കുഞ്ഞൻപിള്ളയെ എന്നേ നോട്ടമിട്ടു തുടങ്ങിയതാണു് അമ്മയും മകനും കൂടി… ഭയങ്കര അദ്ധ്വാനി, സൂത്രശാലി, എല്ലാ വേലത്തരങ്ങൾക്കും ആശാൻ; പോരാത്തേനു് ഒറ്റത്തടി… കുഞ്ഞൻപിള്ള കേറിയങ്ങു തെളിഞ്ഞപ്പോൾ മുതൽ അതുവരെ തിരിഞ്ഞുനോക്കാത്ത ചിലർ ബന്ധം പറഞ്ഞെത്തിയത്രെ… സഹോദരങ്ങളുടെ മക്കളാരോ. അന്നു് കുഞ്ഞൻപിള്ള ആട്ടിയോടിച്ചു. പക്ഷേ, എന്നും അയാളുടെ നിലപാടു് അതാകണമെന്നില്ല… ആളെ കൂടെക്കിട്ടിയാൽ ശേഖരപിള്ള ഏറ്റു.
നിമിത്തമെല്ലാം ഒത്തുവന്നു. നീലകണ്ഠപ്പണിക്കരുചേട്ടൻ കർശനമായിത്തന്നെ പറഞ്ഞു ‘കുഞ്ഞനിനി ഇവിടെ വേണ്ടാ’ന്നു്. ശങ്കരിയമ്മയും ശേഖരനും പറഞ്ഞിട്ടു കാര്യമില്ലെന്നു മാത്രമല്ല കുഞ്ഞൻപിള്ള ആ അപമാനം സഹിച്ചു് അവടെ നില്ക്കേമില്ല.
കുഞ്ചമ്മാനെ കൂടെക്കൂട്ടി. കൊപ്രാക്കച്ചവടോം അരിക്കച്ചവടോം വിപുലപ്പെടുത്തി; പങ്കുകാരനാക്കി കുഞ്ചമ്മാന്റെ വിശ്വാസോം സ്നേഹോം പിടിച്ചെടുത്തു. അതോടെ താമസോം ഒപ്പമായി. അക്കാലത്താ മാർത്താണ്ഡപ്പിള്ളയുടെ വരവും. കച്ചവടമൊക്കെ കൊണ്ടുപിടിച്ചുനടക്കുന്നു. ആയെടക്കെങ്ങാണ്ടൊരു ദെവസം ശങ്കരിച്ചേച്ചിയെ കാണാൻ വന്നു, കുഞ്ചമ്മാൻ. കണ്ടപ്പോൾ കൊറെ കരഞ്ഞു് ക്ഷമചോദിച്ചു. ‘എന്താ കുഞ്ഞാ നെന്റെ പഴേ ചൊടീം ഉത്സാഹോക്കെ എവടെപ്പോയീ’ന്നു് ശങ്കരിച്ചേച്ചി ചോദിച്ചപ്പഴും കരഞ്ഞത്രെ.
അന്നു് കാത്തൂന്റെ കല്യാണം കഴിഞ്ഞാരുന്നേ. ശേഖരപിള്ള പെണ്ണു കെട്ടുന്നേനു മുമ്പൊരു ദെവസം…
കുഞ്ചമ്മാനു് എടയ്ക്കെടയ്ക്കു് തുള്ളപ്പനി വരാറൊണ്ടു്. വലത്തുകാലേ ശകലം നീരൊണ്ടാരുന്നേ. അതങ്ങു വീർക്കും. വല്യേവേദനയാത്രെ. പനി തുടങ്ങിയാൽ നാലഞ്ചുദിവസം കെടന്ന കെടപ്പുതന്നാ.
അവധിക്കു നാട്ടിപ്പോയ മാർത്താണ്ഡപ്പിള്ളയെ പെട്ടെന്നുചെന്നു് വിളിച്ചുകൊണ്ടുവന്നു ശേഖരപിള്ള.
‘തുള്ളപ്പനി വന്നാ വല്ലാത്ത തണപ്പാ, എത്ര കരിമ്പടം ഇട്ടുമൂടിയാലും പനിച്ചുതുള്ളും. അതിനു ഞങ്ങളൊക്കെ മുറീ നെരീപ്പോടു് കത്തിച്ചുവച്ചു് മുറി ചൂടാക്കി വയ്ക്കും.’
കുട്ടിമാളുവമ്മേം ശേഖരപ്പിള്ളയും ഇതുതന്നെ പറ്റിയ അവസരമെന്നു് എടുത്തു. വേറൊരു കാരണോം ആയെടയ്ക്കൊണ്ടായേ. കുഞ്ചമ്മാന്റെ എളേ അനുജത്തി സാമ്പത്തികമായി ഇത്തിരി ഞെരുക്കത്തിലാരുന്നത്രെ. അവൾക്കും കുഞ്ഞുങ്ങൾക്കും എന്തേലും ഇത്തിരി കൊടുക്കണ്ടേ ശേഖരാന്നു് കുഞ്ചമ്മാൻ അഭിപ്രായം ചോദിച്ചിരുന്നത്രെ.
അറേടപ്പറത്തെ തെക്കേമുറീലെ കട്ടിലിലാ കുഞ്ചമ്മാൻ കെടന്നിരുന്നേ. നെരിപ്പോടിൽ കനലിട്ടു് കട്ടിലിന്നടിയിൽ ചൂടുകിട്ടാൻ വച്ചിട്ടുണ്ടു്. കട്ടിലിന്നടുത്തുനിന്നു് കുട്ടിമാളുവമ്മേം ശേഖരപിള്ളേം കൊണ്ടുപിടിച്ച ചർച്ച. തുള്ളിപ്പനിക്കുന്ന കുഞ്ചമ്മാൻ കൈപൊക്കി തടയുകേം.
കൊറച്ചു കഴിഞ്ഞപ്പം ശേഖരപിള്ള നേരെ ഇറങ്ങിപ്പോയി. തിരിച്ചുവന്നതു് ജഡ്കയിൽ പടികെട്ടി താസിൽദാർ ബാലകൃഷ്ണമേനോനേം കൂട്ടിക്കൊണ്ടു്. മറ്റാരോ രണ്ടുപേരും മാർത്താണ്ഡപ്പിള്ളയും അവടൊണ്ടാരുന്നു…
പിന്നെയെല്ലാം വേഗമാരുന്നു… ഇടയ്ക്കിടെ കുഞ്ചമ്മാന്റെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാമായിരുന്നത്രെ. വിസമ്മതിക്കുമ്പോ കട്ടിലിന്നടിയിലെ നെരിപ്പോടു് ഊതി കത്തിക്കും. നടുവുപൊള്ളി കുഞ്ചമ്മാൻ നിലവിളിച്ചുപോകും.
എന്തായാലും മുദ്രപ്പത്രത്തിൽ വേണ്ടെടുത്തെല്ലാം കുഞ്ചമ്മാന്റെ വിരലടയാളം വച്ചു് മുദ്രപ്പത്രങ്ങളെല്ലാം രജിസ്റ്ററാക്കി. സഹായിയായി മാർത്താണ്ഡപ്പിള്ളയും. കുഞ്ചമ്മാന്റെ സമ്പത്തു മുഴുവൻ കുട്ടിമാളുവമ്മയുടെയും ശേഖരപിള്ളേടേം പേരിൽ ഇഷ്ടദാനം.
മൂന്നാം പക്കം കുഞ്ചമ്മാൻ മരിച്ചു. ശവം കുളിപ്പിക്കാനെടുത്ത എണങ്ങരു കണ്ടു, പുറം പൊള്ളി കുമളച്ചിരിക്കുന്നതു്. കുട്ടിമാളുവമ്മ പറഞ്ഞു, ‘അഞ്ചാറു ദെവസായില്ലേ ഒരേ കെടപ്പു്. കുളിരുകൊണ്ടു് വെറച്ചു തുള്ള്വാരുന്നു. എത്ര ചൂടുവച്ചാലും പോരാന്നു് വിളിയോടുവിളി. ആ ചൂടൊക്കെക്കൊണ്ടാ ചൂടുകുരു.’ കുളിപ്പിച്ചവർക്ക് ആവശ്യത്തിനു കൈമടക്കു കിട്ടിക്കാണും. പൊള്ളലൊന്നും പിന്നെ ചർച്ചയായില്ല. കുഞ്ചമ്മാന്റെ കുടുമ്മത്തീന്നാരോ വഴക്കിനു വന്നു, അവരെ അറിയിക്കാതെ ശവം ദഹിപ്പിച്ചതിനു്. കർമ്മങ്ങൾ ചെയ്യാൻ അവകാശപ്പെട്ടവരെ വിളിക്കാത്തതിനു്. ഒന്നും നടന്നില്ല.
അതുവരെ അന്വേഷിക്കാത്ത അവരെ ഓടിക്കാൻ ശേഖരപിള്ളയ്ക്കു് ന്യായങ്ങൾ നിരത്താനുണ്ടു്. പിന്നെ ഭീഷണിയും.
ആ അദ്ധ്യായം അങ്ങനെ തീർന്നു.