പെട്ടെന്നൊരു ദിവസം ഉച്ചയൂണു കഴിഞ്ഞസമയത്തു് ഇളയിടത്തുമഠത്തിൽ നിന്നു വിളിവന്നു, നാരായണനെ ഉടനെ വിളിച്ചോണ്ടുചെല്ലാൻ അച്ഛൻ തമ്പുരാൻ നിർബ്ബന്ധം പിടിക്കുന്നു; ഒരു വയ്യായ്ക പോലെ.
തലേന്നു വൈകിട്ടും നാരായണന്റെ ഭാര്യ മീനാക്ഷിയമ്മയുണ്ടാക്കിയ സൂചിഗോതമ്പുറവയിട്ടു കാച്ചിയ പാൽ മുഴുവൻ കുടിച്ചിരുന്നു. നാരായണന്റെ മൂന്നുവയസ്സുകാരനായ മകനെ കൊഞ്ചിച്ചതാണു്. പതിവുപോലെ ഏഴരവെളുപ്പിനുണർന്നു. ഗൗരിയമ്മ തന്നെയാണു് വാതിൽ തുറന്നു യാത്രയാക്കിയതു്. അമ്പലക്കുളത്തിൽ കുളിച്ചുകയറും വരെ നാരായണനും ഒപ്പമുണ്ടായിരുന്നു. കാര്യസ്ഥൻ വന്നപ്പോളാണു് നാരായണൻ തിരിച്ചുപോന്നതു്…
…മകന്റെ വലംകയ്യിൽ സ്വന്തം വലംകൈകൊണ്ടു് മുറുക്കി പിടിച്ചു കുഞ്ഞിക്കുട്ടൻ കർത്താവു്… എന്തോ പറയാൻ പാടുപെടുന്നു, ശബ്ദം പുറത്തുവരുന്നില്ല. വായുഗുളിക അരച്ചു ചേർത്ത ജീരകവെള്ളം മൂത്തപെങ്ങൾ വായിലിറ്റിച്ചപ്പോഴും മകന്റെ മുഖത്തുനിന്നും ആ അച്ഛൻ കണ്ണെടുത്തില്ല… ഒരായിരം സന്ദേശങ്ങൾ ആ കണ്ണുകളിൽ… മകനിലേക്കു ഒന്നും പകരാനാകാതെ, മുറുക്കിപ്പിടിച്ച കൈകളുമായി അതേ നോട്ടത്തോടെ അച്ഛൻ പോയി.
കുഞ്ഞിക്കുട്ടൻ കർത്താവിന്റെ മൂത്ത അനന്തിരവൻ രംഗം നോക്കി കെട്ടിവീർത്ത മുഖവുമായി നിൽക്കുന്നുണ്ടായിരുന്നു. നാരായണനെ കെട്ടിപ്പിടിച്ചു കരയുന്ന മഹാദേവനെ ദേഷ്യത്തോടെ വലിച്ചെഴുന്നേല്പിച്ചു. തന്റെ അമ്മാവന്റെ കൈകളിൽ നിന്നു് നാരായണന്റെ കൈ വിടുവിച്ചെടുക്കാൻ ഒരു ദാക്ഷിണ്യവുമില്ലാതെ അയാൾ ബലം പ്രയോഗിച്ചു. അച്ഛനു വേദനിക്കുമെന്നു വല്ലായ്മപ്പെട്ട നാരായണനെ അയാൾ രൂക്ഷമായി നോക്കി:
‘ചത്തുമരവിച്ച ശവത്തിനല്ലേ വേദന! എഴുന്നേറ്റു പോടോ.’
ഒന്നും പറയാതെ മുറ്റത്തിറങ്ങിയ മകനോടു് അച്ഛൻ തമ്പുരാന്റെ മൂത്ത അനന്തിരവൻ വല്യേകർത്താവു് ഗവൺമെന്റു സെക്രട്ടറി പദത്തിന്റെ ധാർഷ്ട്യത്തോടെ തന്നെ പറഞ്ഞു:
‘ഇനി ഇവിടെ കേറിയിറങ്ങി നടക്കണമെന്നില്ല. ഇതു് ഇളയിടത്തുമഠം. ഈ മഠത്തിന്റേയും ബന്ധപ്പെട്ട വസ്തുവകകളുടേയും ഡോക്യുമെന്റ്സു് ഒക്കെ ഞങ്ങൾ ശരിയാക്കിയിരിക്കുന്നു. നിങ്ങളേയോ നിങ്ങളുടെ വീടിനേയോ ബന്ധിപ്പിക്കുന്ന ഒന്നും ഇനിയിവിടെയില്ല. ആരും അതിനായി മഞ്ഞുകൊള്ളുകയും വേണ്ടാ…’ കുഞ്ഞിക്കുട്ടൻ കർത്താവിന്റെ സഹോദരിമാരും സംബന്ധക്കാരും മക്കളുമടങ്ങിയ ചെറിയ ആൾക്കൂട്ടം സ്തംഭിച്ചു നിന്നു… തിരിഞ്ഞു നോക്കാതെ പടിപ്പുരയിറങ്ങുന്ന നാരായണനെ വിളിക്കാനാഞ്ഞ വലിയ കുഞ്ഞമ്മ, ‘വലിയ കർത്താവി’ ന്റെ നോട്ടത്തിനു മുന്നിൽ നിശ്ശബ്ദയായി.
എരിക്കുമ്പാട്ടു വീട്ടിൽ അച്ഛൻ തമ്പുരാന്റെ മരണദിവസം പുകഞ്ഞുതുടങ്ങിയ ബോംബ് ഒരാഴ്ചയാകും മുൻപു് പൊട്ടിത്തെറിച്ചു.
എരിക്കുമ്പാട്ടു വീട്ടിൽ എല്ലാവരുമെത്തിയിരുന്നു. അച്ഛന്റെ സ്വത്തുക്കളിൽ നിന്നു് മക്കൾക്കു കിട്ടാനുള്ളതിന്റെ രേഖയും ഇടപാടുകളും എത്രയും നേരത്തെ തയ്യാറാക്കണമെന്നു് നാരായണനോടു് പറയാൻ ശിവരാമകൈമൾ ഭാര്യയേയും നാരായണന്റെ അനുജൻ മാധവൻനായരേയും ഏല്പിച്ചതാണു്, അതും പലതവണ; അനുജത്തി പാർവ്വതി കരഞ്ഞു പറഞ്ഞതാണു്… കുറ്റപ്പെടുത്തലുകൾ കോറസുപോലെ കേട്ടിട്ടും നാരായണൻ നിശ്ശബ്ദനായിരുന്നു.
അപ്പോളാണു് ശിവരാമക്കൈമൾ ഒരു നിർദ്ദേശം മുന്നോട്ടു വച്ചതു്: ‘മരുമക്കത്തായ നിയമം കാലഹരണപ്പെട്ടു, പുതിയ നിയമം പ്രാബല്യത്തിലായി—മക്കത്തായം… മരിച്ചുപോയ അച്ഛന്റെ സ്വന്തം പേരിലുള്ള സ്വത്തുക്കൾക്കു് അവകാശം മക്കൾക്കാണു്. കുടുംബസ്വത്തിൽ മരിച്ചുപോയ ആൾക്കു് ന്യായമായ വിഹിതത്തിനു് അവകാശമുണ്ടെങ്കിൽ അതും മക്കൾക്കു കിട്ടണം… വലിയ കർത്താവു് കയ്യടക്കിയില്ലേ എല്ലാം… ഉടനെ സിവിൽകേസ് ഫയൽ ചെയ്യണം… എല്ലാ പേപ്പറുകളും അളിയൻ റെഡിയാക്കിക്കൊണ്ടു വന്നിട്ടുണ്ടു്. ബാക്കിയെല്ലാരും ഒപ്പിട്ടു…’
‘ചേട്ടൻ മാത്രം ഒപ്പിട്ടാൽ മതി… തടസ്സം പറയരുതു്’ അനുജൻ അപേക്ഷിച്ചു.
നാരായണൻ ഒപ്പിടാൻ തയ്യാറല്ല… അച്ഛൻ മരിച്ചിട്ടു ദിവസങ്ങളേ ആയുള്ളൂ… ആ പേരു് കോടതിയിലേക്കു വലിച്ചിഴയ്ക്കാൻ വയ്യ.
‘കാലതാമസം പ്രശ്നങ്ങൾ വഷളാക്കും, എത്രയും വേഗം വേണം’, ശിവരാമക്കൈമൾ വാദിച്ചു… ആയാൾ വലിയ ഉദ്വോഗസ്ഥനാണു്, വക്കീൽ പരീക്ഷ പാസ്സായവനാണു്.
‘ബന്ധുക്കൾക്കെതിരെ ഇത്രപെട്ടെന്നു് നിയമനടപടിക്കൊരുങ്ങുന്നതു ശരിയല്ല. അവർക്കു സമയം കൊടുക്കണം… നമ്മൾക്കവകാശപ്പെട്ടതു വിട്ടുതരാൻ ദൈവം തന്നെ അവരേക്കൊണ്ടു തോന്നിപ്പിക്കും… അവകാശമില്ലാത്തതു പിടിച്ചുവയ്ക്കാൻ ദൈവം സമ്മതിക്കില്ല; തിരിച്ചു തരീക്കും. കുറച്ചു ക്ഷമിക്കാം.’
ദൈവത്തിന്റെ നീതിയിൽ അപ്പോഴും നാരായണനു വിശ്വാസമായിരുന്നു…
എരിക്കുമ്പാട്ടു വീട്ടിൽ ഭൂകമ്പമുണ്ടായി… കൊച്ചോപ്പയും കുഞ്ഞൂട്ടൻചേട്ടനുമൊഴിച്ചെല്ലാരും നാരായണനെ തള്ളിപ്പറഞ്ഞു. അനുജത്തി പാർവ്വതി ഭദ്രകാളിയായി… ചേട്ടനെ മാത്രമല്ല, ചേട്ടന്റെ ഭാര്യയേയും കുഞ്ഞിനേയും ശാപം കൊണ്ടുമൂടി വീടിനു ചുറ്റും ഓടി നടന്നു. അമ്മ മുറിക്കു പുറത്തിറങ്ങുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല.
ശിവരാമക്കൈമൾ ആ നിമിഷം വീട്ടിൽ നിന്നിറങ്ങി… ‘നാരായണൻ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ആ പടി ചവിട്ടില്ല…’ അയാൾ പ്രതിജ്ഞയെടുത്തു. പിറ്റേന്നുതന്നെ ഒള്ളതൊക്കെ പെറുക്കിക്കെട്ടി പോന്നോളാൻ ഭാര്യയോടും കല്പിച്ചു; പത്തിരുന്നൂറു മൈലകലെ ജോലി സ്ഥലത്തേക്കു് ‘അയാൾ മക്കളുടെ കാര്യം മനപ്പൂർവ്വം പറയാതിരുന്നതാ… എന്തു മക്കൾ… അയാക്കു വച്ചുവിളമ്പാനും കൂടെക്കെടക്കാനും ഒരാളുവേണം… അതീക്കവിഞ്ഞെന്താ…’ സാവിത്രിക്കുട്ടീടെ അമ്മ ഒരിക്കൽ പറഞ്ഞതാണു്.
മാധവൻനായരും ഭാര്യയും മൂന്നുമക്കളും ഭാര്യയുടെ സ്ഥലത്തു് പുതുതായി പണിതിട്ടിരുന്ന വീട്ടിലേക്കു് താമസം മാറ്റി; സ്ഥിരമായിത്തന്നെ, പെട്ടെന്നൊന്നും ആരും വലിഞ്ഞുകേറിച്ചെല്ലില്ല, പത്തുമൈലുണ്ടു്…
അധികം താമസിയാതെ അമ്മയുടെ കുടുംബസ്വത്തിന്റെ കാര്യവും തീരുമാനമായി… കയറില്ലെന്നു പ്രതിജ്ഞയെടുത്തുപോയവരും, പ്രതിജ്ഞയെടുക്കാതെ പോയവരും പലതവണ കയറിയിറങ്ങി ശരിയാക്കി… നാരായണൻ അമ്മയുടെ ചോദ്യത്തിനു മറുപടി കൊടുത്തിരുന്നു—എല്ലാവരുടേയും ഇഷ്ടംപോലെ… ഒപ്പിടാനുള്ളിടത്തു് ഒപ്പിടാം.
ഒരു വീതം നാരായണനും മാറ്റിവച്ചു… ഭാഗപത്രത്തിന്റെ മഷിയുണങ്ങും മുൻപുതന്നെ നാരായണന്റെ വീതം പാർവ്വതിക്കു് ഇഷ്ടദാനമെഴുതി… പാർവ്വതിയിലെ ഭദ്രകാളി ശാന്തയായി.
എല്ലാ ആഘാതങ്ങളും കൂടി ഒന്നിച്ചൊരു കൊടുങ്കാറ്റായി ഗൗരിയമ്മയുടെ ജീവൻ ചുഴറ്റിയെടുത്തു കൊണ്ടുപോയി…
പ്രതിസന്ധികൾ നാരായണൻനായർക്കു പുറകിൽ വരിനിന്നു… നക്ഷത്രഫലത്തിലും ജാതകത്തിലുമൊന്നും നാരായണൻനായർ വിശ്വസിച്ചില്ല… എല്ലാമറിയുന്ന ഒരു ദൈവമുണ്ടു്… അയാൾക്കു വിശ്വാസമായിരുന്നു.
‘ഓരോരോ കാലക്കേടുകളേ!’ ബന്ധുജനങ്ങൾ പറഞ്ഞു.
‘കാലക്കേടോ, ഒരു കാലക്കേടുമല്ല… സ്വയം കൃതാനർത്ഥങ്ങൾ… അല്ലാണ്ടെന്താ! നാട്ടുകാരുടെ മുഴ്‌വോൻ ദുഃഖമകറ്റാൻ നടക്കുന്ന ബുദ്ധഭഗവാൻ! എന്നേക്കൊണ്ടൊന്നും പറേപ്പിക്കരുതു്.’ മീനാക്ഷിയമ്മ രണ്ടുകൈ കൊണ്ടും തലയ്ക്കടിച്ചു…
അധികം അകലെയല്ലാതെ ഒരു പഴയവീടും സ്ഥലവും വാങ്ങി നാരായണൻനായരും കുടുംബവും മാറിത്താമസിച്ചു. നാട്ടിലെ അധ്യാപക ജോലിയിൽ തുടരുന്നതിലർത്ഥമില്ല… ടൗണിൽ ബാങ്കിൽ ജോലിയായി. പോക്കുവരവു് ബുദ്ധിമുട്ടു്… എന്നാലും കുഴപ്പമില്ല. അത്യാവശ്യമുള്ളതെല്ലാം കൃഷി ചെയ്യാം, അരികെ തോടു്… നല്ല കിണർ. ജോലി ചെയ്യാൻ മീനാക്ഷിയമ്മ തയ്യാർ, രണ്ടരയേക്കറുണ്ടു്…
കാലം നടന്നുപോകുകയായിരുന്നു…