ഉച്ചയായപ്പോഴേക്കും അവരെത്തി, അപ്പച്ചിയമ്മൂമ്മയും അമ്മുവിന്റെ അമ്മൂമ്മയും…
കണ്ടപാടെ അമ്മുവിനെ കെട്ടിപ്പിടിച്ച അപ്പച്ചിയമ്മൂമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അപ്പോഴാണു് അടുത്തുനിന്ന ചെറുപ്പക്കാരനെ അവർ ശ്രദ്ധിക്കുന്നതു്. അപ്പച്ചിയമ്മൂമ്മയുടെ നോട്ടത്തിനു് ലേഖയാണു് മറുപടി പറഞ്ഞതു്:
“അതു് ആദിയാണു് അപ്പച്ചീ. ആദി അമ്മൂന്റൊപ്പം ഐ ഐറ്റീലാ.”
അപ്പച്ചിയമ്മൂമ്മ അമ്മുവിനെ വിട്ടു് ആദിയുടെ അടുത്തേക്കു ചെന്നു: അവനെ കെട്ടിപ്പിടിച്ചു് നെറ്റിയിലൊരുമ്മ കൊടുത്തു. എന്നിട്ടു് തന്റെ നേരെ നിർത്തി ചോദിച്ചു:
“മോനേ, നീയെന്നെ അറിയുമോ? ഇവളു പറഞ്ഞു തന്നിട്ടുണ്ടോ? നീയും എനിക്കു കൊച്ചുമോൻ തന്നെ.”
പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ആദിക്കു് ആ ആശ്ലേഷവും ചുംബനവും മനസ്സിൽ ആർദ്രമായ ഓർമ്മകളുണർത്തി; തന്റെ ഗ്രാന്റ്മായുടെ അതേ ആശ്ലേഷവും ചുംബനവും.
…പകൽ മുഴുവൻ പരസ്പരം വിശേഷങ്ങൾ കൈമാറുകയായിരുന്നു പ്രധാന പരിപാടി… അമ്മുവിന്റെ അപ്പൂപ്പനെത്തിയപ്പോൾ രാത്രിയായി. ചേട്ടനും അനുജത്തിയും കണ്ടുമുട്ടിയപ്പോൾ കൈമാറാനൊരുപാടു വിശേഷങ്ങൾ! അത്താഴമേശയിൽ ‘ടേബിൾ മാനേഴ്സ്’ ഒക്കെ കാറ്റിൽ പറത്തി വർത്തമാനവും ചിരിയും ബഹളവുമായിരുന്നു. അതിനിടയിൽ ലേഖ പറഞ്ഞു: “അപ്പച്ചീ, അപ്പച്ചിക്കു രണ്ടുമൂന്നു ദിവസം കഴിഞ്ഞുപോയാൽ പോരേ? അമ്മൂനു് കഥകൾ കേൾക്കണമെന്നു്, ആദിക്കും… പഴേ മുത്തശ്ശിക്കഥകളും കുട്ടിക്കഥകളുമൊന്നുമല്ല…’ ‘അപ്പച്ചി ചിലപ്പോളൊക്കെ ‘അന്നങ്ങനെയായിരുന്നു’, ‘ചോദ്യം ചെയ്യപ്പെടാൻ പാടുണ്ടോ, അങ്ങനെയങ്ങു നടക്കും’ എന്നൊക്കെ പഴയ കാര്യങ്ങളുടെ സൂചനകളും ഉദാഹരണങ്ങളും പറയാറില്ലേ… ചില സൂചനകൾ ഞാനും കേട്ടിട്ടുണ്ടു്. അമ്മുവിനും ആദിക്കും ആ കഥകൾ കേൾക്കണമത്രെ; വെറും കഥകളല്ലല്ലോ. ഒരു ദേശത്തിന്റെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളല്ലേ അതിലുള്ളതു്.”
അപ്പച്ചിയമ്മൂമ്മ ചിന്താവിഷ്ടയായി… കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു; പിന്നെപ്പറഞ്ഞു:
“എല്ലാമൊന്നും എനിക്കത്ര നിശ്ചയമില്ല കേട്ടോ. ഞാൻ കോളേജിലും ഇടയ്ക്കു് ഡൽഹിയിലും… എന്റെ അമ്മൂമ്മേം മീനാക്ഷിച്ചിറ്റമ്മേം പറഞ്ഞുകേട്ട ചില കഥകൾ… പിന്നെ സരസ്വതിയമ്മായീം ശശിയേട്ടനുമൊക്കെ ചെമ്പകശ്ശേരീലൊണ്ടായിരുന്നപ്പോ കണ്ടതും കേട്ടതും… അങ്ങനെ ചില പൊട്ടുംപൊടീമൊക്കെ അറിയാമെന്നേയുള്ളൂ. പക്ഷെ ഒരുപാടു കഥകൾ അറിയാവുന്നവരൊണ്ടു്… നാട്ടിലൊക്കെ ഒന്നു കറങ്ങിക്കൂടേ, ഒരു ചെറിയ യാത്ര ഒരു മൂന്നു ദിവസം… സാവിത്രിയേം വിളിക്കണം.”
“നമ്മക്കു പോകാം” -അമ്മു ചാടിക്കേറി പറഞ്ഞു
അപ്പച്ചിയമ്മൂമ്മ ചിരിച്ചു:
“ശരി പോകാം… ലേഖേ, നെനക്കറിയില്ലേ ചെമ്പകശ്ശേരീലെ വല്യമ്മാവനെ, രാഘവനമ്മാവൻ. ആ വല്യമ്മാവന്റെ മകൻ ശശിധരൻനായർ, എല്ലാവർക്കും ശശിയേട്ടൻ! വയസ്സു എൺപത്തെട്ടായിക്കാണും. കാര്യമായിട്ടു് അസുഖമൊന്നുമില്ലെന്നാ അറിവു്… പിന്നെ യാത്രയിൽ വല്ലതുമാണോന്നേയുള്ളൂ സംശയം. ആളിപ്പഴും ആക്ടീവാ. പഴേ വിപ്ലവകാരിയല്ലേ. പുന്നപ്രവയലാർ സമരത്തിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുത്ത സ്ക്കൂൾ വിദ്യാർത്ഥി, പിന്നീടു് കോളേജ് സമരങ്ങളും ജയിലും… 1964-ൽ കമ്യൂണിസ്റ്റുപാർട്ടി പിളർന്നതോടെ എന്തെല്ലാം പ്രശ്നങ്ങളായിരുന്നു. ചൈനാചാരന്മാർ എന്നു മുദ്രകുത്തപ്പെട്ടു; എന്തിനെന്നറിയാതെ വേട്ടയാടപ്പെട്ടു് മറ്റു പലരേയും പോലെ ഒളിവിൽ പോകേണ്ടിവന്നു… അക്കഥയൊക്കെപ്പറയാൻ തുടങ്ങിയാ ശശിയേട്ടൻ വലിയ ഉഷാറിലാകും…”
“പിന്നൊരാളൊണ്ടു്. ആളു വേറെ ലവലാ… പക്ഷേ ശരിക്കും കഥകളുടെ കലവറയാ… ആളിപ്പഴും ജീവിച്ചിരിപ്പൊണ്ടെന്നാ അറിവു്; വയസ്സു നൂറുകഴിഞ്ഞുകാണും. ഓർമ്മയൊക്കെ ഒണ്ടോ ആവോ. ആളൊരു ജഗജില്ലിയായിരുന്നു… വിപ്ലവോം രാഷ്ട്രീയോം ഒന്നുമല്ല കേട്ടോ… കുടുംബചരിത്രങ്ങളും രഹസ്യകഥകളും… ഇരട്ടപ്പേരു് നാരദരെന്നാ.”
“അതെന്താ നാരദരെന്നു്”, അമ്മുവിനു രസം തോന്നി.
അപ്പച്ചിയമ്മൂമ്മ പൊട്ടിച്ചിരിച്ചു:
“അതോ… ഓരോ സ്ഥലത്തുന്നും കിട്ടാവുന്ന ന്യൂസൊക്കെ ചോർത്തിയെടുക്കും. അതു് പൊടിപ്പും തൊങ്ങലും വച്ചു് അടുത്ത വീട്ടിലെത്തിക്കും… അയ്യോ എന്നുവച്ചു കള്ളം പറയാറില്ല; ബന്ധുവീടുകളിലേ പോകാറുള്ളുതാനും. കേൾക്കുന്ന ന്യൂസു് എന്തായാലും വിതരണം ചെയ്യും എന്നേയുള്ളൂ. വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ല, അവർക്കാര്ടേം ഒന്നും വേണ്ട. ചുമ്മാ ഒരു രസം, വീട്ടിലിരുന്നാ മടുപ്പാകൂലേ… പോണം, നമുക്കു് പോണം. അവടെപ്പോയാലേ കുടുംബചരിത്രം മുഴ്‌വോൻ കിട്ടൂ.”
“അല്ലാ അപ്പച്ചി, ആളാരാന്നു പറഞ്ഞില്ലല്ലോ”, ലേഖ.
“കാളിക്കുട്ടി വല്യമ്മായി. നമ്മുടെ അകന്ന ബന്ധത്തിലൊള്ളതാ, ബന്ധമൊന്നും എനിക്കറിയില്ല; എല്ലാരും വലിയമ്മയീന്നാ വിളിക്കുന്നെ. മാന്തോട്ടത്തു് തറവാട്ടിലെ കാരണവത്തിയാ.”
പിറ്റേന്നു രാവിലെ അവർ ഇറങ്ങി:
“നേരേ എറണാകുളത്തേക്കു വിട്ടോളൂ തോമസേ. ഇന്നു് സാവിത്രീടെ കൂടെ. അവളേം കൂട്ടി കണ്ണൂർക്കു്” അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
“ശശിയേട്ടൻ അവിടെത്തന്നെ ഒണ്ടോന്നറിയില്ലല്ലോ.” ലേഖ.
“അതുശരിയാ; ഇപ്പത്തന്നെ വിളിച്ചുനോക്കാം. തോമസേ, ഒന്നു നിർത്തുമോ.” അപ്പച്ചിയമ്മൂമ്മ ഡ്രൈവറോടു പറഞ്ഞു.
കാറു് സൈഡെടുത്തു നിർത്തി. അപ്പച്ചിയമ്മൂമ്മ ഫോണുമായി പുറത്തിറങ്ങി… സന്തോഷത്തോടെയാണു് തിരിച്ചു കയറിയതു്:
“ശശിയേട്ടനവിടൊണ്ടു്. എളേ മോള് അരുണേം എത്തീട്ടൊണ്ടു്. മറ്റുള്ളവരും ചെലപ്പോ എത്തിയേക്കുമെന്നു്. ശശിയേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണത്രെ നാളെ. സാരമില്ല, മറ്റന്നാൾ ശശിയേട്ടൻ ഫ്രീയാകുംന്നാ പറഞ്ഞേ.”
ഇന്നോവ സ്പീഡെടുത്തു.
ഉച്ചയ്ക്കു മുൻപേ എറണാകുളത്തെത്തി. സാവിത്രിക്കുട്ടിയമ്മൂമ്മയുടെ സ്നേഹവും ആഹ്ലാദവും മുഴുവൻ ചേർത്തൊരുക്കിയെടുത്ത ഉച്ചഭക്ഷണം. ഊണുകഴിഞ്ഞയുടൻ നാടുകാണാനിറങ്ങി. വലിയ വലിയ നഗരങ്ങളിലെ ആഡംബരക്കാഴ്ചകൾ കണ്ടുവളർന്ന ആദിയെ എറണാകുളത്തിന്റെ പ്രൗഢിയേക്കാൾ ആകർഷിച്ചതു് നഗരപ്രാന്തങ്ങളിലേക്കുള്ള ബോട്ടുയാത്രകളായിരുന്നു; ഫോർട്ടുകൊച്ചിയിലെ പഴമയുടെ സ്മാരകങ്ങളും.
രാത്രി പുറത്തുനിന്നു ഭക്ഷണം കഴിച്ചു; വീട്ടിലെത്തിയപ്പോൾ മണി പതിനൊന്നര. ക്ഷീണിച്ചുപോയിരുന്നു എല്ലാവരും; കിടന്നയുടൻ ഉറക്കമായി.
പക്ഷേ ഇടയ്ക്കെപ്പോഴോ ഉറക്കമുണർന്ന അമ്മു പതിഞ്ഞ സ്വരത്തിലുള്ള വർത്തമാനം കേട്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ അടുത്ത മുറിയിൽ നിന്നാണു്. വാതിൽ പതുക്കെ തുറന്നു… അമ്മൂമ്മമാരു കിടക്കുന്ന മുറിയിൽ നിന്നാണു്; ചാരിയ വാതിലിനടിയിൽക്കൂടി ലൈറ്റിന്റെ വെളിച്ചം… ഉറങ്ങിയിട്ടില്ലാന്നു വ്യക്തം… ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി അമ്മു കട്ടിലിൽ വന്നുകിടന്നു, അമ്മയെ ഉണർത്താതെ…
രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ അമ്മൂമ്മമാരെക്കണ്ടപ്പോൾ അമ്മു ചിരിച്ചു:
“ഇന്നലെ രണ്ടുപേരും കൂടെ വെളുപ്പാൻ കാലംവരെ കഥ പറച്ചിലായിരുന്നു അല്ലേ? എന്താ ഞങ്ങളെ കൂട്ടാതിരുന്നേ?”
അപ്പച്ചിയമ്മൂമ്മ മറുപടി പറഞ്ഞു:
“ങൂം… കഥകൾ തന്നെ. അമ്മുവിനു തന്നെ തരാം… ആദ്യം ഞാനൊന്നു നോക്കട്ടെ. അമ്മുവിന്റെ കുടുംബചരിത്ര ഗവേഷണപ്രബന്ധത്തിനു് ഒരു അനുബന്ധമോ രണ്ടാം ഭാഗമോ ആക്കാമെന്നു തോന്നുന്നു… ഇപ്പോളെല്ലാരും വേഗം ഒരുങ്ങു്. നമുക്കു് നേരത്തേ പുറപ്പെടണം.”
സാവിത്രിക്കുട്ടിയമ്മൂമ്മയുടെ ചുണ്ടിൽ ഒരു നിഗൂഢമായ മന്ദഹാസം…
പെട്ടെന്നു് അപ്പച്ചിയമ്മൂമ്മ പറഞ്ഞു: “സാവിത്രിക്കുട്ടീ, രണ്ടു ജോഡി ഡ്രസ്സെങ്കിലും കൂടുതൽ കരുതിക്കോളൂ; എന്തായാലും ഒരുവഴിക്കു പോകുകല്ലേ!”
പത്തുമണിയോടെ അവർ യാത്ര പുറപ്പെട്ടു.