കഥ കേൾക്കാൻ വന്നവരെ അമ്പുവപ്പൂപ്പനെ ഏല്പിച്ചു് രവിപോയി; ഏതോ അത്യാവശ്യ കാര്യമുണ്ടു്, അരമണിക്കൂറിനകം തിരിച്ചെത്തുമെന്നു് വാക്കുപറഞ്ഞു്.
“ശേഖരപിള്ളയമ്മാവന്റെ അനിയൻ ദാമോദരനമ്മാവൻ ഒരു ചരിത്രപുരുഷനാണെന്നു് എന്റെയമ്മ പറഞ്ഞുകേട്ടിട്ടുണ്ടു്, ചരിത്രത്തിലിടം കിട്ടാതെ പോയ നിർഭാഗ്യരായവരിൽ ഒരാൾ എന്നു് അമ്മ പറയുമായിരുന്നു… അമ്പുവപ്പൂപ്പൻ കണ്ടിട്ടുണ്ടോ ആ അമ്മാവനെ?” സാവിത്രിക്കുട്ടി ചോദിച്ചു.
അമ്പുവപ്പൂപ്പൻ സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞു:
“ഒണ്ടു്… മരണത്തിലും ഒപ്പമുണ്ടായിരുന്നുതാനും… അയ്യാൾടെ വിധി… ദാമോദരൻ നാടുവിട്ടുപോയി കുറേനാൾ കഴിഞ്ഞാ; ഒരു ദിവസമൊണ്ടു് ദാമോദരൻ വരുന്നു. അതൊരു വരവായിരുന്നു; വല്യേ തുക്കിടി സായിപ്പായിട്ടു്. സൂട്ടും കോട്ടും കാൽശരായിയും ഹാറ്റും… കാലു് വളഞ്ഞു് വെള്ളികെട്ടിയ ഒരു വടി ചുഴറ്റി… പുറകെ വലിയ പെട്ടി ചുമന്നു് രണ്ടു ചുമട്ടുകാർ… എന്താര്ന്നൂ ഒരു ഗമ… അന്നാട്ടിലാദ്യമായി രാവിലെ വെറുതെ നടക്കാനിറങ്ങുന്ന മനുഷ്യൻ ഒരു പുതുമയായിരുന്നു… നാട്ടുകാരോടൊക്കെ ഒരു പുച്ഛഭാവം; അങ്ങനെയിങ്ങനെയൊന്നും ആരോടും സംസാരിക്കില്ല. കാംഗ്രസ്സെന്നു കേട്ടാ മതി, കണ്ണുരുട്ടി ഒരു നോട്ടമാ… ”
“എന്തെല്ലാം സമ്മാനങ്ങളാ വീട്ടിലേക്കു കൊണ്ടുവന്നേ; എത്ര കേമനായിട്ടാ വന്നേ… പക്ഷേ, കുട്ടിമാളു വല്യമ്മയ്ക്കു മനസ്സുതെളിഞ്ഞില്ല; ഇത്രനാൾ കഴിഞ്ഞു വീട്ടിൽ വന്ന മകനോടു് ഒരു വാക്കു മിണ്ടാൻ കൂട്ടാക്കിയില്ലത്രെ. പക്ഷേ, ശേഖരഞ്ചേട്ടന്റെ ഒക്കേലും എളേതു്, ഭദ്ര… അവക്കാര്ന്നു ഒടപ്പെറന്നോനോടു് സ്നേഹം മുഴ്‌വോൻ. ബാക്കിയൊക്കെ ഒരു വക… എന്നിട്ടും രണ്ടാഴ്ച ദാമോദരൻ ഗമേ നടന്നു.”
“പിന്നല്ലേ അറിയുന്നേ, എല്ലാം അഭിനയാര്ന്നൂന്നു്… പാവം. വിക്ടോറിയാ മഹാറാണീടെ കൽക്കട്ടേലേ കപ്പലുകമ്പനീലെ വല്യേ ഉദ്യോഗസ്ഥനല്ലേ. അപ്പോ സായിപ്പമ്മാര്ടെ ആളായിട്ടു നടക്കണ്ടേ. നാട്ടുകാരിലാരൊക്കെ കാംഗ്രസ്സാ, ആരൊക്കെ കമ്യൂണിസ്റ്റാന്നു് എങ്ങനെയാ അറിയാ… എങ്ങാനും മിണ്ടിപ്പോയാ… വല്ലോരും ഒറ്റിക്കൊടുത്താലോ… സി. പി. ടെ ആൾക്കാരൊക്കെ ഒത്തിരിയൊള്ള സ്ഥലമല്ലേ… ”
“രണ്ടാഴ്ച കഴിഞ്ഞപ്പ അവനങ്ങു തിരിച്ചുപോയി. ഒള്ളതു പറയാമല്ലോ കണ്ണഞ്ചാലിലു വന്നു് ശേഖരഞ്ചേട്ടനോടു് യാത്ര ചോദിച്ചാ പോയേ. പിന്നൊരു വെവരോമില്ലാര്ന്നു. ആരും അന്വേഷിച്ചതുമില്ല.”
“പത്തു പന്ത്രണ്ടു കൊല്ലം കഴിഞ്ഞൊരു ദെവസം… ശേഖരഞ്ചേട്ടനൊണ്ടു് വിളിക്കുന്നു, വാതിലിൽ തെരുതെരാ മുട്ടു്… നേരം പാതിരാ കഴിഞ്ഞിട്ടൊണ്ടു്… അപ്പോന്താ ശേഖരഞ്ചെട്ടന്റൊപ്പം ഒരു മനുഷ്യൻ! റാന്തലു തിരിപൊക്കി നോക്കി. പഴുത്തളിഞ്ഞു്, മുഷിഞ്ഞുകീറിയ കോട്ടും കാലുറേമൊക്കെയിട്ടു് ഒരു വികൃതരൂപം… ഞാൻ പേടിച്ചു പുറകോട്ടു മാറി… അപ്പഴാ ശേഖരഞ്ചേട്ടൻ പറയണേ: അമ്പൂ… ഇതു്… എന്റെ അനിയൻ ദാമുവാ; അവനു സുഖമില്ല… നീ റാന്തലു തിരിതാത്തു്… ആരും അറിയര്തു്… ആരേലും കണ്ടാ കൊഴപ്പമാ… നീ വേഗം അവനു കെടക്കാൻ ആ ചായിപ്പു് ശരിയാക്കു്… ”
“എന്റെ ഭാര്യേം കൊച്ചുങ്ങളും കൈനകരീലു് അവടെ അനീത്തീടെ കല്യാണത്തിനു പോയേക്കുവാരുന്നേ… ഞാൻ വേഗം ഞങ്ങളു കെടക്കാറൊള്ള ചായിപ്പു് മുറി ശരിയാക്കി അതിനാത്തു കെടത്തി. ചൂടുകാപ്പീം ഇട്ടുകൊടുത്തു് ഞാനും ഒരു മൂലയ്ക്കു ചുരുണ്ടു.”
“രാവിലെ തന്നെ ശേഖരഞ്ചേട്ടൻ ടൗണിപ്പോയി ഡാക്ടറെക്കണ്ടു. മോന്റെ പേരു പറഞ്ഞു് എന്തൊക്കെയോ വയ്യായ്കേം പറഞ്ഞു് മരുന്നു വാങ്ങിക്കൊണ്ടുവന്നു. അതുകൊണ്ടൊന്നും കാര്യമില്ലാന്നറിയാരുന്നു… അവടെ കഴിയുന്നേലും കൊഴപ്പമൊണ്ടു്. യുദ്ധം കഴിഞ്ഞപ്പ സായിപ്പിന്റെ പട്ടാളം സുബാഷ് ചന്ദ്രബോസിന്റെ ആളുകളെ തപ്പി ഇവ്ടങ്ങളിലൊക്കേം വന്നതാ, അവരു് ഒളിച്ചു നടപ്പൊണ്ടു്, ഒറ്റുകാരെ ഏർപ്പെടുത്തീട്ടും ഒണ്ടു്. ദാമോദരനെത്തേടീം വേഷം മാറി നടക്കണ പട്ടാളക്കാരു് വന്നാരുന്നത്രേ പലകുറി.”
“മൂന്നാലുദെവസത്തെ വിശ്രമോം കുളീം നല്ല ആഹാരോമൊക്കെ ആയപ്പോ ദാമോദരനു തന്നെ എഴുന്നേറ്റിരിക്കാമെന്നായി. അഞ്ചിന്റന്നു വെളുപ്പിനേ ശേഖരഞ്ചേട്ടൻ കൊല്ലത്തിനു പോയി. ഹേമദണ്ഡമേറ്റവരെയൊക്കെ ചികിത്സിച്ചു പരിചയമൊള്ള ഒരു കേമൻ ഡാക്ടറൊണ്ടത്രെ. അയാളോടു് ഒള്ളതു ഒള്ളതുപോലെ പറഞ്ഞു, അയാളൊരു കമ്യൂണിസ്റ്റാര്ന്നു; ബോസിന്റെ ആളുകളെ കേസീന്നു രക്ഷിക്കാൻ നോക്കുന്നവരീപ്പെടുന്നയാളു്… അങ്ങോട്ടുകൊണ്ടു ചെന്നാമതി. എല്ലാക്കാര്യോം ഡാക്ടർ നോക്കിക്കോളാമെന്നേറ്റു.”
“എല്ലാ തയ്യാറെടുപ്പും നടത്തി, മൂന്നാം പക്കം രാത്രീലു് ദാമോദരനെ പതുക്കെ പിടിച്ചു നടത്തി. പടിഞ്ഞാറെ പാടത്തെറങ്ങി, ആൾത്താമസമില്ലാത്ത മാടൻപറമ്പുവഴി വെട്ടുവഴീലെത്തി… അവടെ പറഞ്ഞുവച്ചിരുന്ന കാളവണ്ടീക്കേറി… ചന്തയ്ക്കു വാഴക്കൊലേം കൊണ്ടുപോണവണ്ടീലു് ദാമോദരനെ ഒതുക്കിയിരുത്തി ബോട്ടുജട്ടീലെത്തി. അവടെ ഒരു വല്യേ വള്ളം പലകയിട്ടു് വയ്ക്കോലും തുണീം വിരിച്ചു് ശരിയാക്കി നിർത്തീരുന്നു.”
“തൊഴേടെ ശബ്ദം കേക്കുമ്പം പേടിയാരുന്നു, ഇരുട്ടും നെഴലുമൊക്കെയൊള്ള അരികുവഴി വള്ളം തൊഴഞ്ഞു… അവടെയെത്തില്ല, അപ്പോണ്ടൊരു വിമ്മിട്ടം; ശ്വാസമെടുക്കാൻ വെപ്രാളപ്പെടുന്നു. എങ്ങനേലും കടവടുത്തു; വള്ളം കെട്ടി. ദാമോദരനെ ഇരുത്തി എടുത്തോണ്ടുപോകാംന്നു പറഞ്ഞു് ആ ഡാക്ടറ്ടെ ആളുകളു രണ്ടു പേരു് കസേരേമായി കാത്തുനിക്കുകാര്ന്നു. എറക്കാൻ നോക്കുമ്പം ആവീല്ല അനക്കോമില്ല… ശേഖരഞ്ചേട്ടൻ തളന്നുനെലത്തിരുന്നു. ഡാക്ടറു വന്നു നോക്കി. ‘പോയല്ലോ ശേഖരപ്പിള്ളച്ചേട്ടാ’ന്നു് അങ്ങേരും സങ്കടപ്പെട്ടു… ”
“നാട്ടിലേക്കു ശവം കൊണ്ടുപോയിട്ടു് ആർക്കു കാണാനാ! അല്ലേലും കാര്യം പരസ്യാവും. ജയിലീന്നു് ഒളിച്ചോടിപ്പോന്ന രാജ്യദ്രോഹിയെ ഒളിപ്പിച്ചേനു് ഞങ്ങളെ രണ്ടിനേം വെടിവച്ചുകൊല്ലും… ”
“ഡാക്ടറു് സമാധാനപ്പെടുത്തി. ചരിത്രമെല്ലാം ശേഖരഞ്ചേട്ടൻ പറഞ്ഞിരുന്നേ… ഞങ്ങളെ ഒടനെ തിരിച്ചയച്ചു; അങ്ങേയറ്റം പറ്റിയ ചില രോഗികളെ കൊണ്ടുവന്നു് അവടെയാക്കിപ്പോണവരൊണ്ടു്—തുണിയെടുത്തോണ്ടു വരാം; കാശു് ഏർപ്പാടാക്കീട്ടൊണ്ടു്, വാങ്ങിവരാം എന്നൊക്കെപ്പറഞ്ഞു് മുങ്ങിക്കളയും… ആ രോഗികൾ മരിച്ചുപോയി എന്നറിയിച്ചാലും ആരും വരത്തില്ലത്രെ. പിന്നെ അവടെത്തന്നെ ശവമടക്കാനേർപ്പാടാക്കും അങ്ങേരു്… അവരവര്ടെ ജാതീടെ അത്യാവശ്യം കർമ്മമൊക്കെച്ചെയ്യും; എല്ലാത്തിനും സഹായിക്കാൻ നാട്ടുകാരു് പിള്ളേരു് കൊറച്ചു് അങ്ങേര്ടൊപ്പമൊണ്ടേ… ദാമോദരനെ അനാഥശവമാക്കിത്തള്ളിയില്ല അവർ.”
“ദാമോദരൻ മരിച്ചുപോയീന്നു അറിയിപ്പുവന്നൂന്നു് ചെന്നുപറഞ്ഞപ്പ: ‘ഇപ്പഴാ; അവൻ പണ്ടേ ചത്തില്ലേ? പിന്നിപ്പോന്താ വിശേഷായിട്ടു്?’ എന്നു് ഒരു ചോദ്യം കുട്ടിമാളുവല്യമ്മ.”
“അതു ശരിയാണേ. പണ്ടു് ദാമോദരൻ വന്നുപോയ ഒടനെ തന്നെ ചീരംകണ്ടത്തു് വീതം വപ്പു നടന്നു; ദാമോദരനെ ഒഴിവാക്കി. ശേഖരഞ്ചേട്ടനും ഭദ്രേം മാത്രേ ചോദിച്ചൊള്ളൂ അതെന്താന്നു്. ‘അവൻ മരിച്ചുപോയി… മരിച്ചവർക്കു സ്വത്തെഴുതി വയ്ക്ക്വോ ആരേലും?’ എന്നു് വല്യമ്മേടെ ചോദ്യം! ആരും മിണ്ടിയില്ല.”
“അതുകഴിഞ്ഞാണു് പട്ടാളം, ദാമോദരനെ അന്വേഷിച്ചുവന്നേ… അതും രണ്ടുമൂന്നു കുറി. അപ്പോക്കെ അയാൾ പണ്ടേ മരിച്ചുപോയീന്നു് വല്യമ്മ. തെളിവിനു് പ്രമാണം എടുത്തു നീട്ടിക്കൊടുത്തു. വേലുക്കുട്ടി അങ്ങത്തെ ജീവിച്ചിരിപ്പൊണ്ടാരുന്നെങ്കിലും അതൊക്കെ അങ്ങനെതന്നെ നടക്കും… ദാമോദരനെ പഠിപ്പിക്കണമെന്നു് അങ്ങത്തെ ആഗ്രഹിച്ചിരുന്നു. അതു് പറയുകേം ചെയ്തു. വല്യമ്മ ഭദ്രകാളി തുള്ളീത്രെ.”
“പക്ഷേലു് ശേഖരഞ്ചേട്ടനു് വെല്യേ മനോവെഷമമായീന്നു കണ്ടോ… ഒണ്ടായ കാര്യങ്ങളു് കൊറെയൊക്കെ ദാമോദരൻ ശേഖരഞ്ചേട്ടനോടു് പറഞ്ഞാര്ന്നു… ഒന്നു മിണ്ടാറായപ്പ ചൊമച്ചും കൊരച്ചും കൊണ്ടാ എതാണ്ടൊക്കെ പറഞ്ഞേ. ഞാനും കേട്ടോണ്ടിരിക്കുവല്ലാര്ന്നോ!”
“കൽക്കട്ടേലു് കപ്പലുകമ്പനീലല്ലാര്ന്നോ ജോലി. യുദ്ധായപ്പ കപ്പലുകളും വരുന്നതും പോകുന്നതും എല്ലാ നോക്കുന്ന വല്യേ ഉദ്യോഗാര്ന്നത്രേ… യുദ്ധം കടുത്തുവര്ന്ന സമയത്താത്രെ ജപ്പാൻ പട്ടാളക്കാരോടു് യുദ്ധം ചെയ്യാനൊള്ള തോക്കും സാധനങ്ങളുമായിട്ടുപോയ സായിപ്പമ്മാര്ടെ കപ്പലുകൾ ജപ്പാൻകാരു് മുക്കിക്കളഞ്ഞതു്… അന്വേഷണം വന്നു. അവസാനം കണ്ടുപിടിച്ചത്രെ ദാമോദരനും കൂടെ ജോലിചെയ്തിരുന്ന കൽക്കട്ടാക്കാരനും കൂടി ജപ്പാൻ പട്ടാളത്തിനു് വെവരം ചോർത്തി കൊടുത്തിട്ടാണെന്നു്. യുദ്ധം തീർന്നപ്പളാണേ. അപ്പളത്തേനും കൽക്കട്ടാക്കാരൻ ജോലി മതിയാക്കിപ്പോയാര്ന്നു… അവരന്വേഷിച്ചിട്ടും പിടികിട്ടീല്ലാത്രെ. അയാളെ ഒളിച്ചുപോകാൻ സഹായീച്ചൂന്നൊള്ള കുറ്റോം കൂടെ ദാമോദരന്റെ തലയിലായി… വെള്ളക്കാര്ടെ പട്ടാളം ദാമോദരനെ പിടിച്ചു് ജയിലിലിട്ടു് കൊല്ലാക്കൊല ചെയ്തത്രെ. രണ്ടു യന്ത്രങ്ങൾടെ നടുക്കു നിർത്തീട്ടു് യന്ത്രങ്ങൾ തമ്മിൽ കൂട്ടിയിടിപ്പിക്കും… ദാമൂന്റെ നെഞ്ചത്തും പുറകിലും കൂടെയാ ഇടി, നെഞ്ചുംകൂടു തകർന്നു് ചോരേം പഴുപ്പും തുപ്പിത്തുപ്പി… ജയിലീ കൊറച്ചു ദെവസം കഴിഞ്ഞപ്പോ അവടെയൊണ്ടാര്ന്ന ഒരു സായിപ്പിനു ദയതോന്നി സൂത്രത്തിൽ തുറന്നുവിട്ടു; എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞു… രാത്രീലെ ഇരുട്ടിൽ ഓടിയും തപ്പിത്തടഞ്ഞു വീണും പകലൊക്കെ എവടേലും ഒളിച്ചിര്ന്നും അവസാനം ഏതോ നാട്ടുമ്പൊറത്തെത്തി. ഒരു കാളവണ്ടിക്കാരനു് പാവം തോന്നി വണ്ടീക്കേറ്റിക്കൊണ്ടുപോയി… അങ്ങനെ ഒരു ദിവസം ദൂരെയേതോ രാജ്യത്തു് ഒരു വയലിറമ്പത്തു് തളർന്നുവീണു കെടന്നു. ബോധമില്ലാതെ കിടക്കുന്ന എല്ലുംതോലുമായ ഒരു മനുഷ്യൻ; ആടുമേയ്ക്കാൻ വന്ന സ്ത്രീ അയാക്കു വെള്ളം കൊടുത്തു, പതുക്കെ എഴുന്നേല്പിച്ചിരുത്തി അവർക്കു കരുതിയ ആഹാരോം കൊടുത്തത്രെ.”
‘അവരു് ആരാ ഏതാന്നൊക്കെ ചോദിച്ചു. ജോലിയന്വേഷിച്ചു പോണവഴി ട്രെയിനീന്നു് കൊള്ളക്കാരു് എല്ലാം പിടിച്ചുപറിച്ചു് വഴീൽ തള്ളിയിട്ടു… സ്ഥലവും വഴിയുമൊന്നുമറിയാതെ നടക്കുകാര്ന്നു എന്നൊക്കെ ഒരു കഥ പറഞ്ഞു… അവർ കൂട്ടിക്കൊണ്ടുപോയി… അതു് ഒറീസ്സാന്നു പറയണ രാജ്യാര്ന്നു… ആ സ്ത്രീക്കു പാവം തോന്നി ആഹാരോം മരുന്നുമൊക്കെ കൊടുത്തു് ഒരുമാതിരി എഴുന്നേറ്റു നടക്കാറായി… അന്നേരം അവരു് ചോദിക്കാത്രെ: സത്യം പറ. പട്ടാളത്തീന്നു് ഒളിച്ചോടിപ്പോന്ന ആളല്ലേന്നു്; അതാ കൂട്ടിക്കൊണ്ടു പോന്നേന്നു്. ഐഎന്നേടെ ആളാണൊന്നും പറഞ്ഞില്ല. അപ്പളത്തേനും യുദ്ധം തീർന്നില്ലേ. ‘സുബാഷ് ചന്ദ്രബോസിന്റെ ആൾക്കാരേം ഒളിച്ചോടിയ പട്ടാളക്കാരേം ഒക്കെ അന്വേഷിച്ചു് സർക്കാരിന്റെ ആൾക്കാരു് ചുറ്റിനടക്ക്ന്നൊണ്ടു്. എപ്പോ വേണേലും അവരെത്തും, വേഗം രക്ഷപ്പെട്ടോ’ന്നു് പറഞ്ഞു് അവരു് കരഞ്ഞത്രെ. ‘അവര്ടെ ഭർത്താവു് ആസാമിലു് കൂലിപ്പട്ടാളാര്ന്നു. ജീവിച്ചിരിപ്പൊണ്ടോന്നുപോലും അറീല്ല അവർക്ക്; തിരിച്ചുവന്ന ആരോപറഞ്ഞത്രെ അവൻ രക്ഷപ്പെടാൻ നോക്കീപ്പം സായിപ്പിന്റെ പട്ടാളം വെടിവച്ചുകൊന്നെന്നു്… വേഗം രക്ഷപ്പെട്ടോ, എങ്ങനേലും നാട്ടിലെത്തു്’ എന്നും പറഞ്ഞു. ഒരുകരിമ്പടോം ഒരുപിടിക്കാശും കൊടുത്തു് രാത്രീലു് ഊടുവഴിയെ കൊണ്ടുവന്നു് ട്രെയിനീ കേറ്റി വിട്ടു… ചെലപ്പോക്കെ ട്രെയിനിന്റെ കുളിമുറീലു് ഒളിച്ചിരുന്നത്രെ. പിന്നെപ്പിന്നെ അനങ്ങാൻ വയ്യാതെ വാതിലിനരികെ ചുരുണ്ടുകൂടി. പട്ടാളക്കാരു് പരിശോധനയ്ക്കു വന്നാലും ഏതോ തെണ്ടീന്നു വച്ചു് തോക്കിന്റെ പാത്തിക്കൊരു കുത്തും കുത്തി എന്തോ തെറിവാക്കും പറഞ്ഞുപോകൂംത്രെ…’
മേക്കഴുകാൻ ശേഖരഞ്ചേട്ടൻ കൊളത്തിലേക്കു ചെന്നപ്പ അതിന്റെ കരേലൊരു ആളനക്കം… രാത്രിയാണേ… ഒരു മനുഷ്യരൂപം തളർന്നു് തെങ്ങേച്ചാരി നെലത്തുപടിഞ്ഞിരിക്കുന്നു. ‘ആരാ, ആരെക്കാണാൻ വന്നതാ’ന്നു് ചോദിച്ചപ്പോ പറയ്യാ: ‘ഞാനാ… ദാമോദരൻ… ശേഖരേട്ടനെ വിളിക്കണം… വേറാരോടും പറയല്ലേന്നു്…’ ‘ഇതു ഞാനാടാ ദാമൂന്നും പറഞ്ഞു് ശേഖരഞ്ചേട്ടൻ ഒരു കെട്ടിപ്പിടുത്തം…’
“അവ്ടന്നാ ഞങ്ങളു്… പാവം ദാമോദരൻ… ശേഖരഞ്ചേട്ടന്റെ മകൻ രഘു എന്തുമാത്രം അഭിമാനത്തോടെയാ അയാടെ ആ കൊച്ചച്ഛനെപ്പറ്റി പറയാറു്… മറ്റൊള്ളവർക്കൊക്കെ ദാമോദരനെ പുച്ഛമാര്ന്നു, മണ്ടനാ അവര്ടെ നോട്ടത്തീ… രവിയാണിപ്പോ ആ നല്ല മനുഷ്യന്റെ ഓർമ്മകളൊക്കെ—പറഞ്ഞുകേട്ട കഥകളാണേലും—കൊണ്ടുനടക്കണേ… രഘു കൊച്ചച്ഛനെപ്പറ്റി എഴുതിവച്ചിട്ടൊണ്ടാകും… സ്വന്തം രക്തമല്ലേ; രാജ്യത്തിനുവേണ്ടിയല്ലേ സുബാഷ് ചന്ദ്രബോസിന്റൊപ്പം കൂടിയേ! സ്വന്തം രാജ്യത്തിനു വേണ്ടി മരിക്കേം ചെയ്തു. കുടുംബത്തിനു മൊത്തം അഭിമാനമൊള്ള കാര്യമല്ലേ!” അപ്പോഴേക്കും രവിയും എത്തിയിരുന്നു.
മൗനമായി കേട്ടിരുന്നു എല്ലാവരും… അപ്പച്ചിയമ്മൂമ്മ മാത്രം ഒരു ദീർഘനിശ്വാസത്തോടെ അമ്പുവപ്പൂപ്പന്റെ ശുഷ്കിച്ച കൈപിടിച്ചമർത്തി.