കുഞ്ഞിക്കുട്ടൻകർത്താവിനു ഗൗരിയമ്മയിൽ ജനിച്ച ആദ്യത്തെ മൂന്നുകുട്ടികൾക്കും മിനിട്ടുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും നാലുപ്രസവം… അതിൽ രണ്ടു പെൺകുഞ്ഞുങ്ങളെ ആരോഗ്യവതികളായിത്തന്നെ കിട്ടി. ബാക്കി രണ്ടും ചാപിള്ളകളായി. അതു രണ്ടും ആൺകുഞ്ഞുങ്ങളായിരുന്നു.
പിന്നെ കുറച്ചുനാൾ ഗൗരിയമ്മ ഗർഭം ധരിച്ചില്ല. കർത്താവും ഗൗരിയമ്മയും മൂന്നുനാലുകൊല്ലം അക്ഷരാർത്ഥത്തിൽ തപസ്യയായിരുന്നു… ഗൗരിയമ്മ വീണ്ടും ഗർഭം ധരിച്ചു. കേഴ്‌വിപ്പെട്ട ഒരു വൈദ്യനും കൂടിയായിരുന്ന കർത്താവിന്റെ പരിചരണം… പ്രത്യേക ശൂശ്രൂഷകൾ… എട്ടാമനായി ഒരു മകൻ പിറന്നു. തങ്ങളിതുവരെ ആർജ്ജിച്ച പുണ്യങ്ങളാണു് ഇങ്ങനെയൊരു മകനെ സമ്മാനിച്ചതെന്നു് സന്തോഷിച്ചു, അച്ഛനമ്മമാർ.
‘നാരായണൻ’ കുഞ്ഞിനു് അച്ഛൻ പേരിട്ടു: ‘എന്റെ മകനെ വിളിക്കുമ്പോഴെല്ലാം സാക്ഷാൽ നാരായണനും വിളികേൾക്കുന്നുണ്ടാകും.’
കുഞ്ഞിന്റെ അമ്മ അത്രയ്ക്കും പോയില്ല. അവർ കൊച്ചുനാണു എന്നുവിളിച്ചു; ചേച്ചിമാർക്കും അടുപ്പമുള്ളവർക്കും കൊച്ചുനാണു തന്നെ… ആ മകനാണു് ഇരുപത്തിമൂന്നാം വയസ്സിൽ സന്യാസിയാകാൻ നാടുവിട്ടുപോയതു്!
വലിയ കഥയാണതു്.
നാരായണനു് ഒരു വയസ്സിനിളയതായി ഒരനുജൻ പിറന്നു, പിന്നെ ഒരനുജത്തിയും. അച്ഛൻ തമ്പുരാനു് എല്ലാ മക്കളോടും സ്നേഹമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിൽ നാരായണൻ എല്ലാരേക്കാളും മീതെ നിന്നു. എന്നുവച്ചു് പക്ഷപാതപരമായ ആനുകൂല്യങ്ങളൊന്നും നാരായണനു കൊടുത്തെന്നു ധരിക്കണ്ട; പകരം കൂടുതൽ ഉത്തരവാദിത്വങ്ങളുടെ ഭാരമാണു് മകനെ ഏല്പിച്ചതു്… മകന്റെ നിരന്തര സാന്നിധ്യം ഉറപ്പിക്കാനുള്ള വിദ്യയെന്നു് പലരും അസൂയപ്പെട്ടു.
നാരായണൻ—തീർത്തും ശാന്തൻ, അഹിംസാവാദി… ആരേയും കുറ്റപ്പെടുത്തില്ല, ആരേക്കുറിച്ചും കുറ്റം പറയില്ല, ആരോടും മുഖം മുറിഞ്ഞു സംസാരിക്കില്ല. അതീവ ബുദ്ധിശാലി… പഠിപ്പിൽ ഒന്നാമൻ. ആഴത്തിലുള്ള വായന… ഏഴാം ക്ലാസ്സു് കഴിഞ്ഞാണു് ഇംഗ്ലീഷ് സ്ക്കൂളിലെത്തിയതു്.
സ്ക്കൂൾ ഫൈനൽ ക്ലാസ്സിലെത്തുന്നതിനും വളരെ മുൻപേ തന്നെ നാരായണന്റെ മനസ്സു പക്വമായി… മകനു് യുക്തിചിന്ത കൂടിപ്പോയോ എന്നു പണ്ഡിതനായ അച്ഛൻ ഭയപ്പെട്ടു. അതേസമയം സത്യത്തിലും ധർമ്മത്തിലും ഈശ്വരവിശ്വാസത്തിലും ഒരയവും കാണിക്കാത്ത മകനെ അച്ഛനു ബഹുമാനമായി. അച്ഛൻ ആശ്വസിച്ചു… മകൻ ഒരുപാടു ഉയരത്തിലെത്തും…
ഹൈസ്ക്കൂൾ ക്ലാസ്സിലെത്തി രണ്ടാം കൊല്ലം തുടക്കത്തിൽ തന്നെ നാരായണനെത്തേടി അസുഖമെത്തിയിരുന്നു… വില്ലനായതു് ആചാരങ്ങൾ… രാവിലത്തെ കഞ്ഞികുടിച്ചു് ഏഴുമൈൽ നടന്നും വഞ്ചിപിടിച്ചുമെല്ലാം സ്ക്കൂളിലെത്തും… വൈകിട്ടു തിരിച്ചും… അതിനിടയിൽ വെള്ളംപോലും കുടിക്കില്ല, കുടിച്ചുകൂടാ: ‘കണ്ട ഹീനജാതിക്കാരെയെല്ലാം തൊട്ടും തീണ്ടിയും ഒപ്പമിരുന്നും… ദേഹശുദ്ധി വരുത്താതെ കുടിനീരിറക്കാൻ പറ്റ്വോ!’ അതായിരുന്നു അന്നത്തെ ചട്ടം. തിരിച്ചുവന്നു് എരിയുന്ന വയറോടെ തണുത്ത വെള്ളത്തിൽ മുങ്ങിക്കയറി…
കാര്യമറിഞ്ഞപ്പോൾ അച്ഛൻ തമ്പുരാൻ പരിതപിച്ചു. മകനു് പട്ടണത്തിലെ നായർ ഹോട്ടലിൽ ഉച്ചയ്ക്കു പാലും പലഹാരവും ഏർപ്പാടാക്കി… ‘ആചാരങ്ങൾ ലംഘിക്കാനും കൂടിയുള്ളതാണു്!’ നെറ്റിചുളിച്ചവർക്കു അച്ഛൻ തമ്പുരാന്റെ മറുപടി.
നാരായണൻ ദിനംപ്രതി ക്ഷീണിക്കുന്നു, ആഹാരം തീരെക്കുറവു്. അക്കൊല്ലത്തിന്റെ പകുതിവച്ചു് തെക്കൊരു പട്ടണത്തിൽ അച്ഛൻ തമ്പുരാൻ വീടുവാടകയ്ക്കെടുത്തു; മകനു കൂട്ടായി ഒരു സതീർത്ഥ്യനും ഒരു പാചകക്കാരനും.
എന്നിട്ടും കാര്യങ്ങൾ വളരെയൊന്നും മെച്ചപ്പെടുന്നില്ല. കുഞ്ഞിക്കുട്ടൻകർത്താവെന്ന അച്ഛൻതമ്പുരാൻ ഗോവിന്ദക്കണിയാരെ വിളിച്ചുവരുത്തി… ‘മകൻ ജനിച്ചപ്പോളെഴുതിയ ജാതകമാണു്. ഒന്നുകൂടി നോക്കണം… വ്യാഖ്യാനിക്കണം.’
കവടി നിരത്തി, ഒരുപാടുഗണിച്ചു, ശ്രദ്ധാപൂർവ്വം വ്യാഖ്യാനിച്ചു… യജമാനനോടാണു് വ്യാഖ്യാനിക്കേണ്ടതു്… പണ്ഡിതൻ, ഉൾക്കൊള്ളാൻ കഴിവുള്ളയാൾ…
ലോകത്തിന്റെ നിറുകയിലെത്താനുള്ള യോഗം. ഒരു മനുഷ്യായുസ്സിൽ നേടാനാകുന്ന അറിവുണ്ടാകും… ആരേയും നോക്കുകൊണ്ടും വാക്കുകൊണ്ടും ജയിക്കാനുള്ള കരുത്തുണ്ടാകും, എല്ലാവരാലും ബഹുമാനിക്കപ്പെടാനുള്ള യോഗവും കാണുന്നു… പക്ഷേ, എല്ലായിടത്തും തടസ്സങ്ങൾ കാണുന്നു… വിട്ടുമാറാത്ത രോഗപീഡ, ചതികളിൽ വീഴാനുള്ള യോഗം, പരിശ്രമങ്ങൾക്കെല്ലാം തടസ്സങ്ങൾ. അർഹിക്കുന്നതെല്ലാം കൈവഴുതിപ്പോകും. ‘അല്ല, വല്യമ്പ്രാനു് അറിയാത്തതല്ലല്ലോ… ആ നക്ഷത്രത്തിൽ ജനിച്ചവൻ അലയാതെ പറ്റില്ലല്ലോ… തലേലെഴുത്തു് എന്നൊന്നുണ്ടല്ലോ. രാജകുമാരനായ ശ്രീബുദ്ധൻ രാജ്യമുപേക്ഷിച്ചു് നാടുമുഴുവൻ ഭിക്ഷയെടുത്തു കഴിഞ്ഞു… എന്നാലെന്താ കീർത്തി ലോകം മുഴുവൻ പരന്നില്ലേ. ഇന്നും ആരാധിക്കപ്പെടുന്നു… നോക്കാം… തമ്പ്രാനേ… എന്തേലും പ്രതിക്രിയ…’
കണിയാർ ഒഴിവുകണ്ടു… പ്രതിക്രിയകൾ ഓരോന്നും നടത്തുന്നുണ്ടായിരുന്നു…
അച്ഛനു സമാധാനമായി; മകൻ ഉയരങ്ങളിലേക്കു പറക്കും… ഇന്റർമീഡിയറ്റിനു ചേർന്നതും പട്ടണത്തിൽ സ്വസ്ഥമായ താമസസൗകര്യം ഏർപ്പാടാക്കി… രണ്ടുകൊല്ലം പൂർത്തിയാക്കും മുൻപു് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു… രോഗം മൂർച്ഛിച്ചിരിക്കുന്നു…
…അച്ഛന്റെ പ്രഗത്ഭമായ നാട്ടുവൈദ്യവും പ്രത്യേക ശുശ്രൂഷയും മകനെ തിരിച്ചുകൊണ്ടുവന്നു, പൂർണ്ണ ആരോഗ്യത്തിലേക്കു്… തിരിച്ചുപോകണം, പഠിത്തം തുടരണം… മകൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇനിയൊരു പരീക്ഷണത്തിനു മകനെ വിട്ടുകൊടുക്കാൻ അച്ഛൻ സമ്മതിച്ചില്ല.
അഛന്റെ നാട്ടുകാര്യനിർവഹണത്തിൽ സഹായിയായി കൂട്ടി മകനെ; കുടുംബസ്വത്തുക്കളുടെ കണക്കപ്പിള്ളയായും നാരായണൻ മതിയെന്നു് അച്ഛൻ തമ്പുരാൻ തീരുമാനിച്ചു… യുക്തിപൂർവ്വം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും നീതിപൂർവം പരിഹരിക്കാനുമുള്ള നാരായണന്റെ കഴിവു്, വിശ്വസ്ഥത, ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനശൈലി… വൈദ്യവൃത്തിയിലും മകനെ സഹായിയാക്കി… കുഞ്ഞിക്കുട്ടൻ കർത്താവിനു് വൈദ്യവൃത്തി ഒരു നിസ്വാർത്ഥസേവനമാണു്… അതിനു് മകൻ തന്നെ ഉത്തമം…
അന്നത്തെ നാട്ടുനടപ്പനുസരിച്ചു് സ്ത്രീകളെ പതിമൂന്നിനും പതിനാറിനുമിടയ്ക്കു കെട്ടിച്ചുവിടണം. ആണുങ്ങൾക്കു് കല്യാണപ്രായം പതിനെട്ടീന്നേ തുടങ്ങാം… ഇരുപത്തിരണ്ടു ഇരുപത്തിമൂന്നു കടക്കുന്നതു് അപൂർവ്വം…
കൊച്ചുനാണുവിന്റെ വല്യോപ്പു പതിമൂന്നാം വയസ്സിൽ വിവാഹിതയായി… കൊച്ചോപ്പു പതിനാറാം വയസ്സിൽ… അന്നും കൊച്ചോപ്പുവിനു തീരെ സമ്മതമുണ്ടായിട്ടല്ല… വല്യോപ്പുവിനെപ്പോലെ അക്ഷരവിരോധിയല്ലായിരുന്നു, വല്ലാത്ത അക്ഷരപ്രേമം. നാലാം ക്ലാസ് ജയിച്ചപ്പോൾ പഠനം നിർത്തിച്ചു കാരണവന്മാർ… കൊച്ചോപ്പു പിന്നെ വായനയായിരുന്നു… പുരാണങ്ങൾ മുഴുവൻ, വിക്രമാദിത്യനും പഞ്ചതന്ത്രം കഥകളും… കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു… പിന്നെ കൊച്ചുനാണുവിന്റെ സംസ്കൃതപാഠവും… സംസ്കൃതപഠനം തുടങ്ങി അധികമാകും മുൻപു് ആലോചനകളുടെ ബഹളം… കൊച്ചോപ്പുവിന്റേം കൊച്ചുനാണുവിന്റേം സങ്കടം ആരും വകവച്ചില്ല…
നാരായണനു് ഇരുപത്തിരണ്ടുവയസ്സായി… കൊല്ലമെണ്ണി കാത്തിരിക്കുന്ന അച്ഛൻ. ‘ശ്രീബുദ്ധൻ രാജകുമാരനായിരുന്നില്ലേ, എന്നിട്ടും…’ എന്ന കണിയാരുടെ പ്രവചനം തന്നെ ആശങ്കാകുലനാക്കുന്നുണ്ടെന്നു മകൻ അറിഞ്ഞിട്ടുണ്ടെന്നാണു് പാവം അച്ഛൻ വിചാരിച്ചതു്. അതുകൊണ്ടു തന്നെ തന്റെ നിർദ്ദേശം മകൻ തട്ടിക്കളയില്ല… തക്ക അവസരം വരട്ടെ, കല്യാണക്കാര്യം അവതരിപ്പിക്കാം.
ശ്രീബുദ്ധനും, ശ്രീരാമകൃഷ്ണപരമഹംസരും, വിവേകാനന്ദനുമൊക്കെ നാരായണന്റെ മനസ്സിൽ കയറിപ്പറ്റിയിരുന്ന കാര്യം അച്ഛനറിഞ്ഞില്ല. ശ്രീരാമകൃഷ്ണാശ്രമത്തിലെ പണ്ഡിതന്മാരും ചെറുപ്പക്കാരുമായ സ്വാമിമാരുമായി തത്വചിന്തകൾ പങ്കുവയ്ക്കാറുണ്ടു് നാരായണനെന്നും അച്ഛനറിഞ്ഞില്ല… അമ്പലങ്ങളിൽ പോകാറില്ല, ഭക്തിപ്രകടനങ്ങളൊന്നുമില്ല… പക്ഷേ, നാരായണന്റെ മനസ്സിൽ ഈശ്വരസങ്കല്പം രൂഢമൂലമാണു്. അതുമതി… മറിച്ചൊരു ശങ്കയ്ക്കു കാരണമില്ല.
കല്യാണാലോചനകൾ പലതും വന്നു, ചേട്ടനും അനുജനും… ഒന്നിലും നാരായണൻ താല്പര്യം കാണിച്ചില്ല… അനുജനുവന്ന ആലോചനകൾ പലതും അനുജനിഷ്ടമായെങ്കിലും ചേട്ടനു് ഒന്നും ശരിയാകാത്തതുകൊണ്ടു് മനസ്സില്ലാമനസ്സോടെ തള്ളിക്കളഞ്ഞു… പക്ഷേ, അവസാനം വന്ന ആലോചന വല്ലാതങ്ങു ഇഷ്ടപ്പെട്ടു അനുജനു്… വീട്ടിൽ പറയാതെ കൂട്ടുകാരനെ കൂട്ടിപ്പോയി സൂത്രത്തിൽ പെണ്ണുകണ്ടു… ‘ഈ പെണ്ണിനെ എനിക്കു വേണം, അവളെ നഷ്ടപ്പെടുത്താൻ പറ്റില്ല. നീ വീട്ടിൽ പറയണം…’ കൂട്ടുകാരൻ പൊടിപ്പും തൊങ്ങലും വച്ചു വീട്ടിൽ പറഞ്ഞു.
‘ഇപ്പോ അനിയനു് വന്ന ആലോചന നടത്തിക്കൊടുക്കണം… എനിക്കു് ഇത്തിരിക്കൂടി സാവകാശം വേണം; എന്റെ കാര്യം കൊണ്ടു് അനുജന്റെ കാര്യം മാറ്റിവയ്ക്കണ്ട.’ നാരായണൻ അച്ഛനോടു് അഭ്യർത്ഥിച്ചു.
‘ങൂം… ഒന്നാലോചിക്കട്ടെ…’ അച്ഛൻ തമ്പുരാൻ.
അച്ഛൻ തമ്പുരാൻ ആലോചനയിലായി… ഒരു ബാല്യകാല വികൃതിപോലും നാരായണന്റെ മേൽ ആരോപിക്കപ്പെട്ടിട്ടില്ല. കൗമാരം കഴിഞ്ഞു, യൗവ്വനം വന്നു… മറ്റു മക്കളുടേയും അനന്തരവരുടേയും പേരിലുള്ള പല പരാതികളും തീർപ്പുകല്പിക്കേണ്ടി വന്നിട്ടുണ്ടു്, മിക്കതും പ്രായത്തിന്റെ സ്വാഭാവിക ചാപല്യങ്ങൾ… നാരായണനെപ്പറ്റി അങ്ങനൊരു പരാതിയും ഉണ്ടാകാത്തതിൽ ശരിക്കും കുഞ്ഞിക്കുട്ടൻ കർത്താവിനു പരിഭ്രമവും ആശങ്കയും തോന്നി… എന്താണു് അവനീ പ്രായത്തിൽ ഇത്ര നിർമ്മമനാകാൻ!
‘ജ്ഞാനതൃഷ്ണ വല്ലാതുണ്ടു് നാരായണനു്… അവനെന്തോ ആലോചിച്ചുറപ്പിച്ചിട്ടുണ്ടു്. മേലോട്ടൊള്ള പഠിപ്പിനേപ്പറ്റിയാണോ ആവോ. ഏതായാലും ഇപ്പോ നമ്മൾ കടുംപിടുത്തം വേണ്ടാ ഗൗരിയേ.’ രണ്ടാമതൊന്നാലോചിക്കാൻ നില്ക്കാതെ വരുന്ന കല്യാണാലോചനകളെല്ലാം നിരസിക്കുന്ന മകനെ ശാസിക്കണമെന്നു അമ്മയുടെ നിർബ്ബന്ധത്തെ ആ അച്ഛൻ തണുപ്പിച്ചു: ‘അവനെന്തായാലും വേണ്ടാത്തതിനൊന്നും പോകില്ല…’ എന്തോ ഓർത്തെന്ന പോലെ കുഞ്ഞിക്കുട്ടൻകർത്താവു ചിരിച്ചു; കട്ടിലിൽ എഴുന്നേറ്റിരുന്നു ഭാര്യയോടു ചോദിച്ചു:
‘ഗൗരിയേ. തനിക്കോർമ്മയൊണ്ടോ അവൻ കാണിച്ച ഒരു കുസൃതി?’ ‘ഓ പിന്നെ… കെടന്നൊറങ്ങാൻ നോക്കു്… ഈ നട്ടപ്പാതിരായ്ക്കാ ഇനി കഥ… ഈ വാത്സല്യമാ അവനെ ചീത്തയാക്കുന്നതു്, പറഞ്ഞേക്കാം.’ കുഞ്ഞിക്കുട്ടൻകർത്താവു് കഥയോർമ്മിച്ചു് സ്വയം ചിരിച്ചു…
…ഒരിക്കൽ പൊന്നുതമ്പുരാനെ മുഖം കാണിക്കാൻ തിരുവനന്തപുരത്തിനു തിരിക്കും മുൻപു് നാരായണനെ വിളിച്ചുപറഞ്ഞു:
‘കൊറച്ചീസം കഴിയും വരാൻ… കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാനമായിട്ടു വല്ലതും വന്നാൽ എഴുതിവയ്ക്കുക… പിന്നെ അസുഖമായിട്ടു് ആരെങ്കിലും വന്നാൽ മറ്റു വൈദ്യന്മാരെയാരെയെങ്കിലും കാണാൻ പറയണം… എന്നേക്കണ്ടേ തീരുന്നാച്ചാൽ അടുത്ത തിങ്കളാഴ്ച വന്നോളാൻ പറയ്വാ.’
അടുത്ത തിങ്കളാഴ്ച നേരം പുലരും മുമ്പു് തമ്പുരാനെത്തി… കുളിയും തേവാരവും കഴിഞ്ഞു് വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന തമ്പുരാൻ പടിപ്പുരയ്ക്കു പുറത്തൊരു വിളികേട്ടു് ഇറങ്ങിച്ചെന്നു:
‘വല്യമ്പ്രാനേ, അട്യേൻ… നീലിയാ.’
‘ങാ… നീലി… എന്താ നീലി വന്നേ? വയ്യായ്ക വല്ലതുമാണോ?’
‘ഇല്ലേ തമ്പ്രാനേ… ഒക്കെപ്പോയീ… ഇവിടന്നു തന്ന കുളിക തിന്നു… കഞ്ഞീം കുടിച്ചു… എന്നാലെക്കൊണ്ടു് ഒരേനക്കേടൂല്ലാ വല്യമ്പ്രാനേ… ഇപ്പം കുളികയൊക്കേം തീർന്നൂ.’
കുഞ്ഞിക്കുട്ടൻ തമ്പ്രാൻ ഒരിട സംശയിച്ചുനിന്നു… നീലി എന്നായിരുന്നു വന്നതു്, എന്തായിരുന്നു അസുഖം? ഓർമ്മ കിട്ടുന്നില്ല.
‘ഏതു ഗുളിക, എന്നാ നീലി വന്നതു്?’
‘കൊറച്ചീസേമായൊള്ളു്… അട്യേന്റെ നെലോളി കേട്ടു് കൊച്ചമ്പ്രാനെറങ്ങി വന്നു; വല്യമ്പ്രാനില്ലാ പൊക്കോളാം പറഞ്ഞതാ… അട്യേക്കു് ഏനക്കേടു് കൊണ്ടു് നെലോളിച്ചു് പോയി… അതുകേട്ടപ്പോ കുളിക തന്നേ… കരുണയൊള്ളോനാ… തൈവം കാക്കും.’ നീലി ഒറ്റശ്വാസത്തിൽ പറഞ്ഞുനെടുവീർപ്പിട്ടു. കുഞ്ഞിക്കുട്ടൻ തമ്പ്രാനു മനസ്സിലായി ആ കൊച്ചമ്പ്രാനാരായിരിക്കുമെന്നു്… നീലിയോടു് അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു മരുന്നു കൊടുത്തു:
‘മൂന്നുദിവസം കൂടി ഗുളിക കഴിക്കണം.’
നാരായണൻ വന്നപ്പോൾ ഒരു ഭാവവ്യത്യാസവുമില്ലാതെ അച്ഛൻ തമ്പുരാൻ ചോദിച്ചു: ‘നാരായണാ, ആ നീലിക്കു് നീ ഏതു ഗുളികയാ എടുത്തു കൊടുത്തേ?’
നാരായണൻ മറന്നുപോയിരുന്നു… ഏതു നീലി… ഗുളിക… പെട്ടെന്നു് ആ വൃദ്ധസ്ത്രീയുടെ നിസ്സഹായമായ കരച്ചിൽ ഓർമ്മ വന്നു:
‘അതു്… അതു് കേശവേട്ടന്റെ ആട്ടിൻകൂട്ടിലെ പലകപ്പൊറത്തൂന്നു് ആട്ടിൻകുട്ടീടെ കാട്ടം ജീരകവെള്ളത്തിൽ അരച്ചുകുടിക്കാൻ പറഞ്ഞു: നന്നായി തൊടച്ചാ കൊടുത്തേ. വയറുവേദനേന്നും പറഞ്ഞു് വലിയ കരച്ചിൽ.’ അക്ഷോഭ്യനായി മകന്റെ മറുപടി.
അച്ഛൻ ദേഷ്യപ്പെട്ടില്ല; മകൻ ചെയ്തതു ശരിയല്ല… എന്നാൽ ശരിയാണുതാനും. പക്ഷേ… ‘നാരായണാ ഇതുകളിയല്ല… വായുകോപമായിരുന്നു അവർക്ക്… മറ്റു വല്ലതുമായിരുന്നെങ്കിലോ! മേലാൽ ആവർത്തിക്കരുതു്.’
‘ഇല്ല.’ മകന്റെ ഉറച്ച ഉത്തരം. ആ വാക്കവൻ തെറ്റിച്ചിട്ടില്ല. പതിന്നാലു വയസ്സിന്റെ കുസൃതിയായിരുന്നില്ല ആ പ്രവൃത്തി; മനസ്സലിവു്. തന്നോടു സത്യം പറഞ്ഞതു് പതിന്നാലു വയസ്സിന്റെ തന്റേടമായിരുന്നില്ല… അതാണു് നാരായണൻ.
ആ മകനെ വിശ്വസിച്ചേ പറ്റൂ; അവന്റെ മനസ്സു തയ്യാറാകും വരെ കാക്കുക തന്നെ… നാരായണന്റെ അനുജൻ വിവാഹിതനായി.