“വീരകഥകളെന്നു വച്ചാൽ?” അമ്പാടിനായരെന്ന അമ്പുവപ്പൂപ്പന്റെ വീട്ടിലേയ്ക്കുള്ള നടത്തത്തിനിടയിൽ സാവിത്രിക്കുട്ടി ചോദിച്ചു:
“ഓ. സാവിത്രിച്ചിറ്റ അതുതന്നെ ആലോചിക്കുകാരുന്നു അല്ലേ? സാവിത്രിച്ചിറ്റയ്ക്കു് നമ്മുടെ കുടുംബചരിത്രമറിയാൻ താല്പര്യമാണെന്നു് ഭാനുമതിച്ചിറ്റ വിളിച്ചപ്പോൾ പറഞ്ഞതോർക്കുന്നു, ‘സാവിത്രിക്കുട്ടി പഴയകാലത്തിലൂടെയാ ഇപ്പോ സഞ്ചാരം. നിങ്ങളെയൊക്കെ അന്വേഷിച്ചു പിടിക്കണംന്നു് എന്നെ ഏല്പിച്ചേക്കുന്നു’ എന്നു്. നല്ലകാര്യം, നമ്മുടെ പൂർവ്വികരുടെ ചരിത്രമൊക്കെ തേടിപ്പിടിച്ചു് രേഖയാക്കണം; പുതിയ തലമുറയ്ക്കറിയണ്ടേ. അച്ഛനു് ആത്മകഥയെഴുതാനും പരിപാടിയൊണ്ടാരുന്നൂന്നു തോന്നുന്നു, ഒന്നും നടന്നില്ല.”
“ങാ, ചിറ്റ ചോദിച്ചതു്… അതേ നിങ്ങളാരും ഈ നാട്ടിലല്ലാരുന്നല്ലോ. അല്ലെങ്കിലും അക്കാലത്തു് നമ്മുടെ വീടുകൾ തമ്മിൽ അത്ര അടുപ്പമൊന്നുമില്ലാരുന്നു. അടുത്ത ബന്ധുക്കളാ, വെറും ബന്ധുക്കളുമല്ല സഹോദരങ്ങളാ. എന്നിട്ടും പലരും തമ്മിൽ അറിയുകപോലുമില്ലാരുന്നു. ശരിക്കു പറഞ്ഞാൽ അപ്പൂപ്പന്റെ സഹോദരങ്ങളും കുടുംബങ്ങളുമായിട്ടുപോലും ബന്ധമോ പോക്കുവരവോ ഒന്നുമില്ലായിരുന്നു… ”
“എന്തൊക്കെയോ കഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു്, ഞങ്ങടപ്പൂപ്പന്റെ വീരകൃത്യങ്ങളെപ്പറ്റി. നിങ്ങടെ ശേഖരനമ്മാവൻ കൊലകൊമ്പനാരുന്നെന്നും പറഞ്ഞുകേട്ടിട്ടൊണ്ടു്. പക്ഷേ, ഇവിടത്തെ ശേഖരനപ്പൂപ്പന്റെ മുൻപിൽ ചെമ്പകശ്ശേരി മൂപ്പരു് ഒന്നുമല്ലെന്നാ അമ്പുവപ്പൂപ്പൻ പറയുന്നെ. അത്ര ജഗജില്ലിയായിരുന്നത്രേ ഞങ്ങടെ അപ്പൂപ്പൻ.” രവി നിറുത്തി.
“ദാമോദരൻ എന്നു പേരുള്ള ഒരാളില്ലായിരുന്നോ ശേഖരമ്മാവന്റെ ഇളയതായി?” അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
“ഒണ്ടു്. കൊച്ചിലേ നാടുവിട്ടുപോയതാ. അപ്പൂപ്പന്റെ എളേതു് കാർത്ത്യായനിയമ്മൂമ്മ. അതിനെളേതു് ദാമോദരൻ കൊച്ചച്ഛൻ. കൽക്കട്ടേലാരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പേരാ. പക്ഷേ, നമ്മടെ കുടുംബത്തിൽപോലും അധികമാർക്കും ഇങ്ങനൊരു മനുഷ്യനൊണ്ടാരുന്നൂന്നു് അറിയാൻ വയ്യ. താല്പര്യവുമില്ലാരുന്നൂന്നു വച്ചോ. അമ്മേം അമ്പുവപ്പൂപ്പനുമൊക്കെ എപ്പോളോ എന്തൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ടു്.” രവി കുറ്റബോധത്തോടെ പറഞ്ഞു.
“ദേവകിച്ചേച്ചിക്കറിയാമായിരിക്കുമല്ലോ ദാമോദരനമ്മാവന്റെ കഥകൾ; രഘുച്ചേട്ടൻ പറഞ്ഞുകൊടുത്തിട്ടുണ്ടാവുമല്ലോ, ” അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
“കൊള്ളാം എന്റച്ഛനോ, കഥ പറയുകേ… അതും അമ്മയോടു് അച്ഛൻ അമ്മയോടോ ഞങ്ങളോടോ കുടുംബത്തെക്കുറിച്ചുള്ള ഒരു ചരിത്രോം കഥേം ഒന്നും പറഞ്ഞിട്ടില്ല. അപ്പൂപ്പന്റെ തറവാടിന്റെ കാര്യം കേൾക്കുന്നതും പറയുന്നതും ഇഷ്ടമല്ലാരുന്നു. വീട്ടാവശ്യങ്ങളോ, ഞങ്ങൾ കുട്ടികളുടെ പഠിത്തത്തിനുള്ള ആവശ്യങ്ങളോ മാത്രം അമ്മ പറയും; ഞങ്ങൾ അമ്മയോടായിരുന്നു ആവശ്യങ്ങളുന്നയിക്കുക. ബാങ്കിലല്ലേ ജോലി, പലപ്പോളും ഇൻസ്പെക്ഷൻ ടൂറുണ്ടാകും… വീട്ടിലെത്തിയാൽ വായന, ആലോചന, എഴുത്തു്… ”
“എഴുതുമായിരുന്നോ രഘുച്ചേട്ടൻ, എനിക്കറിയില്ലായിരുന്നു. പുസ്തകമാക്കീട്ടൊണ്ടോ?” അപ്പച്ചിയമ്മൂമ്മ ആകംക്ഷയോടെ ചോദിച്ചു.
“കൊള്ളാം, അതിനല്ലേ ആ ഔട്ട്ഹൗസു് ഉണ്ടാക്കിയതു തന്നെ. വായനയും എഴുത്തും ആലോചനയുമെല്ലാം അതിനുള്ളിൽത്തന്നെ. ആഹാരമൊക്കെ മിക്കവാറും അവിടെ കൊണ്ടെക്കൊടുക്കും അമ്മ. മൂന്നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അച്ഛൻ മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും ജർമ്മൻഭാഷയിലും എഴുതുമായിരുന്നു. ഫോറിൻ ജേർണലുകളിൽ ചില ലേഖനങ്ങളൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പക്ഷേ, അച്ഛനു് അർഹിക്കുന്ന പ്രോത്സാഹനമൊന്നും കിട്ടിയിട്ടില്ല. അച്ഛൻ പ്രധാനമായും എഴുതിയതൊക്കെ ചരിത്രമാണു്. കേരളത്തിന്റെ, പ്രത്യേകിച്ചു് കരപ്പുറത്തിന്റെ സാംസ്ക്കാരിക ചരിത്രം, കേരളത്തിന്റെ തനതു കലാപാരമ്പര്യം, സിനിമയുടെയും നാടകത്തിന്റേയും ഉത്ഭവവും വളർച്ചയും… അടുത്തിടെയാണു് ഞാനിതെല്ലാം കണ്ടെടുത്തതു്. അച്ഛൻ മരിക്കുന്നതുവരെ അച്ഛന്റെ എഴുത്തുമുറിയിലേയ്ക്കു് ആർക്കും പ്രവേശനമില്ലായിരുന്നു… ” രവി നെടുവീർപ്പിട്ടു.
ഇത്തിരി നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം തുടർന്നു:
അച്ഛൻ നിരാശനായിരുന്നു… അച്ഛനും സഹോദരങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയതു് അച്ഛന്റെ നിർബ്ബന്ധം ഒന്നു കൊണ്ടുമാത്രമാണു്. സമ്പത്തുണ്ടായിരുന്നെങ്കിലും കോളേജ് വിദ്യാഭ്യാസത്തോടു്, അതും പെൺകുട്ടികളെ ദൂരെയയച്ചു് പഠിപ്പിക്കുന്നതിൽ അപ്പൂപ്പനത്ര താല്പര്യമല്ലായിരുന്നു. പോരാത്തേനു് അവരൊക്കെ കോളേജിലെത്തിയപ്പോളേയ്ക്കും അപ്പൂപ്പൻ തീർത്തും കെടപ്പായി. പിന്നെ ചേച്ചിമാർക്കും അനിയത്തിമാർക്കും അനിയന്മാർക്കും രക്ഷകർത്താവു് അച്ഛനായിരുന്നില്ലേ. കല്യാണം കഴിക്കുന്നതു് മുപ്പത്തെട്ടാം വയസ്സിലാ, ഉത്തരവാദിത്വങ്ങൾ തീരണ്ടേ… ‘എന്റെ നല്ലകാലം മുഴ്‌വോൻ ഞാൻ നഷ്ടപ്പെടുത്തീതാ, ഇനിയെങ്കിലും സ്വസ്ഥമായി എനിക്കിഷ്ടമുള്ളതു ചെയ്യണം’, എന്നു് അമ്മയോടു ദേഷ്യപ്പെടും, ബന്ധുവീട്ടിലെ കല്യാണങ്ങൾക്കോ ഒക്കെ കൂടെപ്പോകാൻ അമ്മ വിളിക്കുമ്പോൾ.
അച്ഛനു് ചരിത്രങ്ങളന്വേഷിച്ചു് ഒരുപാടു യാത്ര ചെയ്യണമെന്നും ഗവേഷണം നടത്തണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. ഡിഗ്രിയെടുക്കാൻ പറ്റി, അതും കൃഷിക്കാര്യങ്ങളും അപ്പൂപ്പന്റെ ബിസിനസ്സും സഹോദരങ്ങളുടെ പഠിപ്പും എല്ലാം കൃത്യതയോടെ ചെയ്തുകൊണ്ടു്. അച്ഛൻ ചെയ്ത വർക്ക് ഇത്ര മഹത്തായതാണെന്നു് മനസ്സിലാക്കിയിട്ടു് കുറച്ചു നാളേ ആയുള്ളു. അച്ഛന്റെ മുറിയിൽ ഒരലമാരി നിറയെ അച്ഛന്റെ ഗവേഷണത്തിന്റെ നോട്ടുകളാ. പൂട്ടിവച്ചിരിക്കയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പുസ്തകങ്ങൾ മറ്റൊന്നിൽ. ഇംഗ്ലീഷിലുള്ളതു് ഞാൻ വിവർത്തനം ചെയ്തു കഴിഞ്ഞു. മലയാളം നാടകസിനിമാചരിത്രങ്ങളടങ്ങിയ മൂന്നുനാലെണ്ണം പ്രസ്സിൽ അച്ചടിയിലാ. കരപ്പുറത്തിന്റെ ചരിത്രഗവേഷണമാണു് അതിശയകരമായിട്ടുള്ളതു്. അതിന്റെ…
“എന്താദു്, രാഷ്ട്രീയചരിത്രമോ, അതോ…?” ഇടയ്ക്കു കയറി സാവിത്രിക്കുട്ടി ചോദിച്ചു, ആകാംക്ഷ മുറ്റിനിന്നു ശബ്ദത്തിൽ.
“സാംസ്ക്കാരിക ചരിത്രമാണു്. വാസ്തവത്തിൽ. അതിനെ ബന്ധപ്പെടുത്തി രാഷ്ട്രീയചരിത്രവും വരുന്നുണ്ടെന്നു മാത്രം… എല്ലാവരും തമസ്ക്കരിച്ച, അല്ലെങ്കിൽ ഇടപെടാത്ത മേഖല… ബുദ്ധവിഹാരങ്ങളും സന്യാസിനീ മഠങ്ങളും ബുദ്ധപാരമ്പര്യത്തിലെ ചികിത്സാകേന്ദ്രങ്ങളും സർവ്വകലാശാലയും എല്ലാം ഹിന്ദുമതവും ബ്രാഹ്മണാധിപത്യവും ശക്തി പ്രാപിച്ചപ്പോൾ ഭരണാധികാരികളും നാട്ടുകാരും ചേർന്നു് എങ്ങനെ തല്ലിത്തകർത്തും അരുംകൊല നടത്തിയും അധീനത്തിലാക്കിയെന്നു്; ഇന്നത്തെ പല ക്ഷേത്രങ്ങളുടെയും ഒറിജിൻ, വളരെ ഗൗരവമേറിയ വിഷയം അല്ലേ?”
“എന്റെ രവീ” സാവിത്രിക്കുട്ടി രവിയെ തോളിൽ പിടിച്ചുനിർത്തി അത്ഭുതത്തോടെ രവിയെ നോക്കി മതിമറന്നുനിന്നു. “അയ്യോ ചിറ്റേ, ഞാനല്ല, എന്റച്ഛന്റെ മനസ്സാ അതു്!” രവി ചിരിച്ചു.
“അതേ രവി. രഘുച്ചേട്ടൻ ഇത്രേം വലിയ ഒരാളാണെന്നു് എനിക്കറിയില്ലായിരുന്നു രവീ. ഒന്നുരണ്ടു കൊല്ലം മുൻപുമാത്രമാണു് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഒരു ബുക്ക് എക്സിബിഷനിൽ നിന്നു് എനിക്കു് കിട്ടിയതു്. അച്ചടിയിലില്ലാത്ത ബുക്കുകൾ എന്നു പറഞ്ഞു് ഒരു സ്റ്റാൾ. അവിടന്നാ.” സാവിത്രിക്കുട്ടി പറഞ്ഞു.
“അച്ഛനു് ആവശ്യമായ പിന്തുണയോ പ്രോത്സാഹനമോ ഒന്നും കൊടുക്കാനാളുണ്ടായില്ല. അധികം സുഹൃത്തുക്കളുമൊന്നുമില്ലായിരുന്നു. കുറച്ചൊരു അന്തർമുഖനെപ്പോലെ… അതുപക്ഷേ, വായനയേയും എഴുത്തിനേയും ബാധിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നിരിക്കും.”
“ഞാൻ കേട്ടിട്ടുള്ളതു് രഘുച്ചേട്ടൻ ബിസിനസ്സുകാരനാണു്, കുടിക്കും, ഭയങ്കര കർക്കശക്കാരനാണു്, അഹങ്കാരിയാണു് എന്നൊക്കെയാണു്, ക്ഷമിക്കണം രവീ, മറ്റാരുമല്ല കാർത്ത്യായനി വല്യമ്മ തന്നെ പറഞ്ഞതാണു്. അച്ഛന്റെ സ്വന്തം പെങ്ങൾ പറഞ്ഞ കാര്യം—അമ്മയോടു പറഞ്ഞതാണേ, ഞാനന്നു പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞു നിൽക്കുന്നു. വിശ്വസിക്കാതെങ്ങനെ? രഘുച്ചേട്ടനെഴുതിയ പുസ്തകം കണ്ടപ്പളാ മനസ്സിലായേ അത്രേം ചെറുപ്പത്തിലേ അത്ര ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ എത്ര അറിവുവേണമെന്നു്. കാർത്ത്യായനി വല്യമ്മയുടെ ആരോപണം എന്തിനായിരുന്നുവെന്നു് പിന്നീടാണറിഞ്ഞതു്. ഞങ്ങൾ ആയിടയ്ക്കു നാടുവിട്ടുപോന്നല്ലോ. തൃശൂരിൽ സ്ഥിരതാമസമാക്കിയല്ലോ… ആരും ചിരിക്കരുതു്… ചീരങ്കണ്ടത്തെ സുഭദ്രച്ചിറ്റേടെ ചിറ്റപ്പനില്ലേ, വേലായുധൻകുട്ടിച്ചിറ്റപ്പൻ. അങ്ങേരാരോണ്ടോടു പറഞ്ഞത്രെ ‘നമ്മടെ രഘുവരനെക്കൊണ്ടു് സാവിത്രിക്കുട്ടിയെ കെട്ടിച്ചാലോ’ന്നു്. അതുകേട്ടു് പരിഭ്രമിച്ചു് ഓടിവന്നു് സ്വന്തം ചോരയെ ചെളിമുക്കിക്കാണിച്ചതാരുന്നത്രെ കാർത്ത്യായനി വല്യമ്മ.”
സാവിത്രിക്കുട്ടിയുടെ വർത്തമാനത്തിനിടയ്ക്കുകയറി അപ്പച്ചിയമ്മൂമ്മ: “ഒത്തു… കുടുംബത്തിൽപ്പെട്ട എത്ര അകന്ന ബന്ധുമുള്ളവരായിപ്പോലും ഒരു കാലത്തും ബന്ധം സ്ഥാപിക്കില്ലാന്നു് സത്യം ചെയ്തവരാ ഞങ്ങളൊക്കെ. മോൻ ക്ഷമിക്കണം, നമ്മുടെ കുടുംബചരിത്രം ഒരു ‘മഹാഭാരത’ മാണു്. കുരുക്ഷേത്രയുദ്ധം മാത്രം ഉണ്ടായില്ല. അതിനു മുൻപു ഞങ്ങൾ പിൻവാങ്ങി. പിന്നെ സാവിത്രിക്കുട്ടിയെപ്പോലെ സ്വത്വബോധോം പുരോഗമനാശയങ്ങളുമുള്ള ഒരു പെണ്ണു് ഏതെങ്കിലും കല്യാണാലോചന വന്നാൽ മയങ്ങിപ്പോകുമോ. ഇവളല്ലേ ചരിത്രത്തിലാദ്യമായി ചേർത്തലയിൽ ബാലസംഘം സംഘടിപ്പിച്ചു്, അന്നു് തമ്പുരാൻ തമ്പുരാട്ടി എന്നു നമ്മളെ വിളിച്ചിരുന്ന, അടിച്ചതിനു പുറത്തു നിർത്തിയിരുന്ന ഈഴവക്കുട്ടികളെ, ചേച്ചീ ചേട്ടാ വിളിക്കാൻ പഠിപ്പിച്ചതും മുറ്റത്തു് ബഞ്ചിൽ ഒപ്പമിരുത്തി പാഠം പഠിപ്പിച്ചുകൊടുത്തതും. നമ്മുടെ ബന്ധുവീടുകളിൽ നിന്നു് ഒപ്പം വന്ന പലരുമുണ്ടു്; എന്നിട്ടും ചീരങ്കണ്ടത്തെ കുട്ടികളാരും വന്നില്ല. അവൾ തോറ്റില്ല. പക്ഷേ, ജീവിതമല്ലേ വലുതു്. എല്ലാം വിട്ടുപോന്നു. കുടുംബത്തേയും കൂട്ടി—ജോലിയും കല്യാണവും… ”
അപ്പച്ചിയമ്മൂമ്മ വിവരിച്ചു തീരുംമുൻപു് സാവിത്രിക്കുട്ടി ഇടപെട്ടു:
“നിങ്ങളെയാരേയും നേരത്തേ—പ്രത്യേകിച്ചു് രഘുച്ചേട്ടനെ—മനസ്സിലാക്കാനും പരിചയപ്പെടാനും സാധിക്കാതിരുന്നതു് വലിയ നഷ്ടമായിപ്പോയി. എന്റെ ഭർത്താവു് സാഹിത്യത്തെയും, സംഗീതത്തെയും സിനിമയെയും നാടകത്തെയുമൊക്കെ ഒത്തിരി സ്നേഹിച്ചിരുന്ന ആളാണു്, ചരിത്രത്തെയും. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ നാടകം അഭിനയിച്ചിട്ടുണ്ടു്, പെൺവേഷം. ഞങ്ങളുടെ പുസ്തകത്തിന്റെ ആർത്തി. ഒരു വലിയ ലൈബ്രറി സ്വന്തമായി ഉണ്ടാക്കി… അതുപോട്ടെ, രഘുച്ചേട്ടന്റെ വർക്കു മുഴുവൻ വെളിച്ചം കാണണം. പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും അറിയാഞ്ഞിട്ടല്ല നമ്മുടെ സാംസ്ക്കാരിക നായകന്മാർക്കു് അതൊക്കെ വേറേ പൊളിറ്റിക്സു്. അതുനോക്കണ്ട… രവി ഇത്രയും താല്പര്യമുള്ള ആളായതു ഭാഗ്യം. പക്ഷേ, ജോലിത്തിരക്കിൽ ഇതു്… ” സാവിത്രിക്കുട്ടി പറഞ്ഞവസാനിപ്പിക്കും മുൻപു്, “ദാ നമ്മളെത്തീ. അമ്പൂവപ്പൂപ്പൻ ദാ… കാത്തിരിക്കുകാ, ” രവി പറഞ്ഞുകൊണ്ടു് സാമാന്യം മെച്ചപ്പെട്ട ആ വീട്ടുമുറ്റത്തേയ്ക്കു കയറി.