ഗ്രാമത്തിലെ ഏക സ്ക്കൂളായ മുണ്ടോലി ഭാർഗ്ഗവൻ നായർ സ്മാരകഗ്രാന്റ് സ്ക്കൂളിൽ ഒന്നാം മണിയടിച്ചു… അഞ്ചാം ക്ലാസ്സിലെ മൂന്നാംകൊല്ലക്കാരൻ മീശകിളിർത്ത കുഞ്ഞുകൃഷ്ണൻനായരാണു് സ്ക്കൂളിലെ പ്യൂണും അഞ്ചാം ക്ലാസ്സിലെ മോണിട്ടറുമെല്ലാം.
ഒന്നാംമണി കേട്ടതും കയ്യിൽ ചൂരൽവടിയുമായി പുതിയ ഹെഡ് മാസ്റ്റർ ദേവദത്തൻസാർ എഴുന്നേറ്റു നിന്നു, ഒപ്പം ഒന്നുമുതൽ നാലുവരെയുള്ള നാലു ക്ലാസ്സിലെ കുട്ടികളും… നെടുനീളത്തിലുള്ള സ്ക്കൂൾ ഹാളിന്റെ കിഴക്കേയറ്റത്തെ നാലാം ക്ലാസ്സിലാണു് ആ സ്ക്കൂളിലെ ആകെയുള്ള മേശ. ഹെഡ് മാസ്റ്റർ ദേവദത്തൻസാർ ആ മേശക്കു പുറകിൽ ഇരുന്നുനോക്കിയാൽ മതി. ഒന്നാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകൾ വിശദമായിക്കാണാം. ദ്രവിച്ച പനമ്പുതട്ടികൾ സ്ക്കൂൾ തുടങ്ങിയ കാലത്തുള്ളതായിരിക്കണം, ക്ലാസ്സുകൾ തമ്മിൽ മറച്ചിട്ടുണ്ടെന്നുള്ള സങ്കല്പത്തിൽ ഓരോ ക്ലാസ്സിനുമിടയിൽ അസ്ഥിപഞ്ജരം പോലെ അവ നിൽക്കുന്നു…
കുഞ്ഞുകൃഷ്ണൻനായർ രണ്ടാം മണിയടിച്ചതും ദേവദത്തൻ സാർ ചൂരൽവടി മേശയിൽ ശക്തിയിൽ ഒരടി. സ്ക്കൂൾ നിശ്ശബ്ദം… അതുപതിവാണു്. പെട്ടെന്നു്.
സഞ്ചീ… താ… പം ജേ… യീക്കേണം…
ദേവദേ… വൻ ഭാവാ… നെന്നും
ദേഹ സൗ… ക്യം ലെ പി… ക്കേണം
…… … … … …’
ഹെഡ് മാസ്റ്ററുടെ മേശയുടെ അരികിൽ ക്ലാസ്സിലേക്കു തിരിഞ്ഞുനിന്നു് നാലാം ക്ലാസ്സിലെ മൂന്നുകുട്ടികൾ ഉച്ചത്തിൽ വഞ്ചീശമംഗളം പാടി; സ്ക്കൂൾ മുഴുവൻ ഏറ്റുപാടി… ഒരു നൂറുശ്രുതികളിൽ, എന്തോ അക്ഷരങ്ങൾ… ആടുകരയും പോലെ…
‘ഹെഡ് മാസ്റ്റർ വിളിക്കുന്നു, വേഗം ചെല്ലു് എല്ലാരും.’ പ്രാർത്ഥന കഴിഞ്ഞതും ക്ലാസ് റ്റീച്ചർ രാമകൃഷ്ണൻസാർ പറഞ്ഞു.
മുറ്റത്തു് മൂന്നിലേയും നാലിലേയും കുട്ടികളെ നിരത്തി നിർത്തി. ‘തുലാം ഏഴിനു് ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ തിരുനാളാണു്. നമ്മക്കു കേമമാക്കണം.’ ഹെഡ് മാസ്റ്റർ പറഞ്ഞു. അദ്ദേഹം തന്നെ പേരുവിളിച്ചു് ആദ്യം ആറോഏഴോ ആൺകുട്ടികളുടെ മൂന്നുനാലു ഗ്രൂപ്പുണ്ടാക്കി. അവർ ആദ്യം കുണ്ടുംകുഴിയുമായിക്കിടക്കുന്ന ക്ലാസ്സുമുറികളിലെ—മുറികളില്ല, ഒറ്റ ഹാൾ—തറ ഇടിക്കട്ടയ്ക്കിടിച്ചു നിരപ്പാക്കണം. മറ്റുള്ള ആൺകുട്ടികൾ സ്ക്കൂൾ കാമ്പൗണ്ടിലെ കാടു്—ഒരു കൊല്ലം കൊണ്ടു് വളർന്നു പന്തലിച്ച ചെടികളും വള്ളികളും—വെട്ടിത്തെളിച്ചു വൃത്തിയാക്കണം, മുറ്റത്തെ പുല്ലും ചെത്തിവിടണം.
പിന്നെ പെൺകുട്ടികൾ.
ഗ്രൂപ്പുകളില്ല. എല്ലാവരും കൂടി മണ്ണു് ഒരുനുള്ളുപോലും കളയാതെ ചെത്തിയിട്ട പുല്ലു് കുടഞ്ഞുവാരി, സ്ക്കൂൾ കാമ്പൗണ്ടിനു് തെക്കുഭാഗത്തുള്ള മാനേജരുടെ പറമ്പിലെ വെട്ടുകല്ലിൻ കുഴിയിലിടണം. പിന്നെ മുറ്റം അടിച്ചു വൃത്തിയാക്കണം… ‘സ്ക്കൂളിൽ ആകെയുള്ള ആഘോഷമാണതു്, അതു ഭംഗിയാക്കണം’ ഹെഡ് മാസ്റ്റർ ഓർമ്മിപ്പിച്ചു…
ഉച്ചയ്ക്കു് ഇൻർവെല്ലിനു് കുട്ടികളെ വീണ്ടും നിരത്തിനിർത്തി ഹെഡ് മാസ്റ്റർ:
‘നാളെ നാലുഗ്രൂപ്പിലേയും ആൺകുട്ടികൾ നേരത്തേ വരണം. എന്നിട്ടു് നാലായിപ്പിരിഞ്ഞു വീടുകളിൽ പോയി ചാണകവും ചിരട്ടയും ശേഖരിച്ചു കൊണ്ടുവരണം, പത്തുമണിക്കു മുൻപേതന്നെ. പിന്നെ കാവിൽ നിൽക്കുന്ന ഓടൽവള്ളിയും കുറച്ചുവേണം. മറ്റുള്ള ആൺകുട്ടികൾ ചിരട്ടകരിച്ചു് കരിയുണ്ടാക്കണം. എല്ലാരുംകൂടി കരിപൊടിച്ചതും ചാണകവും ഓടൽ വള്ളിവാട്ടി ചതച്ചു പിഴിഞ്ഞതും ചേർത്തു് കുഴച്ചുവയ്ക്കണം. ഭാഗ്യം കൊണ്ടു് രണ്ടുദിവസമായി മഴമാറിനിക്ക്വാ. എന്നാലും അകത്തുവച്ചാമതി.’
‘പെൺകുട്ടികൾ വന്നാലുടനെ കിണറ്റിൽ നിന്നു വെള്ളമെടുത്തു് ഇടിച്ചു നിരപ്പാക്കിയ തറമുഴുവൻ നന്നായി നനയ്ക്കണം. കുഴച്ചുവച്ച ചാണകമെടുത്തു് ഉച്ചയ്ക്കു മുൻപേ തറമുഴുവൻ ഭംഗിയായി മെഴുകണം. എല്ലാരും കേട്ടല്ലോ.’
പത്തുപതിനഞ്ചു കുട്ടികളെ ഹെഡ് മാസ്റ്റർ പ്രത്യേകം വിളിപ്പിച്ചു; അതിൽ മൂന്നാം ക്ലാസ്സിലെ സാവിത്രിക്കുട്ടിയുമുണ്ടായിരുന്നു.
ഹെഡ് മാസ്റ്റർ ബോർഡിൽ വഞ്ചീശമംഗളം മുഴുവൻ എഴുതി: ‘എല്ലാവരും എഴുതിയെടുത്തോ… മുഴുവൻ കാണാതെ പഠിച്ചു് നാളെ രാവിലെ എന്നെ പാടിക്കേൾപ്പിക്കണം. അക്ഷരത്തെറ്റു വരുത്തരുതു്; ഘോഷയാത്രയ്ക്കു പാടാനുള്ളതാ. നാട്ടുകാരു കേൾക്കുന്നതാ. നന്നായിപ്പാടണം.’
…വെയിലത്തുനിന്നു് കാടുവെട്ടി, മിശിറിന്റെ കടികൊണ്ടു്, മുള്ളും കുറ്റികളും കൊണ്ടു് കയ്യും കാലും പോറിയും മുറിഞ്ഞും, അവരവരേക്കാൾ വലിയ തൂമ്പ നിരക്കിയെടുത്തു് പുല്ലുചെത്തി തൂമ്പാത്തഴമ്പിൽ കൈവെള്ള പൊട്ടി, ഇളകാത്ത പുല്ലു് വലിച്ചു പറിച്ചും, തൊട്ടാവാടിമുള്ളുകൾ കൊണ്ടും ചോരപൊടിഞ്ഞു് വെള്ളം കോരിയൊഴിച്ചു നീറ്റലാറ്റി, ആർത്തിയോടെ കിണറ്റുവെള്ളം കോരിക്കുടിച്ചു് ഒടിഞ്ഞുതൂങ്ങി കുട്ടികൾ…
സാവിത്രിക്കുട്ടിക്കു വലിയ ഗമയായി… വീട്ടിലെത്തി പടിഞ്ഞാറുവശത്തെ മാവിൻചുവട്ടിലിരുന്നു് സന്ധ്യയായപ്പോഴേക്കും മുഴുവൻ കാണാതെ പഠിച്ചു. അമ്മയെ ചൊല്ലിക്കേൾപ്പിക്കാൻ ഓടിച്ചെന്നപ്പോഴെന്താ… അച്ഛൻ പതിവില്ലാതെ നേരത്തെ എത്തിയിരിക്കുന്നു. അകത്തെ മുറിയിൽ അച്ഛനുമമ്മയും കൂടി വളരെപ്പതുക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടു്. എന്തോ ഗൗരവമുള്ള കാര്യമാണു്… ഇടയ്ക്കു് ചിണുങ്ങാൻ ചെന്ന അനുജത്തിയെ അമ്മ ദേഷ്യപ്പെട്ടോടിച്ചതു കണ്ടു് സാവിത്രിക്കുട്ടി പിൻവാങ്ങി. വലിയ വയറും താങ്ങിയിരിക്കുന്ന അമ്മയുടെ രൂപം കണ്ടു് എന്തോ സാവിത്രിക്കുട്ടിക്കു വെറുതെ സങ്കടം വന്നു…
പിറ്റേന്നു രാവിലെ സാവിത്രിക്കുട്ടി ഉണർന്നു എഴുന്നേറ്റു വന്നപ്പോൾ അമ്മയെക്കാണാനില്ല, അടുത്തു കിടന്നുറങ്ങിയ അനുജത്തിയുമില്ല… പേടിച്ചുപോയ സാവിത്രിക്കുട്ടി ഒറ്റക്കരച്ചിൽ. ആഫീസിൽ പോകാനിറങ്ങിയ അച്ഛൻ തിരിഞ്ഞുനിന്നു:
‘നീയെന്തിനാ കരയുന്നേ; അമ്മേം ശ്യാമേം കൂടി അമ്മേടെ വീട്ടിൽ പോയതല്ലേ, അപ്പൂപ്പനു് സുഖമില്ല. നിന്റെ വല്യേട്ടനിന്നു സ്ക്കൂളിൽ പോണില്ല. നിനക്കു പോകാറാകുമ്പോളേക്കും നിന്റെ കൊച്ചപ്പച്ചി വരും, പിന്നെന്താ.’
സാവിത്രിക്കുട്ടിക്കു സന്തോഷമായി. കൊച്ചപ്പച്ചിയേയാണു് സാവിത്രിക്കുട്ടിക്കു് ഈ ലോകത്തിലേക്കും വച്ചു് ഇഷ്ടം… പല്ലുതേപ്പും കുളിയും ഡ്രസ്സുചെയ്യലുമെല്ലാം തിരക്കിട്ടു നടത്തി. വല്യേട്ടൻ വിളമ്പിക്കൊടുത്ത കഞ്ഞിയും കുടിച്ചു കാത്തിരുന്നു… കൊച്ചപ്പച്ചിയെ വഞ്ചീശമംഗളം പാടികേൾപ്പിക്കണം…
വഞ്ചീശമംഗളം പാടിക്കേൾപ്പിച്ചു, ഒരു തെറ്റുമില്ലാതെ. കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു:
‘നന്നായിപ്പാടി, അമ്മേപ്പോലെ പാട്ടുകാരിയാകണം…’ കൊച്ചപ്പച്ചിയുടെ വാക്കുകൾ സാവിത്രിക്കുട്ടിക്കു വിശ്വസിക്കാനായില്ല. വല്യേട്ടനാണു് വലിയ പാട്ടുകാരൻ എന്നാണു് അമ്മപോലും പറയുന്നതു്. അവരുടെ മുൻപിൽ ഞെളിഞ്ഞുനിൽക്കണം… സാവിത്രിക്കുട്ടി ഒരോട്ടമായിരുന്നു സ്ക്കൂളിലേക്കു്, പെട്ടെന്നു നാളെയാകാൻ പ്രാർത്ഥിച്ചുകൊണ്ടു്.
സ്ക്കൂളിലെത്തിയിട്ടും സാവിത്രിക്കുട്ടിയുടെ ചുണ്ടിലെ ചിരിയും മനസ്സിലെ വഞ്ചീശമംഗളവും മാഞ്ഞിരുന്നില്ല.
…സെക്കന്റ് ബല്ലടിച്ചു് പതിവുപോലെ നാലാം ക്ലാസ്സിലെ മൂന്നുകുട്ടികൾ വഞ്ചീശമംഗളം പാടിയപ്പോൾ സാവിത്രിക്കുട്ടി ഊറിച്ചിരിച്ചു. അവരെപ്പോലെ തനിക്കു അക്ഷരത്തെറ്റു വരില്ല. എന്നും സന്ധ്യക്കു ഹരിനാമകീർത്തനവും കൃഷ്ണഗാഥയുമൊക്കെപ്പാടുമ്പോൾ അമ്മ പറഞ്ഞിട്ടുണ്ടു്: ‘കൊള്ളാം, നല്ല വ്യക്തതയുണ്ടു്. ഇങ്ങനെ വാക്കുകളുടെ അർത്ഥമറിഞ്ഞു പാടണം’ എന്നു്. അഭിനന്ദിക്കാൻ തീർത്തും പിശുക്കു കാണിക്കുന്ന അമ്മയുടെ ആ വാക്കുകൾ സാവിത്രിക്കുട്ടി മനസ്സിൽ സൂക്ഷിക്കുന്നുണ്ടു്; ഒപ്പം കരിമ്പനയോലയിൽ അക്ഷരങ്ങൾ നാരായത്തിലെഴുതിത്തന്നു്, കഴുകി അരിച്ചു് ഉണക്കി തറയിൽ നിരത്തിയ ആറ്റുമണലിൽ വലതുകൈയുടെ ചൂണ്ടുവിരൽ തേഞ്ഞു ചോരപൊടിയും വരെ എഴുതിപ്പഠിപ്പിച്ച കളരിയാശാനേയും. കൊച്ചപ്പച്ചിയും അമ്മയും നുറുങ്ങുകഥകളാക്കി മനസ്സിലേക്കിട്ടുതന്ന ഇതിഹാസങ്ങളും, പുരാണങ്ങളും, വിക്രമാദിത്യനും, പഞ്ചതന്ത്രം കഥകളും…
…ചാണകം മെഴുകുന്നതു പരിശോധിക്കാനിറങ്ങിയ ഹെഡ് മാസ്റ്റർ വന്നപ്പോൾ മൂന്നാം ക്ലാസ്സിന്റെ ഭാഗം മെഴുകിയിട്ടില്ല, ചാണകം കുഴച്ചതു് എടുത്തുകൊണ്ടു വന്നിട്ടുമില്ല. ഹെഡ് മാസ്റ്ററെ കണ്ടതും കുറച്ചുകുട്ടികൾ ഓടിയൊളിച്ചു. ഹെഡ് മാസ്റ്റർ ദേഷ്യം കൊണ്ടുവിറച്ചു. ചൂരൽ വടിചുഴറ്റി, ക്ലാസ്സിന്റെ വാതിൽക്കൽ മുറ്റത്തു കൂട്ടം കൂടിനിന്ന പെൺകുട്ടികളുടെ നേരെ തിരിഞ്ഞു:
‘നീയൊക്കെ ഇവിടെ എന്തുനോക്കി നിക്ക്വാടീ… വേഗാട്ടേ, വേഗം വേഗം മെഴുകി—വൈകുമ്പോളേക്കു് ഒണങ്ങണം. വേഗം തീർത്തില്ലേ ഒക്കേറ്റിനേം ഞാൻ… ങ്ഹാ…’
‘സാറേ… ഈ സാവിത്രി… സാവിത്രി പറയുവാ’ ഒരു കുട്ടി വിക്കി വിക്കി…
‘സാവിത്രിയോ? എന്താ അവൾ പറഞ്ഞേ? എന്താടീ?’ ഹെഡ് മാസ്റ്ററുടെ ശബ്ദം കേട്ടു് മറ്റു സാറന്മാർ ഓടിയെത്തി. മറ്റു ക്ലാസ്സുകളിൽ അടിക്കലും മെഴുകലുമായി നിന്ന കുട്ടികൾ നിവർന്നുനിന്നു ശ്രദ്ധിച്ചു.
സാവിത്രിക്കുട്ടിയുടെ നെഞ്ചു പടപടാ ഇടിക്കുന്നു, കാലുകളിൽക്കൂടി തണുപ്പു് അരിച്ചുകയറുന്നു, തൊണ്ടയിൽ വെള്ളം വറ്റി… എന്നിട്ടും സാവിത്രിക്കുട്ടി കല്ലുപോലെ നിന്നു.
‘നീയല്ലേ സാവിത്രിക്കുട്ടി, പറയെടീ… എന്താ നെനക്കു്, എന്താ പറഞ്ഞേ?’ ഹെഡ് മാസ്റ്റർ വടിയോങ്ങിക്കൊണ്ടു ചോദിച്ചു.
സാവിത്രിക്കുട്ടി ആകെ പുകഞ്ഞുനിൽക്കുകയാണു്. രാവിലെ ഉണർന്നപ്പോൾ അമ്മയെ കാണാത്തതിന്റെ സങ്കടോം ദേഷ്യോം അണപൊട്ടി… മനസ്സിൽ വെറുപ്പിന്റെ പാണ്ടിമേളം…
എവിടെനിന്നോ ഒരു ധൈര്യം സാവിത്രിക്കുട്ടിയിൽ ആവേശിച്ചു; അവളുടെ മുഖം ചുവന്നു:
‘എനിക്കു മെഴുകാനറിഞ്ഞുകൂടാ… കുഞ്ഞുകുട്ടികളല്ല ചാണകം മെഴുകുന്നേ… എനിക്കു ചാണകം അറപ്പാ… ഞാൻ മെഴുകുകേലാ.’ ഉറച്ച ശബ്ദം.
ഹെഡ് മാസ്റ്റർ ദേവദത്തൻസാർ ഞെട്ടിത്തരിച്ചു നിന്നു; ഒരു നരുന്തു് പെണ്ണു്.
പെട്ടെന്നു് നാലിലെ ക്ലാസ് റ്റീച്ചർ രാമകൃഷ്ണൻസാർ ഹെഡ് മാസ്റ്ററുടെ ചെവിയിലെന്തോ പറഞ്ഞു; എന്നിട്ടു തിരിഞ്ഞു കുട്ടികളോടായിപ്പറഞ്ഞു: ‘ചാണകം മെഴുകാനറിയുന്നവർ ആരൊക്കെയൊണ്ടു്? ങാ, അവരു് മെഴുകട്ടെ. മറ്റുള്ളവർ വെള്ളമൊഴിച്ചു കൊടുത്തുമൊക്കെ സഹായിച്ചാൽ മതി.’
സാവിത്രിക്കുട്ടിക്കു പെട്ടെന്നു് താൻ ചെറുതായതുപോലെ; വല്ലാത്തൊരു ജാള ്യത. എതിർത്തപ്പോൾ തന്നെ ഒഴിവാക്കി… പക്ഷേ, ചെറിയ കുട്ടികളെക്കൊണ്ടു് കിളപ്പിക്കുകയും കാടുവെട്ടിത്തെളിക്കുകയും ചാണകം മെഴുകിക്കുകയും വലിയ വടംപോലുള്ള ടയറുകൊണ്ടു് അടികാണാൻ പറ്റാത്ത കിണറ്റിൽ നിന്നു് വെള്ളം കോരിക്കയും…
തിരുനാളാഘോഷിക്കാൻ ഓരോ ചക്രം വീതം എല്ലാരും കൊണ്ടുവരണമെന്നു് ഒരാഴ്ച മുൻപാണു് ഹെഡ് മാസ്റ്റർ പറഞ്ഞതു്. അതുകേട്ടപ്പോൾ അന്നു് അമ്മ ദേഷ്യപ്പെട്ടു: ‘എന്തിനാ പിന്നെ സർക്കാർ ഗ്രാന്റ്. ആണ്ടോടാണ്ടു് സ്ക്കൂളു നന്നാക്കാനും തിരുനാളാഘോഷത്തിനും ഒക്കെത്തന്നാ. അല്ലാണ്ടു് മാനേജര്ടെ മോളേ കെട്ടിക്കാൻ സ്ത്രീധനമൊണ്ടാക്കാനല്ല. ഒരു ചക്രംന്നുവച്ചാ മൂന്നു തേങ്ങേടെ കാശാ.’
അച്ഛൻ അമ്മയെ സമാധാനപ്പെടുത്തി. ‘കുട്ടികളെ കേൾക്കെ വിമർശിക്കണ്ട. സ്ക്കൂളു നടത്തുന്നതു് കാശൊണ്ടാക്കാൻ തന്നെയാ. എല്ലാർക്കുമറിയാം. പക്ഷേ, ആരാ അതൊക്കെ ചോദിക്കാൻ? സാറന്മാർക്കു് ശമ്പളം പോലും മര്യാദയ്ക്കുകൊടുക്കില്ല.’
‘ങും… ആരും ചോദിക്കണ്ട. ഇനീം തിരുനാളിന്റന്നു് അയ്യാടെ അറേലിരിക്കുന്ന കുശൂത്ത കപ്പേം, കാപ്പിക്കുരു വിറ്റപ്പോ തൊലിച്ചുവച്ച തൊലീം എല്ലാം അയാളുമൊതലാക്കും. അതിനും നമ്മടെ കാശ്. ഗ്രാന്റ് അതിനും മീതെ.’ അമ്മ വീണ്ടും.
പകലത്തെ സംഭവങ്ങളും എല്ലാകൂടി ഓർത്തപ്പോൾ സാവിത്രിക്കുട്ടിയുടെ മനസ്സിൽ അരിശം പതഞ്ഞുപൊങ്ങി… ഹെഡ് മാസ്റ്റർ പ്രാക്ടീസ് ചെയ്യണമെന്നു പറഞ്ഞിരുന്നെങ്കിലും ഒരു തവണപോലും വഞ്ചീശമംഗളം പാടിനോക്കാതെ, ചേട്ടൻ വിളമ്പിക്കൊടുത്ത കഞ്ഞികുടിച്ചു് സാവിത്രിക്കുട്ടി ഉറങ്ങി.