…ഒരു ദിവസം നാരായണൻ നായരെ അന്വേഷിച്ചു് കോയമ്പത്തൂരു നിന്നു് ചെട്ടിയാന്മാരെത്തി, സ്വർണക്കച്ചവടക്കാർ.
സ്വർണക്കച്ചവടക്കാരുമായി നമുക്കെന്തു ബന്ധം—മീനീക്ഷിയമ്മ മാത്രമല്ല, നാരായണനും അന്തം വിട്ടു. രണ്ടുകൊല്ലം മുൻപു് കരാറിലേർപ്പെട്ട ഇടപാടിന്റെ കാര്യം അവർ പറഞ്ഞു… അതിനു് അവരെന്തിനു തന്നെക്കാണാൻ വന്നു എന്നു മനസ്സിലായില്ല… ഇക്കാലത്തിനിടയിൽ രണ്ടുമൂന്നു തവണ യാദൃച്ഛികമായി മത്തായിയെ കണ്ടപ്പോളും എല്ലാം ഭംഗിയായി നടക്കുന്നുവെന്നു പറഞ്ഞല്ലോ.
ചെട്ടിയാന്മാർ പ്രശ്നം വിശദീകരിച്ചു; നാരായണൻ സ്തംഭിച്ചിരുന്നുപോയി.
ഏറെ നേരത്തെ, കഥയറിയാതെയുള്ള മീനാക്ഷിയമ്മയുടെ സാന്ത്വനങ്ങൾക്കുശേഷം നാരായണൻ ദീർഘശ്വാസം വിട്ടു…
നാരായണൻ നായർ ഇടപെട്ട മറ്റൊരു കാലക്കേടിന്റെ അവസാന അധ്യായമായിരുന്നു അതു്:
നാരായണനും മത്തായിയും നാലാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചവർ. മത്തായിയും കുടുംബവും ഇപ്പോൾ കടുത്ത ദാരിദ്ര്യത്തിലാണു്… കൂലിപ്പണി ചെയ്യാം, പക്ഷേ, പണിയില്ല, നാട്ടിലാകെ വറുതി… മലബാറിലേക്കു കുടിയേറാംന്നുവച്ചാ വിൽക്കാൻ ഭൂമിയില്ല, ഒരു കാൽകാശു കയ്യിലില്ലാതെ…
മത്തായി തന്നെ ഒരു പോംവഴി കണ്ടു പിടിച്ചു… കച്ചവടം, ആ നാട്ടിൽ ഇതുവരെ ഇല്ലാത്ത ഒരു കട, ഒരു സ്വർണ്ണക്കട; ആകെയുള്ളതു് തട്ടാൻ കുട്ടപ്പായിയാണു് നാട്ടുകാരുടെ സ്വർണ്ണാവശ്യങ്ങൾ നിറവേറ്റാൻ…
‘ഇല്ല, എനിക്കു് കച്ചവടം താല്പര്യമില്ല, തയ്യാറല്ല’, നാരായണൻ നായർ.
‘വേണ്ടാ. പിള്ളേച്ചൻ മൊയലാളി, കച്ചോടമെല്ലാം ഞാൻ നടത്താം. പങ്കുകാരനാക്ക്യാ മതി… ലാഭം കിട്ടുന്നതേന്നു് പണിയെടുക്കണേനു കൂലിതന്നാമതി. കോയമ്പത്തൂരു് ചെട്ടിയാമ്മാരു് സ്വർണക്കച്ചോടക്കാരൊണ്ടു്. സ്ഥിരായിട്ടു അവര്ടെ കടേന്നെടുത്താ… ആദ്യം കാശുകൊടുക്കണം, പിന്നൊക്കേം എടുക്കുന്ന പണ്ടം വിറ്റിട്ടു് കൊടുത്താ മതി… എന്റെ കയ്യിലാണേ ഒരോട്ട മുക്കാലുപോലുംല്ല.’
‘അപ്പോ മുടക്കുമുതൽ?’ ‘അതു പിള്ളേച്ചൻ കൊടുക്കണം… നേരെ നിക്കാറായാ ഞാൻ തിര്യേതരും… കച്ചോടം ചെയ്തുകിട്ടുന്നതൊക്കേം പിള്ളേച്ചന്റെ കയ്യീത്തന്നെ തരാം… ലാഭത്തീന്നു് ഒരു വീതം കൂലിയായിട്ടു തന്നാമതി.’
‘അതൊന്നും വേണ്ട മത്തായീ… എല്ലാം കൃത്യായിട്ടു ചെയ്താ മതി… അവര്ടെ കാശിനു് ഒരമാന്തോം വരുത്തരുതു്… ഞാനെടക്കെങ്ങാനുമൊക്കെ വരാം… അതല്ല പ്രശ്നം… ഒടനെ എന്റെ കയ്യിൽ…’
‘അയ്യോ പിള്ളേച്ചാ, പിള്ളേച്ചനും കൈവിട്ടാ… പെമ്പളേം കൊച്ചുങ്ങളേം കൊണ്ടു് കുന്നുംപൊറത്തേ പൊട്ടക്കിണറ്റിൽ…’ മത്തായി വിതുമ്പി.
‘ഞാൻ നോക്കട്ടെ.’
നോക്കി, കടമാണെങ്കിലും ഒപ്പിച്ചു കൊടുത്തു. അറിഞ്ഞപ്പോൾ മീനാക്ഷിയമ്മ കലിതുള്ളി. നാലഞ്ചു മനുഷ്യജീവനുകളുടെ പ്രശ്നമാണു്, അതു ദൈവം തിരിച്ചറിയുമെന്നു് നാരായണൻ നായർ.
കോയമ്പത്തൂർ ചെട്ടിയാന്മാരുമായി അന്നു കരാറുറപ്പിച്ചു. ആദ്യം രൊക്കം പണം… പിന്നീടു് പണ്ടം എടുക്കുന്ന ഓരോ തവണയും അതു വിറ്റു് കാശെത്തിച്ചാൽ അടുത്ത സ്റ്റോക്കു കൊടുക്കും…
ആദ്യമെടുത്ത സ്വർണത്തിനു മത്തായി രൊക്കം പണംകൊടുത്തിരുന്നു… ഇപ്പോളിതാ മത്തായി കരാറു തെറ്റിച്ചിരിക്കുന്നു. ആദ്യമെല്ലാം വളരെ കണിശമായിരുന്നു. ആറുമാസം മുൻപു് കുറെയേറെ സ്വർണപ്പണ്ടങ്ങൾ വാങ്ങി. കൊടുക്കാൻ ചെട്ടിയാന്മാർ മടിച്ചു. പക്ഷേ, പിള്ളേച്ചന്റെ തറവാട്ടിലെ കല്യാണം, വല്യെജമാനന്റെ അനന്തിരവൾക്കു കല്യാണം—അങ്ങനെ ചില പ്രത്യേക ആവശ്യങ്ങൾ പറഞ്ഞപ്പോൾ വിശ്വസിച്ചു. ആറുമാസമായി; രണ്ടുതവണ കോയമ്പത്തൂര്ന്നു് ആളെ അയച്ചു—കട അടച്ചിരിക്കുന്നു. പിന്നീടു വന്നപ്പോൾ മത്തായിയെ കണ്ടു. ‘പിള്ളേച്ചന്റെ കയ്യിലാണു് കാശത്രയും… വല്യെജമാനൻ അസുഖമായി, പെട്ടെന്നങ്ങു മരിച്ചു. അമ്മയും മരിച്ചു. പ്രശ്നങ്ങളായതുകൊണ്ടാണു്. ഉടനെ എത്തിക്കാമെന്നേറ്റിട്ടൊണ്ടു്.’ മത്തായി പറഞ്ഞത്രെ. വീണ്ടും അവർ വന്നു; മത്തായി കൈമലർത്തി: ‘പിള്ളേച്ചൻ കാശൊന്നും തരുന്നില്ലാ, കടപൂട്ടി താക്കോലും കൊണ്ടുപോയീ.’
‘വലിയതുകയാണു്, നഷ്ടപ്പെടാൻ വയ്യാ. അതാണു് താങ്കളെ അന്വേഷിച്ചെത്തിയതു്.’ അവരെ അവധി പറഞ്ഞയച്ചു നാരായണൻ.
നാരായണൻ സതീർത്ഥ്യനെ വീട്ടിൽച്ചെന്നു കണ്ടു. മത്തായി കാലുപിടിച്ചു കരഞ്ഞു: ‘ചതിച്ചതല്ല; എല്ലാം കടം പോയി. ബന്ധുക്കളും പരിചയക്കാരും ചോദിച്ചാ കൊടുക്കാതെ… ആരും തിരിച്ചു തന്നില്ലാ. ചെട്ടിയാമ്മാര്ടെ കയ്യീന്നു രക്ഷപ്പെടാനാ പിള്ളേച്ചന്റടുത്തൊണ്ടെന്നു പറഞ്ഞതു്…’
ഗോവിന്ദക്കൈമൾ ഇടപെട്ടു: ‘നാരായണാ, ഇതു കളിയല്ല. മത്തായി മുതലെടുത്തതാ… എല്ലാമങ്ങു് ഏല്പിച്ചു കൊടുത്തില്ലേ, മണ്ടത്തരമായിപ്പോയി… ഇതു സൂത്രമാ. ഇത്രയും തുകയ്ക്കു സ്വർണം വാങ്ങാനാരാ ഈ നാട്ടിൽ? അതും കടമായിട്ടു്… വെറുതെ വിടരുതു്. കേസുകൊടുക്കണം, വിശ്വാസവഞ്ചനയല്ലേ. പണമയാൾ പൂഴ്ത്തിയിട്ടൊണ്ടു്.’
‘ഇല്ല, മത്തായി അങ്ങനെ ചെയ്യില്ല; ചതിച്ചതാകില്ല. എന്തോ അബദ്ധം പറ്റീതാ… ഞാനവടെ പോയിരുന്നു… അയാളിപ്പോളും ദാരിദ്ര്യത്തിലാ. ചോർന്നൊലിക്കുന്ന വീടു്; കഷ്ടം തോന്നും… കേസും കൂട്ടോമൊന്നും വേണ്ടാ.’ നാരായണൻ കൈമളുടെ ഉപദേശം നിരാകരിച്ചു, മീനാക്ഷിയമ്മയുടേയും.
മീനാക്ഷിയമ്മ സ്വയം ശപിച്ചു് തലയ്ക്കടിച്ചു…
പക്ഷേ, നാരായണൻ നായർ വിയർത്തു… ഇത്ര വലിയ തുക… ഇത്ര പെട്ടെന്നു്…
തീരുമാനത്തിലെത്തി, വീടും പുരയിടവും വില്ക്കാം.
വീടും പുരയിടവും വാങ്ങിച്ചുകൊടുക്കാൻ ഇടനിലനിന്ന, എല്ലാക്കാര്യങ്ങളും ചെയ്യാൻ നാരായണൻ നായർ ഏല്പിച്ചുകൊടുത്ത ബന്ധുവിനെ വിളിച്ചുവരുത്തി. വീടു് വില്ക്കണമെന്നു കേട്ടപ്പോൾ അയാൾ പതുങ്ങിനിന്നു; നാരായണൻനായരുടെ ചോദ്യങ്ങൾക്കുത്തരമായി മുക്കിയും മൂളിയും…
നാരായണൻ നായരുടെ അത്യപൂർവ്വമായ ദേഷ്യവും ശബ്ദവും അയാളെ ഞെട്ടിച്ചു; അയാൾ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു:
‘ഇതു് തീറല്ല വാങ്ങീതു്, ഒറ്റിയാ, ഒറ്റിയൊഴിപ്പിക്കാനൊന്നും അയാക്കു പാങ്ങൊണ്ടാവില്ലാന്നാ വിചാരിച്ചതു്…’ ഇപ്പോ അയ്യാളു തിരിച്ചു ചോദിച്ചു: ‘വെലയാധാരം എഴുതാനല്ലേ ഏറ്റതു്. വെലമുഴ്‌വോൻ ഒറ്റയടിക്കു് ഇയാളുടെ കയ്യിൽ തന്നതല്ലേ? അത്രേം കാശിനു് ഒറ്റിയോ! എവടെ ആധാരോം പ്ലാനുമൊക്കെ? ഇതുവരെ തരാഞ്ഞതെന്താ?’
‘അതു ചേട്ടൻ ചോദിച്ചില്ലാരുന്നല്ലോ. എന്റെ കയ്യിലൊണ്ടു്.’
‘എത്ര രൂപാ കൊടുത്തു ഒറ്റിക്കു്?’ ‘അഞ്ഞൂറു്.’
‘ഒറ്റിക്കു് അഞ്ഞൂറുരൂപയോ? ബാക്കി ആയിരം എവടെ? ഉടനെത്തിക്കണം ഇവടെ… അനിയനെപ്പോലെ വിശ്വസിച്ചിട്ടു് നീ…’
നാരായണൻ നായർ നിന്നുതിളച്ചു. ബന്ധു കാലുപിടിച്ചപേക്ഷിച്ചു. ഒരു കേസിൽപെട്ടു പോയിരുന്നു. അതിൽ നിന്നു രക്ഷപ്പെടാൻ ആ കാശുമറിച്ചു… എങ്ങനെയെങ്കിലും ഉണ്ടാക്കിത്തരാം, പക്ഷേ, ഉടനെ… ‘കോയമ്പത്തൂരുകാരോടെന്തു പറയും?’ നാരായണൻനായർ തളർന്നു.
‘കുഞ്ഞുകൃഷ്ണൻ നായരു് ഒറ്റിപ്പണം എപ്പവേണേലും തിരിച്ചു തരാംന്നു പറഞ്ഞിട്ടൊണ്ടു്.’ കാശു തന്നാ പക്ഷേ, വീടൊഴിഞ്ഞുകൊടുക്കണം. ഒറ്റിപ്പണം മുന്നൂറു രൂപ മാത്രമായിരുന്നു… ബാക്കി എങ്ങനെയോ ഉണ്ടാക്കി… ചെട്ടിയാന്മാരോടുള്ള വാക്കുപാലിച്ചു. ചതിച്ചവനെ ദൈവത്തിനു വിട്ടു.
ദിവസങ്ങൾക്കകം പട്ടണത്തിലെ വാടകവീട്ടിലേക്കു് സ്വയം പറിച്ചുനട്ടു ആ കുടുംബം… പരാധീനതകളും, നിരാശയും, വെറുപ്പും, ദുഃഖവും ഘനീഭവിച്ച, ആത്മചൈതന്യം പാടേ നഷ്ടപ്പെട്ട അപമാനിതമായ മനസ്സുമായി മീനാക്ഷിയമ്മ…
നാരായണൻ നായർ നാടുവിട്ടു മൂന്നുകൊല്ലം കഴിഞ്ഞിരുന്നു. ആ കുഗ്രാമത്തിലെ ആദ്യത്തെ ടെറസു് വീടു് പണിതു മത്തായി. ‘അയാളെ വെറുതെ വിടരുതു്’ എന്നുപദേശിച്ച എല്ലാവരോടും നാരായണൻ നായർ സൗമ്യനായി പറഞ്ഞു: ‘അയാളോടു ദൈവം ചോദിക്കും.’
തിരക്കു കാരണമാകും, നാരായണൻനായരുടെ കേസുകളിലൊന്നുപോലും ദൈവത്തിന്റെ പരിഗണനയ്ക്കെത്തിയില്ല.