പിറ്റേന്നു് രാവിലെ. അമ്മയും അനിയത്തിയും കൂടി പോയിട്ടു രണ്ടാം ദിവസമാകുന്നു. നനഞ്ഞ കോഴിയെപ്പോലെ ഒരു മൂലയ്ക്കു കുത്തിയിരുന്ന സാവിത്രിക്കുട്ടിയെ അച്ഛൻ നിർബന്ധിച്ചു് എഴുന്നേല്പിച്ചു വിട്ടു:
‘വേഗം പല്ലുതേച്ചുകുളിച്ചിട്ടു വാ. ഇന്നു് മഹാരാജാവിന്റെ തിരുനാളല്ലേ, ഘോഷയാത്രയ്ക്കു പാടാനുള്ള കുട്ടിയല്ലേ… വേഗമാകട്ടെ.’
പല്ലുതേച്ചു് തോട്ടിലിറങ്ങി കുളിച്ചെന്നു വരുത്തി. ഡ്രസ് മാറി വന്നപ്പോഴും അച്ഛൻ ആഫീസിൽ പോകാനിറങ്ങിയിട്ടില്ല.
‘അച്ഛനൊരു സാധനം കൊണ്ടുവന്നിട്ടുണ്ടു്… നിങ്ങൾക്കു് ഇഷ്ടമുള്ളതു്.’ അച്ഛൻ തന്നെ, ഗോതമ്പു റൊട്ടിയും പാലും സാവിത്രിക്കുട്ടിക്കും ചേട്ടന്മാർക്കും എടുത്തുവച്ചിരിക്കുന്നു. തലേന്നു് രാത്രിയിൽ ആഫീസിൽ നിന്നു വന്നപ്പോൾ ടൗണിൽ നിന്നു വാങ്ങിക്കൊണ്ടു വന്നതാണു് ഗോതമ്പുറൊട്ടി; ടൗണിൽ മാത്രമേ റൊട്ടികിട്ടാറുള്ളൂ. അമ്മയെ കാണാത്ത സങ്കടം, പക്ഷേ, ഗോതമ്പുറൊട്ടിക്കും പാലിനും തീർത്തുകൊടുക്കാനായില്ല.
അച്ഛൻ ആഫീസിൽ പോയ ഉടനെ സാവിത്രിക്കുട്ടി റൊട്ടിയെടുത്തു് അടച്ചുവച്ചു, വല്യേട്ടൻ കാണാതെ; കണ്ടാൽ കഴിക്കാത്തതിനു കിഴുക്കുകിട്ടും. പാലുമാത്രം കുടിച്ചു് സാവിത്രിക്കുട്ടി ഇറങ്ങി.
…ഘോഷയാത്ര സ്ക്കൂളിന്റെ മുൻപിൽ നിന്നു് പടിഞ്ഞാട്ടു കുണ്ടായിത്തോടിനരികിൽ വരെപ്പോയിട്ടു് തിരിച്ചു് കിഴക്കോട്ടു് നടന്നു. അവിരാമാപ്പള ആദ്യമായി ആ നാട്ടിൽ ഉണ്ടാക്കിയ റബ്ബർതോട്ടത്തിന്റെ അരികു വരെപ്പോയി തിരിച്ചുവന്നു… കൂടെയുള്ളവർ ഉച്ചത്തിൽ വഞ്ചീശമംഗളം പാടിനടന്നു; സാവിത്രിക്കുട്ടി വെറുതെ വായനക്കി കൂടെനടന്നു.
ഘോഷയാത്ര കഴിഞ്ഞു തിരിച്ചുവന്ന കുട്ടികളെ നിരത്തിയിരുത്തി, സ്ക്കൂളിന്റെ മുറ്റത്തു്… ദാഹവും വിശപ്പും കൊണ്ടു തളർന്ന കുട്ടികൾ… സ്ക്കൂളിന്റെ പടിഞ്ഞാറെപ്പറമ്പിലുള്ള മാനേജരുടെ കളപ്പുരയുടെ ഇറമ്പിൽ കെട്ടിത്തൂക്കിയിട്ടിരുന്ന പഴയ കൊതുമ്പുവള്ളം താഴെയിറക്കി വച്ചിരുന്നു. അതിൽ വള്ളത്തിന്റെ തുഴകൊണ്ടു് എന്തോ ഇളക്കുന്നു… മാനേജരുടെ നിലവറേലെ ഉണക്കക്കപ്പ വറുത്തുപൊടിച്ചതും ശർക്കരയും ഇളക്കിച്ചേർക്കുന്നുണ്ടു് സാറന്മാരും മറ്റു ചിലരും കൂടി. മാനേജർ വലിയ ഗമയിൽ കൈകെട്ടി നോക്കിനിൽക്കുന്നു. എഴുന്നേറ്റു നിന്നു് ചുറ്റുപാടും വീക്ഷിച്ചു് കലപില കൂടിയ കുട്ടികളെ ഹെഡ് മാസ്റ്ററുടെ അലർച്ച നിശ്ശബ്ദരാക്കി: ‘സിറ്റ്ഡൗൺ!’
എല്ലാവരും നിരന്നിരുന്നു… അവരുടെ മുൻപിൽ ഓരോ ഇലച്ചീന്തുകളിൽ കപ്പപ്പൊടി വിളമ്പി. പുറകേ മാനേജരുടെ കൊപ്രാക്കളത്തിൽ നിന്നുകൊണ്ടുവന്ന മൂടുചിരട്ടകളിൽ ശർക്കരയിട്ടു് കാപ്പിക്കുരുവിന്റെ തൊണ്ടു പൊടിച്ചുചേർത്ത കാപ്പി പകർന്നു കൊടുത്തുതുടങ്ങി. സ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ മാത്രമല്ല, കണ്ടാൽ കഷ്ടം തോന്നുന്ന കുറേ നാട്ടുകാരായ മുതിർന്നവരും കുട്ടികളും മഹാരാജാവിന്റെ തിരുനാളാഘോഷത്തിന്റെ കാപ്പിസദ്യ സ്വീകരിക്കാൻ നിരന്നിരിപ്പുണ്ടായിരുന്നു. സാവിത്രിക്കുട്ടിയുടെ നേരേ ചിരട്ട നീട്ടിയ നിമിഷം അവൾ ചാടിയെഴുന്നേറ്റു:
‘അയ്യേ… എനിക്കു വേണ്ടാ. മനുഷ്യന്മാർക്കു് ആരേലും ചിരട്ടേലു് കാപ്പികുടിക്കാൻ കൊടുക്ക്വോ… എനിക്കു വേണ്ടാ… ചൊവയ്ക്കുന്ന പൊടീം… എനിക്കു വേണ്ട.’
സാവിത്രിക്കുട്ടി വരിയിൽ നിന്നുമാറി സ്ക്കൂളിന്റെ വാതിൽപ്പടിയിൽ ചെന്നിരുന്നു.
മാനേജർ ദേഷ്യം കൊണ്ടു് ചുവന്നു… ഹെഡ് മാസ്റ്ററോടു തിരിഞ്ഞു ചോദിച്ചു:
‘ഏതാ സാറേ ഈ ധിക്കാരി… എന്തൊരഹങ്കാരം… ഇതിനെ ഇവ്ടെ പടിപ്പിക്കാൻ പറ്റുകേലാ, പറഞ്ഞേക്കാം.’
ഹെഡ് മാസ്റ്റർ മാനേജരുടെ അടുത്തുചെന്നു് എന്തോ പറഞ്ഞു. അച്ഛന്റെ പേരു പറയുന്നതു സാവിത്രിക്കുട്ടി വ്യക്തമായി കേട്ടു. മാനേജർ ഇരുണ്ട മുഖത്തോടെ തിരിഞ്ഞുനോക്കിയതല്ലാതെ പിന്നൊന്നും പറഞ്ഞില്ല.
പക്ഷേ, സാവിത്രിക്കുട്ടിയുടെ മനസ്സു് മ്ളാനമായി.
‘വേണ്ടായിരുന്നു, പ്രായത്തിൽ മൂത്തവരോടു് ധിക്കാരം പറയരുതെന്നാ അച്ഛൻ പറഞ്ഞേക്കുന്നേ… ധിക്കാരമാണോ… പൊടിക്കു് എന്തോ വൃത്തികെട്ട ചുവ, അതിനും പുറമേ ചിരട്ടയിൽ കാപ്പി… ഇല്ല, തനിക്കു സഹിക്കാനാകില്ല… എന്നാലും അച്ഛനറിഞ്ഞാൽ…’
എല്ലാ സങ്കടങ്ങളും കൂടി സാവിത്രിക്കുട്ടിയെ കരയിച്ചു… വീട്ടിലെത്തിയപാടെ കേറിക്കിടന്നുറങ്ങി…
അച്ഛനെത്തിയപ്പോൾ സാവിത്രിക്കുട്ടി ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്നു. അച്ഛൻ പേടിച്ചുപോയി:
‘സന്ധ്യയ്ക്കേ കിടന്നുറങ്ങ്വേ, എന്തുപറ്റീ?’ കൊച്ചപ്പച്ചിയാ മറുപടി പറഞ്ഞതു്: ‘ഞാൻ വരുമ്പോ അവളൊറക്കാ. പള്ളിക്കുടത്തീന്നു വന്നപാടെ ഒന്നും മിണ്ടാതെ കേറിക്കിടന്നതാന്നു മോൻ പറഞ്ഞു. നീ പേടിക്കണ്ട. വെയിലും കൊണ്ടു് നാടുമുഴ്‌വോൻ നടന്നതല്ലേ. കെടന്നോട്ടെന്നു വച്ചു.’
വർത്തമാനം കേട്ടു് സാവിത്രിക്കുട്ടി ഉണർന്നു. കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നപ്പോൾ അച്ഛനും കൊച്ചപ്പച്ചിയും അരികിൽ നിൽക്കുന്നു.
‘അതുശരി… ഇന്നു് മഹാരാജാവിന്റെ തിരുനാളാഘോഷമായിരുന്നു അല്ലേ? പാട്ടുംപാടി നടന്നു അല്ലേ. എന്നിട്ടു്. വിശേഷമൊന്നും പറഞ്ഞില്ലല്ലോ, കേൾക്കട്ടെ എന്തൊക്കെയാരുന്നൂ പരിപാടി?’ അച്ഛൻ ചോദിച്ചു.
സാവിത്രിക്കുട്ടി ചാടിയെഴുന്നേറ്റു് അച്ഛനെ കെട്ടിപ്പിടിച്ചു് പൊട്ടിക്കരഞ്ഞു. അച്ഛനും കൊച്ചപ്പച്ചിയും പേടിച്ചുപോയി. ‘എന്തു പറ്റീ, എന്താ മോളേ, എന്തുണ്ടായീ?’ അവർ മാറിമാറിച്ചോദിച്ചു.
കരച്ചിലിനൊടുവിൽ രണ്ടുമൂന്നു ദിവസത്തെ കഥമുഴുവൻ പറഞ്ഞു: ചിരട്ടയിലെ കാപ്പിയിലെ കാര്യം വന്നപ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയിൽക്കൂടി ഇനി ആ സ്ക്കൂളിൽ പഠിക്കുന്ന പ്രശ്നമേയില്ലെന്നു് ഉറപ്പിച്ചു പറഞ്ഞു.
‘ശരി പോകണ്ട, നമ്മക്കു് ആ സ്ക്കൂളു വേണ്ടാ. ഇപ്പം വാ. എഴുന്നേറ്റു് മുഖം കഴുകി വല്ലതും കഴിക്കു് നാളെ നോക്കാം.’ അച്ഛൻ സമാധാനിപ്പിച്ചു.
‘വേഗം വാ, ദാ നിന്റെ ചേട്ടന്മാർ ഊണു കഴിഞ്ഞു. ഇന്നു് രാത്രീൽ ഏതു കഥയാ പറയാൻ പോണേന്നറിയ്യോ, വിക്രമാദിത്യനും വേതാളവും…’ കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയുടെ ചെവിയിൽ പറഞ്ഞു. കരച്ചിൽ മറന്നു് അവൾ ചാടിയെഴുന്നേറ്റു…
പിറ്റേന്നു് സാവിത്രിക്കുട്ടി വൈകിയാണുണർന്നതു്, എഴുന്നേറ്റു് പല്ലുതേച്ചു വന്നു് കഞ്ഞികുടിച്ചു് വീണ്ടും കിടന്നു. ചെറിയൊരു പനിപോലെ; അതുമാത്രമല്ല കാരണം, ‘താനെന്തോ തെറ്റു ചെയ്തോ’ എന്നൊരു തോന്നൽ.
മൂന്നു ദിവസം കൂടി കഴിഞ്ഞാണു് സാവിത്രിക്കുട്ടിയുടെ അമ്മ മടങ്ങിയെത്തിയതു്. അമ്മ വല്ലാതെ ക്ഷീണിച്ചു തളർന്നിരിക്കുന്നു; മുഖം എന്തോ കണ്ടു പേടിച്ച കുട്ടിയുടേതുപോലെ. കൊച്ചപ്പച്ചി പരിഭ്രമിച്ചു; ‘മിടുക്കിയായ, ഏതു സാഹചര്യങ്ങളേയും ധൈര്യമായി നേരിടുന്ന നാത്തൂൻ ഇത്രയ്ക്കും തളർന്നുപോകാനെന്തുണ്ടായി…’ ഇതെട്ടാം മാസമാണു്. വലിയ വയറും… കൊച്ചപ്പച്ചി അമ്മയ്ക്കും അനുജത്തിയ്ക്കും സുകുച്ചേട്ടനും വന്നപാടെ അവിലു നനച്ചതും കട്ടൻ കാപ്പിയും കൊടുത്തു: ‘ചോറും കറികളുമൊക്കെയൊണ്ടു്. കാപ്പികുടിച്ചിട്ടു് വേഷം മാറി വാ.’ അമ്മ പക്ഷേ, കട്ടൻകാപ്പി മാത്രം കുടിച്ചു, വലിയ ഇറയത്തിന്റെ തട്ടുപടിയിൽ തൂണിൽ ചാരിയിരുന്നുകൊണ്ടു തന്നെ.
‘എന്താ മീനാക്ഷീ, എന്താ വല്ലാതെ… യാത്രയുടെ ക്ഷീണാണോ… ഒരു പായ ഇങ്ങോട്ടെടുത്തിടട്ടെ, ഇത്തിരി കെടക്കു്’ കൊച്ചപ്പച്ചി പരിഭ്രമത്തോടെ പറഞ്ഞു.
അമ്മ വേണ്ടെന്നു് ആംഗ്യം കാണിച്ചു. കുറച്ചുനേരം കണ്ണടച്ചു് തൂണിൽ ചാരിയിരുന്നു…
അന്നേരമാണു് സാവിത്രിക്കുട്ടി എഴുന്നേറ്റു വരുന്നതു്.
‘ങാഹാ, രാജകുമാരി എഴുന്നേറ്റല്ലോ. മഹാരാജാവിന്റെ തിരുന്നാളാഘോഷിച്ചു വഞ്ചീശമംഗളവും പാടി നടക്കുവാരുന്നു മോളിവിടെ…’ കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയെ നോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
അമ്മ അതു കണ്ടില്ല… അമ്മയുടെ മുഖം ചുവന്നു, നെറ്റിചുളിഞ്ഞു. അമ്മ പല്ലുഞെരിച്ചു കൊണ്ടു് മുരണ്ടു: ‘മഹാരാജാവു്! ആര്ടെ രാജാവു്!’ പിന്നെ അടുത്തിരുന്ന നാത്തൂനോടു പറഞ്ഞു:
‘ചേച്ചിക്കറിയാമോ, ഒരു വല്യേ കൂട്ടക്കൊല നടന്ന നാട്ടിൽ നിന്നാ ഞാൻ വരുന്നേ… പാവപ്പെട്ടവരെ മുഴ്‌വോൻ കൊന്നൂ ദ്രോഹികളു്…’ അമ്മ തേങ്ങിപ്പോയി. പിന്നെ അമ്മ വിവരിച്ച കഥകൾ… കഥകളല്ല… ചതിവിന്റേം ജനദ്രോഹത്തിന്റേം നേർക്കാഴ്ചകൾ… അവിശ്വസനീയമായ സംഭവങ്ങൾ. പേടിയോടെ, വാപൊളിച്ചിരുന്നു് സാവിത്രിക്കുട്ടി അതുകേട്ടു.
ആലപ്പുഴയിൽ ദിവാൻ സി. പി. രാമസ്വാമി അയ്യരുടെ പട്ടാളവും പോലീസും നടത്തിയ അക്ഷരാർത്ഥത്തിലുള്ള നരനായാട്ടു്, മഹാരാജാവിന്റെ അനുവാദത്തോടെ തന്നെ; അമ്മയുടെ കൊച്ചച്ഛനുൾപ്പെടെയുള്ള ജന്മിമുതലാളിമാരുടേയും അവരുടെ ഗുണ്ടാപ്പടയുടേയും സഹായസഹകരണങ്ങളോടെ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി അണിചേർന്ന പാവങ്ങളെ യന്ത്രത്തോക്കുകൾക്കിരയാക്കി; പരിക്കു പറ്റിക്കിടന്നവരേയും മരിച്ചവരേയും ഒപ്പം കൂട്ടിയിട്ടു് കത്തിച്ചു… അവരുടെ കുടിലുകൾ വലിച്ചുപൊളിച്ചു ചുട്ടെരിച്ചു് വൃദ്ധരേയും കുട്ടികളേയും വരെ ക്രൂരമായി മർദ്ദിച്ചു. അവരുടെ സ്ത്രീകളെ—പെൺകുട്ടികളെ വരെ—ബലാത്സംഗം ചെയ്തു, പലരേയും കൊന്നു ചെളിയിൽ താഴ്ത്തി…
ഒന്നുമറിയാതെ നിറവയറുമായി, മൂന്നു വയസ്സുള്ള കുഞ്ഞിനേയും കൈപിടിച്ചു് കലാപത്തിനിടയിലേയ്ക്കു് ചെന്നുകയറിയതാണു് അമ്മ… നാട്ടിലെത്തിയ ആ രാത്രി അമ്മാവന്റെ വീട്ടിൽ തങ്ങിയപ്പോൾ തന്നെയറിഞ്ഞു, പട്ടാളം തൊഴിലാളികളുടെ ക്യാമ്പു് വളയാൻ പോകുന്നു… പണിമുടക്കിയ തൊഴിലാളികളും ഒരുപാടുനാട്ടുകാരും പല സ്ഥലങ്ങളായി ക്യാമ്പുകളിലായിരുന്നത്രെ, പണിമുടക്കു തുടങ്ങിയതു മുതൽ…
പിറ്റേന്നു് അതിരാവിലെ സ്വന്തം വീട്ടിലെത്തിയ ഉടൻ അമ്മ ആരുമറിയാതെ പുറത്തിറങ്ങി… പാടവും പറമ്പും പിന്നിട്ടു്… ഏങ്ങിയേന്തി ആഞ്ഞുനടന്നു് ചെന്നപ്പോൾ കാളിത്തള്ളയും കുടുംബവും വീടുപേക്ഷിച്ചു പൊയ്ക്കഴിഞ്ഞിരിക്കുന്നു, പട്ടിണികൊണ്ടു്. വട്ടപ്പറമ്പിൽ കൊച്ചുചിറ്റമ്മേടെ പറമ്പിലെ കുടികിടപ്പുകാരുടെ കുടീലൊക്കേം കുട്ടികൾമാത്രം… ആണുങ്ങൾ നേരത്തേ തന്നെ ക്യാമ്പിൽ. ദമയന്തീം, തങ്കീം, കൊച്ചൊറോതേമൊക്കെ ക്യാമ്പിൽ ആഹാരമുണ്ടാക്കാൻ പോയിരിക്കുന്നു. ‘വൈകുന്നേരം വരും, ഞങ്ങക്കു കഞ്ഞീം പുഴുക്കും കൊണ്ടരും’ കുട്ടികൾ പറഞ്ഞു… പട്ടിണിക്കോലങ്ങളായ കുട്ടികൾ…
വയറിന്റെ ഭാരവും താങ്ങി അമ്മ വലിഞ്ഞുനടന്നു. പാടിച്ചിറയിലെ കുടികിടപ്പുകാരൻ ശങ്കരന്റെ കുടിലിനു മുറ്റത്തു ഒരിടനിന്നു, കിതപ്പാറ്റാൻ. ആരേയും കാണുന്നില്ല, ക്യാമ്പിൽ പട്ടാളം വരുമെന്ന കാര്യം ഉടനെ അറിയിച്ചേ പറ്റൂ… പെട്ടെന്നു് കുടിലിനകത്തുനിന്നു ഒരു പെൺകുട്ടി ഇറങ്ങിവന്നു, ശങ്കരന്റെ മകൾ. ശങ്കരൻ നേരത്തേ മുതൽ ക്യാമ്പിലാണു്, അമ്മയും ചേച്ചിയും പുല്ലരിയാൻ ചാൽപ്പാടത്തുപോയിരിക്കുന്നു… ആ പത്തുവയസുകാരി ദൗത്യം ഏറ്റെടുത്തു… അവൾക്കു് കാര്യത്തിന്റെ ഗൗരവമറിയാം. അവളിതിനു മുൻപും ദൂതിയായിട്ടുണ്ടത്രെ… അമ്മ മനസ്സമാധാനത്തോടെ തിരിച്ചു നടന്നു, തറവാട്ടിലെത്തിയാൽ പറയാനുള്ള കള്ളം മനസ്സിൽ നെയ്തുകൊണ്ടു്…
‘മഹാരാജാവു് പോലും!. അയാൾ സ്വന്തം പുറന്നാളാഘോഷിച്ചതു് കുറേ പട്ടിണിക്കോലങ്ങളെ വെടിവച്ചു കൊന്നുകൊണ്ടു്, ചാകാത്തവരെ ചുട്ടുകൊന്നുകൊണ്ടു്… സ്ത്രീകളെ…’ പെട്ടെന്നു് മുമ്പിലിരിക്കുന്ന മക്കളെ കണ്ടു് അമ്മ നിർത്തി…
സാവിത്രിക്കുട്ടി ചാടിയെഴുന്നേറ്റു… ഇറയത്തുനിന്നു മുറ്റത്തേക്കു ചാടി ഒരോട്ടം… വീടിനു ചുറ്റും രണ്ടുമൂന്നുചാൽ ചുറ്റി വന്നു് കിതപ്പാറ്റാൻ നിന്നു… സ്തബ്ധരായി നോക്കിയിരുന്ന അമ്മയും ചേച്ചിയമ്മയും ഒപ്പം അത്ഭുതപ്പെട്ടു:
‘ഈ പതുങ്ങിപ്പെണ്ണിനിനെന്തുപറ്റി, ഓടുന്നു, ചാടുന്നു… എന്താടീ ഇതു്?’, അമ്മയുടെ ചോദ്യത്തിനുത്തരമായി സാവിത്രിക്കുട്ടി പൊട്ടിച്ചിരിച്ചു, അതും പതിവില്ലാത്തതാണു്… അമ്മ ചോദ്യം ആവർത്തിച്ചു:
‘എന്താ സാവൂ ഇതു്? എന്താത്ര സന്തോഷിക്കാൻ?’
‘ഞാൻ വഞ്ചീശമംഗളം പാടീല്ലല്ലോ… കപ്പപ്പൊടീം കാപ്പീം കുടിച്ചില്ലല്ലോ! തിരുനാളാഘോഷിച്ചില്ലല്ലോ…’ സാവിത്രിക്കുട്ടി ഈണത്തിൽ പറഞ്ഞുകൊണ്ടു് നിന്നിടത്തുനിന്നു് വട്ടം കറങ്ങി…