‘ചെമ്പകശ്ശേരിയിലെ മക്കളിൽ മൂന്നാമൻ ശേഖരപിള്ളയ്ക്കു കളവങ്കോടം കാട്ടുശ്ശേരിൽ രാധാകൃഷ്ണകർത്താവിന്റെ ഇളയമകൾ പത്തൊമ്പതുകാരിയായ സുന്ദരിക്കുട്ടി ഭദ്രയെ വിവാഹം കഴിക്കാനുള്ള പ്രധാന യോഗ്യത, മേലാംകോടു തറവാട്ടുകാരണവരും ശ്രീമൂലംപ്രജാസഭാ മെമ്പറുമൊക്കെയായിരുന്നിട്ടുള്ള കേശവപ്പണിക്കരുടെ കൊച്ചുമകൻ ആണെന്നുള്ളതായിരുന്നു; പിന്നെ ചെമ്പകശ്ശേരിൽ നീലാണ്ടപ്പണിക്കരുടെ മകനെന്നുള്ളതു് രണ്ടാമത്തെ മേന്മ. ഭദ്രയുടെ വല്യച്ഛൻ വേലായുധക്കർത്താവു്, എന്റച്ഛന്റെ—നീലാണ്ടപ്പണിക്കരുടെ—ചിറ്റമ്മേടെ മോൾടെ ഭർത്താവാരുന്നു. അച്ഛൻ മേലാംകോടു കാരണവരായിരുന്നപ്പോഴാ വേലായുധക്കർത്താവിനെ മെഡിക്കൽ കാളേജിൽ പഠിക്കാനയച്ചതു്, പഠിക്കാൻ മിടുക്കനായിരുന്നേ. മേലാംകോട്ടേ കുടുംബാംഗങ്ങൾക്കൊപ്പം പെങ്ങളുടെ ഭർത്താവിനെയും വലിയ ചെലവുള്ള പഠിപ്പിനയച്ചതിൽ കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായത്രെ. അച്ഛനതൊന്നും വകവച്ചില്ല. ‘പഠിക്കാൻ മിടുക്കുള്ളവർ പഠിച്ചുയരട്ടേ’ന്നു് അച്ഛൻ. ആ കടപ്പാടും അങ്ങനൊരു കടുംകൈക്കു കാരണമായി—കടുംകൈ എന്നു പറഞ്ഞതു് എന്റെ വല്യേട്ടനും ചേച്ചിമാരും തന്നാ. കാരണമുണ്ടു്. ഭദ്രേടത്തി ശുദ്ധപാവം പെണ്ണാരുന്നു, സ്നേഹിക്കാൻ മാത്രമറിയുന്ന പൊട്ടിപെണ്ണു്.’ മീനാക്ഷിയമ്മ കഥ പറയുന്നതു് സാവിത്രിക്കുട്ടി കേൾക്കുന്നുണ്ടായിരുന്നു.
‘എന്നേക്കാൾ ഒരു വയസ്സിനെളേതാരുന്നു ഭദ്രേടത്തി, ശേഖരേട്ടനു മുപ്പത്തി ഒന്നു്; ഒന്നുകൊണ്ടും ഒരുചേർച്ചേമില്ല. പറമ്പുനോക്കാനാ, പാടത്തു പണിക്കാരൊണ്ടു് എന്നൊക്കെപ്പറഞ്ഞു് ശേഖരേട്ടൻ രാവിലെ എറങ്ങും. പിന്നെ ഏതുനേരത്താ വരവെന്നു പറയാൻ പറ്റില്ല. ഉച്ചയ്ക്കെങ്ങാനും കേറിവന്നാൽ പിന്നെ പെങ്ങമ്മാർക്കും ഭാര്യയ്ക്കും പൂരത്തെറിയാ, ചെലപ്പോ കയ്യും വയ്ക്കും—പലകേമിട്ടു് കിണ്ണോം വച്ചു് വിളമ്പാൻ കാത്തുനിക്കാത്തതിനു്. വല്ല അടിയാമ്മാര്ടേം ചെറ്റനൂണ്ടു് തല്ലും വഴക്കുമുണ്ടാക്കി തെങ്ങുംകള്ളും കുടിച്ചു് രാത്രീലൊരു വരവൊണ്ടു്. കാർക്കോടകൻ! അല്ല, പിന്നെ!’
‘ഭദ്രേടത്തി രണ്ടാമത്തെ മരുമകളായി വീട്ടിൽ വന്നുകയറിയതിന്റെ മൂന്നാം മാസം… പല ദിവസങ്ങളിലും തല്ലും ചവിട്ടും തൊഴീമൊക്കെയുണ്ടാരുന്നത്രേ. ഏടത്തി ഒന്നുറക്കെ കരയുക പോലുമില്ല, പുറത്തറിയുമെന്നു പേടിച്ചു്. എത്രതല്ലു കൊണ്ടാലും, എത്ര ക്ഷീണമാണെങ്കിലും അതിരാവിലെ കുളത്തിൽ കുളിച്ചു് തളത്തിൽ വിളക്കുകൊളുത്തി നാമം ജപിക്കും ഭദ്രേടത്തി. ഒരു ദിവസം നെറ്റിയിലും കൈത്തണ്ടയിലും മുറിവും കവിളിൽ ചുവന്നു തടിച്ച പാടും കണ്ടാണു് ഞാൻ ചോദിച്ചതു്. ഒത്തിരി നിർബന്ധിച്ചു, അപ്പളാ പറഞ്ഞേ; അതും മറ്റാരോടും പറയരുതെന്നു് സത്യം ചെയ്യിച്ചിട്ടു് ഞാനും കൊച്ചേച്ചിയും കൂടാ അമ്മയോടു പറഞ്ഞതു്. ഭദ്രേടത്തിയെ ഉപദ്രവിക്കരുതെന്നു ശേഖരേട്ടനോടു പറയണം, പാവം ഛർദ്ദീം ക്ഷീണോം നേരെ ചൊവ്വേ ആഹാരം പോലും കഴിക്കുന്നില്ല.’
അമ്മയിൽ നിന്നു നീതി പ്രതീക്ഷിച്ചതേ തെറ്റു്; അമ്മ ചീറി; ‘ങാ കണക്കായിപ്പോയി; തല്ലുകൊള്ളുന്നൊണ്ടേ അതു കയ്യിലിരിപ്പിന്റെ ദോഷാ!’
‘ഒരു ദിവസം രാവിലെ… നേർത്ത മനോഹര ശബ്ദത്തിലുള്ള നാമജപം കേൾക്കുന്നില്ലല്ലോ, തളത്തിൽ നിലവിളക്കു കത്തിച്ചിട്ടില്ലല്ലോ. ഞാനും കൊച്ചേച്ചിയും കൂടി അവര്ടെ മുറീടെ വാതിക്കൽ ചെന്നു നോക്കുമ്പംന്താ, ഭദ്രേടത്തി വെട്ടിയിട്ട വാഴപോലെ കെടക്കുന്നു, തുണി മുഴ്‌വൻ ചോര. ഒരു ബോധമില്ല. മുഖത്തു വെള്ളം തളിച്ചപ്പം പതുക്കെ കണ്ണുചിമ്മി… വെള്ളം കൊടുത്തു് തുണിയൊക്കെ മാറ്റി, പിടിച്ചു് കട്ടിലിൽ കിടത്തി…’
‘തല്ലാണോ ചവിട്ടാണോ, അതോ തന്നെ സംഭവിച്ചതോ…’
അമ്മ കണിയാൻ വൈദ്യരെ വിളിക്കാൻ ആളെവിട്ടു… എനിക്കു കരച്ചിൽ വന്നിട്ടു വയ്യ. ആരുമറിയാതെ ഞാൻ കാട്ടിക്കൊളത്തെ കുഞ്ഞാതപ്പൊലേനെ പറഞ്ഞുവിട്ടു. ഭദ്രേടത്തീടെ വീട്ടിലറിയിക്കാൻ. കുഞ്ഞാത മിടുക്കനാ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അയാൾ ഓടിപ്പോയി…
ഉച്ചയാകുമ്പോളേക്കും ഭദ്രേടത്തീടെ മൂത്ത ആങ്ങളേം ഭാര്യേം വന്നു, കാറുമായാണെത്തീതു്. ‘ആശുപത്രിൽ കൊണ്ടുപോകണം; ബ്ലീഡിംഗ് നിൽക്കുന്നില്ല; ഭദ്ര പാതിബോധത്തിലാ.’ ഭദ്രേടത്തീടെ ചേട്ടൻ പറഞ്ഞു.
കണിയാൻ വൈദ്യൻ മരുന്നു കൊടുത്തിട്ടൊണ്ടു്, നിന്നോളും. അതല്ല കൊണ്ടുപോകണോന്നു നിർബ്ബന്ധാച്ചാൽ ശേഖരൻ വന്നുചോദിച്ചിട്ടു് എന്താച്ചാ ചെയ്യാ; അല്ലാണ്ടു്? അവന്റെ ഭാര്യാ… നിങ്ങക്കു തോന്നുമ്പോലെ. ‘വേണ്ടാ, വല്യമ്മേ. ചോദ്യോം പറച്ചിലുമൊക്കെ പിന്നെയായിക്കോളാം. ഞങ്ങക്കിപ്പം പ്രധാനം അവൾടെ ജീവൻ രക്ഷിക്കലാ.’ ഭദ്രേടത്തീടെ ചേട്ടൻ ശബ്ദമുയർത്തി.
‘ശേഖരേട്ടന്റെ അമ്മോടും അച്ഛനോടും ചോദിച്ചിട്ടൊണ്ടു്, ദാ ഇവരെല്ലാം സാക്ഷിയാണു് ഭദ്രേടെ സ്ഥിതി സീരിയസ്സാണെന്നൊള്ളതിനു്. ഞങ്ങളവളെ കൊണ്ടുപോകുന്നു.’
രാത്രിയിൽ ശേഖരേട്ടൻ വന്നപ്പോൾ അമ്മ എരിവുകേറ്റി. അയാൾ കൂക്കി വിളിച്ചു് താണ്ഡവമാടി…
‘ദേവീ… ശ്രീദേവീ… ഈ രാക്ഷസജന്മങ്ങളെയൊക്കെ എനിക്കു നീ തന്നല്ലോ ദേവീ… ആ കൊച്ചിന്റെ ജീവൻ രക്ഷിക്കണേ ശ്രീദേവീ.’ അച്ഛൻ പതിവുപോലെ നിസ്സഹായതയോടെ വിലപിച്ചു.
‘ആലപ്പുഴ ആശുപത്രിയിൽ ഭദ്രേടത്തി രണ്ടാഴ്ച കിടന്നു. ഭാഗ്യം കൊണ്ടാണത്രെ രക്ഷപ്പെട്ടതു്, പക്ഷേ, കുഞ്ഞുപോയി. പക്ഷേ, ഞങ്ങടെ വീട്ടിൽ നിന്നാരും വിവരമന്വേഷിച്ചു പോയില്ല.’
‘ഭദ്രേടത്തി പോയതിന്റെ പിറ്റേമാസമായിരുന്നു സുനന്ദേടേം സുമിത്രേടേം കല്യാണം. വല്യേ ഉത്സവമായിട്ടാരുന്നു. അന്നു് വല്യേട്ടനു് ടൗണിൽ വല്യേ കച്ചവടമൊള്ള കാലമാ. ബിഏ കഴിഞ്ഞ ഒടനെയാരുന്നല്ലോ വല്യേട്ടന്റെ കല്യാണം. സരസ്വതിയേടത്തീടെ അച്ഛൻ കുബേരനാരുന്നൂന്നാ കേട്ടേക്കണേ… ഞങ്ങൾ, ഞാനും കൊച്ചേച്ചീം അവടെപ്പോയിട്ടൊണ്ടു്, രണ്ടാഴ്ച താമസിക്കേം ചെയ്തു. ഒരു കൊട്ടാരമാ വീടു്… ഏഴുവേലിക്കകത്തുള്ള വീടെന്നു് കേട്ടിട്ടേയുള്ളാരുന്നു. അവടെ ശരിക്കും അങ്ങനാ… എന്തുമാത്രം വേലക്കാരാ… ങാ അതുപോട്ടെ അതുവെറും പഴംകഥ… അതുപിന്നെ.’
‘കല്യാണത്തിന്റെ കാര്യമല്ലേ പറഞ്ഞേ… അനീത്തിമാര്ടെ കല്യാണത്തിന്റെ മുഴ്‌വോൻ ചരക്കുമെടുത്തതു് വല്യേട്ടന്റെ കടേന്നാ. രണ്ടായിരം രൂപേക്കൂടുതലിനൊള്ള മൊതലാ ഒറ്റയടിക്കു കൊണ്ടുപോന്നതു്. പതുക്കെ പറമ്പിലെ ആദായമെടുത്തു് തിരിച്ചു കൊടുക്കാമെന്ന കരാറിലാ… വല്യേട്ടന്റെ സ്വന്തം കടയല്ലല്ലോ, സരസ്വതിയേട്ടത്തീടെ അച്ഛന്റെ കാശെറക്കീതല്ലേ… കടേടെ നടത്തിപ്പുതന്നെ പരുങ്ങലിലായിപ്പോയത്രെ… എന്നാ ഇവടെ പറമ്പിലും പാടത്തുന്നുമൊന്നും ആദായം കിട്ടാഞ്ഞിട്ടാണോ… എന്തായാലും കാൽക്കാശു് തിരിച്ചുകൊടുത്തില്ലാന്നു മാത്രമല്ല… അതു് ഒരുപാടു ചതികളുടേയും നെറികേടുകളുടേയും കഥ… അതും ഞാൻ പിന്നെപ്പളെങ്കിലും പറയാം. മുഴ്‌വോനൊന്നുമറിയില്ലാ; ഇടയ്ക്കു് ഒന്നു രണ്ടുതവണ നാട്ടിൽ വന്നപ്പോൾ കണ്ടതും അറിഞ്ഞതും തന്നെ…’
അതു നിൽക്കട്ടെ.
‘സുനന്ദേടേം സുമിത്രേടേം കല്യാണം ഭദ്രേടത്തിയേയോ വീട്ടുകാരേയോ അറിയിച്ചില്ല. ആരും അങ്ങോട്ടു പോകരുതെന്നുള്ള ശേഖരേട്ടന്റെ ഉഗ്രശാസനം… വല്യേട്ടൻ കടയുടെ പ്രശ്നങ്ങളും മറ്റും കാരണം കല്യാണത്തിനു തലേന്നെ എത്തിയുള്ളൂ. വല്യേട്ടനും കുടുംബോം അന്നു് ആലപ്പുഴയല്ലേ താമസം. ഭദ്രേടത്തിയേയും വീട്ടുകാരേയും ക്ഷണിക്കാത്തതിനു് വല്യേട്ടൻ ഒത്തിരി ദേഷ്യപ്പെട്ടു. അമ്മയും ശേഖരേട്ടനും വല്യേട്ടനേയും സരസ്വതിയേട്ടത്തിയേയും ഇനി പറയാനൊന്നുമില്ല. അതീപ്പിന്നെയാണു് വല്യേട്ടനേം സരസ്വതിയേട്ടത്തിയേം പിള്ളേരേം അമ്മേം ശേഖരേട്ടനും ഏതാണ്ടു് അന്യരേപ്പോലെ കാണാൻ തുടങ്ങീതു് ന്നാ തോന്നണതു്… ങാ അതുപോട്ടെ.’
‘അതും കഴിഞ്ഞു് ആറുമാസം കഴിഞ്ഞാരുന്നു എന്റേം കൊച്ചേച്ചീടേം കല്യാണം. നിങ്ങളു വിചാരിക്കുന്നുണ്ടാകും എനിക്കും കൊച്ചേച്ചിക്കും ചെറുക്കനെ കിട്ടാത്തകൊണ്ടു് ആദ്യം അനീത്തിമാര്ടെ കല്യാണം നടത്തീതാന്നു്, ല്ലേ? എന്നാൽ അതങ്ങനെയല്ല. ഞങ്ങൾക്കു വന്ന ആലോചനകൾ രണ്ടും സ്ക്കൂൾ വാദ്ധ്യാന്മാരാര്ന്നു… അന്നൊക്കെ സ്ക്കൂളി പഠിപ്പിക്കണ സാറമ്മാർക്കു ശമ്പളം കൊറവാണേ… പക്ഷേ, വല്യേ തറവാട്ടു മഹിമയൊള്ളതുകൊണ്ടാണത്രെ അമ്മേം ആങ്ങളമാരും സമ്മതിച്ചേ. അനീത്തിമാർക്കു വന്നതു രണ്ടും ആപ്പീസുജോലിക്കാരാ. കമ്പനീലു്, ഒരാളു് കോട്ടേത്തും മറ്റേയാളു് മദ്രാസിലും…’
‘നാലുപേരിൽ അച്ഛനു് ഏറ്റവും സമ്മതമായതു് എന്റെ പിള്ളേര്ടച്ചനെയാ.’ ‘എത്ര വിവരമുള്ള ചെറുപ്പക്കാരൻ, വല്യേ തറവാട്ടിലേം’, എന്നാ അച്ഛൻ പറഞ്ഞേ. ‘നാലും ഒന്നിച്ചു നടത്താം, ചെലവും കുറവു്. അതുമല്ല മൂത്തതുങ്ങളെ നിർത്തിക്കൊണ്ടു്…’ എന്നു് അച്ഛൻ പറഞ്ഞതും ‘പോകാൻപറ. നമ്മടെ സൗകര്യംപോലെ നടത്തും; ആ കൊച്ചമ്മാർക്കു കൊറച്ചിലൊണ്ടാക്കണ്ട കണ്ട സ്ക്കൂൾ വാദ്ധ്യാമ്മാരെ ഒപ്പം കേറ്റിയിരുത്തി…’ അമ്മ തീർപ്പു കല്പിച്ചു.