പെട്ടെന്നു് സാവിത്രിക്കുട്ടി പിടിച്ചുകെട്ടിയപോലെ നിന്നു, നോട്ടം സമീപത്തെ വേലിയിലായിരുന്നു. അമ്മുവും ആദിയും ഒപ്പം ചോദിച്ചു:
“എന്തുപറ്റീ, എന്താനോക്കുന്നേ?”
സാവിത്രിക്കുട്ടി ചിരിച്ചുകൊണ്ടു് ഉയരത്തിൽ വളർന്നു് പൂത്തുലഞ്ഞുനിൽക്കുന്ന വേലിപ്പത്തലുകളിലേയ്ക്കു് കൈചൂണ്ടി. വഴിയിൽ കണ്ട പല വേലികളിൽ നിന്നും വ്യത്യസ്തമായിരുന്നു ആ വേലി. വേലിയെന്നു പറയാൻ വേലിപ്പത്തലുകളായി നിൽക്കുന്ന ആ മരങ്ങൾ മാത്രമേയുള്ളൂ. വാരികൾ ഒടിഞ്ഞുതൂങ്ങി പൊളിഞ്ഞു കിടക്കുന്ന വേലി. പക്ഷേ, ആ വേലിപ്പത്തലുകൾ! അതൊരു കാഴ്ചയായിരുന്നു. ആകാശത്തേയ്ക്കു് തലനീട്ടി നില്ക്കുന്ന ഒരുപാടു ശിഖരങ്ങൾ; ഒരൊറ്റ ഇലപോലുമില്ല; എന്നാൽ നിറച്ചും ഇളം വയലറ്റുപൂക്കൾ വാരിച്ചൂടി ഒരുങ്ങിനിൽക്കുന്നു. ഇടയ്ക്കൊക്കെ നിറയെ ഇലച്ചിലും അങ്ങിങ്ങു് നടുവിൽ കടുത്ത തവിട്ടുനിറംതേച്ച വലിയ മഞ്ഞപ്പൂവുകളും ചൂടിയ പൂവരശു് ആ വേലിക്കു് ഒരു സ്റ്റേജ് അലങ്കാരത്തിന്റെ ചന്തം കൊടുക്കുന്നു.
“കൊള്ളാമല്ലോ, നല്ല ഭംഗി. ഇതെന്തു ചെടികളാ സാവിത്രിയമ്മൂമ്മേ?” അമ്മു ചോദിച്ചു.
സാവിത്രിക്കുട്ടി മനസ്സുതുറന്നു ചിരിച്ചു:
“ങാ കണ്ടോ… എന്റെ അമ്മുക്കുട്ടിക്കു് ഇഷ്ടായല്ലേ. അതു് എന്റെ കൂട്ടുകാരാ. ഗ്ലൈറിസീഡിയായും പൂവരശും. വയലറ്റു പൂവുള്ളതു് ഗ്ലൈറിസീഡിയാ. വിദേശത്തെവിടെ നിന്നോ വന്നതാ. അന്നെനിക്കു് എട്ടൊൻപതു വയസ്സുകാണും. അന്നുമുതൽ കടലാവണക്കിനേം വേലിപ്പരുത്തിയേം പിന്നിലാക്കി വന്നതാ. ഇപ്പോൾ പക്ഷേ, കുറവാ.”
“അതെന്താ അങ്ങനെയൊരു പേരു്?” അമ്മു ചോദിച്ചു.
“അല്ല, നമ്മളതിനു വേറെ പേരിട്ടു, ശീമക്കൊന്ന. അക്കേഷ്യേന്നും പറഞ്ഞൊരു ‘വരത്തി’ യില്ലേ. നമ്മടെ ഹൈവേ സൈഡുകളിലും തോട്ടങ്ങളിലുമെല്ലാം നിറച്ചതല്ലേ. അക്കേഷ്യേപ്പോലെ ശീമക്കൊന്ന അധിനിവേശമൊന്നും നടത്തീട്ടില്ല. വേലിപ്പത്തലായിട്ടു മാത്രമല്ല; ആടിനും പശൂനും തീറ്റിയാണു്, പാടത്തും വാഴയ്ക്കും പച്ചക്കറിത്തടത്തിലുമൊക്കെ വളമിടാം. കമ്പു് മുറിച്ചുവച്ചു പുതിയ ചെടിയുണ്ടാക്കാം. ആ നിൽക്കുന്ന സ്ഥലം മതി. അതിക്രമമൊന്നുമില്ല. അക്കേഷ്യ നിൽക്കുന്നതിന്റെ സമീപപ്രദേശത്തെ ജലാംശംപോലും അതു വലിച്ചെടുക്കും. പൂത്താലോ, മനുഷ്യർക്കു് അലർജി, മുട്ടിനുമുട്ടിനു പുതിയതു് കിളിർക്കുകേം ചെയ്യും… ”
സാവിത്രിക്കുട്ടി വാചാലയായി. അപ്പച്ചിയമ്മൂമ്മയ്ക്കും ലേഖയ്ക്കുമൊക്കെ അത്ഭുതമായി; തീരെ ഉഷാറില്ലാതെ നടന്ന ആളാ.
“അപ്പോ, സാവിത്രിയമ്മൂമ്മേടെ കൂട്ടുകാരാന്നു പറഞ്ഞതു നേരാ. അമ്മൂമ്മയ്ക്കു് അവരെ കണ്ടപ്പോ എന്തൊരു സന്തോഷമാ, ” അമ്മു ചിരിച്ചു.
“സാവിത്രിക്കുട്ടി പഴയകാലത്തേയ്ക്കു പോയി ഇല്ലേ?”
അപ്പച്ചിയമ്മൂമമ സാവിത്രിക്കുട്ടിയുടെ മുതുകിൽ സ്നേഹത്തോടെ തട്ടി.
“ഉവ്വു് കൊച്ചേച്ചീ… ഓർക്കുന്നോ, വടക്കേ വേലിക്കലും ഒരപ്പെരേടെ പൊറകിലും മുഴ്‌വൻ ശീമക്കൊന്നയാരുന്നില്ലേ. പൂക്കാൻ വിടാറില്ലാര്ന്നു. കമ്പു് മൊത്തോം വെട്ടി ആ ഇലയെല്ലാം തെങ്ങിനും പാടത്തും നമ്മടെ കാളിപ്പൊലക്കള്ളീമൊക്കെക്കൂടി വാരിവിതറുന്നതൊക്കെ ഞാൻ നോക്കി നിക്കുമാരുന്നു. പാവം കാളിപ്പൊലക്കള്ളി, നല്ല അമ്മയാര്ന്നു അവരു്. എനിക്കു് കൊട്ടങ്ങാ പറിച്ചോണ്ടുവന്നു തരും. ഒളിച്ചാ; വല്ലോരും കണ്ടാൽ! വളരെക്കുറച്ചു നാളല്ലേ ഞങ്ങളവടൊണ്ടാരുന്നൊള്ളൂ. പക്ഷേ, ഗ്ലൈറിസീഡിയാ, ഉഷമലരി, പൂപ്പരുത്തി, നമ്മടെ ബ്രാഞ്ച് അമ്പലവും അമ്പലക്കുളവും, പിന്നെ… പാത്രക്കുളവും അതിനരുകിലെ എരുക്കിൻ ചെടിയും… ” ഒരു ദീർഘനിശ്വാസത്തോടെ സാവിത്രിക്കുട്ടി പെട്ടെന്നു മൗനിയായി…
സാവിത്രിക്കുട്ടി മൗനമായി നടന്നു. ആ മൗനത്തിന്റെ കാരണം ആരും അന്വേഷിച്ചില്ലെങ്കിലും എല്ലാവരിലേയ്ക്കും ആ മൗനം പടർന്നു. “ഇതാണെന്നു തോന്നുന്നു, ” അപ്പച്ചിയമ്മൂമ്മ നിന്നു.
പ്രത്യേകമായി പടിവാതിലോ, വേലിപ്പത്തലുകൾ അവിടവിടെയുള്ളതല്ലാതെ ശരിക്കുള്ള വേലിയോ ഇല്ലാത്ത സാമാന്യം വലിയ ഒരു പുരയിടം. അതിന്റെ ഏതാണ്ടു് നടുക്കു് അത്ര ചന്തമൊന്നുമില്ലാത്ത എന്നാൽ പഴമയുടെ പ്രൗഢിയുള്ള വീടു് തെക്കു ഭാഗത്തായി കുറച്ചുകൂടി പുതുമ തോന്നിക്കുന്ന ഒരു ഔട്ട്ഹൗസും. പറമ്പിലങ്ങിങ്ങായി ചില വലിയ മരങ്ങളും തെങ്ങുകളും; ഒരു ഉഷാറില്ലാത്ത തെങ്ങുകൾ. അവിടവിടെയായി കുറേ വാഴകൾ, ഒരടുക്കും ചിട്ടയുമില്ലാതെ താനേ കിളിർത്തു വന്ന മട്ടിൽ; ആഹാരം കിട്ടാത്ത കുട്ടികളെപ്പോലെ മെലിഞ്ഞുതളർന്നു്… വഴിയിൽ കണ്ട പുരയിടങ്ങളിൽ നിന്നു് വലിയ വ്യത്യാസമില്ലാതെ. “സാവിത്രിക്കുട്ടി തുടങ്ങി സൂക്ഷ്മനിരീക്ഷണം… പിന്നെക്കേൾക്കാം കമന്റ്… ” അപ്പച്ചിയമ്മൂമ്മ ചിരിച്ചു.
ശബ്ദം കേട്ടു് ഒരു പെൺകുട്ടി അകത്തുനിന്നും എത്തിനോക്കി. അപരിചിതരെ കണ്ടതും അകത്തേയ്ക്കു വലിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ ഇറങ്ങിവന്നു. അവർ സംശയത്തോടെ ആഗതരെ നോക്കി, ആരേയും മനസ്സിലാകാത്തതിന്റെ പകപ്പു് അവരുടെ മുഖത്തു കാണാമായിരുന്നു. അപ്പച്ചിയമ്മൂമ്മയും ഒന്നു സംശയിച്ചു; പണ്ടെന്നോ ഒരിക്കൽ മാത്രം കണ്ടിട്ടുള്ളതാണു്. പിന്നെ ചോദിച്ചു:
“ദേവകിച്ചേച്ചിയല്ലേ?”
അവർ തലകുലുക്കി; എന്നിട്ടും സംശയത്തോടെ എല്ലാവരേയും മാറിമാറി നോക്കി.
“ദേവകിച്ചേച്ചീ, ഇതു ഞാനാ, ഭാനുമതി… മണീന്നു പറഞ്ഞാലെ ഓർക്കുവൊള്ളാരിക്കും. മൂത്തേടത്തെ ദാക്ഷായണിയമ്മൂമ്മേടെ മൂത്തമകൾ ഭാരതിയെ ഓർക്കുന്നോ, ഡൽഹീലാരുന്ന… ആ ഭാരതീടെ മോളാ ഞാൻ… നമ്മൾ തമ്മിൽ ഒന്നുരണ്ടു തവണയെ കണ്ടിട്ടുള്ളൂ… ഓർമ്മ തോന്നുന്നോ?” അപ്പച്ചിയമ്മൂമ്മ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു ചോദിച്ചു.
ദേവകിയമ്മ പെട്ടെന്നു് സന്തോഷത്തോടെ മുറ്റത്തേക്കു് ഇറങ്ങി വന്നു് അപ്പച്ചിയമ്മൂമ്മേടെ കൈകൂട്ടിപ്പിടിച്ചു:
“എങ്ങനെ മനസ്സിലാകാനാ, എത്രകൊല്ലമായി കണ്ടിട്ടു്! മണീടെ പഠിപ്പു് കഴിഞ്ഞയൊടനെ കല്യാണം കഴിഞ്ഞു. പിന്നെ വലപ്പോളുമല്ലേ വരാറൊള്ളാര്ന്നു. കല്യാണങ്ങൾക്കു് വന്നപ്പം കണ്ടിട്ടൊള്ളതാ. പറഞ്ഞില്ലല്ലോ നാത്തൂനേ, ഇതൊക്കെയാരാന്നു്… ഓ, ഇതു് സാവിത്രിക്കുട്ടിയല്ലേ, മീനാക്ഷിയപ്പച്ചീടെ മോളു്. വല്യേ പടിപ്പുകാരി! രവി പടം കാണിച്ചു തന്നാരുന്നു പത്രത്തിലു്. ഇതൊക്കെയാരാ; അകത്തേക്കു കേറു്. ഇരുന്നിട്ടു് പരിചയപ്പെടാം.”
എല്ലാവരും വരാന്തയിലിട്ട കസേരകളിലും അരമതിലിലുമായി ഇരിപ്പുറപ്പിച്ചു. അപ്പച്ചിയമ്മൂമ്മ എല്ലാവരേയും പരിചയപ്പെടുത്തി.
“മോനിന്നലെപ്പറഞ്ഞാര്ന്നു മൂന്നാലുപേരു വരുംന്നു്. ആരാന്നിപ്പം പറയുന്നില്ല. അമ്മയ്ക്കൊരു സർപ്രൈസാകട്ടേന്നു്. ഞാൻ വിചാരിച്ചു ഗോപീടെ, രവീടെ അനിയനേ, കല്യാണാലോചനക്കാരാകുംന്നു്. അഹങ്കാരി; അവനെന്നോടു പറഞ്ഞില്ല, അച്ഛന്റെ പെങ്ങമ്മാരും പിള്ളേരുമൊക്കെയാ വരുന്നേന്നു്.”
വിശേഷങ്ങൾ പറയുന്നതിനിടയ്ക്കു രവിയെത്തി… രവി, രഘുച്ചേട്ടന്റേയും ദേവകിച്ചേച്ചീടേം മൂത്തമകൻ. കൂടെ വന്ന രണ്ടുപേർ മുറ്റത്തുതന്നെ നിന്നപ്പോൾ രവി വിളിച്ചു:
“ഇങ്ങോട്ടു കയറിപ്പോരു… ഉള്ളടത്തൊക്കെ ഇരിക്കാം. ഇതൊക്കെ അച്ഛന്റെ കസിൻസാ. സാവിത്രിച്ചിറ്റയുടെ മകളുടെ കവിതകൾക്കു് അവാർഡു കൊടുക്കുന്ന പടം ഞാൻ കാണിച്ചുതന്നില്ലേ… പേരു് നന്ദിത. സാവിത്രിച്ചിറ്റേടെ പേരും തറവാടിന്റെ പേരും ഒണ്ടാരുന്നു; അങ്ങനെയല്ലേ മനസ്സിലായേ. അങ്ങനെ നമ്മടെ കുടുംബത്തീന്നൊരാളു് അവാർഡു വാങ്ങിച്ചു. ങാ, പറഞ്ഞുവന്നാ നമ്മളെല്ലാം ബന്ധുക്കളാ. നമ്മുടെയൊക്കെ ഒറിജിൻ ഒരിടത്തൂന്നു തന്നാ. പക്ഷേ, ഞങ്ങൾ തന്നെ പരിചയപ്പെടുന്നതു് ഈ അടുത്തകാലത്താ. അതും ഈ ഭാനുമതിച്ചേച്ചി എവിടെന്നോ നംബർ സംഘടിപ്പിച്ചു വിളിച്ചു പരിചയപ്പെടുത്തീതാ. അച്ഛനുമായിട്ടുപോലും ചെമ്പകശ്ശേരീലും, മൂത്തേടത്തുമുള്ള ആരുമായും അത്രബന്ധമൊന്നുമില്ലാരുന്നല്ലോ; അച്ഛന്റെ അമ്മൂമ്മേടെ കാലത്തുതന്നെ വല്യേഅടുപ്പൊന്നും ഇല്ലാരുന്നെന്നാ കേട്ടേക്കുന്നേ.”
പിന്നെ കുറേ സമയം എല്ലാവരും തമ്മിൽ പരിചയപ്പെടുന്ന തിരക്കിലായിരുന്നു. അപ്പോഴേയ്ക്കും ദേവകിയമ്മയും രവികുമാറിന്റെ ഭാര്യയും കൂടി കാപ്പിയും ഒരു പ്ലേറ്റിൽ എന്തോ വറുത്ത പലഹാരവും കൊണ്ടുവന്നു വച്ചു.
“കാപ്പികുടിക്കൂ. എന്നിട്ടു് നമുക്കു് അടുത്തൊരിടം വരെ പോകണം… അമ്പുവപ്പൂപ്പനു് വയസ്സു് തൊണ്ണൂറ്റാറായി. ഓർമ്മയ്ക്കും കേൾവിക്കും കാഴ്ചയ്ക്കുമൊന്നും ഒരു കോട്ടവുമില്ല. പക്ഷേ, കാലിനൊരു ചെറിയ തകരാറുപറ്റി. ഇത്രദൂരം നടക്കാൻ പറ്റില്ല. അല്ലെങ്കിലിപ്പോത്തന്നെ ഇവടെത്തിയേനേ, നിങ്ങളു വരുന്നൂന്നു കേട്ടു് വല്യേ സന്തോഷത്തിലിരിക്കുകാ, ” രവി പറഞ്ഞു.
“ആരാ അതു്?” അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
“അമ്പാടീന്നാരുന്നു പേരു്, അമ്പൂന്നാ വിളിച്ചിരുന്നേ. കൊച്ചുപയ്യനാരുന്നപ്പോ ശേഖരനപ്പൂപ്പനൊപ്പം കൂടീതാത്രെ. നിങ്ങക്കൊന്നും ഓർമ്മ കാണില്ല. പക്ഷേ, അമ്പുവപ്പൂപ്പനു്, ചാത്തോത്തേം മേലാംകോട്ടേം പുന്നശ്ശേരീലേം മൂത്തേടത്തേം ഒക്കെ പഴേ തലമുറേലെ എല്ലാരേമറിയാം, എല്ലാ ചരിത്രോമറിയാം. നിങ്ങളൊക്കെ കൊച്ചിലെ ഇത്തിരി നാളെങ്ങാണ്ടല്ലേ ഇവടെ ഒണ്ടാരുന്നൊള്ളൂ. ഇവടെങ്ങാണ്ടുതന്നെയൊള്ള ഒരു നായരുവീട്ടിലെ ആരുന്നു അമ്പുവപ്പൂപ്പൻ. എല്ലാം ക്ഷയിച്ചുകെട്ടു പോയതാത്രെ. ഇപ്പ താമസിക്കുന്ന സ്ഥലം ശേഖരനപ്പൂപ്പൻ കൊടുത്തതാ. മക്കളൊക്കെ നല്ല നെലേലായി. ദൂരെയെങ്ങാണ്ടൊക്കെയാ. അപ്പൂപ്പൻ പക്ഷേ, ഈ നാടുവിട്ടുപോകുന്ന പ്രശ്നമേയില്ല. പഴേ വീരകഥകളും നാട്ടുകാരുടെ മുഴ്‌വോൻ ചരിത്രങ്ങളും അങ്ങനെ കയ്യിൽ കിട്ടുന്നവരെയൊക്കെ പറഞ്ഞു കേൾപ്പിക്കലാ ഹോബി. ഭാര്യ മരിച്ചുപോയി. ബന്ധത്തിലുള്ള ഒരു സ്ത്രീയുണ്ടു്. അവരാണു് സഹായത്തിനു്. നമുക്കു അങ്ങോട്ടുപോകാം, നേരേ കാണാലോ.”