കാലം നടന്നും ഓടിയും… ഒന്നു്… രണ്ടു്… നാലു്… നാരായണന്റെ അനുജനു കുട്ടികൾ രണ്ടായി. എന്നിട്ടും സ്വന്തമായൊരു കുടുംബം, കുട്ടികൾ… ഒന്നും മൂത്ത മകന്റെ ചിന്തയിലില്ലല്ലോയെന്നു് അച്ഛൻ വ്യാകുലപ്പെട്ടു.
ഒരു ദിവസം നേരം വെളുത്തപ്പോൾ നാരായണനില്ല; കുറച്ചുകൂടി വെളുത്തപ്പോഴറിഞ്ഞു കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഇളയ അനുജത്തിയുടെ മകനെയും കാണാനില്ലെന്നു്… അയാൾ—മഹാദേവൻ—നാരായണന്റെ നിഴലായിരുന്നു.
അന്വേഷകർ പരക്കം പാഞ്ഞു… ഗോവിന്ദക്കൈമളുടെ അടുത്തും എത്തി. കുഞ്ഞിക്കുട്ടൻ കർത്താവിന്റെ ജ്യേഷ്ഠന്റെ മകനാണു് കൈമൾ—ആറേഴു വയസ്സിനിളയതെങ്കിലും നാരായണനാണു് കൈമളുടെ ഉപദേഷ്ടാവും മനസ്സാക്ഷി സൂക്ഷിപ്പുകാരനും… അയാളറിയാതെ നാരായണൻ പോകാനിടയില്ല.
പക്ഷേ, അയാളറിഞ്ഞിരുന്നില്ല; പക്ഷേ, ചില സൂചനകൾ കൊടുത്തു: ‘ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുമായി നാരായണൻ വളരെ നേരം ചർച്ചകൾ നടത്താറുണ്ടു്, വലിയ വാദപ്രതിവാദങ്ങൾ… ഇംഗ്ലീഷിലും സംസ്കൃതത്തിലും. ഗഹനമായ വിഷയങ്ങൾ… ഒന്നും മനസ്സിലാകില്ല.’ കൈമൾ രണ്ടു മൂന്നു തവണ നാരായണനൊപ്പം പോയിട്ടുണ്ടു്. മഹാദേവൻ എന്നും ഉണ്ടാകാറുണ്ടെന്നു തോന്നുന്നു.
…ഇല്ല, ആശ്രമത്തിൽ ചെന്നിട്ടില്ല, രണ്ടു മൂന്നുമാസമായി… അവസാനം കാണുമ്പോൾ എന്തോ അലട്ടുമ്പോലെ; സ്വാമിമാർ പറഞ്ഞു; ഉദാസീനനായിരുന്നു…
ഗോവിന്ദക്കൈമൾ ഒന്നുകൂടി പറഞ്ഞു: ‘ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിക്കണമെന്നു്, ഹിമാലയത്തിൽ പോകണമെന്നു്. ബുദ്ധഗയയിൽ ധ്യാനമിരിക്കണമെന്നു്… നാരായണൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനു തടസ്സമായ അസുഖത്തിൽ ഖിന്നനാണു്. പക്ഷേ, മറ്റെന്തോ ഈയിടെയായി അലട്ടുന്നുണ്ടു്. ഒന്നും വിട്ടുപറയുന്നില്ല.’
എന്തായാലും ഒരു പിടിവള്ളി കിട്ടി… പക്ഷേ, തീവണ്ടിയിൽ കയറിയതായിട്ടോ, സമീപപ്രദേശങ്ങളിലെങ്ങാനും അവരെ കണ്ടതായിട്ടോ ആരും പറയുന്നില്ല.
സംശയിക്കുന്നിടത്തേക്കെല്ലാം ആളുപോയി… ഒരു വിവരവുമില്ല… രണ്ടാഴ്ച കഴിഞ്ഞൊരു വൈകുന്നേരം… മഹാദേവൻ പടിപ്പുര കടന്നുവന്നു. പാരവശ്യമൊന്നുമില്ല, അലഞ്ഞുനടന്ന ലക്ഷണവുമില്ല.
കെട്ടിപ്പിടിച്ചുകരയുന്ന അമ്മയോടും ചുറ്റും കൂടിയ ബന്ധുക്കളോടും, താൻ ജീവിതത്തിലാദ്യമായി ഒരു സാഹസം ചെയ്തതിന്റെ ഉത്സാഹത്തോടെ കഥ വിവരിച്ചു:
‘കൊച്ചുനാണു രഹസ്യായിട്ടു പോകാനൊള്ള പരിപാടിയാരുന്നു. ഞാനറിഞ്ഞു, എപ്പളും ഞാൻ കൊച്ചുനാണൂന്റെ കൂടേല്ലേ; ഇംഗ്ലീഷു പടിപ്പിച്ചോണ്ടിരുന്നപ്പം എന്തോ സൂചന വന്നുപോയി. കുത്തിക്കുത്തി ചോദിച്ചപ്പോ കാര്യം പറഞ്ഞു. ഞാനും വരുമെന്നു പറഞ്ഞിട്ടു സമ്മതിച്ചില്ല. ഞാൻ പേടിപ്പിച്ചു. അമ്മാവനോടു പറയൂന്നു പറഞ്ഞപ്പം സമ്മതിച്ചു… എന്നോടു പറഞ്ഞാരുന്നു നടന്നുതന്നെ പോണം; കാശുതീരുമ്പം ഭിക്ഷയെടുക്കണംന്നൊക്കെ… രണ്ടൂസം കഴിഞ്ഞപ്പോ മൊതലു് എനിക്കു സങ്കടാരുന്നു. കോയമ്പത്തൂരെത്തും വരെ കരച്ചിലാരുന്നു… എന്നെ സ്വാമിമാരെ ഏല്പിച്ചു… അവരാ തിരിച്ചുകൊണ്ടുവന്നേ. എന്നിട്ടു്…’
പെട്ടെന്നു് മഹാദേവൻ പൊട്ടിക്കരഞ്ഞു: ‘എനിക്കു നാണ്വേട്ടനെ കാണണം… എനിക്കു പോണം. നാണ്വേട്ടൻ തനിച്ചേള്ളൂ… എനിക്കു പോണം…’
ഒളിച്ചോട്ടത്തിനുശേഷം തിരിച്ചെത്തിയ അനന്തരവനെ നോക്കി പല്ലിറുമ്മി നിന്ന വല്യേട്ടൻ—മൂത്ത കുഞ്ഞമ്മയുടെ മകൻ ചാടി വീണു് മഹാദേവന്റെ രണ്ടു കരണത്തും മാറിമാറിയടിച്ചു:
‘നാണ്വേട്ടനോ… ഏതു നാണ്വേട്ടൻ… നെനക്കെന്നാ ആ നായർ പരിഷ ഏട്ടനായതു്? കീഴ്ക്കെടയില്ലാത്ത സംബോധനേംക്കെ അവൻ പഠിപ്പിച്ചതാല്ലേ? ചെക്കനെ ചെവീലോതി വശത്താക്കിക്കൊണ്ടുപോയി തെണ്ടിത്തീറ്റിച്ചു്… ന്നിട്ടും അവനു്…’ അറുകൊല തുള്ളുമ്പോലെ തള്ളി, അലറിവിളിച്ചു് മഹാദേവനെ അയാൾ ഊടുപാടും തല്ലി; തടയാൻ വന്ന മഹാദേവന്റെ അമ്മയ്ക്കും കിട്ടി…
ഇളിഞ്ഞ നോട്ടവുമായി കൊച്ചിറയത്തു് മുറ്റത്തേക്കു കാലുമിട്ടിരിക്കുന്ന ഇട്ട്യാതൻ നമ്പൂരി—കുഞ്ഞമ്മയുടെ സമ്മന്തക്കാരൻ, മഹാദേവന്റെ ജനനത്തിനു കാരണക്കാരൻ—അങ്ങനെയല്ലാതെ അച്ഛനെന്നു് പറയുന്നതു് ‘കീഴ്ക്കെടയില്ലാത്ത’ ആചാരമാകും—മിണ്ടിയില്ല. അയാൾ കാഴ്ച കണ്ടു രസിക്കുകയായിരുന്നു. ബീജാവാപം ചെയ്യുക എന്ന ദിവസക്കൂലിക്കൊള്ള ജോലി ചെയ്യുന്ന അയാൾക്കെന്തു് അച്ഛൻ—മകൻ ബന്ധം! വെറുതെ ഇടപെട്ടു് ഉള്ള കഞ്ഞിയിൽ പാറ്റയിടുന്നതെന്തിനു്!
ശബ്ദവും ബഹളവും കേട്ടു് കുഞ്ഞിക്കുട്ടൻകർത്താവു് ഇറങ്ങി വന്നു. കയ്യിലിരുന്ന വടി ഉയർത്തി നിലത്തിടിച്ചു് ദേഷ്യപ്പെട്ടു:
‘ഛീ, നിർത്തെടാ കൊശവാ… അവനെത്തല്ലാൻ നെനക്കാരാ അവകാശം തന്നേ; ഞാനില്ലാതായില്ലല്ലോ… അതുകഴിഞ്ഞിട്ടു മതി ഭരണോക്കെ… ഞാനൊന്നും അറിയുന്നില്ലെന്നാ… മഹാദേവാ, ന്റെ കുട്ടി ഇബ്ടെ വാ…’
മഹാദേവൻ പേടിച്ചു് പതുക്കപ്പതുക്കെ അമ്മാവന്റെ മുമ്പിലെത്തി തലതാഴ്ത്തി നിന്നു; പെട്ടെന്നു് അമ്മാവന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു: ‘എനിക്കു നാണ്വേട്ടന്റടുത്തു പോണം. നാണു എന്റെ ഏട്ടനാ… ഇവിടാരും എന്നെ ഇത്രേം സ്നേഹിച്ചിട്ടില്ല. എന്തു കിട്ടിയാലും എനിക്കു നെറച്ചും തന്നിട്ടേ കഴിക്കൂ. ചെലപ്പോ എനിക്കു തന്നിട്ടു ബാക്കി കാണില്ല. നാണ്വേട്ടൻ പച്ചവെള്ളം കുടിക്കും, പട്ടിണി കെടക്കും. പിന്നെ ആശ്രമത്തിലൊക്കെ പോകുമ്പം അവർക്ക് എന്തുകാര്യമാ നാണ്വേട്ടനേ… അപ്പോ നെറയെ നല്ല ആഹാരോം തരും… എനിക്കു് അമ്മേ കാണാഞ്ഞു സങ്കടം വന്നിട്ടാ… എനിക്കു പോണം… എനിക്കും നാണ്വേട്ടനേപ്പോലെ സന്യാസിയാകണം…’
അച്ഛൻ തമ്പുരാൻ പുതിയ അറിവിൽ ഞെട്ടി… ഒന്നും സംഭവിക്കാത്തതുപോലെ മഹാദേവനെ പിടിച്ചെഴുന്നേല്പിച്ചു:
‘കുട്ടി കരയണ്ട… നാരായണൻ തിരിച്ചു വരും, കൊണ്ടുവരും… നീ പോകണ്ട. അതു നാരായണനു ബുദ്ധിമുട്ടാകും… നിന്നെ ആരാ കൊണ്ടുവന്നതു്, അതോ തന്നെ വന്നോ?’
‘കോയമ്പത്തൂരു് ആശ്രമത്തീന്നു ആളെക്കൂട്ടി വിട്ടു. കെടങ്ങൂരു വന്നപ്പം ഇവടത്തെ സ്വാമിമാരു് ആരോ ഇവിടെ കൊണ്ടുവന്നൂന്നാ പറഞ്ഞെ.’ കുഞ്ഞമ്മയാണു് പറഞ്ഞതു്.
‘ശരി, ഞാൻ നോക്കിക്കോളാം… നീ എന്റെ കൂടെ വാ. ഒരെണ്ണതരാം. അവന്റെ കവിളത്തും ദേഹത്തും ആകമാനം പുരട്ടിത്തടവു്… ഒരു മണിക്കൂർ കഴിഞ്ഞു് ചൂടുവെള്ളത്തിൽ തുടച്ചെടുത്തിട്ടു് നന്നായി പാലൊഴിച്ചു് പൊടിയരിക്കഞ്ഞി കൊടുക്കു്… ഇനിയാരും വഴക്കു പറയണ്ട.’
കോയമ്പത്തൂർ ആശ്രമത്തിലേക്കു ആളുപോയി… കാര്യമറിഞ്ഞപ്പോൾ മഠാധിപതി തന്നെ ദൂതനോടു സംസാരിച്ചു:
‘നാരായണൻ ജ്ഞാനിയാണു്, സ്ഥിതപ്രജ്ഞനാണു്… നമുക്കു് അങ്ങോട്ടൊന്നും പറഞ്ഞുകൊടുക്കാനില്ല… എങ്ങോട്ടു പോകുന്നെന്നു പറഞ്ഞില്ല… അയാളെ മടക്കി വിളിക്കുക ദുഷ്ക്കരമാകും… എന്റെ ഊഹം അയാളുടെ ലക്ഷ്യം ശ്രീലങ്കയാണെന്നാണു്… തീർത്തും വൈരാഗിയായിട്ടില്ല. അച്ഛൻ തമ്പുരാന്റെ കാര്യം ചോദിച്ചപ്പോൾ തൊണ്ടയിടറി.’
മഠാധിപതി ഒന്നുകൂടിപ്പറഞ്ഞു:
‘അന്വേഷിച്ചു പോകണ്ട… അധികം വൈകാതെ അയാൾ തിരിച്ചുവരും. പേടിക്കണ്ടായെന്നു അച്ഛനമ്മമാരോടു പറയൂ. ഞങ്ങളുടെ ആളുകൾ വഴി ഞാൻ ശ്രമിക്കാം… അതു മതിയാകും.’ ദൂതൻ തിരിച്ചുപോന്നു…
ഒന്നര മാസത്തിനുശേഷം നാരായണൻ തിരിച്ചെത്തി. മുടി വെട്ടി, ഷേവു് ചെയ്തു്, വൃത്തിയായി വേഷം ധരിച്ചു്…
…തീവണ്ടിയിലും നടന്നും മരത്തണലുകളിൽ വിശ്രമിച്ചും, ഭിക്ഷയെടുത്തും രാമേശ്വരത്തെത്തി… അവിടന്നു് ധനുഷ്ക്കോടി… ക്ഷീണം മറന്നു, മനസ്സു് ഉല്ലാസഭരിതമായി… ഇതാ ലക്ഷ്യസ്ഥാനത്തെത്താൻ മണിക്കൂറുകൾ മാത്രം… ശ്രീലങ്ക! നാരായണനറിയാം ശ്രീരാമലക്ഷ്മണന്മാരേയും വാനരസൈന്യത്തേയും ലങ്കയിലെത്തിക്കാൻ ഹനുമാന്റെ നേതൃത്വത്തിൽ കടലിനു കുറുകെ പണിത പാലം… പാലം നശിച്ചുപോയെങ്കിലും അതിന്റെ കല്ലും മണ്ണും അടിഞ്ഞുകിടപ്പുണ്ടാകും… ഉണ്ടു്, കണ്ടുപിടിച്ചു. നേരേ കടലിലേക്കറിങ്ങി… കടലിൽ നിറയെപ്പാറകൾ… കല്ലുകളിൽ ചവിട്ടി…
മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി… മനസ്സിലാകാത്ത ഭാഷയിൽ, പക്ഷേ, മനസ്സിലാകുന്ന ആംഗ്യവിക്ഷേപത്തിൽ അവർ നാരായണനെ വിലക്കി… ഇതു ഭ്രാന്താണു്, കുറച്ചുദൂരം വരെ കുറേ പാറകളുണ്ടെന്നേയുള്ളൂ… അതുകഴിഞ്ഞാൽ പിന്നെ നടന്നെത്തുക ദുഷ്ക്കരം… കടൽത്തിരകളിൽ തീർന്നു പോകാമെന്നേയുള്ളൂ; ഭ്രാന്തുകാണിക്കരുതു്, മടങ്ങണം… യാദൃച്ഛികമായി അവിടെയെത്തിയ ഇംഗ്ലീഷ് അറിയുന്ന മാന്യൻ അയാളുടെ വാക്ചാതുരിയിൽ നാരായണന്റെ അടങ്ങാത്ത ആഗ്രഹത്തെയും അർഥശൂന്യമായ സാഹസികതയേയും തണുപ്പിച്ചു. പ്രായമായ ആ മനുഷ്യൻ സ്നേഹനിധിയായ സ്വന്തം അച്ഛന്റെ ഓർമ്മകളെ ഉണർത്തി… കുറ്റബോധത്തോടെ അദ്ദേഹത്തിനൊപ്പം മടങ്ങി.
കോയമ്പത്തൂർ ശ്രീരാമകൃഷ്ണാശ്രമം പലപല ദൂതന്മാർ വഴി അയച്ച സന്ദേശമനുസരിച്ചെത്തിയ ഒരു സ്വാമിയായിരുന്നു അതു്. കോയമ്പത്തൂർ ആശ്രമത്തിൽ മൂന്നുനാലു ദിവസം. പിന്നെ തൃശൂരെത്തി, രണ്ടു സ്വാമിമാർക്കൊപ്പം… അവിടെ നിന്നും നാട്ടിൽ…
ഗോവിന്ദക്കൈമൾ സംശയാലുവായിരുന്നു—സന്യാസിയാകാനുള്ള ആഗ്രഹം മാത്രമാണോ നാരായണനെ നാടുവിടാൻ പ്രേരിപ്പിച്ചതു്; അതോ നാടുചുറ്റാനുള്ള മോഹമോ… ഒരു പക്ഷേ, വയറുവേദനമൂലം ഒരുപാടാഗ്രഹിച്ച ഉപരിപഠനം ഉപേക്ഷിക്കേണ്ടി വന്നതിലെ നിരാശയോ… വരട്ടെ, അറിയണം; നാരായണന്റെ മനസ്സറിയണം…
…നാരായണന്റെ മനസ്സു് ശരിക്കങ്ങട്ടു് അറിയാൻ സാധിച്ചില്ലെങ്കിലും ജീവിതത്തിന്റെ പച്ചപ്പുകളിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിച്ചു.
നാരായണൻ വിവാഹത്തിനു സമ്മതിച്ചു; ഒരു സുഹൃത്തു വഴി വന്ന ആലോചന. നാരായണന്റെ സീനിയറായി കോളേജിലുണ്ടായിരുന്ന ഒരു കോട്ടയത്തുകാരൻ പരമേശ്വരൻ നായർ… അയാൾ വിവാഹം കഴിച്ച പെൺകുട്ടിയുടെ അനുജത്തിയാണു്…
കുഞ്ഞുക്കുട്ടൻ കർത്താവിനു് മകനു വന്ന കല്യാണാലോചന വളരെയധികം ഇഷ്ടമായി. കാരണമുണ്ടു്, പേരുകേട്ട കുടുംബമാണു് പെൺകുട്ടിയുടേതു്… സമ്പത്തിലും ജാതിയിലും പ്രാമാണിത്തത്തിലുമെല്ലാം ഉയർന്ന നിലയിലാണു്… ഇതു നടത്തണം. അച്ഛൻ തീരുമാനിച്ചു. നാരായണൻ കല്യാണത്തിന്റെ അന്നുമാത്രമാണു് തന്റെ വധുവിനെ കാണുന്നതു്. മനപ്പൂർവ്വമൊന്നുമല്ല; തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാളാണു് കല്യാണാലോചന കൊണ്ടുവന്നതു്. പെൺകുട്ടിയുടെ ചേച്ചിയെ പെണ്ണുകാണാൻ പോയപ്പോൾ അയാൾ ആ കുട്ടിയെ കണ്ടു… ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാർ പഠിപ്പു മതിയാക്കി; എത്ര കരഞ്ഞിട്ടും വാശിപിടിച്ചിട്ടും പിന്നെ സ്ക്കൂളിൽ വിട്ടില്ല. പെൺകുട്ടികൾക്കു് ആ പഠിപ്പുമതിയെന്നാ… എന്നാലെന്താ സംഗീതജ്ഞയാ, വിദുഷിയാ… വീട്ടിലിരുത്തി പാട്ടും സംസ്കൃതോം പഠിപ്പിച്ചു. വലിയ വായനക്കാരിയാ… അത്ര സുന്ദരിയാണെന്നു പറയാൻ വയ്യ, പക്ഷേ, നെനക്കു ചേരും നാരായണാ. മിടുക്കിപ്പെണ്ണാ… നല്ല കുടുംബമാ… അത്രയ്ക്കു പോരേ… എന്നാ പെണ്ണുകാണാൻ പോകേണ്ടതെന്നു നീ തീരുമാനിക്കു് ഞാനും വരാം.
കൂട്ടുകാരന്റെ വിവരണം തന്നെ ധാരാളമായി നാരായണനു്; ഇനിയിപ്പോൾ നേരിൽക്കണ്ടു ബോധ്യപ്പെടേണ്ട കാര്യമൊന്നുമില്ല.
അങ്ങനെ നാരായണനും മീനാക്ഷിയമ്മയും വിവാഹിതരായി… എരിക്കുമ്പാട്ടു വീട്ടിൽ താമസവുമായി. കുഞ്ഞിക്കുട്ടൻകർത്താവിനു് മകനോളമോ അതിൽക്കൂടുതലോ പ്രിയപ്പെട്ട മകൾ തന്നെയായി മീനാക്ഷിയമ്മ…