്മളിപ്പേം ഏതുവീട്ടിലേയ്ക്കാ പോണേ?” സാവിത്രിക്കുട്ടി ചോദിച്ചു.
“ങേ… നീയപ്പോ എല്ലാരേം മറന്നോ? ശേഖരപ്പിള്ളയമ്മാവന്റെ മുത്തമകൻ ഒരു രഘുവരൻ ചെട്ടനൊണ്ടാരുന്നില്ലേ, രഘുച്ചേട്ടൻന്നാരുന്നു എല്ലാരും വിളിക്കുന്നേ. അങ്ങോട്ടാ. വീട്ടുപേരൊക്കെ ഞാൻ മറന്നൂ”, അപ്പച്ചിയമ്മൂമ്മ മറുപടി കൊടുത്തു.
“കണ്ണംചാലിൽ പുത്തൻവീടു് അല്ലേ?” സാവിത്രിക്കുട്ടി ചോദിച്ചു.
“അല്ലെടീ; അതു് ശേഖരപിള്ളയമ്മാവൻ വച്ച വീടു്. അതു് ഭാഗം വച്ചപ്പോ രഘുച്ചേട്ടന്റെ പെങ്ങമ്മാരിലാരോ എടുത്തു. അതൊരു വല്യേ വീടാര്ന്നില്ലേ?”
“ഭാഗത്തിൽ രഘുച്ചേട്ടനു പറഞ്ഞതാരുന്നത്രേ ആ വീടു്. അതുപക്ഷെ ശാപം കിട്ടിയ വീടാന്നും പറഞ്ഞു് രഘുച്ചേട്ടൻ എടുത്തില്ലാന്നു്. എന്നിട്ടു് സ്വന്തായിട്ടു് വേറെ വീടുണ്ടാക്ക്വാ ചെയ്തേന്നാ കേട്ടേക്കണേ. ആരോ പറഞ്ഞ കഥകളാ. രഘുച്ചേട്ടൻ ശേഖരപിള്ളയമ്മാവന്റെ മറ്റുമക്കളെപ്പോലൊന്നുമല്ലാരുന്നത്രേ. തറവാടിനു പെണ്ണുങ്ങൾ ബലം പിടിച്ചുകാണും, അതായിരിക്കും.”
“അതൊക്കെ ഞാനും കേട്ടേക്ക്ണു്. അങ്ങേരു് വല്യ ബിസിനസ്സുകാരനാന്നൊക്കെ കേട്ടിരുന്നു അന്നു്. പക്ഷെ കുറച്ചുനാൾ മുമ്പു് രഘുച്ചേട്ടന്റെ ഒന്നുരണ്ടു പുസ്തകം വായിച്ചു… അപ്പോ…” “ഇവിടിപ്പം ആരാ ഒള്ളേ, ആ പറഞ്ഞ ആളൊക്കെ ഒണ്ടോ?” ലേഖ ചോദിച്ചു.
“ഇല്ല, രഘുച്ചേട്ടൻ കഴിഞ്ഞ വർഷം മരിച്ചേ. ദേവകിച്ചേച്ചീം മകൻ രവികുമാറും കുടുംബവുമാ ഇവടെ”, അപ്പച്ചിയമ്മൂമ്മ പറഞ്ഞു. “ഇവിടുന്നെന്താ കിട്ടാനൊള്ളേ?” വർത്തമാനം ശ്രദ്ധിച്ചു നടന്നിരുന്ന അമ്മു തിരിഞ്ഞു നിന്നുചോദിച്ചു.
“അതോ… ഒരു വലിയ ചരിത്രത്തിനു ചില വിശദീകരണങ്ങൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ഐ. എൻ. എ. യും വരെ ചെന്നുമുട്ടുന്ന ചില കഥകളുടെ സത്യാവസ്ഥ… കിട്ടുന്നിടത്തോളം വിവരങ്ങൾ…”
അമ്മുവും ആദിയും പരസ്പരം നോക്കി, അമ്മു ആദിയുടെ കൈപിടിച്ചമർത്തി.