അന്നു് ഒഴിവുദിവസമായിരുന്നു… അച്ഛൻ പുറത്തേയ്ക്കു് പോകാനിറങ്ങിയപ്പോൾ സാവിത്രിക്കുട്ടിയുണ്ടു് മുറ്റത്തുനില്ക്കുന്നു… മുറ്റത്തെ നിറയെ തളിർത്ത മാവിൻകൊമ്പിലെ ഇലച്ചിലിനിടയിൽ മറഞ്ഞിരുന്നു് തളിരില തിന്നുകയും മുറിച്ചു് താഴേക്കിടുകയും ചെയ്യുന്ന കുയിലിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണു്… പരിസരമറിയുന്നതേയില്ല… അടുത്തു് ചെന്നു് അച്ഛൻ വിളിച്ചു, ‘നീയുംകൂടെ വാ…’ ‘ങേ?’ എന്നു തിരിഞ്ഞുനോക്കിയ സാവിത്രിയോടു് അച്ഛൻ ആവർത്തിച്ചു ‘നീയും വാ, നമുക്കൊരിടം വരെപ്പോകാം.’
സാവിത്രിക്കുട്ടിക്കു് തുള്ളിച്ചാടണമെന്നു തോന്നി… എത്ര നാളായി അച്ഛനൊപ്പം ഇങ്ങനെ നടന്നിട്ടു്… വഴിയിൽ കാണുന്ന എന്തിനെപ്പറ്റിയും സാവിത്രിക്കുട്ടിക്കു സംശയങ്ങളുണ്ടു്, ആകാശത്തേയും സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും കുറിച്ചു്… ആറും തോടും മലകളും കാടും പറവകളും… എന്തെന്തു് അത്ഭുതങ്ങൾ… ഒരു നൂറു ചോദ്യം ചോദിച്ചാലും അച്ഛൻ അസഹ്യത കാണിക്കില്ല, എല്ലാത്തിനും ഉത്തരം പറയും. പക്ഷേ, അച്ഛനു് ഒഴിവുദിവസങ്ങളിൽ പോലും ബാങ്കിൽ പോകണം; അല്ലെങ്കിൽ ഏതെങ്കിലും നാട്ടുകാര്യങ്ങൾ ആലോചിക്കാൻ മേലേവീട്ടിൽ ഗോവിന്ദക്കൈമളും, പുത്തൻപുരയ്ക്കൽ വേലുക്കുട്ടിനായരും കുന്നുംപുറത്തു തോമ്മാമാപ്ളയും അങ്ങനെ ആരൊക്കെയോ കൂടി മേലേവീട്ടിൽ സഭകൂടും…
ഇന്നിപ്പോൾ ദാ അച്ഛനൊപ്പം… ഇളയിടത്തു മഠത്തിലേയ്ക്കു പോകുന്ന വഴിയിലേയ്ക്കു തിരിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു:
‘മൂത്തകുഞ്ഞമ്മ തീരെ കിടപ്പാ… കുറേ നാളായി. അവരെ കാണാനാ പോകുന്നതു്.’
‘അച്ഛന്റെ ആരാ മൂത്തകുഞ്ഞമ്മ, അമ്മൂമ്മേടെ അനീത്തിയാ?’ സാവിത്രിക്കുട്ടിക്കു് അവിടെയാരേം അറിയില്ല.
അച്ഛൻ ചിരിച്ചു: ‘അതു് നിന്റെ അപ്പൂപ്പന്റെ ചേച്ചിയാ.’
സാവിത്രിക്കുട്ടിക്കു ശരിക്കങ്ങു മനസ്സിലായില്ല. അച്ഛന്റെ ചേച്ചിയെ കുഞ്ഞമ്മയെന്നാണോ വിളിക്കുക? ആ… സാവിത്രിക്കുട്ടി അച്ഛന്റെ കയ്യിലെ പിടിവിട്ടു് പതുക്കെ നടന്നു ചുറ്റും നോക്കിനോക്കി…
അച്ഛൻ എട്ടുകെട്ടിന്റെ പടിപ്പുര കടന്നു് തിരിഞ്ഞുനോക്കി. പടിപ്പുരപ്പടിയിൽ സംശയിച്ചുനിന്ന സാവിത്രിക്കുട്ടിയെ കൈകാട്ടി വിളിച്ചു് അച്ഛൻ മുറ്റത്തേയ്ക്കു നടന്നു.
മുറ്റത്തരികിലെ മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ആടിക്കൊണ്ടിരുന്ന പെൺകുട്ടി ആട്ടം നിർത്തി ഒരിടനിന്നു… കസവുമുണ്ടുടുത്തു് കഴുത്തിൽ കറുത്തചരടിൽ കൊരുത്ത സ്വർണ്ണത്തകിട്ടിരിക്കുന്നു. സാവിത്രിക്കുട്ടി കൗതുകത്തോടെ നോക്കി; തന്റെ കാതിൽ തിളങ്ങുന്ന അഭ്രത്തിന്റെ ലോലാക്കുണ്ടല്ലോ എന്നു ഗമനടിച്ചു. പെൺകുട്ടി പെട്ടെന്നു് ‘ദേ അമ്മേ’ എന്നു വിളിച്ചുപറഞ്ഞു് അകത്തേക്കോടി.
വാതിലിൽക്കൂടി പുറത്തേക്കു നോക്കിയ സ്ത്രീ പെട്ടെന്നു് ചിരിച്ചുകൊണ്ടു് മുറ്റത്തേക്കിറങ്ങി വന്നു. അലക്ഷ്യമായി വാരിക്കെട്ടിയ മുടി, നീട്ടിവളർത്തിയ കാതിൽ വലിയ സ്വർണ്ണത്തോട തൂങ്ങിയാടുന്നു. റൗക്കയും മുണ്ടുമുടുത്ത പ്രായമായ സ്ത്രീ:
‘ന്റെ നാണ്വേ, എത്ര നാളായീ ഇങ്ങോട്ടൊക്കെ വന്നിട്ടു്. അമ്മ എടയ്ക്കൊക്കെ ചോദിക്കും… ഒരു ബോധോല്യ… എന്നാലും നാണൂന്റെ പേരു് എടയ്ക്കൊക്കെ വിളിക്കും. അല്ല, ഇതാരാ… നെന്റെ മോളു് സാവിത്ര്യല്ലേ. കുഞ്ഞാരുന്നപ്പോളെങ്ങാണ്ടു കണ്ടതാ… ഇപ്പളേലും തോന്ന്യല്ലോ നെനക്കു് അവളെ ഒന്നു കൊണ്ടരാൻ… ബാ അമ്മേക്കാണണ്ടേ.’
അവർ അകത്തേക്കു നടന്നുകൊണ്ടു് വിളിച്ചുപറഞ്ഞു:
‘അമ്മേക്കണ്ടിട്ടു് തളത്തിലേക്കുവായോ സാവിത്ര്യെ… നെന്നെ ഞങ്ങളൊന്നു നല്ലോണം കാണട്ടെ.’
പകച്ചുനിൽക്കുന്ന സാവിത്രിക്കുട്ടിയോടു് അച്ഛൻ പറഞ്ഞു:
‘മോക്കു് ആരേം മനസ്സിലായില്ല അല്ലേ? അതു് ശ്രീദേവിക്കുഞ്ഞമ്മ. അകത്തു സുഖോല്ലാതെ കെട്ക്കുന്ന മൂത്തകുഞ്ഞമ്മേടെ മൂത്തമോളു്. മൂത്ത കുഞ്ഞമ്മേ കണ്ടിട്ടു വരാം, ബാ.’
അകത്തെ മുറിയിൽ കട്ടിലിൽ വല്ലാതെ പരവശമായ തീരെ മെലിഞ്ഞ ഒരു മനുഷ്യരൂപം… പകച്ചുനോക്കുന്ന കണ്ണുകൾ, ഒട്ടിയ കവിളുകൾ… സാവിത്രിക്കുട്ടി നോട്ടം പിൻവലിച്ചു. മുറിയിൽ അച്ഛന്റെ അനുജത്തി പാറുക്കുട്ടി അപ്പച്ചിയും മക്കളും അച്ഛന്റെ അനുജന്റെ ഭാര്യ ലക്ഷ്മിക്കൊച്ചമ്മയും ഉണ്ടായിരുന്നു… ലക്ഷ്മിക്കൊച്ചമ്മ ഒരുപാടു ദൂരെയെവിടെയോ ആണു് താമസിക്കുന്നതു്, മൂത്തകുഞ്ഞമ്മയ്ക്കു് അസുഖം കൂടുതലാണെന്നറിഞ്ഞു വന്നതാണു്. അവരുടെ വിശേഷം പറച്ചിൽ കഴിഞ്ഞപ്പോൾ അച്ഛൻ കട്ടിലിന്നടുത്തു് കുനിഞ്ഞുനിന്നു് ആ ശോഷിച്ച കൈപിടിച്ചു പതുക്കെ വിളിച്ചു:
‘കുഞ്ഞമ്മേ…’
മൂത്തകുഞ്ഞമ്മയ്ക്കു് കൊടുക്കാൻ വെള്ളവുമായി വന്ന ശ്രീദേവിക്കുഞ്ഞമ്മ അടുത്തുവന്നു് ഉച്ചത്തിൽ വിളിച്ചു: ‘അമ്മേ, അമ്മേ… നോക്കു് ഇതാരാ വന്നേക്കുന്നേന്നു്. നാണുവാ, നാരായണൻ… അമ്മ എപ്പളും ചോദിക്കാറില്ലേ… ദേ നാണു… അമ്മ നോക്കിയേ.’
എന്നിട്ടു് അച്ഛനോടു പറഞ്ഞു, ചെവി തീരെ കേൾക്കില്ല, വെടിപൊട്ടിക്കണം… പെട്ടെന്നു് പെട്ടെന്നങ്ങു മയങ്ങിപ്പോകും.
അവർ കണ്ണുതുറന്നു പകച്ചുനോക്കി. ആ പകച്ച കണ്ണുകൾ ഒരിട അനങ്ങാതെ നിന്നും മുൻപിൽ അവരുടെ മുഖത്തേക്കു കുനിഞ്ഞുനോക്കി നിന്ന അച്ഛന്റെ മുഖത്തു് തളർന്ന കൈകൾ പതുക്കെ ഉയർത്തി തലോടി… അച്ഛൻ ഉച്ചത്തിൽ ചോദിച്ചു: ആരാന്നു മനസ്സിലായോ?
‘ആ… രാ… ആരാ… നാണൂ… ങേ…’ പെട്ടെന്നു് ഒരു തളർന്ന പുഞ്ചിരി: ‘ന്റെ കുഞ്ഞിക്കുട്ടന്റെ മോൻ! മോനേ… ഇവിടിരി… ഇവിടിരി… തീരെ വയ്യാ… ഒത്തിരിക്കാര്യം…’ പറഞ്ഞുതീരും മുൻപു് അവർ മയക്കത്തിലേക്കു വീണു.
ശ്രീദേവിക്കുഞ്ഞമ്മയുടെ കണ്ണുനിറഞ്ഞു: ‘ആരേം തിരിച്ചറിയാറില്ല, എന്നെപ്പോലും; ഒന്നും സംസാരിക്കാറുമില്ല… ഇതിപ്പോ അതിശയായിരിക്കുന്നു.’
‘അതാ ഞാനും വിചാരിക്കുന്നേ. വല്യോപ്പയെ എത്ര പെട്ടെന്നു് തിരിച്ചറിഞ്ഞു. എന്നിട്ടു് അടുത്തു് പിടിച്ചിരുത്തുകേം.’ പാറുക്കുട്ടി അപ്പച്ചി അത്ഭുതപ്പെട്ടു.
‘അതറിയാൻ വയ്യേ പാറുക്കുട്ടീ… എന്റെ അമ്മയ്ക്കു് ഞങ്ങളേക്കാളും സ്നേഹോം വാത്സല്യോം അമ്മാവന്റെ മക്കളോടാ’, ശ്രീദേവിക്കുഞ്ഞമ്മ. ‘അതുപറയണ്ട… നാണു വല്യോപ്പയോടെന്നു മാത്രം പറഞ്ഞാ മതി.’
‘ശരിയാ… സ്വന്തം മകൻ കുഞ്ഞനന്തനേക്കാളും അമ്മയ്ക്കു പഥ്യം നാണൂനോടാ… അതിനിപ്പ ആരും കുശുമ്പു വിചാരിച്ചിട്ടും കാര്യല്ല. നാണൂനെ ആർക്കെങ്കിലും സ്നേഹിക്കാതിരിക്കാൻ പറ്റ്വോ പാറുക്കുട്ട്യേ… ന്റെ അനിയനായി പിറന്നില്ലല്ലോന്നൊള്ള സങ്കടേള്ളൂ.’
ശ്രീദേവിക്കുഞ്ഞമ്മ തളത്തിലേക്കിറങ്ങുന്നതിനിടെ തിരിഞ്ഞുനിന്നു: ‘നാണു ഇത്തിരിനേരം അമ്മേടടുത്തിരി… കണ്ണുതൊറക്കുമ്പം നെന്നെക്കണ്ടാലു് പിന്നേം വല്ലതുമൊന്നു വായനക്കട്ടെ. പാവം എത്ര നാളായി ഈ കെടപ്പു്… ഓർമ്മേല്ല, വർത്താനോമില്ല, ആഹാരോല്ല… ങ്ഹാ നിങ്ങളിങ്ങുവായോ പാറുക്കുട്ടീ, കുട്ട്യോളേം വിളിച്ചോ.’
‘പിള്ളേര്ടച്ചനിപ്പം ഉണ്ണാം വരും… എന്നേക്കണ്ടില്ലേൽ തീർന്നു. ഞങ്ങളങ്ങു പോട്ടെ കുഞ്ഞമ്മേ.’ പാറുക്കുട്ടി അപ്പച്ചി വരാന്തയിലേക്കിറങ്ങിക്കൊണ്ടു പറഞ്ഞു.
‘പാറുക്കുട്ടിക്കു തെരക്കാച്ചാ പൊയ്ക്കോളണ്ടു്. കുട്ട്യോളു് ഇന്നിവിട്ന്നാ ഊണു്. എത്ര ദിവസായീന്നോ കുട്ട്യോളെ ഇങ്ങോട്ടൊക്കെ കണ്ടിട്ടു്, പള്ളിക്കൂടം ഒഴിവാണല്ലോ… നാണൂന്റെ മോളുകുട്ട്യേ മൂന്നോ നാലോ വയസ്സൊള്ളപ്പോ കണ്ടതാ… അവളങ്ങു വളർന്നു… ശരിക്കും ഗൗര്യമ്മേപ്പോലൊണ്ടു്, ല്ലേ പാറുക്കുട്ട്യേ?’ അപ്പച്ചി ഒന്നുചിരിച്ചു് പടികടന്നു പോയി…
സാവിത്രിക്കുട്ടിക്കു് ആകെയൊരു പന്തികേടു് അച്ഛൻ സ്വന്തം അപ്പച്ചിയെ മൂത്തകുഞ്ഞമ്മയെന്നാ വിളിച്ചതു്; അവരുടെ മകളെ ശ്രീദേവിക്കുഞ്ഞമ്മയെന്നു്… ശരിക്കും ചേച്ചിയെന്നല്ലേ വിളിക്കേണ്ടതു്? ശ്രീദേവിക്കുഞ്ഞമ്മ സ്വന്തം അമ്മാവന്റെ ഭാര്യയെ അമ്മായി എന്നല്ല പറഞ്ഞതു്, ഗൗരിയമ്മ എന്നു്!
‘കുട്ട്യോളെല്ലാരും വന്നോളൂ, ദാ വെളമ്പായി.’ അകത്തുനിന്നും ആരോ വിളിച്ചു പറഞ്ഞു.
‘ഞാൻ വീട്ടി പോയിട്ടാ ഉണ്ണണേ.’ സാവിത്രിക്കുട്ടി വരാന്തയിലൊതുങ്ങിനിന്നു കൊണ്ടു പറഞ്ഞു.
‘അമ്പടി മിടുക്കീ… സൂത്രം കൊള്ളാലോ… അച്ഛന്റെ മോളന്നേ… സാരല്ല്യ, ഇന്നു നീ ഇവിടുന്നാ ഉണ്ണണേ… ബാ, ഉണ്ടിട്ടുപോയാൽ മതി.’ ശ്രീദേവിക്കുഞ്ഞമ്മ തീർത്തുപറഞ്ഞു; എതിർത്തുപറയാൻ ധൈര്യം വന്നില്ല സാവിത്രിക്കുട്ടിക്കു്
ശ്രീദേവിക്കുഞ്ഞമ്മ കിണറ്റിൽ നിന്നും വെള്ളംകോരി കിണ്ടിനിറച്ചു് കുട്ടികൾക്കു് കൈകഴുകാൻ ഒഴിച്ചുകൊടുത്തു… എട്ടുകെട്ടിലെ അടുക്കളത്തളത്തിൽ ചോറുവിളമ്പി, ശ്രീദേവിക്കുഞ്ഞമ്മയും അവരെ വല്യോപ്പു എന്നുവിളിച്ച ഒരു ചെറുപ്പക്കാരിയും കൂടി; ചൂടുള്ള ചുക്കുവെള്ളവും, പുളിശ്ശേരിയും കടുകുമാങ്ങയുമൊക്കെ സാവിത്രിക്കുട്ടിക്കു ഇഷ്ടമായി… പക്ഷേ, എത്ര നിർബന്ധിച്ചിട്ടും സാവിത്രിക്കുട്ടി രണ്ടാമതു് ഒന്നും വിളമ്പാൻ സമ്മതിച്ചില്ല…
ഊണു കഴിഞ്ഞു് ആദ്യമെഴുന്നേറ്റതു് കൊച്ചപ്പച്ചിയുടെ മകൾ ബാലച്ചേച്ചിയായിരുന്നു. കിണ്ണവും ഓട്ടുഗ്ലാസുമെടുത്തു കൊണ്ടാണു് ബാലച്ചേച്ചി പുറത്തേക്കിറങ്ങിയതു്. എല്ലാവരും അവരവരുടെ കിണ്ണവും ലോട്ടയുമെടുത്തു. സാവിത്രിക്കുട്ടിയും ഊണുകഴിച്ച പാത്രങ്ങളെടുത്തു… വീട്ടിലും അവരവർ കഴിക്കുന്ന പാത്രം അവരവർ തന്നെ കഴുകിവയ്ക്കണമെന്നാണു് അമ്മയുടെ നിയമം. അച്ഛനു മാത്രമെ ഒഴിവുള്ളൂ.
ശ്രീദേവിക്കുഞ്ഞമ്മയുടെ മകൾ ദേവകുമാരി കിണറ്റിൽ നിന്നു് വെള്ളംകോരി ഓരോരുത്തർക്കും ഒഴിച്ചുകൊടുക്കുന്നതും അവർ കിണ്ണവും ലോട്ടയും കഴുകി തിണ്ണയിൽ കമിഴ്ത്തിവയ്ക്കുന്നതും നോക്കി നിന്ന സാവിത്രിക്കുട്ടി ഒരു കാര്യം കണ്ടു: ശ്രീദേവിക്കുഞ്ഞമ്മ ഓരോ പാത്രത്തിന്റേയും പുറത്തു് വെള്ളം തളിച്ചിട്ടു് പാത്രമെടുക്കുന്നു…
അമ്മയുടെ നാട്ടിൽ പോകുമ്പോൾ കണ്ടിട്ടുണ്ടു്; വീട്ടിൽ മുറ്റത്തിനപ്പുറം ഉരപ്പുരയുടെ പുറകിൽ മണ്ണിൽ കുഴികുത്തി വാഴത്തടയിൽ വാഴയില കുമ്പിളാക്കി വച്ചു് ചാമിപ്പൊലേനും കോന്തിച്ചോനുമെല്ലാം കഞ്ഞി കൊടുക്കും. അവർ കഴിച്ചിട്ടു് പൊയ്ക്കഴിയുമ്പോൾ കുട്ടിത്തള്ള അവിടെല്ലാം ചാണകം കലക്കിത്തളിക്കും… ഇവിടെ അപ്പൂപ്പന്റെ വീട്ടിൽ അപ്പൂപ്പന്റെ കൊച്ചുമക്കൾ തൊട്ടപാത്രം…
സാവിത്രിക്കുട്ടി വേഗം പാത്രങ്ങൾ കഴുകി തിണ്ണയിൽ വച്ചു, നേരേ തന്നെ. അടുത്തുനിന്ന ബാലച്ചേച്ചി പറഞ്ഞു:
‘കമിഴ്ത്തി വയ്ക്കു് സാവൂ.’
ഒറ്റ പൊട്ടിക്കരച്ചിൽ, സാവിത്രിക്കുട്ടി… ഗദ്ഗദത്തിനിടയിൽ പറഞ്ഞൊപ്പിച്ചു:
‘ഞാൻ കമിഴ്ത്തുകേലാ, വെള്ളോം തളിക്കണ്ട… ഞാൻ സമ്മതിക്കുകേലാ.’
കരച്ചിൽ കേട്ടു് പുറത്തേക്കു വന്ന അച്ഛനെ കണ്ടതും വീണ്ടും സാവിത്രിക്കുട്ടിക്കു കരച്ചിൽ പൊട്ടി… ‘ഞാൻ പാത്രം കമിഴ്ത്തിവയ്ക്കുകേലാ, എന്റെ പാത്രം തളിക്കണ്ട’, അവൾ ആവർത്തിച്ചു, കരഞ്ഞുകൊണ്ടുതന്നെ. മറ്റു കുട്ടികൾ വാപൊളിച്ചുനിന്നു, അവർക്കൊന്നും മനസ്സിലായില്ല.
ശ്രീദേവിക്കുഞ്ഞമ്മയുടെ മുഖം വിളറി, അവർ സ്തംഭിച്ചു നിൽക്കുകയായിരുന്നു, ഇങ്ങനെയൊരു എതിർപ്പു് അവർക്കു പുത്തരിയാണു്. അവർ സാവിത്രിക്കുട്ടിയെ ചേർത്തുപിടിച്ചു:
‘വേണ്ടാ, വേണ്ടാ… എന്റെ കുട്ടി പാത്രം കമിഴ്ത്തണ്ട, കുഞ്ഞമ്മ വെള്ളോം തളിക്കില്ല… ഒറപ്പാ… മോളു കരയണ്ടാ… നാണൂന്റെ മോളു് അഭിമാനിയാ… വിവരോള്ള കുട്ട്യാ… എന്തു ചെയ്യാനാ പഴേ ആചാരങ്ങളല്ലേ! അങ്ങനങ്ങു തട്ടിക്കളയാൻ വയ്ക്കോ!’
‘…താൻ ജയിച്ചു; പക്ഷേ, ചേച്ചിമാരാരും എതിർപ്പു പറഞ്ഞില്ലല്ലോ. തനിക്കു തെറ്റിയോ! അമ്മ പറയുമ്പോലെ താനൊരു ധിക്കാരിയാണോ…’
തിരിച്ചുപോരുമ്പോൾ സാവിത്രിക്കുട്ടി മൗനിയായിരുന്നു… പാടവരമ്പത്തുനിന്നു് തോട്ടിൻ കരയിലേക്കു കയറുമ്പോൾ കണ്ട ഞവണിക്കകളോടു് കുശലമന്വേഷിക്കാനോ, തോട്ടിറമ്പു വഴിനടന്നപ്പോൾ പേടിച്ചു് വെള്ളത്തിലേക്കു് മുങ്ങാം കുഴിയിട്ടുമറഞ്ഞ നീർക്കോലിയെ കളിയാക്കാനോ, ഞൊങ്ങണം പുല്ലുകളുടെ തുമ്പത്തിരുന്നു വെയിലുകായുന്ന തുമ്പികളോടു് കൊഞ്ചാനോ സാവിത്രിക്കുട്ടി ഉത്സാഹം കാണിച്ചില്ല… സാവിത്രിക്കുട്ടിയുടെ മൗഢ്യം അച്ഛൻ ശ്രദ്ധിച്ചു… കുണ്ടായിത്തോടിന്റെ ഒറ്റത്തടി പാലത്തിൽ കയറിയപ്പോൾ അച്ഛൻ സാവിത്രിക്കുട്ടിയുടെ കൈപിടിച്ചു: ‘പതുക്കെ… സൂക്ഷിച്ചു്…’ പാലം കടന്നയുടനെ അച്ഛൻ ചോദിച്ചു:
‘മോളെന്താ വല്ലാതെ?’ സാവിത്രിക്കുട്ടി മിണ്ടിയില്ല. നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു:
‘ഒരു ഐതിഹ്യം കേട്ടിട്ടുണ്ടോ മോളു്… ഒരു കഥ… ‘പറയിപെറ്റ പന്തിരുകുലം’ന്നു്… ബ്രാഹ്മണൻ മുതൽ ചണ്ഡാളൻ വരെ ഒരമ്മപെറ്റ മക്കളാണത്രേ. വരരുചി എന്ന ബ്രാഹ്മണനും—ബ്രാഹ്മണൻന്നു വച്ചാ ഏറ്റവും വല്യേ ജാതി—പഞ്ചമി എന്ന പറയസ്ത്രീക്കും ജനിച്ചവരാണു് പണ്ഡിതബ്രാഹ്മണനായ മേഴത്തൂർ അഗ്നിഹോത്രി മുതൽ പറയനായ പാക്കനാർ വരെ! മനസ്സിലായില്ലേ? ഒരേ അച്ഛന്റേയും അമ്മയുടേയും മക്കളാണു് സകലജാതികളുമെന്നു്. മനുഷ്യൻ എന്ന ഒറ്റജാതി, അതിൽ ആണും പെണ്ണും എന്ന രണ്ടു വർഗം… എല്ലാ ജീവജാലങ്ങൾക്കും… കഥ മുഴുവൻ അച്ഛൻ പിന്നെ പറഞ്ഞുതരാം… ഇപ്പ കാണിക്കുന്ന തീണ്ടലുംതൊടീലും ഒക്കെ ഓരോ ഗോഷ്ഠികളാ… ആചാരങ്ങൾ! യുക്തിക്കു സ്ഥാനമില്ലവിടെ. അതിനെ എതിർക്കേണ്ടതു തന്നെയാണു്. മാറ്റങ്ങൾ ഉണ്ടായേ പറ്റൂ.’
‘ദൈവത്തിനു പറഞ്ഞൂടെ എന്നാലു്.’ സാവിത്രിക്കുട്ടി ചോദിച്ചു.
‘ആരോടു് പറഞ്ഞുകൂടേന്നു്?’ അച്ഛൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘മനുഷ്യരോടു്’
അച്ഛൻ പൊട്ടിച്ചിരിച്ചു. സാവിത്രിക്കുട്ടി പതുങ്ങി:
‘അതിനു് ജാതീം മതോം ആചാരങ്ങളും മാത്രമല്ല ദൈവത്തിനേം സൃഷ്ടിച്ചതു് മനുഷ്യനല്ലേ! പിന്നെങ്ങനെയാ ദൈവത്തിനു പറയാൻ പറ്റുന്നേ!’
അച്ഛൻ അവളുടെ തലയിൽ തലോടിക്കൊണ്ടു് തുടർന്നു: ‘അതൊന്നും അറിഞ്ഞുകൊണ്ടല്ലെങ്കിലും മോളതു തുടങ്ങിവച്ചു, കൊള്ളാം… പക്ഷേ, നമ്മളും മാറാനുണ്ടു്, ഒരുപാടു മാറാനുണ്ടു്.’
സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല. അച്ഛൻ പിന്നൊന്നും പറയാതെ വേഗം വേഗം നടന്നു… ഒരുപാടു ചോദ്യങ്ങളും സംശയങ്ങളുമായി സാവിത്രിക്കുട്ടി പുറകേ…