ഒരു കാട്ടിൽ ചിതറിക്കിടക്കുന്ന ലക്ഷക്കണക്കായ കരിയിലകളിൽ നിന്നും ചുള്ളിക്കമ്പുകളിൽനിന്നും വിത്തുകളിൽ നിന്നും ഓരോ മരത്തിന്റേതു മാത്രമായി അടുക്കടുക്കായി പെറുക്കി നിരത്താൻ ഇത്തിരി പാടാ… സാവിത്രിക്കുട്ടിയുടെ പ്രശ്നവുമതാണു്. പണ്ടുമുതൽ, എന്നുവച്ചാൽ ഓർമ്മയുറച്ചതു മുതൽ കേട്ടറിഞ്ഞവയും, കണ്ടറിഞ്ഞവയും, സ്വയം അനുഭവിച്ചറിഞ്ഞവയും പിന്നീടു് പലരുടേയും സംഭാഷണശകലങ്ങളിൽ നിന്നു് പിടിച്ചെടുത്തു് രൂപം കൊടുത്തവയും—എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണു് സാവിത്രിക്കുട്ടിയുടെ ഓർമ്മകളിൽ. അപ്പപ്പോൾ മുമ്പിൽ കേറിവരുന്നവയെ അങ്ങനെ തന്നെ കോറിയിടുന്നു. കാലക്രമവും കാര്യകാരണ ബന്ധവുമൊക്കെ ഒത്താലൊത്തു, അത്രതന്നെ.
അതിലൊന്നാണു് ഈ കഥ: വെറും കഥയല്ല, നടന്ന സംഭവം. സാവിത്രിക്കുട്ടിയുടെ അമ്മ മീനാക്ഷിയമ്മ അവരുടെ ചിറ്റമ്മയിൽ നിന്നും കേട്ടകഥ: സാവിത്രിക്കുട്ടിയൊക്കെ കൊച്ചുങ്ങളായിരുന്നപ്പോളുണ്ടായതാണു്.
ദാക്ഷായണിച്ചിറ്റമ്മ മൂത്തേടത്തു വടക്കിനീടെ പടിഞ്ഞാപ്രത്തെ വലിയ വരാന്തയിൽ ചെറിയ തടുക്കുപാ നിവർത്തിയിട്ടു് വിശാലമായിട്ടിരുന്നു; പിച്ചളച്ചെല്ലം തുറന്നുവച്ചു.
ഊണുകഴിഞ്ഞു് ഞാനും കൊച്ചേച്ചീം കൂടെ രജനിയെ അന്വേഷിച്ചിറങ്ങിയതാരുന്നു, തായം കളിക്കാൻ; ചിറ്റമ്മേടെ മുമ്പിൽപ്പെട്ടു.
‘ഇങ്ങട്ടുവാടീ പിള്ളാരേ; എങ്ങോട്ടാ ഈ നട്ടുച്ചയ്ക്കു് ബാ ഇബിടിരി.’
ഞങ്ങൾ കൊച്ചിറയത്തിരുന്നു, അല്ലാതെ രക്ഷയില്ല. ദാക്ഷായണിച്ചിറ്റമ്മയ്ക്കു് കഥ കേൾക്കാൻ ആരെയെങ്കിലും കിട്ടിയാൽ ജന്മസാഫല്യമായി. ‘അതിപ്പം ഏതു കഥയാ…’ പതുക്കെപ്പറഞ്ഞുകൊണ്ടു് തുളസിവെറ്റിലച്ചുണ്ടുനുള്ളി കവിളരികിലൊട്ടിച്ചു; പിന്നെ വെറ്റില ഞരമ്പുകീറി നൂറുതേച്ചു് അതിനകത്തു് ഒരു ചെറിയ ഡപ്പിയിൽ നിന്നു് ചതച്ചുപൊടിച്ച അടയ്ക്കചേർത്തു് മടക്കിക്കൂട്ടി വായിൽ വച്ചു; പുറകെ ഒരു നുള്ളു പുകയില നുള്ളിയെടുത്തു്—ശർക്കരയുടെയും ഏലക്കായുടേയും ഗ്രാമ്പൂവിന്റേയും എരിവുള്ള വാസന മൂക്കിലേക്കു വലിച്ചെടുത്തു ഞങ്ങൾ—വായിലിട്ടു ചവച്ചു മുറ്റത്തേക്കു തുപ്പി…. ‘സത്യം പറയാമല്ലോ അതുകണ്ടാ ഞാനും വയസ്സായപ്പോ മുറുക്കാൻ ചവച്ചുതുടങ്ങീതു്.’ ങാ, എന്നിട്ടു് ചിറ്റമ്മ മുറുക്കാൻ ചെല്ലത്തിനകത്തൂന്നു് ഒരു ചെറിയ പരന്ന കറുത്ത റബ്ബർഡബ്ബ തുറന്നു് വായുഗുളികയേക്കാൾ ചെറിയൊരു കറുത്ത സാധനം തോണ്ടിയെടുത്തു് വലത്തെ അണപ്പല്ലിനിടയിലൊതുക്കി വച്ചിട്ടു് കണ്ണിറുക്കി ഒരു ചിരി. ‘ഇപ്പ ഇതില്ലാതെ പറ്റത്തില്ല. ആ അണപ്പല്ലു് നാശം; ആകെ അഞ്ചാറുപല്ലേ ശേഷിച്ചിട്ടുള്ളൂ… ഒരാളു രഹസ്യായിട്ടു പറഞ്ഞു തന്നതാ. നിങ്ങളായിട്ടു് ആരോടും പറയണ്ടാ, ഇതാണു് കറുപ്പു്!’ ചിറ്റമ്മ ചിരിച്ചു.
ചിറ്റമ്മയുടെ ഒരുക്കം പൂർത്തിയായപ്പോൾ കഥ താനേ വന്നു:
മേലേ മൂത്തകുന്നത്തെ കാർന്നോര്ടെ മൂന്നാമത്തെ പെങ്ങടെ ഒരേയൊരു മോനാര്ന്നു കുഞ്ഞൻപിള്ള. തള്ള നേരത്തേ ചത്തുപോയി. പിന്നാരു നോക്കാനാ. അവഗണന സഹിക്കാതാന്നാ പറയണെ. കാർന്നോരും മരുമോനും തമ്മിൽ ഭയങ്കര വഴക്കായത്രെ. മരുമകൻ വീടുവിട്ടിറങ്ങേണ്ടിവന്നു. അങ്ങനെ അനാഥനായി നാടുമുഴുവനലഞ്ഞു് അവശനായി വഴിയമ്പലത്തിലെങ്ങാണ്ടു ചുരുണ്ടുകൂടിക്കിടക്കുന്നു കുഞ്ഞൻപിള്ള. അപ്പോളൊണ്ടു് അതുവഴി വരുന്നു കരുണാമയനായ നീലാണ്ടപ്പണിക്കർ—നിങ്ങടച്ചൻ! അമ്പലത്തിന്റെ കളിത്തട്ടിൽ കിടക്കുന്നു ഒരു മനുഷ്യരൂപം—മുഷിഞ്ഞ തോർത്തുമുണ്ടാണു വേഷം. മെലിഞ്ഞു് കോലം കെട്ടു്… ചേട്ടൻ അടുത്തുചെന്നു് കൈ മൂക്കിൽ വച്ചു—ശ്വാസമുണ്ടു്.
‘വേണ്ടാങ്ങത്തെ, തൊടണ്ട, ആരാ ഏതാന്ന്വച്ചിട്ടാ വല്ല…’ ശങ്ക്വാരു് പരിഭ്രമത്തോടെ തടഞ്ഞു.
‘ആരായാലും മനുഷ്യജീവിയല്ലേ ശങ്ക്വാരേ… നീയിത്തിരി വെള്ളമിങ്ങു വാങ്ങിച്ചോണ്ടുവാ.’ ചേട്ടൻ ചെക്കനെ താങ്ങിയെഴുന്നേല്പിച്ചു: ‘നീയേതാടാ കൊച്ചനേ? എന്താ ഇങ്ങനെ? ചെക്കനു് മിണ്ടാനാകണ്ടേ? അടുത്ത വീട്ടീന്നു വാങ്ങിച്ചോണ്ടു വന്ന വെള്ളം കൊറച്ചുമുഖത്തു തളിച്ചപ്പം കണ്ണുതുറന്നു. ചേട്ടൻ വെള്ളം വായിൽ പിടിച്ചുകൊടുത്തു… മടുമടാന്നു് കൊറെ വെള്ളം കുടിച്ചു… വിമ്മിട്ടപ്പെട്ടാത്രെ ആദ്യോക്കെ എറക്കീതു്, പാവം.’
‘എഴുന്നേറ്റിരിക്കാമെന്നായപ്പം ചേട്ടൻ വിവരോക്കെ ചോദിച്ചു. പറഞ്ഞുവന്നപ്പ കൊറച്ചു് അകന്ന ബന്ധമേതാണ്ടൊണ്ടത്രെ. അതുകൊണ്ടൊന്ന്വല്ല, ചേട്ടൻ കൂടെ കൂട്ടി. അതല്ലേ ചേട്ടൻ! ആര്ടേം ദൈന്യത കാണാൻ വയ്യ.’
‘നീലാണ്ടപ്പണിക്കർക്കൊപ്പം അന്നു് മൂത്തേടത്തു തറവാട്ടിലേക്കു കേറിവന്ന കുഞ്ഞൻപിള്ള പാവമാരുന്നു, ചെക്കനൊന്ന്വല്ല കേട്ടോ, അന്നു പത്തുമുപ്പതു വയസ്സൊണ്ടു്… ങാ, അന്നു നിങ്ങളൊക്കെ കൊച്ചുങ്ങളാ; ചേച്ചി സുനന്ദേ ഗർഭാര്ന്നു…’
‘കുഞ്ഞനു് വെറുതെയിരുന്നുണ്ണുന്നു എന്നൊരസ്കിത വേണ്ടാ, പാടത്തും പറമ്പിലുമൊക്കെ ഒരു മേൽനോട്ടമാകാം. കൊയ്ത്തു നടക്കുമ്പോളും മെതിക്കുമ്പോളൂക്കെ കളത്തിലൊരാളുവേണം. എന്താ പറ്റില്ലേ? രാഘവൻ കാളെജിലല്ലേ… പിന്നെ ശേഖരൻ… വയസ്സു പതിനാറായീച്ചാലും കാര്യമില്ല… ഒക്കെ തോന്ന്യപടി ഒരു പോക്കാ.’ ചേട്ടൻ ജോലി ഏല്പിച്ചു. കുഞ്ഞൻപിള്ള ആ പഴുതിലങ്ങുകേറി കുഞ്ചമ്മാനായി; കാര്യസ്ഥനായി… നീലാണ്ടൻ ചേട്ടനു സഹായിയും, കാര്യസ്ഥനുമെല്ലാമായി ശങ്ക്വാരാര്ന്നേ… ചേട്ടനു് മേലാംകോട്ടേ കാര്യങ്ങളും നോക്കണ്ടെ, കാരണവരല്ലേ. അവിടാണെ വല്യേ വല്യേ തർക്കങ്ങളും പ്രശ്നങ്ങളും നടക്ക്വേം. അതിനെടേലല്ലേ നിങ്ങക്കായിട്ടു് ചെമ്പകശ്ശേരിത്തറവാടു് പണിതതും താമസം മാറ്റീതും. എന്നാലും നീലാണ്ടൻചേട്ടനു് മേലാംകോടു് ഒത്തിരി കാര്യങ്ങളൊണ്ടാരുന്നേ… അപ്പോ ശങ്ക്വാരും ഒപ്പണ്ടാവും.
“കുഞ്ചമ്മാനു കാര്യങ്ങൾ എളുപ്പമായി; ര്യസ്ഥപ്പണിയങ്ങു് ഏറ്റെടുത്തു… ശേഖരനാണേ സുഖിമാനാ, സ്വാർത്ഥനും… അയാക്കു ഭരിച്ചും സുഖിച്ചും നടക്കണം അത്രതന്നെ. രാഘവൻ തിരുവനന്തപുരത്തു പഠിക്കുന്നു… കുഞ്ചമ്മാൻ ശേഖരനെ ശിങ്കിടിയാക്കി. ‘നിങ്ങക്കൊന്നും തീരെ പിടിപ്പില്ലാഞ്ഞിട്ടാ ഈ കള്ളക്കൂട്ടം—അടിയാമ്മാരേ—പറ്റിക്കുന്നേ. ഇനീംക്കേ ഞാനാ… പിള്ളേർക്കൊരു വകതിരിവെത്തും വരെ എല്ലാം ഞാൻ നോക്കിക്കോണ്ടു്… കേട്ടല്ലോ ശേഖരാ, ഒക്കെ പഠിച്ചെടുത്തോണം.’ ശങ്കരിച്ചേച്ചീടെ നിർദ്ദേശാര്ന്നേ.”
‘എല്ലാം നോക്കാനാളായീന്നു് നീലാണ്ടൻ ചേട്ടൻ സമാധാനിച്ചു.’
‘കുടികിടപ്പുകാരേയും പണിക്കാരേയും വരച്ച വരയിൽ നിർത്തി കുഞ്ചമ്മാൻ. കൊഴിഞ്ഞു വീഴുന്ന തേങ്ങയ്ക്കു മാത്രമല്ല മടലിനും കൊതുമ്പിനും കോഞ്ഞാട്ടയ്ക്കും വരെ കുഞ്ഞൻപിള്ള കണക്കു വച്ചു. പഞ്ഞ കാലങ്ങളിൽ അടിയാന്മാരുടെ വീടുകളിൽ കഞ്ഞിവയ്പില്ലെന്നറിഞ്ഞാൽ പത്തായത്തിൽ നിന്നു് വിത്തുനെല്ലു് വാരിക്കൊടുത്തു് ‘കൊണ്ടുപോയി വറത്തു കുത്തി കഞ്ഞിവച്ചു് കുഞ്ഞുങ്ങക്കു കൊടുക്കു്’ എന്നു കണ്ണുനിറയ്ക്കുന്ന നീലാണ്ടൻ ചേട്ടന്റെ അടിയാന്മാർക്കു് അതോടെ രാഹുകാലം തുടങ്ങി… അതുമാത്രാ… ചെത്തിയിറങ്ങുന്ന മധുരക്കള്ളു് അടിച്ചുമാറ്റാനും, പാട്ടക്കാര്ടെ കയ്യിൽ നിന്നു് സൂത്രത്തിൽ കാശുതട്ടാനും ശേഖരനെ കരുവാക്കി. പാവം കർഷകർക്കു് വസ്തുവിന്റെ പ്രമാണം ഈടിൽ പണം കൊടുക്കും, വിത്തും കൊടുക്കും… അവസാനം ആ വസ്തുക്കൾ സ്വന്തമാക്കും… ശങ്കരിച്ചേച്ചിയെ വിശ്വസിപ്പിച്ചിരുന്നതു്, അങ്ങനെ കിട്ടുന്ന നേട്ടമെല്ലാം ചെമ്പകശ്ശേരീലേക്കു് തന്നെയെന്നു്. ശങ്കരിച്ചേച്ചിക്കാണേൽ ചേട്ടന്റെ കരുണേം ദയേമൊക്കെ വല്യ ദേഷ്യാരുന്നേ. കുഞ്ചമ്മാനെ അങ്ങനെ ചേച്ചിക്കും പൂർണ്ണവിശ്വാസമായി. സ്വന്തം ധൂർത്തിനൊള്ളതൊക്കെ പാട്ടക്കാര്ടെ കയ്യീന്നു ശേഖരൻ നേരിട്ടു വാങ്ങിക്കാനും തൊടങ്ങി; കുഞ്ചമ്മാൻ അറിഞ്ഞതായി നടിച്ചൂല്ല. അതാണു സൂത്രം, അയാളും വാങ്ങിക്കുവല്ലേ…’
‘അങ്ങനെ കുഞ്ഞൻപിള്ള ഭരണം തുടങ്ങീട്ടു കുറച്ചുനാളുകഴിഞ്ഞു. ഇതിനെടേലെപ്പളോ മേലേ മൂത്തകുന്നത്തുകാരണവരും നീലാണ്ടൻ ചേട്ടനുമായി കണ്ടുമുട്ടി. ലോഹ്യം പറഞ്ഞ കൂട്ടത്തീ ‘ആ കുഞ്ഞനെ തീർത്തും തള്ളിക്കളഞ്ഞൂല്ലേ, എത്രായാലും കൂട്ടത്തിൽപ്പെട്ടതല്ലേ!’ എന്നു് നീലാണ്ടൻ ചേട്ടൻ പറഞ്ഞത്രേ. ആ മൂപ്പീന്നിനു് ചേട്ടനെ വല്യകാര്യായിരുന്നൂന്നാ കേട്ടേക്കണേ. അതുകൊണ്ടാണോ അതോ ചത്തുപോയ പെങ്ങളെ ഓർമ്മ വന്നിട്ടാണോന്നു പറയാൻ പറ്റില്ല—ഏതായാലും നിന്റമ്മയ്ക്കവകാശപ്പെട്ടതു നീയെടുത്തോ എന്നു് പറഞ്ഞു് അങ്ങേരു് ഏതാണ്ടു് കൊറച്ചൊക്കെ ഭൂമിയോ നെലോ എവുതിക്കൊടുത്തു കുഞ്ഞൻപിള്ളയ്ക്കു്’
‘അതുകഴിഞ്ഞാ ഇനീ പറയാൻ പോണകഥ.’
‘ആങ്ഹാ… ഭാരതീ, നീ കോട്ടുവായിടണ്ട… ഇത്രേം വിവരിച്ചതു് എന്തിനാന്നു് പതുക്കെ മനസ്സിലാകും… ഇപ്പപ്പറയണ കഥ കേട്ടാ നീ ഉഷാറാകും നോക്കിക്കോ; എന്നു വച്ചാ ഈ കുഞ്ചമ്മാനില്ലേ അയ്യാളു് ഒരാൾടെ പറമ്പിത്തൂറി പറമ്പു സ്വന്തമാക്കി; അപ്പളോ…’
‘കോഴി കൂകണേനു മുമ്പേ ഒരു സർക്കീട്ടൊണ്ടു് കുഞ്ചമ്മാനു്, കത്തിച്ച റാന്തലും തൂക്കി; ഒരു നീളമുള്ള വടിയും കയ്യിലെടുക്കും. അന്നൊന്നും ഇതു പോലെ പൊതുവഴിയൊന്നുമില്ലാന്നറിയാല്ലോ. പറമ്പുവഴി കേറി വീട്ടുമുറ്റംവഴി, തൊണ്ടും നീർച്ചാലുകളും കടന്നു് അങ്ങു നടക്കും. നമ്മളേപ്പോലുള്ള തറവാട്ടുകാർക്കല്ലേ വേലീം പടിപ്പെരേമൊക്കെ. കുടികെടപ്പുകാരും മറ്റൊള്ള പാവങ്ങളും എന്തതിർത്തി തിരിക്കാനാ.’
‘വെളുപ്പിനേ എറങ്ങണ കുഞ്ചമ്മാൻ ചെമ്പകശ്ശേരീലേം അയാടേം പുരേടങ്ങളിലൊക്കെ ചുറ്റിയടിക്കും; വീണുകെടക്കണ തേങ്ങേം ഓലേം കോഞ്ഞാട്ടേം വരെ പെറുക്കിക്കൂട്ടും. നേരം വെളുത്താൽ കുടിയാൻ അതു വീട്ടിലെത്തിക്കണം—‘എടാ കമലാസനാ, മാടക്കത്തറപ്പൊരേടത്തീന്നു് മൂന്നുതേങ്ങേം അഞ്ചുമടലുമേ വന്നൊള്ളല്ലോടാ… ഒരു തേങ്ങേം രണ്ടോലമടലും എവ്ടെ തിരുകിയെടാ’ എന്നു കണക്കും അച്ചട്ടാ. ഒരു കൊതുമ്പോ ഓലമടലോ കുറഞ്ഞാലും ശിക്ഷ കടുത്തതാ.’
‘അങ്ങനെ ചുറ്റിവരുന്നതിനെടേലാരിക്കും ഓരോ ‘ശങ്കകൾ’ വരുക. ഒടനെ ആൾപ്പാർപ്പില്ലാത്ത ഏതേലും പുരേടത്തിലെ തെങ്ങിൻതടത്തിൽ ആശാനങ്ങു് മുണ്ടും പൊക്കി കുന്തിച്ചിരിക്കും, എന്തിനാണോ. വെളിക്കെറങ്ങാൻ… കാര്യം സാധിച്ചുകഴിഞ്ഞാൽ അടുത്ത കണ്ട കുളത്തിലിറങ്ങി ശുദ്ധിവരുത്തും; അതാ പതിവു്.’
‘അങ്ങനെ ഒരു ദിവസം.’
‘പറമ്പുകളെല്ലാം പരിശോധിച്ചു തിരിച്ചുവരും വഴി അയാക്കു ‘മുട്ടി’ റാന്തലു തിരിതാത്തി മാറ്റിവച്ചിട്ടു് ഒരു തെങ്ങും ചോട്ടിലങ്ങു കുന്തിച്ചിരുന്നു. നാട്ടുവെളിച്ചം പരന്നു തുടങ്ങീട്ടില്ല, ഇരുട്ടിൽ ഏതോ ഒറ്റക്കണ്ണൻ ജീവിപോലെ റാന്തൽ തിരി മാത്രം. കാര്യം സാധിച്ചുകൊണ്ടിരിക്കുമ്പോളൊണ്ടു് തെങ്ങിന്റെ മണ്ടേന്നൊരനക്കം, കിരുകിരാന്നു്. കൂടെ എന്തോ മുട്ടുന്നതോ പൊട്ടിക്കുന്നതോ… യക്ഷികളെറങ്ങണ സമയം കഴിഞ്ഞല്ലോന്നു് സംശയിക്കുമ്പോളേക്കും വീണ്ടും ആ ശബ്ദം… ഓ, ഇതതുതന്നെ… ചോര കുടിച്ചു കഴിഞ്ഞു് എല്ലു കടിച്ചു പൊട്ടിക്കുകാ… ഛേ അല്ല, ഇതു തെങ്ങല്ലേ, യക്ഷി പനയിലല്ലേ… ഇവ്ടെങ്ങും പനയില്ലാത്തതുകൊണ്ടു്… കുഞ്ഞൻപിള്ളയുടെ മൂലത്തിൽ നിന്നു് മൂർദ്ധാവിലേക്കെന്തോ പാഞ്ഞുകയറി, വല്ലാത്തൊരു ശബ്ദം തൊണ്ടയിൽ നിന്നു പുറത്തുചാടി; പേടിച്ചരണ്ടു് ചാടിയെഴുന്നേൽക്കാൻ നോക്കീട്ടും പറ്റാതെ തെങ്ങിൻ തടത്തിൽ പടിഞ്ഞു കെടന്നുപോയി. അപ്പോണ്ടു് തെങ്ങിൽ നിന്നു് ഇരുണ്ട ഒരു രൂപം ഊർന്നിറങ്ങി അയാടെ മുമ്പിൽ; റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ അതൊരു ഭൂതം പോലെ… കയ്യിൽ തിളങ്ങുന്ന കത്തി, അരയിൽ കെട്ടിത്തൂക്കിയ കുടം.’
‘ഹാ… ഹാ… രാതു്’ കുഞ്ഞൻ പിള്ളയ്ക്കു ശബ്ദം പുറത്തുവന്നില്ല.
അതിനേക്കാൾ പേടിച്ചുപോയ ഭൂതം പെട്ടെന്നു് തെങ്ങിൻതടത്തിൽ നിന്നു പുറത്തുചാടി വിക്കിവിക്കിപ്പറഞ്ഞു:
“ഹെന്റെ തൈവേ, അട്യേനറിഞ്ഞില്ലേ, വെടകൊണ്ടു്… പൊറുക്കണം തമ്പ്രാനേ… അട്യേനറിഞ്ഞില്ലേ… ” കോന്തി ദൂരേക്കു ദൂരേക്കു മാറിക്കൊണ്ടു പറഞ്ഞൊപ്പിച്ചു.
കുഞ്ഞൻപിള്ളയ്ക്കു ശ്വാസം കീഴ്പ്പോട്ടിരുന്നു. അയാൾ പെടച്ചെഴുന്നേറ്റു… ഇതു കോന്തിയാണു്, ചെത്തുകാരൻ കോന്തിച്ചോകോൻ. കുഞ്ഞൻപിള്ള ആകുന്ന ശബ്ദമെടുത്തലറി:
‘നീ കോന്തിയല്ലേടാ… തീണ്ടി നാശാക്കിയില്ലേടാ ശവമേ! തെണ്ടിപ്പരിഷ, നെനക്കു ഞാമ്പോയിട്ടു് കെട്ടിയെടുത്താപ്പോരാര്ന്നോ, നാശം!’
‘അട്യേൻ… മാപ്പാക്കണേ തമ്പ്രാ… അട്യേനു് പേട്യായി വീണുപോന്നതാ തമ്പ്രാ… മാപ്പാക്കണേ തമ്പ്രാ…’ കോന്തി കരഞ്ഞു വിളിച്ചു മാപ്പു പറഞ്ഞു.
‘എന്തുകാര്യം! മാപ്പുകൊടുക്കാവുന്ന തെറ്റാണോ കോന്തി ചെയ്തതു്; ഒരു നായരുതമ്പുരാനെ… വെറും നായരോ—ബ്രാഹ്മണവിത്താ—തൊട്ടടുത്തുനിന്നു തീണ്ടി. പൊറുക്കാവുന്ന കൈക്കുറ്റപ്പാടാണോ ഒരു വെറും ചോകോനായ കോന്തി ചെയ്തതു്.’
ദാക്ഷായണിച്ചിറ്റമ്മ ഒരു വക്രിച്ച ചിരി ചിരിച്ചു് ഒരു നിമിഷം നിശ്ശബ്ദയായി.
‘അതെന്താ കൈക്കുറ്റപ്പാടു്?’ എന്റെ കുഞ്ഞേച്ചി ചോദിച്ചു.
ചിറ്റമ്മ ചിരിയോടെ പറഞ്ഞു:
‘എന്നു വച്ചാ തെറ്റു ചെയ്തെന്നു്… മേൽജാതിക്കാരോടോ, രാജാവിനെതിരെയോ ഒക്കെ ചെയ്യുന്ന തെറ്റു്. അത്രേള്ളൂ.’
‘അതിനു് കുഞ്ചമ്മാവന്റെ പറമ്പാര്ന്നോ, അല്ലല്ലോ? പിന്നെ, കുഞ്ചമ്മാൻ തെങ്ങും തടത്തിലിരിക്കുന്നതു് കോന്തിക്കറിയില്ലാര്ന്നല്ലോ, അയാളു പേടിച്ചു് വീണുപോയതല്ലേ?’ കുഞ്ഞേച്ചി വിടുന്ന ഭാവമില്ല.
‘അതൊന്നും ഇബ്ടെ കാര്യല്ല കുട്ട്യോളേ. കുഞ്ചമ്മാന്റെ പറമ്പല്ല. എന്നാലോ അതു് കോന്തിയുടെ പറമ്പാണുതാനും. അയാടെ സ്വന്തം. എന്നുവച്ചു്? ഒന്നാന്തരം കിരിയാത്തുനായരെയാ ഒരു ചോകോൻ കൈനീളം അകലത്തീ നിന്നു തീണ്ടീതു്. കോന്തി തെങ്ങീന്നെറങ്ങാതിരുന്നാൽ കൊഴപ്പില്ലാര്ന്നു. ഇതിപ്പം കുഞ്ചമ്മാൻ വെറുതെ വിട്വോ? നാടുമുഴ്‌വോൻ അറീച്ചില്ലേ!’ നീലാണ്ടച്ചേട്ടൻ പറഞ്ഞു: ‘ഒന്നും വേണ്ടാ; കോന്തീടെ പറമ്പു്, അവനറിഞ്ഞോണ്ടു തെറ്റുചെയ്തില്ല. അവനെക്കൊണ്ടു മാപ്പു പറയിച്ചാമതി.’ എവടന്നു്, ആരു കേക്കാൻ… ഇത്രേം വല്യ തെറ്റിനു മാപ്പോ! നാട്ടുനടപ്പുണ്ടു് ഓരോന്നിനും, അതു നടത്തിയേ പറ്റൂന്നായില്ലേ!
‘ശങ്കര്യേച്ചീം, കുട്ടിമാളുച്ചേച്ചീം, രണ്ടു ശേഖരമ്മാരും ചാടിവീണില്ലേ! ദുഷ്ടക്കൂട്ടം. നാട്ടുനടപ്പു്—ശിക്ഷ വിധിച്ചു: കോന്തിച്ചോന്റെ ആ നാപ്പതു സെന്റു് പുരേടം കുഞ്ഞൻപിള്ള തമ്പ്രാന്റെ തണ്ടപ്പേരിലാക്കുക; ആക്കി.’
നീലാണ്ടച്ചേട്ടൻ ദേഷ്യപ്പെടുന്നതു് അന്നാദ്യമായാ ഞാൻ കണ്ടേ: ‘കുഞ്ഞനിനി ഈ കുടുമ്മത്തുവേണ്ടാ.’ ശങ്കര്യേച്ചി എതിർത്തു നോക്കി. ഈ തക്കത്തിനു് വല്യേച്ചി—കുട്ടിമാളുവമ്മയേ—ഇടപെട്ടു ‘അതുവേണ്ടാ, കുഞ്ഞൻപിള്ളയെ അങ്ങനെ ആരുമിട്ടു വട്ടുതടണ്ട. ഇത്രകാലോം ഇവടെക്കെടന്നു് മെടച്ചതിന്റെ കൂലി കിട്ടീല്ലേ കുഞ്ഞാ… ഞങ്ങടെ കൂടെ നിക്കാം… ശേഖരന്റെ കൊപ്രാക്കച്ചവടത്തിനൊക്കെ ഒരു താങ്ങാകും… ഞങ്ങളു നന്ദികേടു കാണിക്കുകേല… ഒന്നൂല്ലേലു് നമ്മടെ ബന്ധു തന്നെയല്ലേ… ഞങ്ങളുനോക്കും കുഞ്ഞനെ… എടാ ശേഖരാ, കുഞ്ഞനേം വിളിച്ചോണ്ടു ബാ… ഞങ്ങടെ വല്യേച്ചി ഞെളിഞ്ഞങ്ങു നടന്നു, കൂടെ കുഞ്ഞൻപിള്ളയും വല്യേച്ചീടെ മോൻ ശേഖരനും…’
‘ഇനി, ഇതിലും വലിയ കഥയുണ്ടു്… എന്റെ വല്യേച്ചീം മോനും കൂടെ കുഞ്ഞൻപിള്ളയോടു കാണിച്ച നന്ദിയുടെ കഥ… നാളെപ്പറയാം കേട്ടോ.’