സ്നേഹത്തോടെ അമ്പുവപ്പൂപ്പനേ നോക്കി അപ്പച്ചിയമ്മൂമ്മ പെട്ടെന്നു പറഞ്ഞു:
“അല്ല അമ്പുവേട്ടാ, ശശിയേട്ടനും ഞാനുമൊക്കെ അക്കാര്യങ്ങളൊക്കെ കേട്ടേക്കണു, ഓർമ്മിക്കാറുമൊണ്ടു്… മീനാക്ഷിച്ചിറ്റമ്മ അറിയാവുന്നടത്തോളം കാര്യോക്കെ സാവിത്രിക്കുട്ടിയോടും പറഞ്ഞിട്ടൊണ്ടു്… മരിച്ചതെങ്ങനെന്നൊള്ളതുമാത്രം ശരിക്കങ്ങട്ടു് മീനാക്ഷിച്ചിറ്റമ്മയ്ക്കറീല്ലാര്ന്നു… ഒരുപാടു് ദേഹോപദ്രവം ചെയ്തു ബ്രിട്ടീഷ് സർക്കാർ, അങ്ങനെ ടീബി പിടിച്ചു് ഏതോ നാട്ടിക്കെടന്നു മരിച്ചൂന്നേ അറിയത്തൊള്ളാര്ന്നു. ചിറ്റമ്മേക്കെ അക്കാലത്തു് ചിറ്റപ്പന്റെ നാട്ടിലാരുന്നല്ലോ… ”
“ദാമ്വേട്ടനും ബംഗാളി കൂട്ടുകാരനും ബ്രിട്ടീഷ്കാരിൽ നിന്നു് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതു് സ്വപ്നം കണ്ടിരുന്നു. ബ്രിട്ടീഷുകാരേക്കാൾ അപകടകാരികളാണു് ജപ്പാൻകാർ എന്നറിയാഞ്ഞിട്ടാകില്ല. ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിച്ചതാ സുബാഷ് ചന്ദ്രബോസു്. ബ്രിട്ടീഷ് നാവികസേനേടെ മൂന്നു പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളാ ജപ്പാൻ മുക്കീതു്; ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചു്. ആദ്യം യുദ്ധം തൊടങ്ങി ഒടനെയല്ലേ മലയയുടെ അടുത്തുവച്ചു് രണ്ടു പടക്കപ്പലുകൾ ജപ്പാൻ മുക്കീതു്—പ്രിൻസു് ഓഫ് വെയിത്സും, റിപ്പൾസും—ആ രണ്ടു പേരുകൾ കാണാപ്പാഠാ… അന്നു് സിംഗപ്പൂരു് ഇംഗ്ലീഷുകാര്ടെ കയ്യിലാണു്. അന്നു് ഐഎൻഎ ഒന്നും ഇല്ല… അതും കഴിഞ്ഞാ സുബാഷ് ചന്ദ്രബോസു് സിംഗപ്പൂരു് ചെല്ലുന്നതും ഐഎൻഎയുടെ നേതൃത്വം ഏറ്റെടുക്കുന്നതും വല്യേ ഒരു സൈന്യമൊണ്ടാക്കുന്നതുമൊക്കെ. നമ്മടെ ക്യാപ്റ്റൻ ലക്ഷ്മി, ലേഡിബറ്റാലിയൻ ക്യാപ്റ്റനാര്ന്നു… ഞാനതൊക്കെ എത്ര തവണ വായിച്ചേക്കുന്നേന്നോ… പറഞ്ഞു വന്നതല്ല; അന്നത്തെ ആ ആക്രമണോം ദാമ്വേട്ടന്റേം കൂട്ടുകാരന്റേം തലേച്ചൊമത്തിക്കൊടുത്തതാ.”
“പക്ഷേ, ദാമ്വേട്ടന്റെ കാര്യത്തീ വേറൊരു വേർഷൻ കേട്ടിട്ടൊണ്ടു്… പലതവണ പോലീസോ, പട്ടാളമോ ഗുണ്ടകളോ എന്നറിയാത്ത ചെലർ ചീരങ്കണ്ടത്തു വന്നു; ജയിലിക്കേറ്റൂന്നും കൊന്നുകളയൂന്നുമൊക്കെ ഭീഷണിപ്പെടുത്തീരുന്നൂന്നു് കേട്ടിട്ടൊണ്ടു്. അപ്പോ അതുവച്ചു് നാട്ടുകാരോ ചെലപ്പം വീട്ടുകാരു തന്നെയോ മെനഞ്ഞെടുത്ത കഥയാണോന്നറിയില്ല കേട്ടോ. രവിയും ഒരു പക്ഷേ, കേട്ടിട്ടുണ്ടാകും.”
കഥയിതാ: ‘ദാമ്വേട്ടൻ കൽക്കട്ടേലു് ഏതോ വലിയ കമ്പനീലാരുന്നു. അവടെ കണക്കിലെന്തോ തിരിമറി കാണിച്ചു് അവര്ടെ കമ്പനിക്കു് വല്യേ നഷ്ടം വരുത്തി. കൈക്കലാക്കിയ കാശുമായി മുങ്ങാൻ നോക്കിയപ്പോഴാ കമ്പനിക്കാരു് പിടിച്ചതെന്നു്. അവരു് ജീവച്ഛവമാക്കി തടവിലിട്ടത്രെ. അവിടന്നു് എങ്ങനെയോ രക്ഷപ്പെട്ടോടി… ദാമ്വേട്ടൻ എവ്ടെയോ കെടന്നു മരിച്ചുപോയത്രെ.’
“ഈ കഥ ആര്ടേയോ ഭാവനാ സൃഷ്ടിയാണു്. ശരിക്കും ഐഎൻഎ ബന്ധം പറഞ്ഞുതന്നെയാര്ന്നു ദാമ്വേട്ടനെ ഉപദ്രവിച്ചതു്… യുദ്ധത്തിനിടെ ജപ്പാൻകാർ മദ്രാസിലൊരു ബോംബു പ്രയോഗം നടത്തീത്രെ. കാര്യമായൊന്നും സംഭവിച്ചില്ല. പക്ഷേ, അതെങ്ങനെ സാധിച്ചൂന്നൊള്ളതു് ഗൗരവമുള്ള കാര്യമാ. അന്നു് ബർമ്മയൊക്കെ ജപ്പാന്റെ അധീനതേലാ. ഇന്ത്യൻ പട്ടാളത്തിനു് ബർമ്മയിലേക്കോ ഒന്നും കടക്കാൻ വഴിയില്ല. ജപ്പാൻ പട്ടാളം അതിനിടെ ഇന്ത്യേടെ വടക്കുകിഴക്കു് പ്രദേശത്തെവിടെയോ കടന്നു… അതിശയമായിത്തോന്നുന്നതു്—അന്നു് ഇംഗ്ലീഷ് പട്ടാളത്തിനുവേണ്ടി ആസ്സാമിലൊക്കെയൊണ്ടാര്ന്നതിൽ നിന്നു് കൊറച്ചു പട്ടാളക്കാരേ രക്ഷപ്പെട്ടു തിരിച്ചുവന്നൊള്ളൂ. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്തവരായിരുന്നു അവരിൽപ്പലരും… അവരുപോലും സുബാഷ് ചന്ദ്രബോസിന്റെ ആരാധകരായിരുന്നൂന്നൊള്ളതാ കേട്ടിട്ടുള്ളതു്. ബംഗാളികളെല്ലാം അദ്ദേഹത്തിന്റെ ആൾക്കാരാണെന്നാ അവര്ടെ ധാരണ!”
“നേരാ മണിച്ചേച്ചീ… യുദ്ധം വന്നപ്പോ നമ്മടെ നാട്ടിൽപുറത്തിന്റെ മുക്കീന്നും മൂലേന്നും വരെ ആളുകളു് പട്ടാളത്തിച്ചേർന്നാരുന്നു. ചാകുന്നെങ്കിൽ ചാകട്ടേന്നും പറഞ്ഞാത്രെ. പട്ടിണി അത്രയ്ക്കാരുന്നില്ലേ അക്കാലത്തു്. അതിലെ മുക്കാൽപേരേം ആസ്സാം കാടുകളിൽക്കൂടി ബർമ്മേലേക്കു് റോഡുവെട്ടാനൊള്ള കൂലിപ്പട്ടാളമാക്കി വിട്ടു. എല്ലാനാട്ടീന്നും ഒണ്ടാര്ന്നു. എത്രായിരം എണ്ണമാ മലമ്പനി പിടിച്ചും, കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലും പട്ടിണികിടന്നും ശത്രുക്കളുടെ ആക്രമണത്തിലും—ഒളിച്ചോടാൻ നോക്കിയപ്പോൾ ഇന്ത്യൻ പട്ടാളത്തിന്റെ തന്നെ വെടികൊണ്ടുമൊക്കെ—ചത്തേന്നു് ഒരു കണക്കുമില്ലത്രെ. എന്നിട്ടും വെറും കയ്യോടെയെങ്കിലും നാട്ടിൽ തിരിച്ചെത്താൻ സാധിച്ചവർ പഴയ കാക്കിപാന്റ്സും കോട്ടും ഷൂസും തൊപ്പിയുമിട്ടു് വീരകഥകൾ പറഞ്ഞു നടന്നു… ഞങ്ങൾ പാണൻവെളേ താമസിച്ചിരുന്നില്ലേ മണിച്ചേച്ചീ… അതിനടുത്ത വീട്ടിലൊണ്ടാര്ന്നു അങ്ങനത്തൊരാളു്. അയാൾടെ മോനെ അവന്റെ അമ്മ നീട്ടി വിളിക്കും… ‘ടാക്കൂ, എടാ ടാക്കൂ’ എന്നു്… എന്താരുന്നെന്നോ അവന്റെ പേരു് രവീന്ദ്രനാഥ ടാക്കൂർ. ടാഗോർ എന്നല്ലേ നമ്മൾ പറയാറുള്ളതു്. വേറൊരു കുട്ടി സുഭാഷ്ചന്ദ്രബോസു്, വിളിക്കുന്നതു് ബോസെന്നു്… ഒരു ചാറ്റർജീം ഒണ്ടാര്ന്നു.” സാവിത്രിക്കുട്ടി ആവേശത്തോടെ പറഞ്ഞു.
രവി പുഞ്ചിരിയോടെ കേട്ടിരിക്കുകയായിരുന്നു.
“അതല്ല പറയാൻ വന്നതു്… ജപ്പാൻ സൈന്യം മണിപ്പൂരു് വരെയെങ്ങാണ്ടുവന്നത്രെ. ആ സമയത്തെങ്ങാണ്ടാ ദാമ്വേട്ടനു് ഒരു കമ്പിയോ മറ്റോ വന്നേ. അതാ അപകടമായതു്. രഹസ്യമായി പുറപ്പെട്ട മൂന്നു യുദ്ധക്കപ്പലാ ജപ്പാൻ മുക്കിയേ; അതിലൊന്നു് വിമാന വാഹിനിക്കപ്പലാ… ചില്ലറ ഷോക്കാണോ! അതിന്റെ അന്വേഷണം നടക്കുന്നൊണ്ടാര്ന്നു.’ അപ്പളാ ‘ഞാനിവിടെ എത്തീ’ ന്നൊരു കമ്പി. കമ്പി ദാമ്വേട്ടനു് അവരു് കൊടുത്തില്ല, എവിടുന്നാ ആരാ അയച്ചേന്നു് പറഞ്ഞതുമില്ല.”
ഇന്ത്യൻ റോയൽ നേവീലാരുന്നല്ലോ ദാമ്വേട്ടൻ. ദാമ്വേട്ടനു് അധികം കൂട്ടുകാരൊന്നുമില്ലാര്ന്നു. പക്ഷേ, കൂടെയൊള്ള ഒരു ബംഗാളി എൻജിനീയറു് വലിയകൂട്ടാര്ന്നു. അവരുടെ ഒരു മേലുദ്യോഗസ്ഥനായ സായിപ്പിന്റെ സഹോദരിയുമായി ആ എൻജിനീയർ അടുപ്പത്തിലായത്രെ. വൈകിയാ സായിപ്പറിഞ്ഞേ. രായ്ക്കുരാമാനം പെങ്ങളെ സായിപ്പു് കപ്പൽ കയറ്റിവിട്ടു. പിറ്റേന്നു മുതൽ ദാമ്വേട്ടന്റെ കൂട്ടുകാരനെ കാണാനില്ലാര്ന്നു. ട്രാൻസ്ഫർ ചെയ്തൂന്നാ പറഞ്ഞതത്രെ. അതുകഴിഞ്ഞു് ദിവസങ്ങൾക്കുശേഷമാണു് ദാമ്വേട്ടനു് കമ്പി വന്നൂന്നു് പറയണെ. സായിപ്പിന്റെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദാമ്വേട്ടനറിഞ്ഞോണ്ടാണു് കൂട്ടുകാരൻ പെങ്ങളുമായി അടുപ്പമുണ്ടാക്കീതെന്നു് സായിപ്പു് സംശയിച്ചിട്ടുണ്ടാകും. ഐഎൻഎ ബന്ധത്തിന്റെ സൂചനകളും കൂടിയായപ്പോൾ പിന്നെ അവരു് വെറുതെ വിടുമോ; എത്ര വിശ്വസ്തനായിരുന്നെന്നൊന്നും അവരു നോക്കില്ല. അവർക്ക് എല്ലാരും ‘ബ്ലഡി ഇൻഡ്യൻസ്’ ആയിരുന്നു!
“അങ്ങനെ എത്രയെത്രപേർ; ചരിത്രത്തിലിടം കിട്ടാതെ പോയ ദേശസ്നേഹികളുടെ രക്തസാക്ഷിത്വം! വല്യമ്മാവന്റെ വീട്ടിലാരുന്നപ്പം—ഞാനന്നു് ഫിഫ്ത്ത്ഫോമിലാ—സ്വാതന്ത്ര്യസമരചരിത്രത്തിലെ കാണാപ്പുറങ്ങളെപ്പറ്റിയൊള്ള എത്രയെത്ര ലേഖനങ്ങൾ വായിച്ചൂന്നോ… പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ആൺകുട്ടികളും മുതൽ എല്ലാ ജാതിമതത്തിലും പെട്ട എത്രായിരം പേർ സ്വന്തം നാടിനെ അടിമത്തത്തിൽ നിന്നു് രക്ഷപ്പെടുത്താൻ സ്വയം ബലികൊടുത്തു. അഹിംസകൊണ്ടുമാത്രം നേടിയതല്ല സ്വാതന്ത്ര്യം, പതിനായിരങ്ങൾ ലക്ഷങ്ങൾ സ്വയം ഹിംസിക്കപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെ പോരാടിയതു കൊണ്ടുകൂടിയാണു്… ” സാവിത്രിക്കുട്ടി വികാരഭരിതയായി.
“ചരിത്രമൊന്നും എനിക്കറിയില്ല, കുട്ടികളേ… പക്ഷേ, സായിപ്പിന്റെയായാലും, രാജാവിന്റെയാൾക്കാര്ടെയായാലും, ജന്മി മൊതലാളിമാര്ടെയായാലും ചവിട്ടും തൊഴീം പിന്നെ പട്ടിണീം കൊറേ അനുഭവിച്ചപ്പളാ പാവപ്പെട്ടവരൊണർന്നേന്നറിയാം… കുറ്റം പറയരുതല്ലോ, അവരെ ഒണർത്താനും കൂടെ കൂടാനും കൊറേ മൊതലാളിപ്പിള്ളാരും എറങ്ങിവന്നതു് ഈ അമ്പുവപ്പൂപ്പനറിയാം മക്കളേ!”
അമ്പുവപ്പൂപ്പന്റെ ശബ്ദം വിറകൊണ്ടതു് വാർദ്ധക്യത്തിന്റെ അവശത കൊണ്ടാകാം…
എല്ലാ ശ്രദ്ധിച്ചിരുന്ന രവി ചിരിച്ചു: “ഞാനും കേട്ടിട്ടുണ്ടു് ചിറ്റമ്മേ, ദാമുവമ്മാവനെപ്പറ്റിയുള്ള ആ അപവാദ കഥയൊക്കെ. അവനവന്റാളുകളുതന്നെ പറഞ്ഞൊണ്ടാക്കിയതാകും… ദാമുവമ്മാവൻ വല്യേ ഒരാളാരുന്നു. അങ്ങനൊരാളു് നമ്മടെ കുടുംബത്തിലൊന്നും പിന്നെ ഒണ്ടായിട്ടൂംല്ല.”