‘ഞങ്ങടെ കല്യാണം തീരുമാനിച്ചപ്പം അച്ഛൻ വാതുറന്നു.’ ‘കാട്ടുശ്ശേരിക്കർത്താവിന്റെ വീട്ടിപ്പോണം… ഭദ്രയെ വിളിച്ചോണ്ടുവരണം. കർത്താക്കന്മാർ നമ്മടെ ബന്ധുക്കളാ. വേണ്ട രീതിയിൽ തന്നെ ക്ഷണിക്ക്യേം വേണം.’
കാലം കടന്നുപോയിട്ടും അങ്ങോട്ടോ ഇങ്ങോട്ടോന്നു് അറിയാൻ വയ്യാത്ത നിലയിൽ വീട്ടുകാർ കൊണ്ടുപോയ സ്വന്തം ഭാര്യയെ അന്വേഷിക്കാൻ ശേഖരേട്ടനോ മരുമകൾക്കെങ്ങനെയുണ്ടെന്നറിയാൻ അമ്മയോ മറ്റുള്ളവരോ തയ്യാറായിരുന്നില്ല. എന്നിട്ടും ഭദ്രേടത്തി കരഞ്ഞു കരഞ്ഞു കാത്തിരിക്കുകയായിരുന്നു. ശേഖരേട്ടനുമായുള്ള ബന്ധം വിടർത്താൻ വീട്ടുകാർ എത്ര നിർബ്ബന്ധിച്ചിട്ടും ഭദ്രേടത്തി കൂട്ടാക്കിയില്ല; തന്നെ കൂട്ടിക്കൊണ്ടു പോകാൻ ശേഖരേട്ടൻ വരുമെന്നു് ഉറച്ച വിശ്വാസമായിരുന്നു.
ശേഖരേട്ടനല്ല ചെന്നതു്. വല്യേട്ടനും ഏട്ടത്തിയും ഗോമതിച്ചേച്ചീം വല്യേചിറ്റമ്മേം വേണൂം നന്ദിനീം കൂടിയാ പോയതു്. എല്ലാരേം കൂടി കണ്ടപ്പോ ഭദ്രേടത്തിക്കു സന്തോഷായി. പക്ഷേ, കാട്ടുശ്ശേരിക്കാർ ആദ്യമൊന്നും അടുക്കുന്ന മട്ടല്ലായിരുന്നു. ‘ആ കാർക്കോടകൻ ഞങ്ങടെ പെങ്ങളെ കൊല്ലാക്കൊല ചെയ്യും’ ന്നും പറഞ്ഞു് അവരെതിർത്തു.
വല്യേട്ടനു് മറുത്തുപറയാനൊന്നുമില്ലാരുന്നു; തന്റെ അനിയന്റെ തനിക്കൊണം തന്നേപ്പോലെ ആർക്കറിയാം… പക്ഷേ, വല്യേട്ടനെ കാട്ടുശ്ശേരിക്കാർക്കു് ബഹുമാനവും സ്നേഹവുമായിരുന്നു, ഏട്ടത്തിയേയും.
വല്യേട്ടൻ വാക്കുകൊടുത്തു: ‘ക്ഷമിക്കണം… ഇനിയവൻ ഉപദ്രവിക്കില്ല. ഞങ്ങൾ വേണ്ടപോലെ ശ്രദ്ധിച്ചോളാം.’
ഭദ്രേട്ടത്തി അവർക്കൊപ്പം പോന്നു, സന്തോഷത്തോടെ. ശേഖരേട്ടനും അമ്മയും ദുർമ്മുഖമൊന്നും കാണിച്ചില്ല… ഭദ്രേട്ടത്തിയുടെ ആങ്ങളമാർ ശേഖരേട്ടനെ ഇരുട്ടടി അടിക്കാൻ മറവരെ ഏർപ്പാടുചെയ്തിരുന്നത്രെ. അമ്മ പറഞ്ഞറിഞ്ഞ ഭദ്രേട്ടത്തി നിരാഹാരം കിടന്നാണത്രെ ആങ്ങളമാരെ പിന്തിരിപ്പിച്ചതു്. ആ വാർത്ത അമ്മയും ശേഖരേട്ടനും അറിഞ്ഞിരുന്നു.
…ഞങ്ങടെ കല്യാണം ഉപായത്തിലൊരു കാട്ടിക്കൂട്ടലായിരുന്നു. ‘ആറുമാസമല്ലേ ആയുള്ളൂ. ചേർത്തലയമ്പലത്തിലെ ഒമ്പതാമുത്സവം പോലൊരു ആഘോഷം ഈ വീട്ടിൽ നടന്നിട്ടു്… ഇനിയിപ്പോ ഇതൊക്കെ മതി.’ എന്നു് അമ്മയും ശേഖരേട്ടനും സുനന്ദയും സുനന്ദയുടെ ഭർത്താവു് കൃഷ്ണൻനായരും. അവരുടെ കല്യാണം കഴിഞ്ഞതോടെ കൃഷ്ണൻ നായർ പറയുമ്പോലെയായി കാര്യങ്ങൾ
…ഞാൻ പറഞ്ഞില്ലേ വല്യേട്ടനും സരസ്വതിയേടത്തിയും വല്ലാതെ നിസ്സഹായരായിരുന്നു… സരസ്വതിയേട്ടത്തീടെ തറവാട്ടിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങൾ നടന്നു. വല്യേട്ടന്റെ കച്ചവടം തീരെ മോശമായി… പക്ഷേ, ഞാനും കൊച്ചേച്ചിയുമൊക്കെ കുറേനാൾ കഴിഞ്ഞാണു് അതൊക്കെയറിയുന്നതു്…
ഞങ്ങൾ കല്യാണം കഴിഞ്ഞുപോയതു് സന്തോഷവതിയായ ഭദ്രേട്ടത്തിയെ കണ്ടുകൊണ്ടാണു്. ശേഖരേട്ടൻ ഉപദ്രവിക്കാറില്ല, സ്നേഹായിട്ടൊക്കെ പെരുമാറുന്നു… മറവന്മാരുടെ തല്ലുപേടിച്ചാകും എന്നു് ഞാനും കൊച്ചേച്ചിയും കൂടി തമാശ പറഞ്ഞു ചിരിച്ചിട്ടുണ്ടു്.
എന്റെ കല്യാണം കഴിഞ്ഞു് രണ്ടുമാസമായപ്പോളാണെന്നു തോന്നുന്നു, ഞങ്ങൾ നാട്ടിലൊന്നു വന്നുപോയി, രണ്ടു ദിവസത്തേക്കു് ഭദ്രേട്ടത്തി ഇത്തിരി ക്ഷീണിച്ചിട്ടുണ്ടെന്നല്ലാതെ സന്തോഷത്തിനു കുറവൊന്നുമില്ലായിരുന്നു. ഞങ്ങളെ സത്കരിക്കാൻ ഓടിനടന്നു, അമ്മയുടെ കൊള്ളിവാക്കുകൾ കേട്ടെന്നു നടിക്കാതെ. ഞാൻ വിചാരിച്ചു—മിടുക്കിയായല്ലോ ഭദ്രേടത്തി.
പിന്നീടു് ഞങ്ങൾ വരുന്നതു് എട്ടൊൻപതുമാസം കഴിഞ്ഞാണു്. ആദ്യത്തെ ഗർഭം അലസിപ്പോയതിന്റെ ക്ഷീണവും ചികിത്സകളുമായി കൊച്ചേച്ചീം വന്നിട്ടുണ്ടു്.
വലിയ വയറുമായി ഭദ്രേടത്തി; എട്ടാം മാസമാണത്രെ. അന്നു ഞങ്ങൾ കാണുമ്പോളുള്ള സന്തോഷവും ഉത്സാഹവുമൊന്നുമില്ല. തീരെ ക്ഷീണിതയാണു്. ആരോടും സംസാരിക്കാൻ ഒരു താല്പര്യവും കാണിക്കുന്നില്ല…
ചിറ്റമ്മയാണു് പറഞ്ഞതു്: ഭദ്രേടത്തിയെ കാണാനും ഏഴാം മാസത്തിൽ വീട്ടിലേക്കു പ്രസവത്തിനു കൊണ്ടുപോകാനുള്ള ദിവസം തീരുമാനിക്കാനുമായി കാട്ടുശ്ശേരീന്നു ഒരു കാറുനെറയെ സാധനങ്ങളുമായിട്ടാ ഭദ്രേടത്തീടെ വീട്ടുകാർ വന്നതു്. ശേഖരേട്ടനും അമ്മയും അവരെ ആട്ടിയെറക്കീന്നു പറയുന്നതാവും ശരീന്നു ചിറ്റമ്മ. കാരണമെന്താന്നോ; ഞങ്ങടെ കല്യാണത്തിനു് കാട്ടുശ്ശേരീന്നു് ഭദ്രേടത്തിയെ വിളിച്ചോണ്ടു വന്നപ്പോ ഒരു പെട്ടി നിറയെ ഡ്രസ്സും ദേഹം നന്നാക്കാൻ മരുന്നും ഒക്കെയുണ്ടാരുന്നു… ഗർഭിണിയാണെന്നറിഞ്ഞ സന്തോഷത്തിൽ ഭദ്രേടത്തീടെ അമ്മേം ചേട്ടനും ചേട്ടത്തീമൊക്കെ തള്ളയ്ക്കും കുഞ്ഞിനും ആരോഗ്യത്തിനും ബുദ്ധിവളർച്ചയ്ക്കും മരുന്നുകൾ, പഴങ്ങളും ഇലക്കറികളും (അവർക്ക് കൃഷിയുണ്ടു്, ഞങ്ങടെ പാടത്തും പച്ചക്കറിയുണ്ടു്) അങ്ങനെ പലതുമായി രണ്ടുമൂന്നു തവണ വന്നു… പക്ഷേ, അമ്മ വല്യേ ലോഹ്യമൊന്നും കാണിച്ചില്ലത്രെ. ശേഖരേട്ടനാണെ അവർ വന്നപ്പോഴൊന്നും അവിടെയുണ്ടായിരുന്നുമില്ല…
അങ്ങനെയിരിക്കുമ്പഴാ ഏഴാം മാസം ഗർഭിണിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാൻ ദിവസം നിശ്ചയിക്കാൻ കാട്ടുശേരിക്കാർ വരുന്നതു്. അവടെയാണേ അലോപ്പതി ഡാക്ടറുണ്ടു്, കാറുണ്ടു്… സ്വന്തം ആശുപത്രിപോലെ കരുതാവുന്ന ആലപ്പുഴ സർക്കാരാശുപത്രിയുണ്ടു്…
‘ചെമ്പകശ്ശേരീക്കാരെന്താ ദരിദ്രവാസികളാണോ? ഇവിടെ കെട്ടിക്കൊണ്ടുവന്ന പെണ്ണിനു ചെലവുകൊടുക്കാൻ ഗതീല്ലാത്തോരാ ഞങ്ങളെന്നു കരുത്യോ? വരുമ്പം വരുമ്പം മകൾക്കു കെട്ടും പൊതീമായിട്ടു്; ഇപ്പം ദാ, അവര്ടെ വീട്ടിൽ ഡാക്ടറൊണ്ടത്രേ. എത്ര ഡാക്ടറൊണ്ടായിട്ടാ ഇവ്ടൊള്ളോരെല്ലാം പെറ്റേ? അപ്പോ ചെമ്പകശ്ശേരിത്തറവാട്ടുകാരെ കരുതിക്കൂട്ടി കൊച്ചാക്കുവല്യോ! ശേഖരന്റെ ഭാര്യ ഈ തറവാട്ടിൽ പ്രസവിക്കും. അത്രയ്ക്കൊക്കെയൊള്ള വക ചെമ്പകശ്ശേരിക്കൊണ്ടു്… പ്രസവം കഴിയുമ്പോൾ സൗകര്യം പോലെ അറിയിക്കാം. ഇപ്പം ഈ കൊണ്ടുവന്ന സാമാനങ്ങളുമെടുത്തു് എറങ്ങണം എല്ലാരും…’ അമ്മ ഭദ്രകാളിയായി.
വലിയ വഴക്കായത്രേ.
‘എനിക്കിവിടെ സുഖാണു്, ശേഖരേട്ടനു് എന്നെ വല്യേ കാര്യമാ… നിങ്ങളായിട്ടു് എന്റെ ജീവിതം നശിപ്പിക്കരുതു്’ എന്നൊക്കെ ഭദ്രേടത്തീടെ കരച്ചിൽ കണ്ടു് കാട്ടുശ്ശേരിക്കാർ അടങ്ങി. ഭദ്രേടത്തീടെ അമ്മ കരഞ്ഞുവിളിച്ചാണത്രെ പടിയിറങ്ങിയതു്. അന്നു തുടങ്ങീതാണത്രെ ഭദ്രേടത്തീടെ മൗനവും ഒറ്റയ്ക്കിരുന്നുള്ള കരച്ചിലും. ഏഴാംമാസത്തിൽ വീട്ടിൽ പോകാല്ലോന്നു സന്തോഷിച്ചിരുന്നതാരുന്നു ഭദ്രേടത്തീന്നു് നന്ദിനിയാ പറഞ്ഞതു്.
രണ്ടുദിവസം കഴിഞ്ഞു് ഞങ്ങൾ തിരിച്ചുപോയി.
“രണ്ടാഴ്ച കഴിഞ്ഞുകാണും, കൊച്ചേച്ചീടെ കത്തുവന്നു… കത്തുവായിച്ചു് കൊറേ നേരത്തേക്കു എനിക്കു ബോധം പോയപോലെ; തളർന്നു വീണുപോയി. കൊച്ചോപ്പ മുഖത്തുവെള്ളം തളിച്ചപ്പളാ കണ്ണുതൊറക്കുന്നേ. ഒരുചരുവം വെള്ളം കുടിച്ചു. വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനന്നു് മൂന്നുമാസം ഗർഭിണിയാണേ.”
‘കത്തെന്താരുന്നൂന്നോ—ഭദ്രേടത്തി മരിച്ചു; നിറവയറോടെ തന്നെ… മരിച്ചതല്ല, കൊന്നതാ. മന്ത്രവാദം ചെയ്തുകൊന്നു. വല്യേ കേസും കൂട്ടോക്കെ ആയത്രെ. കാട്ടുശ്ശേരിക്കാരാരാ, നിസ്സാരക്കാരാ… എന്നിട്ടെന്താ, ഒന്നുമായില്ല; കേസ് വിട്ടുപോയി…’
വിശ്വാസത്തിന്റെ പ്രശ്നമല്ലേ. മരിക്കുമെന്നു കരുതിയല്ലല്ലോ, രക്ഷിക്കാനല്ലേ മന്ത്രവാദം ചെയ്തതു്. പ്രേതബാധ ഒഴിപ്പിക്കലും മന്ത്രവാദവുമൊന്നും ഹിന്ദുക്കൾക്കന്യമല്ലല്ലോ; വിശ്വാസവും ആചാരവുമല്ലേ. വിശ്വാസത്തിന്റെ പേരിൽ പണ്ടു് നരബലിപോലും ആചാരമായിരുന്നില്ലേ? ഉത്തമവിശ്വാസത്തിന്റെ പേരിൽ ചെയ്ത കർമ്മം—അതെങ്ങനെ കുറ്റകരമാകും!
“ഭദ്രേടത്തി എങ്ങനെയാ മരിച്ചതെന്നറിയണോ, പറയാം… ” ‘വലിയ വയർ, കിടക്കാൻ തന്നെ ബുദ്ധിമുട്ടി, ഭയങ്കരക്ഷീണം… മിണ്ടാട്ടവും ഉരിയാട്ടവുമില്ല. വല്ലതും ചോദിച്ചാൽ ഒരു മൂളൽ, അല്ലെങ്കിൽ ഒരു വാക്കു് ആഹാരത്തിനു തീരെ രുചിയില്ല… രാത്രിയാകുന്നതേ പേടിയാണു്. ഉറങ്ങാൻ ശേഖരേട്ടന്റെ മുറിയിൽ കേറില്ല. ഉഷ്ണം, പരവേശം എന്നൊക്കെപ്പറഞ്ഞു് നന്ദിനീടെ കൂടെ തളത്തിലാ കിടപ്പു്.’
‘ശേഖരേട്ടനു മാത്രമല്ല അമ്മയ്ക്കും ഉറപ്പായി. ഇതെന്തോ പ്രേതബാധതന്നെ. ആഹാരം വേണ്ടാത്തതു മനസ്സിലാക്കാം. ക്ഷീണം സ്വാഭാവികം. പക്ഷേ, ഭർത്താവിന്റടുത്തു കിടക്കാൻ കൂട്ടാക്കാതിരുന്നാൽ; എന്തൊരു ധിക്കാരം!’
ഭർത്താവു് ശേഖരേട്ടനാണെന്നുള്ളതു് ആരോർക്കാൻ!
‘ജോത്സ്യനെത്തി, കവിടി നിരത്തി… വിസ്തരിച്ചു ഗണിച്ചു… ഉണ്ടു്, തെളിഞ്ഞു കാണാം. പ്രേതബാധതന്നെ… ചെറിയ പ്രേതമല്ല, ഉഗ്രരൂപിണി… ഈ വീടിരിക്കുന്നിടത്തു് പണ്ടു് പണ്ടു് ഒരു കുളമായിരുന്നു, ഇല്ലപ്പറമ്പിലെ കുളം. ഗർഭിണിയായ ബ്രാഹ്മണസ്ത്രീ കുളത്തിൽ ചാടിച്ചത്തു. അതോടെ ഇല്ലക്കാർ നാടുവിട്ടു. മന നാമാവശേഷമായി… വസ്തു കൈമാറിക്കൈമാറിയെത്തിയതാണു്… അന്നുമുതൽ ഗർഭിണിയുടെ പ്രേതം തക്കം പാർത്തലയുന്നു ഗർഭിണികളെ കൂടെക്കൂട്ടാൻ… ഇപ്പോഴാണു് ഒത്തുകിട്ടിയതു്.’
‘ഈ വീടുവച്ചിട്ടു് ഇരുപത്തിമൂന്നു കൊല്ലായില്ലേ ശങ്കരീ, നീ തന്നെ ആറുമക്കളെ പെറ്റതിവിടല്ലേ? നമ്മടെ മക്കളും.’ അച്ഛനെ പൂർത്തിയാക്കാനനുവദിക്കാതെ അമ്മ ചാടി വീണു:
‘നിർത്തുന്നൊണ്ടോ! അവൾടെ ആദ്യത്തെ ഗർഭം കലങ്ങീപ്പം തന്നെ എനിക്കുതോന്നീതാ. വെറുതെ ജോത്സ്യരെ ദേഷ്യം പിടിപ്പിക്കാതെ പൊക്കോണം.’ ജോത്സ്യരുടെ ഇരുണ്ട മുഖം തെളിഞ്ഞു. ആരോടും എതിരുപറയാനറിയാത്ത എന്തുവന്നാലും ദേവിയെ വിളിച്ചുകരഞ്ഞു പ്രാർത്ഥിക്കാൻ മാത്രമറിയാവുന്ന അച്ഛൻ പിൻവാങ്ങി.
ജോത്സ്യൻ വിസ്തരിച്ചുപറഞ്ഞു: ‘പ്രേതത്തിനു പിടികിട്ടാൻ കാരണം ഭദ്രേടത്തി തന്നെ. സന്ധ്യകഴിഞ്ഞു് പുറത്തിറങ്ങിക്കാണും, അതും ഇരുമ്പു കയ്യിലില്ലാതെ.’ അമ്മ ശരിവച്ചു. ‘മിക്ക ദിവസവും രാത്രിയിൽ പടിഞ്ഞാറെ ഇറയത്തിറങ്ങിയിരിക്കും ഭദ്രേടത്തി. കൂട്ടിനു് നന്ദിനി. ചോദിച്ചാൽ പറയും നക്ഷത്രങ്ങളെ കാണാനാണെന്നു്. നന്ദിനി കുട്ടിയല്ലേ, പ്രേതമെന്തിനവളെ പേടിക്കണം, നേരേ ഗർഭിണിയെ പിടികൂടി.’
ജോത്സ്യർ ഒഴിവുകണ്ടു… പരിഹാരക്രിയകൾ, ആവാഹനം. എല്ലാം ഉടൻ വേണം. മന്ത്രവാദിയെ വരുത്തി—ആൾ നിസ്സാരക്കാരനല്ല, ചുട്ടകോഴിയെ പറപ്പിക്കുന്നവനാ. പിന്നെയാ ഈ അന്തർജ്ജനത്തിന്റെ പ്രേതം! പ്രേതത്തെ ആവാഹിച്ചു് ശക്തി നശിപ്പിച്ചു് പറപറത്തും. മന്ത്രവാദത്തിനുള്ള സാധനങ്ങളെത്തി, കരിങ്കോഴിവരെ. പരികർമ്മികളുമെത്തി… സഹായത്തിനു ജോത്സ്യരും.
പുതുതായി കെട്ടിയുണ്ടാക്കിയ പച്ചോലപ്പന്തലിൽ പൂജയും ഹോമവും ആവാഹനവും… മൂന്നുദിവസവും ഹോമകുണ്ഡത്തിനരികിൽ പലകപ്പുറത്തു് ഗർഭിണിയെ ഇരുത്തിയാണു് ഹോമവും പൂജയും മന്ത്രങ്ങളും… ചൂടും പുകയും ഗർഭക്ഷീണവും… പലകുറി ഭദ്രേടത്തി തളർന്നു വീണത്രേ… വെള്ളം തളിച്ചു് എഴുന്നേല്പിച്ചിരുത്തും. മന്ത്രവാദി പറയുമ്പോൾ മാത്രമേ വെള്ളം കൊടുക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പ്രേതം ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ശക്തി വീണ്ടെടുക്കും, ചെയ്തത്രേം വെറുതെയാകും.
മൂന്നാം ദിവസം… കടുത്ത മന്ത്രങ്ങളും ഹോമവും, ആവാഹനത്തിന്റെ അവസാനഘട്ടം വരാൻ പോകുന്നു…
കമിഴ്ത്തിവച്ച വലിയ മൺകുടത്തിനുമുകളിൽ ഗർഭിണിയെ കേറ്റിനിർത്തി… ശേഖരേട്ടൻ കയ്യിൽ പിടിച്ചിട്ടും ഭദ്രേടത്തിക്കു നേരെ നിൽക്കാൻ പറ്റുന്നില്ല. കാലിടറി വീഴാൻ പോയപ്പോളൊക്കെ ശേഖരേട്ടൻ പല്ലിറുമ്മി, കണ്ണുരുട്ടി… മന്ത്രിവാദി ഓം ഹ്രീം എന്നൊക്കെ എന്തൊക്കെയോ ഉച്ചത്തിൽ ചൊല്ലി ഏതോ പൊടി തീയിലേക്കു വാരിയെറിഞ്ഞു. ഹുങ്കാരത്തോടെ തീയാളിക്കത്തിയപ്പോളൊക്കെ ഭദ്രേടത്തി പേടിച്ചു് കണ്ണടച്ചത്രേ. മന്ത്രവാദി എഴുന്നേറ്റു് അയാൾടെ കയ്യിലെ നീളമുള്ള വടിയുടെ അറ്റം കൊണ്ടു് ഭദ്രേടത്തിയുടെ തലമുതൽ ഉഴിഞ്ഞു, അപ്പോഴും എന്തോ മന്ത്രം ജപിക്കുന്നുണ്ടാരുന്നു. പിന്നെ മന്ത്രവാദി ഗർഭിണിയുടെ വയറിനു ചുറ്റു പല പ്രാവശ്യം ഉഴിഞ്ഞിട്ടു് ആ വടിയുടെ അറ്റം ഗർഭിണിയെ നിർത്തിയിരിക്കുന്ന കുടത്തിനു ചുറ്റും പല പ്രാവശ്യം ഉഴിഞ്ഞതും അതിനടുത്തു് കരിങ്കോഴിയെ ഇടതുകക്ഷത്തിലൊതുക്കി നിന്നിരുന്ന പരികർമ്മി കരിങ്കോഴിയുടെ കഴുത്തുമുറിച്ചു് കുടത്തിനു മുകളിൽ കാണിച്ചു. കറുത്ത ചോര കുടം മൂടി, ഒപ്പം മന്ത്രവാദി കയ്യിലിരുന്ന വടികൊണ്ടു് കുടത്തിന്റെ അരികിൽ ശക്തിയായടിച്ചു, എന്തോ പറഞ്ഞലറിക്കൊണ്ടു്. പൊട്ടിത്തകർന്ന കുടത്തിനൊപ്പം ഭദ്രേടത്തി ഒരലർച്ചയോടെ കമിഴ്‌ന്നടിച്ചു വീണു…
ചോരപ്രളയത്തിൽ പാതി പുറത്തുവന്നു ചതഞ്ഞുപോയ ഒരു കുഞ്ഞുതല! നരബലി; ഒന്നല്ല രണ്ട്!
ഒരു കുടുംബത്തിന്റെ മേലൊന്നാകെ വന്നുവീണ തീരാശാപം!